Translate

Sunday, August 3, 2014

അതിർത്തികൾ കടക്കുന്ന ഡൽഹിയിലെ കുട്ടിത്തമ്പുരാക്കന്മാർ

ക്രൈസ്തവസഭാവിഭാഗങ്ങള്‍‍ യുദ്ധകക്ഷികളാകുന്ന ഡൽ‍‍‍ഹി ഗാസയെപോലെ ഒരു യുദ്ധക്കളമായി മാറുമോ? 

ആളികത്തുന്ന സീറോമലബാര്‍‍-ലത്തീന്‍ വിദ്വേഷമാണ്‌ അവിടുത്തെ പ്രശ്‌നം. അത് ലോകമെമ്പാടും പടരുമോ എന്നത് ഇന്നൊരു വ്യാജ ആശങ്കയല്ല. അതിനിടയില്‍‍‍ അകപ്പെട്ടുപോയ ജനങ്ങളുടെ സങ്കടങ്ങള്‍‍‍ ആര്‌ കേള്‍ക്കാനാണ്‌? വിശ്വാസികളുടെ വേതനശതമാനമാണ്‌ സഭാധികാരികളുടെ ഉന്നം. അതുടന്‍‍ മെത്രാന്‍റെ സ്വത്തായി മാറും. 

വിശ്വാസികളെ കളരിക്കുപുറത്തു നിറുത്തിക്കൊണ്ട്‌ ഒരു മള്‍‍‍ട്ടിനാഷനല്‍‍ സാമ്പത്തിക കോര്‍പ്പറേഷന്‍‍‍ ഉണ്ടാക്കുവാനുള്ള സീറോമലബാര്‍‍ സഭയുടെ ആസൂത്രിത ശ്രമത്തോടു വിശ്വാസികൾ യോജിക്കുമോ?

ഡല്‍‍‍ഹിയില്‍‍ ഗതിമുട്ടിയ സീറോമലബാര്‍ വിശ്വാസികളുടെ പ്രശ്‌നങ്ങളോടു വളരെ സാമ്യമുള്ളതാണ്‌ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍‍ താമസിക്കുന്ന സീറോമലബാര്‍‍ വിശ്വാസികളുടെ ബുദ്ധിമുട്ടുകളും.

ഡല്‍ഹിയിലെ വിശ്വാസികള്‍‍‍ പോപ്പ്‌ ഫ്രാന്‍സിസിന്‌ അയച്ച 155 പേജുള്ള ഹര്‍ജിയുടെ കോപ്പി‍ ആവശ്യകാര്‍ക്കു ലഭ്യമാണ്‌. (George Katticaren, Editor, Soul and Vision, Contact:soulandvision@gmail.com)

ആ ഹർജി ഇങ്ങനെ തുടങ്ങുന്നു.
25 ജൂലൈ 2014
പ്രിയ സുഹൃത്തേ, ഇന്ന് ഡൽഹിയിൽ ആഞ്ഞടിക്കുന്ന "സീറോ മലബാർ പ്രശ്നം" എന്തിന്റെ പേരിലാണെന്ന് നിങ്ങൾ തീർച്ചയായും അറിയാനാഗ്രഹിക്കുന്നുണ്ടാവും. നിങ്ങളും ഈ പാരമ്പര്യത്തിന്റെ ഭാഗമാണെങ്കിൽ നിങ്ങളെയും ഇത് ബാധിക്കുന്നുണ്ടോ എന്നറിഞ്ഞിരിക്കേണ്ടതാണ്. കാരണം, ഡൽഹിയിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രതിസന്ധിയല്ലിത്. ഈ തമ്മിൽത്തല്ലിൻറെ പ്രത്യാഘാതങ്ങൾ ഇന്ത്യയിലെവിടെയുമുള്ള വിശ്വാസികൾക്ക് സാരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ പോരുന്നത്ര വ്യാപകമായിത്തീരാൻ എല്ലാ സാദ്ധ്യതയുമുണ്ട്. അന്യമതസ്ഥരുടെയിടയിൽ സഭയെ ഉതപ്പിനും വെറുപ്പിനുമിരയാക്കാനും ഈ തൊഴുത്തിൽകുത്ത് കാരണമാകും.

