Translate

Sunday, August 2, 2020

കൊറോണാക്കാലം ചിന്തിപ്പിക്കുന്നത്


സത്യജ്വാല 2020 ജൂണ്‍ ലക്കത്തിലെ എഡിറ്റോറിയല്‍

ഇത് കൊറോണക്കാലം. മതങ്ങളെന്നറിയപ്പെടുന്ന പുരോഹിതവ്യവസ്ഥകളും അവ സൃഷ്ടിച്ച വ്യക്തിദൈവങ്ങ(person gods)ളും ഒരു ചെറുവൈറസിനുമുമ്പില്‍ തോറ്റകാലം. മണ്ണിലും ശരീരത്തിനുള്ളിലും ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കുമെതിരെ രാസയുദ്ധങ്ങള്‍ നടത്തി വെന്നിക്കൊടി പാറിച്ച ആധുനികശാസ്ത്രം തോറ്റകാലം. പ്രകൃതിയെ തോല്പിച്ചു പണിതുയര്‍ത്തിയ നവനാഗരിക ബാബേല്‍ ഗോപുരങ്ങള്‍ ആളൊഴിഞ്ഞു ശൂന്യമായ കാലം. തോല്‍വി സമ്മതിച്ച് മനുഷ്യരാശിയാകെ
രക്ഷയ്ക്കായി കൈകളുയര്‍ത്തി കേഴുന്നകാലം...

ഇത് മൗനത്തിന്റെയും മനനത്തിന്റെയുംകൂടി കാലം. എന്താണു സംഭവിച്ചത്, സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇങ്ങനെയൊരു പരിണതിക്കു കാരണമെന്ത്? പതിയിരിക്കുന്ന മരണവൈറസുകളില്‍നിന്നു രക്ഷപെടാന്‍ മനുഷ്യരേറെയും സ്വന്തം വീടുകളില്‍ അഭയംപ്രാപിച്ചിരിക്കുന്ന ഈ സമയത്ത് മനസ്സുകളില്‍ ഈ ചോദ്യങ്ങള്‍ ഉയരേണ്ടതുണ്ട്. ഉത്തരങ്ങള്‍ക്കായി മനസ്സിന്റെ അഗാധതകളില്‍ ഓരോരുത്തരും പരതേണ്ടതുണ്ട്. യേശു പറയുന്നതുപോലെ, ഓരോരുത്തരും അവനവന്റെ ഉള്ളറയില്‍ കയറി വാതിലടച്ച് അവിടെ അദൃശ്യനായി അധിവസിക്കുന്ന പിതാവായ ദൈവത്തോട്, സ്വന്തം ജീവാത്മാവിനോട്, ഉത്തരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.
'ഞാനും നിങ്ങളും നമ്മെ താങ്ങുന്ന ഈ ഭൂമിയും ഈ ഭൂമിയിലെ ചരാചരങ്ങളും ചന്ദ്രനും സൂര്യനും സൗരയൂഥവും താരങ്ങളും താരാപഥങ്ങളുമടങ്ങുന്ന ഈ പ്രകൃതി'(ഈ വാചകഭാഗത്തിന്, പ്രകൃതി-പരിസ്ഥിതിപഠനം ആചാര്യന്‍ ശ്രീ. കെ.വി. ദയാലിനോട് കടപ്പാട്)യുടെ ചൈതന്യസത്തയും അധിനാഥനുമല്ലാതെ മറ്റാരാണ്, മറ്റെന്താണ,് യേശു അവതരിപ്പിച്ച പിതാവായ ദൈവം! ഓരോരുത്തരുടെയും, രൂപമുള്ള ശരീരത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളിലും രൂപമില്ലാതെ അനുസ്യൂതം വര്‍ത്തിക്കുകയും കര്‍മ്മനിരതമായിരിക്കുകയും ചെയ്യുന്ന ഈ അദൃശ്യസത്തയെ, ദൈവികതയെ, മൗനത്തില്‍ അഭിസംബോധന ചെയ്യുകയെന്നതാണ് യേശുവിനെ സംബന്ധിച്ചു പ്രാര്‍ത്ഥന. അതിലൂടെ, രൂപമുള്ള ഈ മഹാപ്രപഞ്ചത്തിന്റെ ഞാനും നിങ്ങളും ഓരോ മണല്‍ത്തരിയും അണുവും ബാക്ടീരിയയും വൈറസുമുള്‍പ്പെടുന്ന സ്ഥൂലവും സൂക്ഷ്മവുമായ ഓരോ അംശത്തിലും രൂപമില്ലാതെ അനുസ്യൂതം കര്‍മ്മനിരതമായി വിരാജിക്കുന്ന ആകമാനസത്തയുമായി, ജീവചൈതന്യവുമായി, അതിന്റെ നിയാമകനിയമവുമായി, നിയതിയുമായി അഥവാ, മനുഷ്യമനസ്സിന് ഉള്‍ക്കൊള്ളാനെളുപ്പമുള്ള പിതാവായ ദൈവവുമായി 'ഞാന്‍' ബന്ധപ്പെടുകയാണ്; എന്നിലെ രൂപമില്ലാത്ത ജീവചൈതന്യവും, അനന്തമായ വിശ്വപ്രകൃതിയുടെ രൂപമില്ലാത്ത ജീവചൈതന്യവും ഒന്നുതന്നെയെന്നു ഞാന്‍ തിരിച്ചറിയുകയാണ്; അനന്തവിപുലമായ മഹാപ്രപഞ്ചത്തിന്റെ ഈ ആകമാനചൈതന്യമാണ് എല്ലാറ്റിനും അധിഷ്ഠാനമായിരിക്കുന്ന ദൈവികസത്തയെന്നും, അതിന്റെ നിയാമകനിയമങ്ങളായ പ്രകൃതിനിയമങ്ങള്‍തന്നെയാണ് ദൈവികനിയമങ്ങളെന്നും മനസ്സിലാക്കുകയാണ്.

