Translate

Wednesday, December 14, 2016

"ഹല്ലോ! മമ്മിയാണോ? പിന്നെ വിളിക്കാം...!"


"ഹല്ലോ! മമ്മിയാണോ? അറിഞ്ഞു കാണുമല്ലൊ, ഞങ്ങൾ ബിസിയാണ്, നാളെയുച്ചക്കങ്ങോട്ടു വിളിക്കാം." അത്താഴവും കഴിഞ്ഞു, കോട്ടയത്തുനിന്ന് മൂലമറ്റത്തു കെട്ടിച്ചുവിട്ട മകളെ ഫോണിൽ വിളിച്ചു ക്ഷേമമന്വേഷിച്ച അമ്മയിതാണു കേട്ടതെന്നു കേൾക്കുന്നു. ഇടുക്കി പ്രദേശവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിക്കഥകൾ വേറെയും കേൾക്കുന്നുണ്ടത്രെ; അവിടെ സീറോ ക്രിസ്ത്യാനികൾ നേരത്തെ കടകളടക്കുന്നു, കിടപ്പു രോഗികൾ ആശുപത്രികളിൽ നിന്നു നിർബന്ധിച്ചു ഡിസ്ചാർജ്ജ് വാങ്ങിച്ചു വീട്ടിൽ പോകുന്നു, പലരും ജോലിക്കു പോവാതെ വീട്ടിലിരിക്കുന്നു, അങ്ങോട്ടു കെട്ടിക്കേറാൻ പെൺകുട്ടികൾ മൽസരിക്കുന്നു, ഇടുക്കിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നു, വീട്ടിൽപ്പോയ ഭാര്യമാർ മടങ്ങി വരുന്നില്ല, കിടപ്പിലായിരുന്ന 90 കഴിഞ്ഞവരും ഏറ്റു നടക്കുന്നു, റിമിയുടെ 1+1കാണാൻ പോലും ആളില്ല.... അങ്ങിനെയങ്ങിനെ പലതും. ഇടുക്കി മെത്രാന്റെ ക്രിസ്മസ്സ് സ്പെഷ്യൽ ഇടയലേഖനം വന്നതിൽപ്പിന്നെയാ ഈ വ്യത്യാസങ്ങൾ വന്നതെന്നു ഫെയിസ്ബുക്കു ട്രോളുകൾ അവകാശപ്പെടുന്നു. അയാളെ പത്തിമടലിനടിക്കണമെന്നും ഒരാൾ എഴുതിക്കണ്ടു; ഉദ്ദേശിച്ചത് ഇടുക്കി മെത്രാനെ ആയിരിക്കണം. അയാളെയെന്തിനാ ഇങ്ങിനെ ട്രോളുന്നതെന്നാ എന്റെ ചോദ്യം. അയാളെന്താ ആരെയെങ്കിലും കൊന്നോ? ഇടുക്കി മെത്രാനോളം നിഷ്കളങ്കനും നേർബുദ്ധിക്കു ചിന്തിക്കുന്നവനുമായ ഒരു മെത്രാൻ കേരളത്തിൽ വേറെയില്ലെന്നാ എന്റെ അഭിപ്രായം. നിങ്ങൾ മണൽത്തരികൾ പോലെ പെറ്റുപെരുകുവിനെന്നു ദൈവം പറഞ്ഞത് അയാൾ മലയാളത്തിൽ പറഞ്ഞെന്നല്ലേയുള്ളൂ?

