Translate

Tuesday, July 5, 2016

തോമസുകുട്ടീ വിട്ടോടാ!

പള്ളിയെ കുറ്റം പറഞ്ഞോണ്ടു നടന്നിട്ടു തനിക്കെന്നാ കിട്ടി? മുഖത്തടിച്ചതുപോലെ ഇങ്ങിനെ ഒരു ചോദ്യം വന്നാൽ ആരാ വിഷമിക്കാതിരിക്കുക? സത്യമായിട്ടും എന്നെ ഒത്തിരി ചിന്തിപ്പിക്കാൻ ഈ ചോദ്യം കാരണമായി. എന്നോടിങ്ങിനെ ചോദിച്ചതാരാണെന്നും, എവിടെ വെച്ചാണെന്നും ഞാൻ പറയുന്നില്ല (അതു പറഞ്ഞാൽ വേറെ കുറെ കഥകളും പറയേണ്ടി വരും). സ്വന്തം അംഗങ്ങളാൽ തന്നെ പരസ്യമായി പരിഹസിക്കപ്പെടുന്ന ഒരു സമൂഹത്തെ ഞാനിപ്പോൾ കാണുന്നു. വർഷങ്ങൾക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഈ മാറ്റത്തിനു ഭൂരിപക്ഷം സഭാംഗങ്ങളും കാരണമായിയെന്നതും സത്യം. നാലഞ്ചു വർഷങ്ങൾ കൊണ്ട് അത്മായൻ അപ്പാടെ മാറിയെന്നത് മെത്രാൻമാർക്കറിയാം. നാലു വർഷങ്ങൾക്കു മുന്പു പള്ളിക്കെതിരെ കേസു കൊടുക്കുന്നത് ഉത്ഭവപാപത്തിനു തുല്യമായി പരിഗണിച്ചിരുന്നെങ്കിൽ, ഇന്ന് അത്തരം കേസ് നടത്തുന്നവൻ ഹീറോ. മിക്കവാറും സംഘർഷങ്ങൾ കോടതിയിലെത്താനും തുടങ്ങി. അത്മായനിട്ടു പണി കൊടുത്ത എല്ലാ അച്ചന്മാർക്കും മെത്രാന്മാർക്കും ഇപ്പോൾ ഉറപ്പായി പണി കിട്ടുന്നുമുണ്ട്. അത്മായനെ പരസ്യമായി പ്രാകാൻ പോലും വിണാരിമാർ ഭയക്കുന്നു. പണ്ടൊരു മെത്രാൻ പറഞ്ഞാൽ അനുസരിക്കാൻ ഒത്തിരി പേരുണ്ടായിരുന്നെങ്കിൽ ഇന്നു മെത്രാൻ പറഞ്ഞാൽ ആരും തന്നെ കേക്കാതായി. കഴിഞ്ഞ ഇലക്ഷന് നാമത് കാണുകയും ചെയ്‌തു. ഇന്നൊരു മെത്രാനെ നികൃഷ്ടജീവിയെന്നു വിളിച്ചാലും പ്രതികരണം ശൂ! ഇപ്പോൾ സത്യജ്വാല മെത്രാന്മാർ പോലും ചോദിച്ചു വാങ്ങുന്നു. 

