Translate

Wednesday, February 4, 2015

ഇന്ത്യന്‍ കത്തോലിക്കാ സഭ ഈ ചതി ചെയ്യരുത്


(ഈ മലയാളീ (BYസ്വന്തം ലേഖകൻ) യിൽ നിന്നും പകർത്തിയത്
http://emalayalee.com/varthaFull.php?newsId=94393

  ഒരു ഇന്ത്യന്‍ പുരോഹിതന്‍കൂടി അമേരിക്കയില്‍ ശിക്ഷിക്കപ്പെട്ടു. കുപ്പായം പോയ ഫാ. ക്രിസിന്റെ (മറുകുടിയില്‍ വേലന്‍) ഗദ്ഗദം പൂണ്ട വാക്കുകള്‍ വായിച്ചപ്പോള്‍ കണ്ണുനനഞ്ഞു. 'ഇവിടെ എനിക്കിനി ജീവിക്കാന്‍ വയ്യ. ഈ വേദന സഹിക്കാനാവുന്നില്ല-സംഭവിച്ചതെന്താണെന്ന് എനിക്കിനിയും
വിശ്വസിക്കാനാവുന്നില്ല.' ന്യുജേഴ്‌സിയില്‍ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി ജയിംസ് ബാര്‍നിയോട് 67-കാരനായ മുന്‍ പുരോഹിതന്‍ പറഞ്ഞു.

ജഡ്ജി കനിഞ്ഞില്ല. ജഡ്ജി പറഞ്ഞു: നിങ്ങളിപ്പോഴും യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല. നിങ്ങള്‍ കുറ്റം
ചെയ്തു എന്നതാണ് വസ്തുത. വൈദീകനെന്ന നിലയിലുള്ള നിങ്ങളുടെ സ്ഥാനം നിങ്ങള്‍ ദുരുപയോഗം ചെയ്തു. ആ സ്ഥാനത്തോടുള്ള വിശ്വാസം നിങ്ങള്‍ മുതലെടുത്തു. തെറ്റൊന്നും ചെയ്തില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ട് ഗുണമൊന്നും കിട്ടാന്‍ പോകുന്നില്ല.'

എങ്കിലും ഒന്നരവര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റത്തിന് അദ്ദേഹത്തെ രണ്ടുവര്‍ഷത്തെ പ്രൊബേഷനുമാത്രം (നല്ലനടപ്പ്) ജഡ്ജി ശിക്ഷിച്ചു. കൂടാതെ സൈക്യാട്രിക് പരിശോധനയ്ക്ക് വിധേയനാകണം. അതുപോലെ  കൗണ്‍സലിംഗിനും.

ഫാ. ക്രിസ് കുറ്റമൊന്നും ചെയ്തില്ലെന്നും അദ്ദേഹത്തെ മനപ്പൂര്‍വ്വം കൂടുക്കിയതാണെന്നും കാശു പിടുങ്ങാനുള്ള വിദ്യയാണിതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിക്ഷാവിധിക്കുശേഷം പത്രക്കാരോട് പറഞ്ഞു. ഇക്കാര്യം അറ്റോര്‍ണി കോടതിയില്‍ പറഞ്ഞെങ്കിലും ജൂറി കുറ്റക്കാരനെന്നു കണ്ടെത്തുകയായിരുന്നു.


ഇടവകാംഗമായ ഒരു സ്ത്രീയെ കയറിപ്പിടിച്ചു (ഗ്രോപ്പിംഗ്) എന്നതാണ് തെളിഞ്ഞ കുറ്റം. അവരുടെ അഞ്ചുവയസുള്ള മകളേയും 13 വയസുള്ള മകനേയും കൂടി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ചാര്‍ജ് ജൂറി തള്ളിക്കളഞ്ഞു. അതുകൂടി തെളിഞ്ഞിരുന്നെങ്കില്‍ ദീര്‍ഘകാലം ശിക്ഷ ഉറപ്പായിരുന്നു.

