Translate

Friday, July 15, 2016

പെണ്ണും കൂട്ടരോടു ചോദിക്കുക !


എന്തുകൊണ്ടാ ചൈനയിലെ വന്മതിൽ ലോകാത്ഭുതങ്ങളിലൊന്നായി മാറിയതെന്ന് ചോദിച്ചതിന് ഒരു കുഞ്ഞു പറഞ്ഞത്, അതു മാത്രമേ ചൈനയിൽ ഗാരന്റി പീരിഡ് കഴിഞ്ഞിട്ടും കേടുകൂടാതെ നിന്നുള്ളൂവെന്നാണ്. എന്തുകൊണ്ട് കേരള കത്തോലിക്കാസഭ ഇത്രയും കാലം ഇവിടെ നിലനിന്നുവെന്നു ചോദിച്ചാൽ, ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ ഇങ്ങിനെ ചോദിക്കേണ്ടി വരില്ലായെന്ന് ഏതു കുഞ്ഞും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വരുന്നുണ്ട്. ഇവിടുത്തെ മെത്രാന്മാർ നോക്കുമ്പോൾ എല്ലാം പെർഫെക്ട്. എല്ലാം തികഞ്ഞവനാണെന്നു തോന്നുമ്പോൾ, പെണ്ണ് കാണാൻ പോയാൽ മതിയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പെണ്ണും കൂട്ടരു പറയും, തികഞ്ഞവനെന്നു കരുതിയവന്റെ കൃത്യമായ മാർക്കറ്റ് നിലവാരം. സഭയുടെ നിലവാരമാണ് ഇപ്പോൾ സോഷ്യൽ മിഡിയാ പറഞ്ഞു കൊണ്ടിരിക്കുന്നത്. അർജന്റീനായിലൊരു സിസിലിയ സിസ്റ്റർ ചിരിച്ചു കൊണ്ട് മരിച്ചുവന്നൊരു വല്യ വാർത്ത കേട്ടു. ഇവിടുത്തെ അന്തരീക്ഷത്തിൽ, ചിരിച്ചു കൊണ്ട് മരിക്കാൻ അത്മായനോ അച്ചന്മാർക്കോ കഴിയുമെന്ന് തോന്നുന്നില്ല. സ്വന്തം അയോഗ്യതകൾ മറച്ചു വെച്ച് കൊണ്ട് ബലി അർപ്പിക്കുന്ന വൈദികനും, നാട്ടാരെ കാണിക്കാൻ പള്ളിയിൽ പോകുന്ന അത്മായനും എങ്ങിനെ ചിരിക്കാൻ കഴിയും? 

ധ്യാനത്തിനു പോകുന്നവനും എങ്ങിനെ സൂത്രത്തിൽ കാര്യം സാധിക്കാമെന്നു ചിന്തിക്കുന്നു. നേരം വെളുക്കുമ്പം മുതൽ പ്രാർത്ഥനയുമായി കഴിയുന്ന മന്ദബുദ്ധികൾ ചിരിച്ചതു കൊണ്ടോ കരഞ്ഞതു കൊണ്ടോ ഒന്നും സംഭവിക്കാനും പോകുന്നില്ല. അമേരിക്കയിലെ നാപ്പായിലുണ്ടായ ഭൂകമ്പം എങ്ങിനെ കരിസ്മാറ്റിക് ഇഫക്ട് ആക്കി മാറ്റാമെന്ന് 'ശാലോം' കാണിച്ചു തരുന്നു. ശാലോം വായിക്കുന്നവർ മനസ്സിലാക്കേണ്ടത്, കേരളത്തിൽ നിന്നുള്ള ഒരു പ്രശസ്‌ത ധ്യാന ഗുരു പ്രാർത്ഥിച്ചു! അതാ ... നാപ്പായിൽ സൂക്ഷിച്ചിരുന്ന മുഴുവൻ വീഞ്ഞുകുപ്പികളും താഴെ ഉരുണ്ടു വീണു പൊട്ടുകയും ചെയ്തു. അവർ വൈൻ സൂക്ഷിക്കുന്നത് ബാരലുകളിലാണെന്നോ കുപ്പികൾ പ്ലാസ്റ്റിക്കാണെന്നോ ശാലോമിനോട് ആരും പറഞ്ഞുമില്ല; അവിടുണ്ടായ ചെറിയ ഭൂകമ്പം ഇങ്ങിനെയൊരു മഹാത്ഭുതം കാണിച്ചെന്ന് ഇതുവരെ അമേരിക്കക്കാരൊട്ടറിഞ്ഞതുമില്ല. ഇന്ത്യയെ കശക്കി എറിയുന്നഭൂകമ്പം വരാൻ പോണു - അതാദ്യം പ്രവചിക്കുന്നത് ഏതു ധ്യാനകേന്ദ്രമായിരിക്കുമോ? 

