Translate

Tuesday, August 26, 2014

ഭാവിയിൽ ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന പ്രധാന സംസ്ഥാനം കേരളമെന്ന് ആർഎസ്എസ് വിലയിരുത്തൽ; ജോയ്‌സ് ജോർജിന്റെ വിജയം തെറ്റായ സൂചനയെന്നും കണ്ടെത്തൽ; മോഹൻ ഭാഗവത് ഒരാഴ്ച ഇടുക്കിയിൽ തങ്ങാൻ എത്തുന്നത് കൃത്യമായ അജൻഡയോടെ -

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കരുക്കൾ നീക്കാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എത്തുന്നു. ഇന്ന് വൈകിട്ട് നാലോടെ കേരളത്തിൽ എത്തുന്ന അദ്ദേഹം 30 വരെ ഇവിടെയുണ്ടാകും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ തങ്ങൾക്ക് വ്യക്തമായ സ്വാധീനമുണ്ടാക്കുക എന്നതാണ് ഭാഗവതിന്റെ യാത്രയുടെ മുഖ്യലക്ഷ്യമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തൊട്ടുപിന്നാലെ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും കേരളത്തിലെത്തുന്നു എന്നതും ഈ വാദങ്ങൾക്ക് ശക്തികൂട്ടുന്നു.
രാഷ്ട്രീയ നാടകങ്ങൾ ഏറെ നടന്ന ഇടുക്കി ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജോയ്‌സ് ജോർജ് വിജയിച്ചത് തെറ്റായ സൂചനയാണ് നൽകുന്നതെന്നാണ് ആർഎസ്എസ് കരുതുന്നത്. കസ്തൂരിരംഗൻ-ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കത്തോലിക്ക സഭ നിലവിലുള്ള എംപിയെ അട്ടിമറിച്ച് ഇടുക്കിയുടെ മണ്ണിൽ രാഷ്ട്രീയ അധികാരം കൈക്കലാക്കിയത്. പ്രത്യേക ദൗത്യവുമായി ജില്ലയിലെത്തുന്ന മോഹൻ ഭാഗവത് അഞ്ചുദിവസം ഇവിടെ തങ്ങും.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സഭാ നേതൃത്വം രാഷ്ട്രീയ അധികാരം കൈക്കലാക്കിയതിലൂടെ ഇവിടങ്ങളിൽ വിഘടനവാദപ്രവർത്തനങ്ങൾ വർധിച്ചതായും ആർഎസ്എസ് കരുതുന്നു. കേരളത്തിലും ഇത് ആവർത്തിക്കാതിരിക്കാനുള്ള സംഘടനാ സംവിധാനമൊരുക്കാനാണ് ഭാഗവത് നേരിട്ടെത്തിയിരിക്കുന്നത്. ഇടുക്കിയിൽ സംഘടനയുടെ ശക്തിപ്പെടുത്തലാണ് മുഖ്യലക്ഷ്യം.സംസ്ഥാനത്ത് ഇന്നേ വരെ മറ്റൊരു ആർഎസ്എസ് സംഘചാലക് തുടർച്ചയായി അഞ്ച് ദിവസം ഒരു ജില്ലയിൽ തന്നെ തങ്ങി പരിപാടികളിൽ പങ്കെടുത്തിട്ടില്ല. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിന്റെ പേരിൽ കത്തോലിക്ക സഭ ഇടുക്കിയിൽ പിടിമുറുക്കിയതും രാഷ്ട്രീയവിജയം നേടിയതുമായ വിഷയത്തെ ആർഎസ്എസ് ദേശീയ നേതൃത്വം ഗൗരവത്തോടെ നോക്കി കാണുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സന്ദർശനം. ഇടുക്കിയിൽ കത്തോലിക്ക സഭ നടത്തിയ പ്രവർത്തനങ്ങളെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുമായാണ് ആർഎസ്എസ് നേതൃത്വം താരതമ്യം ചെയ്യുന്നത്.
