Translate

Thursday, February 28, 2013

ഒരു നോമ്പുകാലചിന്ത



Knanaya Association of North America (KANA)

പ്രിയ ക്‌നാനായ സഹോദരങ്ങളേ,

      “I have a dream that my four children will one day, live in a nation where they will not be judged by the colour of their skin, but by the content of their character”-പൗരാവകാശങ്ങള്‍ക്കും വര്‍ണ്ണവിവേചനത്തിനുമെതിരെ അമേരിക്കയിലെ കറുത്തവംശജര്‍ നടത്തിയ ധീരപോരാട്ടങ്ങളില്‍ നാഴികക്കല്ലായി മാറിയ 1963-ലെ വാഷിംഗ്ടണ്‍ മാള്‍ റാലിയിലെ വിശ്വപ്രസിദ്ധമായ റവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ 'ഡ്രീം സ്പീച്ചി'ലെ സന്ദേശമാണ് മേലുദ്ധരിച്ചത്. വാഷിംഗ്ടണ്‍ മാളില്‍ സ്ഥാപിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സ്മാരകത്തില്‍ ഈ സ്വപ്നസന്ദേശങ്ങള്‍ സദാ മാറ്റൊലിക്കൊള്ളുന്നതിനൊപ്പം, അമേരിക്കയിലെ കറുത്തവംശരുടെ സമ്മേളനങ്ങള്‍ക്ക് ഇവ എന്നും ആവേശം പകരുകയും ചെയ്യുന്നു. 1963-ല്‍ റവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ അമേരിക്കയെക്കുറിച്ച് കണ്ട ഈ സ്വപ്നം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു യാഥാര്‍ത്ഥ്യമാക്കിയെന്ന് അമേരിക്കന്‍ ജനത ലോകത്തിനു നല്‍കിയ സന്ദേശമായിരുന്നു, 2008-ല്‍ ബറാക്ക് ഒബാമായെ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത ചരിത്രസംഭവം. 2012-ല്‍ അദ്ദേഹത്തെ വീണ്ടും വിജയിപ്പിച്ച് മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് ജൂനിയറിന്റെ സ്വപ്നം തങ്ങളുടെ ദൃഢനിശ്ചയംകൂടിയാണെന്ന് അമേരിക്കന്‍ ജനത ഒരിക്കല്‍ക്കൂടി ലോകത്തോടു വിളിച്ചു പറഞ്ഞു.
 
       ഈ അവസരത്തില്‍, അമേരിക്കന്‍ ജനത വിസ്മരിക്കുവാന്‍ ആഗ്രഹിക്കുന്ന അതേ തരത്തിലുള്ള ഒരു വംശീയഭൂതകാലത്തെ പുനഃപ്രതിഷ്ഠിക്കുവാനുള്ള ശ്രമമല്ലേ, സ്വവംശവിവാഹത്തില്‍ അധിഷ്ഠിതമായ ദേവാലയങ്ങള്‍ സ്ഥാപിക്കുവാന്‍ ഏതാനും ക്‌നാനായ സഹോദരങ്ങള്‍ നടത്തുന്ന ധാര്‍ഷ്ഠ്യം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ എന്നു നാം ആലോചിക്കണം.

      “All men are created equal”ഈ ദേശത്തെ നയിക്കുന്ന ഈ അടിസ്ഥാനപ്രമാണം ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ്. 'ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും, യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പുരുഷനെന്നോ സ്ത്രീയെന്നോ എന്ന വ്യത്യാസമില്ലാതെ യേശുക്രിസ്തുവില്‍ ഒന്നാണ്'എന്നുള്ള പൗലോസ് ശ്ലീഹായുടെ സന്ദേശം ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഓര്‍മ്മിപ്പിക്കലാണ്.

