Translate

Sunday, January 29, 2012

"ചിന്തിക്കാന്‍ ധൈര്യമുള്ളവര്‍ക്ക്"

ഡോ. J. വലിയമംഗലം ഉടനെ പുറത്തിറക്കുന്ന "ചിന്തിക്കാന്‍ ധൈര്യമുള്ളവര്‍ക്ക്" എന്ന കൃതിക്ക് Dr. J. Ouseparampil (Indian Institute of Indology, Vidyanagar, Pune - 32) എഴുതിയ ഉജ്ജ്വലമായ അവതാരികയില്‍ നിന്ന് ഏതാനും വാക്യങ്ങള്‍ ആണ്‌ ചുവടെ. ഈ കൃതി അല്മായര്‍ക്കു മാത്രമല്ല, പണ്ഡിതരായ പുരോഹിതര്‍ക്കും വല്ലാത്ത ഉതപ്പും ഒരു വെല്ലുവിളിയും ആയിത്തീരും എന്നതിന് യാതൊരു സംശയവുമില്ല. കാരണം, പുതിയനിയമത്തെ (ഹെബ്രായര്‍ക്കുള്ള ലേഖനം) ആധാരമാക്കിക്കൊണ്ടുതന്നെ അദ്ദേഹം പൌരോഹിത്യത്തെ ചോദ്യം ചെയ്യുകയാണ്. മാത്രമല്ല, ഇന്നത്തെ സാമുദായിക, രാഷ്ട്രീയ, ജാതീയ ചിട്ടവട്ടങ്ങളെയൊക്കെയും അദ്ദേഹം മുനയേറിയ മാനുഷിക യുക്തികൊണ്ട് കുത്തിപ്പൊളിക്കുന്നുമുണ്ട്. കാത്തിരിക്കുക, വാങ്ങി വായിക്കുക.

"ആരാണ് മതജീവി?
ഒരു സംഘടനയിലെ അംഗമായതുകൊണ്ട് ഒരാള്‍ മതജീവി ആകണമെന്നില്ല. മതസംഘടനയിലെ അംഗമല്ലാത്തതുകൊണ്ട് മതജീവി അല്ലെന്നും വരില്ല. മതവും മതജീവിതവും തമ്മില്‍ ഗാഢബന്ധമില്ല. മതത്തില്‍ മതജീവികളല്ലാത്തവരും മതത്തിനു പുറത്ത് മതജീവികളും ഉണ്ട്. അതുകൊണ്ട് മതവുമായി ബന്ധപ്പെടുത്തി മതജീവിയെ നിശ്ചയിക്കത്തില്ല. പിന്നെ ആരാണ് മതജീവി? മതജീവി ഒരു നല്ല മനുഷ്യനായിരിക്കണം. നല്ല പാല്‍ എന്നുപറഞ്ഞാല്‍ രുചിയും ഗുണവും ഉള്ള പാലായിരിക്കണം. കുടിച്ചുനോക്കാം. നല്ല മുട്ടയും അങ്ങനെതന്നെ. എന്നാല്‍ നല്ല മനുഷ്യനോ? ഒരു ഗുണം അയാള്‍ പ്രവര്‍ത്തനസ്ഥിരതയുള്ളവനായിരിക്കണമെന്നതാണ്. നല്ല പണിക്കാരന്‍ കൃത്യമായി ജോലി ചെയ്യണം. ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം, വിശ്വസ്തതയോടെ. ആ പ്രവര്‍ത്തനസ്ഥിരത (constancy in behaviour) ഇല്ലാതെ നല്ല മനുഷ്യന്‍ ഉണ്ടാവില്ല. പകല്‍ സ്‌തോത്രവും രാത്രിയില്‍ സൂത്രവും അരുത്!
... ... ...
ദൈവത്തെക്കുറിച്ചുള്ള അജ്ഞതയാണ് ദൈവത്തിനും മനുഷ്യനുമിടയില്‍ പുരോഹിത, പൂജാരി മദ്ധ്യവര്‍ത്തികള്‍ക്കും ബലിപൂജാദികള്‍ക്കും പ്രോത്സാഹനമാകുന്നത്. ദൈവത്തിന് ഒന്നും ആവശ്യമില്ലെന്നും, സ്രഷ്ടാവെന്ന നിലയില്‍ നമ്മോടുള്‍ച്ചേര്‍ന്നുള്ള ദൈവത്തെ സമീപിക്കാന്‍ ഇടനിലക്കാര്‍ അനുപേക്ഷണീയമല്ലെന്നും, മനുഷ്യന്‍ അറിവില്‍ വളരെ അഭിവൃദ്ധിപ്പെട്ട ഇക്കാലത്തും കാണാന്‍ കഴിയുന്നില്ലെന്നത് അത്ഭുതജനകംതന്നെ. മതങ്ങളുടെ നീരാളിപ്പിടുത്തം അത്ര ശക്തമെന്നര്‍ത്ഥം! ഭാഗ്യവശാല്‍, ലോകോപകാരപ്രദമായി വര്‍ത്തിക്കുന്ന യോഗികളും, ജ്ഞാനികളും, ഋഷിവരേണ്യരും, പ്രവാചകപ്രതിഭകളുമായ തിരുത്തല്‍ശക്തികള്‍ ഇടയ്ക്കിടെ മനുഷ്യകുലത്തിന് സമ്മാനിക്കപ്പെടുന്നുവെന്നത് ഏറെ ആശ്വാസകരമായ പ്രതിഭാസമായും നിലകൊള്ളുന്നു.

