Translate

Saturday, December 17, 2016

അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളുംജോസഫ് പടന്നമാക്കൽ 


അഞ്ചു വർഷങ്ങൾക്കു മുമ്പ് പാലായിൽ സത്യജ്വാലയുടെ പ്രകാശനകർമ്മത്തിനായി കെ.സി.ആർ. എം. സംഘടിപ്പിച്ച സമ്മേളന ഹാളിൽ ഞാനുമുണ്ടായിരുന്നു. അന്ന് വന്നെത്തിയ പ്രമുഖരായ വ്യക്തികളോടൊപ്പം ഒരു സായാഹ്നം ചെലവഴിച്ചതും ഓർക്കുന്നു. ശ്രീ ജോസഫ് പുലിക്കുന്നേലായിരുന്നു സത്യജ്വാലയുടെ ഔപചാരികമായ പ്രകാശനകർമ്മം നിലവിളക്കു കൊളുത്തിക്കൊണ്ടു നിർവഹിച്ചത്. കേരള ക്രിസ്ത്യൻ സഭകളുടെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ ശ്രീ പുലിക്കുന്നേൽ സാറുമൊത്തു കുറച്ചു സമയം ചെലവഴിക്കാൻ സാധിച്ചതും ജീവിതത്തിന്റെ അഭിമാനമുഹൂർത്തമായി തന്നെ കരുതുന്നു. അഞ്ചു വർഷമെന്നുള്ളത് ഒരു സഭയെ സംബന്ധിച്ച് അത്ര പ്രധാനമായ കാര്യമല്ല. പക്ഷെ കഴിഞ്ഞ അഞ്ചു വർഷങ്ങൾകൊണ്ട് സഭയുടെ ചീഞ്ഞളിഞ്ഞ ചരിത്ര സംഭവങ്ങളെ പച്ചയായി പുറത്തുകൊണ്ടുവരാൻ സത്യജ്വാല വഹിച്ച ധീരമായ പങ്കിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ലോകത്തിലെ മറ്റൊരു പത്രത്തിനും സാധിക്കാത്ത നേട്ടങ്ങളായിരുന്നു ശ്രീ ജോർജ് മൂലേച്ചാലിന്റെ നേതൃത്വത്തിലുള്ള സത്യജ്വാല കൈവരിച്ചതെന്നുള്ളതും സഭാമക്കൾക്ക് എന്നും അഭിമാനിക്കാവുന്നതാണ്. 

സത്യജ്വാലയുടെ തുടക്കത്തിനുമുമ്പുതന്നെ അല്മായ ശബ്ദത്തിലെ പ്രമുഖ എഴുത്തുകാരായ ശ്രീ ജോർജ് മൂലേച്ചാലിൽ, സാക്ക് നെടുങ്കനാൽ, റോഷൻ ഫ്രാൻസിസ്, ജോസഫ് മറ്റപ്പള്ളിൽ, ചാക്കോ കളരിക്കൽ, ജെയിസ് കോട്ടൂർ, ജോസ് ആന്റണി, പിപിലാദൻ, സാമുവൽ കൂടൽ എന്നിവരെ എഴുത്തിൽക്കൂടി പരിചയമുണ്ടായിരുന്നു. എന്നാൽ അവരിൽ ചിലരെ നേരിട്ടു കണ്ടത് അന്നുകൂടിയ സമ്മേളനത്തിൽ വെച്ചായിരുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ചിന്തകനാണ് സാക്ക്. വേദങ്ങളുടേയും  ഉപനിഷത്തുക്കളുടെയും പാണ്ഡ്യത്യത്തോടെയാണ് ശ്രീ സാക്ക് നെടുങ്കനാൽ തന്റെ ലേഖനങ്ങൾ വായനക്കാർക്കായി കാഴ്ച വെക്കുന്നത്. അദ്ദേഹത്തിൻറെ ഓരോ ലേഖനങ്ങളും പ്രകൃതിയും ദൈവവുമായുള്ള സംവാദങ്ങളെന്നു തോന്നി പോവും. കൂടലും ജോസ് ആന്റണിയും പ്രസിദ്ധ കവികളാണ്. കൂടലിന്റെ ഉഗ്രശൈലിയുള്ള ചില കവിതകളും ലേഖനങ്ങളും ശരിക്കും പൗരാഹിത്യ ദുഷ്പ്രവണതകളുടെ മർമ്മത്തടിച്ചുകൊണ്ടുള്ളതാണ്. എന്റെ സുഹൃത്തായ ജയിംസ് കോട്ടൂരിന്റെ അത്യുജ്ജലങ്ങളായ ലേഖനങ്ങൾ നവീകരണ പ്രസ്ഥാനങ്ങൾക്ക് ജീവനും ഓജസ്സും നൽകിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തെപ്പോലുള്ളവർ ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്നതും തികച്ചും അഭിനന്ദനീയമാണ്. ശ്രീ മറ്റപ്പള്ളി താത്ത്വികമായി എഴുതുമ്പോൾ ശ്രീ റോഷൻ ഫ്രാൻസിസ് അവതരിപ്പിക്കുന്ന ലേഖനങ്ങൾ സദാ ചിരിയും കളിയുമായിട്ടായിരിക്കും. അദ്ദേഹത്തിൻറെ നർമ്മരസങ്ങളായ ലേഖനങ്ങൾ സഹൃദയരെ ചിരിപ്പിക്കുന്നതിനൊപ്പം പൗരാഹിത്യ ലോകത്തെ വീർപ്പു മുട്ടിക്കുകയും ചെയ്യുന്നു. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന എഴുത്തിന്റെ വൈഭവമാണ് അദ്ദേഹത്തിനുള്ളത്.  


