Translate

Monday, February 9, 2015

ദൈവവിളിയെപ്പറ്റി ചില ചിന്തകൾ - സ്വാമി സ്നേഹാനന്ദ ജ്യോതി

വൈദികവൃത്തി, സന്യസ്തജീവിതം എന്നിവയിൽനിന്ന് വേറൊരു ജീവിതാവസ്ഥയിലേയ്ക്ക് മാറുന്നവർ 



വൈദികവൃത്തി, സന്യസ്ഥ ജീവിതം എന്നിവയിൽനിന്ന് വേറൊരു ജീവിതാവസ്ഥയിലേയ്ക്ക് മാറുന്നവർ വൈദികവൃത്തി, സന്യസ്ഥജീവിതം എന്നിവയിൽനിന്ന് വേറൊരു ജീവിതാവസ്ഥയിലേയ്ക്ക് മാറുന്നവരുടെ പ്രശ്നങ്ങൾ ചര്ച്ച ചെയ്യാൻ ഒരു അഖിലേന്ത്യാ സമ്മേളനം കൊച്ചിയില്‍ വെച്ച് ഈ ഫെബ്രുവരി 28ന്  നടക്കാൻ പോകുകയാണല്ലോ.   പുനരധിവാസം എന്ന വാക്ക് ഞാൻ വിട്ടുകളയുകയാണ്. രോഗാവസ്ഥയിൽനിന്ന് ഏതെങ്കിലും ചികിത്സാപദ്ധതിയിലൂടെ ഒരാളെ ആരോഗ്യാവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനാണ് ആ വാക്കുപയോഗിക്കാറ്. നമുക്കിവിടെ മനസ്സിലുള്ളത് വ്യക്തികൾ നിശ്ചയിച്ചെടുത്ത ജീവിതസാഹചര്യങ്ങളുടെ മാറ്റമാണ്.

25 വർഷത്തെ സന്യസ്ത ജീവിതത്തിനും അതിൽ 9 വർഷത്തെ അനുഗ്രഹീതമായ വൈദികവൃത്തിക്കും ശേഷം 1982ൽ ഈശോസഭ വിട്ടുപോയ ആളെന്ന നിലക്ക് എന്റെ അനുഭവം ചുരുക്കിപ്പറയാൻ ആഗ്രഹിക്കുകയാണ്. അതോടൊപ്പം അതിന്റെ ദൈവശാസ്ത്ര-മനശാസ്ത്ര-ആദ്ധ്യാത്മിക-മനുഷ്യാവകാശപരമായ വശങ്ങളും ഉൾപ്പെടുത്താം. പാലായ്ക്കടുത്തുള്ള ഒരു സാധാരണ ഇടത്തരം  സീറോമലബാർ കുടുംബത്തിലാണ് ഞാൻ വളർന്നത്‌. 11 വർഷത്തെ സ്കൂൾ (SSLC) കഴിഞ്ഞ് ഞാൻ ഗുജറാത്തിലെ ഈശോസഭക്കാരുടെ (Jesuits) സെമിനാരിയിൽ ചേർന്നു. സഭ വിടുമ്പോൾ ഞാൻ Puneയിലുള്ള Jnana Deep Vidyapeeth (JDV) ൽ, വൈദികരെ പരിശീലിപ്പിക്കുന്ന പ്രൊഫസർ ആയിരുന്നു. ആകാശത്ത്‌ മിന്നിത്തിളങ്ങിയിരുന്ന ഒരു നക്ഷത്രത്തിന്റെ പതനം എന്ന് എന്റെ ആ അനുഭവത്തെപ്പറ്റി പറയാം. സ്വാഭാവികമായും അത് വളരെപ്പേരെ മുറിപ്പെടുത്തുകയും നിരാശപ്പെടുത്തുകയുമുണ്ടായി. എന്റെ തീരുമാനം അനാശാസ്യവും അബദ്ധപൂർണവുമായി വിലയിരുത്തപ്പെട്ടു. എന്നാൽ പ്രാർഥനാത്മകവും വിശദവുമായ പരിചിന്തനങ്ങൾക്ക് ശേഷം ഞാനെടുത്ത തീരുമാനം സഭയിൽ തുടരുന്നതിലും കൂടുതൽ ദൈവത്തിന് ഇഷ്ടപ്പെടുന്നതാണ് എന്നെനിക്ക് നിശ്ചയമുണ്ടായിരുന്നു. എല്ലാ വശങ്ങളും പഠിച്ചും ഒരുങ്ങിയും ഇറങ്ങിയതുകൊണ്ട്, പുറത്ത് അഭിമുഖീകരിക്കേണ്ടിവരുന്നവ എന്നെ ഭയപ്പെടുത്തിയില്ല. അപ്രതീക്ഷിതമായ പലതുമുണ്ടായെങ്കിലും എന്റെ തീരുമാനത്തെപ്പറ്റി എനിക്ക് പരിതപിക്കേണ്ടിവന്നിട്ടില്ല.

