Translate

Friday, December 9, 2016

നല്ല അച്ചൻ, നല്ല പ്രസംഗം, നല്ല ധ്യാനം ... അല്ലേലൂജാ!

ഒരു ഡിസംബർ എട്ടാം തിയതി (അമലോൽഭവ) മാതാവ് സി. പിയറീനാക്കു പ്രത്യക്ഷപ്പെട്ട് എല്ലാ ഡിസംബർ എട്ടിനുച്ചക്കും ആരെന്താവശ്യപ്പെട്ടാലും ന്യായമാണെങ്കിൽ അതു സാധിച്ചു തരുമെന്നു പ്രഖ്യാപിച്ചിട്ടുള്ളതാണ്. അപ്പോൾ എഡ്വിൻ ഫിഗേരസ് മുന്നച്ചൻ ഈ രണ്ടു ജീവപര്യന്തം ശിക്ഷയും മാതാവിനോടു ചോദിച്ചു വാങ്ങിയതാവാൻ സാദ്ധ്യതയുണ്ട്, അല്ലെങ്കിൽ ഇരയുടെ മാതാപിതാക്കൾ ചോദിച്ചു വാങ്ങിക്കൊടുത്തതാകാനും സാദ്ധ്യതയുണ്ട്. എട്ടാം തിയതിയുച്ചക്കിങ്ങിനെയൊരു വിധി വന്നതുകൊണ്ടാ ഞാനിങ്ങനെ ചിന്തിച്ചത്. ഡിസംബറിലെ രണ്ടാമത്ത ആഴ്ച്ച പാലാനഗരത്തിലെ പൊതു വഴികൾ പള്ളിക്കാരോടെടുത്തോളാൻ പറഞ്ഞൊരു വാഗ്ദാനവും മാതാവിന്റേതായിക്കാണണം (മാതാവു ലൂർദ്ദിൽ പറഞ്ഞത് മുഴുവൻ വെളിപ്പെടുത്തപ്പെട്ടിട്ടില്ലല്ലോ). അല്ലായിരുന്നെങ്കിൽ നഗരത്തിലെ പുത്തൻ വഴികളിൽ ഇത്രയും വികൃതികൾ കാണിച്ചു മാർഗ്ഗതടസ്സമുണ്ടാക്കാൻ കത്തോലിക്കർ ധൈര്യപ്പെടുമായിരുന്നില്ലല്ലൊ. 

ഫിഗേരസ് ധ്യാനഗുരു സീറൊ മലബാറിലായിരുന്നെങ്കിൽ രക്ഷപ്പെട്ടേനെയെന്നു വ്യാപകമായ സംസാരമുണ്ട്. അളവെടുത്തവരുടേയും കത്തി കഴുത്തിൽ വെച്ചവരുടേയുമൊക്കെ അനുഭവം വെച്ചായിരിക്കാം ജനം ഇങ്ങിനെ ചിന്തിക്കുന്നത്. ഇവിടെയെന്നല്ല ലോകം പോലും ആരു ഭരിച്ചാലും സീറോയിൽനിന്നൊരു മെത്രാൻ ആ കക്ഷിയിൽക്കാണും. ട്രമ്പു ജയിച്ചത് കത്തോലിക്കരുടെ വോട്ടുകൊണ്ടാണെന്നൊരു പ്രമുഖ കേരള കത്തോലിക്കാ മാധ്യമം വിളമ്പിയിരുന്നല്ലൊ. ഇതൊക്കെ കളിയുടെ ഭാഗം. ഭാരതത്തിലെ പ്രമുഖ കക്ഷികളിലെല്ലാം അനുഭാവികളായി നമ്മുടെ മെത്രാന്മാരുണ്ട്. ഒരേ സമയം ഒന്നിൽക്കൂടുതൽ പാർട്ടികളിൽ ഉള്ളവരുമുണ്ട്. ഒരു മെത്രാനെയൊരാൾ കൃമിയെന്നു വിളിച്ചെങ്കിൽ അയാളെ സ്വീകരിച്ചു വരുത്തി ചായകൊടുക്കാൻ മറ്റൊരു മെത്രാൻ സീറോയിൽത്തന്നെ കാണും. മെത്രാന്മാർക്കു ക്ഷമാപരിശീലനം എന്നൊന്നുള്ളതുകൊണ്ടാണിതെങ്കിൽ സനൽ ഇടമറുക് ഇന്ത്യയിൽ കണ്ടേനെ. അപ്പോൾ, അതല്ല കാര്യം! അതുകൊണ്ടൊക്കെയെന്താ? മെത്രാന്റെ ഡ്രൈവറെയാണെങ്കിലും ഊതിക്കുന്നവൻ നൂറു വരെ എണ്ണുന്നതിനു മുമ്പുതന്നെ ഇവിടെ പലതും നടക്കുന്നു. എന്തും അകലെക്കാണുന്നവരാ സീറോക്കാരെന്നേ ഞാനിപ്പോൾ പറയൂ. തോമ്മാസ്ലീഹാ കൊടുങ്ങല്ലൂരിറങ്ങിയപ്പോൾ ഒരു വീട്ടിൽ നിന്നും ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവായെന്ന പ്രാർത്ഥന കേട്ടുവെന്നു കഥയുണ്ടെന്നോർക്കണം. 

