Translate

Thursday, September 20, 2012

ഇന്നത്തെ മാതൃഭൂമി, ...... ഇന്നത്തെ മാതൃഭൂമി

ഇന്നത്തെ മാതൃഭൂമിയില്‍  ഗവേഷകയായ കാരന്‍ കിങ്ങിന്റെ 'യേശു വിവാഹിതനായിരുന്നു' എന്ന വിവാദപരമായ വെളിപ്പെടുത്തല്‍ പ്രസിദ്ധികരിച്ചിരിക്കുന്നു. സംശയമില്ലാതെ പഴക്കം തെളിയിച്ചിരിക്കുന്ന പാപ്പിറസ് താളില്‍ 'എന്റെ ഭാര്യ' എന്ന് യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന തെളിവ് ആണ് കാരന്‍ കിംഗ്‌ എന്നാ വനിത റോമില്‍ നടന്ന ഒരു സമ്മേളനത്തില്‍ പുറത്തു വിട്ടത്. പതിറ്റാണ്ടുകളുടെ ഗവേഷണങ്ങള്‍ക്ക്‌ ശേഷം ഡാന്‍ ബ്രൌണ്‍ എഴുതിയ ഡാവിഞ്ചി കോഡ് പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ തെളിവ്.  ഡാന്‍ ബ്രൌണ്‍  നടത്തിയ വെളിപ്പെടുത്തലുകളെപ്പറ്റിയും സഭയുടെ അഭിപ്രായത്തെപ്പറ്റിയും    പഠിച്ച ടൈംസ്‌ മാഗസിന്‍ അവരുടെ മനസ്സിലാക്കല്‍ സംഗ്രഹിച്ചത്, യേശു മഗ്ദലനാ മറിയത്തെ വിവാഹം ചെയ്തതിന് ഡാന്‍ ബ്രൌണിന്റെ കൈയ്യില്‍ തെളിവൊന്നും ഇല്ലായെന്നും, അങ്ങിനെയൊരു വിവാഹം നടന്നിട്ടില്ലായെന്നു  തെളിയിക്കാന്‍   സഭയുടെ കൈയ്യിലും തെളിവുകളൊന്നും ഇല്ലായെന്നും പറഞ്ഞാണ്. 

ഇത്തരം വെളിപ്പെടുത്തലുകള്‍ ആകുലപ്പെടുത്തുന്നത് ക്രിസ്തുവിന്റെ ശിക്ഷ്യന്മാര്‍ക്ക്  പോലും ഭാര്യമാര്‍  ഉണ്ടായിരുന്നില്ലായെന്നു സ്ഥാപിക്കാന്‍ ചരിത്രം തിരുത്തിക്കൊണ്ടിരുന്ന വിവിധ ക്രൈസ്തവ സഭകളെ മാത്രമാണ്. യേശുവിനെ ഒരു മനുഷ്യനായി പരിചയപ്പെടുത്തുകയും, സദ്ഗുരുവായി കാണുകയും, സമ്പൂര്‍ണ്ണ   സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും      മാര്‍ഗ്ഗത്തില്‍ സദാ ചലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് യേശു എന്നും മാറ്റമില്ലാതെ തുടരും. യേശുവിന്റെ രഹസ്യ ജിവിത കാലം മുഴുവന്‍ എവിടെയോ കുത്തിയിരുന്നു ധ്യാനിക്കുക  മാത്രമായിരുന്നു എന്ന് വാദിച്ചു ശിലിച്ചവര്‍ മാറ്റത്തിന്റെ 
ഈ കാഹളത്തെ എങ്ങിനെ നേരിടും എന്ന് പറയുക അസാദ്ധ്യം. ഒരു പക്ഷെ സ്വയം പിരിച്ചുവിടപ്പെട്ട ഏറ്റവും വലിയ പ്രസ്ഥാനമായി ക്രൈസ്തവര്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു കൂടായ്കയില്ല. 