ഈ പുറകെ നടക്കുന്നവരെ മന്ദബുദ്ധികൾ എന്നല്ലാതെ എന്താ വിശേഷിപ്പിക്കുക? പ്രാർത്ഥിക്കാൻ പോയ ഒരു വൃദ്ധയുടെ തലയിൽ ചക്ക വീണത് ഏറ്റുമാനൂരിൽ, വിവാഹ പൂർവ്വത്തിനു പോയി നവവരൻ കാറപകടത്തിൽ, ഇതു വയനാട്ടിൽ - രണ്ടു പേരും മരിച്ചു. വട്ടായിയച്ചന്റെ ധ്യാനത്തിന് വന്ന കുട്ടിയാണ് നോട്ടിങ്ങാമിൽ മരിച്ചത്. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും പള്ളിയുമായി കൂട്ടിക്കെട്ടിയാൽ ആകെ കൺഫ്യുഷനാകും. അത്രേ ഞാൻ പറഞ്ഞുള്ളൂ. രൂപത്തിന്റെ മുമ്പിൽ വച്ചിരുന്ന തിരി മറിഞ്ഞു വീണു വീട് കത്തിയത് അടുത്തിടെ നടന്ന സംഭവം. നമ്മുടെ ഫിലോസഫി ആരെയും കൊതിപ്പിക്കും. ആരെങ്കിലും ഒരാൾ ആറ്റിൽ വീണെന്ന് കരുതുക. അവൻ രക്ഷപ്പെട്ടാൽ ദൈവകൃപ, മുങ്ങിച്ചത്താൽ ദൈവ കോപം!അവൻ പള്ളിവഴി നടക്കുന്നവനാണെങ്കിൽ പാപഫലമാകണമെന്നു നിർബന്ധവുമില്ല. ഇത് ഒരച്ചൻ പള്ളിയിൽ അവതരിപ്പിച്ചാൽ ഇങ്ങനിരിക്കും. 'എല്ലാ പാപങ്ങളുടെയും ഫലം ദുരന്തം; പക്ഷെ എല്ലാ ദുരന്തങ്ങളും പാപത്തിന്റെ ഫലമാവണമെന്നില്ല'! ഞാനേറ്റവും അവസാനം കേട്ട മാർത്തോമ്മാ ഫിലോസഫി ഇതായിരുന്നു. 

ബെൽജിയത്തിലെ വേദപാഠത്തിനും കുരുക്കു വീണു; ആ കാപാലികരെ വെറുതെ വിടരുത്. കരിസ്മാറ്റിക്കുകാരെല്ലാം കൂടി പ്രാർത്ഥിച്ച് അവരുടെ പരിപ്പിളക്കുന്ന ഒരു കാറ്റു വീശിക്കണം - നാപ്പായിൽ ചെയ്തതു പോലെ. റക്ഷ്യൻ പ്രസിഡന്റ് പുട്ടിനും സഭക്കിട്ടു പണിയാന് തീരുമാനിച്ചിരിക്കുന്നത്രെ. പള്ളിക്കു പുറത്ത് വചനപ്രഘോഷണം വേണ്ടെന്നു നിയമം വന്നിരിക്കുന്നു, അവിടെ.  മഹാശല്യമായി തീർന്നിരിക്കുന്നു, ക്രൈസ്തവ രാജ്യങ്ങൾക്കു പോലും സഭ. ഇംഗ്ലണ്ട്, ആസ്ട്രേലിയാ, ബെൽജിയം, റക്ഷ്യാ..... ഈ ലിസ്റ് വലുതായിക്കൊണ്ടിരിക്കും. ലോകത്തിനു മുഴുവൻ ശല്യമായി മാറുന്നിടം വരെ നമുക്ക് ആർഭാടങ്ങളും, വിഡ്‌ഢി പ്രഭാഷണങ്ങളുമായി മുന്നേറാം. എത്ര നല്ല സെറ്റപ്പാ ഓരോ പള്ളിയിലും! പാരീഷ് കമ്മറ്റിയാണ് എല്ലാം തീരുമാനിക്കുന്നതെന്നാ അവരുടെ ഭാവം. എല്ലാരും വന്നു പള്ളിമുറ്റത്തെ പുല്ലു പറിക്കുന്ന കാര്യവും തീരുമാനിച്ചിട്ടു പോവും. പള്ളി പണിയണോന്ന്  അച്ചൻ തീരുമാനിക്കും, അച്ചൻ തീരുമാനിച്ചാൽ രായിക്കു രായേ ചെങ്ങളം പള്ളി ഡൈനാമിറ്റിന്റെ മുമ്പിൽ വീണത് പോലെ എല്ലാം വീണിരിക്കും. തലേന്ന് വരെ മുമ്പിൽ കൂടി പോയാൽ നടുക്ക് വരുമ്പോൾ കുനിഞ്ഞു നിലം മുത്തുമായിരുന്ന വിശുദ്ധ സാധനങ്ങളെല്ലാം ജെ സി ബി വലിച്ചു മാറ്റുകയും ചെയ്യും. ചെങ്ങളം പള്ളിപണി തീർന്നു, സെപ്റ്റംബർ മുതൽ പുതിയ പണി തുടങ്ങും - അടുത്തയച്ചൻ ഇതു തട്ടിക്കളയുന്നിടം വരെ തല കുനിക്കൽ തുടരുകയും ചെയ്യും.

