Translate

Sunday, September 16, 2012

യഥാര്‍ത്ഥ യേശുവും സഭാസൃഷ്ടിയായ യേശുക്രിസ്തുവും


ഓഗസ്റ്റ് ലക്കം സത്യജ്വാലയില്‍ പ്രസിദ്ധീകരിച്ച ലേഖനം


മരിയാ തോമസ് 

(20 വര്‍ഷം കന്യാസ്ത്രീയായി ആവൃതിക്കുള്ളില്‍ ജീവിച്ചിട്ടും തന്റെ സത്യാന്വേഷണത്വരയുടെ കനലുകള്‍ കെട്ടടങ്ങാതെ സൂക്ഷിക്കുകയും, 12 വര്‍ഷംമുമ്പ് അതാളിക്കത്തിയപ്പോള്‍, തനിക്ക് ജീവിതത്തില്‍ തണലേകാന്‍ ഒരിലപോലും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ മഠംവിടാന്‍ തന്റേടം കാണിക്കുകയും ചെയ്ത മഹതിയാണ് ലേഖിക. ഈ ലേഖനത്തിലൂടെ അവരെ 'സത്യജ്വാല'യില്‍ പരിചയപ്പെടുത്താന്‍ സന്തോഷമുണ്ട്. കന്യാസ്ത്രീ ജീവിതംകൊണ്ട് തന്റെ മാതൃഭാഷപോലും ചോര്‍ന്നുപോയി എന്നു പരിതപിക്കുന്ന മരിയാ തോമസ് ഇംഗ്ലീഷിലെഴുതിയ ചിന്തോദ്ദീപകമായ ലേഖനത്തിന്റെ പരിഭാഷയാണ് താഴെകൊടുക്കുന്നത് : പരിഭാഷ സ്വന്തം - എഡിറ്റര്‍ )

     സുവിശേഷങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന നസ്രത്തിലെ യേശു, കാഴ്ചപ്പാടിലും ദൗത്യത്തിലും അസാധാരണത്വം പുലര്‍ത്തിയ, അങ്ങേയറ്റം ഊര്‍ജ്ജസ്വലനും സാധാരണക്കാരനുമായ, ഒരു 'അത്മായ'യഹൂദനായിരുന്നു. തനി ക്കു മതപരമായി എന്തെങ്കിലും ആധികാരികത പ്രത്യേകമായുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല. പ്രമുഖ ദൈവശാസ്ത്രജ്ഞനായ ജോണ്‍ പി. മെയ്ര്‍ (John P Meier) തന്റെ Marginal Jew-Rethinking Historical Jesusഎന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''ലോകത്തില്‍ പ്രമുഖമായൊരു മത-സാംസ്‌കാരികശക്തിയെ കെട്ടഴിച്ചുവിട്ട, യേശുവെന്ന അമ്പരിപ്പിക്കുന്ന ആ മഹാപ്രതിഭയെ മനസ്സിലാക്കാന്‍ സ്വന്തംനിലയില്‍ അല്പമെങ്കിലും ചരിത്രഗവേഷണം നടത്താത്ത ആരെയും, അയാള്‍ ഏതു മതസ്ഥനോ, സ്ത്രീയോ പുരുഷനോ ആകട്ടെ, യഥാര്‍ത്ഥ വിദ്യാഭ്യാസം നേടിയ ഒരു വ്യക്തിയായി കണക്കാക്കാന്‍ ഇക്കാലത്താവില്ല. പരിശോധനാവിധേയമല്ലാത്ത മതജീവിതം, അഥവാ മതവിരുദ്ധമായ ജീവിതം, പ്രയോജനരഹിതമാണ്''. മുന്‍കാലങ്ങളില്‍ സാധാരണവിശ്വാ സികള്‍ ദൈവശാസ്ത്രവിദ്യാഭ്യാസം നേടിയിരു ന്നില്ല. അവരിന്നും വിശ്വാസപരിശീലനം നേടുന്നത് പുരുഷന്മാരായ പുരോഹിതരില്‍നിന്നാണ്. തന്മൂലം, മതസിദ്ധാന്തങ്ങളുടെയും കാനോന്‍ നിയമങ്ങളുടെയും ആധികാരിക സഭാപ്രഖ്യാപനങ്ങളുടെയും മാര്‍പ്പാപ്പായുടെ തെറ്റാവരത്തിന്റെയും സഭയുടെ ശ്രേണീബദ്ധമായ അധികാരഘടനയുടെയുമൊക്കെ പേരില്‍, അവര്‍ ചൂഷണം ചെയ്യപ്പെടുകയാണ്.

യഥാര്‍ത്ഥ യേശു
      യേശുവിന്റെ വാക്കുകളും പെരുമാറ്റങ്ങളും, സമകാലികരായ റബ്ബിമാരില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു എന്നു കാണിക്കുന്ന സംഭവവിവരണങ്ങളും കഥകളുംകൊണ്ട് പുതിയ നിയമം നിറഞ്ഞുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും പ്രവൃത്തികളും, യഹൂദരോടും യഹൂദരല്ലാത്തവരോടും സ്ത്രീക ളോടും കുട്ടികളോടും പ്രകൃതിയോടും പുരോഹിത-നിയമജ്ഞ വിഭാഗങ്ങളോടുമെല്ലാമുള്ള മനോഭാവവും അദ്ദേഹത്തെ തികച്ചും വ്യത്യസ്തനാക്കി.

    അദ്ദേഹത്തിന്റെ ശ്രോതാക്കള്‍, 'ഈ മനുഷ്യനെപ്പോലെ ഇതുവരെ ആരും സംസാരിച്ചിട്ടില്ല' എന്നും, 'ഈ മനുഷ്യനെ വഹിച്ച ഗര്‍ഭപാത്രവും പാലൂട്ടിയ മുലകളും അനുഗൃഹീതം' എന്നും ആശ്ചര്യപ്പെട്ടു പറഞ്ഞു. ദൈവരാജ്യം സംസ്ഥാപിക്കുന്നതിനായി എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ നയപ്രഖ്യാപനം, പ്രകടനപത്രിക, ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം 18-ാം വാക്യത്തില്‍ ഇങ്ങനെ കാണാം: ''കര്‍ത്താവിന്റെ അരൂപി എന്റെമേല്‍ ഉണ്ട്; കാരണം, ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കാന്‍ അവന്‍ എന്നെ അഭിഷേ ചിച്ചിരിക്കുന്നു. ബന്ദികള്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും പ്രഖ്യാപിക്കാന്‍, മര്‍ദ്ദിതരെ സ്വതന്ത്രരാക്കാന്‍, കര്‍ത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാന്‍ അവന്‍ എന്നെ അയച്ചിരിക്കുന്നു.''
    