ഇക്കാരണങ്ങളാൽ 24 മെയ് 2014ന് ഞങ്ങൾ, ആറ് ദശാബ്ദങ്ങളായി ഡൽഹിയിൽ കഴിയുന്ന കേരളീയരായ സീറോമലബാർ സഭാപൗരന്മാരിൽ ചിലർ, ഒത്തുചേർന്ന് പോപ്‌ ഫ്രാൻസിസിന് ഒരു നിവേദനം അയച്ചുകഴിഞ്ഞു. അതിന്റെ 155 താളുകളിൽ, കേരളത്തിലെ സീറോ മലബാർ സഭയുടെ 40 വർഷം പിന്നോട്ടു നീളുന്ന കൂടതന്ത്രങ്ങളുടെ 109 ആധികാരിക രേഖകൾ ഉൾപ്പെടുന്നുണ്ട്. "Laity4Unity" എന്ന ലഖുലേഖയിൽ ഈ പ്രശ്നത്തിന്റെ നാനാവശങ്ങൾ ചുരുക്കിയെഴുതിയിട്ടുണ്ട്. ആഗോലസഭയിൽ തന്നെ ആഴമായ മുറിവേൽപ്പിക്കാൻമാത്രം രൂക്ഷമായ, ചുരുക്കം ചില സ്വാർഥതത്പരർ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന, ഈ നാണംകെട്ട കക്ഷിവഴക്കിനെപ്പറ്റി വായിച്ചറിഞ്ഞ് പ്രതികരിക്കുക.
 
Yours in Our Lord
The Coordinating Group
Syro Malabar Catholics
Delhi Catholic Archdiocese
Email: riteissuencr@gmail.com
Facebook: Rite Issue

"Laity4Unity" യിൽ നിന്ന് ഏതാനും വിവരങ്ങൾ: 

വഴക്കിന്റെ തുടക്കം: 2013 നവ. ഒന്നിന് ഡൽഹി ആർച്ബിഷപ്‌ (ലത്തീൻ) അനിൽ കുത്തോയും പുതിയ ഫരിദാബാദ് * സീറോമലബാർ എപാർക്കിയുടെ (പൗരസ്ത്യസഭയിൽ നിന്ന് കടമെടുത്ത വാക്ക്. രൂപതയെന്ന് അർത്ഥം) മെത്രാൻ കുര്യാക്കോസ് ഭരണികുളങ്ങരയും ചേർന്ന് ഒരിടയലേഖനം ഇറക്കി. അതിൻപ്രകാരം എല്ലാ കേരള സീറോമലബാർകാരുടെയും അംഗത്വം ആദ്യത്തേതി
ൽ നിന്ന് രണ്ടാമത്തേതിലേയ്ക്ക് ഏകപക്ഷീയമായി മാറ്റി. റീത്തു തിരിച്ചുള്ള ഇത്തരമൊരു സമാന്തര രൂപത തങ്ങൾക്കാവശ്യമില്ലെന്ന് 2002 മുതൽ ഞങ്ങൾ, മലയാളി സീറോമലബാർ കത്തോലിക്കർ, വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും മെത്രാന്മാർ രഹസ്യമായി ഈ എപാർക്കിക്ക് രൂപം കൊടുക്കുകയാണുണ്ടായത്. (മാർച് 6, 2012) ആറ്‌ ദശാബ്ദങ്ങളായി ഡൽഹി അതിരൂപതയുടെ ഭാഗമായിരുന്ന ഞങ്ങളോട് ചെയ്ത കടുംകൈയാണിത്. ഈ ലത്തീൻ, സിറിയൻ തരംതിരിവ് രൂക്ഷമായ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന അക്രൈസ്തവ നടപടിയായിട്ടാണ് ഞങ്ങളും മറ്റ് കത്തോലിക്കരും കാണുന്നത്.

ഈ സംഭവത്തിൽ പണത്തിനുള്ള പങ്ക് നിസ്സാരമല്ല. സീറോമലബാർ സഭ പതിനൊന്ന് കോടികൾ വീതം ചെലവുവരുന്ന 40 പള്ളികൾ ഡൽഹിയിൽ പണിയാനാണ് പ്ളാനിടുന്നത്. അവയിലോരോന്നും നിലനിർത്തിക്കൊണ്ടു പോകാൻ വർഷം തോറും 12 ലക്ഷമെങ്കിലും വേണ്ടിവരും. ഓരോ പള്ളിയുടെയും ശരാശരി 450 അംഗങ്ങളാണ് ഈ തുക കണ്ടെത്തേണ്ടത്‌! ഇതിനകം ഇവരുംകൂടെ കാലാകാലങ്ങളായി കൈയഴിഞ്ഞു സഹായിച്ച് പടുത്തുയർത്തിയ ലത്തീൻ രൂപത പണമായോ സ്ഥാപനങ്ങളായോ അതിലെന്തെങ്കിലും തിരികെത്തരുമെന്നു പ്രതീക്ഷിക്കേണ്ടതുമില്ല.