സത്യജ്വാല ആരംഭിക്കുന്നതിനു മുമ്പ് അതിന്റെ മുന്നോടിയായിരുന്ന കെ സി ആർ എം സംഘടനയുടെ ബ്ലോഗായ അല്മായ ശബ്ദത്തിലെ ഒരു എഴുത്തുകാരനായിരുന്നു ഈ ലേഖകൻ. ശ്രീ ചാക്കോ കളരിക്കലാണ് എന്നെ എഴുത്തിന്റെ ലോകത്തിൽ ഈ ബ്ലോഗിലേക്ക് എത്തിച്ചത്. അമേരിക്കൻ ജീവിതത്തിലെ എന്റെ തിരക്കുപിടിച്ച ജീവിതത്തിൽ മലയാളത്തിലെ ലേഖനങ്ങളൊക്കെ വായിക്കാൻ ചുരുക്കമായേ അവസരം ലഭിച്ചിരുന്നുള്ളൂ. ശ്രീ കളരിക്കൽ എഴുതിയ പുസ്തകങ്ങളാണ് വാസ്തവത്തിൽ എന്നെ സഭയുടെ നവോത്ഥാന ചിന്താഗതികളോടെയുളള എഴുത്തിന്റെ ലോകത്തിലെത്തിച്ചത്. കുത്തഴിഞ്ഞ ഒരു സഭയുടെ ചുരുളുകൾ അഴിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ പുസ്തകങ്ങളിലെ പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങൾ തികച്ചും വിസ്മയകരമായിരുന്നു. സഭയുടെ പണ്ഡിതോചിതമായ ലേഖനങ്ങളാണ് ശ്രീ ചാക്കോ കളരിക്കൽ അല്മായശബ്ദത്തിനും സത്യജ്വാലയ്ക്കും കാഴ്ചവെച്ചുകൊണ്ടിരുന്നത്. സ്വതവേ പള്ളിയും പട്ടക്കാരനുമായി അകന്നു നിന്നിരുന്ന എന്നെ സംബന്ധിച്ചെടത്തോളം ആ പുസ്തകങ്ങൾ ചിന്തനീയവും എന്റെ ചിന്താഗതികളെ ശരിവെക്കുന്നതുമായിരുന്നു. അദ്ദേഹം വഴിയാണ് സഭയെ ആശയസമരങ്ങൾവഴി കിടുകിടാ വിറപ്പിക്കുന്ന അലക്സ് കണിയാംപറമ്പിൽ, ഇപ്പൻ, എന്നിവർ എഴുത്തിന്റെ ലോകത്തുണ്ടെന്നറിയുന്നത്. പ്രഗല്പ്പരായ മറ്റനേക സ്ഥിരമായി എഴുതുന്ന എഴുത്തുകാരും സത്യജ്വാലയ്ക്കുണ്ട്. ഓരോരുത്തരുടെയും സഹജമായ കഴിവുകളും ഓരോ ലേഖനങ്ങളിലും വ്യക്തമായിരുന്നു. സാമൂഹികമായ പ്രശ്നങ്ങളെ സംബന്ധിച്ച് ശ്രീ റജി ഞള്ളാനി എഴുതുമ്പോൾ ശ്രീമതി ഇന്ദുലേഖ സഭാ സ്വത്തുക്കളിൽ ഏകീകൃതമായ ഒരു നിയമത്തിന്റെ ആവശ്യകതയെപ്പറ്റിയും വായനക്കാരെ ബോധ്യമാക്കുന്നു. സത്യജ്വാലയിലെ വായനക്കാർ സ്വീകരിച്ച എല്ലാ ലേഖകരെയും എടുത്തുപറയണമെന്നുണ്ട്. വാസ്തവത്തിൽ ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടതു സത്യജ്വാലയ്ക്ക് ജീവനും ഭക്ഷണവും നൽകിയ ഇതിലെ ഓരോ വായനക്കാരെയും എഴുത്തുകാരെയുമാണ്. 


ശ്രീ ജോർജ് മൂലേച്ചാലിന്റെ പ്രൗഢഗംഭീര്യവും ഹൃദ്യവും വ്യത്യസ്ത വിഷയങ്ങളിലുമുള്ള എഡിറ്റോറിയലുകൾ സത്യജ്വാലയിലെ ഓരോ പതിപ്പുകളിലും അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഓരോ ലേഖനവും കേരളത്തിലെ ഏതു സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളെക്കാൾ മികവുറ്റതുമാണ്. സഭയെയും പൗരാഹിത്യത്തെയും വിമർശിക്കുന്ന കാരണം സാഹിത്യ ലോകത്തുനിന്നും അർഹമായ അങ്ങനെയൊരു അംഗീകാരത്തിനായി അദ്ദേഹത്തിനു ഇനിയും കാത്തിരിക്കണം. പാകതയും പക്വതയും നിറഞ്ഞ ഒരു വ്യക്തിത്വം ജോർജിനുണ്ട്. അദ്ദേഹം സത്യജ്വാലയിലെഴുതുന്ന മിക്ക ലേഖനങ്ങളിലും ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചിരിക്കുന്നതും കാര്യകാരണ സഹിതം സഭയോട് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നതും കാണാം. അവതരിപ്പിക്കുന്ന വിഷയങ്ങളിൽ പുരോഹിതലോകം അഭിപ്രായങ്ങൾ പറയാതെ നിശബ്ദരായിരിക്കുന്നത് അവർക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ്. ജീർണ്ണിച്ച സഭയെ നന്നാക്കുക എളുപ്പമല്ലെന്ന് പുരോഹിതർക്കും അറിയാം. അതിനുള്ള അവരുടെ തന്ത്രം ബുദ്ധിജീവികളുടെ നാവടപ്പിക്കുകയെന്നതാണ്. ജോർജിന്റെ ഈടുറ്റ ലേഖനങ്ങൾ സഭയെ സംബന്ധിച്ചുള്ള വിഷയങ്ങളുടെ ആധികാരികതയേയും വ്യക്തമാക്കുന്നു. ഞാറക്കൽ സംഭവത്തിൽ പള്ളി കളിച്ച കളികളൊന്നും മറക്കാൻ പറ്റില്ല. ദളിതന്റെ ശവത്തെ കുത്താൻ ഇനിമേൽ കോടതി അനുവദിക്കില്ല. ഇതിനോടകം പല കോടതി വിധികൾ അനുകൂലമായി വന്നതും അല്മായ മുന്നേറ്റത്തിന്റെ നേട്ടങ്ങളായിരുന്നു. അവരോടൊപ്പം പൊരുതാൻ ജോർജും സത്യജ്വാലയും എന്നുമുണ്ടായിരുന്നു.   


കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരള സഭയിലും ആഗോള സഭയിലും മാറ്റങ്ങൾ വളരെയേറെ സംഭവിച്ചിട്ടുണ്ട്. യാഥാസ്ഥിതികനായ ബെനഡിക്റ്റ് മാർപ്പാപ്പാ സ്ഥാനത്യാഗം ചെയ്തതും സഭയിൽ വിപ്ലവ കൊടുങ്കാറ്റ് വാഗ്ദാനം ചെയ്ത ഫ്രാൻസീസ് മാർപ്പാപ്പ പത്രോസിന്റെ സിംഹാസനത്തിൽ സ്ഥാനാരോഹിതനായതും ഈ കാലഘട്ടത്തിലായിരുന്നു. ആഗോള സഭയിലെ പുരോഹിത ലൈംഗിക പീഡനങ്ങളുടെയും പ്രകൃതി വിരുദ്ധതയുടെയും വെളിച്ചത്തിൽ അതിനു ബലിയാടായവർക്ക് ബില്യൺ കണക്കിന് ഡോളറായിരുന്നു സഭയ്ക്ക് നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത്. പാപ്പരായിക്കൊണ്ടിരുന്ന ഒരു സഭയെ പിടിച്ചു നിർത്താൻ ബെനഡിക്റ്റ് മാർപ്പാപ്പാ പരാജയപ്പെട്ടിരുന്നതുകൊണ്ടാണ് അദ്ദേഹം രാജിവെക്കാൻ കാരണമെന്നും പറയുന്നു. കേരളത്തിലെ മാധ്യമങ്ങൾ പറയാൻ മടിച്ചിരുന്ന ഇത്തരം ചൂടുള്ള വാർത്തകൾ യഥാസമയം സത്യജ്വാല പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. പള്ളിയോടും പട്ടക്കാരോടും ചുറ്റിപ്പറ്റിയിരിക്കുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അത്തരം വൈകാരികമായ വാർത്തകൾ പ്രസിദ്ധികരിച്ചാൽ അവരുടെ നിലനില്പിനും പ്രശ്നങ്ങൾ വരും. അടുത്തയിടെ ക്രിസ്തുവിന്റെ സ്ഥാനത്ത് മാറിടം കാണിച്ചുകൊണ്ടുള്ള ഒരു സ്ത്രീയുടെയും ശിക്ഷ്യഗണങ്ങളുടെയും അന്ത്യത്താഴത്തിന്റെ പടം മനോരമ പ്രസിദ്ധീകരിക്കുകയുണ്ടായി. വാസ്തവത്തിൽ ആ ചിത്രം ഏതോ കലാകാരൻ കഴിഞ്ഞ നൂറ്റാണ്ടുകളിൽ വരച്ചതായിരുന്നു. ക്രൈസ്തവ ലോകം മുഴുവൻ അതിനെതിരെ പ്രതികരിച്ചിരിക്കുന്നത് മനോരമയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സത്യജ്വാലയെ സംബന്ധിച്ച് സ്വതന്ത്ര പത്രമെന്ന നിലയിൽ ആശയ സമരങ്ങൾ നടത്തുന്നതുകൊണ്ടു ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല. ധീരമായിതന്നെ അതിലെ പ്രവർത്തകർ പത്രധർമ്മമെന്ന ദൗത്യം തുടർന്നുകൊണ്ടിരിക്കുന്നു.      

സഭ ദൈവികമെന്നും സഭയെ വിമർശിക്കരുതെന്നുമാണ് ക്രൈസ്തവ സഭകൾ ഒന്നാകെ പഠിപ്പിക്കുന്നത്.  പോരാഞ്ഞു പാപ്പായ്ക്ക് തെറ്റാവരമുണ്ടെന്നും സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവെന്നുമാണ് സഭാ നേതൃത്വം അല്മായരെ പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ടിരുന്നത്. ഇത്തരം ബാലിശമായ വിശ്വസങ്ങൾ സഭയുടെ കഴിഞ്ഞ കാലഘട്ടങ്ങളിൽ ചെലവാകുമായിരുന്നു. പഴയ കാലങ്ങളിൽ കൃഷിയും തൂമ്പായുമായി നടന്നിരുന്ന കേരളത്തിലെ സീറോ മലബാർ ജനത പൊതുവെ വിദ്യാഭ്യാസം കുറവുള്ളവരായിരുന്നു. നിഷ്കളങ്കരും മണ്ണിനോട് പടവെട്ടിയും ജീവിച്ചിരുന്ന അവർ പുരോഹിതർ എന്തുപറഞ്ഞാലും ശരിയെന്നു വിശ്വസിക്കുമായിരുന്നു. അന്ധവിശ്വാസങ്ങൾ പുരോഹിത വർഗം അവരുടെയും അവരുടെ കുഞ്ഞുങ്ങളുടെമേലും അടിച്ചേൽപ്പിച്ചിട്ടുണ്ടായിരുന്നു. വളരുന്ന തലമുറകളെ ബൗദ്ധികമായി മസ്‌തിഷ്‌ക്ക പ്രഷാളനം ചെയ്തിരുന്നു. ഇടവകയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിനു തീർപ്പു കല്പിക്കുന്നതും ഇടവക വികാരി. അയാൾക്ക് മജിസ്‌ട്രേറ്റിനു തുല്യമായ പദവികളുണ്ടെന്നായിരുന്നു ജനം തെറ്റിദ്ധരിച്ചിരുന്നത്. ആ പാരമ്പര്യം നൂറ്റാണ്ടുകളായി മാറ്റങ്ങളില്ലാതെ തുടർന്നു കൊണ്ടിരുന്നു. പക്ഷെ കാലം മാറിയ കാര്യം പൗരാഹിത്യം ചിന്തിക്കുന്നില്ല. പുരോഹിതരെക്കാളും മെച്ചമുള്ള പുത്തനായ തലമുറകൾ ബൗദ്ധിക ലോകം കീഴടക്കിയത് അവർക്കൊരു വെല്ലുവിളിയായിരുന്നു. എങ്കിലും അധികാരത്തിന്റെ കടിഞ്ഞാൺ പുരോഹിതരുടെ കൈകളിൽത്തന്നെയുള്ളതുകൊണ്ട് അവർ ഇന്നും സമൂഹത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ചൂഷകർക്കെതിരായ ഒരു പരിചയായി സത്യജ്വാല പടപൊരുതുന്നതിന്റെ ഫലങ്ങൾ കാണാനും തുടങ്ങിയിട്ടുണ്ട്. കാലത്തിനനുയോജ്യമായി പുരോഗമനം ആഗ്രഹിക്കുന്ന പുരോഹിതർക്ക് ഈ മാഗസിൻ ഒരു വഴികാട്ടിയുമാണ്. പഴഞ്ചൻ കാനോനിക നിയമങ്ങൾ നമ്മെ പ്രാകൃത യുഗത്തിലേക്ക് നയിക്കുമെന്നും മനസിലാക്കണം.  