കിട്ടിയ അധികാരവും പദവിയും ദുരുപയോഗപ്പെടുത്തി നീചകൃത്യങ്ങൾ ചെയ്യുന്നവർ ജീവിതകാലം മുഴുവൻ ഗോതമ്പുണ്ട തിന്നണമെന്നാണ് കോടതി പറഞ്ഞതെന്നു ശ്രദ്ധിക്കുക. വിശ്വാസികളുടെ പിരിവുകാശു തിന്നു കൊഴുത്താർഭാട ജീവിതം നയിക്കുന്ന അധമന്മാരെ എങ്ങിനെ കാണണമെന്നു കോടതി സൂചിപ്പിക്കുന്നു. കുമ്പസ്സാരക്കൂടുകൾക്കുള്ളിലിരുന്നനാവശ്യ ഫോൾഡറുകൾ സ്കാൻ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പായും ഇതെടുക്കാം. കുമ്പസ്സാരം നന്നായി നടത്താൻ സഹായിക്കുന്ന അനേകം നല്ല വൈദികരുണ്ട്; എന്തു ചെയ്യാം? അമേരിക്കായുൾപ്പടെയുള്ള പല സീറോമലബാർ അധിനിവേശ കേന്ദ്രങ്ങളിലും അടുത്തകാലത്തുണ്ടായ മിക്ക അഴുക്കു കേസുകളിലും നുരയും പതയും തമ്മിൽ ഒരു കുമ്പസ്സാരബന്ധം കാണുന്നുണ്ട്. കുമ്പസ്സാരം ഒരു മറയായി ഉപയോഗിക്കപ്പെട്ട സന്ദർഭങ്ങൾ വേറെയുമുണ്ട്. ഫാ. ബനഡിക്റ്റ് കേസിൽ അദ്ദേഹം ഒരു കുമ്പസ്സാര രഹസ്യം ഉപയോഗിച്ചെന്നുള്ള പ്രചരണം ഉണ്ടായിട്ടുണ്ട് - തുടക്കമവിടെനിന്നാണെന്നറിയില്ല. 

എഡ്വിൻ ഫിഗേരസെന്ന ധ്യാനപ്രസംഗകനെ സഹായിച്ച സഹോദരന് ഒരു വർഷം ശിക്ഷകൊടുത്ത കോടതി, അയാൾക്കു വേണ്ടി വാദിച്ച വക്കീലിനെ വെറുതെ വിട്ടിരിക്കുന്നു. എന്റെയഭിപ്രായത്തിൽ നമ്മുടെ നിയമസംഹിതക്കുള്ള ഒരു പോരായ്മതന്നെയാണിത്. തെമ്മാടിത്തരത്തിനു കൂട്ടു നിൽക്കുന്ന സർവ്വരും ശിക്ഷിക്കപ്പെടണം. ഈ കേസ് മാതൃകാപരമായി നടത്തിയ ഇരയുടെ മാതാപിതാക്കന്മാർക്ക് അഭിനന്ദനങ്ങൾ! ഒല്ലൂരെ വെടിക്കെട്ടും, എറണാകുളത്തെ വേദപാഠക്ലാസ്സുമൊക്കെ കഴിഞ്ഞതിപ്പിന്നെ മൊത്തമൊരു മ്ലാനത കാണാനുണ്ട്. ജയിലിൽ രാവിലെ 'കർത്താവിന്റെ മാലാഖാ' ചൊല്ലാൻ ഏതാനും പേരുംകൂടെ ഉടനെയെത്തിയേക്കാം, അതിലൊരു മെത്രാനും കണ്ടുകൂടായ്കയില്ല. പ്ലീസ് വെയ്റ്റ്!


