Translate

Wednesday, December 28, 2016

കാര്യം നിസ്സാരം

കാര്യം നിസ്സാരം; പക്ഷേ ഫലം അത്ഭുതാവഹം. ഇംഗ്ലണ്ടിലോ അമേരിക്കയിലോ ആസ്റ്റ്രേലിയായിലോ സീറോമലബാറുകാരു പള്ളി തുടങ്ങിയാൽ നമുക്കെന്താന്നു തുണിക്കടക്കാരും സ്വർണ്ണക്കടക്കാരുമൊക്കെ ചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കേട്ടോളൂ; കടയിൽ വരുന്ന വിദേശമലയാളികളുടെ വിവരങ്ങൾ ശേഖരിച്ചു പുതുവർഷമാകുമ്പോൾ അവർക്കൊരാശംസയയക്കാൻ ഒരു കേരളാ തുണിമുതലാളി കഴിഞ്ഞ വർഷം തീരുമാനിച്ചു. വല്യതാമസിയാതെ അയാൾക്കൊരു കാര്യം മനസ്സിലായി വിലകൂടിയ സാരികളും സിൽക്കു ജൂബാകളും ഡബിൾ മുണ്ടുകളും ഇവിടെ നിന്നു ധാരാളമായി വിദേശത്തേക്കു പോകുന്നു - വേറൊന്നും കാര്യമായി പോകുന്നുമില്ല. അകത്തൊന്നുമില്ലാതെയാണോ വിദേശ മലയാളികൾ ഇവയൊക്കെ ധരിക്കുന്നതെന്നാർക്കും സംശയം തോന്നുമല്ലൊ. കാര്യമറിയാൻ ഒരാളോടു ചോദിച്ചപ്പോളറിഞ്ഞത്, പള്ളീപ്പോകാനാന്നാ. വിദേശത്തുള്ള സീറോ മലബാർ പള്ളികളിൽ ഞായറാഴ്ചകളിലും വിശേഷാവസരങ്ങളിലും ഫാഷൻ മൽസരമാണു നടക്കുന്നതെന്ന് മുതലാളിമാർ അറിഞ്ഞിട്ടില്ല. അവർ വിചാരിച്ചിരിക്കുന്നത്, പള്ളീക്കേറണേൽ സാരിയും ജൂബായും ഒരാചാരമാണെന്നായിരിക്കാം.
  
ഇനി, ഒരു സംഭവിച്ചേക്കാവുന്ന കഥ പറയാം:
ഒരു 'സായിപ്പുപള്ളി'യിലേക്ക് ഒരിന്ത്യാക്കാരൻ വന്നു കയറുന്നത് അവിടുത്തെ സെക്യുരിറ്റി കണ്ടു. അയാൾ ചോദിച്ചു,
"താനെങ്ങോട്ടാ?"
"പള്ളീലേക്ക്." ഇന്ത്യാക്കാരൻ മറുപടി പറഞ്ഞു.`"ഇവിടെ നിനക്കെന്താ കാര്യം? ഇതു വെള്ളക്കാരുടെ പള്ളിയാന്നറിഞ്ഞൂടെ? പോ... പോ!" പുറത്തേക്കു വിരൽചൂണ്ടി, സെക്യൂരിറ്റി അലറി.
"ഞാൻ പള്ളി തൂക്കാൻ വന്നതാ." ഇന്ത്യാക്കാരൻ പറഞ്ഞു. സെക്യുരിറ്റി ഇന്ത്യാക്കാരനെ തറപ്പിച്ചൊന്നു നോക്കിയിട്ടു പറഞ്ഞു.
"ങും .... പോയി അടിച്ചുവാര്! പക്ഷേ, അതിനകത്തു നീ പ്രാർത്ഥിക്കുന്നതെങ്ങാനും കണ്ടാൽ...... ങാ!"
ഇപ്പറഞ്ഞതുപോലെയാകാൻ പോകുന്നു നമ്മുടെ കാര്യവും. വന്നു വന്നു പുത്തൻ സാരിയും ഉടുപ്പുമൊന്നുമില്ലാതെ പള്ളിയകത്താരെങ്കിലും കയറിയാൽ നടപടിയെടുക്കുമെന്നു പള്ളിക്കാരിന്നല്ലെങ്കിൽ നാളെ പറഞ്ഞെന്നിരിക്കും. ഞാൻ തമാശയാണു പറഞ്ഞതെന്നാരും ഓർക്കണ്ട. ചെങ്ങളം പള്ളിയുടെ തറ മുഴുവൻ തേക്കുതടികൊണ്ടു പാനലു ചെയ്തിരിക്കുകയാ. അതു പോറാനോ നനയാനോ പറ്റുമോ? ചില ചില നിർദ്ദേശങ്ങളും ഡ്രസ്സ് കോഡുകളും പലടത്തും വന്നു കഴിഞ്ഞില്ലേ? 