കത്തോലിക്ക സഭ നേതൃത്വം നൽകുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ എൻഎസ്എസ്, എസ്എൻഡിപി പോലുള്ള വിവിധ ഹിന്ദു സാമുദായിക സംഘടനാ നേതാക്കളും സംഘപരിവാർ സംഘടനാ നേതാക്കളും വരെ പങ്കാളിയായതിനെ ആർഎസ്എസ് നേതൃത്വം ജാഗ്രതയോടെ നോക്കി കാണുന്നതിന്റെ ഭാഗമായി തന്നെയാണ് ആർഎസ്എസിന്റെ പരമാധികാരി നേരിട്ടെത്തി കാര്യങ്ങൾ നിരീക്ഷിക്കുന്നത്. ജില്ലയിലെ ഹിന്ദു സമുദായ നേതാക്കളേയും അദ്ദേഹം കാണും. മോഹൻ ഭാഗവതിന്റെ അഞ്ചു ദിവസത്തെ ഇടുക്കി സന്ദർശനവും അതിനു പിന്നാലെ 31, 1 തീയതികളിൽ അമിത് ഷായുടെ കേരള സന്ദർശനവും എല്ലാം വിരൽ ചൂണ്ടുന്നത് സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം കേരളത്തിലെ രാഷ്ട്രീയ മാറ്റം തന്നെയാണന്ന് വ്യക്തമാണ്.
സംഘടനാപ്രവർത്തകർക്കു മാത്രമായുള്ള ആഭ്യന്തരപരിപാടിയാണ് എന്നാണ് പറയുന്നതെങ്കിലും സർസംഘചാലക് മടങ്ങുന്നതിന്റെ രണ്ടുദിവസത്തിനുള്ളിൽ അമിത് ഷാ കേരളത്തിലെത്തുന്നത്, സംഘടനയ്ക്കും പാർട്ടിക്കും ദക്ഷിണേന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമുള്ള പ്രത്യേകതാത്പര്യമാണ് കാണിക്കുന്നത്.
സജീവമായി രംഗത്തുള്ള പ്രവർത്തകരെമാത്രം ഉദ്ദേശിച്ചുള്ള വിവിധ സെഷനുകളിലാണ് മോഹൻ ഭാഗവത് പങ്കെടുക്കുന്നത്. അഞ്ചുദിവസത്തെ പരിപാടികളിൽ കേരളത്തിലെ പൊതുവായ വിഷയങ്ങളും ഗാഡ്ഗിൽ ഉൾപ്പെടെയുള്ള മലയോരജില്ലകളിലെ പ്രശ്‌നങ്ങളും ചർച്ചചെയ്യപ്പെടും. ആർ.എസ്.എസ്സിന്റെ ലക്ഷ്യങ്ങൾ അതിന്റെ തലവൻതന്നെ വിവരിക്കും. എന്നാൽ സംഘടനാമെഷീനറിയെ ശക്തിപ്പെടുത്തുക എന്നതുമാത്രമാണ് പരിപാടികളുടെ ഉദ്ദേശ്യമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. സംസ്ഥാനഭാരവാഹികൾ, വിഭാഗ് പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന സംസ്ഥാനഗണം പങ്കെടുക്കുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട്. താലൂക്കുതലംവരെയുള്ള സംഘചാലകരാണ് ഒരുദിവസത്തെ പരിപാടിക്കെത്തുന്നത്.
തൊടുപുഴ താലൂക്കിലെ പ്രവർത്തകരെ മുഴുവൻ പങ്കെടുപ്പിക്കുന്ന ചടങ്ങുമുണ്ട്. ആർ.എസ്.എസ്സിന്റെ ഇടുക്കി, ദേവികുളം ജില്ലകളിലെ പ്രവർത്തകർക്കായി കട്ടപ്പനയിൽ യോഗം വിളിച്ചിട്ടുണ്ട്. ഈദിവസങ്ങളിലാകും ആർ.എസ്.എസ്സിനോട് ആഭിമുഖ്യമുള്ള ഹിന്ദുനേതാക്കളെ മോഹൻ ഭാഗവത് കാണുന്നത്.
30ന് കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിറിൽ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സംസ്ഥാന ചുമതലയുള്ള ആർഎസ്എസ് പ്രവർത്തകരുടെ ബൈഠക്കിലും ഭാഗവത് പങ്കെടുക്കും. അന്ന് വൈകിട്ട് 3.30ന് അരവിന്ദ വിദ്യാമന്ദിറിന്റെ രജതജൂബിലി ആഘോഷം സർസംഘചാലക് ഉദ്ഘാടനം ചെയ്യും. 31ന് തിരുവനന്തപുരത്തെത്തും. സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തുനിന്ന് നാഗ്പൂരിലേക്ക് അദ്ദേഹം തിരിച്ചുപോകുമെന്നാണ് റിപ്പോർട്ടുകൾ
- See more at: http://www.marunadanmalayali.com/news/special-report/mohan-bhagavath-in-kerala-for-five-days-1830#sthash.3daMa25R.dpuf

No comments:

Post a Comment