2 comments:

  1. ഒരു ബിസിനസ് കാര്‍ഡിന്റെ വലിപ്പത്തില്‍ പാപ്പരാസി ഇല ചതച്ചുണ്ടാക്കിയ പേപ്പറില്‍ എഴുതിയ പുരാതനലിപിയുടെ കാലപഴക്കം രണ്ടോ മൂന്നോ നൂറ്റാണ്ടില്‍ രചിച്ചതെന്നു കരുതുന്നു.
    ഈ തെളിവുകള്‍ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി സ്ഥിതികരിക്കുവാന്‍ സാധിക്കുകയില്ല.

    മൂന്നു നൂറ്റാണ്ടിനുശേഷം ജീവിച്ച മനുഷ്യരുടെ ഭാവനകള്‍ ഈ ഡോക്കുമെന്റില്‍ വരാം.
    ഉദാഹരണമായി ആധുനുക യുഗംതന്നെ ഒന്നു തുലനം ചെയ്യുക. സീറോമലബാര്‍ സഭയിലെ കാര്യം ഒന്നു ചിന്തിക്കൂ. യേശുവിന്റെ പേരില്‍ എന്തെല്ലാം കോമാളി തത്വങ്ങള്‍ ദിവസംതോറും പുറത്തു വരുന്നു. താമരകുരിശു, ക്ലാവര്‍കുരിശു ഇങ്ങനെ യേശുവിനെ വിവിധ തരത്തില്‍ കുരിശില്‍ ക്രൂശിക്കുന്നത് കാണാം. അപരിഷ്കൃതരായ ഒരു ജനതയുടെ കാലത്ത് പതിനേഴു നൂറ്റാണ്ടിലെ
    കാലപഴക്കമുള്ള ഒരു കടലാസ് കഷണത്തില്‍ സൂചിപ്പിച്ച യേശുവിന്റെ ഭാര്യയെപ്പറ്റി ഒന്നും പ്രവചിക്കുവാന്‍ സാധിക്കുകയില്ല.

    മേരി മഗ്ദലനാ വേശ്യാ ആണെന്നു ബൈബിളില്‍ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. യേശുവും ആയി ഏറ്റവും അടുപ്പമുള്ള സ്ത്രീയുടെ മഹിമയെ ആറാം നൂറ്റാണ്ടില്‍ വില കുറച്ചു കാണിക്കുകയായിരുന്നു. അപ്പോസ്തോലന്മാരോ ആദിമസഭകളോ മേരിയെ യേശുവിന്റെ ഒരു ശിഷ്യ ആയിട്ടു കണ്ടു.
    യേശുവിന്റെ പാദങ്ങള്‍ തുടച്ച മേരിയെ വേശ്യാ ആയി ആദ്യം ചിത്രീകരിച്ചത് ആറാംനൂറ്റാണ്ടിലെ ഗ്രിഗറി ഒന്നാമന്‍ മാര്‍പാപ്പാ ആയിരുന്നു.

    പുതിയ നിയമത്തില്‍ യേശുവും മേരിയും തമ്മില്‍ പ്രേമബന്ധത്തില്‍ ആയിരുന്നുവെന്നും സൂചനകള്‍ ഇല്ല. ആദ്യ നൂറ്റാണ്ടുകളില്‍ ക്രിസ്ത്യാനികള്‍ അല്ലാത്ത സഭാവിരുദ്ധര്‍ ക്രിസ്തുവിനെ സംബന്ധിച്ച് പല സത്യങ്ങളല്ലാത്ത കഥകളും എഴുതുമായിരുന്നു. അങ്ങനെയുള്ള കൃതികളില്‍ മേരിയുടെ സുവിശേഷത്തിലും ഫിലിപ്പ് സുവിശേഷത്തിലും യേശുവിന്റെ പ്രണയരംഗങ്ങള്‍ ഒന്നും തന്നെയില്ല.