ക്രിസ്മസ്സിനു നാട്ടിൽ വന്നെങ്കിലും കുട്ടികളുമൊത്തു പള്ളീപ്പോകാൻ എനിക്കു പറ്റിയതിടവകപ്പള്ളിയിലല്ല. ഒരു ചടങ്ങിനു പോയി മടങ്ങിയ വഴിയിലുള്ള ഒരു പള്ളിയിലെ നാലുമണി കുർബാനയാ കാണാനിടവന്നത്. നേരത്തെ എനിക്കൊരഭിപ്രായമുണ്ടായിരുന്നത് ഏതു സീറോ മലബാറച്ചൻ പ്രസംഗിച്ചാലുമൊരു മണ്ടത്തരമെങ്കിലും കണ്ടേക്കാമെന്നേ ഉണ്ടായിരുന്നുള്ളൂ. അതു കമ്പ്ലീറ്റ് മാറി! ഞാൻ കേട്ട ക്രിസ്മസ്സ് പ്രസംഗം എന്റെ നോട്ടത്തിൽ മുഴുനീള മണ്ടത്തരങ്ങളുടേതായിരുന്നു (എനിക്കങ്ങിനെയാ തോന്നിയത്, ഒരു പക്ഷേ അതെന്റെ നോട്ടത്തിന്റെ കുഴപ്പമായിരിക്കാനും മതി). കേട്ടോളൂ; അച്ചൻ പറഞ്ഞതിന്റെ രത്നചുരുക്കമിങ്ങനെ: 'ക്രിസ്മസ്സ് രണ്ടു സന്ദേശങ്ങൾ തരുന്നു; ആദ്യത്തേത്, ഭൂമിയിലുള്ളവർക്കു മാനസാന്തരമുണ്ടായി രക്ഷ ലഭിക്കാൻ താൻ തന്നെ മനുഷ്യനായി ജനിക്കേണ്ടതുണ്ടെന്നു ദൈവം കണ്ടു'വെന്നതാണ്. (ഞാൻ ചിന്തിച്ചതിങ്ങനെ: പുൽക്കൂട്ടിൽ ജനിച്ചത് ദൈവം തന്നെയാണെന്നതിനൊരു തെളിവായി ഇതു കാണണമായിരിക്കും;  ഇടക്കിടക്കു കാര്യങ്ങൾ വിശകലനം ചെയ്ത് ഉചിതമായ തീരുമാനം എടുക്കേണ്ടി വരുന്നതു കാര്യങ്ങൾ മുൻകൂട്ടിക്കാണാനുള്ള കഴിവു ദൈവത്തിനില്ലാഞ്ഞിട്ടായിരിക്കാം; അതുപോലെ, നാം ചെയ്യുന്നതിന്റെ ഫലം നാം തന്നെ അനുഭവിക്കുമെന്ന് [വിതക്കുന്നതു കൊയ്യും] പറയുന്ന ബൈബിൾ ഭാഗവും വിശ്വസിക്കാൻ പാടില്ലത്രെ. ദൈവം തോന്നുമ്പോൾ തോന്നുന്നതുപോലെ [പ്രത്യേകിച്ചും മറിയമോ അടുത്ത പുണ്യവാന്മാരൊ പറഞ്ഞാൽ] പലതും മാറ്റും. ഇങ്ങിനെ തോന്നുന്നതുപോലെ തീരുമാനമെടുക്കുന്ന ഒരു ദൈവത്തെ കിട്ടിയിരുന്നില്ലെങ്കിൽ ഇത്രമേൽ പ്രാർത്ഥനകൾ ഇവിടെ നടക്കുമായിരുന്നില്ലല്ലോ. ഇത്രമേൽ പ്രാർത്ഥനാ സഹായം ആവശ്യമുണ്ടായിരുന്നില്ലെങ്കിൽ ഇത്രമേൽ നേർച്ചവരുമാനവും ഉണ്ടാകുമായിരുന്നില്ലല്ലോ. ഇത്രമേൽ വരുമാനമുണ്ടായിരുന്നില്ലെങ്കിൽ ഇത്രമേൽ സിമിന്റ് നാം വാങ്ങുമായിരുന്നില്ലല്ലൊ... അങ്ങിനെയങ്ങിനെയങ്ങിനെ അതങ്ങു പോയി. പ്രവചനാതീതമായ സവിശേഷതകളുള്ള അപൂർണ്ണമായ സൃഷ്ടിയാണു ദൈവം നടത്തിയതെന്നും ആരും ചിന്തിക്കരുതെന്ന് എല്ലാവരോടൂം പറയണമെന്നും എനിക്കു തോന്നി). ദൈവം തന്നെ വന്നിട്ട് ഉദ്ദേശിച്ചതുപോലെ കാര്യം നടന്നില്ലെന്നും എനിക്കു തോന്നുന്നു. നമ്മെ കീഴടക്കി ഭരിക്കുന്നവരുടെ കൈകളിൽ നിന്നു നമ്മെ രക്ഷിക്കാൻ ജോസഫ് പുലിക്കുന്നന്റെ വേഷത്തിലെത്തിയതു ദൈവം തന്നെയായിരിക്കാം അല്ലേ? സാദ്ധ്യതയുണ്ട്.