പൌരോഹിത്യത്തിനുള്ള ദൈവവിളി ഒരുവന്റെ ജീവിതത്തിലെ സവിശേഷമായ ഒരനുഗ്രഹമായി കണ്ടിരുന്ന കാലത്താണ് ഞാൻ സന്യാസസഭയിൽ ചേരുന്നത്. അങ്ങനെയൊന്ന് ഉപേക്ഷിക്കുകയെന്നാൽ ദൈവകൃപയിൽ നിന്ന് വീണുപോയ മാലാഖയുടെ അവസ്ഥക്ക് സമാനമായി കരുതപ്പെട്ടിരുന്നു. ഉണങ്ങാത്ത ഒരു വൃണമായി സമുദായം അതിനെ കണ്ടിരുന്നു. കുടുംബവും അത്തരക്കാരെ അഭിശപ്തരായി കണക്കാക്കി. സഭയിലും പുറത്തും അയാൾ കൊള്ളരുതാത്തവനായി. ദൈവവിളിയുടെ നിലനില്പിനായി ഈശോസഭാക്കാർ ദിവസവും പ്രാർഥിച്ചിരുന്നു. ആരെങ്കിലും വിട്ടുപോയെങ്കിൽ അത് ബന്ധപ്പെട്ട അധികാരികൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അതൊരു രഹസ്യമായി സൂക്ഷിക്കപ്പെട്ടു. വിനാശത്തിലെയ്ക്ക് തിരിഞ്ഞുപോകുന്ന അത്തരക്കാർക്ക് ഒരു വിടവാങ്ങൽപോലും നല്കപ്പെട്ടിരുന്നില്ല.  മതില് ചാടിയവൻ, ളോഹയൂരിയവൻ എന്നൊക്കെയായിരുന്നു അവർക്ക് വീണ അധിക്ഷേപനാമങ്ങൾ.

വത്തിക്കാൻ കൗൻസിലിന്റെ വരവോടെ (1962-1965), സംഗതികൾ മാറിത്തുടങ്ങി. പ്രതീക്ഷയുടെ ഒരു കിരണം ചക്രവാളത്തിൽ കാണാറായി. പരിശുദ്ധാത്മാവിനെ സ്വന്തം കുത്തകയാക്കി വച്ചിരുന്ന മദ്ധ്യകാല ദൈവശാസ്ത്രം വിമർശിക്കപ്പെട്ടുതുടങ്ങി. സഭാമക്കൾക്ക് പ്രത്യാശയുടെ ശുദ്ധവായു ശ്വസിക്കാം എന്നായി. സഭാധികാരികളുടെ പ്രഖ്യാപനങ്ങളും പോപ്പിന്റെ ബൂളാകളും എല്ലാം നിയന്ത്രിച്ചിരുന്നിടത്ത് ദൈവത്തിന് അല്പം കൈകടത്താമെന്നായി. സഭയിൽ വ്യക്തിസ്വാതന്ത്യത്തിലേയ്ക്കുള്ള ആദ്യത്തെ കാൽവയ്പും മനസ്സാക്ഷിക്ക് ലഭിച്ച പരിഗണനയും ആണ് സന്യാസസഭകളിൽ നിന്ന് പുറത്തേയ്ക്കുള്ള പ്രവാഹത്തിനു തുടക്കമിട്ടത്. എന്നാൽ വത്തിക്കാൻ കൗൻസിലിന്റെ ഈ സല്ഫലങ്ങളെ തടയാനും സഭയെ വീണ്ടും വിലങ്ങിട്ടു പിന്നോട്ട് നയിക്കാനുമാണ്‌ ജോണ്‍ പോൾ രണ്ടാമനും, അങ്ങേരുടെ വലംകൈ ആയിരുന്ന, പിന്നീട് ബെനഡിക്റ്റ് പതിനാറാമൻ ആയ, ജോസഫ് റാറ്റ്സിങ്ങറും ശ്രമിച്ചത്. അതിശയകരമായ വേഗത്തിൽ ഈ ജോണ്‍ പോൾ രണ്ടാമനെ വിശുദ്ധനാക്കിയതിലൂടെ യാഥാസ്ഥിതിക അധികാരശ്രേണിക്ക് വീണ്ടും മുൻ‌തൂക്കം കൊടുക്കുകയാണ് ചെയ്തത്. അതുകണ്ടാണ് ജോണ്‍ പോൾ രണ്ടാമന്റെ പിൻഗാമിയാകാൻ സാദ്ധ്യതയുണ്ടായിരുന്ന കർദിനാൾ കാർലോ മർതീനി തന്റെ മരണത്തിനു രണ്ടാഴ്ച മുന്നിൽ ഇങ്ങനെ പറഞ്ഞത്, "കത്തോലിക്കാ സഭ ഇരുന്നൂറു വർഷം പിന്നോട്ടു പോയിരിക്കുന്നു." എന്റെ കാഴ്ചപ്പാടിൽ കേരളത്തിലെ സഭ മുന്നൂറു വർഷം പിന്നിലാണ്. അത്യാവശ്യമായ പല പരിഷ്ക്കാരങ്ങളും നിർദ്ദേശിച്ച രണ്ടാം വത്തിക്കാൻ കൗൻസിലിന്റെ നയങ്ങളെയും തീരുമാനങ്ങളെയും അമ്പതു കൊല്ലം തടഞ്ഞു വച്ചത് സഭയിലെ ഈ യാഥാസ്ഥിതികാധികാരമാണ്. എന്നാൽ, പരിശുദ്ധാരൂപിയെ അങ്ങനെയങ്ങ് നിഷ്ക്രിയമാക്കാൻ ഭൌതികശക്തികൾക്ക്‌ കഴിയില്ല; നവീകരണം സംഭവിക്കുക തന്നെ ചെയ്യും. എന്നാൽ അതിനായി നമ്മൾ എല്ലാ വിഘ്നങ്ങൾക്കുമെതിരെ പ്രയത്നിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പുരോഹിതനായി തുടരുകയും എന്റെ ശുശ്രൂഷ ആഗ്രഹിക്കുന്നവർക്ക് അത് ലഭ്യമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഞാൻ അല്മായനെന്ന നില സ്വീകരിക്കുകയായിരുന്നെങ്കിൽ എനിക്ക് വൈദികാവസ്ഥക്കുള്ള വിളി ഇല്ലായിരുന്നു എന്നായിരുന്നേനെ അർഥം. അത് ശരിയല്ല. ഓരോരുത്തരും അവരവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കണം.