    ക്രിസ്തുവിനുശേഷം രണ്ടു നൂറ്റാണ്ടു കഴിഞ്ഞു എഴുതിയ മേരിസുവിശേഷം ആരാണ് എഴുതിയതെന്നും വ്യക്തമല്ല. ഈ സുവിശേഷം എഴുതിയതു യേശുവിനെയോ മഗ്ദലനാ മേരിയെയോ കണ്ടവരുമല്ല. മറ്റുള്ള എല്ലാ ശിഷ്യന്മാരെക്കാളും യേശു മേരിയെ സ്നേഹിച്ചിരുന്നുവെന്നും മേരി സുവിശേഷത്തില്‍ ഉണ്ട്. ഒരിക്കല്‍ പീറ്റര്‍ മേരിയോടു പറഞ്ഞു "സഹോദരീ, രക്ഷകനായ യേശു ഏതു സ്ത്രീയെക്കാളും നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം" എങ്കിലും യേശുവിന്റെ മഗ്ദാലനായോടുള്ള പ്രേമം ഒന്നും മേരി സുവിശേഷത്തില്‍ ഇല്ല. ഫിലിപ്പ് സുവിശേഷത്തില്‍ മഗ്ദലനാമേരി യേശുവിന്റെ കൂട്ടുകാരിയെന്നു പറഞ്ഞിട്ടുണ്ട്. ദാവഞ്ചികൊട് നിര്‍മ്മിക്കുവാനും പ്രേരിതമായത് ഫിലിപ്പ് സുവിശേഷമാണ്. ഗ്രീക്കിലെ പദം , koinonos (Companion) വാക്കിനു ഭാര്യ എന്ന് അര്‍ഥം കല്‍പ്പിച്ചത് പണ്ഡിതന്മാര്‍ അംഗികരിച്ചിട്ടില്ല.

    യേശു മേരി മഗ്ദാലനായെ ഉമ്മ വെച്ചതായി ഫിലിപ്പ് സുവിശേഷത്തില്‍ ഉണ്ടെങ്കിലും വിവാഹം ചെയ്തതായി സൂചിപ്പിച്ചിട്ടില്ല. ആദ്യ നൂറ്റാണ്ടുകളില്‍ സുഹ്രത്തുക്കളെ അഭിവാദനം ചെയ്തിരുന്നതും ഉമ്മകള്‍ വെച്ചായിരുന്നു. അമേരിക്കന്‍ പള്ളികളില്‍ കുര്‍ബാന കഴിഞ്ഞു സ്ത്രീകളുടെ കവിളത്തു പുരോഹിതന്‍ ഉമ്മ വെക്കുക എന്നുള്ളതും പാരമ്പര്യം ആണ്.

    യേശുവും മേരിയും പ്രേമമായിരുന്നുവെന്നോ വിവാഹിതര്‍ എന്നോ ഒരു യഹൂദ ചരിത്രകാരനും എഴുതിയിട്ടില്ല. ആദ്യനൂറ്റാണ്ടിലെ സഭകള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നും പറയുന്നു.

    യഹൂദാചാരമനുസരിച്ച് യേശുവിന്റെ കാലത്തു പുരുഷന്മാര്‍ അവിവാഹിതര്‍ ആയിരിക്കുന്നതു നിരോധിച്ചിരുന്നു. അനുരൂപയായ ഒരു വധുവിനെ കണ്ടുപിടിച്ചു കൊടുക്കുകയെന്നതും ഒരു യഹൂദ പിതാവിന്റെ കടമയായിരുന്നു.യേശുവിന്റെ അവിവാഹിത അവസ്ഥയുടെ കാരണം എന്തെന്നു പുതിയ നിയമങ്ങളില്‍ പറയാത്തതും ബ്രഹ്മചര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. ദാവഞ്ചികോഡ് നിര്‍മ്മിച്ചവര്‍ യേശുവിന്റെ മകനെയും രക്തവംശാവലിയെയും വര്‍ണ്ണിക്കുന്നുണ്ട്.ചരിത്രമെന്ന് ദാവഞ്ചികൊട് നിര്‍മ്മിച്ചവരും അവകാശപ്പെടുന്നില്ല.

