Translate

Tuesday, January 17, 2012

ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുടെ സ്വത്തുവിവരം


ക്രൈസ്തവ മേലദ്ധ്യക്ഷന്മാരും ആത്മീയസ്ഥാനികളും സ്വത്തുവിവരം വെളിപ്പെടുത്തുവാന്‍ ബാധ്യസ്ഥരോ?

അഡ്വ. വര്‍ഗീസ് പി. തോമസ്

(ന്യൂ വിഷന്‍ ഫോര്‍ എ ചെയ്ഞ്ചിംഗ് വേള്‍ഡ് എന്ന മാസികയില്‍ 2011 ഡിസംബര്‍ മാസത്തില്‍ വന്ന ലേഖനമാണ് താഴെ കൊടുക്കുന്നത്.)

കര്‍ത്താവായ യേശുക്രിസ്തുവാണ് ലോകത്തിന് ആദ്യം തന്റെ സ്വത്തു വെളിപ്പെടുത്തിയത്. പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട് മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല എന്നവന്‍ അരുള്‍ചെയ്തു. ശിഷ്യന്മാരെ ലോകത്തിലേക്കു പറഞ്ഞയയ്ക്കുമ്പോഴും മടിശീലയില്‍ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ട് ഉടുപ്പും ചെരിപ്പും വടിയും കരുതരുതെന്നു നിര്‍ദ്ദേശിച്ചു. അതുകൊണ്ടാണ് സുന്ദരം എന്ന ദേവാലയ ഗോപുരവാതില്‍ക്കല്‍ മുടന്തനായവനെ പത്രോസ് സൗഖ്യമാക്കുന്ന സമയത്ത് വെള്ളിയും പൊന്നും എനിക്കില്ല; നസ്രായനായ യേശുവിന്റെ നാമത്തില്‍ നടക്ക എന്നു കല്‍പ്പിച്ചത്. അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു. യേശുവിന്റെ കൈവശം എന്താണുള്ളതെന്ന് അവന്‍ വെളിപ്പെടുത്തി. അതു നിത്യജീവന്‍ പ്രാപിപ്പാനുള്ള അവന്റെ തിരുശരീരരക്തങ്ങളാണ് (യോഹന്നാന്‍ 6:54-58).

ആത്മീയ മേലദ്ധ്യക്ഷന്മാര്‍ വേദപുസ്തകാടിസ്ഥാനത്തിലും രാജ്യത്തിലെ ലിഖിത നിയമങ്ങള്‍ക്കും കീഴ്‌പെട്ടിരിക്കുന്നു. അതിലുപരിയായി ദൈവീകനീതി അനുസരിച്ച് അവരുടെ സ്വത്തു വിവരം പ്രഖ്യാപിക്കുവാന്‍ ബാധ്യസ്ഥരുമാണ്. നിയമത്തിനു കീഴ്‌പ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് വേദപുസ്തകം സംസാരിക്കുന്നതു പരിശോധിക്കാം. പരീശന്മാര്‍ ഉപായത്തില്‍ യേശുവിനെ കുടുക്കുന്നതിനുവേണ്ടി, നികുതി കൊടുക്കുന്നതു സംബന്ധിച്ചുള്ള ചോദ്യത്തിന്, അവന്‍ വെള്ളിക്കാശിന്മേലുള്ള സ്വരൂപവും മേലെഴുത്തും കാണിച്ച്, ദൈവത്തിനുള്ളതു ദൈവത്തിനും കൈസര്‍ക്കുള്ളത് കൈസര്‍ക്കും കൊടുക്കുവിന്‍ എന്നു കല്‍പ്പിച്ചു. (മര്‍ക്കോസ് 12:13). അതുപോലെതന്നെ എല്ലാ യഹൂദനും ആണ്ടു തോറും കൊടുക്കേണ്ട ദേവാലയ നികുതിയായ ദ്വിദ്രഹ്മപ്പണം മത്സ്യത്തിന്റെ വായില്‍നിന്നും എടുത്തു പത്രോസിനും യേശുവിനുംവേണ്ടി കൊടുത്തു (മത്തായി 17: 24). ജനത്തിനിടയില്‍ സാധാരണമായിരുന്ന എല്ലാ കരവും നികുതിയും ചൂങ്കവും ക്രിസ്തു കൊടുത്തിരുന്നു എന്നതിന് ഈ ഭാഗം തെളിയിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തീയ വിശ്വാസികള്‍ നിയമങ്ങള്‍ക്കും വിധേയരാണെന്നു പറയുന്നത് (റോമര്‍ 13: 1-8). ആയതിനാല്‍ സത്യസന്ധമായി സ്വത്തുവിവരം പ്രഖ്യാപിച്ചു നിയമാനുസരണമുള്ള നികുതി നല്‍കി ക്രൈസ്തവ സാക്ഷികള്‍ ആകണം.

