Translate

Saturday, February 7, 2015

വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതാന്തസ് എന്തുകൊണ്ട് ഉപേക്ഷിക്കുന്നു?


By ചാക്കോ കളരിക്കൽ

കഴിഞ്ഞ അര നുറ്റാണ്ടിനിടെ ലോകവ്യാപകമായി ഒരു ലക്ഷത്തി ഇരുപതിനായിരം (1,20,000) വൈദികർ അവരുടെ വൈദികവൃത്തി ഉപേക്ഷിച്ച് പോയിട്ടുണ്ട്. 1965-ൽ അമേരിക്കയിൽ ഒരു ലക്ഷത്തി എണ്‍പതിനായിരം (1,80,000) കന്യാസ്ത്രികൾ സേവനം ചെയ്തിരുന്നു. ഇന്നത്‌ വെറും മുപ്പതിനായിരം (30,000) മാത്രം. പതിനഞ്ചു വർഷം കൂടി കഴിയുമ്പോൾ അത് പതിനായിരമായി (10,000) കുറയുമെന്ന് കണക്കുകൾ കാണിക്കുന്നു. ഇതു കേട്ടാൽ ആർക്കാണ് നടുക്കം തോന്നാത്തത്? വൈദികരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിച്ച് പോകുന്ന വിഷയം ഗഹനമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്. സഭ എന്നും മുടിചൂടി നില്ക്കുന്നു എന്ന മിഥ്യാധാരണയാണ് സഭാധികാരികൾക്ക് എന്നുമുള്ളത്. സഭയുടെ അടിസ്ഥാനം പത്രോസാകുന്ന പാറയിലാണെന്നും ആ പാറ തകരുകയില്ലെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ സഭയുടെ അധ:പതനം അവർക്ക് കാണാൻ കഴിയുന്നില്ല. അവരുടെ അധികാരകസേര ഉറപ്പിക്കുന്നതിലാണ് അവർക്ക് ശ്രദ്ധ! ചെറിയതും പരിശുദ്ധവുമായ ഒരു സഭയിൽ അവർ സന്തുഷ്ടരാണ്. 
വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതവൃത്തി ഉപേക്ഷിച്ച് പുറം ലോകത്തേക്ക് പോകുന്നതിൻറെ കാരണങ്ങളെ സംബന്ധിച്ച് സാധാരണ ജനങ്ങളുടെ ഇടയിൽ തെറ്റായ അറിവുകളും തെറ്റായ ധാരണകളുമുണ്ട്. ലൈംഗീകത ഇല്ലാതെ അവിവാഹിതരായി ജീവിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് അവർ അവരുടെ ജീവിതാന്തസ് ഉപേക്ഷിക്കുന്നതെന്നാണ് ബഹുഭൂരിപക്ഷം സഭാപൌരരും വിശ്വസിക്കുന്നത്. പ്രബലമായ ഈ ധാരണക്ക് അടിസ്ഥാനമൊന്നുമില്ല. അവർ അവരുടെ തിരുവസ്ത്രം ഉപേക്ഷിക്കുന്നതിൻറെ ഒരു കാരണം മാത്രമാണത്. സഭാമേലധികാരികളും യാഥാസ്ഥിതികരായ സഭാപൌരരും സഭാസേവനം ഉപേക്ഷിക്കുന്ന പുരോഹിതരും കന്യാസ്ത്രികളും വഴിതെറ്റിയ മോശക്കാരാണന്നും അവരുടെ 'ദൈവവിളി'യെ പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും അപ്രാപ്തരാണന്നും അവർ അതിൽ പരാജയപ്പെട്ടവരാണന്നും വിലയിരുത്തുന്നു.
ഇത്തരം ധാരണകൾ തികച്ചും സത്യവിരുദ്ധമാണ്. അക്കാരണത്താൽത്തന്നെ പുരോഹിതരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിക്കുന്നതിൻറെ അടിസ്ഥാന കാരണങ്ങൾ എന്തെന്ന് നാം കുറെയെങ്കിലും മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
സഭാസേവനത്തോട് വിടപറയുന്ന വൈദികരും കന്യാസ്ത്രികളും ആരംഭകാലത്ത് യാഥാസ്ഥിതിക ചിന്തകരും റോമിലെ പോപ്പിന് വിധേയത്വം പ്രഖ്യാപിച്ചവരും ആയിരുന്നു. എങ്കിലും ആത്യന്തികമായി ദൈവത്തിൻറെ കൃപാവരം അവരിൽ പ്രവർത്തിക്കുകയും അവരുടെ ജീവിതത്തിൽ ഒരു വ്യക്തി എന്ന നിലയിൽ ആരോഗ്യപരമായ പരിവർത്തനങ്ങൾ സംഭവിക്കുകയും ചെയ്തു. അതിൻറെ പരിണതഫലമായി അവരുടെ അധ്യാത്മികജീവിതം അസ്വസ്ഥമാകുകയും ചിലപ്പോഴൊക്കെ ദുരിതപൂർണ്ണമാകുകയും ചെയ്യുന്നു. ആ അവസ്ഥയിൽനിന്നുള്ള വിമോചനമാണ് ബാഹ്യലോകത്തേക്കുള്ള  അവരുടെ കാല് വെയ്പ്പ്.
ഇടവക സമൂഹത്തിൻറെ എല്ലാവിധ ഉന്നമനത്തിനുംവേണ്ടി അഹോരാത്രം കഠിനാദ്ധ്വാനം ചെയ്യുന്ന നല്ല വൈദികരും ആതുരശുശ്രൂഷയിലും സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിച്ച നല്ല കന്യാസ്ത്രികളും അവരുടെ തിരുവസ്ത്രങ്ങൾ ഊരിവച്ച് വരാൻ പോകുന്ന അനിശ്ചിതങ്ങളെയും യാതനകളെയും മുൻപിൽ കണ്ടുകൊണ്ടുതന്നെ സഭാശുശ്രൂഷ ഉപേക്ഷിച്ചു പോകുന്നു. അത്തരം ഒരു തീരുമാനത്തിൻറെ പിന്നിൽ സാധാരണ വിശ്വാസിക്ക് അറിയാൻ സാധിക്കാത്ത നൂറുകണക്കിന് കാരണങ്ങൾ കാണും. ഓരോ പുരോഹിതൻറെയും ഓരോ കന്യാസ്ത്രിയുടെയും ജീവിതാനുഭവങ്ങളും ജീവിതകഥകളും വിഭിന്നങ്ങളാണ്. അവർ തെരഞ്ഞെടുത്ത ജീവിതാന്തസ് ഉപേക്ഷിക്കുന്നതിൻറെ കാരണങ്ങളും വിഭിന്നങ്ങളായിരിക്കും. എങ്കിലും അവരുടെ അപ്രിയ തീരുമാനത്തിൻറെ അടിയൊഴുക്കായി ചില കാരണങ്ങൾ പൊതുവായി തെളിഞ്ഞുകാണാൻ കഴിയും.
ഒട്ടധികം പുരോഹിതരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതരീതി ഉപേക്ഷിച്ചുപോകുന്നത്  സഭയുടെ പഠനങ്ങൾ, സിദ്ധാന്തങ്ങൾ, ദുരാചാരങ്ങൾ, നിയമനടപടിക്രമങ്ങൾ, മേലധികാരികളുമായുള്ള വിയോജിപ്പ്‌ തുടങ്ങിയ കാരണങ്ങൾകൊണ്ടാണ്. പ്രായം വർദ്ധിച്ചുവരുകയും വിശ്വാസത്തിൽ വളർച്ചപ്രാപിക്കുകയും ചെയ്യുമ്പോൾ അവരുടെ ഉള്ളിൽ കാതലായ അനേകം ചോദ്യങ്ങൾ ഉയരുന്നു: ഈ സഭ മനുഷ്യനിർമ്മിതമല്ലേ? ശിശു ജ്ഞാനസ്നാനം ശരിയോ? പറഞ്ഞുകുമ്പസാരത്തിൻറെ ആവശ്യമെന്ത്? വിഗ്രഹങ്ങളെ എന്തിന് വന്ദിക്കുന്നു? ദൈവത്തിൻറെ അമ്മയായി മറിയമിനെ എന്തിന് വണങ്ങുന്നു? യേശു കന്യാഗർഭം വഴിയാണോ ജനിച്ചത്? മറിയം ആത്മശരീരങ്ങളോടെ സ്വർഗപ്രാപ്തയായോ? ശുദ്ധീകരണസ്ഥലം എന്നൊരു അവസ്ഥയുണ്ടോ? ജന്മപാപം എന്നൊരു പാപമുണ്ടോ? പത്രോസിന്റെ ഒന്നാം സ്ഥാനം മനുഷ്യസൃഷ്ടിയല്ലേ? പോപ്പിനുള്ള അപ്രമാദിത്വത്തിൻറെ അടിസ്ഥാനമെന്ത്? ദിവ്യബലിയിലെ അപ്പത്തിലും വീഞ്ഞിലും യേശുവിൻറെ യഥാർത്ഥ സാന്നിധ്യമുണ്ടോ? ഗർഭധാരണപ്രതിരോധനം, സ്ത്രീ പൌരോഹിത്യം, വൈവാഹിത പൌരോഹിത്യം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാട് സാധൂകരിക്കാൻ ന്യായങ്ങളെന്ത്? ഈ സിദ്ധാന്തങ്ങളൊക്കെ വെറും വിശ്വാസങ്ങളല്ലേ? ഇത്തരം വിശ്വാസങ്ങൾ വേദപുസ്തകത്തിനു വിരുദ്ധമല്ലേ? ബാലികാബാലന്മാരെ ലൈംഗികമായി ദുരുപയോഗിച്ച വൈദികരും മെത്രാന്മാരും ശിക്ഷാർഹരായ കുറ്റക്കാരല്ലേ? ഇത്തരം അനേകം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ പഠിക്കുകയും മനനം ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾതന്നെ അവർക്ക് സത്യവും നീതിയും സ്നേഹവും നിറഞ്ഞ ഒരു സമൂഹമായി കത്തോലിക്കാസഭയെ കാണാൻ കഴിയാതെയും വരുന്നു. സഭ ഒരു വലിയ സംഘടനയായി കാണപ്പെടുന്നു. ആ സംഘടനയിൽ സാധാരണ വ്യക്തികൾക്ക് സ്ഥാനമില്ല. അവരെ ഒറ്റപ്പെടുത്തുന്നു. ആ സംഘടന അവിവാഹിതരായ വൃദ്ധപുരുഷന്മാരാൽ നിയന്ത്രിക്കപ്പെടുന്നു. അവർ വൈദികരുടെയും കന്യാസ്ത്രികളുടെയും വ്യക്തിഗത ആവശ്യങ്ങളെ നിർവികാര്യതയോടെ കാണുന്നവരാണ്. അവർക്ക്  അവരുടെ പ്രാമാണികത്വവും അധികാരവും പ്രയോഗിക്കുന്നതിലും സുഖലോലുപജീവിതത്തിലുമാണ് ജാഗ്രത. സഭയുടെ സിദ്ധാന്തങ്ങളുമായി പൊരുത്തപ്പെട്ടുപോകാത്ത സഭാകൂട്ടായ്മകളെയും ദൈവശാസ്ത്രജ്ഞരെയും സാധാരണ വിശ്വാസികളെയും ശപിച്ചു പുറം തള്ളുന്നു (anathema/excommunication). തന്നെ ക്രൂശിച്ചവരോട് നിരുപാധികം ക്ഷമിച്ച യേശുവിൻറെ മാതൃക എവിടെ? സഭാധികാരികൽക്ക് എങ്ങനെ ഒരേസമയം അനുഗ്രഹിക്കാനും ശപിച്ചുതള്ളാനും കഴിയും? ഈ സഭയുടെ വക്താക്കളായി തുടരാൻ ധാരാളം വൈദികരും കന്യാസ്ത്രികളും വിസമ്മതിക്കുന്നു. സഭാസേവനം ഉപേക്ഷിച്ചുപോകാൻ അത് കാരണമാകുകയും ചെയ്യുന്നു.
ബഹുഭൂരിപക്ഷം സഭാധികാരികളും വിശ്വാസികളും സഭാപഠനങ്ങളെ കാര്യമായി ഗൗനിക്കാതെ വ്യത്യസ്തമായ ഒരു ജീവിതമാണ് നയിക്കുന്നതെന്ന് ഇറങ്ങിപ്പോകുന്ന വൈദികർക്കും കന്യാസ്ത്രികൾക്കും നന്നായറിയാം. എല്ലാ ഞായറാഴ്ചയും ദിവ്യബലി അർപ്പിക്കുന്നതും ദിവ്യബലിയിൽ സംബന്ധിക്കുന്നതും തൻറെ നിത്യരക്ഷയുമായി യാതൊരു ബന്ധവുമില്ലന്ന് അവർ തിരിച്ചറിയുന്നു. സഭ ക്രിസ്തുവിൻറെ മണവാട്ടിയല്ലെന്ന് അനുഭവസിദ്ധമാക്കിയവരാണവർ. അവരുടെ നിത്യരക്ഷയ്ക്ക് മറ്റ് മാർഗങ്ങളുണ്ടെന്നും അവർ മനസിലാക്കുന്നു. ദൈവാനുഭവവും വിശ്വാസവും ആധ്യാത്മികതയുമെല്ലാം വ്യക്തിപരമാണന്നവർക്കറിയാം. വിശ്വാസത്തെ ആരിലും ആർക്കും അടിച്ചേൽപ്പിക്കാൻ സാധിക്കയില്ല. അകൃത്രിമമായ ഒരു ജീവിതത്തിനുവേണ്ടി സ്വന്തം ബോദ്ധ്യങ്ങൾക്കനുസൃതമായിട്ടാണ് ചില വൈദികരും കന്യാസ്ത്രികളും ഇരുപതും മുപ്പതും വർഷങ്ങൾക്കുശേഷം പുറംലോകത്തേയ്ക്ക് പോകുന്നത്.
സഭാഭരണകർത്താക്കളിലധികവും കഠിന ഹൃദയരും സിദ്ധാന്തകാവൽക്കാരുമായ പൊലീസുകാരാണ്. കഴിഞ്ഞ മുപ്പതു വർഷംകൊണ്ട് സഭയുടെ ഹയരർക്കി ഇത്തരക്കാരെകൊണ്ട് കുത്തിനിറച്ചിരിക്കയാണ്. അവരുടെ കീഴിൽ വേലചെയ്യുന്ന വൈദികരും കന്യാസ്ത്രികളും അവരുമായി നിരന്തരം യുദ്ധത്തിലുമാണ്. സഭയിൽത്തന്നെ മറ്റ് പോംവഴികൾ കാണാൻ സാധിക്കാതെ അളമുട്ടി നില്ക്കുന്നവർ അല്മായ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നു. ഇവരെയെല്ലാം പതിനാറോ പതിനെട്ടോ വയസ്സിൽ സെമിനാരികളിലോ മഠങ്ങളിലോ ചേർത്തതാണ്. അപക്വമായ വയസ്സിൽ പുരോഹിത/സന്യസ്ത ജീവിതം തെരഞ്ഞെടുത്ത ഇവരിൽ നല്ലൊരു വിഭാഗം കാര്യത്തിൻറെ ഗൌരവം പൂർണ്ണമായി മനസ്സിലാക്കാതെ പ്രതിജ്ഞ/വ്രതം ചെയ്തവരാണ്. അവരുടെ നിഷ്കളങ്കമായ പ്രതിജ്ഞകൾ /വ്രതങ്ങൾ അർത്ഥശൂന്യങ്ങളാണ്. അത് തിരിച്ചറിയുമ്പോൾ പുറം ലോകത്തേയ്ക്ക് പോകുന്ന വഴിയെ അവരുടെ മുൻപിൽ കാണുകയൊള്ളു. "വിളിക്കപ്പെട്ടവർ വളരെ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം" (മത്താ. 22: 14); "കലപ്പയിൽ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗരാജ്യത്തിന് യോഗ്യനല്ല" (ലൂക്കോ. 9: 62) തുടങ്ങിയ വേദവാക്യങ്ങൾ ഉദ്ധരിച്ചു് സെമിനാരി വിദ്യാർത്ഥികളെയും കന്യാസ്ത്രി പരിശീലനം ചെയ്യുന്നവരെയും വിരട്ടി നിർത്താൻ അവരുടെ മേലധികാരികൾ ശ്രമിക്കാറുണ്ട്. ചില അർത്ഥികൾക്ക് അവരുടെ ഇത്തരം കാപട്യങ്ങൾ താങ്ങാനാവുന്നതല്ല. അവർ ധൈര്യപൂർവം സഭാസേവനം ഉപേക്ഷിച്ചുപോകുന്നു.
പുരോഹിതരുടെയും കന്യാസ്ത്രികളുടെയും വ്യക്തിജീവിതത്തിൽ സഭ എന്തുമാത്രം അതിക്രമിച്ചുകയറുന്നുണ്ടെന്ന് അനുഭവസിദ്ധമാകുബോഴാണ് അവർ നിരാശരാകുന്നത്; അവരുടെ ജീവിതസ്ഥിതിയോട് വെറുപ്പ് തോന്നിത്തുടങ്ങുന്നത്. ദൈവദത്തമായ സ്വാതന്ത്ര്യത്തെ കണ്ടെത്താനുള്ള തീവ്രതയിൽ അവരുടെ ജീവിതവൃത്തിയെ ഉപേക്ഷിക്കാൻ അവർ തയ്യാറാകുന്നു. വിശ്വാസത്തിൻറെ വളർച്ച സ്വാതന്ത്ര്യത്തെ കണ്ടെത്താനും പ്രേരകമാകുന്നു. അപ്പോൾ യേശുവുമായുള്ള അവരുടെ തീർത്ഥയാത്ര യഥോചിതം തുടരാനും സാധിക്കുന്നു. മദ്ധ്യകാലനൂറ്റാണ്ടിലെ സഭയും അതിൻറെ അധികാരശ്രേണിയും കല്പിച്ച പൗരൊഹിത്യ/കന്യാസ്ത്രി അവസ്ഥ വഴിമാറി മറ്റ് ജീവിതാന്തസിലേയ്ക്ക് പ്രവേശിക്കാൻ പ്രചോദനമാകുന്നു. ചില വൈദികരും കന്യാസ്ത്രികളും  പീഡനങ്ങൾ സഹിച്ച് സഭയിൽ തുടരുന്നു.
പട്ടംകൊടുക്കൽ ശുശ്രൂഷ പഠിച്ചാലറിയാം പുരോഹിതർ മെത്രാൻറെ വിപുലീകരണം (എക്സ്റ്റൻഷൻ) മാത്രമാണന്ന്. മെത്രാനില്ലാതെ ഒരു പുരോഹിതന് സ്വന്തം വ്യക്തിത്വം (identity) ഇല്ല. ഓരോ പുരോഹിതാൻറെയും പൌരോഹിത്യ ആസ്തിത്വം മെത്രാനിൽ നിക്ഷിപ്തമാണ്. മെത്രന്മാരാണ് വൈദികരെ നിയന്ത്രിക്കുന്നത്‌. വൈദികർ അടിമകളെപ്പോലെ മെത്രാനുവേണ്ടി പണിയെടുക്കുന്നു; ഇടവകക്കാർക്കുവേണ്ടിയല്ല. അത് വ്യക്തമാകണമെങ്കിൽ മാർതോമ്മ നസ്രാണി ക്രിസ്ത്യാനികളുടെ കത്തനാരന്മാരെ പഠിച്ചാൽ മതി. അവർ ഇടവകാംഗങ്ങളാൽ തെരഞ്ഞെടുത്ത് പട്ടത്തിനുപഠിപ്പിച്ച് പട്ടമേറ്റ് ആ ഇടവക്കുവേണ്ടി സേവനം ചെയ്തിരുന്നു. പാശ്ചാത്യരുടെ ആഗമനത്തോടെ ആ സമ്പ്രദായം മാറ്റി മെത്രാൻറെ കീഴിൽ മെത്രാനു സേവനം ചെയുന്ന വികാരിമാരെ സൃഷ്ടിച്ചു. വികാരി മെത്രാനെ വെറുപ്പിച്ചാൽ അയാൾ പള്ളിക്ക് പുറത്ത്. വടക്കനച്ചൻറെ ജീവിതകഥ ഇതിന് ഉദാഹരണമാണ്. മെത്രാൻറെ വികല ഇംഗിതത്തിനു വഴങ്ങാതെ സഭാസേവനത്തിൽനിന്നും പുറത്തുപോകുന്ന അനവധി വൈദികരുണ്ട്.
