Translate

Tuesday, July 19, 2016

സത്യ ജ്വാലയോ അതൊ അഞ്ചാം പത്തിയോ?

AMERICA  18-Jul-2016(സത്യമെന്തെന്ന് അർത്ഥമറിയാത്ത ഒരു 'സത്യവിശ്വാസി' കുഞ്ഞാടായി ഇമലയാളിയിൽ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ പോസ്റ്റ് ചെയ്യുന്നു.) 

ബിഷപ്പുമാരെയും വൈദികരെയും തെറി പറയുന്നത് കേള്‍ക്കുന്നത് ഈയുള്ളവനു കുറച്ചു സുഖം തരുന്നതിനാല്‍ സത്യജ്വാല ഓണ്‍ ലൈന്‍ പതിപ്പിന്റെ ഒരു ആരാധകനാണു ഞാന്‍. പക്ഷെ ഓരൊ ലക്കം കഴിയും തോറും വൈദീകരെ തെറി പറയുകയല്ല, ക്രൈസ്തവ വിശ്വാസത്തെ തന്നെ ഉന്മൂലനം ചെയ്യണമെന്ന അജന്‍ഡയാണു  എന്ന തോന്നല്‍ ബലപ്പെടുന്നു.

ഈ ലക്കം (പി.ഡി.എഫ് താഴെ കാണുക) എഡിറ്റോറിയല്‍ കത്തോലിക്കാ ദേവാലയങ്ങള്‍ ആരുടേത് എന്നതു സംബന്ധിച്ച ഹൈകോടതി  വിധിയെ വിമര്‍ശിച്ചു കൊണ്ടുള്ളതാണു. ആരെങ്കിലും പള്ളി പണിതു കഴിഞ്ഞാല്‍ അത് സഭാ നിയമമായ കാനന്‍ ലോ പ്രകാരം സഭയുടേതായിത്തീരും എന്നാണു വിധി.

ഇന്ത്യന്‍ ഭരണ ഘടന പ്രകാരം ഭരിക്കപ്പെടേണ്ടതിനു പകരം വിദേശ രാജ്യമായ വത്തിക്കാന്‍ ഉണ്ടാക്കിയ നിയമം അനുസരിക്കണോ എന്നാണു ചോദ്യം. ഇതു തന്നെ ജസ്റ്റീസ് കെ.റ്റി. തോമസും പറയുന്നു.
അനുസരിക്കണമെന്നു ആരും നിര്‍ബന്ധിക്കുന്നില്ല. സഭയില്‍ നില്‍ക്ക്‌മ്പോള്‍ സഭാ നിയമം അനുസരിക്കണമെന്നാണു കോടതി പറഞ്ഞത്. ഒരു ക്ലബിലെ നിയമം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ ആ ക്ലബ് വിട്ടു പോകണമെന്ന് കോടതി വിധി പറയുന്നു.

ആര്‍ക്കും പള്ളി നിര്‍മ്മിച്ച സ്വയം ഭരിക്കാമെങ്കില്‍ കശുള്ളവരൊക്കെ പള്ളി പണിയും. അവര്‍ അവരുടെ നിയമവും ദൈവ ശാസ്ത്രവും കൊണ്ടു വരും. അങ്ങനെ ചെയ്യാം. പക്ഷെ കത്തോലിക്കാ സഭയില്‍ നില്‍ക്കുമ്പോള്‍ അതു ചെയ്യാമോ എന്നു ചോദ്യം. പറ്റില്ല എന്നു ഉത്തരം.

ജസ്റ്റീസ് കെ.റ്റി. തോമസ് പലവട്ടം ആര്‍.എസ്.എസിനെ പുകഴ്ത്തിയിട്ടൂള്ള മാന്യ വ്യക്തിയാണു. ഭരണഘടന പ്രകാരം സഭ ഭരിക്കപ്പെടണമെന്നു അദ്ധേഹം പറയുന്നു. ഇപ്പോള്‍ ഭരണഘടനക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഭരണഘടന ഉണ്ടായത് 1950-ല്‍ ആണു. സഭ ഉണ്ടായത് 2000 വര്‍ഷം മുന്‍പും. അപ്പോ
ള്‍ അത്രയും വര്‍ഷം ചട്ടമൊന്നുമില്ലാതെ സഭ പോകണമായിരുന്നു എന്നാണോ അര്‍ഥം?