അനുബന്ധമായ പത്തുമിനിറ്റ് ലാത്തിക്കു ശേഷം അച്ചന്റെ പ്രസംഗം തുടരുന്നു, 'രണ്ടാമത്, പുൽക്കൂട്ടിലേക്കു നാം തല കുനിച്ചല്ലേ നോക്കുന്നത്? എല്ലാവരും എളിമപ്പെടണമെന്ന സന്ദേശം പുൽക്കൂടു നമുക്കു തരുന്നു.' (ഞാൻ ചിന്തിച്ചതിങ്ങനെ: തല കുനിക്കുന്നത് എളിമപ്പെടലാണെങ്കിൽ തല പൊക്കുന്നത് അഹങ്കരിക്കാനായിരിക്കുമല്ലോ. അപ്പോൾ ഉയർപ്പു നൽകുന്ന സന്ദേശം നാം അഹങ്കരിക്കണമെന്നായിരിക്കില്ലേ? ദൈവമേ, ഇത്തരം പൊട്ടന്മാരെ ആരച്ചന്മാരാക്കി? ആലഞ്ചേരി മേജറിന്, കൂട്ടത്തിൽ പൊട്ടന്മാരുണ്ടന്നുള്ള അഭിപ്രായം കാണില്ല, പക്ഷേ സഭയിൽ തീവ്രവാദികളുണ്ടെന്നദ്ദേഹം പറയുന്നുണ്ടല്ലോ. മണ്ടന്മാരാണു തീവ്രവാദികളാകുന്നതെന്ന ലോകാഭിപ്രായമായിരിക്കുമോ അദ്ദേഹത്തിന്റെയുള്ളിലുമുള്ളത്? ആർക്കറിയാം? ഈ തീവ്രവാദി പരാമർശം അദ്ദേഹം നടത്തിയത്, സമീപ കാലത്തു മനോരമക്കെതിരെ [പറഞ്ഞിട്ടും കേൾക്കാതെ] ചില കൊഞ്ഞാണ്ടന്മാർ നടത്തിയ സമരം കണക്കിലെടുത്തായിരിക്കണമല്ലോ). 

