Translate

Wednesday, January 18, 2012

വെച്ചോ ദശാംശം, ബാക്കി ഞങ്ങളേറ്റു

അല്‍മായ ശബ്ദം ഇത്രമാത്രം ജന ഹൃദയങ്ങളെ സ്വാധിനിക്കുമെന്നു ഇത് തുടങ്ങിയവര്‍ പോലും ചിന്തിച്ചു കാണുമെന്നു എനിക്ക് തോന്നുന്നില്ല. എന്ത് കൊണ്ട് അല്‍മായ ശബ്ദത്തിലുടെ സഭാധികാരികള്‍ക്കെതിരായി ഇത്രമാത്രം ശക്തമായി ജനങ്ങള്‍ പ്രതികരിക്കുന്നു? ഇതിനൊരു മറുപടിയെ ഞാന്‍ കാണുന്നുള്ളൂ. ആത്മീയ സന്തോഷം വിശ്വാസികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ സഭക്ക് കഴിയുന്നില്ല, പകരം ഭൌതിക സൌഭാഗ്യത്തില്‍ അധിഷ്ടിതമായ ഒരു സംവിധാനത്തിനാണ് സഭ രൂപം കൊടുത്തത്. ശ്രി ശ്രി രവിശങ്കറിന്റെയും മാതാ അമൃതാനന്ദ മയിയുടെയും, സത്യസായി ബാബയുടെയും ഒക്കെ പിന്നാലെ അനേകം സത്യക്രിസ്ത്യാനികള്‍ പോവുന്നത് നാം അനുദിനം കാണുന്നു. ഇതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം പരമമായ സത്യത്തെ കണ്ടെത്താന്‍ വ്യക്തിപരമായി വിശ്വാസികളെ സഹായിച്ചിരുന്നെങ്കില്‍, ഇന്ന് യേശു തലയെടുപ്പോടെ ലോകത്തെ നയിക്കുമായിരുന്നു. സഭ വികസിപ്പിച്ചെടുത്ത നൊവേന സംസ്കാരത്തിനോ, അനുസരണ വിപ്ലവത്തിനോ ഒന്നും ഒരു വിശ്വാസിയെ പോലും സത്യത്തിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല. ഒരുപാട് പേര്‍ മാനസാന്തരപ്പെട്ടു എന്ന് വാദിക്കുന്ന ധ്യാന കമ്മിറ്റിക്കാര്‍, അന്യ മതങ്ങളിലും ഇത് സംഭവിക്കുന്നു എന്നത് മറക്കരുത്.
യേശു പഠിപ്പിച്ച 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയുടെ അവസാനത്തെ ഒരൊറ്റ വാചകം നിവര്‍ത്തി നോക്കിയാല്‍ ആരു എവിടെ എത്രമാത്രം എത്തിയെന്ന് അറിയാന്‍.. കഴിയും. അവിടുത്തെ ഇഷ്ടം സ്വര്‍ഗത്തിലെ പോലെ ഭുമിയിലും സംഭവിക്കട്ടെ എന്നാണത്. ഇവിടെ രണ്ടുതരം ഇഷ്ടത്തെ പറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്, അതായത് അവിടുത്തെ ഇഷ്ടവും ഇവിടുത്തെ ഇഷ്ടവും. ഏത് കാര്യം ചെയ്യുമ്പോഴും നാം നോക്കുന്നത് മെത്രാന്റെ ഇഷ്ടമാണ്. അതിനു പകരം, ഒരു നിമിഷം കണ്ണുകളടച്ചു മുകളിലേക്ക് നോക്കി അവിടുത്തെ ഇഷ്ടം എന്താണെന്നറിയാന്‍ ശ്രമിക്കുന്നവരും, അത് കണ്ടെത്തിയാല്‍ ഭുമിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരെയുമാണ് യേശു ദാഹത്തോടെ നോക്കുന്നത്. മെത്രാന്റെ രാജ്യം ഭുമിയിലും സ്വര്‍ഗത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്ന നാം, വിഡ്ഢികളുടെ ലോകത്താണെന്ന് ഉച്ചത്തില്‍ തന്നെ പറയുന്നതിന് നാണിക്കേണ്ട കാര്യമില്ല.