      വംശീയമായ ചിന്തകള്‍തന്നെ പാപമാണെന്ന് ചിക്കാഗോ അതിരൂപതാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം പാപചിന്തകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നതില്‍ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ചിലര്‍ക്ക്, അമേരിക്കയിലെ കത്തോലിക്കാസഭയുടെ നയരൂപീകരണത്തെയും അംഗത്വമാനദണ്ഡത്തെയും സ്വാധീനിക്കുവാന്‍ കഴിയില്ല. പ്രാര്‍ത്ഥനയും നോമ്പും ഉപവാസവുമായി ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മ ആചരിക്കുവാന്‍ ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികള്‍ തങ്ങളുടെ മനസ്സുകളെ തയ്യാറാക്കുന്ന ഈ അവസരത്തില്‍, തെരുവുയുദ്ധവും നിയമയുദ്ധവുമായി സഭയെ സമ്മര്‍ദ്ദത്തിലാക്കുവാനും സമൂഹത്തില്‍ വിദ്വേഷവും സംഘര്‍ഷാവസ്ഥയും സൃഷ്ടിക്കുവാനുമുള്ള ഗഇഇചഅയുടെ നടപടികള്‍ ദൗര്‍ഭാഗ്യംകരംതന്നെ. കേരളത്തില്‍ നിലനില്‍ക്കുന്ന ജാതി-മത-സംഘര്‍ഷാവസ്ഥ അമേരിക്കയിലും പരീക്ഷിക്കുവാനുള്ള ഈ ശ്രമം അപടകരമാണ്; ഒരു ജനതയ്ക്കുമുഴുവന്‍ അവഹേളനാപരവും. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുവാനായി നമ്മുടെ കുട്ടികളെ ഇത്തരം സമരങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നവര്‍, അതുവഴി അവരുടെമേല്‍ പതിക്കുന്ന വംശീയവാദിയെന്ന കളങ്കത്തെക്കുറിച്ചോര്‍ക്കണം; ഉന്നതപദവികളിലെത്തിപ്പെടുവാനുള്ള സാധ്യതയ്ക്ക് അതു വിഘാതംസൃഷ്ടിക്കുമെന്നും മരണംവരെ അതവരെ വേട്ടയാടുമെന്നും ഓര്‍മ്മിക്കണം.
 
      അമേരിക്കന്‍ നിയമവ്യവസ്ഥയെക്കുറിച്ചോ, രാഷ്ട്രീയ-സാമൂഹികമനോഭാവത്തെക്കുറിച്ചോ, സഭയുടെ വീക്ഷണത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത കോട്ടയത്തുളള ചില സ്വാര്‍ത്ഥവര്‍ഗ്ഗീയവാദികളുടെ പ്രേരണയ്ക്കും പ്രകോപനത്തിനും അടിമയായി തങ്ങളുടെതന്നെ ലോസ് ഏഞ്ചല്‍സ് തീരുമാനം തിരുത്തുവാന്‍ നിര്‍ബന്ധിതരായ KCCNA നേതൃത്വം ഈ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ക്കൂടി നേടുവാന്‍ ശ്രമിക്കുന്നത്, നമ്മുടെതന്നെ മക്കളെയും സഹോദരങ്ങളെയും പുറത്താക്കുവാനും അവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുവാനുമുള്ള അവകാശം ഒന്നുമാത്രമാണ്. അതിനായി ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പിന്‍ബലം അവകാശപ്പെടുന്നവര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നൊരു യാഥാര്‍ത്ഥ്യം, ഇന്‍ഡ്യയിലെ എല്ലാ സമൂഹങ്ങളും ഇത്തരം ദുരാചാരങ്ങളില്‍നിന്നു വിടുതല്‍ നേടുകയോ അതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയോ ചെയ്യുന്നു എന്ന വസ്തുതയാണ്. 1936 നവംബര്‍ 12-ലെ ക്ഷേത്രപ്രവേശനവിളംബരംവഴി, അന്നത്തെ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും ബ്രാഹ്മണര്‍ക്കും ക്ഷത്രീയര്‍ക്കും വൈശ്യര്‍ക്കും ശൂദ്രര്‍ക്കുമൊപ്പം, പഞ്ചമര്‍ക്കും ആരാധനാസ്വാതന്ത്ര്യം ലഭ്യമാവുകയുണ്ടായി. മുസ്ലീം മോസ്‌ക്കുകളില്‍ സുന്നി-സീയാ പരിഗണന കൂടാതെ, മുസ്ലീം സഹോദരങ്ങള്‍ പരസ്പരം ആശ്ലേഷിച്ച് നിസ്‌കാരത്തില്‍ പങ്കുചേരുന്നു. സുവര്‍ണ്ണക്ഷേത്രമുള്‍പ്പെടെയുള്ള ഗുരുദ്വാരകളില്‍ മേല്‍-കീഴ് ജാതിവ്യത്യാസമില്ലാതെ സിക്കുമതവിശ്വാസികള്‍ സാഹോദര്യഭാവത്തോടെ തോളോടുതോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു. ഇന്‍ഡ്യയിലെ മറ്റൊരു ക്രിസ്ത്യന്‍ സമൂഹവും തങ്ങളുടെ മക്കളെയും സഹോദരങ്ങളെയും, ഇഷ്ടപ്പെട്ടൊരു ജീവിതപങ്കാളിയെ സ്വീകരിച്ചെന്ന കാരണത്താല്‍, അവരുടെ വിശ്വാസക്കൂട്ടായ്മയില്‍നിന്നു പുറത്താക്കുകയോ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം അന്ത്യവിശ്രമംകൊള്ളുന്നതില്‍നിന്ന് അയിത്തം കല്പിക്കുകയോ ചെയ്തിട്ടില്ല. ആധുനികസമൂഹം തിരസ്‌കരിച്ച ഇത്തരം പ്രാകൃത ആചാരങ്ങള്‍ നിലനിര്‍ത്തുമെന്ന ശാഠ്യം ഒരു സമൂഹത്തിന് വലിയ വിനയാകുമെന്ന് നാം തിരിച്ചറിയണം.