 2012-ല്‍ ആയിരുന്നു സംഭവം. ബ്രിക് ടൗണ്‍ഷിപ്പിലെ വിസിറ്റേഷന്‍ ചര്‍ച്ചില്‍ വൈദികനായിരുന്നു. ഫാ. ക്രിസ്. തീര്‍ത്തും ദരിദ്ര കുടുംബത്തില്‍പ്പെട്ട സ്ത്രീക്കും മക്കള്‍ക്കും അദ്ദേഹം ഭക്ഷണവും മറ്റും എത്തിച്ചുകൊടുത്തിരുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍ അവരെ കയറിപ്പിടിച്ചു എന്നും കാറില്‍ വെച്ച് മകനെ പീഡിപ്പിക്കാന്‍  ശ്രമിച്ചുവെന്നുമൊക്കെയായിരുന്നു ആരോപണങ്ങള്‍.

നിശിതമായ ചോദ്യംചെയ്യലില്‍ സ്ത്രീയെ ആലിംഗനം ചെയ്തപ്പോള്‍ മാറിടത്തില്‍ സ്പര്‍ശിച്ചു എന്നു വൈദികന്‍ പറഞ്ഞു. ഇത് റെക്കോര്‍ഡ് ചെയ്താണ് ജൂറിയെ കേള്‍പ്പിച്ചത്. പോലീസിന്റെ നിര്‍ബന്ധിച്ചുള്ള ചോദ്യം ചെയ്യലില്‍ അവര്‍ കേള്‍ക്കാനാഗ്രഹിച്ച ഉത്തരം പറയുകയാണുണ്ടായതെന്ന് അറ്റോര്‍ണി ചൂണ്ടിക്കാട്ടുന്നു.


അമ്മയേയും മക്കളേയും ഒരേദിവസം പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം വന്നു. പക്ഷെ അതുകഴിഞ്ഞ് റെസ്റ്റോറന്റില്‍ പോയി വൈദീകനോടൊപ്പം ഭക്ഷണം കഴിച്ചതായും അവര്‍ കോടതിയില്‍ സമ്മതിച്ചു.

വൈദികനെതിരേയും ഡയോസിസിനെതിരേയും സ്ത്രീ നഷ്ടപരിഹാര കേസ് കൊടുത്തിട്ടുണ്ട്.

കേസുകൊടുത്ത് പണമുണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നതിനു തെളിവായി വൈദികന്റെ അറ്റോര്‍ണി ഇക്കാര്യം ചൂണ്ടിക്കാട്ടി. സംഭവത്തെ തുടര്‍ന്ന് വൈദികനെ സ്ഥാനത്തുനിന്നു നീക്കി. സോഷ്യല്‍ സെക്യൂരിറ്റിയില്‍ നിന്നുള്ള ചെറിയ സംഖ്യയും മറ്റുള്ളവരുടെ സഹായവും കൊണ്ടാണ്
ജീവിക്കുന്നത്. ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതം തകര്‍ത്തുവെന്ന് അറ്റോര്‍ണി പറഞ്ഞു.


എന്നാല്‍ അത് അദ്ദേഹത്തിന്റെ കൈയ്യിലിരിപ്പുകൊണ്ടാണെന്നും സ്വയം
വരുത്തിവെച്ചതാണെന്നും പ്രോസിക്യൂഷനും വാദിച്ചു.