വളരെ കഷ്ടം തന്നെയാണ് നമ്മുടെ ഗതി. വസ്തുക്കള്‍ക്ക് ചുറ്റും ഒരു പ്രകാശ വലയം ഉണ്ടെന്നുള്ളത് ശാശ്ത്രിയമായ സത്യമാണ്. കന്യകാ മാതാവിനെ കുട്ടുപിടിച്ചു, അത് സാത്താന്റെ വകയാണെന്നും, Reiki , Pranic Healing തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങള്‍ കുടോത്രമാനെന്നും വാദിക്കുന്ന വ്യക്ത്തിക്ക് ഷെവലിയാര്‍ പദവിയാണ്‌ സഭ കൊടുത്തത്. ദൈവം പോലും ഇവരോട് പൊറുക്കാന്‍ സാധ്യതയില്ല. ബൈബിള്‍ വിശുദ്ധമാണ്, അത് എല്ലാം തികഞ്ഞ ഒരു ശാസ്ത്ര ഗ്രന്ഥവുമാണ്. അത് വികലമാക്കുന്നതില്‍ P O C യ്ക്കുമുണ്ട് നല്ല പങ്ക്. ഉള്‍ കണ്ണ് തുറന്നിരുന്നാല്‍ സര്‍വ ജ്ഞാനവും പ്രാപ്യമാവും എന്ന മൂല വാക്യമാണ് കണ്ണുകള്‍ ശരിരത്തിന്റെ വിളക്കാണ് എന്ന് തുടങ്ങുന്ന വാക്യത്തില്‍ വി. മത്തായി യുടെ സുവിശേഷത്തില്‍ ഇവര്‍ കോറി ഇട്ടിരിക്കുന്നത്. ഈ ഉള്‍ കണ്ണിനു ഒരു triggering പോയിന്റ്‌ ഉണ്ടെന്നു ഭാരതിയ ശാസ്ത്രങ്ങള്‍ പറയുന്നു. അതാണ്‌ വലത്ത് പുരികത്തോട് ചേര്‍ന്ന നെറ്റി ഭാഗം. ഓര്‍മ്മ യില്‍ നിന്ന് കാര്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ ഏത് മനുഷ്യനും അവിടം വിരല്‍ കൊണ്ട് ചൊറിയുന്നത്‌ സാധാരണം. ഇത് പോലെ ശാസ്ത്രിയത പറയാനാണെങ്കില്‍ ധാരാളമുണ്ട്. അതൊന്നും കാണാതെ, വെച്ചോ ദശാംശം, ബാക്കി ഞങ്ങളേറ്റു എന്ന് പറയുന്ന ഒരു സഭ ഒരു മനുഷ്യനേയും നന്മയിലേക്ക് നയിക്കുന്നില്ല. ഈ പ്രപഞ്ചം മുഴുവന്‍ ദൈവത്തിന്റെ സൃഷ്ടി തന്നെ. ഓരോ അണുവിലും നാം കാണേണ്ടതും ആ ചൈതന്യത്തെ തന്നെ. അതിനായിരുന്നു നാം പ്രാമുഖ്യം കൊടുക്കേണ്ടി ഇരുന്നതും.
സഭ, അധികാരികളുടെ കുത്തകയല്ലെന്ന ചിന്ത അല്മായരില്‍ ശക്തമായിരിക്കുന്നു. ക്യാന്‍സര്‍ പോലെ സഭയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ചിന്താധാര ഒരു സമൂല പരിവര്‍ത്തനത്തിന് കാരണമാകും എന്ന് നിസംശയം പറയാം. പ്രശ്നക്കാരെയെല്ലാം പണ്ടത്തെ പോലെ മഹറോന്‍ ചൊല്ലി ഒതുക്കാന്‍ അധികാരികള്‍ക്ക് ഇനിയും കഴിയുമെന്നും തോന്നുന്നില്ല. ഇതില്‍ നിന്ന് രക്ഷപെടാന്‍ ഒരേയൊരു മാര്‍ഗം മാത്രമേ സഭക്ക് മുമ്പില്‍ ഉള്ളു , യേശുവിനെ തിരികെ വിളിക്കുക. അതാണ്‌ അല്‍മായരും ആവശ്യപ്പെടുന്നത്, അല്ലാതെ ഒരു മെത്രാന്‍ മാറി മറ്റൊരാള്‍ വരണമെന്നല്ല. ഇന്ന് വൈദികനാവുന്നിടം വരെയേ ഉള്ളു 'വിളി', ബാക്കിയെല്ലാം 'കളി' ആണിന്നു.