അടുത്ത ലേഖനത്തില്‍ വി. കുര്‍ബാനയില്‍ സത്താ മാറ്റം ഒന്നും ഉണ്ടാകുന്നില്ല എന്നു സമര്‍ഥിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിശ്വാസികളും അതു തന്നെയാണു പറയുന്നത്. പക്ഷെ കത്തോലിക്ക വിശ്വാസമനുസരിച്ച് വി. കുര്‍ബാന യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നു. വിശ്വസിക്കണമെന്നു ഒരു നിര്‍ബന്ധവുമില്ല. അതിനൊരു തെളിവ് തരാനില്ല താനും.

അടുത്ത ലേഖനം യഹോവ എന്നത് ഇസ്രയേല്‍കാര്‍ അവരുടെ അധീശ മനസസ്ഥിതി കൊണ്ടു സ്രുഷ്ടിച്ചതാണെന്നു പറയുന്നു. അവരെ മാത്രം തെരെഞ്ഞെടുക്കപ്പെട്ട ജനമായി പ്രഖ്യാപിച്ചതും ശരിയല്ല. മനുഷ്യ ബലി പോലും യഹോവ ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ യഹോവ ആളത്ര ശരിയല്ല. അങ്ങനെയെങ്കില്‍ ക്രൈസ്തവ ദൈവം ആര്? കല്പനകള്‍ എന്തിനു അനുസരിക്കണം? 

അടുത്തതില്‍ കോട്ടയം രൂപതയെ ചീത്ത പറയുന്നതിനോടു ലേഖകനും യോജിക്കുന്നു!

വൈദിക വ്രുത്തി മഹാപാപമാണെന്നും അതിനെ ക്രിസ്തു തന്നെ നിരോധിച്ചതുമാണെന്നു പറയുന്ന സാമുവല്‍ കൂടലിനെതിരെ ആക്രമണ ഭീഷണി ഉണ്ടായതിനെതിരെ പത്രാധിപര്‍ ജോര്‍ജ് മൂലേച്ചാലില്‍ എഴുതിരിക്കുന്നു. കൂടല്‍ സാറെ, താങ്കള്‍ അങ്ങനെ വിശ്വസിച്ചോളൂ. വേണമെങ്കില്‍ അതിനനുസ്രുതമായി ഒരു സഭ തന്നെ സ്ഥാപിച്ചോളൂ. ഞങ്ങള്‍ കുറച്ച് അന്ധകാരത്തിലൊക്കെ കഴിഞ്ഞോളാം.

ഞാറക്കലെ ആറു കന്യാസ്തിരികള്‍ സ്വത്തിനു വേണ്ടി നിയമ പോരാട്ടം നടത്തി വിജയിച്ചതാണു അടുത്തത്. ആയിക്കോളൂ. സ്വത്ത് കന്യാസ്ത്രിയുടേ നിയന്തണത്തിലായാലും വികാരിയുടെ നിയന്ത്രണത്തിലായാലും സഭയുടെ സ്വത്തല്ലേ? അതില്‍ ഇത്ര വലിയ കാര്യം എന്തിരിക്കുന്നു?

രണ്ടു മുസ്ലിംകളുടെ ലേഖനവും ഉണ്ട്. ക്രൈസ്തവ വിശ്വാസത്തിനു എതിരെ ഉണ്ടായതാണു ഇസ്ലാം. ദൈവത്തിനു അമ്മ ഉണ്ടാകാന്‍ പറ്റില്ലെന്നും മനുഷ്യാവതാരം പറ്റില്ലെന്നും ഒരാള്‍ പറയുന്നു. ആയിക്കോളു. താങ്കള്‍ അങ്ങനെ വിശ്വസിച്ചോളു. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും കന്യാമറിയത്തെ അംഗീകരിക്കുന്നില്ല.

ഇസ്ലാമിനെതിരെയും ഇതു പോലെ പല ചോദ്യങ്ങളുണ്ടെന്നു പ്രസ്തുത വ്യക്തി മനസിലാക്കട്ടെ. അപ്പോള്‍ പിന്നെ ഓരോരുത്തരുടെ വിശ്വാസം എന്നു കരുതുക. എന്നു കരുതി വിമര്‍ശിക്കരുത് എന്ന് അര്‍ഥമില്ല താനും. ഒരു ക്രൈസ്തവ പ്രസിദ്ധീകരണത്തില്‍ ഇതു വേണ്ടിയിരുന്നോ എന്നതു മാത്രമണ് ചോദ്യം.