സ്രഷ്ടാവെന്ന നിലയില്‍ നമ്മോടുള്‍ച്ചേര്‍ന്നുള്ള ദൈവത്തെ സമീപിക്കാന്‍ മദ്ധ്യവര്‍ത്തി അനുപേക്ഷണീയമല്ലെന്നുള്ള അടിസ്ഥാനകാര്യം മനസിലാക്കിയാല്‍, ഭക്തിയുടെ ലോകത്ത് എല്ലാം വ്യത്യസ്തമാകുെമന്നതുമായിരിക്കും വാസ്തവം. സ്രഷ്ടാവെന്ന നിലയില്‍ ദൈവത്തെ പിതൃതുല്യം കാണാനും, ധ്യാനത്തില്‍ പ്രാപിച്ച് കുറെസമയം ചെലവഴിച്ച് ആത്മസാക്ഷാത്കാരത്തിനും, ജീവിതായോധനത്തിനാവശ്യമായ ആത്മബലസമ്പാദനത്തിനും ഉപകരിക്കുക എന്നതാകണം ദൈവത്തിന്റെ നേര്‍ക്കുള്ള ഭക്തിയുടെ അന്തസത്ത. പത്മനാഭ സ്വാമിക്ഷേത്രത്തില്‍ കുന്നുകൂടിയതെല്ലാം അവിടെ ഇത്രകാലമിരുന്നത് ദൈവത്തിനും വിശുദ്ധര്‍ക്കും ദേവീദേവന്മാര്‍ക്കും ഒരു നേര്‍ചയും കാഴചയും ആവശ്യമില്ലെന്നതിന് നല്ല തെളിവ്!

ഡോ.വലിയമംഗലത്തിന് ഇത്രയുംകാലം ജീവിക്കാനും കുശാഗ്രബുദ്ധിയോടെ ചിന്തിക്കാനും വിശ്വാസവും വിശുദ്ധഗ്രന്ഥവും യുക്തിവിധേയമാക്കുവാനും ധൈര്യപൂര്‍വ്വം ചിന്തിക്കുവാനും കഴിഞ്ഞു. അത് ഒരു ദൈവാനുഗ്രഹമാണ്. ക്രിസ്തു എല്ലാവര്‍ക്കും നല്‍കിയത് നിത്യപൗരോഹിത്യമാണ്. അതിനു പ്രായമില്ല. സഭ നല്‍കിയ പൗരോഹിത്യത്തില്‍ 50 വര്‍ഷം ഒരത്ഭുത പ്രതിഭാസമാണ്. സഭയുടെ പൗരോഹിത്യം നശ്വരഭൗതികതയുടെ വിഘടിതാംശങ്ങളാല്‍ കൂട്ടിക്കുഴച്ചതാണ്. സാംസ്‌കാരികവും സാമ്പത്തികവും മാനസികവും ആദ്ധ്യാത്മികവുമായ തലങ്ങളില്‍ ഐക്യമുള്ളവനാണ് സഹൃദയന്‍. സഭയ്ക്ക് കര്‍ത്താവുമായി അത്ര സഹൃദയത്വമില്ല. കക്ഷത്തിലേതു പോകുകയുമരുത് ഉത്തരത്തിലേത് എടുക്കുകയും വേണം എന്ന നിലയാണ് സഭയ്ക്കുള്ളത്.

ഈ കൃതിമൂലം എന്താണ് നേടേണ്ടത്? ഗീത പറയുന്നത് കേള്‍ക്കുക: ന ബുദ്ധിഭേദം ജനയോദജ്ഞാനം കര്‍മ്മസംഗീനാം ജോഷയേത് സര്‍വകര്‍മ്മാണി വിദ്വാന്‍ യുക്ത: സമാചരന്‍ (ഗീത 3.26). അജ്ഞാനംമൂലം മോക്ഷദായകമല്ലാത്ത കര്‍മ്മങ്ങളില്‍ മുഴുകുന്നവര്‍ക്ക് ഉതപ്പുകൊടുക്കാതെ അറിവുള്ളവന്‍ തന്റെ ജ്ഞാനജനകമായ പ്രവൃത്തികള്‍വഴി എല്ലാം ചെയ്യാന്‍ അജ്ഞരെ പ്രേരിപ്പിക്കണം.
ഡോ.വലിയമംഗലം ഈ കൃതിവഴി 'സാധാരണക്കാരായ' (simple & ordinary) വിശ്വാസികള്‍ക്ക് ഉതപ്പുകൊടുക്കുന്നുണ്ടോ? ക്രിസ്തു വേദവ്യാഖ്യാനം നടത്തിയപ്പോള്‍ അന്നത്തെ പുരോഹിതവര്‍ഗ്ഗം ക്രിസ്തുവിന്റെ പ്രവൃത്തികളില്‍ ഉതപ്പു കണ്ടുപിടിച്ചു. പരിശോധനയ്ക്കും തിരുത്തലിനും വിധേയമല്ലാത്ത അറിവ് അറിവല്ല. എബ്രായര്‍ക്കുള്ള ലേഖനവ്യാഖ്യാനംവഴി സഭയിലിന്ന് അവശ്യം ആവശ്യമായ ഒരു ബൗദ്ധിക പ്രക്രിയയാണ് സംജാതമായിരിക്കുന്നത്. സ്ഥാപനാകാരയായ സഭയുടെ തെറ്റായ പഠനങ്ങളും അജ്ഞതാനിര്‍ഭരവും സ്വാര്‍ത്ഥതാപ്രേരിതവുമായ വൈദിക വ്യാഖ്യാനങ്ങളും തിരുത്തപ്പെടണം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഉപദേശിച്ചത് അങ്ങനെയാണ്. തെറ്റുകള്‍നിറഞ്ഞ പഠനങ്ങള്‍ ആവര്‍ത്തിക്കരുത്; തെറ്റായ പ്രവൃത്തികള്‍ മാറ്റി സദ്‌വൃത്തികള്‍ ഉണ്ടാക്കണം."

2 comments:

  1. But Jesus lives on forever, and his work as priest does not pass on to someone else. Hebrews 7:24

    ReplyDelete
  2. But Jesus lives on forever, and his work as priest does not pass on to someone else. Hebrews 7:24
    ===========
    what you mean?

    ReplyDelete