     'വെള്ളയടിച്ച ശവക്കല്ലറകളെന്നും', 'അണലിസന്തതികളെന്നും, 'അന്ധരായ വഴികാട്ടിക'ളെന്നും വിളിച്ച് നിയമവ്യാഖ്യാതാക്കളെയും ഫരീസരെയും അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. ''.... അവര്‍ നിങ്ങളോടു പറയുന്നവ ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. പക്ഷേ, അവര്‍ ചെയ്യുന്നതു നിങ്ങള്‍ പ്രമാണമാക്കരുത്. കാരണം, അവര്‍ പ്രസംഗിക്കുന്നത് അവര്‍ ചെയ്യുന്നില്ല'' (മത്താ. 23:2-3) എന്നദ്ദേഹം ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി.

       അദ്ദേഹത്തിന്റെ സമകാലികര്‍ അദ്ദേഹത്തെ, രോഗശാന്തി നല്‍കുന്നവനായും ഗുരുവായും പ്രവാചകനായും രക്ഷകനായും വിമോചകനായും മദ്ധ്യസ്ഥനായും കര്‍ത്താവായും അനുഭവിച്ചറിഞ്ഞു. യഥാര്‍ത്ഥ ആരാധന എന്താണെന്നും എങ്ങനെയാണെന്നും അദ്ദേഹം ഇപ്രകാരം അവരെ പഠിപ്പിച്ചു. ''പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജറൂശലേമിലോ അല്ലാതാകുന്ന സമയംവരുന്നു.... ദൈവം ആത്മാവാണ്; അവനെ ആരാധിക്കുന്നവര്‍ അരൂപിയിലും സത്യത്തിലും ആരാധിക്കണം'' (യോഹ. 4:23-25).

      നാമിന്ന്, നമ്മുടേതായ ഈ കാലഘട്ടത്തിലും സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തിലും നിന്നുകൊണ്ട് സുവിശേഷത്തെ വീണ്ടും വായിക്കുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ചരിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടുകാണുന്ന യേശുവല്ല, വാസ് തവത്തിലുള്ള യേശു. യഥാര്‍ത്ഥ യേശു വിനെ കിട്ടാനില്ലാത്ത അവസ്ഥയാണിന്ന്. കാരണം, യഥാര്‍ത്ഥ യേശുവിനെ വീണ്ടും അനാച്ഛാദനം ചെയ്യാനാവശ്യമായ അടിസ്ഥാനവിവരങ്ങള്‍ വളരെ വിരളമാണ്. അതിനാല്‍ ബൈബിളിന്റെ കാര്യത്തിലും, സാഹിത്യപരവും ആഖ്യാനപരവുമായ നിരൂപണരീതികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു. അതിന് പുതിയ നിയമത്തിലുള്‍പ്പെടുത്താത്ത അപ്പോക്രിഫല്‍ ഗ്രന്ഥങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. (ഉദാഹരണത്തിന് സെന്റ് തോമസിന്റെ സുവിശേഷം) അങ്ങനെയെങ്കില്‍, യഥാര്‍ത്ഥ യേശുവിനെ അറിയാനുള്ള ഒരു സ്രോതസായി ഒരുപക്ഷേ, അവ മാറിയേക്കാം. ഈ ആധുനിക കാലഘട്ടത്തില്‍, അവ കൂടുതല്‍ പ്രമാണികമാകാനിടയുണ്ട്.

     വിഖ്യാത ലബനീസ്-അമേരിക്കന്‍ എഴു ത്തുകാരനായ ഖലീല്‍ ജിബ്രാന്റെ (1883-1931) Sand and Form എന്ന കൃതിയില്‍ ചിന്തോദ്ദീപകമായ ഒരു ഭാഗമുണ്ട്. അദ്ദേഹം എഴുതിയിരിക്കുന്നു: ''ഓരോ നൂറുവര്‍ഷത്തിലുമൊരിക്കല്‍ ലബനന്‍ മലനിരകളിലെ ഒരു ഉദ്യാനത്തില്‍വച്ച് നസ്രത്തിലെ യേശുവും ക്രിസ്ത്യാനിയായ യേശു ക്രിസ്തുവും തമ്മില്‍ കണ്ടുമുട്ടാറുണ്ട്. അവര്‍ ദീര്‍ഘനേരം സംസാരിക്കും. എന്നാല്‍ ഓരോ പ്രാവശ്യവും, ക്രിസ്ത്യാനിയായ യേശുക്രിസ്തു വിനോട്, 'എന്റെ സ്‌നേഹിതാ, നമുക്കു പരസ്പരം അംഗീകരിക്കാന്‍ ഒരിക്കലുമൊരിക്കലുമാവില്ല എന്നു ഞാന്‍ ഭയപ്പെടുന്നു' എന്നു പറഞ്ഞ് വിട പറയുകയാണ് നസ്രത്തിലെ യേശു.

     നസ്രത്തിലെ യേശുവിനെ ദൈവികപരിവേഷം ചാര്‍ത്തി ക്രിസ്തുവാക്കുന്ന ഒരു പ്രക്രിയയാണ് ചരിത്രത്തില്‍ നാം കാണുന്നത്. 'ക്രിസ്തു'വെന്നാല്‍ അഭിഷിക്തന്‍ എന്നേ അര്‍ത്ഥമുള്ളു. എന്നാല്‍, നിരവധിയായ സിദ്ധാന്തങ്ങള്‍ക്കു രൂപംകൊടുത്തും വളരെയധികം കൗണ്‍സിലുകള്‍കൂടിയും, ദൈവപുത്രന്‍, ത്രിത്വത്തിലെ രണ്ടാമത്തെയാള്‍, ദൈവാവതാരം എന്നിങ്ങനെ വിശേഷിപ്പിച്ചും, ദിവ്യപദവികള്‍ കല്പിച്ചും അദ്ദേഹത്തില്‍ ദൈവികവ്യക്തിത്വം ചാര്‍ത്തിയിരിക്കുന്നു. റോമന്‍ സാമ്രാജ്യത്തി ന്റേതായ ആരാധനക്രമങ്ങളും അനുഷ്ഠാനങ്ങളും റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റ ന്റൈന്റെ കീഴില്‍ നടപ്പാക്കിക്കൊണ്ട്, അദ്ദേഹത്തെ ഒരു ആരാധനാവിഗ്രഹമാക്കി ഒതുക്കുകയാണുണ്ടായത്. മാതൃകാപുരുഷനായി അനുധാവനം ചെയ്യാനും വ്യക്തമായ ദിശാബോധത്തില്‍ ജീവിക്കുവാനും ഓരോരുത്തരെയും പ്രേരിപ്പിക്കുമായിരുന്ന യേശുവെന്ന പ്രചോദകമൂര്‍ത്തിയാണിവിടെ ആരാധനാമൂര്‍ത്തിയായി ഒതുക്കപ്പെട്ടതെന്നോര്‍ക്കുക.