പാരമ്പര്യത്തിൽനിന്നും ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ പുരോഹിത ലോകം അല്മായരെ എക്കാലവും അടിമപ്പാളയത്തിൽ തള്ളാനാഗ്രഹിക്കുന്നു. അതിനുദാഹരണമാണ് ഇടുക്കിയിലെ ബിഷപ്പായ ആനിക്കുഴിക്കാട്ടിലെ ചില പ്രസ്താവനകൾ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഒരുവൻ വിദ്യ നേടുന്നതിലും പ്രധാനം വിവാഹം കഴിക്കുകയെന്നുള്ളതാണ്. നിയന്ത്രണമില്ലാതെ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും ബിഷപ്പ് ഇടയലേഖനമിറക്കിയിരുന്നു. ഒരുവന്റെ 'കുടുംബം' എന്ന മൗലികാവകാശത്തിനെതിരായ ഇടയലേഖനം കേരള സുറിയാനിസഭയുടെ പൊതു അജണ്ടായിലുള്ളതാണ്. കർദ്ദിനാൾ ആലഞ്ചേരി ഇക്കാര്യം അനേക തവണകൾ ആവർത്തിച്ചിട്ടുണ്ടായിരുന്നു. അതിനു മറ്റു മെത്രാന്മാർ ബിഷപ്പ് ആനിക്കുഴിക്കാട്ടിലിനെ ബലിയാടാക്കിയെന്നു മാത്രം. സഭയെന്നും ദരിദ്രരെ സൃഷ്ടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ദരിദ്രരുണ്ടെങ്കിലേ സഭ വളരുകയുള്ളൂ. ദരിദ്രരില്ലാത്ത ഒരു ലോകം വന്നാൽ ഇവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വിദേശസഹായം നിലയ്ക്കും. അനാഥാലയങ്ങളുടെ  പ്രവർത്തനങ്ങളില്ലാതെയാകും. ഭക്ഷണവും പാർപ്പിടവുമില്ലാതെ കുട്ടികൾ തെരുവുകളിൽ അലഞ്ഞുനടന്നാലും ഇവർക്കതൊരു പ്രശ്നമല്ല. ഇങ്ങനെ അജ്ഞതയിലേയ്ക്ക് നയിക്കുന്ന സഭയെ മനസിലാക്കാൻ സത്യജ്വാലപോലുള്ള പത്രമാധ്യമങ്ങൾ ഇനിയും പൊരുതേണ്ടിയിരിക്കുന്നു. പുരോഹിതരുടെ സോഷ്യൽ മീഡിയാകളിള്ള പരിജ്ഞാനക്കുറവും സഭയുടെ മാറ്റങ്ങൾക്ക് തടസമാകുന്നു. 


ഒരു കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി മാതാപിതാക്കളും മുതിർന്ന മക്കളും തമ്മിൽ പരസ്പരം ചർച്ചകൾ ചെയ്യാറുണ്ട്. കുടുംബപ്രശ്നങ്ങൾ ആരോഗ്യപരമായി പരിഹരിക്കാറുമുണ്ട്. സഭയെന്നു പറയുന്നത് ദൈവമക്കളുടെ വലിയ കുടുംബമായിട്ടാണ് കരുതുന്നത്. പക്ഷെ സഭയ്ക്ക് ഒരു വിമർശനവും സ്വീകരിക്കാൻ സാധിക്കില്ല. അതിലെ വികാരിയും മെത്രാനും പറയുന്നത് ദൈവവാക്യമായി കരുതണമെന്നു സഭാധികാരികൾ ആഗ്രഹിക്കുന്നു.  സഭാ മക്കളെ ചൂഷണം ചെയ്തുകൊണ്ട് ആഡംബരത്തിൽ ജീവിക്കുന്ന കാഴ്ചകളാണ് ഇന്ന് ആകമാന സഭകളിൽ കാണുന്നത്. അവരെന്തു പറഞ്ഞാലും സഭാമക്കൾ വായും പൊത്തി ശ്രവിച്ചുകൊള്ളണം. എന്നാൽ സൈബർ ലോകത്തിന്റെ വളർച്ചയുടെയും അത്മായാശബ്ദം ബ്ലോഗുകളുടെയും സത്യജ്വാല മാസികയുടെയും ആവിർഭാവത്തോടെ മെത്രാനും പുരോഹിതരും സമൂഹത്തിന്റെ ഇത്തിക്കണ്ണികളെന്നും ചൂഷകരെന്നും സാമാന്യജനം മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു. തലമുറകളായി വിശ്വാസികളിൽ നിന്നും സ്വരൂപിച്ച സഭാസ്വത്തുക്കളുടെ മേലുള്ള പുരോഹിതരുടെ പരമാധികാരം നഷ്ടപ്പെടുമോയെന്ന തോന്നലും അവരെ പരവശരാക്കുന്നുണ്ട്. അതുകൊണ്ടാണ് സത്യജ്വാലയെ അഭിഷിക്തർക്ക് രുചിക്കാൻ സാധിക്കാതെ പോവുന്നത്.

തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ സഭാമക്കൾ മുമ്പോട്ട് വരുന്നില്ലെങ്കിൽ സഭയുടെ ആത്മീയത വീണ്ടെടുക്കാൻ സാധിക്കുന്നതെങ്ങനെയെന്നും ചിന്തിക്കണം. തെറ്റിനെ തെറ്റായി കാണാൻ കഴിയാതെ അന്ധത പിടിച്ച പുരോഹിത ലോകം ലോകമാകമാനമുള്ള സഭാവിശ്വാസികളെ അന്ധകാരത്തിൽ നയിക്കാനാണ് ശ്രമിക്കുന്നത്. അഭിഷിക്തലോകത്തിന്റെ കുഞ്ഞാടുകളോടുള്ള പെരുമാറ്റം അൽപ്പനർത്ഥം കിട്ടിയതുപോലെയാണ്. നട്ടുച്ചക്കും ഇവരെ മുത്തുക്കുടകളും വെടിക്കെട്ടും ചെണ്ടകൊട്ടുകളുമായി എഴുന്നള്ളിപ്പിച്ചു നടത്തുന്ന കാഴ്ച ബോധവും വിവരവുമുള്ള ഒരു പരിഷ്കൃത ലോകത്തിന് അപമാനകരമാണ്. അത്തരം വൈകൃതങ്ങളായ ആചാരങ്ങൾ സത്യജ്വാല പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാണിച്ചാലും പുച്ഛത്തോടെയേ പുരോഹിത ലോകം ചെവികൊള്ളുകയുള്ളൂ. അഭിഷിക്തരുടെ തിമിരം നിറഞ്ഞ കാഴ്ചപ്പാടിനെ ഇല്ലാതാക്കി അവരെ നേരായ വഴിയേ നയിക്കാനായി ഒരു സർജിക്കൽ മാറ്റം ആവശ്യമാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളോളം അതിനായി സത്യജ്വാല ശബ്ദം മുഴക്കിയെന്നുള്ളതും ഇവിടെ പ്രസ്താവ്യമാണ്.

