Translate

Saturday, July 23, 2016

കോഴി കൊണ്ടേ അറിയൂ ...

കോഴി കൊണ്ടേ അറിയൂ ...
"കാക്ക നോക്കറിയും, കൊക്കൊടക്കറിയും, കോഴി കൊണ്ടേ അറിയൂ" എന്ന ചൊല്ലിലെ കോഴിപ്പാർട്ടികളാണ് പാസ്റ്റർസഭകൾ എന്നെനിക്കു തോന്നുന്നു ! "ഏതു രോഗവും പാപവും പ്രാർത്ഥിച്ചു ശരിയാക്കാം" എന്നവർ ദിവാസ്വപ്‌നം കാണുന്നു ! "ഏതധർമ്മം ചെയ്താലും പാസ്റ്റർ 'വാകീറി' പ്രാർത്ഥിച്ചാൽ, പാപശാപദോഷങ്ങൾ താനേ ഇല്ലാതെയാകും, പ്രാര്ഥനത്തൊഴിലാളിയായ പാസ്റ്റർക്കു കൈക്കൂലി കൊടുത്താൽ മതി" എന്നും ഈ കൂട്ടർ വിശ്വസിക്കുന്നു! പശ്ചാത്താപവും പ്രായച്ഛിത്തവുമാണ് പാപപരിഹാര മാർഗം എന്നീക്കൂട്ടർ എന്നു തിരിച്ചറിയുമോ ആവൊ ? മുടിയനായ പുത്രന്റെ പശ്ചാത്താപവും, തിരിച്ചുവരവെന്ന പ്രായച്ഛിത്തവുമാണ് വീണ്ടും അവനെ അപ്പന്റെ സ്നേഹത്തിനു അര്ഹനാക്കിയതെന്ന കർമ്മത്തിലെ 'മർമ്മം' അറിയാത്ത വിവരദോഷിപാസ്റ്റർ ഈ പാവങ്ങളെ പ്രാർത്ഥിച്ച പ്രാർത്ഥിച്ചു നശിപ്പിക്കുകയാണ് , ആത്മീകാന്ധതയിൽ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്! ഹോ കഷ്ട്ടം ...! 
കുമ്പസാരിച്ചാൽ മനസിന്റെ പാപഭാരം പോകുമെന്നല്ലാതെ, "പാപകർമ്മഫലം" പോവുകയില്ല ചങ്ങാതീ ! അതിനായി ഒന്നാമതായി പ്രായശ്ചിത്തം ചെയ്യണം, കുറ്റം ചെയ്തവനോട് മാപ്പിരന്നു അവനോടു നിരപ്പാക്കണം ! അതുകഴിഞ്ഞുള്ള സ്തുതിയും  സ്തോത്രവുമേ കർത്താവ് സ്വീകരിക്കുകയുള്ളൂ മൂഢന്മാരെ.... അല്ലാഞ്ഞാൽ പാപത്തിൽ നിന്നുള്ള "ശാപം "തലമുറകളെ വേട്ടയാടും നിശ്ചയം! "ദുഷന്റെമുതൽ ഞാൻ ഊതിക്കളയും" എന്നും നിങ്ങൾ കേട്ടിട്ടില്ലയോ? അപ്പോൾ നിങ്ങൾക്കു "കേൾക്കാൻ ചെവിയില്ലന്നതാണ്" സത്യമായും കർത്താവിന്റെ ദഃഖം!
"കർത്താവേ കർത്താവേ" എന്നു അലച്ചലമ്പുണ്ടാക്കുന്നവനെയല്ല, പിന്നെയോ അവന്റെയിഷ്ടം [കർമ്മം] ചെയ്യുന്നവനാണ്  ദൈവത്തിനു പ്രിയമായവൻ എന്ന യേശുവിന്റെ വചസ് എന്നിവർ ചെവികൊടുത്തു കേൾക്കുമോ! അന്യന്റെമുതൽ പിടിച്ചുപറിച്ചാലും കളിപ്പിച്ച്ചെടുത്താലും പാസ്റ്റർക്കു പ്രാര്ഥനക്കൂലി കൊടുത്താലോ [പള്ളിക്കു സ്വർണ്ണ കൊടിമരം കൊടുത്താലോ] പാപശാപം മാറുകയില്ല! കർമ്മഫലം തലമുറകൾക്കു ശാപമാകുമെന്ന പ്രകൃതി നിയമം അറിയാത്ത ഇവറ്റകളെ "വാലും കൊമ്പും എഴാതുള്ള മഹിഷം തന്നെയാ പൂമാൻ" എന്ന കവിഭാവനയോടു ഉപമിക്കേണ്ടു ! "സർവലോകവും നേടിയാലും നിന്റെ ആത്മാവിനെ നിനക്ക് നഷ്ടമായാൽ" പോയി പാസ്റ്ററെ, പോയി..നീ ഒരു പോക്ക് കേസാണ് പിന്നെ!
രക്നാകരനെന്ന കാട്ടാളന്റെ [പിന്നീട് വാത്മീകി] ഉൾവെളിച്ചം പോലും ഇല്ലാത്ത പാസ്‌റ്റർമോനെ , ബോധസൂര്യൻ ഉള്ളിൽ ഉദിക്കാതെ എങ്ങിനെ നിങ്ങൾ നേരിന്റെ ലോകം കാണും? "ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു" എന്നു ക്രിസ്തു മൊഴിഞ്ഞതു നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലയോ? മരണത്തിനു തൊട്ടു മുൻപേയുള്ള അമനീഭാവത്തോളം 'അവനെ' മനസിൽ സൂക്ഷിക്കാൻ മനസിനെ പരിശീലിപ്പിക്കൂ....
   
"മനസു മനസ്സല്ലാതായ് മാറുന്ന നാൾവരെയെൻ
മനസിൽ നീ മരുവൂയെൻ അരുമനാഥാ;
മനസിൽ നീ വാസിയായാൽ മൃതരമൃതരായ് മാറും ,
അവിവേകി ജ്ഞാനനിയായി ഉടനെ മാറും !

നരദുഖമില്ലാതാകും, അജനേ ഞാൻ നീയായ്‌ മാറും; 
കലഹ ദ്വൈത ഭാവങ്ങൾ ക്ഷണത്തിൽ മാറും!
ധര സ്വര്പ്പുരമായ്  മാറും, അവിടുത്തെ രാജ്യം വരും,                                                       
അയൽക്കാരനെ സ്നേഹിക്കാൻ മനനം തുടുക്കും !

കരച്ചിൽ ആനന്ദമാകും, രണഭൂമി വാടിയാകും ,
ശിശുക്കളെപ്പോലെയാകും മനുഷ്യചിത്തം ;
മരണം കൊതിക്കാത്ത നിൻ സ്തുതികൾ അധരേ പേറി 
അജങ്ങളീ അവനിയിൽ വിലസി വാഴും!"

എന്ന എന്റെ സാമസംഗീതത്തിലെ ആശ്വാസഗാനം പാടൂ പ്രിയരേ .[ IN  youtube , you can ask  4  "samuelkoodal saamasangeetham "  ]  
   

No comments:

Post a Comment