പാലായിൽ, കീറിയ പടുതാക്കു കീഴിൽ വഴിയരുകിൽ കഴിഞ്ഞിരുന്ന ഒരു പോസ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥിയും ഒരു ഡിഗ്രി വിദ്യാർത്ഥിയും അടങ്ങുന്ന ക്രിസ്ത്യൻ ദരിദ്ര കുടുംബത്തിനു വീട് സംഭാവന ചെയ്തത് കിഴതടിയൂർ സർവീസ്‌ സഹകരണ ബാങ്ക്. ഇവർ താമസിച്ചിരുന്ന സ്ഥലത്തിന് അടുത്താണ് പാലാ അരമനയെന്നാണ് ഞാൻ അന്വേഷിച്ചതിൽ നിന്നു മനസ്സിലായത്. പാലാ രൂപതയെന്നു പറഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള രൂപതകളിൽ ഒന്നാണെന്നും ഓർക്കണം. ചേർപ്പുങ്കൽ, അരുവിത്തുറ, ഭരണങ്ങാനം, കുറവിലങ്ങാട്, രാമപുരം പോലുള്ള കുറേ പള്ളികളും .... പിന്നെ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്റിന്റെ എതിർവശം ഒരു ഫർലോങ് നീളത്തിലുള്ള മൂന്നു നില ഷോപ്പിംഗ് കോംപ്ലക്‌സും - പോരെ? കോളേജുകളും മറ്റ് ആദായമാർഗ്ഗങ്ങളും വേറെ കിടക്കുന്നു. ഇതിന്റെ എട്ടൊന്നു വരുമാനമുണ്ടോ കിഴതടിയൂർ ബാങ്കിന്? എല്ലാ ഞായറാഴ്ചകളിലും ഇടയലേഖനങ്ങൾ വിൽക്കുന്ന ഒരു രൂപതയാണെന്നും ഓർക്കണം, പാലാ. കല്യാണത്തിന്റെ തലേദിവസവും വധൂവരന്മാരുടെ വീടുകളിൽ എത്തി പ്രാർത്ഥന ചൊല്ലാൻ വേണ്ടത്ര വൈദികരുള്ള രൂപതയുമാണ് പാലാ. ഞങ്ങൾ കുറെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടെന്തു കാര്യം? ബന്ധപ്പെട്ടവർ രണ്ടാമതൊരരമനയെപ്പറ്റിയും മൂന്നാമതൊരടുക്കളെയെപ്പറ്റിയുമൊക്കെ ചിന്തിക്കുന്നുവെന്നു കേൾക്കുമ്പോൾ ചോദിക്കാതെ വയ്യ, ഇതാണോ ക്രിസ്തു പറഞ്ഞത്? 