      ഗലീലിയില്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ യേശുവിനെ തിരിച്ചുപിടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയാണ് നമുക്കിന്നാവശ്യമായിത്തീര്‍ന്നിരിക്കുന്നത്. യേശുക്രിസ്തു വിനെ 'ഏകരക്ഷകന്‍' എന്ന് ചിത്രീകരിക്കുന്നത് ഇന്ത്യയുടെ ബഹുമതപശ്ചാത്തലത്തില്‍ മൗലികവാദമായി മാത്രമേ കാണാനാകൂ. എന്തുകൊണ്ടെന്നാല്‍, ഇടുങ്ങിയതായ ഒരു കാഴ്ചപ്പാടിന്റെയും വിലങ്ങുകള്‍ക്കുള്ളില്‍ യഥാര്‍ത്ഥ യേശുവിനെ തളച്ചിടാനാവില്ല.

       'ഭാരതവല്ക്കരണം'എന്നും 'സാംസ്‌കാരികാനുരൂപണ'മെന്നുംമറ്റുമുള്ള കേവലമായ ആശയങ്ങള്‍കൊണ്ടൊന്നും നാം തൃപ്തിയടയാന്‍ പാടില്ല. മറിച്ച്, വിഭാഗീയമായ എല്ലാ മനുഷ്യാവസ്ഥകള്‍ക്കും അന്ത്യംകുറിക്കുന്ന ഒരു പുതുയുഗത്തിന്റെ ഉദയത്തിനായി, യഥാര്‍ത്ഥയേശുവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭാരതീയക്രൈസ്തവരെന്ന നിലയില്‍ നാം പരസ്പരം കൈകള്‍ കോര്‍ക്കേണ്ടിയിരിക്കുന്നു.

9 comments:

  1. "ഗലീലിയില്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ യേശുവിനെ തിരിച്ചുപിടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയാണ് നമുക്കിന്നാവശ്യമായിത്തീര്‍ന്നിരിക്കുന്നത്" എന്ന് മാറിയ തോമസും, നമ്മുടെ വിശ്വാസത്തെ നിരന്തരം അവലോകനം ചെയ്തുകൊണ്ടിരിക്കണം, വിശദീകരിച്ചുകൊണ്ടിരിക്കണം, (We have to continuously develop our faith.) എന്ന് ആലഞ്ചേരി കര്‍ദിനാളും പറയുന്നതിന്റെ പൊരുള്‍ ഒന്നാണോ? പക്ഷേ, വിശ്വാസത്തിന്റെ കാര്യത്തില്‍ സഭയുടെ കടുംപിടുത്തം നമുക്കറിവുള്ളതല്ലേ? ജോസഫ്‌ മാത്യു ചൂണ്ടിക്കാ ണിക്കുന്നതുപോലെ, വേദപാഠങ്ങള്‍ തോന്നുന്നത് പോലെ പഠിപ്പിക്കാനും ക്രിസ്തുവിനെ കുളിപ്പിച്ചു കുളിപ്പിച്ചു സുന്ദരനാക്കാനും കാഞ്ഞിരപ്പള്ളി അറക്കലിനെപോലുള്ള രൂപതാധ്യക്ഷന്മാരെ ഏല്പിച്ചാല്‍ വരുന്ന തലമുറകളുടെ, സീറോമലബാറിന്റെ ഭാവി എന്താകുമെന്നും നാം ചിന്തിക്കണം.
    പിന്നെ എന്നുതൊട്ടാണ് മാര്‍ ആലഞ്ചേരി His Beatitude ആയത്?

    ReplyDelete
    Replies
    1. James Kottoor, KeralaSeptember 17, 2012 at 1:44 AM

      Perfectly right Theresia! I am simply baffled at the
      appellation "Beatitude" that too coming from the Managers
      of this website,who should know better and give better example.
      "Doctor heal yourself first", I am prompted to tell them. If church men revel in being beatitudes, Excellencies and Eminences, the fault is not theirs. You who continue to address them thus alone are the
      culprits. Did not Alancherry himself once say: "Do not address me
      as "Highly Placed"(Attiunnadangalil)? In one of my previous articles
      I too emphasized that the laity should stop uttering such
      blasphemous appellations first. In this case the blind is leading the blind to fall in the pit together. Remove the log from your eyes first.

      james kottoor



      Delete
    2. Beatitude എന്ന അനുഗ്രഹീത പദം എന്തെന്ന് ഞാനും ചിന്തിച്ചിരുന്നു. ഡിക്ഷ്ണറിയില്‍ നോക്കിയിട്ട് കൃത്യമായ ഒരു ഉത്തരം കിട്ടിയില്ല. യേശുവില്‍ ഏറ്റവും അനുഗ്രഹീതനായവന്‍ എന്ന അര്‍ത്ഥത്തില്‍ പൌരസ്ത്യ സഭകളുടെ പാത്രിയാക്കീസ് നിലവാരമുള്ളവര്‍ ഉപയോഗിക്കുന്ന രാജകീയപദമെന്നും മനസിലായി.[from Latin beātitūdō, from beātus blessed; see beatific] ഭയഭക്തി ബഹുമാനങ്ങളോടെ സംബോധനകളും നടത്തി നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിക്കേണ്ട വിവരദോഷികളായ ഇത്തരം കുഞ്ഞാടുകള്‍ ഇന്നും പ്രവാസി മലയാളകളില്‍ കാണുന്നതു നാടിനു തന്നെ അപമാനകരമാണ്. വേദപാഠ ക്ലാസ്സില്‍ കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍മുതല്‍ അച്ചില്‍ ഇങ്ങനെ വാര്‍ക്കുന്നു. എത്ര ഉന്നത വിദ്യാഭ്യാസം നേടിയാലും ഇത്തരക്കാരുടെ ബുദ്ധി പിന്നീടു വികസിക്കുകയില്ല. ഭയം ജനിച്ചപ്പോള്‍മുതല്‍ ഉള്ളില്‍ തിരുകി കയറ്റിയിരിക്കുകയാണ്. ബുദ്ധമതത്തില്‍ ഈ വാക്കിന്റെ അര്‍ഥം ജ്ഞാനം ലഭിച്ചവന്‍, പ്രകാശിതന്‍, എന്നൊക്കെയാണ്. എത്ര ജ്ഞാനിയാണെങ്കിലും ചുറ്റും പൊട്ടന്മാര്‍ക്കൊപ്പം ജീവിക്കുമ്പോള്‍ അറിയാതെ മണ്ടത്തരങ്ങള്‍ പറഞ്ഞു പോവും. ഉദാഹരണമായി കടല്‍തീരത്തെ മുക്കവരുടെ വെടിവെപ്പില്‍ ഇറ്റലിയില്‍വെച്ച് നടത്തിയ ആലഞ്ചേരിയുടെ വിഡ്ഢിത്തര പ്രസ്താവന കേരള ജനത മറന്നിട്ടില്ല. യേശു ദരിദ്രരെയും ദുഖിതരെയും അനുഗ്രഹീതര്‍, ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞത്തു മത്തായിയുടെയും ലൂക്കിന്റെയും സുവിശേഷങ്ങളില്‍ ഉണ്ട്.
      (Mathew 5:3-11)