ഫാ. ക്രിസിന് പിന്തുണയുമായി ഏതാനും ഇടവകാംഗങ്ങള്‍ എന്നും കോടതിയില്‍ എത്തിക്കൊണ്ടിരുന്നു. രാപകലില്ലാതെ ആര്‍ക്കും എന്തു സഹായവും ചെയ്യാന്‍ മടിയില്ലാത്ത ആളായിരുന്നു ഫാ. ക്രിസ് എന്നവര്‍ ചൂണ്ടിക്കാട്ടുന്നു. നല്ലവരില്‍ നല്ലവനായിപ്പോയി എന്നതാണ്
ഇദ്ദേഹത്തിന്റെ തെറ്റ്- ഒരു വനിത മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ചില ചോദ്യങ്ങളുണ്ട്. വൈദികനെതിരേ ചില ആരോപണങ്ങള്‍ വന്നപ്പോള്‍ അമേരിക്കന്‍ രൂപത
അദ്ദേഹത്തിന്റെ കുപ്പായമൂരിപ്പിച്ചു. ജോലിയും വരുമാനവും ഇല്ലാതായി. അയാള്‍ എങ്ങനെ ജീവിക്കുമെന്നതു പോലും സഭയ്ക്ക് പ്രശ്‌നമല്ല. ഇത്രയുംകാലം സഭയെ സേവിച്ച ആള്‍ക്ക് ഒരു തെറ്റുപറ്റിയാല്‍ തുണയ്ക്കാനുള്ള കടമ സഭയ്ക്കില്ലേ? അതോ ആട്ടിപ്പുറത്താക്കുകയാണോ ക്രൈസ്തവ ധര്‍മ്മം? പാപിനിയായ സ്ത്രീയെ കല്ലെറിയുന്നവരുടെ കൂട്ടമായി സഭാ നേതൃത്വം മാറിയോ? ഒരാള്‍ വിഷമത്തില്‍പ്പെടുമ്പോള്‍ അത്യാവശ്യ
സഹായങ്ങളെത്തിക്കാനാവുന്നില്ലെങ്കില്‍ എന്തു ക്രൈസ്തവ ധര്‍മ്മം.?


കഴിഞ്ഞമാസം ഫ്‌ളോറിഡയില്‍ മലയാളി വൈദികന്‍ അറസ്റ്റിലായപ്പോള്‍ രൂപതാധികാരികളുമായി ഈ ലേഖകന്‍ ബന്ധപ്പെടുകയുണ്ടായി. പതിനായിരം ഡോളര്‍ ജാമ്യത്തുക വേണം. അതുമായി നാട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ സഭാധികൃതര്‍ നേരിട്ടുപോയി ജാമ്യത്തിലിറക്കിയാല്‍ മതി. ഞങ്ങളുമായി ബന്ധപ്പെടേണ്ട കാര്യമില്ല. അവര്‍ അറിയിച്ചു.!

ഏതാനും വര്‍ഷം മുന്‍പ്ന്യൂ ജേഴ്‌സിയില്‍ മറ്റൊരു മലയാളി വൈദീകന്‍ അറസ്റ്റിലായപ്പോഴും രൂപത തിരിഞ്ഞുനോക്കിയില്ലെന്ന് മലയാളികള്‍ പറഞ്ഞതോര്‍ക്കുന്നു. പണ്ട് ചെയ്ത കുറ്റകൃത്യത്തിന് വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചു വന്നപ്പോള്‍ അദ്ദേഹം അറസ്റ്റിലാവുകയായിരുന്നു. 16 വര്‍ഷത്തെ ശിക്ഷ കിട്ടി.


ഇവിടുത്തെ സഭാധികൃതര്‍ക്ക് ഇന്ത്യയില്‍ നിന്നുവരുന്ന വൈദീകരുടെ കാര്യത്തില്‍ ഒരുത്തരവാദിത്വവുമില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നു വൈദീകരെ അയയ്ക്കുന്നത് ശരിയാണോ?

അയയ്ക്കുന്ന വൈദീകര്‍ക്ക് അമേരിക്കയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നുണ്ടോ? ഇവിടെ കാശുണ്ടാക്കാന്‍ വേണ്ടി  ആരോപണമുന്നയിക്കാന്‍ മടിക്കാത്തവര്‍ ധാരാളമുണ്ടെന്നും, ഇന്ത്യക്കാരുടെ ശുദ്ധഗതിക്ക് ആ കുഴിയില്‍പോയി വീഴാന്‍ എളുപ്പമാണെന്നും അവര്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കേണ്ടതല്ലേ?

അതുപോലെ തന്നെ അമേരിക്കയില്‍ ഇതൊക്കെ സര്‍വ്വസാധാരണമാണെന്നു തെറ്റിധരിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടാവും.ചതിയില്‍പെടാവുന്ന സാഹചര്യങ്ങളും അത് ഒഴിവാക്കാനുള്ള മുന്‍കരുതലുകളും വ്യക്തമായി പഠിപ്പിക്കാതെ അമേരിക്കയിലേക്ക് അഴിച്ചുവിടുന്നതു ശരിയോ? അതുപോലെതന്നെ ഇവിടെ
വൈദീകരില്ലെങ്കില്‍ വൈദീകരെ കൊടുക്കേണ്ട ചുമതല മറ്റു രാജ്യങ്ങള്‍ക്കുണ്ടോ?