മാന്നാനത്ത് ഇടവക വരാൻ പോണു; രൂപത തീരുമാനിച്ചു, നാലു പള്ളികൾ വിഭജിക്കുക. വിഭജനം ഒന്നാം ഘട്ടത്തിൽ; ഈ നാലു പള്ളികളിൽ നിന്നും പിരിവെടുത്ത് കുറെ കോടികൾ മുടക്കി ഒരു വാടകക്കെട്ടിടത്തിൽ ഒരു പാസ്റ്ററൽ സെന്റർ തുടങ്ങി. ചെന്നെയിൽ കാണിച്ചതും ഇതേ തട്ടിപ്പ്. ഇക്കഴിഞ്ഞ ഏപ്രിലിൽ പന്ത്രണ്ട് സ്ലീഹന്മാരുടെയും നാമത്തിൽ ഒരു പള്ളി പണിയാൻ ചങ്ങനാശ്ശേരി എമിരെറ്റസ് മാന്നാനത്തു വന്നു കല്ലുമിട്ടു. ഓരോന്നായി സ്ലീഹന്മാരുടെ പെരുന്നാളും തുടങ്ങി. ആരും തടയില്ലെന്നവർ കരുതി. ഇപ്പോൾ സ്റ്റേ - ജില്ലാ കളക്ടറുടെ വക. അതിരംപുഴയിലെ പ്രമുഖ അത്മായർ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നു! അഹമ്മദാബാദിൽ അഡ്വ. കിരിത്ത് മക്വാൻ ഒറ്റക്കു പയറ്റി സഭയെ വിറപ്പിക്കുന്നു. ഇപ്പോൾ സഭക്ക് അയാളെ ഭയങ്കര പേടി. നദിയാദിലെ അച്ചനെ മെത്രാനാക്കിയാൽ പല കുട്ടികളെയും കൊണ്ടുവന്ന് DNA ടെസ്റ് നടത്തുമെന്ന് മാത്രമല്ല അദ്ദേഹം പറഞ്ഞത്, ഈ അച്ചൻ നടത്തിയ അഴിമതികളുടെ കഥകൾ തെളിവ് സഹിതം അദ്ദേഹം റോമിനെഴുതി, ചരിത്രത്തിൽ ആദ്യമായി റോം നിയുക്ത മെത്രാനെ പിൻവലിച്ചു. അഹമ്മദാബാദ് രൂപതയുടെ ഭാഗ്യം! സീറോയും കൊണ്ട് ആരെങ്കിലും ആ വഴി ചെന്നാൽ ഈ വക്കീലിനെ പരിചയപ്പെടാം. നട്ടെല്ലുള്ള ഒരാത്മായനുണ്ടായാൽ നട്ടെല്ലില്ലാത്ത മുഴുവൻ മെത്രാന്മാരെയും വിറപ്പിക്കാം - എന്താ സംശയം? ഒല്ലൂര് അച്ചൻ പരസ്യമായി ക്ഷമ പറഞ്ഞിട്ട് ഒരു വർഷം ആയില്ലല്ലോ! മെത്രാന്മാർ തമാശക്ക് വിറപ്പിച്ചവരാ ഇപ്പോൾ മെത്രാന്മാരെ വിറപ്പിക്കുന്നത്. 

ഏറ്റവും നന്ദിയുള്ള മൃഗം നായാണെന്നറിയാവുന്നവർ തന്നെ, നന്ദിയില്ലാത്തവരെ നായിന്റെ മക്കളെയെന്നു വിളിക്കുന്നു - അതാ ലോകം. ഒന്നിനും ലവലില്ല. കത്തുന്ന വാതകമായ  ഹൈഡ്രജനും, കത്താൻ സഹായിക്കുന്ന ഓക്സിജനും കൂടി ചേർന്നാൽ എന്താ സംഭവിക്കുന്നത്? തീ കെടുത്തുന്ന വെള്ളമുണ്ടാവുന്നു! സത്യം പഠിപ്പിച്ച യേശുവിന്റ പിന്നിൽ സത്യം ആഗ്രഹിക്കുന്ന വിശ്വാസികളെ കെട്ടിയിട്ടപ്പോൾ സത്യം പേരിനു പോലുമില്ലാത്ത കത്തോലിക്കാ സഭ ഉണ്ടായി. അതിലെന്താ അതിശയിക്കാല്ലെ? 

1 comment: