Translate

Thursday, July 7, 2016

'ആത്മാവിനെ കൊല്ലാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ട'

ദാര്‍ശനികനും കവിയും വാഗ്മിയും 'അത്മായശബ്ദം' ബ്ലോഗിലെയും 'സത്യജ്വാല'യിലെയും പ്രമുഖ എഴുത്തുകാരനുമായ ശ്രീ സാമുവല്‍ കൂടലിനെ നിശ്ശബ്ദനാക്കാന്‍, അദ്ദേഹം അംഗമായിരിക്കുന്ന ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു മെത്രാപ്പോലീത്തായും കൂലിപ്പട്ടാളവും രംഗത്തിറങ്ങിയിരിക്കുന്നതായി അറിഞ്ഞപ്പോൾ 'സത്യജ്വാല' എഡിറ്റർ ജോർജ് മൂലേച്ചാലിൽ ജൂലൈ ലക്കം 'സത്യജ്വാല'യിൽ പ്രസിദ്ധീകരിക്കാൻ തയ്യാറാക്കിയതാണ് ഈ ലേഖനം.  

'വാട്‌സ് അപ്പാ'ണു യുദ്ധക്കളം. ശ്രീ സാമുവല്‍
കൂടല്‍ യേശുവചസ്സുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്ക്കുന്ന പുരോഹിതവിരുദ്ധ ആശയഗതികള്‍ക്കൊന്നിനുപോലും മറുപടി പറയാതെ, അദ്ദേഹത്തെ തേജോവധംചെയ്തും മൂക്കില്‍ പഞ്ഞിവയ്ക്കുമെന്നു (കൊല്ലുമെന്ന്!) പറഞ്ഞു ഭീഷണിപ്പെടുത്തിയും തെറിയഭിഷേകം നടത്തിക്കൊണ്ടിരിക്കുകയാണവര്‍. 'അച്ചന്മാരെയും മെത്രാന്മാരെയും ഇഷ്ടമില്ലെങ്കില്‍ സഭ വിട്ടുപോകാത്തതെന്തെ'ന്നും, 'വീട്ടുപുരയിടത്തില്‍ കുഴിതോണ്ടി കുഴിച്ചിട്ടാല്‍ മതിയെന്നു വില്‍പ്പത്രം എഴുതിവയ്ക്കാത്തതെന്തെന്നുമൊക്കെയാണ്, അച്ചടിക്കാന്‍ കൊള്ളാത്ത 'സരസ്വതീപ്രയോഗ'ങ്ങള്‍ക്കിടയിലൂടെ അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്...
'ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനംകുത്തുക'യെന്ന, പുരോഹിതരുടെയും അവരുടെ 'ആമേന്‍ സംഘ'ത്തിന്റെയും ഈ സമ്പ്രദായം പുതിയതൊന്നുമല്ല; എല്ലാക്കാലത്തും അതുണ്ടായിരുന്നു. പ്രവാചകരെ കല്ലെറിയുകയെന്നത് പുരോഹിതമതവ്യവസ്ഥയുടെ ഭാഗംതന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് യേശു ജറുശലേമിനെ നോക്കി 'പ്രവാചകരെ കൊല്ലുന്നവളേ' എന്നു വിളിച്ചത; ജറുശലേം പരിത്യക്തവും ശൂന്യവുമാകും' എന്നും (മത്താ. 23:37-38), ദേവാലയം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകരു'മെന്നും (മത്താ: 24:2) പ്രവചിച്ചത്. യേശു ശിഷ്യരോട്, അവര്‍ നിങ്ങളെ മര്‍ദ്ദനത്തിന് ഏല്‍പിച്ചുകൊടുക്കുകയും വധിക്കുകയും ചെയ്യുമെന്നും തന്റെ ശിഷ്യന്മാരോട് മുന്നറിയിപ്പു നല്‍കുന്നതും (മത്താ. 24:9) അതേ പശ്ചാത്തലത്തിലാണ്.
