Translate

Thursday, May 30, 2013

ഒരു പ്രവാചകന്റെ സ്വപ്നങ്ങൾ

കഴിഞ്ഞ അറുന്നൂറ് വർഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി ഒരു പോപ്പ് രാജിവയ്ക്കുകയും അതുപോലെ തന്നെ അപ്രതീക്ഷിതമായി പാണ്ഡിത്യത്തെക്കാൾ മനുഷ്യത്വം സ്ഫുരിക്കുന്ന മുഖമുള്ള ഒരു 'വിജാതീയൻ'പുതിയതായി സ്ഥാനമേൽക്കുകയും ചെയ്തപ്പോൾ പ്രൊഫ. ഹാൻസ്  ക്യൂംഗ് എഴുതിയ 'The paradox of pope Francis' എന്ന കുറിപ്പ് നമ്മൾ കണ്ടു. എന്നാൽ പോപ്പ് ബനെടിക്റ്റ് സ്ഥാനമൊഴിഞ്ഞയുടനെ, പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള കൊണ്ക്ലെവ് കൂടുന്നതിനു മുമ്പുള്ള ഇടവേളയിൽ, സഭാസ്നേഹത്താൽ പ്രേരിതമായ തന്റെ മനസ്സിൽകൂടെ കടന്നുപോയ ചിന്തകൾ വേറൊരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടിരുന്നു. അതിലൂടെ നാം കേൾക്കുന്നത് ഒരു പ്രവാചകശബ്ദമാണ്. അതേ  സമയം സ്വന്തം ആത്മസ്തുതിയുടെയും ബൗദ്ധികകാപട്യത്തിന്റെയും ഭാരം ചുമന്നുനടന്നിരുന്ന രണ്ട് പാപ്പാമാർ സഭയോട് ചെയ്ത ദ്രോഹത്തിന്റെ ഗൌരവവും  ഈ എഴുത്ത് വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. പ്രസക്തഭാഗങ്ങൾ ഹാൻസ് ക്യൂംഗിന്റെ തന്നെ വാക്കുകളിൽ താഴെക്കൊടുക്കുന്നു.

അറബി വസന്തം എന്നറിയപ്പെടുന്ന ജനകീയമുന്നേറ്റങ്ങൾ പല സ്വേശ്‌ഛാധിപതികളുടെയും വേരറുത്തുകളഞ്ഞു. പോപ്പ് ബനെഡിക്റ്റിന്റെ രാജിയോടെ, അത്തരമെന്തെങ്കിലും ക.സഭയിലും പ്രതീക്ഷിക്കാമോ - ഒരു വത്തിക്കാൻ വസന്തം?  ശരിതന്നെ, ക. സഭയുടെ അധികാരസൌധത്തിനു ടുണീഷ്യ, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഭരണസമ്പ്രദായങ്ങളുമായി അധിക സാമ്യമില്ല. എന്നാൽ രണ്ടിടത്തും ഒരു നവീകരണത്തിനും സാദ്ധ്യതയില്ലായിരുന്നു, എല്ലാവിധ മാറ്റങ്ങളും പാരമ്പര്യത്തെ ചൊല്ലി എതിർക്കപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. സൗദി അറേബ്യയിൽ ഈ പാരമ്പര്യത്തിന് രണ്ടു നൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂവെങ്കിൽ, പെയ്പ്പസിയുടെ കാര്യത്തിൽ അത് ഇരുപതു നൂറ്റാണ്ടുകളാണ്‌.

എന്നാൽ, ഈ പാരമ്പര്യത്തിൽ എന്തെങ്കിലും സത്യമുണ്ടോ? ഒരു പതിനായിരം കൊല്ലത്തോളം ഇന്ന് നാം അനുഭവിക്കുന്ന രീതിയിലുള്ള രാജകീയ സ്വേശ്‌ഛാധിപത്യം സഭയിൽ നിലനിന്നിരുന്നില്ല എന്നതാണ് ചരിത്രം. പതിനൊന്നാം നൂറ്റാണ്ടിലാണ് പോപ്പ് ഗ്രെഗരി VII മേലേനിന്നുള്ള വിപ്ലവം ('revolution from above') തുടങ്ങിവച്ചത്. അതിന്റെ മൂന്നു ലക്ഷണങ്ങൾ ഇവയായിരുന്നു; പോപ്പിൽ കേന്ദ്രീകൃതമായ ഏകാധിപത്യം, പൌരോഹിത്യഭരണം, വൈദികരുടെ നിർബന്ധിത ബ്രഹ്മചര്യം.