ദൈവത്തിലായിത്തിരുക എന്നത് ഓരോ വ്യക്ത്തിയുടെയും ഉള്ളിലുള്ള അഭിനിവേശമാണ്. അത് ക്രിസ്ത്യാനിക്ക് മാത്രമുള്ളതല്ല. അതുപോലെ, രക്ഷ എന്നത് ക്രിസ്ത്യാനിയുടെ കുത്തകയുമല്ല. അങ്ങിനെ യേശു പറഞ്ഞിട്ടുണ്ടെന്നു ധരിപ്പിച്ചു അബോധാവസ്ഥയില്‍ ഒരു സമൂഹത്തെ ഏറെ നാള്‍ കൊണ്ടുപോകാന്‍ ആര്‍ക്കും കഴിയില്ല. കൃത്രിമ മാര്‍ഗങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന അനുഭുതികള്‍ നിലനില്‍ക്കുകയില്ല. അല്ലെല്ലുയ ആര്‍ത്തു വിളിക്കുംപോഴുണ്ടാകുന്ന അനുഭുതിയും, കാതടപ്പിക്കുന്ന പാട്ട് കച്ചേരി നടത്തുമ്പോള്‍ കിട്ടുന്ന സുഖവും കറന്റു പോവുന്നത് വരെയോ, പള്ളിയില്‍ നിന്നിറങ്ങുന്നത് വരെയോ മാത്രമേ നില്‍ക്കു. ഇന്‍സ്ടോല്മെന്റ്റ് ആയി ലഭിക്കുന്ന അട്ഭുതങ്ങള്‍ക്കും അല്പ്പായുസേ ഉള്ളു .അത്തരം കൃത്രിമ മാര്‍ഗങ്ങള്‍ക്ക് ഒരുവനെയും ദൈവത്തിങ്കലേക്കു കൊണ്ടുപോകാന്‍ കഴിയില്ല. യേശു പ്രാര്‍ത്ഥിക്കാന്‍ തിരഞ്ഞെടുത്തത് ഏകാന്തതയാണ്. ഉള്ളിലെ നിശബ്ദതയിലേക്ക് നാം ചുരുങ്ങുമ്പോള്‍, വ്യക്തി എന്ന അവസ്ഥയില്‍നിന്നു ചെറുതായി ചെറുതായി നാം ദൈവികമായ തലത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. ആ സുഖം അനുഭവിച്ചവരാരും ബഹളത്തിന്റെ ഈ ലോകത്തില്‍ തുടരുന്നുമില്ല. പ്രപഞ്ചത്തിലെ സര്‍വതും എന്റെ ഭാഗമാണെന്നു അപ്പോള്‍ അവന്‍ തിരിച്ചറിയും. അവിടെ സ്നേഹം എന്നത് അനിവാര്യമായ ഒരു ജിവിത ക്രമമായി തീരും. അല്ലാതെ നിയമത്തിന്റെ പിന്‍ബലത്തില്‍ പരിപാലിക്കപെടെണ്ട ഒന്നല്ല സ്നേഹം. അതുകൊണ്ടാണ് നിശബ്ദത ആഴത്തിലുള്ള ആശ്രമങ്ങളിലേക്ക് നമ്മുടെ തന്നെ ആളുകള്‍ മാറി കൊണ്ടിരിക്കുന്നത്.
പത്തു കല്‍പ്പനകള്‍ ആണ് നമ്മുടെ ആധാരം. യഥാര്‍ഥത്തില്‍ Commandments എന്നല്ല Commitments എന്ന വാക്കാണ്‌ ശരി. ആദ്യത്തേത് നാം ബോധപുര്‍വ്വം ചെയ്യുന്നതും രണ്ടാമത്തേത്‌ നമ്മുടെ സ്ഥായി ഭാവത്തില്‍ ഉണ്ടായിരിക്കുന്നതുമാണ്. എല്ലാ കല്പനകളും ബോധപുര്‍വ്വം അനുവര്‍ത്തിച്ചവനോട് യേശു പറഞ്ഞത് ശ്രദ്ധിക്കുക, അവന്‍ അകലെയല്ലത്രേ. സഭ ഇന്ന് ബോധപുര്‍വ്വം കാണിക്കുന്ന ഭൌതിക വിവേകവും, അച്ചടക്ക സംസ്കാരവും, സാമ്പത്തിക പ്രൌഡിയും ഒന്നും ദൈവത്തില്‍ നിന്ന് വരുന്നതെയല്ല. ഒരു ക്രിസ്ത്യാനിയുടെ മാനിഫെസ്ടോ ആയ മലയിലെ പ്രഭാഷണം അല്ല നാമിന്നു ചര്‍ച്ച ചെയ്യുന്നത്. കേരളത്തിനു പുറത്തു നിന്ന് അവധിക്കു വരുന്ന സന്യസ്തര്‍ ഇവിടുത്തെ തമാശകള്‍ കണ്ടു അന്തം വിട്ടു നില്‍ക്കുകയാണ്. അരുണാചല്‍ പ്രദേശില്‍ ഒരു ഗ്രാമത്തിലെ ക്രിസ്ത്യാനികളുടെ കഴുത്തില്‍ അണിഞ്ഞിരുന്ന കുരിശു മുഴുവന്‍ പറിച്ചു ദുരെയെരിഞ്ഞ ഒരിക്കല്‍, ഗ്രാമ മുഖ്യന്‍ രണ്ടു കമ്പി കഷണങ്ങള്‍ എടുത്തു ചുട്ടു പഴുപ്പിച്ചു നെഞ്ചത്ത് കുരിശാകൃതിയില്‍ വെച്ച് വിശ്വാസം പ്രഖ്യാപിച്ചത് നടന്ന സംഭവം. ഇവിടെയാണെങ്കില്‍ കോടതിയില്‍ കയറി കള്ളസാക്ഷി പറയാന്‍ പോലും മടിക്കാത്ത അധികാരികള്‍... സമുഹത്തിന് കൊടുക്കുന്ന സന്ദേശം എന്താണെന്ന് പറയണോ? 'ഞങ്ങള്‍ ക്ഷമിക്കുന്നു' എന്ന് ഏതെങ്കിലും കാര്യത്തില്‍ നമ്മുടെ ഒരു മെത്രാനെങ്കിലും പറയുന്നത് കേള്‍ക്കാന്‍ ഓരോ കാതും കൊതിക്കുന്നു. അടുത്ത കാലത്ത് അമേരിക്കയില്‍ പണിത ഒരു പള്ളിയില്‍ സക്രാരി മാറ്റി അതിന്റെ സ്ഥാനത്ത് കല്‍ദായ കുരിശു സ്ഥാപിച്ചപ്പോള്‍ പിതാക്കന്മാര്‍ക്കു കിട്ടിയ അവാച്യമായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.
കവലകള്‍ തോറും വഴി മുടക്കി നില്‍ക്കുന്ന കുരിശുപള്ളികളില്‍ ജനം കാണുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി മരിക്കാനും മടിക്കരുത് എന്ന് പറയുന്ന യേശുവിനെയല്ല. ചിന്തകനായ പെസോ ഒരിക്കല്‍ പറഞ്ഞു, ഒരേയൊരു ക്രിസ്ത്യാനിയെ ജിവിചിരുന്നിട്ടുള്ള്, അദ്ദേഹം കുരിശിലാണ് മരിച്ചതെന്ന്. ഒരു അല്മായന്റെ എങ്കിലും അഭിപ്രായം ചോദിച്ചിട്ട് എടുക്കുന്ന തിരുമാനങ്ങള്‍ ആണോ സഭയില്‍ ഇന്ന്? ഇവിടെ അല്‍മായ കമ്മിഷന്‍ ഉണ്ട്. അതിന്റെ തലപ്പത്ത് ഒരു മെത്രാനും. സഭയെ ചോദ്യം ചെയ്യുന്നവരെ ഒതുക്കലാണ് പ്രധാന ജോലി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. വി. ഫ്രാന്‍സിസ് അസ്സിസ്സിയുടെ ശിക്ഷ്യന്മാരധികം പേരെ നാമറിയാതെ പോയതിന്റെ കാരണം മറ്റൊന്നല്ല. കഷ്ടം തന്നെ! കുറെ നല്ല വൈദികരും ശുശ്രുഷകരും ഇവ്ടുണ്ട്. അവരും പക്ഷെ നിസ്സഹായരാണ്. യേശുവിനെ അത്രമാത്രം അവര്‍ അടുത്തറിഞ്ഞ്‌ പൊയ്. അത്തരക്കാരുടെ നിശബ്ദതയും ഭുഷണമായി കാണുന്ന ഇവരോട്, ഓരോന്നും എണ്ണി എണ്ണി ചോദിക്കാന്‍ ഇതാ അല്മായര്‍ ഒരുങ്ങി കഴിഞ്ഞു; അതിനു അല്മായരെ അല്ല കുറ്റം പറയേണ്ടത്.


