Translate

Monday, January 9, 2012

ലോകദ്വേഷികള്‍ (മോചന കാഹളം)


''നശ്വരമാണത്രേ ലോകമെല്ലാം''
ദോഷൈക ദൃക്കുകള്‍ പാടിടുന്നു.
''മിഥ്യയും മായയുമത്രേ സര്‍വ്വം,
ദുഃഖത്തെ പൂജിക്കില്‍ രക്ഷനേടാം;
സന്തോഷമെല്ലാം കടന്നുപോകും;
സൗന്ദര്യം പൊട്ടും കുമിള മാത്രം;
സൗഭാഗ്യം സാത്താന്റെ സൂത്രവേല;
സമ്പത്തു സര്‍വ്വം അവന്റെ കാഷ്ടം.''
എങ്കില്‍ ഞാന്‍ ചോദിക്കും ചോദ്യത്തിനു
പ്രത്യുത്തരം നല്കു ലോകദ്വേഷി:
''നാളെ മരിയ്ക്കും ജഗത്തില്‍ ദൈവം
മോദങ്ങളെന്തിന്നൊളിച്ചു വച്ചു.
ആനന്ദമാകുമിര കൊളുത്തി
ചൂണ്ടയിടുന്നതോ ദൈവഹോബി?
കുട്ടിക്കുരങ്ങിന്റെ കൈകള്‍കൊണ്ടു
ചൂടുചോര്‍ വാരിയ്ക്കാനെന്തു ന്യായം?
മക്കളെയൊക്കെ ചതിക്കുഴിയില്‍
വീഴ്ത്തുന്നതോ താതനേക ഹര്‍ഷം?
സാഡിസം മാനസരോഗമല്ലേ,
മാനസ രോഗിയോ ദൈവതാതന്‍.''
തിന്മയായ് സൃഷ്ടിയിലൊന്നുമില്ല;
തിന്മയാക്കുന്നതു കണ്ണു തന്നെ;
കണ്ണൊന്നു മാറുകില്‍ മണ്ണിലാകെ
കാണാം മഹേശ്വരന്‍ തന്‍ മഹത്വം.
മണ്ണാകും ഗോവണി തച്ചുടച്ച്
വിണ്ണില്‍ക്കരേറുവാനാര്‍ക്കു സാധ്യം.
മണ്ണിനും വിണ്ണിനും ജീവനേകി
വാഴുന്നതേകനാം ദൈവമല്ലേ.
മോദവും ജ്ഞാനവും സൗന്ദര്യവും
ദൈവത്തിന്‍ ദാനമെന്നോര്‍ത്തിടുവിന്‍.
ആനന്ദം മര്‍ത്ത്യന്റെ നിത്യലക്ഷ്യം.
ഏവര്‍ക്കും വേണമതെന്നു മാത്രം.
താനേ സുഖിക്കുകില്‍ പാപദോഷം
ദുഃഖം വരുത്തുകില്‍ ചാവുദോഷം.

അനുരണനങ്ങള്‍                       - ജോര്‍ജ്ജ് മൂലേച്ചാലില്‍

വികലമായ ദൈവസങ്കല്പം അതിലും വികലമായ ഒരു ലോകവീക്ഷണത്തിനും ജീവിതവീക്ഷണത്തിനും കാരണമാകുന്നു. അപാരസുന്ദരമായ ഈ വിശ്വപ്രപഞ്ചമാകെ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യസത്തയായിരിക്കുന്ന ദൈവത്തെ കര്‍ക്കശക്കാരനും ക്രൂരനുമായ ഒരു ജന്മിക്കാരണവരായി അവതരിപ്പിക്കുന്ന കത്തോലിക്കാ പൗരോഹിത്യം മനുഷ്യരില്‍ രൂപപ്പെടുത്തുന്ന ജീവിതവീക്ഷണം എത്ര വികലമായാലും അതില്‍ അത്ഭുതപ്പെടാനില്ലതന്നെ.

സകലത്തിന്റെയും സൃഷ്ടികര്‍ത്താവ് ദൈവമാണെന്നു പഠിപ്പിക്കുകയും, അതേസമയംതന്നെ, ആ സൃഷ്ടികളെല്ലാം മ്ലേച്ഛമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു, കത്തോലിക്കാ പൗരോഹിത്യം. അതായത്, ശില്പി അത്യുന്നതകലാകാരന്‍! പക്ഷേ, ശില്പങ്ങള്‍ അതിവിരൂപം! ഈ വിരുദ്ധാശയങ്ങളെ ഒന്നിച്ചു വിഴുങ്ങാനാണ് കത്തോലിക്കര്‍ കുട്ടിക്കാലം മുതലേ പരിശീലിപ്പിക്കപ്പെടുന്നത്. ലോകത്തെയും ശരീരത്തെയും പിശാചിനെയെന്നപോലെ ശത്രുക്കളായി കരുതിവേണമത്രെ മനുഷ്യര്‍ ജീവിക്കാന്‍! ശരീരനിന്ദയും ലോകനിന്ദയും ദൈവത്തിന്റെപേരില്‍ കൃത്രിമമായി അടിച്ചേല്‍പ്പിക്കപ്പെടുകയാണിവിടെ. മനുഷ്യരെ ജീവിതനിഷേധികളും ദുഃഖോപാസകരുമാക്കുന്ന ഈ സഭാനിലപാടിനിട്ട് ഗുരുദാസച്ചന്‍ കൊടുക്കുന്ന ഒരുഗ്രന്‍ കിഴുക്കാണ് 'ലോകദ്വേഷികള്‍' എന്ന കവിത.