ഇവിടംകൊണ്ടൊന്നും നില്ക്കുന്നതല്ല സീറോമലബാർ സഭയുടെ ഗൂഢലക്ഷ്യങ്ങൾ. പുതിയ എപാർക്കിയിൽ ഇപ്പോൾ ഉണ്ടെന്നു കണക്കാക്കാവുന്ന ഏതാണ്ട് ഒരു ലക്ഷത്തിൽപരം അംഗങ്ങൾ മതിയാവില്ലെന്നും അതുകൊണ്ട് അതിന്റെ വിസ്തീർണ്ണം ഉത്തരേന്ത്യയെ മൊത്തത്തിലുൾക്കൊള്ളണമെന്നും, അങ്ങനെ തങ്ങളുടെ എപാർക്കി ദൽഹിരൂപതയെ കടത്തിവെട്ടണമെന്നുമാണ് പുരോഹിതമേധാവികൾ മുന്നിൽ കാണുന്നത്. അതോടേ അവിടങ്ങളിലെല്ലാം മലയാളഭാഷയുടെയും,  സ്ത്രീധനം, ആരാധനസ്ഥലങ്ങളിൽ ഉൾപ്പെടെയുള്ള സ്ത്രീപുരുഷവേർതിരിവുകൾ, മെത്രാന്മാരുടെ രാഷ്ട്രീയ കയ്യാംകളികൾ തുടങ്ങിയ മാമൂലുകളിൽ കുടുങ്ങിയ ജീർണതകളുടെയും വ്യാപനം വര്ദ്ധിക്കുകയേ ഉള്ളൂ. ഇങ്ങനെ നോക്കുമ്പോൾ ഡൽഹിയിൽ നടമാടുന്ന റീത്ത്കളികൾ ആദ്ധ്യാത്മികമോ ശുശ്രൂഷാപരമോ ആയ കാഴ്ചപ്പാടുകളുടെ പിൻബലത്തിലല്ല, മറിച്ച്, തീര്ത്തും ലൌകിക ലക്ഷ്യങ്ങളോടെയാണ് മുന്നേറുന്നത് എന്ന് പറയേണ്ടിവരുന്നു. കുറേ മുമ്പ് ഒരു സീറോമലബാർ ബിഷപ്പ് ചെന്നെയിൽ തട്ടിവിട്ടത് CBCIയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. "ഈ രാജ്യത്തെ വൈദികരിൽ 70% ഞങ്ങളാണ്. എന്നാൽ ഞങ്ങളുടെ അധീനതയിലുള്ളത് വെറും 0.04% രാജ്യവിസ്തീർണം മാത്രം!
"സഭാവിഭാഗങ്ങൾ തമ്മിലുള്ള വഴക്കുകൾ ആഗോളസഭക്കുതന്നെ അപമാനകരമാണ്" എന്ന് നിരന്തരം മുന്നറിയിപ്പ് തന്നുകൊണ്ടിരിക്കുന്ന ഫ്രാൻസിസ് പാപ്പാ ചിന്തിക്കുന്നതിന്റെ നേരെ വിപരീത ദിശയിലേയ്ക്കാണ് നമ്മുടെ സഭാനേതൃത്വത്തിന്റെ പോക്ക്. "കൂടുതൽ സംയമനം പാലിക്കുക; കാരണം, യുദ്ധങ്ങളുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സമാധാനത്തിനായി പ്രവർത്തിക്കുക. സമാധാനത്തിനായുള്ള ആഹ്വാനം പ്രഘോഷി ക്കപ്പെടണം. സമാധാനമെന്നത് നിശ്ശബ്ദമല്ല, ചലനാത്മകമാണ്" എന്ന് ഈയിടെയും അദ്ദേഹം ഊന്നിപ്പറഞ്ഞത് ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടു. അപ്പോൾ റീത്തിന്റെയും സഭാസമ്പത്തിന്റെയും പേരിലുള്ള മ്മുടെ മെത്രാന്മാരുടെ ഇത്തരം അധികാരദുർവിനിയോഗങ്ങൾ എങ്ങനെയംഗീകരിക്കാനാവും എന്ന് നമ്മൾ ഗൗരവപൂർവം ആലോചിക്കേണ്ടിയിരിക്കുന്നു.