പിന്നെയും ലേഖനങ്ങള്‍ ഉണ്ട്. സഭയേയും വൈദികരെയും കുറ്റപ്പെടുത്തുക എന്നതു മാത്രം ലക്ഷ്യം. സഭ ചെയ്യുന്നതെല്ലാം ശരിയല്ല. അതു വിമര്‍ശിക്കാം . ചില വൈദികര്‍ മോശക്കാരുണ്ട്. പക്ഷെ ബഹുഭൂരിപക്ഷവും നല്ലവരാണു. അമേരിക്കയില്‍ 40000 കത്തോലിക്ക വൈദികരില്‍ ചുരുങ്ങിയ ആളുകളാണു കുറ്റക്രുത്യങ്ങള്‍ ചെയ്യുന്നത്.
സഭയില്‍ വിശ്വാസമില്ലാത്തവര്‍ സഭയെ നന്നാക്കാന്‍ നോക്കുന്നതില്‍ അര്‍ഥമില്ല.4 comments:

 1. "സത്യവിശ്വാസി "എന്ന പേരുതന്നെ ചിന്തനീയമാണ്! സത്യംപോലെ തോന്നിക്കുന്ന മിഥ്യയുടെ ആഴക്കടലിൽ തുഴയുന്ന അൽപായുസാകുന്ന പാവം മനുഷ്യന്, സത്യം തേടി കണ്ടുപിടിക്കാൻ നേരംകിട്ടാത്തതുമൂലം , 'സത്യാന്വേഷി' ആകാൻ അവൻ സംസാരദുഃഖങ്ങൾക്കിടയിൽ മിനക്കെടാതെ , സത്യത്തിന്റെ മുഖംമൂടി ധരിച്ച 'മിഥ്യയെ' 'സത്യമായി' കരുതി മനസിനെ ആശ്വസിപ്പിക്കുന്നതാണ് പതിവ്!
  "മൃഗബലികൊണ്ടു യഹോവാ തൃപ്തിപ്പെടും" എന്നു കയ്യാപ്പ പുരോഹിതരും കൂട്ടരും പറഞ്ഞപ്പോൾ, 'നല്ലശമരായനെ' ഉപമയായി ആ നീതിശാസ്ത്രിക്ക് കാണിച്ചു കൊടുത്തിട്ടു, യേശു "ബലിയല്ല എനിക്കു വേണ്ടത് കരുണയാണല്ലോ" എന്നു, [യാഗമല്ല /ത്യാഗമാണ് അഭികാമ്യം] എന്നു സമൂഹത്തോട് പറഞ്ഞില്ലേ, എന്റെ വിശ്വാസിക്കുഞ്ഞേ ? വിശ്വാസിയാകൽ ഏതു മണ്ടനും പറ്റുന്നപണിയാണ് ; അതു അലസന്മാരുടെ കുത്തകയുമാണ്! എന്നാൽ അവിശ്വസിച്ചുകൊണ്ടു സത്യം അന്വേഷിക്കുമ്പോൾ കുറെയേറെ കഴ്ട്ടപ്പാടും മിനക്കേടും വരും! അലസനാകാതെ പേയ്‌ പരിശ്രമിയായാൽ, നീ അന്വേഷിച്ച സത്യത്തെ നീ കണ്ടെത്തുകതന്നെ ചെയ്യും ! "അന്വേഷിപ്പീന് കണ്ടെത്തും" ഈ വചനത്തിൽ വിശ്വസിക്കൂ സത്യവിശ്വാസി നീ അലസനാകാതെ ! വിശ്വാസം അലസരുടെതും, അന്വേഷണം പരിശ്രമിയുടെയും വഴിത്താരയാകുന്നു! അന്നുമെന്നും പരന്നു കിടന്ന ഭൂമിയെ ഒരു ഗലീലിയോ ഉരുട്ടിത്തന്നില്ലേ പോപ്പിന്റെ പീഡനമേറ്റുകൊണ്ടുപോലും ? ആ ബുദ്ധിയുടെ പ്രയഗ്നമാണ് മനുഷ്യനെ മൃഗത്തിൽനിന്നും വേറിട്ട ജീവിയാക്കുന്നതും ! കേൾപ്പാൻ ചെവികടം വാങ്ങൂ സത്യവിശ്വാസി...