എത്രയോ വിശകലനങ്ങൾ മതക്കാർക്കിഷ്ടപ്പെടാത്തതായി ലോകത്തു സംഭവിച്ചിട്ടുണ്ട്. ഗൂഗിളിൽ സെർച്ചു ചെയ്താൽ അതു മഹാസമുദ്രത്തോളമെന്ന് കാണാൻ കഴിയും. യേശുവിന്റെ നേരെ ഗുരുതരമായ കള്ളയാരോപണങ്ങൾ  വന്നിട്ടും യേശുവിന്റെ ഉടുതുണിവരെ പറിച്ചിട്ടും ആദിമസഭയിലാരും സമരത്തിനിറങ്ങിയില്ല. പേടിച്ചിട്ടായിരുന്നെങ്കിൽ, എസ്തപ്പാനോസിന് മരിക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല. അന്നു വെല്ലുവിളികൾ ധാരാളമുണ്ടായിരുന്നു - പക്ഷേ സഭ വളർന്നു. ഇന്നു സഭ സമൂഹത്തിനാണു വെല്ലുവിളിയുയർത്തുന്നത് - ഫലമോ? സമൂഹം വളരുന്നു, സഭ തളരുന്നു. പുസ്തകം പിൻവലിക്കലും ക്ഷമ പറച്ചിലും ഒരുമിച്ചു ചേർന്നപ്പോൾ മനോരമ ഇത്രേയുള്ളൂവെന്നു ജനത്തിനു മനസ്സിലായി. അല്ലാതെന്താ? കുറേക്കാലം മുമ്പ് കേരളത്തിലെ ഒരു പാഠപുസ്തകത്തിൽ 'ദൈവമായി മാറുമെന്നു ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ഗോതമ്പപ്പം' എന്നൊരു പരാമർശം വന്നിരുന്നു. എന്നിട്ടാരെങ്കിലും അനങ്ങിയോ? ഡാവിഞ്ചി കോഡിനെതിരെ ലോകമാസകലം ആക്രോശിച്ചിട്ടും ഡാൻ ബ്രൗൺ അനങ്ങിയോ? പതിമൂന്നു വർഷങ്ങൾ തപസ്സിരുന്നു കത്തോലിക്കാ സഭയേപ്പറ്റി പഠിച്ചിട്ടാ അദ്ദേഹം ഡാവിഞ്ചി കോഡ് എഴുതിയത്. അനുഭവസ്ഥരെ അനുകരിക്കുകയായിരുന്നു മനോരമക്കും ഉചിതം. സഭയെ നന്നായി പഠിച്ച  ഡാൻ ബ്രൗൺ ഒരോ ദിവസവും വൈകിട്ട് കർത്താവിനു സ്തോത്രം പറഞ്ഞുകൊണ്ടിരുന്നു. പുസ്തകവിതരണക്കാർക്കു വേറെ പരസ്യവും വേണ്ടി വന്നില്ല. 'ഡാവിഞ്ചി കോഡ്' ലോകം മുഴുവൻ അറിഞ്ഞപ്പോൾ സമരവും തീർന്നു.