       തെറ്റിദ്ധരിപ്പിച്ചോ കൃത്രിമമായി ചമച്ചോ സമ്പാദിച്ച 1995-ലെ ഹൂസ്റ്റണ്‍ പാരീഷ് ഡിക്രി 2001-ല്‍ ഇവിടെ സീറോ-മലബാര്‍ രൂപത സ്ഥാപിതമായപ്പോള്‍ കാലഹരണപ്പെട്ടു. പ്രസ്തുത ഡിക്രിയുടെയും ഒരഭിഭാഷകന്റെ ഉപദേശത്തിന്റെയും അടിസ്ഥാനത്തില്‍ 'എന്‍ഡോഗമസ്സ് പാരീഷുകള്‍'ക്ക് സാധുത അവകാശപ്പെടുന്നവര്‍, ഇന്ത്യയിലെ രണ്ട് കോടതിവിധികള്‍ ഈ വാദഗതികള്‍ പരാതിക്കാരന്റെ ചിലവോടുകൂടി തിരസ്‌കരിച്ചുവെന്നത് സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ‘K K K' (Ku Klus Klan) പോലൊരു സമൂഹത്തിന് വെറുക്കപ്പെട്ട സ്വകാര്യസംഘടനയായി പ്രവര്‍ത്തിക്കുവാന്‍ അനുവാദം ലഭിക്കുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നാല്‍, നീതിബോധമുളള ഒരു ജഡ്ജിയെക്കൊണ്ടോ ജൂറിയെക്കൊണ്ടോ കത്തോലിക്കാസഭയ്ക്കുള്ളില്‍ ഇത്തരം ആചാരങ്ങള്‍ അനുവദിപ്പിക്കണമെന്ന വാദം അംഗീകരിച്ചുകിട്ടുക അസാധ്യമാകും.