3 comments:

  1. വാക്കുകളെ വ്യര്‍ത്ഥവ്യയം ചെയ്യുന്ന ആളല്ല ശ്രീ ജോസഫ്‌ മറ്റപ്പള്ളി. വേദനിപ്പിക്കുമോ എന്ന് ഭയന്ന്, കുറിക്കുകൊള്ളുന്ന വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ മടിക്കുന്നയാള്‍. എന്നിട്ടും അദ്ദേഹം സഭയുടെ അപഹാസ്യമായ പോക്കിനെ ഇത്ര രൂക്ഷമായി വിമര്‍ശിച്ചെഴുതിയിരിക്കുന്നു. മെത്രാന്മാരുടെയും പല അച്ചന്മാരുടെയും ലൌകികമായ ആര്‍ത്തികളും പ്രശസ്തിക്കു വേണ്ടിയുള്ള ദുരാഗ്രഹങ്ങളും ചിന്തിക്കുന്ന ഏവരെയും സഭയില്‍ നിന്ന് അകറ്റുകയാണെന്നത് സത്യമാണ്. മാത്രമല്ല, പലരും നിരീശ്വരരാകുന്നതിനുള്ള കാരണവും ഇവരുടെ പ്രഖ്യാപിത വിശ്വാസത്തിനു ചേരാത്ത പ്രവര്‍ത്തനങ്ങളാണ്. അവരെ അനുകരിച്ച്, ധാരാളം വിശ്വാസികള്‍ തന്നെ, പള്ളിയില്‍ പോകയും കൂദാശകള്‍ സ്വീകരിക്കയും നേര്ച്ചകാഴ്ചകള്‍ അര്‍പ്പിക്കുകയും ചെയ്തിട്ട്‌, ഒരു മടിയും കൂടാതെ കള്ളവും കൊള്ളയും ചതിയും വഞ്ചനയും ചൂഷണവുമെല്ലാം ചെയ്യുന്നതു കാണുമ്പോള്‍, - രാഷ്ട്രീയത്തിലും കച്ചവടത്തിലും ഷെയര്‍ മാര്‍കെറ്റിലും എന്നുവേണ്ട, ബാങ്കിങ്ങില്‍ പോലും - അതായത്, നിരീശ്വരരെപ്പോലെ ജീവിക്കുമ്പോള്‍, അതിലും നല്ലത് മതത്തെയും ദൈവത്തെയും പാടേ ഉപേക്ഷിച്ച് കഴിയുന്നതാണെന്ന് തീരുമാനിക്കുന്നവരെ കുറ്റം പറയുവതെങ്ങനെ? പല നിരീശ്വരവാദികളും യഥാര്‍ത്ഥത്തില്‍ നിഷേധിക്കുന്നത് ഇക്കൂട്ടര്‍ കാണിച്ചു കൊടുക്കുന്ന ദൈവത്തിന്റെ വിരൂപമായ വിഗ്രഹത്തെയാണ്.