സത്യജ്വാലയിൽ അവതരിപ്പിക്കുന്ന പ്രശ്നങ്ങൾക്കുത്തരം നൽകാനും പ്രതികരിക്കാനും ഒറ്റയൊരു പുരോഹിതനും മുമ്പോട്ട് വരുന്നതു കണ്ടിട്ടില്ല. അതിലെ ഓരോ ലേഖനങ്ങളും സത്യങ്ങളാണെന്നു പുരോഹിതർക്കറിയാം. അവരുടെ സ്ഥാപനങ്ങളിലുള്ള കോഴയും കള്ളത്തരവും അഴിമതികളും തുടരേണ്ടതുകൊണ്ട് ഇങ്ങനെയുള്ള ഒരു മാസികയെ സ്വീകരിക്കാനും കഴിയില്ല. പഴയകാലങ്ങളിൽ പുരോഹിത ലോകത്തുള്ള ഭൂരിഭാഗം പേരും മാതാപിതാക്കളുടെ നേർച്ചക്കോഴികളായി സേവനമാരംഭിച്ചവരായിരുന്നു. അക്കാലങ്ങളിൽ പുരോഹിതർക്ക് അമിതമായ ബഹുമാനവും വിശ്വാസികളിൽനിന്നു ലഭിച്ചിരുന്നു. അതുമൂലം അറിവും പാകതയുമില്ലാത്ത പഴയ തലമുറകളെ ചൂഷണം ചെയ്യാനും തുടങ്ങി. പള്ളിപ്പണിക്കെന്നു പറഞ്ഞാൽ പഴയ കാരണവന്മാർ പുരയിടങ്ങൾ പോലും വിൽക്കാൻ തയ്യാറായിരുന്നു. കൃഷിയിടങ്ങൾ പണയംവെപ്പിച്ചും ദരിദ്രന്റെ കന്നുകാലികളെയും ആടുമാടുകളെവരെയും വില്പ്പിച്ചും പുരോഹിതവർഗം പള്ളിമേടകളും കത്തീഡ്രലുകളും അളവില്ലാത്ത ഭൂസ്വത്തുമുണ്ടാക്കി. കൊട്ടാരസദൃശ്യമായ അരമനകളും പണിതു. അതുമൂലം സഭ കൊഴുത്തു. ദരിദ്രൻ കൂടുതൽ ദരിദ്രനായി. കൃഷിപാടങ്ങളും പുരയിടങ്ങളും സഭയുടെ അധീനതയിലുമായി. സഭ സ്വരൂപിച്ച സ്വത്തുക്കൾ ചോദ്യം ചെയ്യാൻ പോലും അതുണ്ടാക്കികൊടുത്ത സഭാമക്കൾക്ക് അവകാശമില്ല. ഹിന്ദു, മുസ്ലിം സ്ഥാവരസ്വത്തുക്കളിൽ സർക്കാരിന് നിയന്ത്രണമുള്ളപ്പോൾ ക്രിസ്ത്യൻ സ്വത്തുക്കളുടെ മേൽ സഭാധികാരികൾക്കു മാത്രമേ മേല്‍നോട്ടം വഹിക്കാൻ സാധിക്കുള്ളൂ. സത്യജ്വാലയിലെ ബൗദ്ധികതലങ്ങളിലുള്ള എഴുത്തുകാർ ഈ വിഷയങ്ങളെ സംബന്ധിച്ച് പലപ്പോഴായി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പരേതനായ ജസ്റ്റീസ് കൃഷ്ണയ്യരുടെ സഭാ സ്വത്തുക്കൾ സംബന്ധിച്ചുള്ള സർക്കാരിലവതരിപ്പിച്ച ബില്ലുകൾ നാളിതുവരെയായി പരിഗണനയിൽപ്പോലും എടുത്തിട്ടില്ല. ക്രിസ്ത്യാനികൾക്കു മാത്രമായ സഭാസ്വത്തുക്കളുടെ നിയന്ത്രണത്തിലുള്ള നിയമവിവേചനത്തിൽ സത്യജ്വാലയുടെ പോരാട്ടം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. 


കഴിഞ്ഞ അഞ്ചുകൊല്ലങ്ങളും പുരോഹിതരുടെ കപട വേഷങ്ങളുടെ ഒന്നൊന്നായുളള കെട്ടുകളഴിക്കാൻ സത്യജ്വാലയ്ക്ക് സാധിച്ചിട്ടുണ്ട്. ഫേസ് ബുക്ക് നിറയെ ഇന്ന് ഇവർക്കെതിരെ വലിയൊരു ജനസമൂഹം പ്രതികരിക്കുന്നതും കാണാം. ഒരു മെത്രാന് വിഡ്ഢിത്തരം നിറഞ്ഞ ഇടയലേഖനംപോലും പള്ളികളിലവതരിപ്പിക്കാൻ പേടിയായി തുടങ്ങിയിരിക്കുന്നു. ദളിതന്റെ ശവം മറവു ചെയ്യാൻ വിസമ്മതിച്ച പുരോഹിതനും മോനിക്കായുടെ വസ്തുവകകൾ തട്ടിയെടുത്ത ബിഷപ്പും, തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യയും അതിനു കാരണക്കാരായ കോതമംഗലം രൂപതയും ബിഷപ്പും കൊവേന്തക്കാരുടെ പള്ളികൾ തട്ടിയെടുക്കുന്ന തൃശൂർ ബിഷപ്പ് ആൻഡ്രുസ് താഴത്തും ജ്വാലിയൻവാലാ വിപ്ലവം മലയോരത്തുണ്ടാക്കുമെന്നു പ്രഖ്യാപിച്ച ബിഷപ്പും ഓരോ കാലത്ത് സത്യജ്വാലയുടെ ചൂടുള്ള വാർത്തകളിലുണ്ടായിരുന്നു. കൊക്കനും എഡ്വിനും പുതൃക്കയും തോമസ് കോട്ടൂരും സെഫിയും വാർത്തകളിൽ അതാതുകാലങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഇവരിൽ ആർക്കാണ് 'മാൻ ഓഫ് ദി ഇയർ' അവാർഡ് നൽകേണ്ടതെന്ന് വായനക്കാരാണ് നിശ്ചയിക്കേണ്ടത്.ഒരു പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ച  'അനിത'യെന്ന യുവ കന്യാസ്ത്രിയെ നടുപാതിരായ്ക്ക് മഠത്തിൽനിന്നു പുറത്താക്കിയപ്പോൾ അവർക്കു നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നതും അങ്ങനെ സഭയിൽ മാറ്റത്തിന്റേതായ കാറ്റു വീശുന്നുവെന്നുള്ളതും ആശ്വാസകരമാണ്. അവരുടെ ചാരിത്രത്തിനു വിലപറഞ്ഞ പുരോഹിതൻ ഇന്നും സഭയിൽ മാന്യനായി നടക്കുന്നു. അത്തരം സാംസ്‌കാരികമായി അധഃപതിച്ച പുരോഹിത പുംഗവന്മാരെ താലോലിക്കാൻ ഫാദർ തേലെക്കാടനെപ്പോലുള്ളവർ സഭയുടെ തലപ്പത്തുണ്ട്.


