Translate

Wednesday, January 25, 2012

ചര്ച്ച് ആക്ടിനെപറ്റി ജസ്റ്റിസ് കൃഷ്ണയ്യര്‍

(ജസ്റ്റിസ് കൃഷ്ണയ്യര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിനെഴുതിയ കത്തുകളില്‍നിന്ന് സമാഹരിച്ചത് - കടപ്പാട്: മാതൃഭൂമി - 2009 മെയ്, 12)

യേശു ഏറ്റവും പവിത്രരായവരിലൊരാളും ലളിതനായ മനുഷ്യസ്‌നേഹിയും ആത്മീയ വിപ്ലവകാരികളിലൊരാളുമാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. യേശുവിനോട് വ്യക്തിപരമായി എനിക്ക് വലിയ ആദരവുണ്ട്. അദ്ദേഹം മനുഷ്യരാശിയുടെ മോചനത്തിനായിട്ടാണ് നിലകൊണ്ടത്. സര്‍വ്വോപരി അദ്ദേഹം പാവങ്ങള്‍ക്കുവേണ്ടിയും പണക്കാര്‍ക്കെതിരായിട്ടുമാണ് നിന്നത്. തലശ്ശേരിയിലെ എന്റെ സുന്ദരഭവനം ഞാന്‍ ബിഷപ്പിന് വിട്ടുകൊടുത്തതും അതങ്ങനെ അരമനയായതും എനിക്ക് പള്ളിയുടെ സാമൂഹിക സേവനതൃഷ്ണയോടുള്ള ബഹുമാനത്തിന്റെ തെളിവാണ്.

(ഞാന്‍ ചെയര്‍മാനായ) നിയമ പരിഷ്‌കരണ കമ്മീഷന്റെ ലക്ഷ്യങ്ങളെ നേര്‍ത്ത ക്രൈസ്തവവിരുദ്ധ വികാരങ്ങളായിപ്പോലും തെറ്റിദ്ധരിക്കാതിരിക്കാനാണ് ഞാനിത് പറയുന്നത്. കമ്മീഷന്‍ ഒരു സ്വതന്ത്രബോഡിയാണെന്നും അതിന്റെ ബില്ലുകളെ ഗവണ്മെന്റ് നയങ്ങള്‍ സ്വാധീനിക്കുന്നില്ലെന്നും ഊന്നിപ്പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ സത്യമായും ഒരു സ്വതന്ത്ര ചെയര്‍മാനാണ്, അല്ലാതെ ഗവണ്മെന്റ് നയങ്ങള്‍ നടപ്പിലാക്കാനായി കമ്മീഷനെ ഉപയോഗിക്കാന്‍ വന്ന ചെയര്‍മാനല്ല.

കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ ആത്മാര്‍ത്ഥതയുള്ള പല ക്രിസ്ത്യാനികളും ഉന്നയിച്ച വിഷയമെന്ന നിലയില്‍ ഉണ്ടായതാണ്. അതുകൊണ്ടാണ് മഹാചിന്തകരും ക്രസ്തുമതവിശ്വാസികളുമായ ജസ്റ്റിസ് കെ.ടി. തോമസിനേയും പ്രൊഫ. എം.വി. പൈലിയെയും പോലുള്ളവര്‍ ഞങ്ങളുടെ ശുപാര്‍ശകളെ പൂര്‍ണ്ണമായി പിന്തുണച്ചത്. കമ്മീഷന്‍ എന്തിനാണ് ഈ ശുപാര്‍ശകള്‍ നടത്തിയതെന്ന് പള്ളി പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. മതേതര, ജനാധിപത്യ താത്പര്യങ്ങളോടുകൂടിയ പൊതുബില്ലാണത്.

യേശു ഒരു മഹാജനാധിപത്യവാദിയായിരുന്നു. സമ്പത്തിനെ പരിപാലനവസ്തുവായിട്ടാണ് അദ്ദേഹം കണ്ടത്. യേശുവിനോടുള്ള ഭക്തികൊണ്ട് ഇടവകക്കാര്‍ നല്‍കുന്ന സംഭാനകളിലൂടെ ഉണ്ടാകുന്ന സ്വത്തുക്കള്‍ ഭരിക്കാനുള്ള അവകാശം ബിഷപ്പിനല്ല ഇടവകക്കാര്‍ക്കായിരിക്കണം വേണ്ടത്. ഇത് ധാര്‍മ്മിക ജനാധിപത്യമാണ്, അല്ലെങ്കില്‍ അത് ധനാപഹരണമാകും. ദയവായി (ബിഷപ്പുമാര്‍) ജനാധിപത്യവാദികളാകാമെന്ന് സമ്മതിക്കൂ. സഭാസ്വത്തുക്കളുടെമേല്‍ ജനാധിപത്യനിയന്ത്രണത്തിന് പ്രതികൂലമായിട്ടല്ല, അനുകൂലമായിട്ടായിരിക്കണം നിങ്ങളുടെ സ്വരം.

[കേരള കാത്തലിക് ഫെഡറേന്‍ സ്പിരിറ്റ് ഓഫ് അപോസ്റ്റസിയും പുത്തന്‍ പുരോഹിത തന്ത്രങ്ങളുംഎന്ന ലഘുലേഖയില്‍ പ്രസിദ്ധീകരിച്ചത്]

1 comment:

  1. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികളായ കത്തോലിക്കരുടെ ഇന്നുകാണുന്ന പള്ളികളുടെയും പള്ളിസമ്പത്തുക്കളുടെയും പരമോന്നത ഭരണാധികാരി വിദേശരാഷ്ട്രത്തലവനും, കത്തോലിക്കാസഭയുടെ ആത്മീയ ആചാര്യനുമായ മാര്‍പപ്പായാണ്. 1991 ല്‍ വിദേശത്തുണ്ടാക്കിയ പൌരസത്യകാനോന്‍ നിയമം വിശ്വാസികളുടെ അറിവോ, സമ്മതമോ ഇല്ലാതെ ഭാരതത്തിലെ കത്തോലിക്കാസമൂഹത്തില്‍ അടിച്ചെല്പ്പിക്കുകയാണ് ചെയ്തത്. അങ്ങിനെ വിയര്‍പ്പൊഴുകാതെ ഭാരതത്തിലെ ഒരു പ്രബലസമൂഹത്തിന്റെ സമ്പത്ത് അദ്ദേഹം നിയമിക്കുന്ന മെത്രാന്മാര്‍ ഭരിക്കുന്നു. ഇത് പരമാധികാര രാജ്യമായ ഭാരതത്തിന്‍റെ അഖണ്ടതക്ക് ഭീഷണിയാണ്.

    ReplyDelete