ജീവിതത്തിന്റെ നൈസര്‍ഗ്ഗികമായ സന്തോഷം കെടുത്തി, അവിടെ പാപബോധവും ഭീതിയും വിഷാദവും പുണ്യത്തിന്റെപേരില്‍ കുത്തിവയ്ക്കുന്നവരോട്, 'നാളെ മരിക്കും ജഗത്തില്‍ ദൈവം, മോദങ്ങളെന്തിന്നൊളിച്ചുവച്ചു?', 'സാഡിസം മാനസരോഗമല്ലേ, മാനസരോഗിയോ ദൈവതാതന്‍?' എന്നും മറ്റും അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങള്‍ സഭാധികാരികളുടെ കണ്ണു തുറപ്പിക്കാനിടയില്ലെങ്കിലും സഹൃദയരായ അനുവാചകരുടെ കണ്ണു തുറപ്പിക്കാന്‍ പോന്നതാണ്.

തുടര്‍ന്ന്, 'തിന്മയായി സൃഷ്ടിയിലൊന്നുമില്ലെ'ന്നും അതിലെല്ലാം കാണാവുന്നത് 'മഹേശ്വരന്‍തന്‍ മഹത്വ'മാണെന്നും, 'മോദവും ജ്ഞാനവും സൗന്ദര്യവും ദൈവത്തിന്‍ദാന'മാണെന്നും അതുകൊണ്ട് മറ്റാര്‍ക്കും ദോഷം വരാതെ അവയെല്ലാം ആസ്വദിച്ചാനന്ദിക്കുകയെന്നത് മനുഷ്യജീവിതത്തിന്റെ ലക്ഷ്യംതന്നെയാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. ഈ ജീവിതാനന്ദം തനിക്കു മാത്രമല്ല, തന്നെപ്പോലെതന്നെ മറ്റുള്ളവര്‍ക്കും അവകാശമായിട്ടുള്ളതാണെന്ന് ഓര്‍മ്മിച്ചുകൊണ്ട് ലോകത്തില്‍ പരസ്പരാനന്ദത്തിന് വഴിതുറക്കുകയാണു വേണ്ടതെന്ന ബിബ്ലിക്കല്‍ കാഴ്ചപ്പാടും അദ്ദേഹം അവതരിപ്പിക്കുന്നു. അതിനെ മാനദണ്ഡമാക്കി, പാപമെന്നാല്‍ എന്തെന്ന ചോദ്യത്തിന് അങ്ങേയറ്റത്തെ ഉള്‍ക്കാഴ്ചയോടെ ഏറ്റം ലളിതമായ ഒരു നിര്‍വ്വചനവും അദ്ദേഹം ഇവിടെ നല്‍കുന്നു: 'താനേ സുഖിക്കുകില്‍ പാപദോഷം, ദുഃഖം വരുത്തുകില്‍ ചാവുദോഷം'.

- സഭയുടെ തലതിരിഞ്ഞ പഠിപ്പിക്കലുകള്‍കൊണ്ടും അവയുടെ വ്യവസ്ഥാപിതമായ ആചരണങ്ങള്‍കൊണ്ടും എത്രയോ പേരാണ് വിസ്മയാവഹമായ ഈ ലോകത്തിന്റെ വശ്യമനോഹാരിതയില്‍ ദൈവമഹത്വം ദര്‍ശിക്കാനാകാതെ പുറംതിരിഞ്ഞുനില്‍ക്കാനിടയായിട്ടുള്ളത്! എത്രയോ പേരാണ് പുണ്യമെന്നു കരുതി, ദൈവദാനമായി ലഭിച്ച സ്വന്തം ശരീരത്തെ അവജ്ഞയോടെ നോക്കിക്കാണാന്‍ അനുശീലിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്! സുഖദമായ നൈസര്‍ഗ്ഗിക ശരീരചോദനകളെ മഹത്തായ ദൈവാനുഗ്രഹമെന്നു കാണാനാകാതെ എത്രയോ മനുഷ്യരാണ് അവയ്‌ക്കെതിരെ യുദ്ധം ചെയ്ത് തളര്‍ന്നുകൊണ്ടിരിക്കുന്നത്! ആര്‍ക്കും ഒരു ഗുണവും ഒരിക്കലും ചെയ്യാത്ത എത്രയോ 'പരിത്യാഗപ്രവൃത്തി'കളാണ്, പുണ്യമെന്ന ധാരണയിലും, പ്രതിഫലമായി അതിന്റെയൊക്കെ നൂറിരട്ടി സുഖം അങ്ങേലോകത്തില്‍ കിട്ടുമെന്ന സ്വാര്‍ത്ഥമോഹത്തിലുംപെട്ട്, ശുദ്ധമനസ്‌ക്കരായ സന്ന്യാസ-സന്ന്യാസിനികളും പള്ളിവിശ്വാസികളും അനുഷ്ഠിച്ചുപോരുന്നത്!

സഭയുടെ ആധികാരിക സമീപനങ്ങളെ 'പോസ്റ്റുമോര്‍ട്ടം' ചെയ്യുന്ന ഗുരുദാസച്ചന്റെ കവിതകളില്‍ മികവുറ്റ ഒന്നാണ് 'ലോകദ്വേഷികള്‍' എന്നു പറയാം.

1 comment:

  1. തിന്മ ഒന്നില്ലന്നു ഈ കവിത പാടുന്നു.
    നിഷ്കളങ്കരായ ആദവും അവ്വയും പറുദീസയില്‍ പിറന്നു വീണു. ആദം ആ കനി ഭക്ഷിക്കരുതെന്നു അശരീരിയും. അതു ജീവന്‍റെ തൂക്കുമരമാകുന്നു. തിന്മയില്ലെങ്കില്‍ ആ കനി ഭക്ഷിക്കുവാന്‍ ആദമിനെ പ്രേരിപ്പിച്ചത് എന്ത്?

    ആദമിനും ആവ്വാക്കും ഈ ഫലംകഴിച്ചാല്‍ ദൈവനിന്ദ എന്നറിഞ്ഞിട്ടും ധിക്കരിച്ചു ഫലം കഴിച്ചെങ്കില്‍ തിന്മയും നന്മയും അവര്‍ അറിഞ്ഞില്ലേ?
    അറിവിന്‍റെ ഫലമാണ് അവര്‍ കഴിച്ചത്? തിന്മ ചെയ്തതു കൊണ്ടല്ലേ അറിവിന്‍റെ പുസ്തകം അവര്‍ക്ക് ലഭിച്ചത്?

    നടുക്ക്നിന്ന നല്ലവനായ ദൈവം ഈ കുഞ്ഞുങ്ങള്‍ക്ക്‌ തിരിച്ചറിവില്ലെന്നുമറിയാം.പകരം സന്താനപരമ്പരകളെ മുഴുവന്‍ തിന്മയും പാപികളുമാക്കി ശപിക്കുന്ന ദൈവംക്രൂരത രസിച്ചു സുഖിക്കുന്നവനോ? സാഡിസ്റ്റോ?

    കഥ ആദാമിന് മുമ്പുമുണ്ട്.സ്വര്‍ഗത്തിലെ ലൂസ്സിഫെരിനെ തിന്മ ചെയ്തതിനു നരകത്തില്‍ തട്ടിയ കഥ. പ്രിയപ്പെട്ട ലൂസ്സിഫേര്‍, പ്രിയപ്പെട്ട ആദം, ആവ്വാ ഈ കവിത വായിക്കൂ? നിങ്ങള്‍ ഒരിക്കലും
    തിന്മ ചെയ്തിട്ടില്ല. കക്കുക, കൊല്ലുക, വ്യപിചാരം ചെയ്യുക, കള്ളം പറയുക, അതെ
    പുരോഹിതവര്‍ഗം പഠിപ്പിച്ച കള്ളങ്ങള്‍ മാത്രം.

    കപടതന്ത്രം പ്രയോഗിക്കുന്ന കടുവാ പുല്‍പ്പുറത്തു കിടക്കുമ്പോള്‍ പുല്ലാണെന്ന് വിചാരിച്ച ഇര കബളിപ്പിക്കപ്പെട്ടു തീറ്റിയാകും....
    ആദമിന്‍റെയും ആവ്വായുടെയും ഈ മലവിസ്സര്‍ജനകഥ പഠിപ്പിച്ച പുരോഹിതര്‍ കോടാനുകോടി ജനങ്ങളെ വിഡ്ഢികളാക്കി. മേച്ചില്‍സ്ഥലങ്ങളില്‍ ആട്ടിടയന്‍റെ
    കുപ്പായങ്ങളണിഞ്ഞു ഇരയെ കബളിപ്പിക്കുവാന്‍ നടക്കുന്ന ഈ കിടുവാകള്‍ കടുവാകള്‍ തന്നെയാണ്.

    ReplyDelete