നമ്മുടെ രാജ്യം അഴിമതി എന്ന കാന്‍സര്‍ രോഗബാധയാല്‍ അമര്‍ന്നുകഴിഞ്ഞിരിക്കുന്നു. അഴിമതി കണ്ടുമടുത്ത ജനം അഴിമതി പൊറുക്കാവുന്നതും ന്യായീകരിക്കാവുന്നതുമാണെന്ന് കണ്ട് മനസിനെ പാകപ്പെടുത്തിയിരിക്കുന്നു. എന്തൊരു വിരോധാഭാസം.! ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ. ആത്മീയ ഗോളത്തിലുളള ചിലരുടെ പ്രവര്‍ത്തിമൂലം ദൈവനാമം ദുഷിക്കപ്പെടുന്നു. പരിഹാരമാര്‍ഗ്ഗം, ആത്മീയര്‍ സ്വയമെ തങ്ങളുടെ സ്വത്തുവിവരം പരസ്യമായി വെളിപ്പെടുത്തി, ദൈവത്തിനു മഹത്വം കരേറ്റണം.

എന്നാല്‍ വിചിത്രമായ ഒരു വാര്‍ത്ത ഈ അടുത്ത സമയത്ത് ഒരു പ്രമുഖ പത്രത്തില്‍ വായിക്കുവാന്‍ ഇടയായി. 2005-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമാജികര്‍ പ്രഖ്യാപിച്ച സ്വത്തിന്റെ പതിന്മടങ്ങ് സ്വത്താണ് 2011-ലെ തിരഞ്ഞെടുപ്പില്‍ അതേ സ്ഥാനാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. ഇവരില്‍ ഒരാളുടെയും സ്വത്ത് കുറഞ്ഞു കണ്ടില്ല. പലരും സ്വന്തമായി വസ്തുവകകളോ. ജോലികളോ, വരുമാനമാര്‍ഗ്ഗമോ ഇല്ലാത്തവരാണ്. കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും ചുരുക്കം ചില ന്യായാധിപന്മാരും ഈ അടുത്ത കാലത്ത് സ്വത്തുവിവരം പ്രഖ്യാപിച്ചതു ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടാണെന്നു പറയുന്നു.

പൊതുജനങ്ങളുടെ ദൃഷ്ടിയില്‍ ചില ആത്മീയ നേതാക്കള്‍ വന്‍ സ്വത്തിന്റെ ഉടമകളും ആഡംബര ഭവനങ്ങളില്‍ വസിക്കുന്നവരും സുഖലോലുപരായി കഴിയുന്നവരുമാണെന്ന ധാരണ ജനങ്ങളുടെ ഇടയിലുണ്ട്. വിദേശയാത്രകള്‍ നടത്തിയും അവിഹിത മാര്‍ഗ്ഗത്തില്‍ വിദേശത്തുനിന്നും ധനം സമ്പാദിച്ചും യഥേഷ്ടം ജീവിക്കുന്ന ഇവരുടെ യാത്രയിലും വസ്ത്രധാരണത്തിലും വാഹന ഉപയോഗത്തിലും ആഡംബരം വിടാത്ത കാഴ്ച നിത്യവും ജനം കണ്ടുകൊണ്ടിരുന്നു. ചാനലുകളിലും പത്രങ്ങളിലും ഈ കൂട്ടരെ പരസ്യമായി പരിഹസിക്കുകയും അവഹേളിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതു നിത്യസംഭവമാണ്.