ചില വൈദികർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും പള്ളിമുറിയിലുള്ള ഏകാന്ത ജീവിതവും അരോചകമാകാം. അവരുടെ ഉടമസ്ഥൻ സഭയാണന്നുള്ള ചിന്തയും അവരെ അലട്ടാം. മെത്രാൻറെ മുൻപിൽ കമഴ്ന്നുകിടന്ന് സ്വന്തം അവകാശങ്ങൾക്ക് വിപരീതമായി അവിവാഹിതാവസ്ഥയും സമ്പൂർണ്ണ വിധേയത്വവും പ്രതിജ്ഞ എടുത്തതിലുള്ള മനക്കടിയുമെല്ലാം ഒരു പുരോഹിതനെ വൈദികവൃത്തി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചേക്കാം. ലൈംഗികതയിൽ വേണ്ടത്ര അറിവോ അനുഭവജ്ഞാനമോ ഇല്ലാത്ത ചെറുപ്പക്കാർ ജീവിതകാലം മുഴുവൻ അവിവാഹിതരായി ജീവിച്ചുകൊള്ളാമെന്നുള്ള പ്രതിജ്ഞ യുക്തിരഹിതമാണ്. വർഷങ്ങൾ കഴിയുമ്പോൾ തനിക്ക് പൂർണ്ണ അറിവില്ലാതെ ചെയ്ത പ്രതിജ്ഞയെ അവർ ചോദ്യം ചെയ്തുതുടങ്ങും. ബ്രഹ്മചര്യം വിശുദ്ധിയുടെ പാരമ്യമാണന്നുള്ള തലതിരിഞ്ഞ ചിന്താഗതിയെ അവർ തിരിച്ചറിഞ്ഞു തുടങ്ങും. ഇടവകയിലെ കുടുംബങ്ങളും സ്ത്രീപുരുഷന്മാരുമായുള്ള ഇടപഴകലും പ്രേമത്തിൻറെ അനുഭവങ്ങൾ മനസ്സിൽ അങ്കുരിക്കാൻ തുടങ്ങും. അത് വളരുംതോറും പൌരോഹിത്യത്തെ ഉപേക്ഷിക്കാൻ അയാളുടെ മനസ്സ് മന്ത്രിക്കും. വെറും സ്വാഭാവികവും ഒരു വ്യക്തിയുടെ ജന്മാവകാശവുമായ ലൈംഗിക വിവാഹിത ജീവിതത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ അത് കാരണമാകുന്നു. അയാൾ ആവശ്യപ്പെട്ടാൽ അയാൾക്ക്‌ പട്ടത്തിൽനിന്ന് മോചനം നൽകാൻ സഭാധികാരികൾ കടപ്പെട്ടവരാണ്. വിവാഹിതരായ പുരോഹിതരാണല്ലോ രഹസ്യ വെപ്പാട്ടികളെയും വച്ചുകൊണ്ടിരിക്കുന്ന പുരോഹിതരിലും ഭേദം.
കന്യാസ്ത്രികളും അവരുടെ മേലധികാരികളും തമ്മിലുള്ള സന്ധിയില്ലാസമരം പുതിയ ജീവിതത്തെ തേടിപ്പോകാൻ കാരണമാകുന്നുണ്ട്. മെത്രാൻറെയും മറ്റ് സഭാധികാരികളുടെയും ആധിപത്യം ഉറപ്പിക്കുന്ന അന്തരീക്ഷത്തിൽ അടിച്ചമർത്തലും ചൂഷണവും രോഷവും ശിക്ഷയുമെല്ലാം ഉണ്ടാകും. സാധാരണ വിശ്വാസികളോ കന്യാസ്ത്രികളുടെ മാതാപിതാക്കളോ അതറിയണമെന്നില്ല. ഉമി നീറി നീറി കരിഞ്ഞ് ചാരമാകുന്നപോലെ പല കന്യാസ്ത്രികളും മനോവ്യഥയുടെ തിളച്ച വെളിച്ചെണ്ണയിൽ കിടന്ന് പുളയുന്നവരാണ്. പുറമെ കണ്ടാൽ എല്ലാം ഭദ്രം. എങ്കിലും ഈ വേദനകളുടെയും യാതനകളുടെയും ഒടുവിൽ അവർ തങ്ങളുടെ മനസക്ഷിക്കുവഴങ്ങി മഠം വിട്ടിറങ്ങുന്നു.
ദൈവത്തിൻറെ പ്രതിനിധികളാക്കപ്പെട്ട മെത്രാന്മാരെയും സന്യാസസഭാ മേലധികാരികളെയും സന്യാസീസന്യാസിനികൾ പൂർണ്ണമായി അനുസരിക്കാൻ നൂറ്റാണ്ടുകളായി സഭ കണ്ടുപിടിച്ച വിദ്യയാണ് അനുസരണം, ബ്രഹ്മചര്യം, ദാരിദ്രം എന്ന മൂന്ന് വ്രതങ്ങൾ. കന്യാസ്ത്രികളുടെയും പുരോഹിതരുടെയും ലൈംഗികതപോലും സഭയുടെ നിയന്ത്രണത്തിലാണ്. പരിപൂർണ്ണരാകാൻ ഈ വൃതാനുഷ്ഠാനം അനിവാര്യമാണന്നാണ് സഭ പഠിപ്പിക്കുന്നത്. പക്ഷെ ധനികനായ യുവാവിനോട് യേശു പറഞ്ഞത്,  "നീ പരിപൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. ...പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മത്താ. 19: 21) എന്നാണ്; മൂന്ന് വ്രതങ്ങൾ എടുത്ത് ജീവിക്കാനല്ല. ചെറുപ്പക്കാർ മരണംവരെ മൂന്ന് വ്രതങ്ങൾ എടുക്കുന്നത് പരിഹാസ്യമായ അസംബന്ധമാണ്. എട്ടും പൊട്ടും തിരിയാത്ത ചെറുപ്പക്കാരെ സന്യാസജീവിതത്തിലേയ്ക്ക് സഭാധികാരികൾ നയിക്കുന്നത് വഞ്ചനയാണ്. മനുഷാവകാശ ലംഘനമാണ്. അവരെ മുറപ്രകാരമുള്ള വിശ്വാസ കൂട്ടായ്മയിൽനിന്നു തട്ടിയെടുത്ത് പുതിയ സമൂഹത്തിൽ ചേർക്കലാണ്. ഇവർ ആരോട് എന്തിന് വ്രതം ചെയ്യുന്നു? അടിമകളെപ്പോലെ രാപകലില്ലാതെ വേലചെയ്യുന്ന കന്യാസ്ത്രികളുടെ വേലക്ക് ഒരു വിലയുമില്ല. സഭയിലെ അധികാരവർഗത്തിന് ഭക്ഷണം പാകം ചെയ്തും അവരുടെ വസ്ത്രങ്ങൾ അലക്കിയും റബ്ബറുവെട്ടിയും കഴിയുന്നതിനാണോ അവർ മഠത്തിൽ ചേർന്നത്‌? ഇത് തിരിച്ചറിയുന്ന കന്യാസ്ത്രികൾ മഠംവിട്ടിറങ്ങുന്നു.
ഓരോ വ്യക്തികളുടെയും കടമ സത്യസന്ധനും തൻറെ മനസാക്ഷിയോട് നീതി പുലർത്തുന്നവനും ആയിരിക്കുക എന്നതാണ്. അപ്പോൾ പൌരോഹിത്യവൃത്തിയിലോ കന്യാസ്ത്രിജീവിതത്തിലോ തുടരുന്നത് മനസാക്ഷിപ്രകാരം ശരിയല്ലന്ന് തോന്നുന്നപക്ഷം അവരുടെ ജീവിതാന്തസിനോട് വിടപറയുന്നത് തന്നോടുതന്നെയുള്ള നീതി പുലർത്തലാണ്.
വൈദികരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിച്ചുപോകുന്നത് എന്തുകൊണ്ടാണന്നുള്ള വിഷയത്തെപ്പറ്റി ചിന്തിക്കുമ്പോൾത്തന്നെ അവരോടുള്ള മേലധികാരികളുടെ സമീപനമെന്ത്, അവർ അനുഭവിക്കുന്ന യാതനകൾ എന്തൊക്കെ, യേശുവിൻറെ അനുയായികൾ എന്ന നിലയ്ക്ക് നമ്മുടെ സഹോദരീസഹോദരന്മാരായ അവരെ പുന:രധിവസിപ്പിക്കാനും അവർക്ക് സഹായഹസ്തം നൽകി അവർക്കത്താണിയാകാനും നമുക്കെങ്ങനെ സാധിക്കും എന്നും മറ്റുമുള്ള നിരവധി ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർന്നുവരും. നരകയാതനകൾ സഹിച്ചുകൊണ്ട് മനസാക്ഷിയുടെ വിളിയെ കേൾക്കാൻ ധൈര്യമില്ലാതെ രൂപതകളിലും സന്യാസ ആശ്രമങ്ങളിലും മഠങ്ങളിലും കഴിഞ്ഞുകൂടുന്നവർക്കുവേണ്ടി നമുക്കെന്തുചെയ്യാൻ സാധിക്കും? ഈ ചിന്തകളുടെ പരിണത ഫലമാണല്ലോ KCRM-ൻറെ കുടക്കീഴിൽ ശ്രീ റജി ഞള്ളാനിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28, 2015-ൽ കൊച്ചിയിൽവച്ചു് ഈ വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ നടക്കാൻ പോകുന്നത്. എത്രയോ നല്ല കാര്യം. ആ സമ്മേളനത്തിന് എല്ലാവിധ ആശംസകളും വിജയവും ഞാൻ നേർന്നുകൊള്ളുന്നു
Malayalam Daily News link:

10 comments:

  1. ശ്രീ ചാക്കോ കളരിക്കലിന്റെ ഈ ലേഖനം സമൂഹത്തിന്റെയും സഭയുടെയും സാമൂഹിക പ്രശ്നമായി കണക്കാക്കേണ്ട വിഷയമാണ്.

    അമേരിക്കയേയും യൂറോപ്പിനെയും സംബന്ധിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സ്വാഗതം ചെയ്യണം. രാജ്യത്തിനിമേൽ കുപ്പായ മറവിൽ കുഞ്ഞുങ്ങളെ പീഡിപ്പിച്ചാൽ, ബാലികമാരെ അൾത്താര മറവിൽ ലൈംഗിക ഭോഗത്തിനിരയാക്കിയാൽ, അനാഥരുടെ ചാരിത്രത്തിന് വില കല്പ്പിക്കാതിരുന്നാൽ പുരോഹിതരായാലും നിയമത്തിന് കീഴ്പ്പെടേണ്ടി വരുമെന്നത് തീർച്ചയാണ്. അധികാരച്ചുവയിൽ കഴിഞ്ഞ പതിറ്റാണ്ടുകൾവരെ സഭയിതെല്ലാം ഒളിച്ചു വെയ്ക്കുമായിരുന്നു. സന്യസ്താലയങ്ങളിലെ വിഷവായു ശ്വസിച്ചവർ തങ്ങളുടെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും പരിപാലിക്കാൻ പൌരാഹിത്യത്തോടും വിട പറയേണ്ടി വന്നു. പുരോഹിതരില്ലാതെ റോമൻ കത്തോലിക്കാ സഭ നില നില്ക്കില്ല. അത് ഫ്രാൻസീസ് മാർപ്പായ്ക്കുമറിയാം . സഭയിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വിവാഹിതർക്കും സ്ത്രീകൾക്കും പൌരാഹിത്യം നൽകിയാലെ നാളത്തെ സഭയുടെ നിലനില്പ്പും സാധ്യമാവുകയുള്ളൂ. മറിച്ചാണെങ്കിൽ സഭ നാളയുടെ ചരിത്രമായി മാറും.

    കഴിഞ്ഞ പതിറ്റാണ്ടുകളിൽ പതിനായിരക്കണക്കിന് പുരോഹിതർ പൌരാഹിത്യം ത്യജിച്ചത് എന്തുകൊണ്ടായിരുന്നു ? സഭയ്ക്കുള്ളിലെ അധികാര പുരോഹിത വർഗം അഴിമതിയിൽ കുളിച്ചു. സഭയാകമാനം ഏകാധിപതികളെക്കൊണ്ട് നിറഞ്ഞു. അക്രമാസക്തമായ ഒരു തരം പുരോഹിത കൂട്ടായ്മയും ഉടലെടുത്തു. കള്ളം, ചതി, വഞ്ചന, ദുർവാശി, സെമിനാരിയിലെന്നു പറഞ്ഞ് കുട്ടികളെ തട്ടിക്കൊണ്ട് പോകൽ, സൂത്ര ശാലികൾ അങ്ങനെ വളരെയേറെ വിശേഷണങ്ങൾ പുരോഹിതർക്കുമുണ്ട്. ഭൂരിഭാഗം പുരോഹിതരും അനുയായികളെ പറ്റിച്ചു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. സത്യമെന്നത് ഇന്ന് പൌരാഹിത്യത്തിലില്ല. ആത്മീയ പുരോഹിതരുടെ സ്ഥാനത്ത് കോണ്ക്രീറ്റ് കെട്ടിടങ്ങളുണ്ടാക്കി മരാമത്ത് പണികളിൽക്കൂടി പണമുണ്ടാക്കാനാണ് പള്ളി പുരോഹിതർക്ക് താല്പര്യം. സഭയിൽ ആത്മീയത തെല്ലുമില്ലാത്തതു കൊണ്ടാണ് പലരും പൌരാഹിത്യം ഉപേക്ഷിച്ചത്.

    ഞാൻ വളരുന്ന കാലം ഒരു പുരോഹിതനെ കണ്ടാൽ 'ഇശോ മിശിയായ്ക്കും സ്തുതിയായിരിക്കട്ടെ' എന്നു ചൊല്ലുമായിരുന്നു. പുരോഹിതനെ വന്ദിക്കുകയെന്നത് അന്നത്തെ ആചാരമായിരുന്നു. ഒരു കുടുംബചരിത്രത്തിൽ പുരോഹിതരുണ്ടെങ്കിൽ അഭിമാനം കൊള്ളുന്ന കാലവുമുണ്ടായിരുന്നു. അന്നെല്ലാം പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിരുന്നു പുരോഹിതർ വന്നുകൊണ്ടിരുന്നത്. ഇന്ന് . കുടുംബ ചരിത്രങ്ങളിൽ പുരോഹിതരുണ്ടെന്നു പറയുന്നതിൽ ആരും കാര്യമായി കരുതാറില്ല.

    സഭയ്ക്കുള്ളിൽ ആദർശങ്ങൾക്ക് മുറിവേൽക്കുമ്പോൾ പാരമ്പര്യമുള്ള കുടുംബങ്ങളിലെ പുരോഹിതർക്ക് മാനസികമായി ഉൾക്കൊള്ളാൻ സാധിക്കില്ല. പൌരാഹിത്യം ത്യജിച്ചു വരുന്ന പുരോഹിതരിൽ ഭൂരിഭാഗവും ആദ്ധ്യാത്മികമായി ചിന്തിക്കുന്നവരായും കാണാം. എന്നാൽ സമൂഹമൊന്നാകെ അവരെ ഒറ്റപ്പെടുത്താൻ നോക്കും. സ്വന്തം സഹോദരങ്ങൾ പോലും അവരെയകറ്റാൻ നോക്കും. ഭൂസ്വത്തുക്കൾ കുടുംബത്തിലുള്ളവർ അപഹരിച്ചിരിക്കും. പുറത്തിറങ്ങി വരുന്ന പുരോഹിതർക്ക് മറ്റു തൊഴിലുകളോ ആദായ മാർഗങ്ങളോ ഉണ്ടായിരിക്കില്ല. അവരുടെ ദുഃഖങ്ങൾ ചെവികൊള്ളാനും ആരുമുണ്ടായിരിക്കില്ല. ഏറണാകുളത്ത് സഭ വിട്ടുവരുന്ന പുരോഹിതരുടെ കൂട്ടായ്മ ഭാരതത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്.

