Translate

Saturday, August 22, 2020

ഫ്രാങ്കോയ്‌ക്കൊരു വല്യേട്ടൻ - മൈസൂർ രൂപതയിൽ


(സത്യജ്വാല 2020 ജൂൺ ലക്കത്തിൽനിന്ന്)

മുൻ ബോംബെ ഹൈക്കോടതി ജഡ്ജി മൈക്കിൾ സൽദാൻഹ മൈസൂർ രൂപതാബിഷപ്പ് കെ.എ. വില്യമിനെതിരെ കൊലപാതകം, ലൈംഗികാതിക്രമം, അഴിമതി എന്നീ ആരോപണങ്ങളുന്നയിച്ച് സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസിന് മെയ് 29-ാം തീയതി ഒരു ലീഗൽ നോട്ടീസ് അയച്ചിരിക്കുന്നു! ഇക്കാര്യമുന്നയിച്ച് ബാംഗ്ലൂർ ആർച്ചുബിഷപ്പ് ഡോ. പീറ്റർ മക്കാഡോ (Peter Machado)യ്ക്കും ബിഷപ്പ് വില്യമിനും അദ്ദേഹം ലീഗൽനോട്ടീസയച്ചിട്ടുണ്ട്. ബിഷപ്പ് വില്യം നടത്തിയ കൊലപാതകങ്ങൾ മറച്ചുവച്ചതിന് അദ്ദേഹത്തിന്റെ മേലധികാരിയായ ആർച്ചുബഷപ്പ് പീറ്റർ മക്കാഡോയ്‌ക്കെതിരെയും മുൻ ജഡ്ജി ആരോപണമുന്നയിച്ചിരിക്കുകയാണ്.
രൂപതയിലെ നാലു വൈദികരുടെ മരണത്തിനു- രണ്ടു കൊലപാതകം, ഒരു തൂങ്ങിമരണം, ഒരു അപകടമരണം- ശേഷം ബിഷപ്പ് വില്യം രൂപതയിൽ ഭീകരവാഴ്ചയുടെ ഒരു അഴിഞ്ഞാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഈ ലീഗൽ നോട്ടീസിൽ പറുന്നു. അദ്ദേഹത്തിന് അധോലോകമാഫിയായും ലോക്കൽ പോലീസും സംരക്ഷണമൊരുക്കുന്നുവെന്നും ആരോപിച്ചിട്ടുണ്ട്. മേലധികാരിയായ ആർച്ചുബിഷപ്പ് മാക്കാഡോയ്ക്ക് ഭൂരിപക്ഷം വൈദികർ ഉൾപ്പെട്ട സംഘം 17 തവണ രേഖാമൂലം പരാതിനൽകിയിട്ടും അതെല്ലാം അവഗണിക്കപ്പെടുകയായിരുന്നത്രെ! ബിഷപ്പ് നടത്തിയ ക്രിമിനൽ കുറ്റകൃത്യങ്ങൾ, സാമ്പത്തികതട്ടിപ്പ്, ലൈംഗികാതിക്രമങ്ങൾ എന്നിവ സംബന്ധിച്ച് പരാതിനൽകിയ 37 വൈദികരെ അടിയന്തിരമായി വിളിച്ചുവരുത്തി പ്രതികാരനടപടിയായി വെറും മൂന്നു മിനിറ്റിനുള്ളിൽ  ട്രാൻസ്ഫർ നൽകിയ കാര്യവും ലീഗൽ നോട്ടീസിൽ പറയുന്നു. 

മുമ്പ് രൂപതയിലെ പല ഇടവകകളും ബിഷപ്പ് വില്യമിനെതിരെ ഫ്രാൻസീസ് മാർപാപ്പായ്ക്ക് പരാതി സമർപ്പിച്ചിട്ടുള്ളതാണ്. ബിഷപ്പ് വില്യവും ഫാ. ലെസ്ലി മൊറേസും ചേർന്നുള്ള 2019-ലെ മൈസൂർപള്ളി ലൈംഗികവിവാദത്തിൽ പള്ളിയിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ഇവർ രണ്ടുപേർക്കുമെതിരെ കുറ്റാരോപണം നടത്തിയിരുന്നു. 

ബിഷപ്പ് വില്യം നിർലജ്ജം സ്ത്രീഗമനം നടത്തിയിരുന്നു എന്നതിനും ഓരോ സ്ത്രീയുമായി പ്രശ്‌നമുണ്ടാകുമ്പോൾ വലിയ തുകകൾ നൽകിയാണത് പരിഹരിച്ചിരുന്നത് എന്നതിനും തെളിവുകൾ ഉണ്ടെന്ന് ലീഗൽ നോട്ടീസിൽപറയുന്നുണ്ട്. 

അതിനിടെ, കഴിഞ്ഞ ഒരു വർഷമായി ഈ വിഷയത്തിൽ ഇടപെട്ട് പ്രവർത്തിച്ചുവരുന്ന, 'Association Of Concerned Catholics'(AOCC) സെക്രട്ടറി മെൽവിൻ ഫർണാണ്ടസ്, ബിഷപ്പ് വില്യമിനെ അടിയന്തിരമായി സസ്‌പെഡ് ചെയ്യണമെന്നും വൈദികരുടെ കൊലപാതകം സംബന്ധിച്ച് ഒരു ഉന്നതതല പോലീസ് അന്വേഷണം നടത്തിക്കണമെന്നും ബാംഗ്ലൂർ ആർച്ചുബിഷപ്പ് പീറ്റർ മക്കാഡോയോടും സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസിനോടും  ആവശ്യപ്പെട്ടിരിക്കുകയാണ്.
(കടപ്പാട്: Deccan Herald, ജൂൺ 13 )

No comments:

Post a Comment