കുറെയെങ്കിലും മാറ്റങ്ങൾ ആഗ്രഹിച്ച്, പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ വിളിച്ചുകൂട്ടിയ കൌണ്‍സിലുകൾ, പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവം, പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ നവീന സിദ്ധാന്തങ്ങൾ/ദർശനങ്ങൾ എന്നിവയൊന്നും സഭയെ സാരമായി ബാധിച്ചില്ല. 1962-67 ലെ വത്തിക്കാൻ കൌണ്‍സിലിന്റെ നവീകരണശക്തി പോലും റോമൻ ക്യൂരിയായുടെ സമ്മർദ്ദങ്ങൾക്ക്‌ കീഴിൽ അമർന്നുപോയി എന്നത് ഏറ്റം ദുഃഖകരമാണ്. ഈ ക്യൂരിയായുടെ ഇന്നത്തെ രൂപം പതിനൊന്നാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്. സഭയിലെ എല്ലാ നവീകരണ പ്രവണതകളെയും മറ്റ് സഭകളും മതങ്ങളുമായി ഐക്യത്തിനുള്ള ശ്രമങ്ങളെയും ആധുനിക ലോകത്തോടുള്ള സഹകരണബുദ്ധിയെയും ചെറുത്തുനിന്നു നശിപ്പിക്കുന്നത് ഈ ക്യൂരിയാതന്നെയാണ്.

കഴിഞ്ഞ രണ്ട് പോപ്പുമാർ കിരാതവും മാരകവുമായ ആ പഴയ സ്വേശ്‌ഛാധിപത്യത്തിലേയ്ക്ക് സഭയെ തിരികെക്കൊണ്ടുപോകുകയാണുണ്ടായത്.

 
2005ൽ പോപ്പ് ബനെഡിക്റ്റ് അദ്ദേഹത്തിൻറെ വേനല്ക്കാല വസതിയായ കാസ്റ്റെൽ ഗണ്ടോൾഫോയിൽവച്ച് ഞാനുമായി നാല് മണിക്കൂർ നീണ്ട ഒരു സംഭാഷണത്തിലേർപ്പെട്ടു. ട്യൂബിൻഗെൻ യൂണിവേർസിറ്റിയിൽ ഞാനദ്ദേഹത്തിന്റെ സഹപാഠിയും പിന്നീട് അദ്ദേഹത്തിൻറെ ഏറ്റവും മൂർച്ചയുള്ള വിമർശകനുമായിരുന്നു. പോപ്പിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ (ജോണ്‍ പോൾ II) എന്റെ അദ്ധ്യയനാനുമതി നീക്കം ചെയ്തതിനെ തുടർന്ന്, 22 വർഷമായി ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഇല്ലായിരുന്നു.