ജീവൻ രക്ഷിക്കണമേയെന്നു കേണപേക്ഷിക്കുന്ന ടോമച്ചൻ വളരെ ശ്രദ്ധാപൂർവ്വമാണു സംസാരിക്കുന്നതെന്ന് ആ വീഡിയോ കണ്ടാൽ മനസ്സിലാകും. ആരോടൊക്കെയാണു ബന്ധപ്പെടേണ്ടതെന്ന് ടോമച്ചൻ ആവശ്യപ്പെട്ടോ അവരോടെല്ലാം ടോമച്ചനെ തട്ടിയെടുത്തവർ ബന്ധപ്പെട്ടുവെന്നാണ് അസന്നിഗ്ദമായി ടോമച്ചൻ സൂചിപ്പിക്കുന്നു. കേരളാ സഭാധികാരികളോടൊന്നും പ്രത്യേകിച്ചദ്ദേഹം പറയുന്നില്ല -അതുപോലെ ആരോടും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും. കേരള നേതാക്കന്മാർ ചെയ്യാൻ പോകുന്നതെന്താണെന്നു കേരളീയനായ ടോമച്ചൻ നന്നായി മനസ്സിലാക്കിയിരിക്കുന്നുവെന്നെനിക്കു തോന്നുന്നു. പ്രാർത്ഥിക്കാനെന്നു പറഞ്ഞു കുറേ വിശ്വാസികളേയും കൂട്ടി നേതാക്കൾ മുന്നേ നടക്കുന്നതും, അൽപ്പംകഴിയുമ്പോൾ വേറേ കാര്യങ്ങൾക്കു പിന്നാലെ അവർ പോകുന്നതും എത്രയോ തവണ നാമെല്ലാം കണ്ടിരിക്കുന്നു. കേന്ദ്ര ഗവ., ബാങ്കിൽ നിന്നു പണം കിട്ടാഞ്ഞിട്ടാത്മഹത്യ ചെയ്യേണ്ടിവരുന്ന ഒരു പൗരനോടുണ്ടായിരിക്കേണ്ടതിനേക്കാൾ കൂടുതൽ ശ്രദ്ധ ഫാ. ടോമിനു കൊടുക്കണമെന്നില്ല (യമനിലേക്കുള്ള യാത്ര അപകടകരമായതെന്നു വിദേശമന്ത്രാലയം കുറിപ്പിറക്കിയിരുന്നെന്നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയ സമയത്തു പത്രങ്ങളിൽ കണ്ടിരുന്നു).  സഭയുടെ സ്ഥിതിയതല്ല ! സഭയുടെ മൗലിക കടമകളിലൊന്നാണ് കൂട്ടത്തിലുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുകയെന്നത്; പക്ഷേ, സഭാധികാരികൾ ഇപ്പോൾ ചെയ്യുന്നത്, കിട്ടിയ സ്ഥാനമാനങ്ങളും അവകാശങ്ങളും വെച്ചല്മായനെ ഭരിക്കുകയെന്നതും. ഒരു മെത്രാനെ തല്ലിച്ചതച്ചവരുടെ പേരിൽ നടപടിയെടുപ്പിക്കാൻ പോലുമുള്ള താൽപ്പര്യം അധികം പേർക്കു കണ്ടില്ല.