      Delete
  2. ക്രിസ്ത്യാനികളെ പഠിപ്പിക്കുന്ന ദൈവികശാസ്ത്രത്തില്‍ യാതൊരു ധാര്‍മ്മിക നീതിയും ഇല്ല. പുരോഹിതര്‍ പഠിപ്പിച്ച ക്രിസ്ത്യാനിയായ യേശുവിനെ മാജിക്കും ട്രിക്കും കാണിക്കുന്ന മുതുകാടനെപ്പോലെയെ തോന്നുന്നുള്ളൂ. സ്നേഹിക്കുന്ന നസ്രത്തിലെ യേശുവിനെ ഇവര്‍ ഒരിക്കലും വേദപാഠ ക്ലാസ്സുകളില്‍ പഠിപ്പിക്കാറില്ല.

    കന്യകയില്‍നിന്നു ജനിച്ചു, ജീവിതകാലങ്ങള്‍ മുഴുവന്‍ അത്ഭുതങ്ങള്‍ കാണിച്ചു, കുരിശില്‍ തറച്ചു, മരിച്ചു, കല്ലറയില്‍ നിന്നു ഉയര്ത്തു എഴുന്നേറ്റു. ഇങ്ങനെ മാത്രം ദൈവശാസ്ത്രം പഠിപ്പിച്ചാല്‍ എവിടെയാണ് യേശുവിന്റെ സ്നേഹം. ദുഖിക്കുന്ന യേശുവിനെ ഓരോ കുഞ്ഞിന്റെ മനസിലും കുത്തികെട്ടുകയാണ്. തോമ്മാ വിലാപത്തു കൈകള്‍ഇടുകയും,ചമ്മട്ടിയടിയും വേദപാഠ ക്ലാസ്സില്‍ പഠിപ്പിക്കും.

    ഉള്ളു നിറയെ സന്തോഷം വന്നാലേ സ്നേഹവും മനസ്സില്‍ നിറയുകയുള്ളൂ. ഒരിക്കലും ചിരിക്കാത്ത യേശുവിന്റെ ഈ രൂപങ്ങളൊക്കെ മാറ്റി പൊട്ടിച്ചിരിക്കുന്ന യേശുവിന്റെ പ്രതിമ അല്ത്താരയില്‍ ഇനി പ്രതിഷ്ടിക്കട്ടെ. ജോക്കര്‍മാരായ പുരോഹിതരെ അങ്ങനെയെങ്കിലും ക്രിസ്ത്യാനിയായ യേശു പരിഹസിക്കട്ടെ. ഇവര്‍ പറയുന്ന കഥകള്‍ വിശ്വസിച്ചാല്‍ രക്ഷപ്പെടും. ഇല്ലെങ്കില്‍ നിത്യനാശമായ നരകത്തില്‍ ഇടം. ഇതു കേള്‍ക്കുമ്പോള്‍ എങ്കിലും അള്‍ത്താരയിലെ കരയുന്ന ക്രിസ്ത്യാനിയായ യേശുവിനു ചിരി വരുകയില്ലേ.

    സങ്കുചിത മനസ്ഥിതി പഠിപ്പിച്ചു ക്രിസ്ത്യാനിയെ മറ്റു മതങ്ങളില്‍നിന്നു
    ഒറ്റപ്പെടുത്തി. സ്നേഹിക്കേണ്ട ഇവരെ ആഗോള നിലവാരത്തില്‍ മനുഷ്യാവകാശങ്ങളെ ധിക്കരിക്കുന്ന ഒരു വര്‍ഗസമൂഹമായി മാറ്റിയെടുത്തു. ദുഷിച്ച മതങ്ങള്‍ എന്നും വിഷം മനസ്സില്‍ കലര്‍ത്തിയ മനുഷ്യരെയും സൃഷ്ടിക്കുന്നു. അതുകൊണ്ടു ക്രിസ്തുമതം സ്ഥാപിച്ചത് ക്രിസ്ത്യാനിയായ യേശു തന്നെയാണ്.

    നസ്രത്തിലെ യഹൂദനായ യേശു ക്രിസ്ത്യാനി ആയിരുന്നില്ല. ദരിദ്രര്‍ക്കും പീഡിതര്‍ക്കും ആശ്വാസമായി ആ യഹൂദന്‍ വന്നു. പുത്തനായ ഒരു യുഗത്തിന്റെ സന്ദേശം യഥാര്‍ഥയേശു ലോകത്തിനു നല്‍കി. ക്രിസ്തുമതം ഉണ്ടാകുന്നതിനു മുമ്പാണ് ഈ പുണ്യപുരുഷന്‍ ജീവിച്ചിരുന്നത്. അദ്ദേഹം ഒരു വര്‍ഗത്തെപ്പറ്റിയോ, ആചാരങ്ങളെയോ, നിയമങ്ങളെപ്പറ്റിയോ പഠിപ്പിച്ചില്ല. അതെല്ലാം ഓരോ കാലത്ത് ക്രിസ്ത്യാനിയായ യേശുവിന്റെ കണ്ടുപിടിത്തമാണ്. കള്ളഗുരുവാണ് അയാള്‍.