      “I have a dream that one day on the red hills of Georgia the sons of farmer slaves and the sons of farmer slave owners will be able to sit down together at the table of brotherhood” മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ മറ്റൊരു വലിയ സ്വപ്നമായിരുന്നു ഇത്. അമേരിക്കയിലെ ഇതരസമൂഹങ്ങള്‍ക്കൊപ്പം നമ്മളും നമ്മുടെ കുട്ടികളും, തൊഴിലിടങ്ങളില്‍, ആരാധനാലയങ്ങളില്‍, അയല്‍പക്കങ്ങളില്‍, സ്‌കൂളുകളില്‍, യൂണിവേഴ്‌സിറ്റികളില്‍ ഒക്കെ ഇത്തരം സാഹോദര്യഭാവം ദര്‍ശിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ടിപ്പോള്‍. എന്നാല്‍, വംശീയചിന്തയുടെ സ്വാധീനത്താല്‍ സഹപ്രവര്‍ത്തകരോടും സഹപാഠികളോടും മുന്‍വിധിയോടുകൂടി സമീപിക്കുവാന്‍ ഇടയായാല്‍, അത് നമ്മുടെയും കുട്ടികളുടെയും ജീവിതത്തില്‍ അസ്സമാധാനത്തിനു് കാരണമാകും.

      1986-ലെ റെസ്‌ക്രിപ്റ്റ് വഴി 'എന്‍ഡോഗമസ്സ് പാരീഷുകള്‍' അനുവദനീയമല്ലെന്നു പ്രഖ്യാപിച്ച വത്തിക്കാന്‍ അധികൃതര്‍ പലവട്ടം പ്രസ്തുത നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ഈ തിരുവെഴുത്ത് മാറ്റിക്കിട്ടുവാനായി നമ്മുടെ പിതാക്കന്മാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ വിഫലമായതോടൊപ്പം, ഈ വിഷയത്തില്‍ ഒരു പുനഃപരിശോധനയ്ക്കു ശ്രമിക്കരുതെന്ന നിര്‍ദ്ദേശവും അവര്‍ക്കു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭീഷണിയിലൂടെയും സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെയും നമ്മുടെ പിതാക്കന്മാരെ അധാര്‍മ്മികനടപടിക്കു പ്രേരിപ്പിക്കുന്നത് ഒരു യഥാര്‍ത്ഥക്രിസ്തുമതവിശ്വാസിക്കു ചേര്‍ന്ന നടപടിയല്ലെന്ന് എല്ലാ ക്‌നാനായ സഹോദരങ്ങളും തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ.

      ഗൗത്തിമലയിലെ ന്യൂന്‍ഷാ നിക്കളാസ്സ് തെവനിനെ ബിഷപ്പായി അഭിഷേകം ചെയ്ത ചടങ്ങില്‍വച്ച്, സ്ഥാനം ഒഴിയുന്ന പോപ്പ് ബനഡിക്ട് പതിനാറാമന്‍, 'സമൂഹത്തില്‍ നിലനില്‍ക്കുന്ന അധാര്‍മ്മികചിന്തകളെ വെല്ലുവിളിക്കുവാനും ഒഴുക്കിനെതിരെ ചിന്തിക്കുവാനുമുള്ള ധൈര്യം മെത്രാന്മാര്‍ക്ക് ഉണ്ടാകണം' എന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ഈ ആഹ്വാനം ഈ പ്രതിസന്ധിഘട്ടത്തില്‍ ആലഞ്ചേരി പിതാവിനും അങ്ങാടിയത്ത് പിതാവിനും മൂലക്കാട്ട് പിതാവിനും പ്രചോദനവും വഴികാട്ടിയുമാകട്ടെയെന്ന് ആശംസിക്കുന്നു!

                                           സ്‌നേഹപൂര്‍വ്വം

സാലു കാലായില്‍                                                               ലൂക്കോസ് പാറ്റിയാല്‍
(പ്രസിഡന്റ്, KANA)                                                           (സെക്രട്ടറി, KANA)

2 comments:

  1. മാര്‍ട്ടിന്‍ലൂതര്‍ കിംഗിന്റെ സ്വപ്നങ്ങളിലെ തീവ്രമായി ആവേശം രാഷ്ട്രീയപരമായിരുന്നു. ഇന്നും വെളുമ്പരാല്‍ ഭൂരിപക്ഷമുള്ള ഒരു അമേരിക്കന്‍ ഭരണകൂടത്തില്‍ സമത്വം സ്വാതന്ത്ര്യം സാഹോദര്യം എല്ലാം നേടിയെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. ഒരു കറമ്പന്‍ വെളുമ്പന്റെ കോളനിയില്‍ താമസത്തിന് വന്നാല്‍ വീടിന്റെ വിലയിടിയുമെന്ന് പേടിച്ചു അപ്പോഴേ വീടുവിറ്റു സ്ഥലം വിടും. മനസിലേറ്റവും വര്‍ണ്ണവിവേചനം കൊണ്ടുനടക്കുന്നവര്‍ വെളുത്തമനസും ബ്രൌണ്‍ തൊലിയുമുള്ള മലയാളികളാണ്.

    ഒരാള്‌ ഭരണകൂടത്തിലെ പ്രസിഡണ്ട് ആയിക്കഴിഞ്ഞാല്‍ ഉടന്‍ കിംഗിന്റെ സ്വപ്നം പൂര്‍ണ്ണമായിയെന്നാണോ ലേഖകന്‍ കരുതുന്നത്. ഒബാമ കെനിയാക്കാരന്‍ ഒരു കറമ്പന്റെ മകനാണെങ്കിലും അദ്ദേഹം വളര്‍ന്നത്‌ വെള്ളക്കാരിയായ അമ്മയുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണയില്‍ ആണ്. അദ്ദേഹം സംസാരിക്കുന്ന ഇംഗ്ലീഷ്പോലും വെള്ളക്കാരന്‍ പറയുന്നതുപോലെയാണ്. ഉള്ളു നിറയെ വെളുമ്പന്റെ സംസ്ക്കാരമുള്ള അരകറമ്പനാണ് അമേരിക്കന്‍ പ്രസിഡന്റ്.

    കിംഗിന്റെ ഈ സ്വപ്നം തന്നെയും ഗാന്ധിജിയുടെ വാചകത്തിന്റെ കോപ്പിയടിയാണ്. നാരായണന്‍ രാജസ്ഥാനംവരെയെത്തിയിട്ടും ദളിതക്രിസ്ത്യാനികള്‍ക്ക് എന്തു പ്രയോജനം കിട്ടി. നാല്‌പ്പതുകള്‌ക്കു മുമ്പുതന്നെ ദളിതന്‍ ഇന്ത്യയുടെ പ്രസിഡണ്ട് ആകണമെന്ന് ഗാന്ധിജി സ്വപ്നം കണ്ടിരുന്നു. ഗാന്ധിജിയുടെ ഹരിജന്‍പദം തന്നെയാണ് കിംഗ്‌ന്റെ God’s children എന്ന കൂടെകൂടെയുള്ള പ്രസംഗശൈലിയും.

    തത്വങ്ങള്‍ പറയുന്ന ക്നാനായക്കാരനായ ഈ ലേഖകന്‍ തങ്ങളുടെ മക്കള്‍ ദളിത സമൂഹത്തില്‍നിന്നും വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഗാന്ധിജിയിടെയും കിംഗ്‌ന്റെയും സ്വപ്നങ്ങളെ ആദരിക്കുന്നുണ്ടെന്നു മനസിലാക്കാമായിരുന്നു. "1936 നവംബര്‍ 12-ലെ ക്ഷേത്രപ്രവേശനവിളംബരംവഴി, അന്നത്തെ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും ബ്രാഹ്മണര്‍ക്കും ക്ഷത്രീയര്‍ക്കും വൈശ്യര്‍ക്കും ശൂദ്രര്‍ക്കുമൊപ്പം, പഞ്ചമര്‍ക്കും ആരാധനാസ്വാതന്ത്ര്യം ലഭ്യമാവുകയുണ്ടായി" എന്നൊക്കെ ലേഖകന്‍ തട്ടി വിട്ടിട്ടുണ്ട്. ക്നാനായ പള്ളികളില്‍ ഏതു പള്ളികളിലാണ് ആരാധന സ്വാതന്ത്ര്യം അവരുടെ ചരിത്രത്തില്‍ നിഷേധിച്ചതെന്ന് അറിവില്ല. പിന്നെ പുറത്തുപോയി കറമ്പിയെയും മെക്സിക്കൊവിനെയും കെട്ടി തിരിച്ചുവന്നു തങ്ങളുടെ മക്കളെക്കൊണ്ട് ശുദ്ധരക്തം വേണമെന്ന് വാദിക്കുന്ന പെണ്പിള്ളേരെകൊണ്ടുതന്നെ കെട്ടിക്കണമെന്നു എന്താണു നിര്‍ബന്ധം?