എം.പി.പോള്‍, പൊന്‍കുന്നം വര്‍ക്കി, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുതലായ മലയാളത്തിലെ മഹാരഥന്മാരെ പീഡിപ്പിച്ചൊതുക്കാന്‍ കേരളസഭയിലെ പൗരോഹിത്യം എത്രയാണു ശ്രമിച്ചത്! ജോസഫ് പുലിക്കുന്നേലെന്ന ധീരനായ ഒറ്റയാള്‍ പട്ടാളത്തെ നേരിടാന്‍ മുഖമില്ലാത്ത പുരോഹിതരുടെയും 'അതെയച്ചാ'ക്കാരുടെയും ഒരു കൗരവപ്പട ഇറങ്ങിയത് അടുത്തകാലത്തെ കഥ. കന്യാസ്ത്രീകളെക്കൊണ്ട്, അച്ചുനിരത്തിച്ച് എത്രയോ അസത്യ-അസഭ്യകഥകള്‍ അദ്ദേഹത്തിനെതിരെ പ്രചരിപ്പിച്ചു!
മുമ്പത്തെപ്പോലെ മതദ്രോഹവിചാരണ (inquisition)  നടത്തി ഇന്നും സ്വതന്ത്രചിന്തകരായ മനുഷ്യരെ കൊല്ലാനുള്ള അധികാരം ഇന്നില്ലാതെപോയതില്‍ പരിതപിക്കുന്ന കശ്മല പുരോഹിതരാണ് സ്വഭാവഹത്യ നടത്തി സാഡിസ്റ്റ് സംതൃപ്തി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീകക്ഷികളുമായി കൈകോര്‍ത്തും വിലപേശിയും ആ അധികാരം വീണ്ടെടുക്കുകയെന്ന ലക്ഷ്യമാണ്, ഈ വിഭാഗം പുരോഹിതര്‍ക്കുള്ളത്. തങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സഭാംഗങ്ങള്‍ക്ക് അവകാശമില്ലെന്നു കോടതികളെക്കൊണ്ട് വിധിപ്രസ്താവങ്ങള്‍ നടത്തിക്കാന്‍ ശ്രമിക്കുന്നതും ഈ പുരോഹിത-മഹാപുരോഹിത വിഭാഗമാണ്.
''ശരീരത്തെ കൊല്ലുന്നവരെങ്കിലും ആത്മാവിനെ കൊല്ലാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ട'' എന്ന യേശുവചസ്സുകളുടെ അര്‍ത്ഥം ഗ്രഹിച്ചവരെ ഭയപ്പെടുത്തി അവരുടെ കര്‍മ്മരംഗത്തുനിന്നു പിന്തിരിപ്പിക്കാന്‍ ആര്‍ക്കാണു കഴിയുക? സത്യത്തിനും നീതിക്കുംവേണ്ടി ത്യാഗം സഹിച്ചും അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ദൈവികമായ ആന്തരികശക്തിയില്‍, ദൈവാനുഗ്രഹത്തില്‍, അധിവസിക്കുന്ന സാമുവല്‍ കൂടലിനെപ്പോലുള്ളവരെ ആര്‍ക്കെങ്ങനെ പരാജയപ്പെടുത്താന്‍ കഴിയും? അങ്ങനെ പരാജയപ്പെടുത്താനാകാത്ത കേരളത്തിലെ അനേകരുടെ ഒരു പ്രതിനിധിമാത്രമാണിന്നു സാമുവല്‍ കൂടലെന്നും, മരിച്ചാല്‍ കുഴിച്ചിടാന്‍ പള്ളിയിലൊരിടം കിട്ടാന്‍ വേണ്ടിമാത്രം ക്രിസ്ത്യാനികളായിരിക്കുന്ന ഈ മതദ്രോഹവിചാരണക്കാര്‍ അറിഞ്ഞിരിക്കട്ടെ!

- എഡിറ്റര്‍, 'സത്യജ്വാല'

No comments:

Post a Comment