ചില സംഭവങ്ങള്‍കൂടി. ഏതാനും നാള്‍ മുമ്പ് ലേഖകന്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് പത്രത്തിനു ഒരു വക്കീല്‍ നോട്ടീസ്. ഒരു മലയാളി വൈദീകനെപ്പറ്റി നിങ്ങള്‍ എഴുതിയ വാര്‍ത്ത പിന്‍വലിക്കണം. വാര്‍ത്ത വന്നത് പത്തുപന്ത്രണ്ട് വര്‍ഷം മുമ്പാണ്. വേറൊരു കാര്യംകൂടി നോട്ടീസില്‍ പറഞ്ഞു. വാര്‍ത്ത അപ്‌ഡേറ്റ് ചെയ്താലും മതി. അതായത് ആദ്യം വൈദീകനെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് കേസ് ചാര്‍ജ് ചെയ്യാതെ വിട്ടയച്ചു.

പിന്നീട് വൈദീകന്‍ വിളിച്ചു. കണ്ണീരോടെ അദ്ദേഹം പറഞ്ഞു. ഗൂഗിളില്‍ അച്ചന്റെ പേര് സെര്‍ച്ച് ചെയ്താല്‍ അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ആദ്യം കാണുക. ജനം വിടുമോ?

പല സഹപ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ച് വല്ലവിധേനയും അതു നീക്കം ചെയ്യിച്ചു. പഴയ വാര്‍ത്തകളൊക്കെ പ്രത്യേക സംവിധാനത്തില്‍ പോകും. പിന്നെ നീക്കാനൊക്കെ വിഷമം.

മറ്റൊരു കേസില്‍ മലയാളി വൈദീകനെ കോടതി കുറ്റക്കാരനല്ലെന്നു കണ്ട് വിട്ടയച്ചു. ആരോപണമുന്നയിച്ച സ്ത്രീയുടെ വക്കീലിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം രോഷത്തോടെ പറയുകയാണ് - 'ഇത്തരം കേസുകള്‍ക്കുള്ള നല്ല ഇന്‍ഷ്വറന്‍സ് ഡയോസിസിനുണ്ട്. കേസ് ഇത്ര തീവ്രമായി അവര്‍ വാദിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. കുറെ പണം ആ സ്ത്രീക്കും കിട്ടിയേനെ!' (വക്കീലിനും കിട്ടുമല്ലോ അതിന്റെ പങ്ക്). പക്ഷെ അത്തരം കേസില്‍ ശിക്ഷപ്പെട്ടാല്‍ ആ വൈദീകന്റെ ജീവിതം തുലഞ്ഞു എന്നത് മാത്രം അറ്റോര്‍ണി കണ്ടില്ല.


സത്യമല്ലാത്തതും മനപൂര്‍വ്വം ഉണ്ടാക്കുന്നതുമായ ഇത്തരം ആരോപണങ്ങള്‍ വൈദീകന്റെ ജീവിതം തന്നെയാണ് തുലയ്ക്കുന്നത്. അവര്‍ ഒന്നുമല്ലാത്തവരായി മാറുന്നു.സഹായിക്കാന്‍ കുടുംബമില്ല. സമ്പാദ്യമില്ല. നാട്ടുകാര്‍ കണ്ടില്ലെന്ന അവസ്ഥയും.


നിരവധി ഇന്ത്യന്‍ വൈദീകര്‍ക്കെതിരേ അമേരിക്കയില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നു.

ഒന്നുകില്‍ ഇന്ത്യന്‍ വൈദീകരെ ഇങ്ങോട്ടയയ്ക്കരുത്. അമേരിക്കന്‍ കത്തോലിക്കര്‍ വൈദീകരില്ലാതെ ആരാധന നടത്തട്ടെ. അല്ലെങ്കില്‍ ഇവിടുത്തെ സഭാധികൃതര്‍ ന്യായമായ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ഉറപ്പു നല്‍കട്ടെ. അതിനു പുറമെ ചതിക്കുഴികളിലകപ്പെടാതിരിക്കാനുള്ള വ്യക്തമായ വിദ്യാഭ്യാസവും നല്‍കട്ടെ.


ഇന്ത്യന്‍ വൈദീകന്‍ അറസ്റ്റില്‍ എന്ന് വായിച്ചു വായിച്ച് മനംപിരട്ടുന്നു. ഇന്ത്യയില്‍ തന്നെ ഈ വൈദീകരെ ആവശ്യമുള്ളതല്ലേ. പിന്നെന്തിന് ഇങ്ങോട്ടയയ്ക്കുന്നു?  

EMalayalee: http://emalayalee.com/varthaFull.php?newsId=94393
        

3 comments:

  1. "ഇന്ത്യന്‍ വൈദീകര്‍ അറസ്റ്റില്‍ " എന്ന വാര്‍ത്ത കേട്ടു വാന്തിവരുന്ന എന്‍റെ പ്രിയനേ , "ഇന്ത്യയില്‍ തന്നെ ഈ വൈദീകരെ ആവശ്യമുള്ളതല്ലേ." എന്ന ചങ്കേല്‍ കൊള്ളുന്ന ചോദ്യം വേണ്ടായിരുന്നു ! ഈ വൈദീകനെ എന്നല്ല ,ഒരു വൈദീകനെയും സാരപ്രപഞ്ചത്തില്‍ ഒരിടത്തും ഒരിക്കലും ഒരു ആവശ്യവും ഇല്ലേ ഇല്ല ! എന്റെ പ്രിയനേ , വൈദീകനെ മാനവരാശിക്കോ മറ്റേതെങ്കിലും ജീവജാലത്തിനോ എപ്പോഴെങ്കിലും ആവശ്യം ആണെന്ന് അങ്ങ് ഇന്നുവരെ വായിച്ച സത്യവേദപുസ്തകത്തിലെ, ക്രിസ്തുവിന്റെ അരുളുകളില്‍നിന്നും ഉദ്ദരിച്ച്‌ പറയാമോ ? ഐ ബെറ്റ് , ക്രിസ്തു ഇവര്‍ അധിവസിക്കുന്ന പള്ളികളില്‍ പ്രാര്‍ഥിക്കാന്‍ പോലും പോകരുതെന്ന് കൂടി വിലക്കിയതായി മത്തായി ആറിന്റെ ആറുമുതല്‍ ഞാന്‍ മനസിലാക്കി ! sorry എന്റെ മാത്യൂചായാ ...

    ReplyDelete
  2. ലൈംഗിക കുറ്റമാരോപിച്ച് ഒരു ഇന്ത്യൻ പുരോഹിതനെ അമേരിക്കൻ ജഡ്ജി ശിക്ഷിച്ചത് അമേരിക്കൻ സീറോമലബാർ പുരോഹിതർക്ക് ഗുണപാഠമാകട്ടെയെന്നു കാംഷിക്കുന്നു. 'ഈ മലയാളി' പത്രത്തിലെ സ്വന്തം ലേഖകനെഴുതിയ വാർത്താ ലേഖനം ഒരാവർത്തിയെങ്കിലും ഇവിടെയുള്ള പുരോഹിതർ വായിക്കാനും താല്പ്പര്യപ്പെടുന്നു. കാരണം, അമേരിക്കൻ നീതിന്യായ പരിധിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആ കുരുക്കില്നിന്നു ഊരിയെടുക്കുകയും എളുപ്പമല്ല. ഇവിടെയിന്നു ശിക്ഷിക്കപ്പെട്ട ഈ പുരോഹിതൻ നിഷ്ക്കളങ്കനായിരിക്കാം. അതൊന്നും അമേരിക്കൻ ജഡ്ജിയുടെ കാതുകളിൽ ഉൾക്കൊള്ളണമെന്നില്ല. നാട്ടിലെ സാംസ്ക്കാരിക അന്തരീക്ഷത്തിൽ വളർന്ന ഏതൊരു പുരോഹിതനും സംഭവിക്കാവുന്ന ഒരു കുറ്റകൃത്യമേ ഈ പുരോഹിതനും ചെയ്തിട്ടുള്ളൂ. അതിന്റെ വില നൂറായിരം ഇരട്ടിയായി അദ്ദേഹത്തിന് കൊടുക്കേണ്ടിവന്നു. വീടും നാടും മറന്ന് മാമ്മോനെ സ്നേഹിച്ചു കഴിയുന്ന പുരോഹിതർ ഇത്തരം കുരുക്കിൽ പെടുമ്പോഴാണ് മുമ്പ് പീഡിപ്പിച്ചിരുന്ന കുഞ്ഞുങ്ങളുടെ ദീനരോദനം ഒരു പക്ഷെ അവർ കേൾക്കുന്നത്.

