Translate

Monday, February 2, 2015

അവയവദാനം, ചില വസ്തുതകള്‍

അലക്സ്‌ കണിയാംപറമ്പില്‍ (ഫെയിസ് ബുക്ക്)

ഇന്നലെ (31.01.2014) മാഞ്ചെസ്റ്ററില്‍ നടന്നു ഒരു ചടങ്ങില്‍ പങ്കെടുത്തു. ഇവിടെയുള്ള NHS ഹോസ്പിറ്റലില്‍ Organ Transplant Co-ordinator ആയി ജോലി ചെയ്യുന്ന ഡോ. അജിമോള്‍ പ്രദീപ്‌ സംഘടിപ്പിച്ച ചടങ്ങായിരുന്നു. ഞാന്‍ എത്തുന്നതിനു മുമ്പുതന്നെ ചടങ്ങിലെ പ്രധാന പരിപാടികള്‍ കഴിഞ്ഞിരുന്നു. ശേഷം നടന്നത് ചിലരെ ആദരിക്കലും, മൈതാനപ്രസംഗശൈലിയിലുള്ള ചില പ്രഭാഷണങ്ങളുമാണ്.

മുന്നേതന്നെ അവയവദാന വിഷയത്തെക്കുറിച്ച് ഡോ. അജിമോളുമായുള്ള ഒരു അഭിമുഖം കണ്ടിരുന്നു. ഈ വിഷയത്തില്‍ ഒരാള്‍ക്ക് ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ പോന്നതാണ് ആ അഭിമുഖം. (ലിങ്ക് ഇതിന്റെ അവസാനം കൊടുക്കുന്നുണ്ട്).

ഈ വിഷയത്തില്‍ എന്റെ ചില വേറിട്ടുള്ള അഭിപ്രായങ്ങള്‍ എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി ഇവിടെ പങ്കുവയ്ക്കുകയാണ്.

ഈ മേഖലയിലെ അജിമോളുടെ പ്രവര്‍ത്തനം അങ്ങേയറ്റം ശ്ലാഘനീയമാണ്, അത് ഫലപ്രദമായിവരുന്നതില്‍ എനിക്ക് അങ്ങേയറ്റം സന്തോഷവുമുണ്ട്.
എങ്കിലും...
വര്‍ഗീയത പറയുകയല്ല...
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ യു.കെ.യിലെയ്ക്കുണ്ടായ കുടിയെറ്റത്തില്‍ ഇവിടെ എത്തപ്പെട്ടവരില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്, അവരില്‍ കൂടുതലും കത്തോലിക്കരും..
ജന്മനാ ഒരു കത്തോലിക്കനായതുകൊണ്ട് ഒരു ശരാശരി കത്തോലിക്കാന് ഈ വിഷയത്തിലുള്ള ബുദ്ധിമുട്ടുകള്‍ എനിക്കറിയാം. (ഞാന്‍ അത് മറികടന്നവനാണ്).
വെദപാഠക്ലാസ്സുകളിലൂടെ കുത്തിവച്ച ചില ഭൂതങ്ങള്‍ ഞങ്ങളുടെ ബോധമനസിലും ഉപബോധമനസ്സിലും ഉണ്ട്. അവയിലൊന്നാണ് പുനരുത്ഥാനത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍.. മരിച്ചടക്കപ്പെടുന്ന അതേ വേഷത്തില്‍, അതെ രൂപത്തിലാണ് ഉയര്‍ത്തെഴുന്നെല്‍ക്കുന്നത്. സ്വര്‍ഗത്തിലെ സമ്പല്‍സമൃദ്ധിയ്ക്ക് പുറമേ മറ്റൊരു മഹാ സൌഭാഗ്യം കൂടിയുണ്ട്.. ദൈവത്തെ നേരില്‍ കാണാം!

കൊച്ചുന്നാളില്‍ ദൈവത്തിന്റെ മടിയില്‍ കിടന്ന് നരകത്തിലേയ്ക്ക് പോകുന്നവരെ നോക്കി കൊഞ്ഞനം കാണിക്കുന്നത് എത്രവട്ടം സ്വപ്നം കണ്ടിരുന്നു!

ഉപബോധമനസ്സില്‍ ഇതു കിടന്നു കളിക്കുന്നതുകാരണം ഒരുമാതിരി കത്തോലിക്കന്‍ അവയവദാനം ചെയ്യാന്‍ മടിക്കും. കണ്ണില്ലാതെ മുകളില്‍ ചെന്നാല്‍ എങ്ങിനെ ദൈവത്തെ കാണും?

ഇതിനു രണ്ടേരണ്ടു പോംവഴികളാണുള്ളത് – ഒന്നു: നിങ്ങളോട് പറഞ്ഞതൊക്കെ ശുദ്ധ തട്ടിപ്പായിരുന്നു എന്ന് അവര്‍ സമ്മതിക്കുക. (അതിനവര്‍ക്കാവില്ല; ഉറപ്പ്.. കഞ്ഞികുടി മുട്ടുന്ന കാര്യമാണ്). രണ്ട്: വൈദികരും കന്യാസ്ത്രീകളും പരസ്യമായി അവയവദാനത്തിനൊരുങ്ങി മുന്നോട്ടുവരിക.