    തങ്ങള്‍ക്ക് അംഗത്വമുള്ള സഭയെ വിശുദ്ധയായി കാണുന്നതിനുള്ള ആഗ്രഹം ഏത്‌ ഉത്തമ വിശ്വാസിക്കും ഉള്ളിലുണ്ട്. അതിനെതിരായി നില്‍ക്കുന്ന ശക്തി ഇന്ന് സഭയുടെ തന്നെ അധികാരശ്രേണിയാണ്. അതിനെ എല്ലാ വിധത്തിലും ചെറുത്തു തോല്‍പ്പിക്കുക എന്ന ദൌത്യം ഏറ്റെടുക്കാന്‍ ധാരാളം പേര്‍ മുന്നോട്ടു വരുന്നതു ആശാവഹം തന്നെ. അതിന് വേദിയൊരുക്കുന്ന അല്മായശബ്ദത്തിനു നന്ദി.

    ReplyDelete
  2. I read this post three times. Beautifully written and excellent thought. I am surprised to see there is hardly any discussion on such a gem of a post!

    ReplyDelete
  3. ശ്രീ ജോസഫ് മറ്റപ്പള്ളിയുടെ മനസ്സില്‍ പതിയുന്ന ഈ ലേഖനം
    എല്ലാ ക്രിസ്തീയസഭകളുടെയും അധികാരവര്‍ഗം ഒരു പ്രാവിശ്യമെങ്കിലും വായിക്കണമെന്ന് ആഗ്രഹിച്ചു പോവുന്നു. ദശാംസം പോരെ, ക്രിസ്ത്യാനിറ്റി
    പേരുമാറ്റി ‍ ചര്‍ച്ചിയാനിറ്റിയാക്കിയെന്നു അറിയത്തില്ലേഎന്നാണു ഇന്ന് പള്ളിയെന്ന് പറഞ്ഞാല്‍ അര്‍ഥം.പത്തുകല്‍പ്പനകള്‍ മാറ്റിഎഴുതി ശുദ്ധമാന പള്ളിയുടെ കലപ്പനകളാക്കി. നിങ്ങള്‍ കൊന്നോ കട്ടോ മോഷ്ട്ടിച്ചോ പള്ളിക്ക് പതാരം കൊടുക്കുകയെന്നാണ് ഒന്നാംകല്‍പ്പന. പള്ളിയിടിച്ചു താഴെയിട്ടും കോളേജില്‍ കോഴയിരട്ടിച്ചും നൂറുമേനി വിളയിച്ചുകൊള്ളാം.കുട്ടപ്പനെയടക്കിയാല്‍ ഞങ്ങളുടെ കീശനിറയുമോ? ഇത് ശുദ്ധമാനപള്ളി കല്‍പ്പനയാണ്.

    ശ്രീ ജോസഫ് മറ്റിലപ്പള്ളി പറയുന്നതുപോലെ പത്തുകല്‍പ്പനകള്‍ മാറ്റി
    പത്തുകടമകള്‍ ആയിരുന്നുവെങ്കില്‍‍ ജനം ഒന്നുകൂടി മെത്രാനെയും അച്ചനെയും ബഹുമാനിക്കുമായിരുന്നു.കല്‍പ്പനകള്‍ മൂലം അല്മെനികള്‍ അടിമകളെന്നു ഇവര്‍ വിചാരിച്ചു.