ഇപ്പോഴത്തെ ആത്മീയ വര്‍ഗ്ഗത്തിനു മുമ്പുണ്ടായിരുന്ന പഴയനിയമപുരോഹിതവര്‍ഗ്ഗത്തിന്റെ ചരിത്രപശ്ചാത്തലം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. യഹോവയുടെ ശുശ്രൂഷയ്ക്കായിട്ട് പ്രത്യേകം തിരഞ്ഞെടുത്ത പുരോഹിതവര്‍ഗ്ഗമാണ് ലേവിഗോത്രം. ഇവരുടെ പൂര്‍വ്വിക പിതാവായ യാക്കോബില്‍നിന്നും ശാപം ലഭിച്ചതിനാല്‍ സുഖകരമല്ലാത്ത ഒരു തുടക്കമവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ യഹോവയായ ദൈവം അവന്റെ ശുശ്രൂഷയ്ക്കായിട്ടും ജനത്തെ അനുഗ്രഹിക്കുന്നതിനും ഇവരെ തിരഞ്ഞെടുത്തു. (ആവര്‍ത്തനം 10 :8). ജനത്തെ അനുഗ്രഹിപ്പാനല്ലാതെ ശപിക്കുവാന്‍ അധികാരമില്ലെന്ന് ഇപ്പോഴത്തെ ആത്മീയ നേതൃത്വം മനസ്സിലാക്കുന്നത് നന്ന്. മരുഭൂമി പ്രയാണകാലത്ത് ബഹുഭൂരിപക്ഷം യിസ്രായേല്‍ മക്കള്‍ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചപ്പോള്‍, സീനായ് മലയില്‍നിന്നും ഇറങ്ങിവന്ന മോശ, യഹോവയുടെ പക്ഷത്തുള്ളവന്‍ എന്റെ അരികില്‍ വരട്ടെ എന്നു പറഞ്ഞു. ഒരു മടിയും കൂടാതെ മോശെയുടെ അരികില്‍ ലേവ്യര്‍ അടുത്തുകൂടി (പുറപ്പാട് 32:26) അവര്‍ ഒരു ഗോത്രത്തോടും നേതാക്കളോടും ആലോചന ചോദിച്ചില്ല. ഇന്നു ദൈവസന്നിധിയില്‍ അടുത്തുകൂടുന്നതിന് പലരോടും അനുവാദം ചോദിക്കേണ്ടിയിരിക്കുന്നു. മോശ വെളിയില്‍ കൂടാരമടിച്ചപ്പോള്‍ അവനോടുകൂടി ലേവ്യര്‍ ചേര്‍ന്നുനിന്നു. ദൈവതേജസ് അവിടെ ഉണ്ടായിരുന്നതിനാല്‍ അവര്‍ അനുഗ്രഹീതരായിത്തീര്‍ന്നു. 'സമാഗമ കൂടാരം' മരുഭൂമിയില്‍ നടക്കുന്ന ജനത്തിന്റെ മേലുള്ള ''ദൈവസാന്നിദ്ധ്യം'' കാണിക്കുന്നു. ഈ സമാഗമന കൂടാരത്തിന്റെ നിര്‍ദ്ദേശിക്കപ്പെട്ട ജോലികളായ, നിയമപെട്ടകം ചുമക്കുക, കൂടാരത്തിന്റെ കുറ്റികള്‍ ചുമക്കുക, കല്‍പ്പിച്ച സ്ഥലത്തു നില്‍ക്കുക എന്നിവകള്‍ ലേവീഗോത്രം ദൈവഹിതത്തിനനുസരിച്ചു ചെയ്തിരുന്നു. മറ്റെല്ലാ ഗോത്രത്തിനും ഓഹരിയും അവകാശവും നല്‍കിയപ്പോള്‍ യഹോവ തന്നെ അവരുടെ ഓഹരിയായിത്തീര്‍ന്നു. (ആവര്‍ത്തനം 10:8-9). യരോബയാം രാജാവ് വിഗ്രഹാരാധനയിലേക്ക് ജനത്തെ പ്രേരിപ്പിച്ചപ്പോള്‍ ഒരു കൂട്ടരെ ദൈവസന്നിധിയില്‍ പിടിച്ചുനിര്‍ത്തുവാന്‍ ലേവീഗോത്രത്തിനു സാധിച്ചു (2 ദിന 11: 13-16). ഇന്നത്തെ ആത്മീയ പിതാക്കന്മാര്‍ക്കിതുപോലെ ചെയ്യാന്‍ കഴിയുമോ?