പാറകൾ പൊട്ടിച്ചും വനങ്ങൾ നശിപ്പിച്ചും മലകളിടിച്ചും കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതും മണൽ വാരിയും ഭൂമിയുടെ സമതുലനാവസ്ഥ നശിപ്പിച്ചും മലയോരങ്ങളിൽ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രകൃതി നശീകരണങ്ങളെപ്പറ്റി പ്രതികരിച്ചുകൊണ്ടുള്ള ലേഖനങ്ങളും സത്യജ്വാല പ്രസിദ്ധീകരിച്ചിരുന്നു. നന്മയുടെ പ്രതീകങ്ങളായ നല്ല പുരോഹിതരും സത്യജ്വാലയുടെ പേജുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 'കിഡ്‌നി' ദാനം ചെയ്ത ബിഷപ്പ് മുരിക്കനെയും ഫാദർ ചിറമേലിനേയും   ആദരിച്ചുകൊണ്ടുള്ള ലേഖനങ്ങളുമുണ്ടായിരുന്നു. സമൂഹത്തിൽ അധഃകൃതരായ ദളിത കൃസ്ത്യാനികളുടെ പ്രശ്നങ്ങളും ദളിത ബിഷപ്പിനെ തട്ടിക്കൊണ്ടു പോയപ്പോഴുള്ള സഭയുടെ മൗനവും ക്നനായക്കാരുടെ ശുദ്ധരക്ത വാദമെന്ന അസംബന്ധവും സംബന്ധിച്ചുള്ള വാർത്തകൾ വളരെയധികം ഗൗരവത്തോടെയാണ് ഈ മാസിക കൈകാര്യം ചെയ്തത്. 

ക്രിസ്തുവിന്റെ കാലം മുതൽ അന്ന് കൂട്ടായ്മയായിരുന്ന സഭയിലും പരസ്പ്പരം വിമർശനങ്ങൾ അനുവദിച്ചിരുന്നു. യേശുനാഥൻ ജീവിച്ചിരുന്നപ്പോഴും അപ്പോസ്തോലന്മാർക്കെതിരെയും സ്വന്തം ജനത്തിൽനിന്നും പുറം ജാതികളിൽ നിന്നും വിമർശനങ്ങൾ സാധാരണമായിരുന്നു. അപ്പോസ്തോല പദവിയില്ലാഞ്ഞ 'പോൾ'പോലും യഹൂദ പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്ന പീറ്ററിനെ ശകാരിക്കുന്നതായി പുതിയ നിയമത്തിൽ വായിക്കാം. സുവിശേഷപ്രകാരം ജീവിക്കാത്ത പുരോഹിതരെ വിമർശിക്കാൻ സഭാമക്കൾക്ക് അധികാരമുണ്ട്. പീറ്റർ1, നാലാം അദ്ധ്യായം പതിനേഴാം വാക്യം പറയുന്നു, 'ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? (1 Pet 4:17). ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്ത പൗരാഹിത്യത്തോടുള്ള ചോദ്യമാണിത്. ഓരോ കാലഘട്ടത്തിലും പ്രവാചകർ അവരുടെ പട്ടണത്തിലുള്ള ജനങ്ങൾക്കെതിരെയും രാഷ്ട്രത്തിനെതിരെയും മതത്തിനെതിരെയും വിമർശിക്കുന്നുണ്ടായിരുന്നു. ഇസ്രായിലിലെ അവിശ്വാസികളെപ്പോലെ ജീവിക്കരുതെന്നു ബോധ്യപ്പെടുത്താനായിരുന്നു പ്രവാചക ശ്രമം. അതേ ജോലികൾ മാത്രമേ പ്രവാചക ശബ്ദമായി സത്യജ്വാലയിലും പ്രതിഫലിക്കുന്നുള്ളു.

യേശുവിന്റെ വചനങ്ങളെ ധിക്കരിക്കുന്ന ഒരു പൗരാഹിത്യത്തെ വെറുക്കുന്ന കാലഘട്ടത്തിൽ സഭയുടെ നന്മയെ ഉത്തേജിപ്പിക്കാനാണ് സത്യജ്വാല ശ്രമിക്കുന്നത്. പക്ഷെ അതുൾക്കൊള്ളാൻ പൗരാഹിത്യത്തിനും അതിലെ അഭിഷിക്തർക്കും സാധിക്കാത്തത് അവർ യേശു പഠിപ്പിച്ച തത്ത്വങ്ങളിൽനിന്നും വളരെയധികം അകന്നു പോയതുകൊണ്ടാണ്. അവർ ദൈവത്തെ അറിയാത്തതുകൊണ്ടും തെറ്റായ വിശ്വാസപ്രമാണങ്ങൾ സഭാമക്കളെ പഠിപ്പിക്കുന്നതുകൊണ്ടുമാണ്. സത്യമെന്തെന്നു തിരിച്ചറിയാൻ അവർക്കൊട്ടു സാധിക്കുന്നുമില്ല. സത്യജ്വാല പോലുള്ള പത്രമാധ്യമങ്ങൾ അവരെ ഉപദേശിച്ചാൽ വ്യക്തി വൈരാഗ്യമായി കരുതുകയും ചെയ്യും. എങ്കിലും സത്യജ്വാല പ്രകാശിപ്പിച്ച ആശയങ്ങൾ ഇന്ന് ആഗോളവൽക്കരണമായതും സഭയെ ഭയപ്പെടുത്തുന്നുണ്ട്.