ഹിന്ദുക്കളുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്നു തൊഹാഡിയാ പറഞ്ഞാൽ ശരി; സദ് സന്തതികൾ ഉണ്ടായിരിക്കുന്നത് സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നു മുസ്ലീമുകൾ പറഞ്ഞാലും ശരി - ഇടുക്കി മെത്രാനെന്തെങ്കിലും പറഞ്ഞാൽ തെറ്റ്! ഇതെന്തു ജനാധിപത്യം? ഇന്നാളീ മെത്രാൻ, മിടുക്കികളായ കത്തോലിക്കാ പെൺകുട്ടികളെ അന്യമതസ്ഥർ കൊണ്ടുപോകാനിടയാകരുതെന്ന  അർത്ഥത്തിൽ സത്ബുദ്ധ്യാ എന്തോ പറഞ്ഞതിന് എന്തു ബഹളമായിരുന്നു. കൂട്ടത്തിലുള്ള മെത്രാന്മാർപ്പോലും അന്നു വാഴവെട്ടിയെന്നു ജനസംസാരമുണ്ടായിരുന്നു. ഭർത്താവുമായിച്ചേർന്നു മൽസരിക്കാൻ താൽപ്പര്യമില്ലാത്ത കത്തോലിക്കാ പെൺകുട്ടികൾ അന്യമതസ്ഥരെ തേടിയെന്നിരിക്കുമെന്ന അവസ്ഥ ഇപ്പോഴുണ്ടെന്നതു വേറൊരു കാര്യം. വോട്ടു ചോദിച്ചു വന്ന കോൺഗ്രസ്സ് സ്ഥാനാർത്തിയെ ഇടയസഹജമായ വാൽസല്യത്തോടെ ഉപദേശിച്ചാലും തെറ്റ്, പള്ളിയെ കുറ്റം പറഞ്ഞു നടക്കുന്ന പി റ്റി തോമസ്സിന് വോട്ടു ചെയ്യേണ്ടെന്നു പറഞ്ഞാലും കുറ്റം! അതിനെത്ര പേരാ ഫോണിൽ വിളിച്ചു പരത്തെറിപ്പറഞ്ഞത്. ഇടുക്കി മെത്രാന്റെ വട്ടമുഖത്തിനു വേറാരുടെയൊക്കെയോ മുഖങ്ങളുമായി സാമ്യമുണ്ടെന്നു വരെ ആളുകൾ പറയുന്നത് കേൾക്കാനിടയായിട്ടുണ്ട്. പത്രലേഖകരോട് താൻ ഫോണിലൂടെ കേട്ട വാക്കുകൾ വിവരിച്ചപ്പോൾ അതു പരസ്യമായി പറഞ്ഞതായി തെറ്റ്! കുഞ്ചിത്തണ്ണിയിൽ നാട്ടുകാരു ചേർന്നു സൊസൈറ്റിയുണ്ടാക്കി വിയർത്തുപിരിവെടുത്തു സ്ഥാപിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മതിലിന്റെ ഇപ്പുറത്ത് പള്ളിവകയൊരെണ്ണം ഉദ്ഘാടനം ചെയ്തതിന് നാട്ടുകാർ പറഞ്ഞതിനു കൈയ്യും കണക്കുമുണ്ടോ? ഒരെണ്ണം കൂടി അവിടെ വന്നാൽ അതു നാടിന്റെ വളർച്ചയാണെന്നു കാണാൻ മനുഷ്യർക്കു സാധിക്കുന്നില്ല. അതിനു മെത്രാനെന്തു പിഴച്ചു? ഒരു വിശ്വാസി സ്വന്തം മെത്രാനെതിരെ പന്നിപ്പടക്കമെറിഞ്ഞ സംഭവം സഭാചരിത്രത്തിൽ ആദ്യം. സ്വന്തം അജങ്ങൾക്കു വേണ്ടി ഇത്രമേൽ സ്വയം ബലിയാകേണ്ടതില്ലെന്ന് അദ്ദേഹത്തിനിപ്പോൾ തോന്നുന്നുണ്ടാവും. മൽസരബുദ്ധിയോടെ, കുടുംബജീവിതത്തിൽ അനുവർത്തിക്കേണ്ട കടമകൾ ദമ്പതികൾ നിർവ്വഹിക്കണമെന്നല്ലേ അദ്ദേഹം പറഞ്ഞുള്ളൂ? 

വാർഡ് പ്രതിനിധികൾ അവരവരുടെ വാർഡുകളിലെ മൽസരസ്ഥിതി വിവരം വികാരിയെ അറിയിക്കണമെന്നൊന്നും ഇടയലേഖനത്തിലില്ല, മൽസരം രഹസ്യമായി വേണോ പരസ്യമായി വേണോയെന്നും ലേഖനം പറഞ്ഞിട്ടില്ല; ആർക്കെങ്കിലും മൽസരത്തിലെ വ്യവസ്ഥകൾ അറിയില്ലെങ്കിൽ ആരെയാണു സമീപിക്കേണ്ടതെന്നും അതിൽ പറഞ്ഞിട്ടില്ലെന്നാണു കേട്ടത്. പിന്നെന്താ പ്രശ്നം? ഇടുക്കിയിലെ സമരം നടക്കുന്ന ഫാക്റ്ററികളും, യന്ത്രങ്ങൾ തുരുമ്പെടുത്തു കിടക്കുന്ന ഫാക്റ്ററികളും, ലോക്കൗട്ട് പ്രഖ്യാപിച്ചു പ്രവർത്തനരഹിതമായവയുമൊക്കെ തുറന്നു പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ചും മെത്രാനൊന്നും, പറഞ്ഞിട്ടില്ലെന്നാണറിയുന്നത്. അപ്പോൾ രാഷ്ട്രീയ/തൊഴിലാളി പ്രശ്നങ്ങളൊന്നുമുള്ള ഇടയലേഖനവുമല്ലിത്. ഒക്കെയാണെങ്കിലും, ഞാൻ സൂക്ഷിച്ചേ സംസാരിക്കൂവെന്നു മന്ത്രിയായ മണിയാശാൻ പറയുന്നു; അങ്ങിനെയൊരു സൂഷ്മതയുടെ ആവശ്യം എനിക്കില്ലെന്ന ഭാവത്തിൽ ഇടുക്കി മെത്രാനും നിൽക്കുന്നു. ആരാണു മിടുക്കനെന്നു ചോദിച്ചാൽ മണിയാശാനെന്നെ ഞാൻ പറയൂ. 