നടന്ന ഈ കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചത് പുതിയ നിയമ രാജാപുരോഹിതവര്‍ഗ്ഗം എന്നു സ്വയം അഭിമാനിക്കുന്ന ആത്മീയ അഹന്തയുള്ള ചില നേതൃത്വം മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. അധ്യക്ഷനും ശുശ്രൂഷകനും വേണ്ടതായ പതിനാറു ഗുണങ്ങളും പത്തു യോഗ്യതകളും 1 തിമോത്തി 3-ല്‍ വിവരിക്കുന്നു. ലോകചിന്തയില്‍നിന്നും സ്വതന്ത്രം ആയിരിക്കണം, ആത്മാവിനെ നഷ്ടപ്പെടുത്തി ലോകത്തെ സ്‌നേഹിക്കരുത്, പ്രപഞ്ചമോഹങ്ങളെ വര്‍ജിക്കണം, ദുര്‍ലാഭമോഹിയോ, ദ്രവ്യാഗ്രഹിയോ ആയിരിക്കരുത് എന്നിവയാണ് പ്രധാനമായിട്ടുള്ളത്. ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ ഇവര്‍ക്ക് തേജസ്സിന്റെ വാടാത്ത കിരീടം ലഭിക്കുമെന്നുറപ്പ് നല്‍കുന്നു. പല കിരീടങ്ങള്‍ ഇടയശ്രേഷ്ഠന്‍ വാഗ്ദാനം ചെയ്തതു മറക്കുന്നില്ല.

ആദിമ സഭയിലെ ദിനംപ്രതിയുള്ള ശുശ്രൂഷയില്‍ വിധവമാരെ ഉപേക്ഷയായി വിചാരിച്ചപ്പോള്‍ ഉണ്ടായ പ്രശ്‌നത്തിങ്കല്‍, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ തിരഞ്ഞെടുക്കുവാന്‍ അപ്പോസ്തലന്മാര്‍ ശിഷ്യഗണത്തോട് നിര്‍ദ്ദേശിച്ചു. രക്തസാക്ഷിയായ സ്‌തേഫാനോസ് ഉള്‍പ്പെടെയുള്ളവരെ തിരഞ്ഞെടുത്തു. അപ്പോസ്തലന്മാര്‍ പ്രാര്‍ത്ഥിച്ച് കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്ന് അവര്‍ക്കു ലഭിച്ച അധികാരത്താല്‍ കൈവെപ്പ് കൊടുത്തു തിരഞ്ഞെടുത്തവരെ ശുശ്രൂഷയ്ക്ക് ആക്കി. പിന്നീട് കര്‍ത്താവ് ഒഴികെ എല്ലാം ചേതമെണ്ണുകയും യേശുവിന്റെ ക്രൂശിലല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതെന്നു നമ്മെ പഠിപ്പിക്കുകയും ചെയ്ത പൗലോസ് അപ്പോസ്തലന് പ്രശംസിപ്പാന്‍ അനേകം കാര്യങ്ങള്‍ ഉണ്ട്. അവര്‍ ശ്രേഷ്ഠതയുള്ള അപ്പോസ്തലന്മാരോട് സമന്‍, സര്‍വ്വാധികാരവും മഹത്വവും ചേതമെന്നെണ്ണിയവന്‍, ദൈവത്തിനു കീഴ്‌പ്പെട്ടു ദൈവീകശക്തി ലഭിച്ചവന്‍, അനവധി അടിയേറ്റവന്‍, കാരാഗൃഹത്തില്‍ പീഡ ഏറ്റവന്‍, കപ്പല്‍ഛേദത്താല്‍ കടലില്‍ ജീവനോടു മല്ലടിച്ചവന്‍, സ്വജനത്താലും ജാതികളാലും ശത്രുക്കളാലും ആപത്തില്‍ പെട്ടവന്‍, പലവട്ടം പട്ടിണി കിടന്നവന്‍, ഉഗ്രവിഷമുള്ള പാമ്പിനാല്‍ കടിയേറ്റവന്‍, കൂടാരപ്പണി ചെയ്തു സുവിശേഷം അറിയിച്ചവന്‍, ഹേ! മരണമേ നിന്റെ വിഷമുള്ള് എവിടെ എന്നു ചോദിച്ചവന്‍ നമ്മോടു 2 കോറി 1 ന്റെ 12 ല്‍ പറയുന്നു ''ദൈവം നല്‍കുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനഃസാക്ഷിയുടെ സാക്ഷ്യം തന്നെ ഞങ്ങളുടെ പ്രശംസ'' ഇവിടെ മനഃസാക്ഷിയിലുള്ള സാക്ഷ്യത്തില്‍ പ്രശംസിച്ച് കോറിന്ത്യ സഭയോട് അദ്ദേഹം പറയുന്നതാണ്. ഈ സാക്ഷ്യം പൊതു ജീവിതത്തില്‍ കാണിക്കുവാന്‍ ഓരോ ആത്മീയനും കടപ്പെട്ടിരിക്കുന്നു.