പള്ളിയോട് സഹായം ചോദിക്കുന്നവന്റെ ഗതി ആരെങ്കിലും ഓർക്കാറുണ്ടോ? കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരവധിക്കു വീട്ടിൽ വന്നപ്പോൾ ഒരു സ്ത്രീ എന്നോടൊരു സഹായം ചോദിച്ചു - കടമായി അയ്യായിരം രൂപാ. ചോദിച്ചു വന്നപ്പോൾ മനസ്സിലായി ഇതവരുടെ മകൾക്കു കോളേജിൽ കൊടുക്കാനുള്ള തുകയാണെന്ന്. ഇത്രയും പണം സ്ഥലത്തെ ഒരു ജീവകാരുണ്യ സംഘടന ഇവരെ ഏൽപ്പിക്കാൻ പള്ളി വികാരിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. വികാരിയുടെ കൈയ്യിൽ നിന്നും ഈ തുക കിട്ടണമെങ്കിൽ പണം കോളേജിലടച്ച രസീതുമായി ചെല്ലണം. ഈ വർഗ്ഗത്തിനില്ലാത്ത ഒരു ഗുണമുണ്ട് - കരുണ. ഇതുള്ള അനേകരെ നാണം കെടുത്താൻ ഇതുക്കൂട്ടു രണ്ടൂമൂന്നു വിണാരിമാർ മതി. സത്യവിശ്വാസത്തിൽ ജീവിക്കുന്ന ഒരു അംഗത്തെ കെട്ടിച്ചുവിടാൻ എന്തെല്ലാം നൂലാമാലകളുണ്ട്‌! ജനിച്ചപ്പോൾ മുതലുള്ള കൂദാശ സർട്ടിഫിക്കറ്റുകൾ, അവിടെന്നുള്ള എഴുത്ത് ഇവിടുന്നുള്ള എഴുത്ത്, വിളിച്ചു ചൊല്ലൽ, അംഗത്തിന്റെ സംഭാവന രജിസ്റ്റർ തപ്പൽ, പതാരം സംഘടിപ്പിക്കൽ, പ്രീകാനാ (അതിനു വികാരിയുടെ കത്ത്, ഫോട്ടോ), കല്യാണത്തിന്റെ തലേന്ന് വീട്ടിൽ ചെന്ന് അല്ലെലൂജാ ചൊല്ലിക്കൽ...... ചെറുക്കനോ പെണ്ണോ സിറോ മലബാറുകാരില്ലാത്ത ഏതെങ്കിലും സ്ഥലത്തു നിന്നു വല്ലതുമാണെങ്കിൽ കുഴഞ്ഞുവെന്ന് വന്നു പറഞ്ഞാൽ പോരാ - പെട്ടുവെന്നു തന്നെ പറയാം. ഡ്രൈവിങ് ലൈസൻസിന് ചെല്ലുമ്പോൾ അവരു പറയുമല്ലോ '8' വരക്കാൻ - അതിതിലും എളുപ്പം. കുറിക്കുരുക്കഴിക്കാൻ കഴിഞ്ഞ വർഷം ഒരാൾക്ക് ഡൽഹിയിൽ നിന്നു കേരളത്തിലേക്ക് പറന്നു വരേണ്ടി വന്നു, കല്യാണ തലേന്ന്. പഞ്ചായത്തിലാണെങ്കിൽ ഒരൊറ്റ ആപ്ലിക്കേഷൻ മതി, കല്യാണം രജിസ്റ്റർ ചെയ്യാൻ. ഇനി കല്യാണത്തിനും മാമോദിസാക്കുമൊക്കെ സാക്ഷി നിൽക്കാൻ ചെല്ലുന്നവനോ? അവർക്കും ഉണ്ടായിരിക്കണം നല്ല നടപ്പ് സർട്ടിഫിക്കറ്റ്. ഇതെല്ലാം ശരിയാക്കിക്കൊണ്ടൂ ചെന്നാലോ? ബെംഗാളി കഞ്ചാവു ബീഡി വാങ്ങിക്കാൻ ചെല്ലുമ്പോൾ പെട്ടിക്കടക്കാരൻ നോക്കുന്നതുപോലെ രൂക്ഷമായ ഒരു നോട്ടമുണ്ട്. എന്നിട്ടോ? ഡൈവേഴ്‌സുകൾ കുത്തനെ കൂടുന്നു, ക്രൈസ്തവ കുറ്റവാളികളുടെ എണ്ണവും കുത്തനെ കൂടുന്നു. 

സിറോ മലബാർ സഭയുടെ അംഗസംഖ്യ അറിയണോ? പത്തു വർഷങ്ങളായിട്ട് ഒരു മാറ്റവുമില്ല - നാല്പത്തഞ്ചു ലക്ഷം! അത്മായന്റെ എണ്ണത്തിൽ കുറവും അച്ചന്മാരുടെ എണ്ണത്തിൽ വർദ്ധനയും അനുഭവപ്പെടുന്ന പ്രതിഭാസം ഇവിടെ മാത്രം. അച്ചനായാൽ എന്തിന്റെ കുറവാ? കുറവുണ്ടെങ്കിൽ അതെങ്ങിനാ പരിഹരിക്കുന്നതെന്നു 'സി സി വി' അടുത്തിടെ പ്രസിദ്ധികരിച്ച Clergy abuse of nuns in India എന്ന ലേഖനം വായിച്ചാൽ മതി. സമാനമായ ഒരു ലേഖനം 'മാറ്റേർഴ്സ് ഇന്ത്യാ'യിലും വന്നിരുന്നു, അടുത്തിടെ. ഏതായാലും, വ്യാപകമായി ഇവിടെ നടന്നുകൊണ്ടിരുന്ന അളവെടുപ്പുകളും സ്വകാര്യ കുമിസ്മാറ്റിക് ധ്യാനങ്ങളും നിർത്തിയത് അത്മായനാണല്ലോ! പല പള്ളികളിലേയും വെടിക്കൊട്ടിനും തീരുമാനമാക്കിയത് അത്മായരാണല്ലോ!