  പുരോഹിത മതത്തിന്റെ പൊള്ളത്തരങ്ങളിലും ചൂഷണങ്ങളിലും പെട്ടു തലമുറകൾ സത്യമറിയാതെ ആത്മീകാന്ധതയുടെ ഇരുളിൻ മറവിൽ അമരുന്നത് കണ്ടു മനസ്സലിഞ്ഞവനാണാ ആശാരിക്കുഞ്ഞു! 'ഒറ്റയാൻ പട്ടാളംപോലെ'സമൂഹത്തെ തിരുത്താൻ ശ്രമിച്ചത് ഈ എരിവുതന്നെ; ഒടുവിൽ കുരിശിതനാകാൻ കാലം കഠിനത കാട്ടിയെങ്കിലും ! പക്ഷെ , നന്നാവുകയില്ലെന്നൊരുൾവാശിയുള്ളവർ "അവനെ കുരിശിക്ക" എന്നാർത്തുവിളിച്ചു !

  "അവനെകുരിശിക്ക "എന്നാർത്തിടും നാദം പരിസരമെങ്ങും മുഴങ്ങിടുമ്പോൾ,
  "അവനെ കുരിശിക്കരുതേ" എന്നൊരുനാവും കനിവാർന്നു ചൊന്നതില്ലാ ലാസറും!

  കുരിശിക്കുവാനെന്തു കാരണം? എന്നൊന്നു തിരയാതെ കുരിശിക്കാൻ ആർത്തിടുന്ന
  ജനമേ, നിനക്കന്തക്കരണമില്ലാതാകാൻ അവനിൽ കാരണം കാണുകില്ല!

  അസുരജന്മങ്ങളെ, 'നന്മയിൽ' 'തിന്മയെ' കാണുന്നൊരന്ധർ നിങ്ങൾ ; ശരിയെന്ന ബോധത്തിൽ തെറ്റുകൾ തലമുറ മതിവരാതിന്നും തുടർന്നിടുന്നു!"

  എന്റെ [സാമാസംഗീതം] വരികൾ ഒരുവട്ടം കൂടി ഞാനൊന്നു മനഃസമാധാനത്തിനായി മൂളിക്കൊട്ടെ ..

  "വൈദിക വ്രുത്തി മഹാപാപമാണെന്നും അതിനെ ക്രിസ്തു തന്നെ നിരോധിച്ചതുമാണെന്നു പറയുന്ന സാമുവല്‍ കൂടലിനെതിരെ ആക്രമണ ഭീഷണി ഉണ്ടായതിനെതിരെ പത്രാധിപര്‍ ജോര്‍ജ് മൂലേച്ചാലില്‍ എഴുതിരിക്കുന്നു. കൂടല്‍ സാറെ, താങ്കള്‍ അങ്ങനെ വിശ്വസിച്ചോളൂ. വേണമെങ്കില്‍ അതിനനുസ്രുതമായി ഒരു സഭ തന്നെ സ്ഥാപിച്ചോളൂ. ഞങ്ങള്‍ കുറച്ച് അന്ധകാരത്തിലൊക്കെ കഴിഞ്ഞോളാം."

  മനസിൽ താനേ വിരിയുന്ന അറിവിന്റെ പൊരുളുകൾ വായ് തുറന്നു പറയുന്നതല്ലാതെ, സഭ സ്ഥാപിക്കൽ എന്റെ ജോലിയല്ലെന്റെ മുത്തേ..അതു വാകീറി കത്തനാരുടെ പാസ്റ്ററുടെ കൈത്തൊഴിലാണ് മോനെ! "എന്നെ തല്ലണ്ടാ ഞാൻ നന്നാവൂല്ലാ "എന്ന സിനിമാഗാനം ഇതുവായിച്ചപ്പോൾ അറിയാതെ ഓർത്തുപോയി,സോറി.. samuelkoodal