ലഭിക്കുന്നതെന്തും വല്ലഭന്റെ കൃപയാലും കരുണയാലും ആണെന്ന ബോധ്യം പലര്‍ക്കും ഇല്ലാതെ പോകുന്നു. സൗജന്യമായി ലഭിച്ചതു സൗജന്യമായി കൊടുപ്പിന്‍ എന്നു ദാവീദ് പുത്രന്‍ ഉപദേശിക്കുന്നു. ദാവീദ് രാജാവ് യറൂശലേം ദേവാലയം പണിയുന്നതിനുള്ള സന്നാഹങ്ങള്‍ ഒരുക്കു മ്പോള്‍ ജനത്തെ സാക്ഷിയാക്കി ദൈവത്തെ സ്തുതിച്ചുകൊണ്ട് പറയുന്നു ''സകലവും നിന്നില്‍ നിന്നല്ലോ വരുന്നത് നിന്റെ കയ്യില്‍ നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളൂ'' (1 ദിന വൃത്താന്തം 29:14). ഈ മനോഭാവം ചില ആത്മീയ നേതൃത്വത്തിനുണ്ടോ എന്നു സംശയിക്കുന്നു.

പുതിയ നിയമസഭയുടെ ആരംഭത്തില്‍ നടന്ന സംഭവം ഇവിടെ ചെറുതായി വിവരിക്കുന്നത് ഉചിതമാണ്. വിശ്വസിച്ചവരുടെ കൂട്ടം ഏകമനസ്സും ഏകഹൃദയവും ഉള്ളവര്‍ ആയിരുന്നു. തനിക്കുള്ളതൊന്നും ആരും സ്വന്തമെന്നെണ്ണിയില്ല. സകലവും അവര്‍ക്ക് പൊതുവായിരിക്കുന്നു (അപ്പോ. 4:32). അതിനാല്‍ അവര്‍ക്ക് ധാരാളം കൃപ ലഭിച്ചു. നിങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥരായിരുന്നവര്‍ അവ വിറ്റ് വില കൊണ്ടുവന്നു, അപ്പോസ്തലന്മാരുടെ കാല്‍ക്കല്‍ വച്ചു. കുപ്രാ ദ്വീപുകാരനായ ജോസഫ് എന്ന ലേവിയര്‍ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പോസ്തലന്മാരുടെ മുമ്പാകെ വച്ചു. ഇവിടെയും പഴയനിയമപുരോഹിതവര്‍ഗ്ഗത്തില്‍പെട്ട ലേവ്യന്‍ പുതിയനിയമകാലത്തും മാതൃക കാണിച്ചു. എന്നാല്‍ അനന്യാസും അവന്റെ ഭാര്യ സഫീറായും അവരുടെ നിലം വിറ്റു ഭാര്യയുടെ അറിവോടെ വിലയിലൊരംശം മാറ്റിയിട്ട് ബാക്കി അപ്പോസ്തലന്മാര്‍ക്ക് കാണിക്കവച്ചു. ദൈവത്തോട് വ്യാജം കാണിച്ചതിനാല്‍ പത്രോസ്  അവനെ ശാസിച്ചു. അനന്യാസ് ഉടനെ വീണു പ്രാണനെ വിട്ടു. ഭാര്യയായ സഫീറാ ഇതൊന്നും അറിയാതെ വന്നു പത്രോസിനോട് അവളും കളവു പറഞ്ഞു. എന്തിന് അവളും വീണ് പ്രാണനെ വിട്ടു. ഭാര്യയെയും ഭര്‍ത്താവിനെയും കുഴിച്ചിട്ടു എന്ന് എഴുതിയിരിക്കുന്നു. അടക്കം ചെയ്തു എന്നു പറയുന്നില്ല. ഈ മൃതശരീരം മറവു ചെയ്തതില്‍ എന്തോ ഒരു ആത്മീയതയുടെ നിറവ് അവിടെ കാണുന്നില്ല. സര്‍വ്വ സഭയും സംഭവം കേട്ടവര്‍ക്കും മഹാ ഭയവും ഭീതിയും ഉണ്ടായതായി പ്രസ്താവിക്കുന്നു. (അപ്പോ. 5: 1-11 വരെ).

ദൈവനിയമിതശുശ്രൂഷയില്‍ പൗലോസപ്പോസ്തലന്‍ സ്വയമെ വെളിപ്പെടുത്തേണ്ട കടമയെപ്പറ്റി ഇങ്ങനെ പറയുന്നു. ''ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതിയതായി സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങള്‍ തന്നെ'' (2 കോറി 3 :2). പത്രം എന്നതിന് പല അര്‍ത്ഥതലങ്ങളുമുണ്ട്. പ്രധാനമായി വെളിവാക്കുക, വെളിപ്പെടുത്തുക, അറിയിക്കുക എന്നീ ക്രിയാനാമം അര്‍ത്ഥമാക്കുന്നു. അദ്ദേഹത്തിന്റെ സ്വന്തം പ്രവൃത്തികൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷക്കാരന്‍ എന്നു ലോകത്തോടു വെളിപ്പെടുത്തിയതുപോലെ നാം ഓരോരുത്തരും നമ്മെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്ന പത്രമായി തീരുവാന്‍ ആഹ്വാനം ചെയ്യുകയാണ്. എന്തുകൊണ്ടു നമ്മെ ലോകത്തിനു വെളിപ്പെടുത്തിക്കൂടാ?

