Translate

Saturday, December 3, 2016

അനുബന്ധം : പ്രാർത്ഥനയിൽ ആയിരിക്കുക

"സഭാജയിലുകൾ" എന്ന എന്റെ ലേഖനത്തിൽ ഒരിടത്ത് "പ്രാർത്ഥിക്കുകയല്ല, പ്രാർത്ഥനയിൽ ആയിരിക്കുകയാണ് വേണ്ടത്" എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതെന്ത് എന്ന് എഴുതി ചോദിച്ചവർക്ക് ഒരു മറുപടി തരാൻ ശ്രമിക്കുകയാണ് ഇവിടെ.
സമ്പത്തും സുഖസൗകര്യങ്ങളും ഉൾപ്പെടെയുള്ള ഭൗതികാനുഗ്രഹങ്ങൾ തേടാനും കിട്ടിയവയെ സ്വേച്ഛപ്രകാരം കൂട്ടിവയ്ക്കാനുമുള്ള ത്വര എത്ര കുറവാണോ എന്ന അനുപാതത്തിലാണ് ഒരാൾക്ക് ആദ്ധ്യാത്മികസ്വാതന്ത്ര്യം അനുഭവവേദ്യമാകുക. ആത്മാവിൽ ദാരിദ്ര്യമുളളവർ ഭാഗ്യവാന്മാർ എന്ന വചനം ഓർക്കുക. 
അത്യാവശ്യങ്ങളിൽ കവിഞ്ഞ് സ്വരുക്കൂട്ടാവുന്നവ എന്തൊക്കെയാണെങ്കിലും, അവ വേണ്ടായെന്നു വയ്ക്കുന്നതും ആഗ്രഹിച്ചതൊക്കെ കിട്ടാത്തതുകൊണ്ടു് മാത്രം ദാരിദ്യം അനുഭവിക്കുന്നതും രണ്ടാണ്. ആദ്യത്തേതാണ് യേശു അങ്ങേയറ്റം ശ്ലാഘിച്ചത്. അതുമാത്രമേ ആന്തരിക സമൃദ്ധി അല്ലെങ്കിൽ ആദ്ധ്യാത്മിക സ്വാതന്ത്ര്യമെന്ന സ്വർഗരാജ്യത്തിനുള്ള അവകാശം തരുന്നുള്ളൂ.
അതുപോലെതന്നെയാണ് യുക്തിയും ഭക്തിയും വ്യത്യസ്തമാകുന്നത്. യുക്തിചിന്തനം നടത്തി അതിന്റെ നിരർത്ഥകതയറിഞ്ഞയാൾ ശരിയായ ഭക്തിയിലേക്കു തിരിയുന്നതും യുക്തിയുടെ വഴിയേ ഒരടിപോലും വയ്ക്കാതെ, അല്ലെങ്കിൽ അതിനെ തീർത്തും അവിശ്വസിച്ചുകൊണ്ട്, അന്ധമായ ഭക്തിയിൽ എത്തിപ്പെടുന്നതും അജഗജാന്തരമുളള അവസ്ഥകളാണ്. ആദ്യത്തേതിൽ ഒരാൾ അസ്തിത്വത്തോടുള്ള ആദരവിലെത്തി അവിടെ നിലയുറപ്പിക്കുമ്പോൾ, രണ്ടാമത്തേതിൽ അഹത്തിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന ആർത്തിയിലാണ്‌ അയാൾ ചെന്നെത്തുന്നത്. ആദ്യത്തേത് നിരുപാധികമാണങ്കിൽ (unconditional) രണ്ടാമത്തേത് സോപാധികമാണ് (conditional).
പരിണാമഫലമായ യുക്തിയിലൂന്നിയ ചിന്താപഥം ഒരാളെ നയിക്കുന്നത് അസ്തിത്വത്തിലുളള സ്വാഭാവികമായ ഭാഗഭാഗിത്വത്തിലേക്കും അതിൽ നിന്നുളവാകുന്ന അനന്യമായ ശ്രദ്ധയിലേക്കുമാണ്. ആ ശ്രദ്ധ അല്ലെങ്കിൽ നിരന്തര അവബോധമാണ് ദൈവികമായ ആന്തരിക സ്വാതന്ത്ര്യത്തിന് നമ്മെ അർഹരാകുന്നത്.
ഉൺമയുള്ളതെല്ലാം ദൈവിക മാണെന്നും അതിനാൽ നമ്മുടെ നിരുപാധിക സ്നേഹവും ബഹുമാനവും അർഹിക്കുന്നു എന്നുമുള്ള യുക്തിയിലൂന്നിയ ബോധ്യമാണ് അതിന്നു പിന്നിൽ പ്രവർത്തിക്കുന്നത്. അതാണ് പ്രാർത്ഥനയിൽ ആയിരിക്കുക എന്ന ഭാഗ്യം അല്ലങ്കിൽ യോഗാവസ്ഥ. അസ്തിത്വത്തിന്റെ എല്ലാവിധ ഭാവങ്ങളോടുമുള്ള സ്നേഹാർദ്രമായ ഒരു നിലപാടാണത്. "ഈ പ്രപഞ്ചത്തിന്റെ എല്ലാ കീർത്തിയും നിലനിലക്കന്നത് ഒരു ധാന്യമണിയിലാണ്." സ്പാനിഷ് അധിനിവേശത്തിന്റെ രക്തസാക്ഷിയും ഫിദൽ കാസ്ത്രോയുടെ നായകനും വഴികാട്ടിയുമായിരുന്ന ഹൊസേ മാർട്ടിയുടെ ഈ അതിമനോഹര വാക്യം പ്രാർത്ഥനയിലായിരിക്കുന്നയാൾക്ക് ഏതു ചെറിയ വസ്തുവിനെപ്പറ്റിപ്പോലും പറയാനാവും.
മറിച്ച്, അന്ധവും യുക്തിരഹിതവുമായ ആസക്തിമൂലം ദാരിദ്ര്യമനുഭവിക്കുന്നവർ അനുഗ്രഹങ്ങൾക്കായുള്ള യാചനയൊരിക്കലും നിറുത്തുകയില്ല. അവർ നിരന്തരം ഭക്തി നടിക്കേണ്ടിവരികയാണ് ചെയ്യുന്നത്. അതാകട്ടെ മിക്കവാറുമെപ്പോഴും അസ്സാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥരെയും അവരുടെ അദ്ഭുത സിദ്ധികളെയും അനുകമ്പയെയും ഉന്നംവച്ചുള്ളതുമായിരിക്കും. കരണം, അവരിൽ അഹം സൃഷ്ടിക്കുന്ന വിഘടനോർജ്ജവും സ്വാർത്ഥമായ ആത്മനിർവൃതിക്കുള്ള ത്വരയും ഒരിക്കലും കെട്ടണയുന്നില്ല. മറുവശത്ത്, യഥാർത്ഥ ഭക്തി ഒരു പ്രത്യേക ദേവതയെയോ ആവശ്യത്തെയോ നിർവചിക്കുന്നില്ല. അത് അസ്തിത്വമെന്ന സമഗ്രതയെ, സാകല്യത്തെ, ആണ് ആശ്ലേഷിക്കുന്നത്.

No comments:

Post a Comment