    ReplyDelete
  2. വിശേഷിച്ച് കത്തോലിക്കാ സഭയില്‍ യേശുവും അവിടുത്തെ സ്ത്രീബന്ധങ്ങളും എന്നും തമസ്ക്കരിക്കപ്പെട്ട ഒരു വിഷയമാണ്. ശരീരവിദ്വേഷികളായിരുന്ന ആദികാല സഭാപിതാക്കന്മാര്‍ യേശുവിനെപ്പറ്റി പടച്ചുവച്ച ധാരണകളെല്ലാം അവര്‍ക്ക് ശേഷം സഭയില്‍ പിടിമുറുക്കി. സ്ത്രീവിദ്വേഷവും അക്കൂടെ ചേര്‍ത്തുവച്ച്, വിവാഹവും ലൈംഗികതയുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലാത്ത ഒരു രക്ഷകനെ അവര്‍ സൃഷ്ടിച്ചെടുത്തു എന്നത് ഇന്നും സാമാന്യബുദ്ധിയുള്ള ഏവര്‍ക്കും അറിവുള്ള കാര്യമാണ്. യേശു ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച കുട്ടിയായിരുന്നു, പ്രായമായപ്പോള്‍ അന്നത്തെ നടപ്പനുസരിച്ച് വിവാഹിതനായി എന്നൊക്കെ കരുതുന്നതില്‍ മനോവിഭ്രാന്തി അനുഭവിക്കുന്ന പാതിരിമാര്‍ക്കൊഴിച്ച് മറ്റാര്‍ക്കും ഇക്കാലത്ത് യാതൊരു ഉതപ്പും തോന്നുന്നുമില്ല. അതുകൊണ്ട് ഈ പുതിയ ന്യൂസ് ഐറ്റം ഒരു പ്രത്യേകതയുമുള്ളതായി കാണേണ്ടതില്ല. ഇതിനേക്കാള്‍ അന്ധാളിപ്പിക്കുന്ന കൈയെഴുത്തു കോപ്പികള്‍ ഇനിയും കണ്ടെടുക്കപ്പെട്ടു എന്നും വരാം. അതൊക്കെ നല്ല കാര്യങ്ങള്‍ തന്നെ. അതൊക്കെ ചരിത്രത്തിനു ഒരു പുതുമയെ പ്രദാനം ചെയ്യും. മാത്രമല്ല, എത്ര വികലമായും കരുതിക്കൂട്ടിയുമാണ് പണ്ടത്തെ പണ്ഡിതന്മാര്‍ മനുഷ്യരെ വഴിതെറ്റിച്ചിരുന്നത് എന്ന് നമുക്ക് മനസ്സിലാകുകയും ചെയ്യും. രണ്ടായാലും യേശു എന്നും മനുഷ്യരാശിയുടെ ഏറ്റവും മഹത്വമേറിയ പുത്രനും അതേ സമയം അനന്യനായ സദ്‌ഗുരുവും ആയി കാലാകാലം തുടരും. അതുമിതും പറഞ്ഞ് അവിടുത്തെ പഠനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സ്വാര്‍ത്ഥലാഭം ഉണ്ടാക്കുന്നവര്‍ക്ക്, ഹാ കഷ്ടം!

    അതോടൊപ്പം ചരിത്രപുരുഷനായ യേശുവും നമ്മെപ്പോലെ ശരീരത്തിന്റെയും മനസ്സിന്റെയും പ്രണയകാമാനുഭൂതികളിലൂടെ കടന്നുപോയ ഒരാളായിരുന്നു, അദ്ദേഹവും ആത്മാവിന്റെ മാത്രമല്ല, ശരീരത്തിന്റെയും ഉത്തുംഗവും ബലഹീനവുമായ വഴികളെ അറിഞ്ഞിരുന്നു, അവയില്‍ നമ്മെപ്പോലെ പങ്കുപറ്റിയിരുന്നു, എന്നറിയുക മനോഹരമായ ഒരു ചക്രവാളത്തെയാണ് നമുക്ക് ലഭ്യമാക്കുന്നത്. അത്തരം ഒരു ഏകീഭാവം ആരൊക്കെയോ മനപ്പൂര്‍വം തൂത്തുമായിച്ചുകളഞ്ഞതിനാലാണ് "ഓ, ദൈവമേ, നീ നെഞ്ഞത്ത് മാംസളമായ മൃദുത്വമുള്ള ഒരു പെണ്ണായിരുന്നെങ്കില്‍! എന്ന് വി.ജി.തമ്പിയെപ്പോലുള്ള കവികള്‍ പാടിപ്പോകുന്നത്.

    ReplyDelete