അനേകം വര്ഷങ്ങളിലെ പരമ്പരാഗത സന്യാസ ജീവിതം സമര്പ്പണ ചിന്തയോടെയും ശുദ്ധതയോടെയും ചെലവഴിച്ച ശേഷം, നിരന്തരമായ പ്രാര്ത്ഥനകള്‍ക്കും പരിചിന്തനത്തിനും ശേഷം ദൈവവിളിക്ക് മറ്റൊരു മാനം കണ്ടുകൊണ്ട്  സഭാജീവിതം വിടുന്ന എല്ലാവരും സമൂഹത്തില്‍ തുറന്ന ഹൃദയത്തോടെയുള്ള ഒരു സ്വീകാര്യതക്ക് അര്ഹരായിരിക്കേണ്ടതാണ്. അത്തരം തീരുമാനങ്ങള്‍ ഓരോരുത്തരുടെയും ആദ്യ തീരുമാനം പോലെതന്നെ ബഹുമാനിക്കപ്പെടുകയും, വിലമതിക്കപ്പെടുകയും, ആഘോഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ഒരര്ത്ഥത്തില്‍, ജീവിതം തന്നെ ചെറുതില്‍ നിന്ന് വലുതിലേക്കുള്ള, അല്ലെങ്കില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള  ഉത്തരവാദിത്വപൂര്‍ണ്ണവും ചലനാത്മകവുമായ മാറ്റങ്ങളുടെ ആകെത്തുകയല്ലേ? മറ്റൊരര്ത്ഥത്തില്, ഒരുവന്റെ ജീവിതാന്തസ് ഒരാള്‍ തിരഞ്ഞെടുക്കുന്നത് ലഭ്യമായവയില്‍ കൂടുതല്‍ അനുയോജ്യവും തൃപ്തികരവും ഏതെന്ന് നോക്കിയല്ലേ? ഇത്തരം ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ ഏതൊരാള്ക്കും  പൂര്ണ്ണ സ്വാതന്ത്ര്യവുമുണ്ടല്ലോ. ഇതിന് ആര്ക്കും  മറ്റൊരാളുടെ അംഗീകാരവും ആവശ്യമില്ല. ദൈവവിശ്വാസമുള്ള ഒരുവന്റെ മുമ്പില്‍ എപ്പോഴും ഒരു സാദ്ധ്യതയേയുള്ളൂ, ദൈവരാജ്യത്തിനുതകുന്ന രീതിയില്‍ ജോലി ചെയ്യുക എന്നത് മാത്രം. അങ്ങനെ ദൈവരാജ്യത്തിനു വേണ്ടി പ്രവര്ത്തിക്കുന്നവര്‍ എപ്പോഴും ദൈവേഷ്ടം നിറവേറ്റാന്‍ ആഗ്രഹിക്കുന്നവനും ദൈവത്തിന്റെ സന്ദേശങ്ങള്‍ അനുസരിക്കുന്നവനുമായിരിക്കേണ്ടതുണ്ട്. ദൈവേഷ്ടം നിറവേറ്റുക എന്നാല്‍ അതിനൊരു അര്‍ത്ഥമേയുള്ളൂ, മനുഷ്യകുലത്തെ സേവിക്കുക എന്നത് മാത്രം.