എല്ലാ പത്രക്കാരും, ചാനലുകാരും ഈ വാർത്ത മുഖ്യധാരയിലാക്കിക്കൊടുത്തു. ഗുണമാർക്കാ? ദീപികയല്ലാതെ യാതൊന്നും വായിക്കില്ലാത്ത വീട്ടമ്മമാർക്കും ശുദ്ധഹൃദയരായ ആടുകൾക്കും. ദീപിക ഇതറിഞ്ഞിട്ടില്ല, അറിയുന്ന ലക്ഷണവുമില്ല. അവർക്കാകെയെത്ര റിപ്പോർട്ടർമാരുണ്ടെന്നറിയില്ല; മുത്തലാക്കിനെതിരെ അലഹബാദ് കോടതി നടത്തിയ പരാമർശം ദീപികയിലുണ്ട്, വാവ സുരേഷ് പാമ്പിനെപ്പിടിച്ച വാർത്തയുമുണ്ടന്നേ ദിവസത്തെ പത്രത്തിൽ. വൈദികരുടെയടുക്കൽ ഉപദേശം വാങ്ങാൻ പോകുന്ന സർവ്വ കുട്ടികളും, പള്ളിക്കലോട്ടു കരിമീൻ വറുത്തും പന്നിയൊലത്തിയും കൊണ്ടുപോവുകയും കൊടുത്തു വിടുകയും ചെയ്യുന്ന അംഗനമാരും ഇതൊരു മുന്നറിയിപ്പായി എടുക്കുക. 

എല്ലാം അതിന്റെ വരും വാരായ്കകൾ സഹിതം  അത്മായാശബ്ദം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 25 മുതല്‍ 28 വരെ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സീറോ മലബാര്‍ അസംബ്ലി ചർച്ച ചെയ്തത് അതൊക്കെ ത്തന്നെ (ശ്രീ ഡെന്നീസ് ജേക്കബിന്റെ വിശദമായ ആ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക). ഇപ്പോ പുതിയൊരു ട്രെന്റുണ്ട്, ധ്യാനങ്ങൾ നടത്തുന്ന അച്ചന്മാർ സഭയെ കുറ്റപ്പെടുത്തിപ്പറയും. മിക്ക വിരുതന്മാരും ഇതു ചെയ്യുന്നുണ്ട്. ഇതൊക്കെ മനുഷ്യനെ സുഖിപ്പിക്കാൻ വേണ്ടി മാത്രം; അല്ലാതെന്താ? ഇങ്ങിനത്തെ പ്രസംഗം കേൾക്കുമ്പോൾ വിശ്വാസികൾ ആവേശം കൊണ്ടു വിളിച്ചു പറയും, "നല്ല അച്ചൻ, നല്ല പ്രസംഗം, നല്ല ധ്യാനം ... അല്ലേലൂജാ!" ഇവർ ആനക്കള്ളന്മാരാണെന്നു ശ്രദ്ധിക്കുക.  ങ്ങിനെ പറയുന്ന പോയിന്റുകളെല്ലാം കൂടി പെറുക്കിക്കൂട്ടിയാലും തലപ്പത്തിരിക്കുന്ന മെത്രാന്മാരെ അപ്പപ്പത്തലിനടിക്കാൻ മാത്രം കാണും. ശരിയല്ലാത്തത് ചെയ്യുന്നവരെ എന്തിനവർ പിന്തുണക്കുന്നുവെന്നു ചോദിച്ചാൽ, അവർക്കു മറുപടിയില്ല. ഇവരിൽ മിക്കവർക്കും അവർ പോക്കറ്റിൽ കൊണ്ടുനടക്കുന്ന പരി. ആത്മാവിലും വിശ്വാസമില്ലെന്നതാണു തമാശ. ധ്യാന പ്രസംഗകനായിരുന്ന എഡ്വിൻ ഫിഗേരസ് സഹായമഭ്യർത്ഥിച്ചു പോയത് വടക്കേ ഇന്ത്യയിലെ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലേക്കായിരുന്നുവെന്നോർക്കുക; അഭയാക്കേസിലെ ഒരു നോട്ടപ്പുള്ളി പിറ്റെന്നു മുങ്ങിയതു വേളാങ്കണ്ണിക്കല്ല, ഗൾഫിലേക്കാ. ഒളിവിൽപ്പോയ ദിവ്യന്മാരാരും ഏതെങ്കിലും പള്ളികളിലേക്കല്ല പോയിട്ടുള്ളത്. ഇവർക്കാർക്കേലും സൂക്കേടു വന്നാൽ പോകുന്നതു സെഹിയോനിലേക്കോ ഗുഡ് ന്യൂസിലേക്കൊ അല്ല, ലേക്ക്ഷോറിലേക്കും മെഡിസിറ്റിയിലേക്കുമൊക്കെയാണെന്നുമോർക്കണം. ആർത്തു വിളിച്ചു കരയലും സാക്ഷിപറച്ചിലുമൊക്കെ പാവം അത്മായർക്കുള്ളത്.