പ്രതികരണം                ജോസഫ് പുലിക്കുന്നേല്‍

പോര്‍ട്ടുഗീസുകാര്‍ ഇവിടെ എത്തുന്നതിനുമുമ്പ് കേരളസഭ ആദിമ അപ്പോസ്തല സഭയുടെ ഘടനാരീതിയും സംസ്‌കാരവും നിലനിര്‍ത്തിയിരുന്നു. പുതിയ നിയമ സഭയില്‍ ആദ്ധ്യാത്മിക ശുശ്രൂഷകരായി സ്വയം മാറിയ അപ്പസ്‌തോലന്മാര്‍ സഭയുടെ സാമ്പത്തിക കാര്യനിര്‍വഹണത്തില്‍നിന്നും പൂര്‍ണമായും ഒഴിഞ്ഞുമാറി. തെരഞ്ഞെടുക്കപ്പെട്ടവരെ സാമ്പത്തിക കാര്യ വിചാരണക്കായി സഭതന്നെ നിയോഗിച്ചു. ആദിമസഭക്ക് രണ്ടു ചക്രങ്ങളുണ്ടായിരുന്നു. 1. ആദ്ധ്യാത്മിക ശുശ്രൂഷകരായ മൂപ്പന്മാരും 2. ഭൗതികകാര്യ വിചാരകരായ തെരഞ്ഞെടുക്കപ്പെട്ടവരും. മധ്യനൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ റോമാ സാമ്രാജ്യത്തിന്റെ സ്വാധീനത്തില്‍ രാജകീയ മെത്രാന്‍ സ്ഥാനം ആദ്ധ്യാത്മിക ശുശ്രൂഷകര്‍ക്കു ലഭിച്ചതിനെതുടര്‍ന്ന് അവര്‍ സിംഹാസനാരൂഢരായി. ചക്രവര്‍ത്തിയുടെ അധികാരം അവര്‍ ഏറ്റെടുത്തു. പക്ഷേ കേരള സഭ ആദിമസഭയുടെ ഘടനാരീതി കൈവിടാതെ കാത്തുസൂക്ഷിച്ചു. പള്ളികള്‍ വിശ്വാസികളുടേതായിരുന്നു. പള്ളികളുടെ ഭൗതികകാര്യങ്ങള്‍ നടത്തിയിരുന്നത് പള്ളിയോഗമായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ സുതാര്യമായിരുന്നു. കത്തനാരന്മാര്‍ ഭൗതികകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. ഈ സഭാവ്യവസ്ഥയാണ് നമ്മുടെ പൂര്‍ വികര്‍ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം എന്നു വിളിച്ചത്. ഈ പൂര്‍വിക സംവിധാനത്തിലേക്ക് തിരിച്ചുപോകാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. 

3 comments:

  1. വിമാനം പറത്തി നടക്കുന്നവനോട് കാളവണ്ടി ഓടിക്കാന്‍ പറയുന്നത് പോലുണ്ട്. രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ വയറ്റിപിഴപ്പിനല്ലാതെ ആത്മനിര്‍വൃതി തേടി സഭയിലെത്തിയവര്‍ എത്ര പേര് കാണും?

    ആദിമ സഭയില്‍ പത്രോസ് മത്തിയാസിനോട് വീടും പറമ്പും വിറ്റത്തിന്റെ ബാക്കി ചോദിച്ചത്തിന്റെ വിഷമത്തില്‍ അറ്റാക്ക്‌ വന്നാണ് അയാള്‍ മരിക്കുന്നത്.

    ReplyDelete
  2. ആരായാലും കാര്യങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ഉറവിടം വ്യക്തമാക്കാന്‍ കൂടി ശ്രദ്ധിച്ചാല്‍ വെറുതെ വിമര്‍ശനം വിളിച്ചുവരുത്താതെയിരിക്കാം. പത്രോസ് സ്വത്തുവിവരം ചോദിച്ചപ്പോള്‍ മരിച്ചത് മത്തിയാസല്ല, അനന്യാസും സഫീറയുമാണ് ബൈബിളില്‍നിന്നുള്ള ഉദ്ധരണി ഇങ്ങനെ കൊടുക്കുന്നത് വിശ്വാസികള്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ ഉപകരിക്കും.(അപ്പോ. പ്രവ. 5: 1-11)

    ReplyDelete
  3. നന്ദി ജോസ്‌ ആന്‍റണി. ബൈബിള്‍ പണ്ഡിതനോ സുവിശേഷകനോ അല്ലാത്തത് കൊണ്ട് പറ്റുന്ന അബദ്ധങ്ങളാണ്. അനന്യാസ് ആയാലും മത്യാസ് ആയാലും പത്രോസിന്റെ ഭീഷണി ഏറ്റു ! അതാണ്‌ എന്നെ ആകര്‍ഷിച്ച ഘടകം. ഇത് ക്രിസ്തു പഠിപ്പിച്ച സുവിശേഷ വേലയല്ല; കത്തോലിക്കാ സഭയുടെ വിരട്ടലും ഭൌതികാസ്ഥികള്‍ കുന്നു കൂട്ടലും തുടങ്ങുന്നത് ഒരു പക്ഷെ ഇവിടെ നിന്നാകാം...

    ReplyDelete