    യേശു വന്നത് സ്നേഹം പഠിപ്പിക്കാനാണ്. ക്രിസ്ത്യാനിറ്റിയെപ്പറ്റിയല്ല. ഓരോകാലങ്ങളില്‍ സത്യത്തില്‍ മായംചേര്‍ത്തു പുരോഹിതമതം വയറു നിറച്ചു. ക്രിസ്ത്യന്‍ ദൈവശാസ്ത്രം ഉണ്ടാകുന്നതിനു മുമ്പ് നസ്രത്തിലെ യേശു യഹൂദരെ ദൈവത്തിന്റെ വഴി എങ്ങനെയെന്നു പഠിപ്പിച്ചു. പുരോഹിതനില്‍ക്കൂടിയെന്നു അതു ക്രിസ്ത്യാനിയായ യേശു തിരുത്തി എഴുതി.

    ReplyDelete
    Replies
    1. Yes Jose, we have to decode the SON OF MAN (85 times in the
      gospels) who is just the carpenter of Nazareth and son of Mary and Joseph (? mark for some), nothing more,nothing less and take him out of the dream image of theSON OF GOD (just 38 times only) all heavenly,not earthly, a creation of those gone drunk or infatuated with their own manufactured dream image (think of a lover head on heels with love for his/her paramour as matchless beauty and embodiment of goodness).

      The first we can follow and imitate in our humdrum,earthly, rugged life, the second we can't, nay impossible because he is heavenly and godly and we are not gods or in heaven. So it is futile to try and no one can blame us for not trying. Hence the second image liberates us from the burden and duty of trying to follow Jesus-God. Don't we say: "Don't play God?" Any number of God-men of our times do just that. Instead any one can follow the carpenter of Nazareth,a friend of drunkards and prostitutes. But can you follow the miracle working, infallible, omniscient, omnipotent SON OF GOD? Any one in his right senses would just blurt out: STUPID, JUST FORGET IT! Won't he?

      The SON OF MAN alone is the MAN for all seasons, all times, all places, all cultures and all peoples without the man made divisions of class, caste, colour, creed and country. He didn't invent any new religion. If he did it was in the words of Narayanaguru: One God (Our Father) one Religion (Brotherhood or Union of love in the service of Life) and One caste(Humane Humanity), the HUMAN CASTE. He was, He is and He will ever remain as the Ideal earthly WORLD CITIZEN. This is something to think of in today's Globalised World.

      james kottoor

      Delete
  3. കൈയൊന്നനക്കിയാല്‍ സായിബാവായെപ്പോലെ ഏത് അത്ഭുതവും പ്രവര്‍ത്തിക്കുന്ന, വരാനിരിക്കുന്നതെല്ലാം മുന്‍കൂട്ടി അറിയാവുന്ന ഒരു യേശുവിന്റെ അമാനുഷിക രൂപമാണ് പള്ളിക്കാര്‍ക്ക് ഇഷ്ടം. വിശ്വാസികള്‍ക്കും. ഇതൊക്കെ സുവിശേഷങ്ങള്‍ എഴുതിയ കാലം തൊട്ടുള്ള പ്രവണതകളാണ്. ഇവയ്ക്കെതിരെ പ്രതികരിച്ചവരെ ആദ്യം മുതല്‍ പാഷണ്ടതക്കാരായും ശീശ്മക്കാരായും മുദ്ര കുത്തുകയും കൊല്ലുകയുമൊക്കെയായിരുന്നു പണി. നിഖ്യാ, യെരുസലേം, എഫെസുസ് സൂനഹദോസുകള്‍ ഇത്തരം വിവരമുള്ളവരെ തോല്‍പ്പിക്കാന്‍ വേണ്ടി ചേര്‍ന്നതാണ്. കാലം മാറി, അല്ലായിരുന്നെങ്കില്‍ ജോസഫ്‌ മാത്യുവിനെയും നെടുങ്കനാലിനെയും റോഷനെയും കോട്ടൂരിനെയുമൊക്കെ എന്നെ ശരിയാക്കിയേനെ. വിശ്വാസികളിലെ ഉമ്മാക്കികള്‍ വച്ചുകൊടുക്കുന്ന സ്ഥാനപ്പേരുകള്‍ മാത്രമല്ല his holiness, his beatitude his excellency തുടങ്ങിയവ. ഈയിടെ ഒരു ചെറുപ്പക്കാരന്‍ മെത്രാന്‍, സ്വയം "പിതാവായി" സംസാരിക്കുന്നത് കേട്ടു (റ്റി.വി.യില്‍). "അതെന്താ പിതാവേ, അങ്ങനെ പറയുന്നത്" എന്ന് ആരോ ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു എന്നാണു ദിവ്യന്‍ സ്വന്തം വാക്കുകളിലൂടെ പറഞ്ഞത്. ഇവര്‍ക്കൊക്കെ ഇഷ്ടമാണ് രാജകീയമായ വേഷംകെട്ടലും സംബോധനകളുമൊക്കെ. മരിയ തോമസിനെപ്പോലെ ചിന്തിക്കാന്‍ തയ്യാറുള്ള സ്ത്രീകളും എഴുതിത്തുടങ്ങിയത് വളരെ സ്വാഗതാര്‍ഹം.

    ReplyDelete
  4. തൊടുന്നതെല്ലാം അത്ഭുതമാക്കുന്ന ഒരേശുവിനെ ഇട്ടു പന്താടാന്‍ തുടങ്ങിയിട്ട് കുറെക്കാലമായതാ. പന്ത്രണ്ടാം വയസ്സില്‍ ഞാന്‍ ചെയ്യേണ്ടത് മറ്റെന്തോ ആണെന്ന് പറഞ്ഞിട്ട് അതെല്ലാം നിര്‍ത്തി മറിയത്തിന്റെ കൂടെ മടങ്ങി പോയൊരു യേശുവിനെ ഓര്‍ക്കുന്നുണ്ടോ? എന്റെ സമയമായി എന്നും അല്ലെന്നും പറഞ്ഞു ഘാനായില്‍ ഒരു തര്‍ക്കം നടന്നതും ആരും മറക്കാന്‍ ഇടയില്ല. ജെറുസലേം പള്ളിയില്‍ ഒരു ചാട്ടവാറും കൊണ്ട് കേറി കാണിച്ചതും മറക്കാന്‍ പറ്റുമോ?