ഒരു തിരുമേനിയുടെ മനസ്സിലിരുപ്പു പുറത്തുവന്നിട്ടുണ്ട്; കുര്യാക്കോസ് ഏലിയാസ് പുണ്യവാളൻ പള്ളിക്കൂടങ്ങളാണു തുടങ്ങിയതെങ്കിൽ ഇദ്ദേഹം പറയുന്നത് എ കെ സി സി പള്ളിക്കടകൾ തുറക്കണമെന്നാണ്. സഭയുടെ തൊഴിൽ ബിസ്സിനസ്സല്ലെന്നു പലപ്രാവശ്യം പലരും പറഞ്ഞിട്ടുള്ളതാണെന്നോർക്കുക. ഇപ്പോൾത്തന്നെ പള്ളികളിൽ ആവശ്യത്തിനു ബിസ്സിനസ്സ് നടക്കുന്നുണ്ടല്ലോ. ഈ പള്ളിക്കടയെന്നു പറയുന്നത് എ കെ സി സി ക്കാർക്ക്  പണി കൊടുക്കാനുദ്ദേശിച്ചാണെന്നു തോന്നുന്നു. ഷെവലിയർമാർ പോലും വിയർക്കാതെ അപ്പം സമ്പാദിക്കാൻ വിയർക്കുന്ന ഈ കാലത്തിവിടെ വിയർക്കാതെ അപ്പത്തിനുള്ളതുണ്ടാക്കാൻ അത്മായരും പഠിക്കട്ടെന്നാരിക്കും ഉദ്ദേശിക്കുന്നത്. അത്മായരെ അവഗണിക്കുന്നുവെന്ന പരാതിയും ഒഴിവാക്കാമല്ലോയെന്ന ആശയവും കണ്ടേക്കാം. എങ്കിലും, ഏതെങ്കിലും മെത്രാന് അത്മായനോട് അമിത ബഹുമാനമുണ്ടെന്നാരും കരുതണ്ട. അടുത്ത കാലത്തെ ഒരത്മായാ സമ്മേളനത്തിന്റെ നോട്ടിസിതാ. ഒരൊറ്റ അത്മായന്റെ പടമോ പേരോ അതിലുണ്ടായിരുന്നെങ്കിൽ! മലപ്പുറത്തു പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മുസ്ലീം സ്ത്രീകൾ മൽസരിച്ചാൽ നോട്ടീസിലേയും പരസ്യങ്ങളിലേയും ചിത്രങ്ങൾ ഭർത്താക്കന്മാരുടേതായിരിക്കുമല്ലൊ. അവിടെ സ്ഥാനാർത്ഥിയുടെ പേരെങ്കിലും അച്ചടിച്ചു കാണും. ഇവിടെ അതുമില്ല! കുർബ്ബാനയുടെ തിരുന്നാളാണെങ്കിലും കത്തോലിക്കാ ഗർഭിണികളുടെ സംസ്ഥാനസമ്മേളനമാണെങ്കിലും ഇളിച്ചോണ്ടു നിൽക്കുന്ന കുറേപ്പേരുടെ ഫോട്ടം നോട്ടീസിൽ കാണും. ഇതു പാടില്ലായെന്നു തെളിഞ്ഞു ഒളിഞ്ഞും മാർപ്പാപ്പാ മുതൽപ്പേർ കുറേ പറഞ്ഞു നോക്കിയതാ. മുകളിലുള്ളവർ കാണിച്ചിട്ടാവട്ടെ ബാക്കിയെന്നു കീഴിലുള്ളവർ പറഞ്ഞു തുടങ്ങിയപ്പോൾ, പലരും സംസാരം നിർത്തി പഴയതുപോലെ കളി തുടരുന്നു - ഒന്നിനും ഒരു വ്യത്യാസവും വന്നിട്ടില്ല, വരുകയുമില്ല.

ഡീമോണിറ്റൈസേഷനെപ്പറ്റി മന്മോഹൻസിങ് പറഞ്ഞത് “organised loot and legalised plunder” എന്നാണല്ലൊ. അദ്ദേഹം നമ്മുടെ സഭയിലെ പിരിവും പണിയുമൊക്കെ കണ്ടിരുന്നെങ്കിൽ നമ്മളേപ്പറ്റി "Canonised loot and spiritualized plunder" എന്നു പറഞ്ഞേനെ.

No comments:

Post a Comment