വ്യത്യസ്തകളെല്ലാം മാറ്റിവച്ച്, എവിടെയാണ് യോജിക്കാനാവുക എന്ന് തെരയുകയായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ചയുടെ ലക്ഷ്യം. ക്രിസ്തീയ വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ബന്ധം, മതങ്ങളും സംസ്കാരങ്ങളും തമ്മിൽ നടത്തേണ്ട സംവാദങ്ങൾ, വിവിധ വിശ്വാസങ്ങളും ദർശനങ്ങളും തമ്മിൽ ധാർമ്മികമൂല്യങ്ങളിൽ കണ്ടെത്താവുന്ന സ്വരുമ തുടങ്ങിയ വിഷയങ്ങളായിരുന്നു ഞങ്ങൾ മുൻ‌കൂർ നിശ്ചയിച്ചിരുന്നത്. ഈ കൂടിക്കാഴ്ചയിൽ എനിക്കുമാത്രമല്ല, കത്തോലിക്കാ സഭക്ക് ആകമാനം പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ബനെഡിക്റ്റിന്റെ ഭരണകാലത്തെ തെറ്റായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പ്രൊട്ടസ്റ്റന്റ് സഭകളെയും യഹൂദരെയും മുസ്ലിങ്ങളെയും തെക്കേ അമേരിക്കൻ ഇന്ത്യരെയും സ്ത്രീകളെയും നവീകരണമാഗ്രഹിച്ച സഭാചിന്തകരെയും വിശ്വാസികളെയും ഒരുപോലെ പിണക്കി. അവയിൽ വളരെയേറെ  ഉതപ്പുളവാക്കിയ ചില തീരുമാനങ്ങളിൽ പെടുന്നു, രണ്ടാം വത്തിക്കാനെ നഖശിഖാന്തം എതിർത്തിരുന്ന Society of St. Pius X എന്ന യാഥാസ്ഥിതികരുടെ ചീഫ് ആയിരുന്ന Archbishop Marcel Lefebvre, യഹൂദവംശനാശത്തിന് കൂട്ടുനിന്ന  Bishop Richard Williamson എന്നിവര്ക്ക് അദ്ദേഹം കൊടുത്ത ഔദ്യോഗികാംഗീകാരം. കുട്ടികളെയും യുവാക്കളെയും ലൈംഗികമായി ദുരുപയോഗിച്ച വൈദികരുടെ കാര്യത്തിൽ കർദിനാൾ റാറ്റ്സിംഗർ ആയിരുന്നപ്പോൾ അദ്ദേഹം നടത്തിയ മൂടിവയ്ക്കൽ അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രത്തിൽ മുൻപന്തിയിൽ നില്ക്കുന്നു. അക്കൂടെ, തന്റെ രാജിയിൽ കലാശിച്ച, “Vatileaks” വഴി പുറത്തുവന്ന, അധികാരവടംവലികളുടെയും റോമൻ ക്യൂരിയയിൽ നടമാടിയിരുന്ന ലംഗികചൂഷണങ്ങളുടെയും  
അഴിമതി നിറഞ്ഞ പണമിടപാടുകളുടെയും ഞെട്ടിപ്പിക്കുന്ന കഥകളും. സഭയിൽ വളരെ നീണ്ട കാലത്തേയ്ക്ക് ഒളിച്ചുവയ്ക്കപ്പെട്ട നാറുന്ന അരാജകത്വമാണ്‌ കഴിഞ്ഞ അറുന്നൂറു വര്ഷങ്ങൾക്കിടെ സംഭവിച്ച ഈ രാജിയിലൂടെ പുറത്തുവന്നത്. അപ്പോഴേ പലരും ചോദിക്കാൻ തുടങ്ങി, അടുത്ത പോപ്പെങ്കിലും സഭയിൽ ഒരു നവോഥാനവസന്തത്തിന് കളമോരുക്കുമോ എന്ന്.

സഭയിലെ ഇന്നത്തെ അരക്ഷിതാവസ്ഥ രൂക്ഷമാണ്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ആത്മീയ ശുശ്രൂഷയ്ക്ക് തീരെ ആളില്ല. പട്ടണങ്ങളിൽ പ്രതേകിച്ച്, സഭയിൽനിന്നുള്ള ചോർച്ച വളരെയധികമാണ്. മെത്രാന്മാരോടും വൈദികരോടുമുള്ള ബഹുമാനം, വിശേഷിച്ച് സ്ത്രീകളുടെ ഭാഗത്ത്, വളരെ കുറഞ്ഞുപോയിട്ടുണ്ട്. യുവാക്കൾ പള്ളിയിലേയ്ക്ക് ആകര്ഷിക്കപ്പെടുന്നില്ല. Papal mass എന്നൊക്കെ പറഞ്ഞുള്ള മാധ്യമങ്ങളുടെ കേട്ടിഘോഷങ്ങളും യാഥാസ്തിതിക യുവജനസംഘടനകളെക്കൊണ്ടുള്ള കൈയടികളുമൊന്നും ഇന്ന് അധികമാളുകളെ വശീകരിക്കുന്നില്ല. എല്ലാ വിധ പുറംകാഴ്ചകളുടെയും പിന്നണിയിലാകട്ടെ ഈ സഭാസൌധം ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്.