    യേശു മനുഷ്യന് ശരിയായ മാര്‍ഗ്ഗം നന്നായി പറഞ്ഞു കൊടുത്ത ഒരു ഗുരുവായി ഞാന്‍ എന്നും കാണുന്നു. യേശു ഒരു മതവും സ്ഥാപിച്ചിട്ടില്ലാ, വട്ടായിക്കോ കൂട്ടര്‍ക്കോ തെറ്റാവരവും കൊടുത്തിട്ടില്ല .... പിതാവേ എന്ന് പോലും ഒരുത്തനെയും വിളിക്കാനും പറഞ്ഞിട്ടില്ല. ഇവിടെയുള്ളത് ലയന്‍സ് ക്ലബ് പോലെ ഒരു കത്തോലിക്കാ ക്ലബ് മാത്രം. നാളത്തെത് നാളെ എന്ന് പറഞ്ഞ യേശു പറ്റിക്കുമെന്ന് ആര്‍ക്കാ അറിഞ്ഞു കൂടാത്തത്. ഏതെങ്കിലും മഠം പരിശോദിച്ചാല്‍ കാണാം, എത്ര മാസത്തെനുള്ളത് അവര്‍ ശേഖരിച്ചു വെച്ചിട്ടുണ്ടെന്ന്. അച്ചനായാലും കന്യാസ്ത്രി ആയാലും സര്‍ക്കാര്‍ ജോലിക്ക് മുന്‍ഗണന. പണം ഉണ്ടാക്കാനുള്ള ഉപാധികള്‍ ഒപ്പിച്ചു വെച്ചിട്ടേ ജിവകാരുണ്യമുള്ളു. അലക്കി തേച്ചു വെടിപ്പാക്കിയ വസ്ത്രമല്ലാതെ ഇവരാരും ഇടാറുമില്ലല്ലോ. വഴിയെ പോയ സമരായാക്കാരന്‍ വഴിയില്‍ കിടന്നവന് വേണ്ടതെല്ലാം കൊടുത്തിട്ടാണ് പോയത്.

    ഇടവകയിലെ വന്ദ്യ പെരിയ ബഹുമാനപ്പെട്ട വികാരിയച്ചന്റെ അടുത്തേക്ക്‌ സുബോധമുള്ള ആരേലും സഹായം ചോദിച്ചോണ്ട് ചെല്ലുമോ? ഭിക്ഷക്കാര്‍ക്ക് പോലും വിലക്കാണ്. പണ്ടാരാണ്ട് ഒരു കഥ പറഞ്ഞു. ഒരു സന്യാസി ഒരു വേശ്യയെ ഉപദേശിച്ചുകൊണ്ടിരുന്നു. രണ്ടു പേരും മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോള്‍ മാലാഖ സന്യാസിയെ നരകത്തിലേക്കും വേശ്യയെ സ്വര്‍ഗ്ഗത്തിലേക്കും കേറ്റി വിട്ടു. സന്യാസി പ്രതിഷേധിച്ചപ്പോള്‍ മാലാഖാ പറഞ്ഞത്രേ, ജീവിച്ചിരുന്നപ്പോള്‍ വേശ്യ സന്യാസിയെപ്പറ്റിയും സന്യാസി വേശ്യയെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നതുകൊണ്ട് ഇതേ നിവൃത്തിയുള്ളുവെന്ന്. വേശ്യ ശരിരം ചിത്തയാക്കിയതുകൊണ്ട് ശവം കുറുക്കന്‍ തിന്നുന്നതും, സന്യാസി ശരിരം പുണ്യമായി സൂക്ഷിച്ചതുകൊണ്ട് അത് ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ പൂജ്യമായി സംസ്കരിക്കപ്പെടുന്നതും മാലാഖ കാണിച്ചു കൊടുത്തു. ഈ കഥയും ഇവര്‍ പറഞ്ഞു കൊടുക്കും.

    മാദ്ധ്യമങ്ങള്‍ എല്ലാവരോടും ഒരു പോലെ നിതി കാണിച്ചിരുന്നെങ്കില്‍ അറക്കല്‍ തമ്പുരാന് സന്തോഷ്‌ മാധവന്‍റെ ഗതി വന്നേനെ. റോഷനെ പ്രാകിയിട്ടു ഒരു കാര്യവുമില്ല. പൊട്ടക്കു പോയി കാശ് കളയുന്നവരെക്കാള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും റോഷനും കുടുംബവും ജീവിക്കുന്നു.

    ReplyDelete
  5. പുരോഹിതന്റെ ധ്യാനമന്ത്രങ്ങള്‍ ഇല്ലാതെ യേശുവിനെ യുക്തിപൂര്‍വ്വം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കൂടെ? മെത്രാന്റെയും വികാരിയുടെയും കൈകള്‍മുത്തി സ്വയം വ്യക്തിത്വം അടിയറ വെച്ച് പള്ളിക്ക് പത്തു ശതമാനവും നല്‍കി അര്‍ത്ഥമില്ലാത്ത ഒരു ജീവിതം എന്തിനു നയിക്കണം.ആത്മാവിന്റെ രക്ഷ കുംബസാരത്തിലും കുര്‍ബാനയിലും ഒളിഞ്ഞിരിക്കുന്നുവെന്നു ഇവരെ അറിയിച്ചത് ദൈവശാസ്ത്രത്തിലെ യേശുവാണ്. പിന്നീടു കാനോന്‍ നിയമങ്ങളും കൂട്ടി ചേര്‍ത്തു. ചരിത്രത്തിലെ യേശുവിനു ഈ പേക്കൂത്ത് എന്തെന്നു അറിയത്തില്ല.

    സത്യമായ യേശുവിനെ കള്ളനാണയങ്ങളില്‍നിന്നു ചികഞ്ഞെടുക്കുവാനും
    ബുദ്ധിമുട്ടാണ്. സത്യത്തിന്റെ തനി തങ്കം ഉരക്കുവാന്‍ ജനങ്ങളെ ബോധവാന്‍മാരാക്കുകയാണ് കാലത്തിന്റെ ആവശ്യം. ശാസ്ത്രീയ ഗവേഷണങ്ങളില്‍ക്കൂടി യേശുവിനെ കണ്ടെത്തിയാല്‍ നമ്മെ പഠിപ്പിച്ച യേശു പുരോഹിതന്റെ ഭാവനാ സൃഷ്ടിയെന്ന് വിവേകമുള്ള സമൂഹം പറയും.