ദൈവം മനുഷ്യനെ മണ്ണ് കുഴച്ചുണ്ടാക്കിയെന്ന കഥ സർക്കാർ ചിലവിൽ പഠിപ്പിക്കേണ്ടയെന്നു ഉത്തരവിറക്കിയത് ക്രൈസ്തവ രാജ്യമായ ഇംഗ്ലണ്ട്. ആദം മുതൽ, അബ്രാഹം മുതൽ, ദാവീദു മുതൽ, പിന്നെ ജോസഫ് മുതൽ ..... തുടർന്നിന്നുവരെയുള്ള രണ്ടായിരത്തി പതിനാറു വർഷങ്ങൾ....! കണ്ണിതെറ്റാതെ വംശക്കണക്കു പറയുന്നു ബൈബിൾ. ഒരു തലമുറക്ക് ഇരുപത്തഞ്ചു വർഷങ്ങൾ വെച്ച് കൂട്ടിയാൽ ആദം ഉണ്ടായിട്ടു പരമാവധി നാലായിരം അല്ലെങ്കിൽ അയ്യായിരം വർഷങ്ങൾ മാത്രം. വിവരമുള്ള വേദപാരംഗതന്മാരും ഇക്കഥ പറയുന്നു! ഋഗ് വേദത്തിനും നമ്പൂതിരി ഇടുന്ന പൂണൂലിനുമുണ്ട് എണ്ണായിരത്തോളം വർഷങ്ങളുടെയെങ്കിലും പഴക്കം. വിഡ്‌ഢി കഥകൾ കേൾക്കാനാണെങ്കിൽ സീറോ അച്ചന്റെ പ്രസംഗം കേട്ടാൽ മതിയെന്നതു പരക്കെ അംഗീകരിക്കപ്പെട്ട സത്യം. സൂര്യനും ചന്ദ്രനും ഉണ്ടാകുന്നതിനു മുമ്പും ദിവസക്കണക്കുണ്ടായിരുന്നെന്ന് ഇവർ പഠിപ്പിക്കുന്നു - ബൈബിളിൽ അങ്ങിനെ പറഞ്ഞാൽ ഇവരെന്തു ചെയ്യും? പുതിയ നിയമത്തിൽ മനുഷ്യൻ എന്താണ് ചെയ്യേണ്ടതെന്ന് കാച്ചിക്കുറുക്കി പറഞ്ഞിട്ടുണ്ട് - അതു പഠിപ്പിക്കട്ടെ. ലോകം എങ്ങിനാ ഉണ്ടായതെന്നറിയത്തില്ലെന്നു പറഞ്ഞാലും ഇവരെ ആരും കൊല്ലാൻ പോകുന്നില്ല. ഇതുകൊണ്ടല്ലേ, പതിനെട്ടു വയസ്സാകാതെ ആരെയും വേദപാഠം പഠിപ്പിക്കാൻ പാടില്ലെന്നു ആസ്ട്രേലിയാ നിയമമുണ്ടാക്കിയത്. ഇതാ, ഒരു യൂറോപ്പ്യൻ രാജ്യം ഒരു ധ്യാന പ്രസംഗകന് വിലക്കും കല്പിച്ചുവെന്ന് ഇന്ന് കേട്ടു. 