വ്യവസ്ഥാപിത മതാത്മക ജീവിതമോ വൈദികവൃത്തിയോ ഉപേക്ഷിക്കുന്നവരുടെ പ്രശ്നങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് നിത്യവ്രതവുമായി ബന്ധപ്പെട്ട ദൈവവിളിയുടെ ദൈവശാസ്ത്ര പരവും ആധ്യാത്മികവുമായ കാഴ്ചപ്പാടും അതിലുമുപരിയായി നിത്യവ്രതത്തിലൂടെ സ്വീകരിച്ച സ്ഥിരബ്രഹ്മചര്യത്തിന്‍റെ തത്ത്വശാസ്ത്രവും പരിശോധിക്കപ്പെടേണ്ടതുണ്ട്. ബ്രഹ്മചര്യവും കന്യകത്വവും വിവാഹത്തെക്കാള്‍ ശ്രേഷ്ടമായ ഒരു അവസ്ഥയാണെന്നുള്ള  മിഥ്യാധാരണ രണ്ടാം വത്തിക്കാന്‍ കൌണ്സിലിനു ശേഷവും  സഭയില്‍ തുടരുന്നു. സര്‍വ്വ ചരാചരങ്ങളുടെയും നിലനിപ്പിന്റെ പിന്നില്‍ ലൈംഗികതയുടെ അനന്ത ശേഷിയുടെ ശീലുകളാണെന്നുള്ള സത്യവുമായി പൊരുത്തപ്പെടാനുള്ള വൈമനസ്യമാണ് ഇതിന്റെ പിന്നില്. ലൈംഗികതയെ കുറ്റബോധത്തോടെയും, വിരുദ്ധ ചിന്തയോടും മാത്രമേ എക്കാലവും ക്രൈസ്തവാചാര്യന്മാര്‍ കണ്ടിരുന്നുള്ളൂവെന്നാണ് ചരിത്രം പറയുന്നത്. ഒരു ജീവിതാന്തസ്സും അത് സ്വീകരിക്കുന്നവനെ സംബന്ധിച്ചിടത്തോളം ഒരിക്കലും തെറ്റാവുന്നില്ല; ഒന്നിനേക്കാള്‍ മറ്റൊരന്തസ്സ് അവസ്ഥയില്‍ താഴ്ന്നതോ മികച്ചതോ ആയിരിക്കുന്നുമില്ല. വചനം നമ്മുടെ മന:സാക്ഷിയിലൂടെ നമ്മോട് പറയുന്ന സന്ദേശം ശിരസ്സാവഹിച്ച്, ദൈവരാജ്യത്തിനു വേണ്ടി പ്രയത്നിക്കുകയെന്നതാണ് ഏതൊരാള്ക്കും  സ്വയം സമര്പ്പ്ണത്തിലൂടെ ചെയ്യാന്‍ കഴിയുക. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ജീവിതത്തെ ആകെ ബന്ധിക്കുന്ന ഒരു പ്രതിജ്ഞ ചെയ്യുന്നത് ഒരിക്കലും ശരിയല്ല. ഒരു പ്രതിജ്ഞ നിത്യപ്രതിജ്ഞ ആകേണ്ടത്, തുടര്ന്നുകൊണ്ടിരിക്കുന്ന സമര്പ്പിതത്ത്വത്തിലൂടെയും നിത്യവും പുതുക്കപ്പെടുന്ന പ്രതിജ്ഞാബദ്ധതയിലൂടെയുമാണ്. വിവാഹ പ്രതിജ്ഞ പങ്കാളികള്‍ അങ്ങിനെയല്ലേ സാര്‍ത്ഥകമാക്കുന്നത്? ഇപ്പോഴത്തെ കാഴ്ചപ്പാടനുസരിച്ച്, ഏറ്റവും കുറഞ്ഞത്‌ ഒരു കുട്ടിയെ ജനിപ്പിക്കുക എന്ന കാര്യത്തിലെങ്കിലും ഈ നിലപാട് പ്രസക്തമാണ്.  ക്രൈസ്തവ പെരുമാറ്റ ചട്ടങ്ങളുടെ ഏറ്റവും വലിയ ഉപജ്ഞാതാവായ വി. പൌലോസ് പോലും, വിശ്വാസ ജീവിതത്തില്‍ പ്രതിബന്ധം സൃഷ്ടിക്കുന്ന പങ്കാളിയുടെ കാര്യത്തില്‍ വിവാഹ മോചനം അനുവദിച്ചിരുന്നു.

അധികാരത്തോട് അന്ധമായ വിധേയത്വം ശരിയല്ല. അനുസരണ തെറ്റാണെന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. പൊതു നന്മക്കുവേണ്ടി അനുദിന ജീവിതത്തില്‍ നാം അനേകം നിയമങ്ങള്‍ കാര്യങ്ങള്‍ അനുസരിക്കാറുണ്ടല്ലോ. സദ്ഭരണം എന്നത് കൊണ്ടുദ്ദേശിക്കുന്നത്, ധാര്മ്മിക മൂല്യങ്ങളെ കളങ്കപ്പെടുത്താത്ത ക്രമങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവര്‍ നയിക്കുന്ന ഒരു ഭരണക്രമത്തെയാണ്‌. ഒരുവന്റെ  ഇശ്ചാശക്തിയെ എവിടെങ്കിലും പണയം വെയ്ക്കുന്നത് ശ്ലാഘനീയമല്ല. പകരം, ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, തുടരുന്ന ഒരു സമര്പ്പിത ജീവിതത്തിന്റെ ഭാഗമായി സ്വന്തം ഇശ്ചാശക്തിയെ മറ്റൊന്നിന് അധീനപ്പെടുത്തുന്നത് ചെയ്യരുതാത്തതുമല്ല, ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളതുമല്ല. ആരോഗ്യകരവും വിശുദ്ധവുമായ വിവാഹ ബന്ധത്തില്‍ പങ്കാളികള്‍ സമര്‍പ്പണഭാവത്തോടെ പരസ്പരം കീഴടങ്ങുക എന്നതാണല്ലോ സംഭവിക്കുന്നത്‌. വിശ്വാസസമൂഹത്തില്‍ എല്ലാവരും ദൈവത്തിന്റെ പ്രതിനിധികളാണ്; വ്യവസ്ഥാതീതമായി കീഴടങ്ങേണ്ട എന്തെങ്കിലും/ആരെങ്കിലും ഉണ്ടെങ്കില്‍ അത് പ്രാര്ഥനയോടെയും വിവേകത്തോടെയും തിരഞ്ഞെടുക്കപ്പെട്ടതായിരിക്കേണ്ടതുണ്ട്.  