    മദ്ധ്യകാലത്തിലെ ഇരുണ്ട യുഗങ്ങളിൽ മതമായിരുന്നു ജനങ്ങളെ നയിച്ചിരുന്നത്. ഇരുണ്ട ഘോരമായ ഒരു രാത്രിയിൽ അന്ധനായവൻ നല്ലൊരു വഴികാട്ടിയായിരിക്കാം. അയാൾക്ക് വഴികളും റോഡുകളും കണ്ണുള്ളവനെക്കാളുമറിയാം. പകൽ വെളിച്ചമാകുമ്പോൾ അന്ധനെ വഴികാട്ടിയായി സ്വീകരിക്കുന്നത് വിഡ്ഡിത്തരമാണ്. കാലമിന്ന് മുഴുവനായിത്തന്നെ പരിവർത്തന വിധേയമായി. പണ്ടുള്ള കാലങ്ങളിൽ ബുദ്ധിമാനായ മകനെ ഡോക്ട്റാക്കാനാഗ്രഹിക്കും. വിഡ്ഡിയായ മകനെ പള്ളിയ്ക്കും കൊടുക്കും. ഇന്ന് ഒരു വീഡ്ഡിക്കുംകാര്യമായി സഭയിലൊന്നും ചെയ്യാനില്ല. പകരം വിഡ്ഡിയാനെ രാഷ്ട്രീയത്തിൽ വളർത്താൻ നോക്കും. ഫലമോ, പുരോഹിതരില്ലാതെ സഭ ശൂന്യമായിക്കൊണ്ടിരിക്കുന്നു.

    മുപ്പതു വർഷം മുമ്പ് പാശ്ചാത്യ നാടുകളിൽ 90 ശതമാനം പള്ളിയിൽ പോയിരുന്ന സ്ഥാനത്ത് ഇന്ന് 20 ശതമാനം മാത്രമാണ് ഞായറാഴ്ചകളിൽ കുർബാനകളിൽ പങ്കു കൊള്ളുന്നത്. പള്ളിയിൽ പോക്ക് കല്യാണത്തിനും ശവസംസ്ക്കാരത്തിനായും മാത്രം ഒതുങ്ങിക്കഴിഞ്ഞു. പള്ളിയെ കൂട്ടാക്കാതെ ഗർഭനിരോധക മാർഗങ്ങൾ സമൂഹമൊന്നാകെ സ്വീകരിച്ചു കഴിഞ്ഞു. മനുഷ്യ ജീവിതത്തിൽ പള്ളിയോ പുരോഹിതരോ ആവശ്യമില്ലാതായും വരുന്നു. അമേരിക്കയിലും യൂറോപ്പിലുമുണ്ടായിരുന്ന സഭയുടെ സ്വാധീനം നശിച്ചും വരുന്നു. സഭയിലെ പുരോഹിതരായിരുന്നവരുടെ വരാൻ പോവുന്ന കൊച്ചി സമ്മേളനം അതിന്റെ പ്രതിധ്വനിയായും കണക്കാക്കാം. .

    പൌരാഹിത്യം ഉപേക്ഷിച്ചവരായ ഈ നിസഹായരുടെ കൌമാരവും യുവത്വവും സഭ കവർന്നെടുത്തു. കൌമാരത്തിൽ മഷ്തിഷ്ക്ക പ്രഷാളനം ചെയ്ത് മാതാപിതാക്കളിൽ നിന്നും തട്ടിക്കൊണ്ടുപോയി. തിന്മയും കള്ട്ട് ചിന്താഗതിയും മനസ്സിൽ വളർത്തി. ഇവരോട് മാപ്പുപറഞ്ഞ് നഷ്ട പരിഹാരവും കൊടുക്കാൻ സഭ തയ്യാറാകണം.

    ReplyDelete
  2. പക്വതയിലെത്താത്ത പ്രായത്തിൽ കുട്ടികളെ സെമിനാരിയിലേയ്ക്കും മഠങ്ങളിലേയ്ക്കും റാഞ്ചിക്കൊണ്ടുപോകുന്നത് മനുഷ്യാവകാശലംഘനമായി കരുതി അത് തടയണം. ഒരിക്കൽ ചെന്ന് പെട്ടാൽ ബൈബിളിലെ വാക്യങ്ങളും സഭയിലെ വിശുദ്ധരുടെ ചൊല്ലുകളുമൊക്കെ ആവർത്തിച്ചുപറഞ്ഞ്, തിരുത്തി ചിന്തിക്കാനുള്ള എല്ലാ പഴുതുകളും അടച്ചുകളയുന്ന ഒരു സംവിധാനമാണ് ഉള്ളിലുള്ളത്. മനസ്സാക്ഷിക്കുത്തുണ്ടാക്കി, ചെന്നിടത്തു തുടരാൻ ഇത് കുട്ടികളെ പ്രേരിപ്പിക്കും. മറിച്ചൊരു ചിന്തയെ ഉത്തേജിപ്പിക്കുന്ന യാതൊരു പുസ്തകവും പിന്നെ കാണാൻ കിട്ടുകയില്ല. അക്കൂടെ തങ്ങളുടെ സവിശേഷമായ ദൈവവിളിയെപ്പറ്റിയും സ്വർഗത്തിൽ കിട്ടാൻ പോകുന്ന പ്രത്യേക പദവികളെപ്പറ്റിയും വണക്കമാസ മിഥ്യകൾ പോലുള്ള വിവരണങ്ങളാൽ മനസ്സിൽ വിശുദ്ധിയുടെ ഒരു പുകമറ സൃഷ്ടിക്കും. എങ്ങനെയെങ്കിലും നിത്യവ്രതവും അല്ലെങ്കിൽ പുരോഹിത പട്ടവുംവരെ സന്തോഷത്തോടെ അങ്ങ് കഴിയും. അതുകഴിഞ്ഞ് സ്വല്പ സ്വാതന്ത്ര്യം കൈവരുംപോഴാണ് കൂടുതൽ വായനയിലൂടെയും പുറത്തുള്ള യാഥാർഥ്യങ്ങളുമായി ഏറ്റുമുട്ടിയും തങ്ങൾ ചെന്ന് പെട്ടിരിക്കുന്ന കുരുക്കിനെപ്പറ്റി പലര്ക്കും വെളിവുണ്ടാകുന്നത്. പുറത്തു കടക്കാൻ ആഗ്രഹമുണ്ടായാലും നിയമങ്ങളുടെ നൂലാമാലകളും മനസ്സാക്ഷിക്കടിയും മൂലം ഒന്നും പാടില്ലാത്ത ഒരു സംഘർഷാവസ്ഥയിൽ ചെന്ന് പെടുന്നവർക്ക് മുന്നോട്ടുള്ള ഗതി കഠിനമായിരിക്കും നല്ല ചങ്കൂറ്റമുള്ളവർ മാത്രം ഒരു വഴി കണ്ടെത്തും. സന്തുഷ്ടിയോടെ സന്യസ്ത ജീവിതം അല്ലെങ്കിൽ പൌരോഹിത്യം വിട്ടുപോകുന്നവർ വിരളമാണ്.

    സഭക്കിതൊക്കെ അറിയാമായിട്ടും ഒരു സഹായമനസ്ഥിതി കാണിക്കാൻ മുന്നോട്ടു വരുന്നവർ വിരളമാണ്. പ്രസ്ഥാനമാണ് അവർക്കൊക്കെ വ്യക്തിയേക്കാൾ പ്രാധാന്യമുള്ളത്. അതുകൊണ്ട്, ഈ ലോകത്ത് ജീവിച്ചു പക്വതയെലെത്താത്ത ചെറുപ്പക്കാരെ ആശ്രമജീവിതത്തിനായി തിരഞ്ഞെടുക്കുന്നത് തടയണം. എല്ലാം അറിഞ്ഞുകൊണ്ട് മാത്രം അകത്തു ചെല്ലുന്നവർ മാത്രമേ അതിനുള്ള യോഗ്യതയുള്ളവർ ആയിട്ടുള്ളൂ. ബാക്കിയുള്ളവർ ചതിക്കപ്പെടുന്നവരാണ്. സംസ്കാരമുള്ള ഒരു സമൂഹത്തിൽ ഇനിയും അതുണ്ടാവാൻ ഇടവരരുത് എന്ന് സഭയും തീരുമാനിക്കണം. അകപ്പെട്ടു പോയവർക്ക് പുറത്തു പോകാനുള്ള വഴികൾ സുതാര്യമായി തുറന്നുകൊടുക്കുക സഭയുടെ കടമയാണ്. പുറത്തേയ്ക്കുള്ള വാതിൽ ശരിക്കൊന്നു തുറന്നിട്ടാൽ കാണാം അകത്തു എത്ര പേർ ബാക്കിയാവുമെന്നത്.