സഭയെ വിമർശിച്ചാൽ സഭാ പൗരന്മാരുടെയിടയിലെ ഐക്യം തകരുമെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ അത് സത്യമല്ല. സഭയിൽ അത് ഐക്യമത്യം ഉണ്ടാവുകയേയുള്ളൂ. വിമർശനങ്ങൾ ശത്രുതാ മനോഭാവത്തിലെങ്കിൽ ഐക്യമത്യത്തിനു കോട്ടം വരാം. സ്നേഹത്തോടെയും പരസ്പരധാരണയോടെയുമുള്ള ക്രിയാത്മക വിമർശനങ്ങൾ സഭയ്ക്ക് ഗുണമേ ചെയ്യുകയുള്ളൂ. സഭയ്ക്കുള്ളിൽ വിമർശനങ്ങളില്ലാതെ 'അതെ അതെ' എന്നു  പറയുന്ന സമൂഹം മാത്രമാണുള്ളതെങ്കിൽ  അവരുടെ ഐക്യമെന്നു പറയുന്നത് വെറും വ്യാജമെന്ന് മാത്രമേ പറയാൻ സാധിക്കുള്ളൂ. അത്തരം ഐക്യം ആരെയോ ഭയപ്പെട്ടിട്ടുള്ളതായിരിക്കാം. പരസ്പര വിരുദ്ധങ്ങളായ ആശയപ്രമേയങ്ങളോടെയുള്ള ഐക്യം സഭയ്ക്ക് ഗുണമേ ചെയ്യുകയുള്ളൂ. അക്കാര്യത്തിൽ സത്യജ്വാല തുറന്നു തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സഭയ്ക്ക് എന്നും താക്കീതു കൊടുക്കുന്നുണ്ടായിരുന്നു. പുറമേയുള്ള ചിരിയും പുരോഹിതരെ കാണുമ്പോൾ കൈ കൂപ്പലും മുത്തലും കൈകൊടുക്കലും സഭയുടെ വളർച്ചക്കോ ഐക്യമത്യത്തിനോ സഹായകമല്ല. അതെല്ലാം സഭാഭക്തരുടെ ഭയത്തിൽനിന്നുദിച്ചു വരുന്ന വെറും കോമാളിത്തരങ്ങളാണ്.

മാർട്ടിൻ ലൂതർ,  സഭയുടെ നവോധ്വാന കാലങ്ങൾ ആരംഭിച്ചത് വലിയ വിമർശനങ്ങളിൽക്കൂടിയായിരുന്നു. ഇന്ന് സഭയ്ക്ക് മറ്റൊരു നവോധ്വാന മുന്നേറ്റം ആവശ്യമാണ്. ഇന്നു കാണുന്ന സഭപോലെയായിരിക്കില്ല അമ്പത് കൊല്ലങ്ങൾക്കുശേഷമുള്ള സഭ. ശാസ്ത്രത്തിന്റെയും ടെക്കനോളജിയുടെയും വളർച്ചമൂലം ബൗദ്ധികമായും ഓരോരുത്തരും വളർന്നു കഴിഞ്ഞു. എങ്കിലും ശാസ്ത്രവും ടെക്കനോളജികളും പുരോഗമിച്ചിട്ടും പുരോഹിത വർഗം മാത്രം വളർന്നിട്ടില്ല. സഭയെ നവീകരിക്കാൻ തടസമായിരിക്കുന്നത് പുരോഹിതരുടെ പഴഞ്ചനായ ആശയങ്ങൾ തന്നെയാണ്. മാറ്റങ്ങൾ കൂടിയേ തീരൂ. അതിനായി പുരോഹിതരും മെത്രാന്മാരും സത്യജ്വാല വായിക്കുന്ന സ്വഭാവം രൂപീകരിക്കണം. അവർക്കുപകാരപ്രദങ്ങളായ  അനേക ലേഖനങ്ങൾ സത്യജ്വാലയിൽ വരുന്ന വിവരം അവരറിയുന്നില്ല.  ബൗദ്ധിക ലോകത്തിൽ ഒരു മുന്നേറ്റമാണ് ഇന്നത്തെ പുരോഹിതർക്ക് ആവശ്യമായിട്ടുള്ളത്. ആഗോള സഭയെ തുലനം ചെയ്യുമ്പോൾ അജ്ഞത മുഴുവൻ നിറഞ്ഞിരിക്കുന്നത് കേരളസഭകളിൽ മാത്രമെന്നും കാണാം. അന്ധമായി വിശ്വസിക്കുന്ന പൗരാഹിത്യത്തിന്റെ കണ്ണുകൾകൊണ്ട് സഭയുടെ നവീകരണം കാണാൻ സാധിക്കില്ല. അതുകൊണ്ടാണ് സഭാപ്രവർത്തനങ്ങളിൽ അല്മായന്റെ പങ്കു കാലത്തിനനുയോജ്യമായി ആവശ്യമായി വരുന്നതും. ശക്തമായ ഒരു അല്മായ മുന്നേറ്റത്തിനു സത്യജ്വാല മാസിക കാരണവുമാകുന്നുണ്ട്.

അല്മായ ശബ്ദത്തിലെയോ സത്യജ്വാലയിലെയോ പ്രവർത്തകർക്കാർക്കും സഭയെ തകർക്കണമെന്നുള്ള ഉദ്ദേശ്യം ഇല്ല. എന്നാൽ സഭ യേശുവിന്റേതായിരിക്കണമെന്നുള്ള ആഗ്രഹവുമുണ്ട്. ആർക്കും സഭയോട് വെറുപ്പോ ദേഷ്യമോയില്ല. സഭയെന്നു പറയുന്നത് ക്രിസ്തുവിന്റെ മണവാട്ടിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അതുകൊണ്ടു യേശുവിനെ സ്നേഹിക്കുന്നവർ സഭയെയും സ്നേഹിക്കും. യേശുവിന്റെ താല്പര്യങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതെങ്ങനെയെന്നു സത്യജ്വാലയിലെ ഓരോ താളുകളും വിളിച്ചുപറയുന്നുണ്ട്. ആരെങ്കിലും സഭയെ ദർശിക്കുന്നുവെങ്കിൽ അത് യേശുവിനെ കാണുന്നപോലെയാകണമെന്നാണ് സത്യജ്വാല ഇച്ഛിക്കുന്നത്. പക്ഷെ കേരളത്തിലെ ഉൾനാടുമുതൽ ആഗോളതലം വരെ ചിന്തിക്കുകയാണെങ്കിൽ സഭയെന്നും  യേശുവിനെതിരായി പ്രവർത്തിച്ചിരുന്നുവെന്നു കാണാൻ സാധിക്കും. എല്ലാവർക്കും യേശുവിനെ സ്നേഹമുണ്ട്. പക്ഷെ ആരും അവിടുത്തെ കാണുന്നില്ല. ആരും അനുഗമിക്കുന്നുമില്ല. മനുഷ്യരുടെ ഹൃദയങ്ങളിൽ യേശുവും സഭയുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുകയെന്നതും സത്യജ്വാലയുടെ ലക്ഷ്യമാണ്. അതിനു പള്ളികളിൽ അല്മായ സംഘടനകൾ ഉണ്ടല്ലോയെന്ന ചോദ്യങ്ങളും വരാം. പള്ളി സംഘടനകൾ എക്കാലവും പുരോഹിതന്റെ താല്പര്യങ്ങൾക്കേ വിലകല്പിക്കാറുള്ളൂ. പുരോഹിതനെ അല്മായന്റെ ജീവിതത്തിൽ നിന്നും പരിപൂർണ്ണമായി അടർത്തിയെടുക്കണമെന്നാണ് തീവ്രവാദികളായ നവീകരണ ചിന്താഗതിക്കാർ ആലോചിക്കുന്നത്. മതിയാവോളം അവർ സഭയെ ഉപദ്രവിച്ചു. ഒരു വിമോചന മുന്നണിയാണ് സഭയ്ക്ക് ഇന്നാവശ്യമായിട്ടുള്ളത്. അവിടെയാണ് സത്യജ്വാലയുടെ പ്രസക്തി നിലകൊള്ളുന്നതും. ജ്വലിക്കുന്ന ദീപമായി ഭാരതസഭകൾക്ക് വഴികാട്ടിയായി എന്നുമെന്നും പ്രശോഭിക്കാൻ സത്യജ്വാലയ്ക്ക് സർവ്വവിധ വിജയാശംസകളും നേരുന്നു.

