Translate

Saturday, July 2, 2016

സഭാസ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന ഫണ്ടുകളെക്കുറിച്ച് അന്വേഷിക്കണം



- ലാറ്റിന്‍ കത്തോലിക്കാ അസോസ്സിയേഷന്‍.


സത്യജ്വാല 2016 ജൂൺ ലക്കത്തിൽനിന്ന്


വിശ്വാസികളുടെപേരില്‍ സഭാസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങളും വിദേശ സഹായങ്ങളും എവിടെ എത്തിച്ചേരുന്നുവെന്ന് അന്വേഷിക്കണമെന്ന് 'ലാറ്റിന്‍ കത്തോലിക്കാ അസ്സോസിയേഷന്‍' ആവശ്യപ്പെട്ടു.
കേരളത്തില്‍ ലക്കത്തിൽനിന്ന് പ്രവര്‍ത്തിക്കുന്ന സഭാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ കണക്കുകള്‍ സാമൂഹികആഡിറ്റിങ്ങിനു വിധേയമാക്കണമെന്ന് പ്രസിഡന്റ് ജോസഫ് വെളിവിലിന്റെ അദ്ധ്യക്ഷതയില്‍ 2016 മെയ് 29-നു രാവിലെ 10 മണിക്ക് കളമശ്ശേരിയില്‍ കൂടിയ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
2013-2014 വര്‍ഷത്തില്‍ ലഭിച്ചതിനേക്കാള്‍ 160% അധികംതുക ഇത്തരം സ്ഥാപനങ്ങള്‍ക്ക് 2014-2015 വര്‍ഷത്തില്‍ ലഭിച്ചതായി കേന്ദ്ര ആഭ്യന്തരവകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-2015 വര്‍ഷംമാത്രം 2509 കോടി രൂപ കേരളത്തില്‍ ഈ സംഘടനകള്‍ക്ക് ലഭിച്ചിട്ടുണ്ട്. 45000-ത്തോളം സംഘടനകള്‍ വിദേശഫണ്ട് വാങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോള്‍, 80% സ്ഥാപനങ്ങളും ഇതിന്റെ വരവ്-ചെലവ് കണക്കുകള്‍ ഗവണ്‍മെന്റിനെയോ വിശ്വാസികളെയോ ബോധിപ്പിക്കുന്നില്ല എന്ന സത്യം ഞെട്ടല്‍ ഉളവാക്കുന്നതാണ്. എവിടെ പോകുന്നു ഈ കോടികള്‍ എന്നതാണു ചോദ്യം.
കേരളത്തിലെ വിവിധ രൂപതകള്‍ക്കു വന്നിട്ടുള്ള വിദേശസഹായത്തിന്റെ സിംഹഭാഗവും ചെലവഴിച്ചിട്ടുള്ളത് പള്ളികള്‍ പണിയുന്നതിനും പള്ളികളില്‍ നടക്കുന്ന ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കുമാണ് എന്നാണ് ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുള്ള കണക്കുകളില്‍ സൂചിപ്പിട്ടുള്ളത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. പള്ളി പണിയുന്നതിനും പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും വരുന്ന ചെലവുകള്‍ വിശ്വാസികളില്‍നിന്നും പിരിവെടുത്താണ് നടത്തുന്നത്. അപ്പോള്‍പ്പിന്നെ, ഫണ്ടിലെ പണം എവിടെ പോയി? ഇത്തരം വന്‍ സാമ്പത്തികചൂഷണങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ഞായറാഴ്ചകളിലെ സഞ്ചിപ്പിരിവ്, കൂദാശകര്‍മ്മങ്ങളിലൂടെയുള്ള പിരിവുകള്‍, സ്വത്തുവകകളില്‍ നിന്നുള്ള വരവ്, ആതുരവിദ്യാഭ്യാസമേഖലയില്‍നിന്നുള്ള വരവ്, നിയമനത്തിലും അഡ്മിഷനിലുംനിന്നു ലഭിക്കുന്ന വരുമാനം ഇതെല്ലാം സാമൂഹിക ആഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ന്യൂനപക്ഷത്തിന്റെയും വിശ്വാസികളുടെയും മറവില്‍ വിദേശങ്ങളില്‍നിന്നും, ന്യൂനപക്ഷ ക്ഷേമവകുപ്പുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനത്തിലൂടെയും ലഭിക്കുന്ന ഭീമമായ സംഖ്യകള്‍ എവിടെ, ഏത് വിധത്തില്‍ ചെലവഴിക്കുന്നുവെന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സൂക്ഷ്മപരിശോധന നടത്തേണ്ടതാണ്.
വിശ്വാസികളുടെയും സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുള്ള സാമൂഹിക ആഡിറ്റിംഗിന് സഭാ സ്ഥാപനങ്ങളെ വിധേയമാക്കി, അവശത അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ധനസഹായങ്ങള്‍ യഥാര്‍ത്ഥ കൈകളില്‍ എത്തിച്ചേരാനുള്ള സംവിധാനമൊരുക്കാന്‍ ഗവണ്‍മെന്റ് എത്രയും വേഗം വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
ലാറ്റിന്‍ കത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സന്തോഷ് ജേക്കബ് ആണ് വിഷയാവതരണം നടത്തിയത്. ജനറല്‍ സെക്രട്ടറി വി.ജെ. പൈലി, സ്റ്റാന്‍ലി പൗലോസ്, റൈമണ്ട് മിറാന്റാ, ചാള്‍സ് ഹില്‍റ്റണ്‍ എന്നിവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി.
ജോസഫ് വെളിവില്‍ (പ്രസിഡന്റ്)

No comments:

Post a Comment