    തലമുറകളായി മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ കോടാനുകോടി ജനങ്ങളെയാണ് പുരോഹിതര്‍ ട്രാപ്പില്‍ കുടുക്കിയത്. കബളിപ്പിക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ ഭയപ്പെടുത്തി അവര്‍ നമ്മെ കീഴ്പ്പെടുത്തി. ഇന്ന് നാം വിശ്വസിക്കുന്ന യേശുവിനെ ഗവേഷകരുടെ ചരിത്ര അളവുകോല്‍കൊണ്ട് ഒരിക്കലും അളക്കുവാന്‍ സാധിക്കുകയില്ല.

    പ്രേമിക്കുന്നവര്‍ക്ക് കണ്ണില്ലെന്ന് പറയും. അതുപോലെ അന്ധമായി വിശ്വസിക്കുന്നവനും നിഴലിനെ കണ്ണില്ലാതെ പിന്തുടരുന്നു. ചരിത്രത്തിലെ യേശുവിനെ അന്വേഷിക്കാതെ ദൈവശാസ്ത്രത്തിലെ യേശുവിനെ കുര്‍ബാനയില്‍ കീറിമുറിച്ചു അല്ത്താരയില്‍ പ്രതിഷ്ടിക്കുന്നു.

    ദൈവശാസ്ത്രത്തില്‍ ഒരിക്കലും ചരിത്രം ഉള്‍കൊള്ളണമെന്നില്ല. വിശ്വാസത്തില്‍ അധിഷ്ടിതമായ ദൈവശാസ്ത്രം യുക്തിയില്ലാതെ പാഴായ ജീവിതം നയിക്കുന്നവരുടെ ഒരു പരിശീലനമെന്നു ഉപമിക്കാം. ആത്മീയ തൊഴിലാളികള്‍ക്കുള്ള അവസാനത്തെ ഒരു സങ്കേതവും. ചരിത്രം പഠിക്കാതെ ദൈവശാസ്ത്രം മാത്രം പറയുന്ന പാസ്റ്ററും പുരോഹിതരും യഥാര്‍ഥത്തില്‍ വിശ്വാസിയുടെ പണം ചോര്‍ന്നെടുക്കുവാന്‍ യേശുവിന്റെ നാമത്തില്‍ വലയിടുകയാണ്.

    ചരിത്രത്തിലെ യേശു അത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു ദിവ്യന്‍ ആയിരുന്നില്ല. അമാനുഷങ്ങളായ ഇത്തരം പ്രതിഭാസങ്ങള്‍ ദൈവശാസ്ത്രത്തില്‍നിന്നു ചിന്തിക്കാത്തവനെ പരിശീലിപ്പിച്ച ഒരു വിശ്വാസതന്ത്രം മാത്രം. അവിടെ പുരോഹിതന്‍ ജയിച്ചു. രാജ്യങ്ങളും രാജാക്കന്മാരും കൊട്ടാരങ്ങളും മാമ്മോനും പുരോഹിതനു അടിയറ പറഞ്ഞു.

    യേശുവിന്റെ ഉയര്പ്പും ഇതുപോലെതന്നെ. ചരിത്രത്തിനോ ശാസ്ത്രത്തിനോ തെളിയിക്കുവാന്‍ സാധിക്കുകയില്ല. ഒരു പക്ഷെ യാഥാസ്ഥിതികരായ ദൈവശാസ്ത്രജ്ഞര്‍ക്ക് സാധിച്ചേക്കും. പ്രകൃതി വിരുദ്ധമായ ഉയര്‍പ്പ് ജീവശാസ്ത്രത്തിനും പുറത്തുതന്നെ. ഉയര്‍പ്പു സത്യമാണെങ്കില്‍ തന്നെയും അളക്കാന്‍ പാടില്ലാത്ത ദൈവിക നിയോഗത്തെ ചരിത്രത്തിനു ഉപകരിക്കുകയുമില്ല.

    മൂന്നാംലോകത്തിലെ വിദ്യാഹീനരായ കൃഷിക്കാര്‍ക്ക് ചരിത്രത്തിലെ യേശുവിനെ മനസിലാക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. പ്രകൃതിയും, കോപവും ഇടിയും മിന്നലും, പരിതസ്ഥിതിയും ഭൂമി കുലുക്കവും, കാറ്റും എന്തെന്ന് ശാസ്ത്രീയമായി വിവരിച്ചാല്‍ അവര്‍ ശ്രദ്ധിക്കണമെന്നില്ല. യേശുവിന്റെ മരണത്തില്‍ സംഭവിച്ച പ്രകൃതി കൊപങ്ങള്‍ അവര്‍ അപ്പാടെ വിശ്വസിക്കുന്നു.

    ചില യോഗികള്‍ സര്‍വ്വം മായായെന്നു പറയും. വിവേകമുള്ള ചിന്തകനും, ഗഹനമായ അറിവില്‍ അലിഞ്ഞ യോഗിയും, സ്വര്‍ഗരാജ്യം നമ്മുടെ ഉള്ളില്‍ എന്നു പറയും. ചരിത്രത്തിലെ യേശുവും സ്വര്‍ഗരാജ്യം ജീവിക്കുന്ന ഹൃദയങ്ങളില്‍ ഉണ്ടെന്നു പഠിപ്പിച്ചു. യേശുവെന്ന മനുഷ്യപുത്രന്‍ മാനവ ലോകത്തിനു സമത്വഭാവന വിഭാവന ചെയ്തു. അന്നുണ്ടായിരുന്ന സാമൂഹ്യ വ്യവസ്തിയെ വെല്ലുവിളിച്ചു. സ്ത്രീക്കും സമൂഹത്തില്‍ വില കല്‍പ്പിച്ചു. പോള്‍ അതു തിരുത്തി എഴുതി.

    ReplyDelete
  6. യഥാര്‍ഥ യേശുവിനെ തട്ടിക്കൊണ്ടു പോയത് ആരാണ്? സ്നേഹമാണ് യേശു പഠിപ്പിച്ചത്. സ്നേഹത്തെക്കാള്‍ നിയമങ്ങള്‍ പ്രാധാന്യമെന്നു സഭ പഠിപ്പിക്കുന്നു. പ്രതീഷകകളാണ് യേശുവിന്റെ വാഗ്ദാന ഭൂമിയില്‍ ഉണ്ടായിരുന്നത്.