2 comments:

  1. ശ്രീ.ജോസഫ്‌ പടന്നമാക്കല്‍ 'അല്മായശബ്ദം ബ്ലോഗില്‍' എഴുതിയ "അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളും" എന്ന അറിവിന്നമ്രിതം ഒരുകുറിയല്ല പലകുറി നുകര്‍ന്നില്ലെങ്കില്‍//വായിച്ചില്ലെങ്കില്‍, പള്ളിമുറ്റം ചവിട്ടിതേക്കാന്‍ പള്ളിയില്‍ പോകുന്ന {ക്രിസ്തുവിനെ അറിയാത്ത} അചായന്മാരേ,നിങ്ങള്ക്ക് ഹാ കഷ്ടം! ദൈവത്തെ അറിഞ്ഞ ഒരു മനുഷ്യനും ഒരുകാലത്തും ഒരിടത്തും ഒരാവശ്യവും ഇല്ലാത്ത ഈ 'സ്വയംഭൂവായ' പാതിരിപ്പുരകെ പോകാതെ "ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നവനിലെ" സത്യ്ജ്വാലയിലെ അക്ഷരങ്ങളുടെ ചൂടേറ്റ് പാതിരി ചുമത്തിയ പാപത്തിനെറെ ആത്മീകാന്ധതയെന്ന കുളിരകറ്റൂ ....

    ReplyDelete
  2. സത്യസന്ധമായ വാർത്തകൾ, മാന്യമായ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഒരു ബ്ലോഗ്ഗായതുകൊണ്ടാണ് ഞാനും ഈ ബ്ലോഗ്ഗിൽ എഴുതുന്നത്. സഭാകാര്യങ്ങൾ അത്മായരുടെ കണ്ണിൽ എങ്ങിനെയാണവതരിക്കുന്നതെന്നു സഭാധികാരികളെ കാണിച്ചുകൊടുകുകയാണെന്റെ ലക്ഷ്യം. ആക്രമണം ക്രൂരമായിരിക്കുന്നുവെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കിൽ അവർ സദയം മെത്രാൻ കടന്നുകയറ്റത്തിന്റെ തിക്താനുഭവങ്ങളനുഭവിക്കുന്ന നിസ്സഹായരായ അത്മായരുടെ കാര്യവും കൂടി പരിഗണിക്കുക. അപഹസിക്കപ്പെടാനും അപമാനിക്കപ്പെടാനും പ്രൊഫ. ജോസഫും ഞാറക്കൽ കന്യാസ്ത്രികളും മോനിക്കായുമൊക്കെ ഉൾപ്പെടുന്ന നിസ്സഹായരും, ബഹുമാനിക്കപ്പെടാൻ മെത്രാന്മാരും - അല്ലേ? പ്രൊഫ. ജോസഫ് വിഴുങ്ങിയത് തീയുണ്ടകളാണു സോദരരെ.
    ഒരുകാലത്ത് സഭയുടെ ആധികാരിക ശബ്ദമായിരുന്ന നിരവധിപ്പേർ പിന്തുണയുമായി അത്മായാശബ്ദത്തിൽ പ്രത്യക്ഷപ്പെട്ടത് ദൈവശാസ്ത്രപരമായും പ്രായോഗികമായും സഭ എത്രമേൽ മാർഗ്ഗഭ്രംശത്തിനു വിധേയമായിരിക്കുന്നുവെന്നു പൊതുജനങ്ങൾക്കു ബോദ്ധ്യമാകാൻ കാരണമായി. അത്മായാശബ്ദവും നവീകരണപ്രസ്ഥാനങ്ങളും ഇന്നു വളരെയേറേ മുന്നോട്ടു പോയിരിക്കുന്നുവെന്നത് സത്യം തന്നെ. അത്മായനു നീതി നിഷേധിക്കപ്പെട്ട അനേകം അവസരങ്ങളിൽ സമയോചിതമായി ഇടപെടാനും നീതി പ്രാപ്യമാക്കാനും അത്മായാശബ്ദത്തിനു കഴിഞ്ഞു. ഇനിയും ഒത്തിരി മുന്നോട്ടു പോവാനുണ്ട്. ഇന്നു സഭ അത്മായാമുന്നേറ്റത്തെ ഭയപ്പെടുന്നുവെന്നതിനു മകുടോദാഹരണമാണ് സഭയുടെ ഭാഗത്തുനിന്നിപ്പോൾ അടിക്കടിയുണ്ടാകുന്ന പ്രതികരണങ്ങൾ. നോട്ടിങ്ഹാമിൽ വട്ടായിയച്ചനെതിരെ സാമൂഹ്യ മാധ്യമങ്ങൾ നിരന്നപ്പോഴും, പ്രെസ്റ്റണിലെ ആർഭാടോൽസവം നിസ്സഹരണത്തിലൂടെ പൊതു ജനം പരാജയപ്പെടുത്തിയപ്പോഴുമൊക്കെ സഭ വിശദീകരണങ്ങളുമായി രംഗത്തെത്തിയിരുന്നു. അവസാനം, ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനത്തിന്റെ പൂർണ്ണരൂപവുമായി സണ്ടേശാലോമും കഴിഞ്ഞ ഞായറാഴ്ച രംഗത്തെത്തിയതെല്ലാം ഉദാഹരണങ്ങൾ.
    തമാശക്കു വേണ്ടി ഒരു കള്ളം പോലും ഞാനെഴുതാറില്ല - അതുപോലെ കേൾക്കുന്ന മുഴുവൻ സത്യങ്ങളും. എനിക്കു ശക്തിയും ബുദ്ധിയും നൽകുന്നത്, എല്ലാവരേയും സംരക്ഷിക്കുന്ന അതേ ദൈവം തന്നെ!

    ReplyDelete