ഇന്റര്‍നെറ്റില്‍ കാണാന്‍ സാധിച്ച സ്ഥിതിവിവരനക്കണക്കുകള്‍ വിശ്വസനീയമാണെങ്കില്‍ സീറോമലബാര്‍സഭയില്‍ മാത്രം 8547 വൈദികരും 32,114 കന്യാസ്ത്രീകളുമുണ്ട് (മൊത്തം: 40,661). ഇത്രയും പേര്‍ അവയവദാനത്തിനു (വാചകമടി കൊണ്ടല്ല, പ്രവര്‍ത്തികൊണ്ട്) പിന്തുണ പ്രഖ്യാപിച്ചാല്‍ കുറഞ്ഞത് അഞ്ചുലക്ഷം കുഞ്ഞാടുകള്‍ എങ്കിലും ഇതിനു ഉടന്‍ സന്നദ്ധരാകും. ഇതിന്റെ പ്രതിഫലനം യു.കെ.യിലും തീര്‍ച്ചയായും ഉണ്ടാകും.

ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കാക്കനാട്ടെ പ്രഭുതികള്‍ക്കോ, കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയ്ക്കോ തന്റെടമുണ്ടോ?

2 comments:

  1. ഫെയിസ് ബുക്ക്: യേശുവിന്‍റെ അനുയായികള്‍ എന്ന് സ്വയം പറയുന്നവര്‍ ഏകദൈവത്തെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ എന്ന് പഠിപ്പിച്ച യേശുവിനെ തന്നെ ദൈവം ആക്കുകയും യേശു ഒരിക്കല്‍ പോലും പറയാത്തതും, ചെയ്യാത്തതുമായ കാര്യങ്ങള്‍ യേശുവിന്‍റെ പേരില്‍ ആരോപിക്കുകയും ചെയ്യുക വഴി ദൈവത്തെയും യേശുവിനെയും അപമാനിക്കുന്നു. അവരോടു യേശുവിനു പറയാനുള്ളത് ഇതാണ് "ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എന്നാല്‍ അവരുടെ ഹൃദയം എന്നില്‍ നിന്ന് വളരെഅകലെയാണ്. അവര്‍ മാനുഷീക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെആരാധിക്കുന്നു. (മത്തായി 15:8-9)

    ഇത് യെശയ്യാ പ്രവാചകന്‍ പറഞ്ഞ വചനം ആണ്, യേശുവും കപടഭക്തരെകുറിച്ച് ഇതേ അഭിപ്രായം ആയതുകൊണ്ടാണല്ലോ യേശു അതേ വചനം ഉദ്ധരിച്ചത്,

    ReplyDelete
  2. "ഞാനും പിതാവും ഒന്നാകുന്നു"//"എന്നെകണ്ടവന്‍പിതാവിനെ കണ്ടിരിക്കുന്നു " ഈ രണ്ടു പ്രസ്താവനകളും "യേശു പറഞ്ഞു ,യേശു പറഞ്ഞു" എന്ന് പറയുന്നവരെ, നിങ്ങള്‍ നിങ്ങളെത്തന്നെ സ്വയം അറിഞ്ഞു താനേ ഈ ബോധത്തിലെത്തുവോളം കത്തനാര് കാണിച്ചുതരുന്ന ഏതിനേയും നിങ്ങള്‍ ദൈവമെന്നു കരുതി മുട്ടുകുത്തും,"ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ" എന്നും കരയും ! യേശു സ്വയം ദൈവമാണെന്ന് പറഞ്ഞത് "അഹംബ്രഹ്മം" എന്ന നിറഞ്ഞ ആത്മബോധത്തിലായിരുന്നു! എന്നിരുന്നാലും,"ഏലിഏലി ലമ്മാ ശബക്താണീ" (എന്റെ ദൈവമേ ,എന്റെ ദൈവമേ ,എന്നെ നീ കൈവിട്ടതെന്തു ) എന്ന് മരണമൊഴിയായി ഒരു വിവരക്കേട് പറഞ്ഞതും നമ്മള്‍ ഓര്ക്കണം ! കൈവിടാതെ മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ആ 'സത്യനിത്യ ചൈതന്യത്തോട്' അങ്ങിനെ പറയേണ്ടിയിരുന്നില്ല, എന്ന് യേശുവിനു പിന്നീട് തോന്നിക്കാണാം ! ദൈവം തന്നില്‍നിന്നും അന്യമായ ഒന്നാണെന്ന ബോധത്തിലാണ് യേശു "കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും നീക്കേണമേ "എന്നൊക്കെ തട്ടിവിട്ടു ചള്ളിപ്പോയതും ! ചിന്തിക്കൂ ..

    ReplyDelete