    ReplyDelete
  3. ഈമാസം ഇരുപത്തിയെട്ടാം തീയതി എറണാകുളത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്നോരെ , അനുഗ്രഹീതരായ ചാക്കോ കളരിക്കലിന്റെയും ജോസഫ്‌ മാത്യുവിന്റെയും സക്കറിയാസ് നെടുംകനാലിന്റെയും ഈ കുറിമാനങ്ങള്‍ ഒരുവട്ടമെങ്കിലും വായിച്ചു സത്യത്തെ മനസിലാക്കൂ ....ഒരു സഹോദരന്‍റെയെങ്കിലും ബോധവല്‍ക്കരണത്തിലൂടെ ഇന്നിന്‍റെ സുവിശേഷവേല നിങ്ങള്‍ ചെയ്യാന്‍ മറക്കരുതേ...മനസിനെ മനസിലാക്കിയ /മനസിനെ ഉണര്‍ത്തുന്ന ബോധത്തെ മനസിലാക്കിയ /ആ ബോധം ഉണരുകയും ലയിച്ചില്ലാതാവുകയും ചെയ്യുന്ന സത്യനിത്യ അഖിലാണ്ട ചൈതന്യത്തെ സ്വയം ഉള്ളില്‍തന്നെ കണ്ടെത്തുകയുംചെയ്ത ഭാരത വേദാന്തമതത്തെ ഒന്ന് രുചിച്ചുകൂടി നോക്കാന്‍ അനുവദിക്കാതെ എന്‍റെ പൂര്വീകന്മാരെ ളോഹയിട്ട ചെന്നയിക്കള്‍ അവരുടെ അടിമകളാക്കി; അവരുടെ ആത്മഹര്‍ഷം/സ്വാഭിമാനം ഒരിക്കലായി നശിപ്പിച്ഛതോര്‍ത്താല്‍ എനിക്ക് ക്രിസ്തുവിന്റെ എരിവു കരളില്‍ നിറയുന്നു! "നിങ്ങളോ ഈ ദൈവമക്കളെ അടിമകളാക്കി /കന്യകകളെ എന്റെ നാമത്തില്‍ ഭോഗിച്ചവശരാക്കി /കരുണയില്ലാത്തയജമാനന്മാരുടെ കൈകളിലെന്നപോലെ അവരുടെ മോഹങ്ങളെ നിങ്ങള്‍ കശാപ്പു ചെയ്തു! "എന്ന ക്രിസ്തുവിന്റെ വിലാപം കാല്‍വരി രോദനത്തെക്കാളും ദയനീയമാണ് ! ആയതിനാല്‍ ക്രിസ്തുവിന്റെ അനുയായികളെ ,ഉണരുവീന്‍ ഒന്നിച്ച്കൂടുവീന്‍! കൊച്ചിയില്‍ നിങ്ങള്ക്ക് ഒരു നല്ലശമരായനാകാനുള്ള വേദിയൊരുങ്ങുന്നു! വരുവീന്‍ ത്യാഗമെന്ന കുര്‍ബാന നിങ്ങള്‍ സ്വയം മനസിന്‍റെ അല്ത്താരയില്‍ അര്‍പ്പിക്കുവീന്‍ !

    ReplyDelete
  4. Sree A.C.George Wrote in Malayalam Daily News:
    This particular field, Chacko Kalarickal Sir is an expert. I cannot disagree the points raised by him. I have read some of his books also about revival subjects. His research and writings are based on common sense and justice about the religious fascism imposed on the believers by the priests and Bishops. The common laity people are real slaves. They have to rise up according to the occasion. This particular article Kalrickal Sir point out the reasons of shortages of religious priests and nuns. I fully agree with him. Please keep voicing our concerns Sir.

    ReplyDelete
    Replies
    1. കത്തോലിക്കാസഭയെ സമൂലം നവീകരിക്കാൻ പോരുന്നത്ര ആശയങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം കൃതികൾ ശ്രീ ചാക്കോ കളരിക്കൽ എഴുതിയിട്ടുണ്ട്. നന്നായി പഠിച്ച്, കാര്യകാരണസഹിതം, നല്ല ഭാഷയിൽ രൂപപ്പെടുത്തിയിട്ടുള്ളവയാണ് അവയെല്ലാം. എന്നാൽ ഇതൊക്കെ വായിക്കേണ്ടവർ അവയെ തൊടുന്നുപോലുമില്ല എന്നതാണ് ദയനീയം. ഒരിക്കൽ ഞാൻ അദ്ദേഹത്തിൻറെ കൃതികൾ 12 ബഹുമാന്യ സി എം ഐ ക്കാർക്ക് സമ്മാനിച്ചു. ഒരൊറ്റ കത്തനാർ അവയെക്കുറിച്ച് തിരിച്ചൊരു വാക്ക് പറയുകയോ നന്ദി പറയുകയോ പോലും ചെയ്തില്ല. ആഴമായ ആശയങ്ങൾ സ്വായത്തമാക്കാൻ ഇവർക്കാർക്കും മൂളയില്ലെന്നു വേണം അനുമാനിക്കാൻ. അല്ലെങ്കിൽ അവയിൽ പറഞ്ഞിരിക്കുന്ന കാലിക സത്യങ്ങൾ ഉൾക്കൊള്ളാൻ മാത്രം ധൈര്യം അവർക്കില്ല എന്ന് കരുതണം.

      കാലാകാലങ്ങളായി അസത്യങ്ങൾ വിളമ്പി വിഡ്ഢികളുടെ ഒരു സമൂഹത്തെ ഉണ്ടാക്കി അതിനെ സഭയെന്നു വിളിച്ച് സായൂജ്യമടയുന്ന കാഴ്ചയാണ് നാം കേരളത്തിൽ കാണുന്നത്. ഞായറാഴ്ച കുര്ബാനക്ക് പോയില്ലെങ്കിൽ അത് നരകത്തിൽ പോകുന്ന പാപമാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്നത്തെ മിക്ക വിശ്വാസികളും. അത് സഭയുടെ ഒരു നിയമം മാത്രമാണ് എന്നത് അവർ അറിയുന്നില്ല. എന്നാൽ പ്രകൃതിയുടെ നിയമങ്ങളെ ലംഘിക്കുന്നത് പാപമാണെന്ന് ഒരു കത്തോലിക്കനും കരുതുന്നില്ല. അന്യനു ഇല്ലായ്മ അനുഭവപ്പെടുന്നതുപോലെ ഒരു വസ്തുവും സംഭരിച്ചു വയ്ക്കരുത് എന്നത് സവിശേഷ ബുദ്ധിയുള്ള മനുഷ്യന് സ്വാഭാവികമായി മനസ്സിലാകേണ്ട ഒരു സുകൃതമാണ്. എന്നാൽ അതിനെതിരേ ചെയ്യുന്നത് പാപമാണെന്ന് ഏതു സത്യക്രിസ്ത്യാനിയാണ് ഇന്ന് ആകുലപ്പെടുന്നത്? യേശു ചൂണ്ടിക്കാണിച്ചുതന്ന ഏതു സത്യത്തോടാണ് ഇന്ന് സഭക്ക് പ്രതിപത്തിയുള്ളത്? ഒന്നിനോടുമില്ല. പകരം അഹങ്കാരികളായ പോപ്പുമാരും അവരെ താങ്ങിയിരുന്ന തോപ്പിക്കാരും (പോപ്‌ ഫ്രാൻസിസിനെ ഒഴിവാക്കുക) ആവര്ത്തിക്കുന്ന കാര്യങ്ങൾ മാത്രം നിത്യസത്യങ്ങളായി കരുതി ജീവിക്കുന്നവരല്ലേ ക്രിസ്ത്യാനികൾ? നിങ്ങളെ സ്വതന്ത്രരാക്കുന്ന സത്യം വേറെ ചിലതാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ഇന്ന് കത്തോലിക്കരെ കിട്ടില്ല. അവർക്ക് ഷാലോം മാസികകളിലെ അത്യത്ഭുതങ്ങൾ വായിക്കാൻ ഒരു മടിയുമില്ല. അവ അത്യദ്ഭുതങ്ങൾ തന്നെയാണ്. കാരണം, ശാലോം മാസികയിൽ പരസ്യം ചെയ്യാം, അതിന്റെ കോപ്പികൾ വിതരണം ചെയ്യാം എന്ന് പറഞ്ഞാലുടെൻ യേശുവും മാതാവും സ്വർഗവാസികളുമെല്ലാം ചോദിക്കുന്ന കാര്യം ഉടനടി നടത്തിത്തന്നുകളയും! അത്രയ്ക്ക് പ്രീതിയാണ് അവര്ക്ക് ഷാലോം മാസികകളോട്! ഇങ്ങനെ പമ്പരവിഡ്ഢികളെ സൃഷ്ടിക്കാൻ ഇത്രമാത്രം പരിശ്രമിക്കുന്ന ഈ സഭ എങ്ങനെ നന്നാവാൻ? സമയമാകുമ്പോൾ നശിച്ചു പോകുകയെന്നതാണ് അതിന്റെ വിധി. അത് എത്രയും വേഗം സംഭവിക്കട്ടെ എന്നാഗ്രഹിക്കാം!