ഒരു കുട്ടി ചിന്തിക്കാൻ തുടങ്ങുന്നതിനു മുമ്പ് 'നീ പാപിയാണെന്നു' പറഞ്ഞവനെ വിശ്വസിപ്പിച്ച്‌ പേടിപ്പിച്ചു പള്ളിയിൽ തളച്ചിടുന്ന സമ്പ്രദായം ഇപ്പോഴും വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെങ്കിലും ഒത്തിരി കുഞ്ഞാടുകൾ കളം വിട്ടു രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. 'ഞാൻ പാപി'യാണെന്നു നാഴികക്ക് നാൽപ്പതു പ്രാവശ്യം പറയുന്നവൻ പാപിയുമാകും, എന്നെക്കൊണ്ടോന്നിനും കൊള്ളില്ലേയെന്നു കൂവിക്കൊണ്ടിരിക്കുന്നവൻ അങ്ങിനെയുമാകും. ഇതു മന:ശാസ്ത്ര നിയമം. ഇതു ക്രൈസ്തവ സഭയല്ല, ചെറ്റത്തരം മാത്രം അറിയാവുന്ന കുറെ സുഖിമാന്മാരുടെ അളയാണെന്നു നട്ടെല്ലു നിവർത്തി നിന്നു പറയുന്ന വൈദികരുടെയും കന്യാസ്ത്രികളുടെയും എണ്ണം കൂടുന്നു; എങ്ങിനെ ഈ ഷിഫ്റ്റിൽ നിന്നു രക്ഷപ്പെടാമെന്നു തല പുകഞ്ഞാലോചിക്കുന്നു മെത്രാന്മാർ. ഫരീദാബാദ് മെത്രാപ്പോലിത്തായോട് എനിക്കിത്തിരി ബഹുമാനമുണ്ട്; ഒന്നുമില്ലെങ്കിലും മാനിക്കേയൻ താമരക്കുരിശ് ഈ രൂപതയിൽ വേണ്ടാന്നും, ക്നാനായാക്കാരുടെ സ്വവംശ വിവാഹത്തിനു മെത്രാന്മാർ കൂട്ടുപിടിക്കുന്നത് കടുത്ത വഞ്ചനയാണെന്നും തുറന്നു പറയാനുള്ള തന്റേടമെങ്കിലും അദ്ദേഹം കാട്ടിയിട്ടുണ്ട്. പക്ഷെ, ഫരീദാബാദിനെപ്പറ്റി റോം നടത്തുന്ന എല്ലാ എഴുത്തുകുത്തുകളിലും അതൊരു എപ്പാർക്കി; ഈ എപ്പാർക്കിയിൽ നിന്നു പുറത്തു പോകുന്ന എല്ലാ ഇടപാടുകളിലും അത് അതിരൂപതയും. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ? കർത്താവീശോ മിശിഹാ പറയാത്ത പൗലോസിന്റെ ഉത്ഭവപാപത്തിന്റെ മേൽ പള്ളി പണിയാൻ കഴിഞ്ഞവരെ, സ്വർഗ്ഗം പണിയാൻ പഠിപ്പിക്കണോ അല്ലേ?

കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ ഒരു പാടു മാറ്റങ്ങൾ സഭയിൽ സംഭവിച്ചു. ഒരു ഏകീകൃത സിവിൽ കോഡ് വരുകയും ചർച്ച് ആക്റ്റ് പ്രാബല്യത്തിൽ കൊണ്ടുവരുകയും ചെയ്യാനുള്ള ഒരു സാമൂഹ്യ പശ്ചാത്തലം ഒരുക്കാനും സോഷ്യൽ മീഡിയായിലൂടെ അത്മായാ പോരാളികൾക്ക് കഴിഞ്ഞു. നിങ്ങൾ എന്തു നേടിയെന്നെന്നോടു ചോദിച്ച, വല്ലപ്പോഴുമൊക്കെ സത്യജ്വാലയും അല്മായാശബ്ദവും വായിക്കുന്ന ആ ...... ക്കു ഞാനീ കുറിപ്പ് സവിനയം സമർപ്പിക്കുന്നു. അവരോർക്കാൻ പറയട്ടെ, ഇവിടെ സംഭവിച്ചതൊന്നും ഞങ്ങളാരും സ്വപ്നം പോലും കണ്ട നേട്ടങ്ങളായിരുന്നില്ല.  

കേരളത്തിലുള്ള ബംഗാളികൾ സദയം പോകരുത്. ഏകീകൃത സിവിൽ കോഡിനെതിരായി സമരം ചെയ്യാൻ ആളു വേണം.