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. കാനോന്നിയമത്തില്‍ ഭരണഘടനാവിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്പ്പാ പ്പായുടേതാണ് പള്ളിവക സ്വത്തുക്കള്‍ എന്ന് കാനോന്നിയമത്തില്‍ പരാമര്ശമുണ്ട് എന്നാണ് മറുപടി. അതനുസരിച്ച് മാര്പ്പാ പ്പായുടെ പ്രതിനിധികളായ മെത്രാന്മാരും വികാരിമാരും ആ സ്വത്ത് കൈകാര്യംചെയ്യുന്നത് ഭരണഘടനാവിരുദ്ധംമാത്രമല്ല ബൈബിളിനും കേരളസഭയുടെ പാരമ്പര്യത്തിനും വിരുദ്ധവുമാണെന്നും കൂടി വ്യക്തമാക്കാനുണ്ട്. (അപ്പോസ്തലപ്രവൃത്തികള്‍ ആദ്യ അധ്യായങ്ങള്‍ വായിക്കുക). പോര്ട്ടുഗീസുകാര്വുരുന്നതുവരെയുണ്ടായിരുന്ന ആ പാരമ്പര്യം കേരളത്തിലെ യാക്കോബായ, ഓര്ത്ത്ഡോക്‌സ്, മാര്ത്തോ മ്മാ സഭകളും പിന്തുടരുന്നുണ്ട് എന്നും ഓര്മിരക്കണം.
  ‘സത്യവിശ്വാസി’യോട് ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പ്രധാനമായും വിശ്വസിക്കേണ്ടത് ക്രിസ്തുവിന്റെ വചനങ്ങളിലാണെന്നും സ്ഥാപിതതാത്പര്യങ്ങള്ക്കാെയി കള്ളരേഖകളുടെ അടിസ്ഥാനത്തില്‍ ചില സഭാനേതാക്കള്‍ പടച്ച (റവ. ഡോ. കൂടപ്പുഴയുടെ സഭാചരിത്രഗ്രന്ഥങ്ങള്‍ സഭാവിരുദ്ധമാകാനിടയില്ലല്ലോ) കാനോന്നി്യമത്തിലല്ലെന്നും വ്യക്തമാക്കുന്നു. ഏതായാലും കൂടുതല്‍ സത്യാന്വേഷികളെ ‘സത്യജ്വാല’ വായിക്കാനും സത്യജ്ഞാനികളാക്കാനും താങ്കളുടെ ലേഖനം സഹായിക്കും എന്നതിനാല്‍ ‘സത്യജ്വാല’യുടെ പ്രവര്ത്തകര്ക്ക് നന്ദി മാത്രമേയുള്ളു എന്നുകൂടി അറിയിക്കുന്നു.

  ReplyDelete
 4. കോടതിയുടെ കണ്ടെത്തലുകൾ വിഡ്ഢികളുടെ സ്വർഗ്ഗമായി മാറിക്കഴിഞ്ഞു. കാണാൻ നിയമത്തിലെ കൂദാശകൾ കഴിഞ്ഞാൽ പള്ളി വിശ്വാസിയുടേതല്ല പോലും. പിന്നീടത് മെത്രാന്റെയും പുരോഹിതന്റെയും ആകും. ഇതൊരു ജുഗുപ്‌തസാവഹമായ ഒരു നിയമമായി മാത്രമേ കരുതാൻ കഴിയുകയുള്ളൂ. അങ്ങനെയെങ്കിൽ ഒരോ കൂദാശകൾ കഴിയുമ്പോഴും കൂദാശ ചെയ്യുന്ന മനുഷ്യരോ വസ്തുക്കളോ പള്ളിയുടെ സ്വത്ത് ആകണമല്ലോ. വെറുതെയല്ല കൊക്കൻ ആദികുർബാനായ്ക്കായി ഒരു കുട്ടിയുടെ ഉടുപ്പിന്റെ അളവെടുത്തത്. ആദികുർബാന കൂദാശ കഴിഞ്ഞാൽ കുട്ടികൾ പിന്നീട് പുരോഹിതന്റെതാകും. വിവാഹമെന്ന കൂദാശ കഴിഞ്ഞാൽ ഭാര്യയ്ക്കവകാശം പള്ളി പുരോഹിതനും അതിനു മുകളിലുള്ളവർക്കുമാകാമെന്നും ഈ കോടതി വിധി ധ്വാനിക്കുന്നു. ഈ കോടതി വിധി പുരോഹിതരുടെ തന്നിഷ്ടത്തിനു സ്വത്തുക്കൾ കൈകാര്യം ചെയ്യാമെന്നായി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ വളരെയധികം പരിതാപകരമായ അവസ്ഥയിലാണെന്നും ഇതിൽനിന്നും മനസിലാക്കണം. അല്ലെങ്കിൽ പുരോഹിതരുടെ പണം നിയമത്തെ വളച്ചൊടിക്കാൻ ഒഴുകിക്കാണും.

  സഭയിൽ നിൽക്കുമ്പോൾ സഭാനിയമം അനുസരിക്കണമെന്നു കോടതി വിധി. അല്ലാത്തവർ വിട്ടു പോകാൻ സത്യ വിശ്വാസി പറയുന്നു. സഭയെന്നാൽ പുരോഹിതന്റെ വകയല്ല. സ്വത്തുക്കളും അയാളുടെ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. അഴിമതി പുങ്കവന്മാരായ പുരോഹിതരെ പുറത്താക്കുകയെന്നതാണ് യുക്തി സഹജമായിട്ടുള്ളത്. ഒരു ജഡ്ജി കാനോൻ നിയമം ശരി വെയ്ക്കുന്നുവെങ്കിൽ അയാൾ രാജ്യദ്രോഹിയെന്നു കരുതണം. ഒരു രാജ്യത്തു രണ്ടു നിയമങ്ങൾ ബാധകമല്ല. പള്ളി നൽകുന്ന വിവാഹമെന്ന കൂദാശ പോലും വിലയില്ലാത്തതായി. ഇന്ന് സർക്കാരിന്റെ നിയമത്തിനു മുമ്പിലുള്ള വിവാഹമാണ് സാധുവായിട്ടുള്ളത്.

  ഇന്ത്യയെന്ന മഹാരാജ്യം ഭരിക്കുന്നത് കത്തോലിക്കാ സഭയല്ലെന്നു സത്യ വിശ്വാസി മനസിലാക്കണം. മതപരിവർത്തനം കാനോൻ നിയമത്തിൽ ബാധകമാണ്. ഫ്രാൻസീസ് സേവ്യറിനെപ്പോലുള്ള മിഷ്യനറിമാർ തോക്കിന്റെ മുനയിൽ മതപരിവർത്തനം നടത്തി. കാനോൻ നിയമം തുറന്നു വെച്ചുകൊണ്ട് ഇന്ന് മത പരിവർത്തനത്തിനു ചെന്നാൽ ഒരു പക്ഷെ തല കാണില്ലെന്നതാണ് സത്യം. അതുകൊണ്ടു ഇന്ത്യ എന്ന രാജ്യത്തു ഹിന്ദുക്കളുമായി സമാധാനമായി ജീവിക്കണമെങ്കിൽ ഈ മണ്ണിൽ നിന്നു കാനോൻ നിയമം കത്തിച്ചു ചാമ്പലാക്കണം.

  പ്രഗത്ഭനായ ജഡ്ജിയായിരുന്ന ശ്രീ കെ.ടി. തോമസിനെയും സത്യവിശ്വാസി വിമർശിച്ചിരിക്കുന്നു. കത്തോലിക്കാ സഭയിൽ കിടന്നുരുളുന്ന ഇടുങ്ങിയ ചിന്താഗതിക്കാർക്കു മാത്രമേ സത്യവിശ്വാസിയുടെ ചിന്തകളെ അംഗീകരിക്കാൻ സാധിക്കുള്ളൂ. സ്വതന്ത ചിന്തകരും യുക്തിയോടെ യാഥാർഥ്യത്തെ കാണുന്നവരും താങ്കളുടെ സഭാ ക്ലബിന്റെ ദുഷിച്ച പോക്കിനെ അംഗീകരിക്കില്ല. സത്യവിശ്വാസി ഇനിയും സൈബർ പത്രങ്ങളിൽ എഴുതണം. എങ്കിലേ താങ്കളുടെ പൊള്ളയായ വിശ്വാസത്തെപ്പറ്റി ലോകമറിയുകയുള്ളൂ. സത്യ ജ്വാലയും ജ്വലിക്കുള്ളൂ. കപട പേരുകളിൽ ലേഖനം എഴുതുന്ന താങ്കളുടെ സത്യവിശ്വാസം വിരോധാഭാസവുമാണ്.

  ReplyDelete