      Delete
  5. സീറോ മലബാർ സഭ മേലധികാരികൽ പിൻബുകളെ അനുകരിക്കുന്നു.

    സഭയുടേയും സഭ നയിക്കുന്നവരുടേയും ഇപ്പോഴ്ത്തെ സ്ഥിതിവിശേഷം കണ്ടിട്ട് ആരുടെയോ പ്രേരണക്കനുസരിച്ച്
    സഭയെ നയിക്കപ്പെടുകയാണോ എന്നൊരു സംശയം ഇല്ലാതില്ല. സഭയുടെ നാശം ആണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്
    എന്നത് സത്യം തന്നെ. പരിഭാവനമായി നമ്മൽ കാണുകയും കാത്ത്സൂക്ഷിക്കുകയും ചെയ്തിരുന്ന ക്രിസ്ത്യൻ
    ദൈവാലയങ്ങൽ ഇന്ന് അതിന്റെ ഭവിത്രത നഷ്ടപ്പെട്ട് ആരാധനായോഗ്യമല്ലാതായിരിക്കുന്നു. ക്രിസ്തീയ ദൈവാലയം
    മറ്റ് സഭക്കാർക്ക് അവരുടെ രീതിയിൽ ആരാധിക്കാനായി ആരുടെയോ പ്രേരണക്കനുസരിച്ച് തുറന്ന് നൽകിയ മത
    അധികാരികളെ പിൻപുകൽ എന്നല്ലാതെ മറ്റെന്താണ് ഇവരെ വിളിക്കുക.

    ഏശുവിന്റെ കാലം മുതലെ ക്രിസ്ത്യൻ ദൈവാലയങ്ങൽ എല്ലാവിധ ശുദ്ധിയോടും വിശുദ്ധിയോടും കൂടിയാണ്
    പരിപാലിച്ച് പോന്നിരുന്നത്. ഒരിക്കൽ ജെറുസ്ലേം ദൈവാലയം അതിക്രമിച്ച്കയറിയ നാണയ മാറ്റക്കാരെയും,
    പ്രാവ് കച്ചവടക്കാരെയും ചാട്ടവറുകൊണ്ട് അടിച്ചോടിച്ച ഏശുനാഥൻ പറഞ്ഞത് നമ്മുടെ ശ്രദ്ധയിൽ ( ഓർമ്മയിൽ )
    കാണാതിരിക്കില്ല. " എന്റെ ഭവനം അശുദ്ധമാക്കാൻ ആരു നിങ്ങൽക്ക് അധികാരം നൽകി " എന്നു ചോദിച്ചുകൊണ്ടാണ്
    കച്ചവടക്കാരെ അടിച്ചോടിച്ചത്. അവിടെയും ദൈവാലയത്തിന്റെ വിശുദ്ധിയെ പറ്റി ഈശോ പറഞ്ഞത് നമുക്ക്
    മനസിലാകും. എന്റെ ഭവനം എന്ന് ഏശു പറഞ്ഞത്, ഏശുവാണ് ഭവനം എന്നല്ലെ നാം കരുതേണ്ടത്. ദൈവം
    വസിക്കുന്ന വീട്ടിൽ നമ്മൽ സാത്താനുവേണ്ടി വാതിൽ തുറന്ന് കൊടുത്താൽ ആ ഭവനം നശിച്ചുപോകും. നമ്മുടെ
    ദൈവാലയങ്ങൽ ഏശുവിന്റെ ഭവനങ്ങളാണ്, അതിന്റെ വിശുദ്ധിയും പവിത്രതയും നാമായിട്ട് കളഞ്ഞ്മുടിക്കരുത്.
    ഏശുവിന്റെ ഭവനത്തിൽ അന്യ മതസ്ഥരുടെ ദേവപൂജക്കു ഉപയോഗിക്കുന്ന പൂജാസാമഗ്രഹികൽ അതായത് അവരുടെ
    നിലവിളക്ക് ഒരു കാരണവശാലും ദേവാലയ പരിസരത്ത്പോലും അടിപ്പിക്കാൻ പാടുള്ളതല്ല. ഹിന്ദുമത വിശ്വാസപ്രകാരം
    നിലവിളക്ക് ശിവ പാർവ്വതി സംഗമത്തെ പ്രതിനിധാനം ചെയ്യുന്നു. കുറച്ച്കൂടി വ്യക്തമായി പറഞ്ഞാൽ നിലവിളക്കിന്റെ
    ദണ്ഡായ ഭാഗം ശിവന്റെ ലിംഗത്തെയും, എണ്ണ ഒഴിക്കുന്ന ഭാഗം പാർവ്വതിയുടെ യോനിയേയും, എണ്ണ മതജലമായും
    ആണ് ഹിന്ദുക്കളുടെ വിശ്വാസം. ആ നിലവിളക്ക് നമ്മുടെയൊക്കെ ദൈവാലയങ്ങൽക്ക് ചേർന്നതാണോയെന്ന് എല്ലാവരും
    ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. വിളക്കിന്റെ മേലറ്റത്ത് അഥായത് ശിവന്റെ ലിംഗത്തിന്റെ അറ്റത്ത് മാനി കുരിശോ
    കുരിശിനു സമാനമായ മറ്റെന്തെങ്കിലുമോ വിളക്കിചേർത്താൽ അത് ഏശുവിന് സ്വീകാര്യമാകുമോ. പള്ളിയുടെ വിശുദ്ധിയും
    പവിത്രതയും നഷ്ടപ്പെടുത്തുന്നതോടൊപ്പം ഏശുവിനെ പരസ്യമായി നിന്ദിക്കകൂടി ചെയ്യാമെന്നല്ലാതെ മറ്റൊരു നന്മയും
    ഇത് മൂലം ഉണ്ടാകുന്നില്ല.

    മറ്റുള്ളവരെവച്ച്നോക്കുംബോൽ ഏശുവിനെ കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്തവരാണ് കത്തോലിക്കാസഭയിലുള്ള
    വൈദികരും അവരുടെ മുകളിലുള്ളവരും. അല്മായർക്ക് ദൈവത്തെ പകർന്ന് കൊടുക്കേണ്ടവർ തന്നെ ദൈവത്തെ നിന്ദിക്കാൻ
    പഠിപ്പിച്ചാൽ വേലി വിളവ് തിന്നുന്നത്പോലെയല്ലെ കാര്യങ്ങൽ. ആരുടെയോ കല്പനക്കനുസരിച്ച് ഉറഞ്ഞുതുള്ളുന്ന പിൻപുകളായി
    മാറിയിരിക്കുന്നു സഭാ സ്രേഷ്ടർ. ഈ വെളിച്ചപ്പാടുകളി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നികുതി വെട്ടിച്ചും
    അല്മായരെ ചൂഷണം ചെയ്തും ബൈബിളിനെ തെറ്റായ നിർവചനങ്ങൽ നൽകി അല്മായരെ വഞ്ചിച്ചും ആരാധനായോഗ്യമല്ലാത്ത
    പൈശാചിക ശ്രഷ്ടികൽ ( ക്ലാവർ കുരിശ്, മാനി കുരിശ്, താമര കുരിശ്,ശിവ ലിംഗ നിലവിളക്ക് തുടങ്ങിയ പേരുകളിൽ
    അറിയപ്പെടുന്നവ ) ജനങ്ങളിൽ അടിച്ചേല്പിച്ചും അല്മായരെ ഭിന്നിപ്പിച്ചും സഭയെ നശിപ്പിക്കാൻ തുടങ്ങുന്ന മേലധികാരികൽ
    ആർക്ക് വേണ്ടി എന്തിനുവേണ്ടി സഭയുടെ നാശം കാണാൻ കൂട്ടുനിൽക്കുന്നു. പിന്നെ എന്തിനുവേണ്ടിയാണ് പിൻപുകളെപ്പോലെ
    ഏശുവിനെ കൂട്ടുപിടിച്ച് സഭക്ക് വിപരീതമായി പ്രവർത്തിക്കുന്നത്. ക്രിസ്തുമതത്തിന് എതിരായി വേറെ വല്ല മതവും ഭാവനയിൽ
    ശ്രഷ്ടിച്ചിട്ടുണ്ടോ?. ക്രിസ്തുവിരോദ സഭ. ഉണ്ടെങ്കിൽ പറയണെ, മെംബർഷിപ്പ് നേരത്തെ ബുക്ക്ചെയ്യാനാ!!!!!!!!.

