Translate

Monday, July 18, 2016

ക്രൈസ്തവ സഭാചട്ടങ്ങളും ഇന്ത്യന്‍ ഭരണഘടനയും - ജോസഫ് പുലിക്കുന്നേല്‍

11-07-2016-ല്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തുവെച്ച് ”ക്രൈസ്തവ സഭാചട്ടങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ?” എന്ന സെമിനാറില്‍ ജോസഫ് പുലിക്കുന്നേല്‍ തയ്യാറാക്കിയ പ്രസംഗം   

(അനാരോഗ്യം മൂലം നേരിട്ട് വന്നു പ്രസംഗിക്കാൻ കഴിഞ്ഞില്ല) 

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തുവെച്ച് ”ക്രൈസ്തവ സഭാചട്ടങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ?” എന്ന വിഷയത്തെക്കുറിച്ച് വിപുലമായ ഒരു സെമിനാര്‍ നടത്തുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ശാരീരികമായി വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ സമ്മേളനത്തില്‍ വരാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഒരു പ്രാസംഗികനായിട്ടല്ല മറിച്ച് ആശയത്തോടുള്ള പ്രതിബദ്ധതയാണ് രോഗാതുരനായ എന്നെ ഈ വേദിയിലേയ്ക്ക് ആകര്‍ഷിച്ചത്.
2004 ആഗസ്റ്റ് മാസം 21-ാം തീയതി കോട്ടയം ഡീസി ഹാളില്‍വെച്ച് (ഈ സമ്മേളന വേദിയുടെ നേരെ എതിര്‍വശം) ”ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കാന്‍ നിയമം ആവശ്യം” എന്ന വിഷയത്തെ ആസ്പദമാക്കി കേരള കത്തോലിക്കാ അല്‍മായ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗത്തില്‍വെച്ചാണ് ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് നിയമം വേണമെന്നും ഏകീകൃത സിവില്‍കോഡ് ഭാരതത്തില്‍ നടപ്പിലാക്കണമെന്നുമുള്ള ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
പ്രൊഫ. എം.വി. പൈലി അധ്യക്ഷനായിരുന്ന ആ യോഗം ഉദ്ഘാടനം ചെയ്തത് ജസ്റ്റിസ് കെ. ടി. തോമസ് ആയിരുന്നു. ശ്രീ. ബി. വെല്ലിംഗ്ടണ്‍, പ്രൊഫ. എന്‍. എം. ജോസഫ്,  പ്രൊഫ. എം.തോമസ് മാത്യു, ഡോ.സ്‌കറിയാ സക്കറിയ, ഫാ. ജോര്‍ജ് കുഴിപ്പറമ്പില്‍, ശ്രീ. കുര്യന്‍ കിഴിവേലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഇതിനുശേഷം ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ സഭാവക സമ്പത്തു ഭരിക്കുന്നതിന് ഒരു നിയമം ഉണ്ടാകേണ്ട ആവശ്യത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ടും  ”ദി കേരള  ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍” എന്ന പേരില്‍ ഒരു കരടുബില്ലും കേരളാ ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഇതിനു മേല്‍നടപടി എടുക്കുന്നതിന്  അന്നത്തെ ഗവണ്‍മെന്റ് തയ്യാറായില്ല. എങ്കിലും ഈ ആശയം കേരളത്തിലെ കത്തോലിക്കരെ വളരെയധികം ആകര്‍ഷിച്ചു. ഇതു സംബന്ധിച്ച് വളരെയധികം ലഘുലേഖകള്‍ ഇതിനോടകം ഓശാന പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല ഈ ലഘുലേഖകള്‍ ഇംഗ്ലീഷിലാക്കി കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് നിയമം ഉണ്ടാക്കുന്നതിനുവേണ്ടി പല സ്റ്റേറ്റുകളും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വൃദ്ധനും അനാരോഗ്യവാനുമായ എനിക്ക് ഇക്കാര്യത്തില്‍ മുന്നോട്ട് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസമില്ല.  കഴിഞ്ഞ രണ്ടു കൊല്ലമായി ഞാന്‍ രോഗശയ്യയിലാണ്. ഇറങ്ങി നടക്കാന്‍പോലുമുള്ള ആരോഗ്യമില്ല. എങ്കിലും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഈ കാല്‍വയ്പില്‍  എന്നെക്കൊണ്ട് ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നതായിരിക്കും.