മദ്ധ്യകാലഘട്ടത്തില്‍  മതജീവിതം രൂപപ്പെട്ടപ്പോള്, മനുഷ്യ സ്വഭാവത്തെപ്പറ്റി  അപൂര്ണ്ണവും അപക്വവുമായ മനസ്സിലാക്കലുകളാണ് ഉണ്ടായിരുന്നത്. പരന്ന ഭൂമിയുടെ ചുറ്റും സൂര്യന്‍ കറങ്ങിക്കൊണ്ടിരുന്ന അക്കാലത്ത്, മന:ശാശ്ത്രം തത്ത്വശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. മിക്ക വിശ്വാസ പ്രമാണങ്ങളെയും തകിടം മറിച്ചുകൊണ്ട് ഇന്നത്തെപ്പോലെ ഒരു മുന്നേറ്റം ശാസ്ത്രം നടത്തുമെന്ന്‍ അന്നാരും കരുതിയിരിക്കില്ല. പതിമ്മൂന്നാം നൂറ്റാണ്ടിലെ കാഴ്ചപ്പാടുകള്‍, അരിസ്ടോട്ടിലിന്റെ ചിന്തകളില്‍ ചാലിച്ചെടുത്ത് വി. തോമസ്‌ അക്വീനാസ് ക്രമപ്പെടുത്തിയതാണ് ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവശാസ്ത്രവും തത്ത്വചിന്തകളും. സ്വേശ്ചാധിപന്മാരായ രാജാക്കന്മാരും എകാധിപതികളായിരുന്ന  പ്രഭുക്കന്മാരും സാധാരണക്കാരെ അടിച്ചമര്ത്തി   ഭരിച്ചുകൊണ്ടിരുന്ന ഫ്യുഡല്‍ സമ്പ്രദായം പരുവപ്പെടുത്തിയ സാമൂഹ്യ സംസ്കാരമായിരുന്നു അന്നുണ്ടായിരുന്നത്. ഒരലൌകിക സാമ്രാജ്യവുമായി സല്ലപിച്ചുകൊണ്ടിരുന്നെങ്കിലും, താത്കാലിക ഭൌതിക അധികാരങ്ങള്ക്കും, പദവികള്ക്കും, അപ്രമാദിത്വത്തിനും വേണ്ടിയൊക്കെ സഭാധികാരികള്‍ അന്നും ശ്രമിച്ചിരുന്നു. ലോകം കണ്ടത്തില്‍ ഏറ്റവും ഹീനമായ അട്ടിമറികള്ക്കും, അടിമത്വ സംസ്കാരത്തിനും, വര്ഗ്ഗീയ വിവേചനത്തിനും, മനുഷ്യാവകാശ ധ്വംസനങ്ങള്ക്കുമെല്ലാം  സഭയന്നു സാക്ഷ്യം വഹിച്ചു. മരണാനന്തര ജീവിതത്തിലേക്കുള്ള വഴികള്‍ തുറക്കുന്ന വ്യഗ്രതയില്‍ ലൈംഗിതയെപ്പറ്റിയും, ജീവിതത്തെപ്പറ്റിയും, അതിലെ വ്യാകുലതകളെപ്പറ്റിയുമൊക്കെ  വിരുദ്ധ ചിന്തകള്‍ പഠിപ്പിക്കുകയും, ആദ്ധ്യാത്മിക ജീവിതത്തില്‍ സന്യാസാന്തസ്സിനു അമിത പ്രാധാന്യം കല്പ്പിക്കുകയും ചെയ്തു.  വ്യാകുലതകളും, പ്രതിബന്ധങ്ങളുടെയുമൊക്കെ ആകെത്തുകയായി ജീവിതത്തെ നിര്‍വ്വചിക്കുന്നതിനിടയില്‍ ആഘോഷിക്കപ്പെടേണ്ട ഒന്നും അവര്‍ മനുഷ്യജീവിതത്തില്‍ കണ്ടതേയില്ല; ഏറ്റവും ദൌര്ഭാഗ്യകരം അന്നത്തെ ഈ ഭൂതകാലത്തില്‍ തന്നെയാണ് ഇപ്പോഴും നമ്മുടെ ദൈവശാശ്ത്രം രമിച്ചുകൊണ്ടിരിക്കുന്നതെന്നതാണ്. 

ഈ പശ്ചാത്തലം പരിഗണിച്ചു വേണം മതജീവിതത്തെപ്പറ്റിയും ആധ്യാത്മികതയെപ്പറ്റിയുമൊക്കെയുള്ള മാര്ഗ്ഗരേഖകള്‍ ആധുനിക കാലത്ത് നാം രൂപപ്പെടുത്തേണ്ടത്. മഹാനായ വി. തോമസ്‌ അക്വീനാസിന് മരണസമയത്ത്‘ താനെഴുതിയത് മുഴുവന്‍ വെറും തൃണമായിരുന്നെന്നു’ (mihi videtur ut palea), എന്ന് പറയാനുള്ള ധൈര്യമുണ്ടായെങ്കില്, നമുക്ക് ശരിയെന്നു തോന്നുന്നത് പറയാനുള്ള ആത്മാര്‍ഥതയും ധൈര്യവും നമുക്കും ഉണ്ടാവേണ്ടതാണ്. എന്നിട്ടും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ സഭ ഇന്നും മഹത്വവല്ക്കകരിക്കുന്നു. ഇന്നത്തെ സഭയെ മനസ്സിലാക്കാന്‍ വി. തോമസ്‌ അക്വിനാസ് പറഞ്ഞുവെച്ച ചില കാര്യങ്ങള്‍ കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. അടിമത്തത്തെ പ്രകൃതിനിയമം എന്നാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. കുറ്റബോധമില്ലാത്ത സഭാവിരുദ്ധ ചിന്തകരെ പുറന്തള്ളണമെന്നും, അവര്‍  ദൈവത്താല്‍ നിയോഗികതരായ രാജാക്കന്മാരാല്‍ വധിക്കപ്പെടണമെന്നുമാണ് അദ്ദേഹം പഠിപ്പിച്ചത്. അടിച്ചമര്ത്തപ്പെട്ടവരെ മോചിപ്പിക്കാന്‍ വന്ന ക്രിസ്തുവിന്റെ കാഴ്ചപ്പാട് ഇതായിരുന്നില്ല. രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ ഈ നിലപാടില്‍ നിന്നൊരു മാറ്റം നിര്‍ദ്ദേശിച്ചെങ്കിലും അത് ഫലം കണ്ടില്ല.

ഇപ്പോഴത്തെ വൈദിക പരിശീലനക്രമവും, ഇതിലൂടെ കടന്നുപോയ ഇപ്പോഴത്തെ നേതൃതത്വത്തിന്റെ ചിന്താഗതിയും മനസിലാക്കേണ്ടത് ഇവിടെ അത്യാവശ്യമാണ്. അപ്പോഴേ, ഇപ്പോള്‍ ലഭിക്കുന്ന പരിശീലനം ക്രിസ്തു നിവേശിതമല്ല, പകരം മദ്ധ്യകാലഘട്ട വികല തത്ത്വങ്ങളാണെന്നു  മനസ്സിലാക്കാന്‍ കഴിയൂ. അതുകൊണ്ടാണ് മെത്രാന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ മാതൃകാപരമായ വിശുദ്ധിക്ക് പകരം അവരുടെ ഭരണ പാടവവും റോമിനോടുള്ള വിധേയത്വവും യോഗ്യതയായി പരിഗണിക്കപ്പെടുന്നത്. യേശുവിനു ദൈവത്തോടുണ്ടായിരുന്ന അതേ വിധേയത്വത്തിന്റെ തുടര്ച്ചയെന്നു ആരോപിക്കപ്പെടുന്ന ഒരു ചങ്ങലയില്‍ അവരെയും ബന്ധിച്ചിരിക്കുന്നു. ക്രിസ്തുവിന്‍റെ സര്‍വ്വശക്തിയായ ധ്യാനാനുഭൂതി രക്ഷക്ക് പര്യാപ്തമാവില്ലായെന്നു പറഞ്ഞ് അനേകം അനാവശ്യ മാധ്യമങ്ങളെ ഇടയില്‍ തിരുകി കയറ്റിയത് സഭയുടെ താത്പര്യപ്രകാരമാണ്. ക്രിസ്തുവിന്റെ പഠനങ്ങളെ അനുധാവനം ചെയ്യുന്ന ഒരാളെ പ്രതിനിധീകരിക്കാന്‍, മറിയത്തെയോ, ഏതെങ്കിലും വിശുദ്ധന്മാരെയോ, മറ്റാരെയെങ്കിലുമോ, മാര്‍പ്പാപ്പയെ തന്നെയോ ക്രിസ്തു ചുമതലപ്പെടുത്തിയിട്ടില്ല.

സഭ മനുഷ്യാവകാശങ്ങളെ അംഗീകരിക്കുകയും, മനുഷ്യപ്രകൃതിയെ സംബന്ധിക്കുന്ന  ആധുനിക ഉള്ക്കാഴ്ച്ചകളെ ബഹുമാനിക്കുകയും ചെയ്തുകൊണ്ട് മഹത്തായ ഒരു ദൈവശാസ്ത്രത്തിനു ശക്തമായ അടിത്തറ പണിയേണ്ടതുണ്ട്. അതിന്റെ് എല്ലാ പോരായ്മകളോടുംകൂടെ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്. ഇതിനു വളരെയേറെ എളിമ മനോഭാവവും, പരി. ആത്മാവിലും, പരി. ആത്മാവ് നയിക്കുന്ന മനുഷ്യവംശത്തിലും ഏറിയ വിശ്വാസവും ആവശ്യമാണ്. മാര്പ്പാപ്പയുടെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് സഭ ഈ ജനാധിപത്യ രീതി  അനുവര്ത്തിക്കുന്നതെന്നുള്ളത് കൌതുകകരമായ കാര്യമാണ്. മാര്പ്പാപ്പയുടെ കാര്യത്തില്‍ ഈ തിരഞ്ഞെടുപ്പ് രീതി മാതൃകാപരമെങ്കില്, മെത്രാന്മാരുടെയും കര്ദ്ദിനാളന്മാരുടെയും തിരഞ്ഞെടുപ്പുകളിലും ഇത് മോശമായിരിക്കാന്‍ ഇടയില്ല. ആഗോളതലത്തില്‍ തള്ളപ്പെട്ട ഏകാധിപത്യം സഭ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അനുസരണയുടെ മറവില്‍ ഏകാധിപത്യം പരിശീലിക്കുന്നത് വലിയ തെറ്റ് തന്നെയാണ്. ഏകാധിപത്യം പൊതുവേ അതിക്രമവും ദുഷ്വൃണതയുമാണ്. എന്തിനെയും വിശുദ്ധീകരിക്കുകയെന്ന സഭയുടെ സമീപകാല കാഴ്ചപ്പാടിനോട് ചേര്ത്തുവെച്ചു മഹത്വവല്ക്കരിക്കപ്പെടെണ്ട ഒന്നല്ല, ഏകാധിപത്യം. പുതിയ പുതിയ കണ്ടുപിടുത്തങ്ങളോടും, പുതിയ പുതിയ ഉള്ക്കാഴ്ചകളോടും സമരസപ്പെട്ട്‌ വചനങ്ങളുടെ വെളിച്ചത്തില്‍ മനുഷ്യനെ നയിക്കാന്‍ പര്യാപ്തമായ ഒരു ദൈവശാസ്ത്രമാണ് നമുക്ക് വേണ്ടത്.