    ReplyDelete
  6. സത്യത്തില്‍ ക്രിസത് മതത്തിലെ 'ക്രിസ്തുവിന്റെ തിരുക്കുരല്‍' , ഇന്ത്യന്‍ വേദാന്തമതത്തിന്റെ വെറുമൊരു 'ബൈപ്രോഡക്റ്റ്' മാത്രമാണ് ! അവന്റെ വചനങ്ങള്‍ ഓരോന്ന് നമ്മുടെ ഉപനിഷത് ചിന്തകളുമായി മാറ്റുരച്ച്ചാല്‍ രണ്ടും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാനെന്നു മനസിലാകും ! അവന്‍ തന്റെ അനുയായികളെ ലോകമെല്ലാം സുവിശേഷം അറിയിക്കാന്‍ പറഞ്ഞയച്ച ഭാഗം വി . മത്തായി പത്തില്‍ ചിത്രീകരിച്ചിട്ടുണ്ട് ! തല ഉപയോഗിച്ച് ഒന്ന് വായിച്ചുനോക്കൂ ..എന്നിട്ട് ഇന്നിന്‍റെ സഭകളെ ഒന്നുറ്റുനോക്കൂ....അപ്പോള്‍ മനസിലാകും ഇന്നത്തെ ക്രിസ്തീയ സഭകള്‍ ഒരെണ്ണം പോലും അവന്റെ വചനപ്രകാരമല്ല എന്ന് ! ഇന്നത്തെ സഭകള്‍ ആകമാനം പുരോഹിത /പാസ്റെര്‍ തോന്യവാസങ്ങലാണ് ! ഭാരതത്തില്‍ ഇതിന്റെ ഒരു ആവശ്യവും ഒരിക്കലും ഇല്ലേ ഇല്ല ! st.തോമസ്‌ ഇവിടെ 'വന്നു 'എന്നും, 'വന്നിട്ടെയില്ലാ' എന്നുമുള്ള രണ്ടു വാദങ്ങള്‍ സഭകളില്‍ ഉണ്ടായിരിക്കെ 'വരേണ്ടകാര്യമേയില്ല' എന്നതാണ് സത്യം !
    ദൈവമെന്ന അനന്ത ചൈതന്യത്തെ സ്വയം ഉള്ളിന്റെ ഉള്ളില്‍ ധ്യാനത്തിലൂടെ കണ്ടെത്തിയ ദൈവംശമാനസരാണീ ഭാരതീയ മുനിവര്യന്മാർ ! അവരുടെ നാവിൻ തുമ്പില്‍നിന്നും മനസിന്‍റെ നിത്യവസന്തങ്ങള്‍ കേട്ടറിഞ്ഞ ഉപനിഷത്തുകള്‍ ഒന്നുവായിച്ച്നോക്കെന്റെ ജനമേ....അപ്പോഴേ പിടികിട്ടൂ 'പാതിരിക്കമ്പനിയുടെ' കാലത്തോടുള്ള ഈ കൊലച്ഛതിയുടെ കടുകട്ടി !

    ReplyDelete
  7. കഴിഞ്ഞ അര നുറ്റാണ്ടിനിടെ ലോകവ്യാപകമായി ഒരു ലക്ഷത്തി ഇരുപതിനായിരം (1,20,000) വൈദികർ അവരുടെ വൈദികവൃത്തി ഉപേക്ഷിച്ച് പോയിട്ടുണ്ട്. 1965-ൽ അമേരിക്കയിൽ ഒരു ലക്ഷത്തി എണ്‍പതിനായിരം (1,80,000) കന്യാസ്ത്രികൾ സേവനം ചെയ്തിരുന്നു. ഇന്നത്‌ വെറും മുപ്പതിനായിരം (30,000) മാത്രം. പതിനഞ്ചു വർഷം കൂടി കഴിയുമ്പോൾ അത് പതിനായിരമായി (10,000) കുറയുമെന്ന് കണക്കുകൾ കാണിക്കുന്നു. ഇതു കേട്ടാൽ ആർക്കാണ് നടുക്കം തോന്നാത്തത്? വൈദികരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിച്ച് പോകുന്ന വിഷയം ഗഹനമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്. സഭ എന്നും മുടിചൂടി നില്ക്കുന്നു എന്ന മിഥ്യാധാരണയാണ് സഭാധികാരികൾക്ക് എന്നുമുള്ളത്. സഭയുടെ അടിസ്ഥാനം പത്രോസാകുന്ന പാറയിലാണെന്നും ആ പാറ തകരുകയില്ലെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ സഭയുടെ അധ:പതനം അവർക്ക് കാണാൻ കഴിയുന്നില്ല. അവരുടെ അധികാരകസേര ഉറപ്പിക്കുന്നതിലാണ് അവർക്ക് ശ്രദ്ധ! ചെറിയതും പരിശുദ്ധവുമായ ഒരു സഭയിൽ അവർ സന്തുഷ്ടരാണ്.

    ReplyDelete
  8. "കഴിഞ്ഞ അര നുറ്റാണ്ടിനിടെ ലോകവ്യാപകമായി ഒരു ലക്ഷത്തി ഇരുപതിനായിരം (1,20,000) വൈദികർ അവരുടെ വൈദികവൃത്തി ഉപേക്ഷിച്ച് പോയിട്ടുണ്ട്. 1965-ൽ അമേരിക്കയിൽ ഒരു ലക്ഷത്തി എണ്‍പതിനായിരം (1,80,000) കന്യാസ്ത്രികൾ സേവനം ചെയ്തിരുന്നു. ഇന്നത്‌ വെറും മുപ്പതിനായിരം (30,000) മാത്രം. പതിനഞ്ചു വർഷം കൂടി കഴിയുമ്പോൾ അത് പതിനായിരമായി (10,000) കുറയുമെന്ന് കണക്കുകൾ കാണിക്കുന്നു. ഇതു കേട്ടാൽ ആർക്കാണ് നടുക്കം തോന്നാത്തത്?"

    ഇതയധികം ആളുകൾ വൈദികപദവിയും കൂട്ടിലടച്ച ജീവിതവും ഉപേക്ഷിക്കുന്ന വസ്തുത എന്നിൽ ഒരു ഞെട്ടലും ഉണ്ടാക്കുന്നില്ല. മറിച്ച്, ഇത്തരം ജീവിതാന്തസ് സഭയുടെ പ്രാഥമിക ഘടനയിൽ പെടുന്നില്ല എന്നൊരു തിരിച്ചറിവിന്റെ സൂചനയാണ് എനിക്ക് കിട്ടുന്നത്. ആരാണ് സഭ, എന്താണ് യേശു മുന്നിൽകണ്ട സഭാജീവിതം എന്ന കാര്യത്തിൽ ആകമാനമായ ഒരാശയക്കുഴപ്പം നൂറ്റാണ്ടുകളിലൂടെ സഭയിൽ രൂപപ്പെടുത്തിയെടുക്കാൻ ജനനായകരായിരിക്കേണ്ടവർ കിണഞ്ഞു പരിശ്രമിച്ചു, അതിനു ഫലമുണ്ടായി. അങ്ങനെയാണ് സഭയെന്നാൽ വിശ്വാസി സമൂഹമാണ് എന്നതിന് പകരം സഭാമേധാവിത്വവും അതിനു വഴങ്ങുന്ന വൈദികശ്രേണിയും (clergy) സന്യസ്തരുമാണ് സഭയുടെ പ്രാഥമിക ഘടകം എന്നാ ചിന്തക്ക് തുടക്കമിട്ടത്. ഇന്ന് അല്മായർ clergyയുടെ വെറും മൂടുതാങ്ങികൾ മാത്രമായി അധപ്പതിച്ച ഒരു കൂട്ടമാണ്‌. ദൈവനിയമമെന്ത്, മനുഷ്യനിയമമെന്ത് എന്ന് തിരിച്ചറിയാൻ പോലും അവബോധമിലാത്ത ഇക്കൂട്ടരെ ഇട്ടു വട്ടുതട്ടുന്ന ഒരു അധികാരശ്രേണി സഭയുടെ നാശത്തിനു വഴിതെളിക്കുന്നു എന്ന പരിതാപകരമായ അവസ്ഥയാണ് നാം കാണുന്നത്. അതിനൊരു മാറ്റം വരില്ല, കാരണം അതിന്മാത്രം ബുദ്ധി മുരടിച്ചുപോയ ഒരു വർഗമാണ് ഇവർ. അതുകൊണ്ടാണ് ഞാൻ നേരെത്തെ എഴുതിയത്, ഈ സഭയുടെ വിധി നാശമാണെന്ന്.

    ReplyDelete
  9. ഇത്രയേറെ പേര്‍ സഭയുടെ വേലയും ളോഹയും വിട്ടു എന്നുകേട്ടു സ്വര്‍ഗം സന്തോഷിക്കുന്നു ! പിതാവും കര്‍ത്താവും പിന്നെ റൂഹായും സ്വപ്നത്തില്പോലുംകാണാത്ത കല്‍പ്പനകളും കാനോന്‍ നിയമാവലിയും ഉണ്ടാക്കി വിശ്വാസത്തടവറയില്‍ പാവംജനതയെ ഇട്ടു ചൂഷണം ചെയ്ത ദൈവമില്ലാത്ത വൈദീക /മണവാട്ടിപ്പണി ഒരിക്കലായി ഉപേക്ഷിക്കുവാന്‍ ഇത്രയും പേര്‍ക്ക് സല്‍ബുദ്ധി തെളിഞ്ഞല്ലോ എന്നോര്‍ത്തു മാലാഖ കുഞ്ഞുങ്ങളോടൊപ്പം നമുക്കും സന്തോഷിക്കാം ... ..

    ReplyDelete