ഇത്തരുണത്തിൽ നമുക്ക് വേണ്ടത് ബൌദ്ധികമായി മധ്യശതകങ്ങളിൽ ജീവിക്കുന്ന ഒരു പോപ്പിനെയല്ല; അക്കാലത്തെ ദൈവശാസ്ത്രവും ആരാധനക്രമവും സഭാനിയമങ്ങളുമല്ല. ആധുനികതയെയും നവീകരണത്തെയും നേർക്കുനേർ കാണാൻ കഴിയുന്ന ഒരാളെയാണ് ഇന്നാവശ്യം. സഭയുടെ മാത്രമല്ല, മനുഷ്യാവകാശങ്ങൾക്കും നീതിക്കുംവേണ്ടി നിലകൊള്ളുന്നവരുടെയും, സത്യം വിളിച്ചുപറയുന്നവരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി വാക്കാലും പ്രവൃത്തികളാലും തുണയായിരിക്കാൻ കഴിയുന്ന ഒരാൾ. സഭാജീവിതത്തെ ബാധിക്കുന്ന എന്തുണ്ടായാലും ഒരു പ്രതിരോധനിലപാടെടുക്കാൻ തന്റെ മെത്രാന്മാരെ ഉപദേശിക്കുന്ന ഒരാളായിരിക്കരുത് പുതിയ പോപ്പ്. ബനെഡിക്ട്റ്റിനെപ്പോലെയൊരു shadow pope നും അദ്ദേഹത്തിൻറെ വിശ്വസ്ത പരിവാരങ്ങൾക്കും വരുതിക്കു നിറുത്താവുന്നവനും ആയിരിക്കരുത് പുതിയ ആൾ. മറിച്ച്, ആദ്യകാല സഭയിലെന്നപോലെ, ജനാധിപത്യമൂല്യങ്ങളെ വിലമതിക്കുന്നവനായിരിക്കണം അദ്ദേഹം.

അങ്ങനെയൊരാൾ എവിടെനിന്ന് വരുന്നു എന്നത് പ്രസക്തമല്ല. ഏറ്റവും യോഗ്യനായ ആൾ സഭയുടെ അടുത്ത നേതാവായി തിരഞ്ഞെടുക്കപ്പെടണം. കഷ്ടമെന്നു പറയട്ടെ, റോമൻ സഭയിലെ താർക്കിക വിഷയങ്ങളിൽ സമാനത പുലര്ത്തുന്ന മെത്രാന്മാരെ സ്വരുമിപ്പിക്കാനും പോപ്പിനോട് 
അവരിൽനിന്ന് മറുചോദ്യമില്ലാത്ത അനുസരണ സാദ്ധ്യമാക്കുന്നതുമായ ഒരു ചോദ്യാവലി തയ്യാറാക്കി ഉപയോഗിക്കുന്ന തഴക്കം പോപ്പ് ജോണ്‍ പോൽ II ന്റെ കാലം തൊട്ട് പ്രയോഗത്തിൽ വന്നു. അങ്ങനെയാണ് ഒരു വിധത്തിലുമുള്ള അഭിപ്രായഭിന്നതകൾ മെത്രാന്മാരിൽനിന്നുണ്ടാകാതിരിക്കാൻ വത്തിക്കാൻ ശ്രദ്ധിച്ചത്!

നവീകരണം ആവശ്യമെന്ന് തോന്നിയ വിഷയങ്ങളിൽ ജാഗ്രത പുലർത്താൻ അല്മായരും ക്ലെർജിയും തമ്മിലുണ്ടാകാവുന്ന തർക്കങ്ങളെപ്പറ്റി ലോകമെങ്ങുമുള്ള അധികാരയന്ത്രത്തിന് 
മുകളിൽ നിന്ന് എപ്പോഴും താക്കീത് നല്കപ്പെട്ടുകൊണ്ടാണിരുന്നത്. ഉദാ. ജർമനിയിൽ 85% കത്തോലിക്കരും വൈദിക ബ്രഹ്മചര്യത്തെ എതിർത്തു; 79% വിവാഹമോചനം നടത്തിയവർ പള്ളിയിൽ പുതുതായി വിവാഹിതരാവുന്നതിനെയും 75% സ്ത്രീകൾ അഭിഷിക്തരാകുന്നതിനെയും അനുകൂലിച്ചു. മറ്റു പല രാജ്യങ്ങളിലും ഇതൊക്കെത്തന്നെയായിരിക്കണം അവസ്ഥ.