    നായന്മാരെപ്പോലെയോ ഈഴവരെപ്പോലെയോ സുറിയാനി ക്രിസ്ത്യാനികളെപ്പോലെയൊ അവരും ഒരു സമുദായമായി ജീവിച്ചോട്ടെ. അതിനു വൈക്കം സത്യാഗ്രഹം മോഡലിലോ കിംഗിന്റെ സ്വപ്നജാഥായോ ആവശ്യമില്ല. താങ്കളുടെ അര്‍ഥക്നാനായും അങ്ങാടിയത്തും മുത്തോലത്തും ഒത്തുചേര്‍ന്ന് അവര്‍ നേര്‍ച്ചപ്പണംകൊണ്ട് ഉണ്ടാക്കിയ അമേരിക്കയിലെ പന്ത്രണ്ടോളം പള്ളികള്‍ തട്ടിയെടുത്തതായി അറിയാം. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷത്തോളം ശാന്തമായി ഒന്നും മിണ്ടാതെ അങ്ങാടിയത്ത് ഇടയലേഖനംവഴി പള്ളികള്‍ പിടിച്ചെടുക്കുവാന്‍ തന്ത്രംഎടുത്താല്‍ ക്നായ സഹോദരര്‍ വെറുതെയിരിക്കണോ? മുത്തോലത്തിനെ മെത്രാനാക്കി അങ്ങാടിയത്തും മൂലേക്കാടും ഒത്തുചേര്‌ന്നു അമേരിക്കയിലെ ക്നനായി മക്കളെ ചതിക്കുകയായിരുന്നു. ചതിമാത്രം അറിയുന്ന മെത്രാന്‍ ലോകത്തിനെ വൈകിയാണെങ്കിലും അമേരിക്കന്‍ ക്നായാക്കാര്‍ മനസിലാക്കി.

    മാര്‍ച്ച് മൂന്നിന് ഷിക്കാഗോയില്‍ അങ്ങാടിയത്തിന്‍റെ അരമനയ്ക്കുള്ള മുമ്പുള്ള പ്രകടനം നീതിക്കുവേണ്ടിയുള്ളതാണ്. അതിനെ വര്‍ഗീയപ്രകടനം എന്നു വിശേഷിപ്പിക്കുന്നതിലും യുക്തിയില്ല. ലേഖകന്റെ വിപ്ലവആവേശം നേര്‍ച്ചപ്പെട്ടിയിലെ പണം കട്ടുകൊണ്ടു രാജ്യം ചുറ്റുന്ന മൂലെക്കാടന്‍ ഉള്‍പ്പടെയുള്ള മെത്രാന്‍ ലൊകത്തിനെതെരെയാണ് വേണ്ടത്.

    ReplyDelete
  2. I was astonished to read the attacking comment of Mr. Joseph Mathew against the letter of 'KANA'. Though, Mar Angadiyath is to be resisted for many of his policies, the stand he took on the endogamy practice by the Knanaya parishes in his diocese should be supported, I feel. In fact, in this case he only acted upon the re-script from Vatican. So, if at all the pro-endogamous section or organisation from the parishes wants to protest, it should have been against the Eastern Congregation in Vatican.

    I can't imagine personalities like Mr. Joseph Mathew to support the endogamy practice, with a very fictitious basis, that is going on in Knanaya Catholics. Any way, it is a dividing factor in their community. And, it is a fact that lac of people among them are victims of this practice. When the victims are struggling for their rights in the community and also trying to resolve the problem, how any right thinking person can condemn it? -George Moolechalil

    ReplyDelete