ഈ സംഭവവികാസങ്ങൾ സീറോമലബാർ കത്തോലിക്കർക്ക് വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ വളരെ കുഴഞ്ഞതാണ്. ഈ നാൾവരെ സൗഹർദപൂർവ്വം തങ്ങളുടെ കൌദാശികാവശ്യങ്ങൾ ഡൽഹി രൂപതയിലെ ഇടവകകളിൽ അനായാസം നടത്തിയിരുന്നവർ ഇനിമുതൽ അതിനായി ആരെ സമീപിക്കും? പുതിയ സീറോമാലബാർ ഇടവകകൾ രൂപംകൊണ്ടിട്ടില്ല. ഏതെങ്കിലും ആവശ്യത്തിന് തങ്ങളുടെ പുതിയ അധികാരികളുടെ ചീട്ടുമായി ചെല്ലാൻ പറഞ്ഞാൽ അവ ആരിൽനിന്നു ലഭിക്കും? ലത്തീൻ രൂപതയിൽ നിന്ന് സ്വമനസ്സാലെ വിട്ടുപോകാൻ ഇഷ്ടപ്പെടാത്തവർ രണ്ടിടത്തും നിലയുറപ്പിക്കാനാവാതെ കുഴങ്ങും. ഇപ്പോൾത്തന്നെ സീറോമലബാർ പാരമ്പര്യമുള്ള കുട്ടികളെ ലത്തീൻകാർ വേദപാഠം, ആദ്യകുർബാന, സ്ഥൈര്യലേപനം എന്നിവകളിൽ പോലും സ്വീകരിക്കാത്ത അവസ്ഥയുണ്ട്. അന്ത്യകൂദാശയും സിമിത്തേരിയും പോലും അവര്ക്ക് നിരസിക്കപ്പെടാം. വിവാഹം മാമ്മോദീസാ എന്നീ ആവശ്യങ്ങളിൽ, തങ്ങളെ അറിയില്ലാത്ത വൈദികരെയും തങ്ങളറിയാത്ത കേരളത്തിലെ ഇടവകളെയും ഒരു സർട്ടിഫിക്കറ്റിനായി സമീപിക്കേണ്ടിവരിക, അവ നിരസിക്കപ്പെടുക എന്ന അവസ്ഥയുമുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ, വിശ്വാസികളെ വരുതിക്ക് നിറുത്താനുള്ള ആയുധങ്ങളാക്കാൻ വൈദികർക്ക് ഇനി കൂദാശകളെ വളരെയെളുപ്പം ഉപയോഗിക്കാം. തങ്ങളുടെ മാതൃ ഇടവകകളിൽ സാമുദായിക സേവനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് വിലക്കുണ്ടാകുന്ന ശോചനീയ സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. നിങ്ങൾ എതിർകൂട്ടായ്മകളും സംഘടനകളും രൂപീകരിക്കുക എന്ന് ഉത്തേജിപ്പിച്ച് അനാവശ്യ വഴക്കുകൾക്കു വഴിതെളിക്കുന്ന SM വൈദികരും രംഗത്തുണ്ട്. 

ഉത്തരേന്ത്യയിൽ ജീവിക്കുന്ന കേരളീയരുടെ ഭാഷക്കും സംസ്കാരത്തിനും മതപാരമ്പര്യങ്ങൽക്കും വേണ്ടിയുള്ള ദാഹമാണ് ഫരിദാബാദ് രൂപതയുടെ സൃഷ്ടിക്കു പിന്നിൽ എന്ന് പറയുന്നവരെ ആരും വിശ്വസിക്കില്ല. ആ തലമുറ ഏതാണ്ട് മണ്ണിനടിയിലായി. ഇന്നത്തെ തലമുറയ്ക്ക് റീത്തിന്റെയും ആചാരത്തിന്റെയും പേരില് യാതൊരു സീറോമലബാർ ചായ്വും ഉണ്ടാകാനുള്ള സാധ്യതയില്ല. ഇന്ത്യയിൽ നിലനിർത്തിയിരിക്കുന്ന നമ്മുടേതല്ലാത്ത എല്ലാ റീത്തുകളെയും ഉപേക്ഷിച്ചിട്ട് ഭാരതത്തിന്റെ തനതായ ഒരാരാധനക്രമം ഉണ്ടാക്കിയെടുക്കാൻ കണ്ടത്തിൽ മുതൽ പടിയറ വരെ പലരും ശമിച്ചിട്ടുള്ളതാണ്. അതെല്ലാം മുളയിലേ നുള്ളിയവരുടെ സന്തതികളാണ് ഇന്ന് ഈ കോലാഹലങ്ങളെല്ലാം ഉണ്ടാക്കുന്നത്‌. വെറുതേയല്ല; അവർക്ക് പിടിചെടുക്കാനുള്ളത് വിശാലമായ ഒരു സാമ്രാജ്യമാണ്‌.
*The Syro-Malabar Catholic Eparchy of Faridabad is a diocese of the Syro-Malabar Catholic Church in Faridabad, a city in Haryana, India. Erected on March 6, 2012 by Pope Benedict XVI it serves around 120,000 Syro-Malabar Catholics in the area ofDelhi. Its first and current eparch is Kuriakose Bharanikulangara, with the personal title of archbishop. The eparch resides in Faridabad, where the Kristuraja Cathedral (Christ the King Cathedral) is located.
The eparchy has a size of 950,000 km², spreads over several jurisdictions of Latin rite Catholic dioceses and covers the National Capital Territory of Delhi, the States of Haryana, Punjab, Himachal Pradesh, Jammu-Kashmir as well as the Districts of Gautambuddhanagar and Ghaziabad (part of the State of Uttar Pradesh)
E-mail of the Diocesetharuba@yahoo.com