പഴയ അച്ചിൽ ഒതുങ്ങാത്ത ഒരു മെത്രാനോ കർദിനാളോ ഇല്ലെന്നു വരുമോ? സഭയുടെ അഗാധമായ മുറിവുകളെപ്പറ്റി ബോദ്ധ്യമുള്ളവനും അവയെ ശുശ്രൂഷിച്ച് സൌഖ്യപ്പെടുത്താൻ അറിയുന്നവനുമായ ഒരാൾ? 2005 ൽ നടന്നതുപോലെ, ഒരേ ലൈനിൽ നിൽക്കുന്ന കർദിനാളന്മാർക്കു പകരം, സഭാകാര്യങ്ങൾ സുതാര്യമായി ചർച്ചചെയ്യാൻ തയ്യാറുള്ളവരായിരിക്കണം ഇത്തവണ തിരഞ്ഞെടുപ്പ് നടത്തുക. സ്ഥാനമൊഴിഞ്ഞ ബനെഡിക്റ്റിനോടോപ്പം രണ്ടാം വത്തിക്കാനിൽ സഹപ്രവർത്തകരായിരുന്നവരിൽ അവസാനത്തവനായ ഞാൻ ചോദിക്കുന്നതിതാണ്; മേല്പ്പറഞ്ഞ തരത്തിലുള്ള ഒരാളെ കണ്ടെത്താൻ വത്തിക്കാൻ കൗസിലിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നതുപോലെ യഥാസ്ഥിതികരെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കാൻ തന്റേടമുള്ള ഒരു പറ്റം മിടുക്കന്മാർ ഇപ്രാവശ്യത്തെ കൊണ്ക്ലെവിൽ ഉണ്ടാകുമോ? അങ്ങനെയൊരു ഗ്രൂപ്പിനെ സൃഷ്ടിക്കാൻ ഒരു നവീകരണ കൗൻസിലിനൊ അല്ലെങ്കിൽ അല്മായരും വൈദികരും മെത്രാന്മാരുമടങ്ങിയ ഒരു പുതിയ അസ്സെംബ്ലിക്കൊ കഴിയുമോ?

പഴയ വഴി മാത്രം താണ്ടാനാഗ്രഹിക്കുന്ന ഒരാളെ തിരഞ്ഞെടുക്കാനാണ് പോകുന്നതെങ്കിൽ ഒരു പുതിയ വസന്തം കാത്തിരിക്കുന്ന നമ്മൾ നിരാശരാവും; അങ്ങനെയെങ്കിൽ ഒരു പുതിയ ice ageലേയ്ക്ക്, ആര്ക്കും വേണ്ടാത്ത ഒരു സെക്റ്റായി ഈ കത്തോലിക്കാ സഭ ചുരുങ്ങിപ്പോകും.
 

4 comments:

  1. ലേഖനം തര്‍ജ്ജമ ചെയ്യാന്‍ കാണിച്ച സൌമനസ്യത്തിന് നന്ദി. പുറത്തു കാണുന്നതുപോലെ സുഖകരമല്ല സഭയുടെ ഇന്നത്തെ അവസ്ഥയും ഭാവിയും എന്നത് ദൌര്‍ഭാഗ്യകരം തന്നെ. വെറുതെ ഒരു സന്തോഷത്തിനു വേണ്ടിയല്ല അത്മായാ ശബ്ദവും സത്യജ്വാലയും പോലുള്ള പ്രസിദ്ധീകരണങ്ങള്‍ എന്നത് സഭാധികാരികള്‍ എത്ര വേഗം മനസ്സിലാക്കുന്നോ അത്രയും വേഗം സഭക്ക് നേരായ വഴിയില്‍ വരാനുമാകും.

    യുറോപ്പിലും അമേരിക്കയിലും പള്ളിയില്‍ വരുന്നവരില്‍ ബഹുഭൂരിപക്ഷവും മദ്ധ്യ വയസ്കരും വൃദ്ധരുമാണ്. ചെറുപ്പക്കാര്‍ അങ്ങോട്ട്‌ നോക്കുന്നതെയില്ലായെന്നു പറയുന്നതാണ് ശരി. ഇവിടെ അതല്ല സ്ഥിതിയെന്നതുകൊണ്ട് ആരും അഹങ്കരിക്കെണ്ടതില്ല.

    ഇവിടെ വചനാധിഷ്ടിതമായ ഒരു സംസ്കാരം രൂപപ്പെടുത്തുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നതേയില്ല. അത്രമേല്‍ നാം അകന്നു പോയിരിക്കിന്നു, യേശുവില്‍ നിന്നും ദൈവത്തില്‍ നിന്നും.

    ReplyDelete
    Replies
    1. "അത്രമേല്‍ നാം അകന്നു പോയിരിക്കിന്നു, യേശുവില്‍ നിന്നും ദൈവത്തില്‍ നിന്നും മനുഷ്യരിൽ നിന്നും."
      അപ്പോൾ പിന്നെ ആര്ക്കുവേണ്ടിയാണ് സഭയെന്ന കപ്പല ലോകമെന്ന സാഗരത്തിൽ കൂടി തുഴഞ്ഞുകൊണ്ടുപോകുന്നത്? പോപ്പെന്ന പദവിക്കുള്ള ഉദ്യോഗാർത്ഥികളെ സഭയിലെ ഏതു വിഭാഗത്തിൽ നിന്ന് വേണമെങ്കിലും തിരഞ്ഞെടുക്കാം. എന്തുകൊണ്ട് അതെപ്പോഴും തന്നെ മൂത്ത് മുരടിച്ച് മനസ്സിടുങ്ങിയ ഒരു കർദ്ദിനാളിനെ ആക്കുന്നു എന്നത് അടുത്ത തവണയെങ്കിലും ചോദ്യം ചെയ്യപ്പെടുമെന്നും ഹാൻസ് ക്യൂംഗിനെപ്പോലെയോ നമ്മുടെ വർഗീസ്‌ മാര് കുറിലോസിനെപ്പോലെയോ അറിവും വിശാലമനസ്സും ചരിത്രാവബോധവുമുള്ളവർ ഈ സ്ഥാനത്തേയ്ക്ക് ഉയര്ത്തപ്പെടുമെന്നുമുള്ള പ്രത്യാശക്ക് അവസരമുണ്ടാകട്ടെ. പോപ്പ് ഫ്രാൻസിസ് വേണം ഇത്തരം തുറന്ന ചിന്താഗതിക്ക് ഇനി വാതിൽ തുറന്നു കൊടുക്കാൻ. അത്തരം നവീനാശയങ്ങൾ വഴി മാത്രമേ സഭ മനുഷ്യരുടെ സേവനത്തിനു വേണ്ടിയുള്ള ഒരു പ്രസ്ഥാനമായി മാറുകയുള്ളൂ.

      Delete
  2. ഫാ. ഹാൻസ് കുങ്ങ്, ഈ നൂറ്റാണ്ടിലെ പ്രസിദ്ധനായ തീയോളജിയനാണ്. ബനഡിക്റ്റ് മാർപാപ്പായോടൊപ്പം തീയൊളജി പഠിച്ച ഇദ്ദേഹത്തിന്റെ അറിവിനെ ഒരു മാർപാപ്പാമാരും ശ്രദ്ധിച്ചില്ലെന്നുള്ളതും സഭയുടെ പരാജയംതന്നെ.പഴയ മാമൂലുകളിൽ കടിച്ചുതൂങ്ങി സവാരി ചെയ്യുന്നവർക്കെതിരെ ഫാ. ഹാൻസ് കുങ്ങ് നല്ലവണ്ണം പൊരുതിയിട്ടുണ്ട്. യാഥാസ്ഥിതികമാർഗം ഈ പുരോഹിതൻ സ്വീകരിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ ബനഡിക്റ്റിനുമുമ്പേ വത്തിക്കാനിലെ പത്രോസിന്റെ വ്യാജസിംഹാസനത്തിൽ ഇദ്ദേഹം ഇരിക്കുമായിരുന്നു.

    ഒരു കത്തോലിക്കനെ സംബന്ധിച്ച മുഖ്യചുമതല ഭൂമിയിലെ ദൈവമായ മാർപാപ്പായെ അനുസരിക്കുകയെന്നതാണ്. കത്തോലിക്കാ തീയോളജി ഇങ്ങനെ, ദൈവം=സഭ=മാർപാപ്പാ (മാമ്മോൻ +കർദ്ദിനാൾ + മെത്രാൻ, മെത്രാപോലീത്ത +പുരോഹിതൻ)

    രണ്ട് വള്ളത്തേൽ തുഴയരുതെന്നുണ്ടെങ്കിലും, രണ്ട് യജമാനന്മാർ പാടില്ലായെന്ന് പറയുന്നുണ്ടെങ്കിലും സ്വർഗം വേണമെങ്കിൽ യേശു പറഞ്ഞ വചനങ്ങൾ ധിക്കരിക്കണം. ആദ്യമസഭയിലെ പീറ്ററിന്റെതിൽനിന്നും വ്യത്യസ്തമായ തീയോളജിയിൽ വിശ്വസിക്കണം. മനുഷ്യന്റെ പരമാധികാരത്തെ അനുസരിക്കുന്ന ദൈവശാസ്ത്രം സ്വീകരിക്കണം. ആദിമസഭയിൽനിന്ന് വ്യത്യസ്തമായ ദൈവശാസ്ത്രം ക്രിസ്തീയമല്ലെന്നാണ് ഫാ. ഹാൻസ് കുങ്ങ് വിശ്വസിക്കുന്നത്.

    ചുരുക്കത്തിൽ ഒരു നല്ല കത്തോലിക്കന് മാർപാപ്പാ ത്രിത്വത്തിലെ മൂന്നാമത്തെയാളാണ്. തെറ്റാവരം മിഥ്യാവരമെന്ന് മനസിലാക്കുവാൻ പുതിയ മാർപാപ്പാക്ക് മനക്കരുത്തുണ്ടാകുമോ? എങ്കിലേ സങ്കുചിത മനസ്ഥിതി വെടിഞ്ഞ് നവീകരണ ചിന്താഗതികളുമായി മുന്നേറാൻ സാധിക്കുകയുള്ളൂ.

    എളിമയേറിയ ഒരു മാർപാപ്പായെ ലഭിച്ചതിൽ ഡോ. ഹാൻസ് കുങ്ങ് സന്തുഷ്ടനാണ്. അദ്ദേഹത്തിൻറെ ജീവിതകാലത്ത് അങ്ങനെ ഒരു മാർപാപ്പായെ തെരഞ്ഞെടുത്തതിലും അഭിമാനിയാണ്‌. മറ്റുള്ള മാർപപ്പാമാരെല്ലാം ആഡംബരപ്രിയനായ ഇന്നസന്റ് മാർപാപ്പായെപ്പോലെയായിരുന്നു.

    സീറോമലബാർ കർദ്ദിനാൾ ശ്രീ ആലഞ്ചേരിയെ അടുത്ത ദിവസം ടെക്സാസ് മലയാളികൾ വിമാനത്താവളത്തിൽനിന്നും ആഡംബരമേറിയ ലിമോസിനിൽ ആനയിക്കുന്ന photo‌ കണ്ടു. ഏതെങ്കിലും കുടുംബാക്കാരുടെ കാറിൽപോയാൽ കുറച്ചിലാണ്. സമൂഹത്തിനെകൊണ്ട് ആയിരം ഡോളർ ചെലവാക്കിക്കുന്നതും ഈ ശ്രീമാന്റെ ഒരു വിനോദം. ഇങ്ങനെയുള്ള ഇന്നസന്റ്മാർ ഭരിക്കുന്ന സഭക്ക് എന്തെങ്കിലും ഭാവിയുണ്ടോ? ഒരു ധനവാന്റെ മകളുടെ വിവാഹം നടത്തി കൊടുക്കുന്നതായും പത്രങ്ങളിൽ കണ്ടു. പണം ഉള്ള ആര്ക്കും വിലകുറഞ്ഞ ഇത്തരം കർദ്ദിനാളിനെ വാടകയ്ക്ക് ലഭിക്കുമെന്നുള്ളതാണ് മഹത്തായ കത്തോലിക്കാസഭയുടെ മേന്മ. ഒരു ദളിത പെണ്ണിന്റെ വിവാഹം നടത്തികൊടുക്കുവാൻ ആലഞ്ചേരിയെന്ന ഇന്നസന്റ് കർദ്ദിനാൾ തയ്യാറാകുമോ?

    മുമ്പുണ്ടായിരുന്ന യാഥാസ്ഥിതികരായ മാർപാപ്പാമാർ മാറ്റങ്ങളെ വെറുത്തിരുന്നു. ഇന്നസന്റ് മാർപാപ്പാപോലും അവസാനകാലങ്ങളിൽ സഭയുടെ നവീകരണം സമ്മതിച്ചു. അദ്ദേഹം നാലാം ലാറ്റരൻ കൌണ്‍സിൽ വിളിച്ചുകൂട്ടി. ഫ്രാൻസീസ് അസ്സീസിയെ പ്രസംഗിക്കുവാനും പ്രേഷിതജോലിക്കും അനുവദിച്ചു.

    പഴയകാല മാർപാപ്പാമാർ ഫ്രാൻസീസ് എന്ന നാമം സ്വീകരിക്കുവാൻ ഭയപ്പെട്ടിരുന്നു. ഫ്രാൻസീസിൽ ദാരിദ്രം ഉണ്ട്. നിനക്കുള്ളതിൽ ദാരിദ്രർര്ക്കും ദാനം ചെയ്യുകയെന്ന തത്ത്വം ഉണ്ട്. എന്നാൽ ഇന്നസന്റ് ദാരിദ്ര്യത്തെ ഭയപ്പെട്ടിരുന്നു. എളിമ അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ലായിരുന്നു. ഇന്നസന്റിൽ സഭയും മാമ്മോനുമായിരുന്നു. ഫ്രാൻസീസിൽ ഉള്ളത് സഭയും ദാരിദ്ര്യവുമാണ്. ധനം കൂമ്പാരമാക്കാതെ ദാരിദ്ര്യത്തിനെതിരെ യുദ്ധം ചെയ്യണമെന്ന ധ്വനിയുമുണ്ട്. മനുഷ്യത്വം എന്ന വാക്കും ഫ്രാന്സീസ്സിൽ അടങ്ങിയിരിക്കുന്നു. ഇന്നസന്റിൽ ചുവപ്പുനാട, അധികാരം, പീഡനം എന്നെല്ലാം ഉൾക്കൊള്ളുന്നു. ഫ്രാന്സീസിൽ മനുഷ്യരെല്ലാം സഹോദര സഹോദരികൾ, യേശുവിന്റെ കൂട്ടായ്മ, സുവിശേഷാധിഷ്ടിതമായ സഭയെന്നെല്ലാം കണക്കിൽപ്പെടുത്താം.

    ReplyDelete
  3. "പണമുള്ള ആര്ക്കും വിലകുറഞ്ഞ ഇത്തരം കർദ്ദിനാളിനെ വാടകയ്ക്ക് ലഭിക്കുമെന്നുള്ളതാണ് മഹത്തായ കത്തോലിക്കാസഭയുടെ മേന്മ." - ജെ.പടന്നമാക്കൽ

    പട്ടി വാലാട്ടുമ്പോൾ അതിൽ സൌന്ദര്യമുണ്ട്, സ്നേഹവായ്പുണ്ട്, അഗാധമായ ഒരു ബന്ധത്തിന്റെ പരിമളമുണ്ട്. എന്നാൽ മനുഷ്യൻ പണക്കാരുടെ മുമ്പിൽ വാലാട്ടുന്നത് എന്ത് പേരിട്ടു വിളിക്കണം?

    ReplyDelete