    ഇവിടെ ജഡ്ജി വിധിയ്ക്ക് മുമ്പായി പറയുന്ന ന്യായവാദങ്ങളും ശ്രദ്ധേയമാണ്. ചെയ്ത കുറ്റം എന്തെന്നു മനസിലാക്കാത്ത പ്രതിയായ പുരോഹിതനോടായി ജഡ്ജി പറയുന്നു; 'ബ്രമചര്യത്തിന്റെ ദീപമലങ്കരിക്കേണ്ട അങ്ങയുടെ പൌരാഹിത്യത്തിനും കളങ്കം വരുത്തിക്കൊണ്ട് അങ്ങ് കുറ്റം ചെയ്തിരിക്കുന്നു. അങ്ങയുടെ പൌരാഹിത്യത്തെ ദുരുപയോഗപ്പെടുത്തി ഒരു സ്ത്രീയുടെ മാറിടത്തിൽ സ്പർശിക്കാൻ ഈ രാജ്യത്തിലെ നിയമം അനുവദിക്കില്ല. കുറ്റം ചെയ്തില്ലെന്ന് താങ്കളിനി വാദിച്ചാലും പ്രയോജനമില്ല. '

    ഒരു പുരോഹിതനെന്തെങ്കിലും സംഭവിച്ചാൽ മലയാളി കുഞ്ഞേലികൾക്കും കുഞ്ഞാടുകൾക്കും വേദനിക്കുമെന്നുള്ളതു ശരിയാണ്. പുതിയതായി നാട്ടിൽ നിന്നു വരുന്ന പുരോഹിതരെ ഈ നാടിന്റെ രീതികളെപ്പറ്റി പഠിപ്പിക്കാൻ കുഞ്ഞേലികളും തയാറാവുകയില്ല. ഇവർ വീടുകളിൽ ക്ഷണിച്ച് കേട്ടിയവനുപോലും ഭക്ഷണം കൊടുക്കാതെ ഒരു പുരോഹിതനെ കോഴിയിറച്ചി തീറ്റുമ്പോൾ ഒരു കുറ്റവാളിയെക്കൂടി ഈ മണ്ണിൽ വാർത്തെടക്കുന്ന കാര്യവും സ്ത്രീകൾ വിസ്മരിക്കുന്നു.

    വർഷങ്ങൾക്കുമുമ്പ് ഞങ്ങളുടെ അമേരിക്കൻ പള്ളിയിടവകയിൽ വന്ന ഒരു മലയാളി പുരോഹിതനെപ്പറ്റിയും അയാളുടെ ഉമ്മ കഥകളെപ്പറ്റിയും മുമ്പെഴുതിയിട്ടുള്ളതാണ്. അമേരിക്കൻ സംസ്ക്കാരത്തിൽ സ്ത്രീകളുടെ കവിളത്തുമ്മ വെക്കുന്നതിൽ തെറ്റില്ല. അതു മുതലാക്കി കുർബാന കഴിയുമ്പോൾ പ്രധാന കവാടത്തിൽ സ്ത്രീകൾക്ക് ഉമ്മ കൊടുക്കാൻ മലയാളി പുരോഹിതർ ഓടുന്നതും കാണാം. ഓട്ടം കാണുമ്പോഴേ പാകത വരാത്ത ഇവരെ ജനം തിരിച്ചറിയുകയും ചെയ്യും. ചിലർ കവിളത്ത് കൊടുക്കുന്ന ഉമ്മയ്ക്കു പകരം തെറ്റി ചുണ്ടത്താകുമ്പോഴാണ് കുറ്റവാളിയാകുന്നത്. ആലിംഗനം ചെയ്യുമ്പോൾ വിലക്കപ്പെട്ട കനിയും സ്പർശിക്കാൻ തോന്നും. പുരോഹിതാ നിയന്ത്രിക്കുക. സാധിക്കുന്നില്ലെങ്കിൽ യോഗാ ചെയ്യുക. വിവാഹിതർക്കും ആ പ്രശ്നം ഉണ്ട്. ഭാര്യ ചവുട്ടി പുറത്താക്കുമെന്നു പേടിച്ച് അവർ നിയന്ത്രിക്കുന്നുവെന്നേയുള്ളൂ

    അറുപത്തിയെഴു വയസുള്ള പുരോഹിതർ ഇത്തരം ലൈംഗിക ചേഷ്ടകൾക്ക് ഒരുമ്പെടില്ലെന്നും ചില കുഞ്ഞാടുകൾ വാദിക്കുന്നു. കാമവികാരങ്ങൾ തൊണ്ണൂറു വയസുള്ള വൃദ്ധനായവൻ മരിച്ചു കഴിഞ്ഞാലും അഞ്ചു മിനിറ്റു കൂടി കാണുമെന്ന് കപ്പൂച്ചിയൻ അച്ചനായ ബഹുമാനപ്പെട്ട ഫാദർ ജോസഫ് പുത്തൻപുരയ്ക്കലച്ചന്റെ യൂട്യൂബിലുള്ള ഒരു ധ്യാന പ്രസംഗത്തിൽ കേൾക്കാം. കലാനിലയത്തിന്റെ സ്ഥാപകൻ ദൈവിക ഗാനങ്ങൾ രചിച്ചുകൊണ്ടിരുന്ന കലാകാരനായ കൊവേന്തക്കാരനച്ചൻ കൊച്ചുപെണ്‍പിള്ളേരെയും കുട്ടികളെയും കെട്ടിപിടിച്ചാൽ വിടാതെ അവരെ ശ്വാസം മുട്ടിക്കുമായിരുന്നു. അങ്ങനെയുള്ളവരും ഈ നാട്ടിൽ നിയമത്തിനൊരിക്കൽ അടിയറ പറയേണ്ടി വരും.

    അടുത്തയിടെ അറ്റ്ലാന്റായിൽ കണ്ടുമുട്ടിയ ഒരു പാലക്കാടൻ കുറുക്കന്റെ കണ്ണുള്ള ഒരു പുരോഹിതനെപ്പറ്റി
    ഞാനൊരു ലേഖനത്തിൽ സൂചിപ്പിച്ചിരുന്നു. അയാൾക്ക് അടുക്കളയിൽ കൂടിയിരിക്കുന്ന സ്ത്രീകളോട് കുശലം പറയാനേ ഇഷ്ടമുണ്ടായിരുന്നുള്ളൂ. സ്ത്രീകളുടെ കയ്കളിൽ നിന്ന് കുഞ്ഞുങ്ങളെ പിടിച്ചു വാങ്ങാനും താല്പര്യമായിരുന്നു. കൈവിരലുകൾ നിരോധിക്കപ്പെട്ട സ്ഥലത്ത് തൊട്ടാലുള്ള ആനന്ദം കൊണ്ട് അദ്ദേഹം തൃപ്തിപ്പെടുമായിരുന്നു. പുരുഷന്റെ കൈകളിൽ കുഞ്ഞിരുന്നാൽ ഗൌനിക്കില്ലായിരുന്നു.