ഉരുത്തിരിഞ്ഞു വരുന്ന ഉപഭോഗ സംസ്കാരവും മനുഷ്യാവകാശ ലംഘനങ്ങളും സഭയുടെ വിമര്ശനത്തിനു വിധേയമാകേണ്ടതാണ്. ഉപഭോഗ സംസ്കാരം മാനുഷിക മൂല്യങ്ങളെ നശിപ്പിക്കുന്നു. ദൈവരാജ്യത്തിലെ മൂല്യങ്ങളായി പരിഗണിച്ചുകൊണ്ട് മനുഷ്യാവകാശത്തെ സഭ എല്ലാ തലത്തിലും ആദരിക്കേണ്ടതുണ്ട്. ഔദ്യോഗിക സഭ ഇങ്ങിനെയൊരു കാഴ്ചപ്പാട് ഉള്ക്കൊണ്ടിരുന്നെങ്കില്‍ ഫെബ്രുവരി 28ന്  കൊച്ചിയില്‍ വിപുലമായൊരു യോഗം വിളിച്ചുകൂട്ടേണ്ട ആവശ്യം ആര്‍ക്കും വരികയേ ഇല്ലായിരുന്നു. ഈ മഹാ സമ്മേളനത്തിന്റെ പരിഗണനക്കായി ഏതാനും കാര്യങ്ങള്‍ ഞാന്‍ സൂചിപ്പിക്കട്ടെ.

1.    എല്ലാ സഹൃദയരും ഒന്നുചേര്ന്ന്  സന്ന്യസ്ഥ ജീവിതം വിടുന്നവരോടുള്ള സാമൂഹ്യ വിവേചനത്തിനെതിരെ ശക്തമായ ബോധവത്കരണ നടത്തണം. ഇവരോടുള്ള മനോഭാവം എന്നന്നേക്കുമായി നാം തിരുത്തേണ്ടതുണ്ട്. എല്ലാവര്ക്കും ദൈവദത്തമായി ലഭിച്ചിട്ടുള്ള ഒരു വരമാണ് ആരെയും ദ്രോഹിക്കാത്ത തീരുമാനങ്ങള്‍ എടുക്കുകയെന്നതും, അത് സാഹചര്യത്തിനനുസരിച്ച് വിവേകത്തോടെ മാറ്റുകയെന്നതും. ആരും അതില്‍ ഇടപെടാതിരിക്കട്ടെ.

2.    മെത്രാന്മാരും മതാധിപന്മാരും സഭാനവീകരണത്തിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാവരും ഒന്ന് ചേര്ന്ന്  സഭാ ജീവിതം വിടുന്നവര്ക്ക് മാന്യമായ നഷ്ടപരിഹാരവും വേണ്ട ബഹുമാനവും, അന്തസ്സോടെ തുടര്‍ജീവിതം നയിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കുക. ലഭ്യമായ എല്ലാ സാധ്യതകളും ഈ മാറ്റം ആയാസരഹിതമാക്കാന്‍ വേണ്ടി ഉപയോഗിക്കുക. നമ്മുടെ സമീപനം ഇപ്പോഴും അനുരജ്ഞനത്തിന്റെ‍താവണം അല്ലാതെ മത്സരത്തിന്റെതാവരുത്. ഈ ഐക്യപ്പെടല്‍ ശുദ്ധമായ സ്നേഹത്തില്‍ നിന്ന് ഉയിരെടുത്തതുമായിരിക്കണം. ക്ഷമയുടെയും യോജിപ്പിന്റെയും മാര്ഗ്ഗങ്ങള്‍ അവലംഭിക്കുന്നതിലൂടെ ക്രിസ്തു കാട്ടിത്തന്ന മനോജ്ഞമായ സ്നേഹത്തിന്റെ മനോഭാവം നമ്മുടെ ഹൃദയത്തിലും മനസ്സിലും നിറഞ്ഞു നില്ക്കട്ടെ. ക്രിസ്തുവിന്റെ സന്ദേശം പ്രവര്ത്തിക്കുന്ന മാതൃകാസന്യസ്ഥരുടെ സേവനങ്ങള്‍ കൂടുതല്‍ വിസ്തൃതമാക്കുവാനും അവ നവീകരിക്കപ്പെടുവാനും ശ്രദ്ധിക്കുക. ഉത്ഥാനം ചെയ്ത ക്രിസ്തുവിനെ പ്രാദേശിക പശ്ചാത്തലത്തില്‍ ഉള്ക്കൊള്ളാന്‍ സഹായിക്കുന്ന ഒരു ക്രമീകരണവും നാം ചെയ്യേണ്ടതുണ്ട്.