    സഭയുടെ അധപതനത്തിന് മറ്റു കാരണങ്ങളുമുണ്ട്. സ്വതന്ത്രമായി ചിന്തിക്കുന്നവരെ
    സഭ എന്നും അടിച്ചമര്‍ത്തിയിട്ടെയുള്ളൂ. വേദഗ്രന്ഥം സൌകര്യപൂര്‍വ്വം വളച്ചൊടിച്ചു ചിന്തകരുടെ വായ്‌അടപ്പിക്കും. പണവും അധികാരവും കൈവശമുള്ള സഭാ നേതാക്കന്മാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുവാന്‍ ആരും ധൈര്യം കാണിക്കുകയില്ല.

    ബുദ്ധിജീവികളായ പാശ്ചാത്യരില്‍ ഭൂരിപക്ഷം പേരും ക്രിസ്തുആചാരങ്ങള്‍
    ഉപേക്ഷിച്ചു. എന്നാല്‍ മതപരിവര്‍ത്തനത്തില്‍കൂടി വിദ്യാഹീനരായവരെ പ്രതേകിച്ചു ശാസത്രത്തില്‍ പരിജ്ഞാനം ഇല്ലാത്തവരെ സഭയിലേക്ക് ഇടിച്ചുകയറ്റി നിറക്കുവാന്‍ മിഷിനറിമാര്‍ക്ക് സാധിച്ചു. ശാസ്ത്രം പുരോഗിമിക്കുംതോറും വിശ്വാസവും കുറഞ്ഞു വരുകയാണ്. സഭ സാമൂഹ്യവ്യവസ്തികളെ എതിര്‍ത്തു ഫാസിസ്റ്റുകളും നാസ്സികളുമായി സൌഹാര്‍ദം പുലര്‍ത്തുവാന്‍ എന്നും താല്പര്യം കാണിച്ചിരുന്നു. ടെലിവിഷന്‍ പോപ്പ്മ്യൂസിക്ക് ജനനനിയന്ത്രണ ഗുളികകള്‍ പാശ്ചാത്യസംസ്ക്കാരം എല്ലാം സഭയുടെ നയങ്ങള്‍ക്കൊരു തിരിച്ചടിയായിരുന്നു.

    യാദാസ്ഥിതികരായ പള്ളിനേതാക്കന്മാര്‍ മീഡിയാ നെറ്റ്വര്‍ക്കില്‍ കൂടി അവരുടെ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തി. ധനവും സന്തോഷവും അധികാരികള്‍ക്ക് മാത്രം. ശാസ്ത്രസാങ്കേതിക വിദ്യകളില്‍ ആധുനിക ലോകത്തിനു പിന്നിലായവരെ
    മതപരിവര്‍ത്തനം ചെയ്യിച്ചു അണികളാക്കി,യാദാസ്ഥിതികരായവര്‍ ഇന്നും അധികാരം മുറുകെ പിടിച്ചിരിക്കുകയാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും, അധികാര വര്‍ഗങ്ങളും സമ്പത്തിന്‍റെ മറവില്‍ ഇന്ന് ഇവരുടെ വാലാട്ടികള്‍ മാത്രം.
    നവീകരണവാദികളായ പുത്തന്‍അധികാര വര്‍ഗം ഇന്നുള്ള സഭയെ
    ശുദ്ധികരിച്ചാല്‍ മാത്രമേ ക്രിസ്തീയ സഭയെന്നുള്ള ആശക്ക് വഴിയുള്ളൂ. അതിനു ഇന്നുള്ള പ്രായാധിക്യം ബാധിച്ച സഭയുടെ യാദാസ്ഥിതികരുടെ കാലം കഴിയണം.

    ReplyDelete