    പ്രിയപ്പെട്ട മലയാളി പുരോഹിതാരെ, അമേരിക്കൻ തള്ളമാരുടെ കൈകൈളിൽ ഇരിക്കുന്ന കുഞ്ഞിന്റെ നേരെ നിങ്ങളുടെ കൈകൾ ഉയർത്തരുതെന്ന് ഒരപേക്ഷയുണ്ട്. മെത്രാന്റെ കൈകളിൽ മോതിരമുള്ളത് ഒരു രക്ഷയാണ്. അതുകൊണ്ട് സ്ത്രീകൾ മെത്രാന്റെ ചുണ്ടുകളെ മുത്താതെ കൈവിരലുകളിൽ മുത്തിക്കൊള്ളും.

    സ്ത്രീകളെ കാണുമ്പോൾ അവരുടെ നെറ്റിത്തടത്തിൽ പൊട്ടുകുത്താൻ വാശിപിടിക്കുന്ന എന്റെ ഒരു അകന്ന ബന്ധുവായ പുരോഹിതനെയും ഓർക്കുന്നു . ഒരു മാസം എന്റെ അതിഥിയായിരുന്ന അദ്ദേഹത്തോട് 'എന്നെ പൊട്ടു തൊടാൻ ശ്രമിക്കാതെ മാറി പോവൂ അച്ചാ' യെന്ന് അന്നത്തെ ഒരു പെണ്ണ് കുപിതയായി അലറുന്നതും ഓർക്കുന്നു.

    ReplyDelete
  3. ജോസെപ് അച്ചായാ ,'കാരണം ' ഇല്ലാതെ ഒരു കാര്യവും ' ഇല്ല ! ഇവിടെ നമ്മെ നാണിപ്പിക്കുന്ന "കാര്യം" പാതിരിക്കൂട്ടം പിഴച്ചതാണ് ! അതിന്റെ "കാരണം" ഇവന്‍ ളോഹ അണിയുന്നതിനു മുന്നേ ആരായിരുന്നു എന്നതിലാണ് മറവായിരിക്കുന്നത്! എന്റെ നാട്ടില്‍ എന്റെ കണ്മുന്നില്‍ ഇന്നലെപ്പോലെ ളോഹ ധരിച്ച കുറേ പിള്ളാരെ എനിക്കറിയാം !...കൂടിപ്പോകും ഞാന്‍ വല്ലോം പറഞ്ഞാല്‍ ! ഇതിന്റെ കുറ്റം ഈ പിള്ളാരുടെതല്ല ! "ദുര്‍ഗുണത്തിന്‍ സന്തതിയെ അപ്രിയമാം യഗംപോലെ സഭാവേലയ്ക്കയൈക്കുന്ന കയീനുകളെ " എന്ന് ഇവന്റെഒക്കെ തന്തമാരെ പണ്ടുഞാന്‍ പാടി കേള്‍പ്പിച്ചിട്ടുണ്ട് ! വീട്ടില്‍ കൊള്ളാത്തവനെ /നാട്ടിലും സ്കൂളിലും വേണ്ടാത്തവനെ ചിക്കിലി കൈമുത്തുവാങ്ങി "കൈവൈപ്പെന്നു പറയുന്ന" തട്ടിപ്പ് നടത്തുന്ന മെത്രാനാണിതിനു "കാരണം "! ഈ നിക്രിഷ്ട ജീവിയെ സഭ ഭരിക്കാന്‍ തിരഞ്ഞെടുത്ത പരീശക്കൂട്ടമാണ് "കാരണം"! കാരണം കാണാതലയുന്ന ക്രിസ്ത്യാനീ, ക്രിസ്തുവിന്റെ പൊന്നു കല്പന മറന്നു നാം പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോയതാണ് "കാരണം"! ആയതിനാല്‍ ഇനിയെങ്കിലും ക്രിസ്ത്യാനീ, നീ ആ ക്രിസ്തുവിനെ അനുസരിക്കൂ ..ചെറ്റക്കത്തനാരെ ജീവിതത്തില്‍നിന്നും "goback" പറയൂ.....അവന്‍ പണിയെടുത്തു ഇനിയെങ്കിലും ജീവിക്കട്ടെ ! ആമ്മീന്‍..

    ReplyDelete