വത്തിക്കാന്‍ പാസ്സാക്കിയ ഒരു നിയമം ആണ് ഇന്ന് ഇന്ത്യയിലെ പള്ളികളുടെ സമ്പത്ത് ഭരിക്കുന്നത്.  ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്. മതം മതത്തിന്റെ മേഖലയില്‍ ആദ്ധ്യാത്മികകാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കണം. ഇന്ത്യയിലെ കത്തോലിക്കരുടെ വിവാഹ മോചനം സംബന്ധിച്ചുള്ള നിയമം കാനോന്‍ നിയമത്തിന് വിധേയമാക്കണമെന്നാണ് ഇപ്പോള്‍ മെത്രാന്മാര്‍ വാദിക്കുന്നത്. എന്നാല്‍ ഒരു ഏകീകൃത സിവില്‍ കോഡാണ് ഇന്ത്യയ്ക്കാവശ്യം. അവിവാഹിതരായ മെത്രാന്മാരും പുരോഹിതരുമല്ല വിവാഹിതരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. എല്ലാ രൂപതകളിലും ഇപ്പോള്‍ വിവാഹമോചനക്കോടതികളുണ്ട്. കാനോന്‍ നിയമം അനുസരിച്ചാണ് സഭാകോടതി നടപടികള്‍. വിവാഹം ഒരു കൂദാശയാണ്, അതോടൊപ്പം ഒരു കോണ്‍ട്രാക്ടും ആണ്. വിവാഹം കഴിക്കുന്ന ദമ്പതിമാര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും നൈയാമികമായി ചില അവകാശങ്ങള്‍ ലഭിക്കുന്നു. ഈ അവകാശങ്ങള്‍ നടപ്പാക്കാന്‍ സിവില്‍ കോടതിക്കേ കഴിയൂ. സഭാ കോടതികള്‍ക്കു കഴിയുകയില്ല. കാനോന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വിവാഹത്തെക്കുറിച്ചുള്ള വകുപ്പുകള്‍ സഭാംഗങ്ങള്‍ പഠിക്കേണ്ടതാണ്. സഭാംഗങ്ങളുടെ സിവില്‍ അവകാശത്തെ ഹനിക്കുമാറ് വിവാഹമോചനം സഭാ കോടതികള്‍ക്കു വിട്ടുകൊടുക്കാന്‍ പാടില്ലാത്തതാണ്. ഒരു ഏകീകൃത സിവില്‍ കോഡ് ഇതിന് ആവശ്യമാണ്. ഇന്ത്യയിലെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ തിരിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ക്ക് അതിര്‍വരമ്പ് ഇടുന്നത് ഏകപൗരത്വം എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഇല്ലെന്നാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ പൗരന്മാര്‍ക്കെല്ലാം മതനിരപേക്ഷമായി ഒറ്റ നിയമം ഉണ്ടാകണം. ഇല്ലെങ്കില്‍ ഇന്ത്യയുടെ ഭാവിക്ക് അപകടമായിരിക്കും.
http://www.josephpulikunnel.com/a130716.html

2 comments:

 1. Very nice post here thanks for it .I always like and such a super contents of these post.Excellent and very cool idea and great content of different kinds of the valuable information's.

  ccna training in chennai thiruvanmiyur

  ReplyDelete
 2. Two articles on the recent Supreme Court verdict about Catholic annulment;
  1) In Malayalam:http://www.archdiocesechanganacherry.org/archdioceschry_news.php?news_id=215
  2) In English: http://www.ww.catholicherald.co.uk/commentandblogs/2016/07/07/theres-a-good-reason-that-annulments-in-india-now-have-no-legal-force/
  matony0076@gmail.com

  ReplyDelete