1 comment:

  1. കുറെക്കാലമായി കേള്‍ക്കുന്നതാണ് സിറോ മലബാര്‍ മെത്രാന്‍ സംഘത്തിന്റെ ലത്തിന്‍ കാരോടുള്ള യുദ്ധവാര്‍ത്തകള്‍. കത്തോലിക്കാ സഭയിലെ ഒരൊറ്റ വിശ്വാസിക്കും ഇതില്‍ താല്‍പ്പര്യമില്ല. യുദ്ധം എന്തിനാണെന്ന് എനിക്കും അറിയാം, സ്വന്തമായ ഒരു സാമ്രാജ്യം ഉണ്ടാക്കുക മാത്രം. ഇപ്പോള്‍ തട്ടില്‍ മെത്രാന്‍ നാട് നീളെ കറങ്ങുന്നു, ലക്‌ഷ്യം ലത്തിന്കാരെ ഒഴിവാക്കുക. വിശ്വാസികള്‍ക്ക് ഇതില്‍ ഒരു താല്‍പ്പര്യവുമില്ലായെന്നു ആരോട് ചോദിച്ചാലും പറയും. നേരത്തെ ഞാന്‍ എഴുതിയിരുന്നല്ലൊ, അഹമ്മദാബാദില്‍ സംഭവിച്ചത്. അവിടെ മലയാളികളും ഗോവന്‍/ഗുജറാത്ത് കത്തോലിക്കരും എല്ലാം ചേര്‍ന്ന് വര്‍ഷങ്ങള്‍ പരിശ്രമിച്ചു ലൈസന്‍സ് സംഘടിപ്പിച്ചു തല്‍ത്തെജില്‍ ഒരു പള്ളി പണിതു. അന്ന് മുതല്‍ അവിടെ ചുറ്റിക്കറങ്ങി സിറോ മലബാര്‍ അച്ചന്മാര്‍ ഉണ്ട്. അടുത്ത കാലത്ത് അവിടെ തട്ടില്‍ മെത്രാന്‍ വന്നു. തൊട്ടടുത്തു വന്ന ആഴ്ചയിലെ ആ പള്ളിയിലെ വിശുദ്ധവാരം ലത്തിന്‍ കാരും സിറോ ക്കാരും രണ്ടായി നടത്തി. ഇംഗ്ലിഷ് കുര്‍ബാനക്ക് കൊച്ചച്ചന്‍ (സിറോ) വന്നില്ല, മലയാളം കുര്‍ബാനയ്ക്ക് വികാരി അച്ഛനും വന്നില്ല. തിയേറ്ററില്‍ മോര്‍ണിംഗ് ഷോയും മാറ്റിനിയും പോലെ ഒരേ പരിപാടി രണ്ടു ശോ ആയി അവിടെ നടത്തപ്പെട്ടു. അവിടുത്തെ മലയാളികളുടെ ഹൃദയം നൊന്ത ഒരനുഭവമായിരുന്നത്. വിശ്വാസം എന്തെന്നറിയാത്ത അഭ്യസ്തവിദ്യരായ അമ്മേന്‍ കമ്മിറ്റിക്കാരേ സൃഷ്ടിക്കാന്‍ അവിടെയും സിറോ ക്കാര്‍ക്ക് കഴിഞ്ഞ്. എന്തിനീ യുദ്ധം? എന്തിന് വേണ്ടി? പ്രതിശ്ചായ നന്നാക്കണമെന്ന് മേജര്‍ ആര്‍ച് ബിഷപ്പ്. അതിനു മറുപടി ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.

    ReplyDelete