3.    സന്യസ്ഥ ജീവിതം വിടുന്ന വ്യക്തികളുടെ ലക്ഷ്യങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും ബഹുമാനത്തോടെയും സഹഭാവത്തോടെയും പരിഗണിക്കുകയും അനുകൂലമായ ഒരു മനോഭാവം ഉണ്ടാക്കേണ്ടതുമാണ്. പുനരധിവാസം ആവശ്യമുള്ളവരെ ആ രീതിയില്‍ സഹായിക്കാന്‍ തയ്യാറാവുകയും വേണം.   

Swami Snehananda Jyoti (Fr. John K. Thekkedam)  / February 8, 2015

Transition for Priests and Sisters എന്ന ലേഖനത്തിന്റെ വിവർത്തനം - സക്കറിയാസ് നെടുങ്കനാൽ 

1 comment:

  1. "ദൈവവിളി"എന്ന ഈ പ്രയോഗംതന്നെ ഒരു തെറ്റിദ്ധാരണയാണ് ! കാരണം , അരൂപിയായ ദൈവത്തിനു ആരെയും പേരെടുത്തു വിളിക്കാനോ അരുളിചെയ്യാനോ ഒരുനാവില്ല എന്നതുതന്നെ ! 'വിളിക്കുക' എന്ന പ്രയോഗവും തെറ്റ്! തന്നില്‍നിന്നും അന്യമായ ഒന്നിനെയല്ലേ ദൈവം വിളിക്കേണ്ടത്!? സര്‍വവ്യാപിയായ ദൈവത്തില്‍നിന്നും 'അന്യമായി' എന്ന തോന്നലാണ് (പുരോഹിതന്റെ ജല്പനമാണ്) നാം ദൈവത്തെ വിളിക്കാനും, 'ദൈവം നമ്മെ വിളിച്ചു' എന്നതോന്നലിനും കാരണം! ഈവക പൊട്ടത്തരങ്ങളെല്ലാം പറഞ്ഞുപരത്തിയതോ, ദൈവത്തെപ്പറ്റി ഒരുപുട്ടും അറിയാത്ത "കാളക്കത്തനാരും വാകീറിപ്പാസ്ടരും"! നമ്മുടെ പാവം അഭയയെ ഏതു ദൈവമാണ് വിളിച്ചത് കര്‍ത്താവിന്റെ മണവാട്ടിയാകാനും ഒടുവില്‍ സത്യം ലോകത്തെ അറിയിക്കാന്‍ ഒരു കാരണമാകാനും ? അല്ലാഹുവിന്റെ നാമം അലറിക്കൊണ്ട്‌ സഹോദരന്റെ കഴുത്തറക്കുന്ന മതതീവ്രവാദികളെ ഏതു ദൈവമാണ് വിളിച്ചത് ഈ കൊടും ക്രൂരതചെയ്യുവാന്‍ ? ഏതു ഭാഷയിലായിരുന്നു ദൈവത്തിന്റെ ആ വിളി ? ("സ്നേഹമില്ലെന്നാല്‍ പിന്നേതുമില്ല ,സ്നേഹമാണീശന്‍റെ ഭാഷ കേള്‍ക്കൂ ") ഞാന്‍ അറിയാതെ പാടിപ്പോയതാണ് ! ദൈവത്തെപ്പറ്റിയുള്ള പല മതങ്ങളിലെ വിവരമില്ലാത്ത, കപടതനിറഞ്ഞ പുരോഹിതരുടെ സങ്കല്പ വികല്പനങ്ങളാണിവയെല്ലാംതന്നെ! അവരെ വിശ്വസിച്ച തലമുറകള്‍ ദൈവത്തെ അറിയാതെ കടന്നുപോയി ! നാമും അങ്ങിനെ മൃഗതുല്യരാകാതിരിക്കാന്‍ പുരോഹിതമന്ത്ര/തന്ത്രങ്ങള്‍ മതിയാക്കിയെ മതിയാവൂ ! ദൈവത്തെ അറിയുവാന്‍ ഒരുവന്‍ 'സ്വയം' അറിയണം ,സ്വയമറിയാൻ ധ്യാനമാണ് ഏക വഴിയെന്നു, വഴിയും സത്യവുമായവന്‍ നമ്മോട് വി. മത്തായി ആറില്‍ മൊഴിഞ്ഞില്ലേ ? കത്തനാരാവചനം കൂദാശജല്‍പ്പനങ്ങള്‍ക്കിടയില്‍ മൂടി വീണ്ടും കൂദാശ ചെയ്തുറക്കി !

    ഈ ലേഖനം എന്റെ മനസിനേറ്റം പ്രിയനായ ആദരനീയനായ ഫ്ര .ജോണ്‍ ( പപ്പചായന്‍ ) എഴുതിയത് ഒരുകുറിയല്ല പലവട്ടം വായിക്കാനും മറ്റുള്ളവര്‍ക്ക്പകരാനും ഇന്നിന്റെ സുവിശേഷകരെ നിങ്ങള്ക്ക് കഴിയുമാറാകട്ടെ ,ആമ്മേന്‍ !

    ReplyDelete