Translate

Monday, July 4, 2016

മുങ്ങുന്ന പാതിരിക്കു മുക്കുന്ന കപ്യാര്‍

അലോഷ്യസ് ജോസഫ്
(സത്യജ്വാല 2016 ജൂണ്‍ലക്കം 'രസഗുള'യില്‍നിന്ന്)


പോങ്ങുമ്മൂട്, വളരെ ചെറിയ ഇടവക. എന്തും സഹിക്കുന്ന, നിസ്സംഗരായ ഇടവകക്കാര്‍. വികാരിക്കു സുഖലോലുപതയില്‍ മുങ്ങിക്കുളിക്കാന്‍ പോരുന്നത്ര നൊവേനപ്പണം, നേര്‍ച്ചപ്പണം, സ്‌തോത്രക്കാഴ്ച, കുറ്റബോധപ്പിഴ... അങ്ങനെ കാശിന്റെ അയ്യരുകളി! ജോലിയാണെങ്കില്‍ കാര്യമായൊന്നുമില്ല. എപ്പോള്‍ വേണമെങ്കിലും മുങ്ങാം, ഇഷ്ടമുള്ളപ്പോള്‍ പൊങ്ങാം. ദിവ്യബലിയര്‍പ്പണം പുറമേനിന്ന് 'ഔട്ട്‌സോഴ്‌സ്' ചെയ്യാനുള്ള സൗകര്യവുമുണ്ട്. 500 രൂപ കൊടുത്താല്‍ പണത്തിന് ഞെരുക്കമുള്ള കൊച്ചച്ചന്മാര്‍ വന്നു കുര്‍ബാന ചൊല്ലിപ്പോകും. ഞായറാഴ്ച ഉച്ചകഴിഞ്ഞു മുങ്ങിയാല്‍, ബുധനാഴ്ച ഉച്ചകഴിഞ്ഞു പൊങ്ങി നൊവേനപ്പണം ശേഖരിച്ചു വീണ്ടും മുങ്ങാം. പിന്നെ ശനിയാഴ്ച രാത്രി പൊങ്ങിയാല്‍മതി. മാതൃകാഇടവക, ഉത്തമവികാരി എന്നൊക്കെ പറയുന്നത് ഇത്തരം മാനദണ്ഡങ്ങള്‍ വച്ചിട്ടാണല്ലോ.
ഈ ഫെബ്രുവരിയിലുമുണ്ടായി പോങ്ങുംമൂട്ടില്‍ അങ്ങനെയൊരു മുങ്ങല്‍. ആരോ എവിടെയോ മരിച്ചത്രെ! ബന്ധസ്വന്തങ്ങളെല്ലാം വിട്ടൊഴിയുന്നവരെയാണ് കര്‍ത്താവ് തന്റെ പ്രതിപുരുഷന്മാരായി വിളിക്കുന്നത്. പോകട്ടെ. മരണഹേതുവാല്‍ ശനിയാഴ്ച മുങ്ങി ബുധനാഴ്ച പൊങ്ങി നൊവേനപ്പണം എണ്ണിവാങ്ങി വീണ്ടും മുങ്ങി ശനിയാഴ്ച പൊങ്ങിയ വല്യച്ചന്‍, തന്റെ അജഗണത്തിന് കുമ്പസാരം, അന്ത്യകൂദാശ, ശവസംസ്‌കാരശുശ്രൂഷ എന്നിങ്ങനെയുള്ള അടിയന്തരപ്രശ്‌നങ്ങളില്‍ സമീപിക്കാന്‍ ഒരു പകരം സംവിധാനംപോലും ഏര്‍പ്പെടുത്താതെയാണു മുങ്ങിയതത്രെ! ആരാധനാക്രമം തോന്നുംപടി വളച്ചൊടിക്കുന്ന ചങ്ങനാശ്ശേരി രൂപതയെ മറ്റു രൂപതക്കാര്‍ വിളിക്കുന്നതു തോന്ന്യാസരൂപതയെന്നാണ്. അതിനു കീഴെ തോന്ന്യാസഇടവകകളും തോന്ന്യാസിവൈദികരും തഴച്ചുവളരുന്നതു സ്വാഭാവികം.

വല്യച്ചന്റെ ഈ അവിരാമ മുങ്ങലുകളില്‍ ഇടവകക്കാര്‍ ഖിന്നരാകുമ്പോള്‍, അതില്‍ അതിരറ്റാഹ്ലാദിക്കുന്ന ഒരു കഥാപാത്രമുണ്ട് - കൊച്ചുപള്ളിയിലെ കപ്യാര്‍. നാട്ടുമ്പുറത്തു തല്ലിപ്പൊളിയായി നടന്ന്, നാട്ടുകാരുടെ തല്ലുകൊണ്ട്, മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍പോയി പുനര്‍ജനിച്ച ക്രിസ്ത്യാനിയായി പൊങ്ങിയത് തലസ്ഥാനത്തെ കൊച്ചുപള്ളിയില്‍. സൗജന്യസേവനം ഓഫര്‍ചെയ്ത് കപ്യാരായി കൂടി. മുണ്ടും ഷര്‍ട്ടും വേഷം. ശമ്പളം വേണ്ട. സഭയെ സേവിച്ചു പുണ്യം നേടണം. പോകെപ്പോകെ, മുണ്ടിന്റെ സ്ഥാനത്തു പാന്റ്‌സായി. വിശ്വാസികള്‍ക്കുനേരെ ധാര്‍ഷ്ട്യപ്രകടനമായി. ഏഴാം വര്‍ഷം, ഏഴുവര്‍ഷത്തെ ശമ്പളം ഒരു ചെക്കില്‍ ഒപ്പിട്ടു വാങ്ങി സൗജന്യസേവകന്‍ തനിനിറം കാട്ടി. അതിനിടെ ലൂര്‍ദ്ദിലെ ഒരു ജീവകാരുണ്യ ഏര്‍പ്പാടിന്റെ ചുമതലയും കിട്ടി. അവിടെ സാമ്പത്തികവെട്ടിപ്പുകണ്ടെത്തിയ ഡയറക്ടറച്ചന്‍ ഓടുന്ന വണ്ടിയില്‍നിന്നു കപ്യാരെ വഴിയില്‍ ഇറക്കിവിട്ട് ഒഴിവാക്കി. അപ്പോഴും കൊച്ചുപള്ളിയെന്ന ശര്‍ക്കരക്കുടം ബാക്കിയായിരുന്നു. ലോകത്തെവിടെയും, കപ്യാരെ ഇടവകയുടെ സാമ്പത്തികചുമതലക്കാരനാക്കുന്ന ഏര്‍പ്പാടില്ല. ഇവിടെ, അലസന്മാരായ വൈദികര്‍ അതിനും വഴിയൊരുക്കിക്കൊടുത്തു. എത്ര പണം വെട്ടിച്ചുവെന്നറിയണമെങ്കില്‍ ഓഡിറ്റു നടത്തണം. സഭയില്‍ എവിടെ ഓഡിറ്റിങ്ങ്? ഇടവകയുടെ പണം മുക്കുന്ന പ്രക്രിയയില്‍ കപ്യാര്‍ക്കു തുണയാകുന്നു, വല്യച്ചന്റെ പതിവായുള്ള മുങ്ങല്‍. പരസ്പരസഹായസഹകരണസംഘം എന്നു പറയാം.

No comments:

Post a Comment