1 comment:

  1. "വഹാട്സാപ്പിലൂടെ എന്നെ "പഞ്ഞിക്കു വയ്ക്കും" എന്നു വധഭീഷണി മുഴക്കിയ മെത്രാൻകുഞ്ഞിനു, റോഷന്റെ ഈ വാചകം >
    "കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ ഒരു പാടു മാറ്റങ്ങൾ സഭയിൽ സംഭവിച്ചു. ഒരു ഏകീകൃത സിവിൽ കോഡ് വരുകയും ചർച്ച് ആക്റ്റ് പ്രാബല്യത്തിൽ കൊണ്ടുവരുകയും ചെയ്യാനുള്ള ഒരു സാമൂഹ്യ പശ്ചാത്തലം ഒരുക്കാനും സോഷ്യൽ മീഡിയായിലൂടെ അത്മായാ പോരാളികൾക്ക് കഴിഞ്ഞു. നിങ്ങൾ എന്തു നേടിയെന്നെന്നോടു ചോദിച്ച, വല്ലപ്പോഴുമൊക്കെ സത്യജ്വാലയും അല്മായാശബ്ദവും വായിക്കുന്ന ആ ...... ക്കു ഞാനീ കുറിപ്പ് സവിനയം സമർപ്പിക്കുന്നു. അവരോർക്കാൻ പറയട്ടെ, ഇവിടെ സംഭവിച്ചതൊന്നും ഞങ്ങളാരും സ്വപ്നം പോലും കണ്ട നേട്ടങ്ങളായിരുന്നില്ല." / "കേരളത്തിലുള്ള ബംഗാളികൾ സദയം പോകരുത്. ഏകീകൃത സിവിൽ കോഡിനെതിരായി സമരം ചെയ്യാൻ ആളു വേണം."
    മനസിരുത്തി വായിക്കാൻ സമർപ്പിക്കുന്നു! കാലിനടിയിലെ മണ്ണൊലിപ്പറിയാതെ ളോഹയ്ക്കുള്ളിൽ നിഗളിക്കുന്ന പൗരോഹിത്യമേ, നിന്റെ കപടവാഴ്ചയുടെ ഒടുക്കത്തിനിവിടെ തുടക്കമിട്ടുകഴിഞ്ഞു! കർത്താവുതന്നെ പരിശുദ്ധാത്മാവിനെ നിറച്ച മനസുകളെ ഇവിടെ അഭിഷേകം ചെയ്തയച്ചതാണീ മനുഷ്യജന്മങ്ങൾ, [ അല്മായ , സത്യജ്വല്ല എഴുത്തുപുരയിലെ] നീതിയുടെ പോരാളികൾ!

    കുട്ടിക്കാലം മുതൽ ദൈവത്തെ സ്തുതിച്ചു ഒരായിരം പാട്ടുകൾ എന്റെ മനം പാടി ആനന്ദത്തിൽ ആറാടിയിട്ടുണ്ടെങ്കിലും , ചെറുപ്പം മുതൽ ഞാൻ കണ്ട കള്ളകത്തനാരുടെ കൊള്ളത്തരത്തിനെതിരെ ഇന്ന് ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ,അതിലേറെ സുഖം എന്റെ മാനസിലൂറുന്നു ! ചാട്ടവാർ എടുത്ത കർത്താവിനൊപ്പം യെരുശലേം പള്ളിയിൽ അന്ന് ഞാനും ഉണ്ടായിരുന്നതായൊരു തോന്നൽ ! കാലങ്ങളായി പൗരോഹിത്യം 'കള്ളന്മാരുടെ ഗുഹകളാക്കിയ' തലമുറകളുടെ ഹൃദയകോവിലുകളെ ഓർത്തു ഞാനും അവനോടൊപ്പം വിലപിക്കുന്നു ! ആദു:ഖം / എരിവെന്നെയും തിന്നുകളയുന്നു! അങ്ങിനെ എന്നിലെ 'ഞാൻ' ഇല്ലാതെയാകുന്നു! ഹോ ! ഓർക്കാനെന്തു രസം ..

    ReplyDelete