    നീ ഭയപ്പെടരുതെന്നു ലൂക്കിന്റെ സുവിശേഷത്തില്‍ പന്ത്രണ്ടാം അദ്ധ്യായം മുപ്പത്തി രണ്ടാം വാക്യത്തില്‍ പറയുന്നു. എന്നാല്‍ സഭ നിത്യനരകമെന്നു പറഞ്ഞു മനുഷ്യനെ ഭയപ്പെടുത്തുകയാണ്.സഭയുടെ വളര്‍ച്ചയും വിശ്വാസികളെ ഭയപ്പെടുത്തിയായിരുന്നു. പാപികളെ യേശു സ്നേഹിച്ചു. സ്ത്രീയെ ഇനി നീ പാപം ചെയ്യരുതെന്നു അവിടുന്നു പറഞ്ഞു.എന്നാല്‍ ഇന്ന് സഭയുടെ യേശു പാപികളെ ക്രൂശിക്കും. എത്രയെത്ര രക്തപ്പുഴകള്‍ സഭയുടെ സൃഷ്ടിയായ ക്രിസ്തുവിന്റെ പേരില്‍ നടത്തി. സഭയ്ക്കെതിരായി പറഞ്ഞ പാഷണ്ഡികളെ വധിച്ചു.

    യദാര്‍ഥ യേശു ആത്മീയ കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും മുന്ഗണന നല്‍കി. ലൂക്കായുടെ സുവിശേഷത്തില്‍ എട്ടാം അദ്ധ്യായം ഒന്നു മുതല്‍ നാല് വരെ വാക്യങ്ങളില്‍ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ സഭ മൊത്തം
    പോളില്‍ പ്രേരിതരായി ആത്മീയകാര്യങ്ങളില്‍ പുരുഷന്മാര്‍ക്ക് മാത്രമേ ഇന്നു പ്രാധാന്യം കല്പ്പിച്ചിട്ടുള്ളൂ.

    പാവപ്പെട്ട മുക്കവരുടെയും ദരിദ്രരുടെയും കൂടെ നടന്ന യേശു എവിടെയോ ഒളിച്ചിരിക്കുന്നു. ഇന്നു കാണുന്നതു ഭൌതിക ലോകത്തിലെ സുഖസൌകര്യങ്ങളില്‍ മതിമറന്ന കപട യേശു നയിക്കുന്ന ഒരു സഭയെയാണ്. യഥാര്‍ഥ യേശുവിനു ദളിതന്‍, കുബേരന്‍, ദരിദ്രന്‍ എന്നിങ്ങനെ വിത്യാസം ഇല്ലായിരുന്നു. അവന്‍ സര്‍വ്വ ജാതികള്‍ക്കും ഉപരിയായിരുന്നു. വേശ്യകളും ചുങ്കക്കാരും അവിടുത്തെ സുഹൃത്തുക്കള്‍ ആയിരുന്നു. നാനാത്വത്തില്‍ ഏകത്വം വിഭാവന ചെയ്തു. എന്നാല്‍ ഇന്നു സഭയോ, നാനാത്വത്തില്‍ വെറുപ്പിന്റെ ലോകം സൃഷ്ടിക്കുന്നു. ജാതികളും മതങ്ങളും ദളിതരും സവര്‍ണ്ണരും വേര്‍തിരിച്ചു മത്സരങ്ങള്‍ ഉണ്ടാക്കി ലോകത്തു അസമാധാനവും സൃഷ്ടിക്കുന്നു.

    കടല്‍ത്തീരത്തും മലയിലും ഗത്സേമന്‍ തോട്ടത്തിലും ദൈവത്തിന്റെ വഴികള്‍ കാണിച്ചു തന്ന യേശുവിന്റെയും ശിഷ്യന്മാരുടെയും ജീവിതം ലളിതവും മാനുഷ്യകവും ആയിരുന്നു. മാനവിക വികാരങ്ങളെ കണക്കാക്കാതെ ഇന്നു ആധുനിക സഭകള്‍ ഭൌതികലോകത്തിലെ സുഖനിദ്രയില്‍ ശയിക്കുന്നു. സ്വന്തം സഹോദരന്റെ കാരിരുമ്പ് തേടി നടക്കുവാനും പുതിയ പ്രമാണങ്ങള്‍ ഉണ്ടാക്കി. വര്‍ഗവിവേചനവും അടിമസമ്പ്രദായവും നടപ്പിലാക്കി. ദളിതരുടെ പിച്ച ചട്ടിയിലും കൈവാരി അവരുടെ അവകാശങ്ങളും പിടിച്ചെടുത്തു. സ്വന്തം സ്ഥാപനങ്ങളില്‍ നിന്നും ആട്ടിയോടിക്കുന്ന ദളിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി മുറവിളി കൂട്ടുന്നതും സഭയുടെ മറ്റൊരു കപടമുഖമാണ്. അവഹേളിക്കപ്പെട്ട ഒരു ജനതയെ വീണ്ടും ചവിട്ടി മെതിക്കുന്ന സഭാനയങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ ദുഖിതരാണ്.

    യദാര്‍ഥമതം ആനന്ദത്തെയും ലൌകിക സുഖത്തെയും ബലികൊടുത്തുള്ളതല്ല. അള്‍ത്താരയിലെ ബലി നസ്രായക്കാരന്‍ യേശുവിന്റെതല്ല. ജീവിതം ഒന്നേയുള്ളൂ. അതു അവിവാഹിതരായി സന്യസ്തതയില്‍ ഹോമിക്കുവാന്‍ ഉള്ളതല്ല. മനുഷ്യന്‍ സാമൂഹ്യജീവിയെന്ന നിലയില്‍ പരസ്പരസ്നേഹത്തിലും സന്തോഷത്തിലും അധിഷ്ടിതമാണ്. യഥാര്‍ഥ യേശു അതിനു സാക്ഷിയാണ്. യേശുവും സാമൂഹ്യ കാഴ്ചാപ്പാടില്‍ ഉല്ലസിച്ചിരുന്നു. അപ്പവും ഭക്ഷിച്ചു വീഞ്ഞും കുടിച്ചു അവരോടൊപ്പം ആനന്ദിച്ചിരുന്നു. യേശുവിനെ ശത്രുക്കള്‍ ശാപ്പാട്ടുരാമന്‍, മദ്യപാനി എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചു. ജോണ് രണ്ടാംഅദ്ധ്യായം ഒന്നു മുതല്‍ പതിനൊന്നു വരെ വാക്യങ്ങള്‍ വായിച്ചു നമുക്കിനി പാര്‍ട്ടി തുടങ്ങാം. ഗലീലിയോയിലെ കാനായിലെ സല്‍ക്കാരത്തില്‍ അവനോടൊപ്പം ഹര്‍ഷാരവത്തോടെ തന്നെ, cheers!!!

    ReplyDelete