ചെയ്യേണ്ടതു സമയത്തു ചെയ്യാതെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടു യാതൊരു ഫലവും ലഭിക്കില്ലെന്നുമായിരിക്കാം ടോമച്ചൻ പറയാതെ പറയുന്നത്; അതോ തനിക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ പേരിലും നടക്കാനിടയുള്ള പിരിവ് ഒഴിവാക്കണമെന്നോ? തന്റെ മരണശേഷം തന്നെ വിശുദ്ധനാക്കിയാൽ കിട്ടുന്ന നേട്ടങ്ങളേപ്പ്പറ്റിയും പലരും ചിന്തിക്കുന്നുണ്ടെന്നദ്ദേഹം കാണുന്നുണ്ടായിരിക്കണം. അങ്ങിനെയെങ്ങാനും സംഭവിച്ചാൽ, അവകാശക്കാര്യത്തിൽ ഇവിടെ മൽസരം തന്നെ നടന്നേക്കാം - വിജയിയെ കാത്തിരിക്കുന്നതു ഒന്നും രണ്ടും രണ്ടായിരത്തിന്റെ നോട്ടുകളല്ലല്ലൊ. മുന്നിലിരിക്കുന്ന പായസം ഭക്ഷണമാക്കാൻ ദൈവം തന്നിരിക്കുന്ന കൈകളുപയോഗിക്കാതെ വിശ്വാസത്തോടെയാണെങ്കിലും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവനെ ദൈവം പുറംകാലുകൊണ്ടു തൊഴിച്ചെന്നിരിക്കും. എല്ലാ അല്ലേലൂജാക്കാരും കേൾക്കുന്നുണ്ടല്ലോ അല്ലേ? തട്ടിക്കൊണ്ടു പോയവർക്കു വേണ്ടത് പണമാണ്, പ്രാർത്ഥനയല്ല; വട്ടായിയച്ചന്റെ പരി. ആത്മാവിനെ അവർക്കു ഭയവുമില്ല. സീറോ മലബാർ സഭ, ലത്തീൻ റീത്തിൽ ജോലിചെയ്യുന്ന ഒരു പുരോഹിതനുവേണ്ടി ദേഹത്തുകൊള്ളുന്ന എന്തെങ്കിലും ചെയ്യില്ലെന്നുള്ള ധാരണ പലർക്കുമുണ്ടെങ്കിൽ അതാരുടെ കുറ്റം? ഒരു തുള്ളി കരുണ ലഭിക്കേണ്ട അവസരങ്ങളിൽ അംഗങ്ങൾക്കതു നൽകാൻ സഭാധികാരികൾക്കു കഴിയാതിരുന്ന നിരവധി സന്ദർഭങ്ങൾ. സുപ്പീരിയറെ അനുസരിക്കാത്തവർക്ക് മഠമേതാണേലും മാനസികരോഗത്തിനുള്ള മരുന്നു കിട്ടിയേക്കാം, മഠത്തിൽ നിന്നിറക്കിവിടുകയാണെങ്കിൽ നട്ടുച്ചക്കു മെയിൻ റോഡിലേക്കു തന്നെ കാൽക്കാശു കൈയ്യിലുണ്ടോയെന്നു നോക്കാതെ സഹ സഹോദരികൾ അതു ചെയ്യുകയും ചെയ്തേക്കാം. എന്റെ ഭാവനയല്ല ഞാൻ എഴുതുന്നത് - അനുഭവസ്ഥർ പറഞ്ഞു കേട്ടതു മാത്രം. ശരിയാണോയെന്നൊന്നും എനിക്കറിയില്ല. അത്മായനോടുള്ള കടപ്പാട് നൂലുവണ്ണത്തിലെങ്കിലും സഭാ നേതൃത്വത്തിനുണ്ടായിരുന്നെങ്കിൽ മൂവാറ്റുപുഴയിൽ സലോമിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നുറപ്പുണ്ട് താനും. ടോമച്ചൻ തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന്റെ അനുഭവങ്ങൾ വിവരിച്ചാൽ, പല പൊയ്മുഖങ്ങളും അഴിഞ്ഞു വീഴും - അതു താമസിയാതെ സംഭവിക്കുമെന്നാണ് സൂചനകൾ. ടോമച്ചൻ സീറോ മലബാർ സഭയിലെ അനുസരണയില്ലാത്ത ഇടയന്മാർക്കു വേണ്ടി സദയം പ്രാർത്ഥിക്കുക - മുട്ടിപ്പായി. 

രാഹുൽ ഗാന്ധിക്കൊരു വിവരവുമില്ലെന്നാണു സോഷ്യൽ മീഡീയായിലെ നിരവധി പോസ്റ്റുകളിലൂടെ പലരും പ്രചരിപ്പിക്കുന്നത്. പക്ഷേ അദ്ദേഹമാണേറ്റവും ബുദ്ധിമാനെന്നാണെന്റെ അഭിപ്രായം. 65 കഴിഞ്ഞ വയസ്സന്മാരെ ഇനി കോൺഗ്ഗ്രസ്സിനു വേണ്ടെന്നദ്ദേഹം പറയുന്നു. അറുപത്തഞ്ചു വയസ്സു കഴിഞ്ഞ സർവ്വ വയസ്സന്മാരെയും അവരുടെ അധികാര സ്ഥാനങ്ങളിൽനിന്നു മാറ്റിയാൽ കേരള കത്തോലിക്കാ സഭയും തൃശ്ശൂർ നഗരവും ഒരു പക്ഷേ എന്നന്നേക്കുമായി രക്ഷപ്പെട്ടേക്കാം. എല്ലാവർക്കും നവവൽസരാശംസകൾ!

No comments:

Post a Comment