ഇടുക്കി മെത്രാൻ അവിവേകമോ വിവരക്കേടോ ഒന്നുമല്ല പറഞ്ഞതെങ്കിലും, ഇറച്ചിയും മീനുമൊന്നും കൂട്ടാതെ കയ്പ്പുനീരുകുടിക്കുന്നതുപോലെ ചോറുമുണ്ട് തിരുപ്പിറവിക്കു വിശ്വാസികൾ തയ്യാറെടുക്കുമ്പോൾ ഇങ്ങിനെയെഴുതാനുള്ള പ്രചോദനം ആരിൽനിന്നല്ലെങ്കിൽ എവിടെനിന്നയാൾക്കു കിട്ടിയെന്നതിനേപ്പറ്റി ഞാൻ ചിന്തിച്ചു നോക്കി. തിരുക്കുടുംബത്തിലാണെങ്കിൽ മാതാവൊന്നേ പ്രസവിച്ചിട്ടുള്ളൂ, സ്നാപകയോഹന്നാന്റെ മാതാപിതാക്കൾ കുട്ടികളില്ലാതിരുന്നെങ്കിലും മൽസരബുദ്ധിയോടെ ജീവിച്ചിരുന്നിരുന്നുവെന്നതിനു യാതൊരു സൂചനയും ബൈബിൾ തരുന്നുമില്ല. കുട്ടികൾ കൂടുതലുള്ളവർ ഭാഗ്യവാന്മാരെന്നു ക്രിസ്തുവും പറഞ്ഞിട്ടില്ല, ബുദ്ധിമാനായ സോളമൻ രാജാവും കരുതിയിട്ടില്ല. ഇൻഡ്യാക്കാരുടെ മുദ്രാവാക്യമാണെങ്കിൽ നാം രണ്ട് നമുക്കു രണ്ടെന്നതാണ്; ചൈനാക്കാരാണെങ്കിൽ നമുക്കൊന്നിൽ പിടിച്ചു നിൽക്കുന്നു. ഗൃഹസ്ഥാശ്രമം വേണമെന്നല്ലാതെ, ഒരാളുടെ നിർവികൽപ്പസമാധിക്ക്, ഇത്ര സന്തതികൾ ഉണ്ടായിരിക്കണമെന്നു ഹിന്ദുക്കളും പറയുന്നില്ല. മാർപ്പാപ്പാ മാത്രമല്ല പല ഉന്നതരും ഗർഭശ്ചിദ്രം പാടില്ലെന്നു പറഞ്ഞിട്ടുണ്ട്; പക്ഷെ, മൽസരിക്കണമെന്നു പറഞ്ഞിട്ടില്ല. വി. പൗലോസാണെങ്കിലും ബ്രഹ്മചാരിയായിരുന്നു ദഹിക്കുന്നതിലും നല്ലത് കല്യാണം കഴിക്കുകയാണെന്നേ പറഞ്ഞിട്ടുള്ളൂ, മൽസരിക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. സ്വന്തം കുടുംബ/സമൂഹ പശ്ചാത്തലത്തിൽ നിന്നു ചെറുപ്പകാലത്ത് കിട്ടുന്നതായിരിക്കുമല്ലൊ ഏതൊരാളുടേയും പ്രധാന മാതൃകകൾ; ഇതും അങ്ങിനെവല്ലോമായിരിക്കും. തണുപ്പുകാലമായതുകൊണ്ടായിരിക്കണം ഈ ഇടയലേഖനം വളരെ ചൂടോടേ ചർച്ച ചെയ്യപ്പെട്ടത്. മൽസരം കൊള്ളാം; പക്ഷേ, നേരത്തെ നടന്ന മൽസരങ്ങളിൽ കിട്ടിയ സമ്മാനങ്ങൾ മിക്കതും അനാഥാലയങ്ങളിലാണെന്നു നാട്ടുകാർ പറയുന്നു; ഇനിയും അവരേക്കൊണ്ട് വേറൊന്നും പറയിക്കാതിരുന്നാൽ മതിയായിരുന്നു. 

കഴിവു തെളിയിക്കുന്ന എം ബി ബി എസ്സുകാർക്കെ ഇനിമേൽ ചികിൽസക്കു ലൈസൻസു കൊടുക്കൂവെന്നു കേന്ദ്ര സർക്കാർ പറയുന്നതു പോലെ കഴിവു തെളിയിക്കുന്ന ആളുകൾക്കേ വിവാഹം ചെയ്യാനും, കഴിവില്ലായ്മ തെളിയിക്കുന്നവർക്കേ പുരോഹിതരാകാനുമുള്ള ലൈസൻസ് കൊടുക്കൂവെന്നുമുള്ള ആഹ്വാനങ്ങളും ഇടുക്കിയിൽ നിന്നുണ്ടായേക്കാമെന്ന് ഇടുക്കിക്കാരെ അടുത്തറിയാമെന്നു ഭാവിക്കുന്നവർ സൂചിപ്പിക്കുന്നു. മനുഷേരുടെ ഒരു കാര്യം; ആർക്കെന്താ പറയാൻ വയ്യാത്തെ?

No comments:

Post a Comment