ഈ മനസ്സിലാക്കല്‍ നമ്മെ പഠിപ്പിക്കുന്നത്, മനുഷ്യനും എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും പ്രകൃതിനിയമങ്ങളെന്ന ദൈവികനിയമങ്ങള്‍ക്കു വിധേയപ്പെട്ടേ ആരോഗ്യത്തോടെ ജീവിക്കാനാവൂ എന്ന പാഠമാണ്. കാരണം, അവയെല്ലാം അതേ പ്രകൃതിനിയമങ്ങളാല്‍ ഉരുവപ്പെട്ടവയും അതേ പ്രകൃതിനിയമങ്ങള്‍ ഉള്ളില്‍ പേറുന്നവയുമാണ്. അതുകൊണ്ട്, ആര്, എപ്പോള്‍, എവിടെ പ്രകൃതിനിയമങ്ങള്‍ തെറ്റിക്കുന്നുവോ അവിടെ, അപ്പോള്‍ ജീവിതം രോഗാതുരമാകുന്നു.

മനസ്സിലാക്കാന്‍ കഴിയുന്ന മറ്റൊന്ന്, വിശേഷബുദ്ധിയുള്ള മനുഷ്യര്‍ മാത്രമാണ് പ്രകൃതിനിയമങ്ങള്‍ തെറ്റിച്ചു ജീവിക്കുന്നത് എന്നാണ്. മറ്റെല്ലാ ജീവജാലങ്ങളും തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ജന്മവാസന(instinct)യിലൂടെ അബോധപൂര്‍വ്വമായിത്തന്നെ, പ്രകൃതിനിയമങ്ങള്‍ക്കനുസൃതമായി മാത്രമാണു ജീവിക്കുന്നത്. വിശേഷബുദ്ധിയുള്ള മനുഷ്യര്‍ക്കാകട്ടെ, ഈ നിയമങ്ങള്‍ സ്വയം കണ്ടെത്തി അനുവര്‍ത്തിക്കേണ്ടതുണ്ട്. കാരണം, വിശേഷബുദ്ധിയെന്ന സിദ്ധി ഓരോ മനുഷ്യനും 'ഞാന്‍' എന്ന ബോധം നല്‍കുന്നു. സ്വതന്ത്ര അസ്തിത്വമുള്ള ഒരു ജീവിയായി സ്വയം കാണാനും തനിക്കു പുറത്തുള്ളവയെ ബാഹ്യപ്രകൃതി എന്നു വേറിട്ടു കാണാനും മനുഷ്യനു സാധിക്കുന്നു. മാത്രമല്ല, 'ഞാനെ'ന്ന ബോധം 'ഞാന്‍ഭാവ'(ego)മായി, അവനവന്‍ കേന്ദ്രീകൃതമായി സങ്കോചിച്ച് സ്വകാര്യമാത്രപരനാ(ശിറശ്ശറൗമഹശേെശര)കാനുള്ള പ്രവണതയും മനുഷ്യനിലുണ്ട്. ചുരുക്കത്തില്‍, ഒന്നായ പ്രകൃതിയെ താനും ബാഹ്യപ്രകൃതിയും എന്ന ദ്വൈതഭാവത്തില്‍ രണ്ടായിക്കാണാനും, വേറിട്ടു കാണുന്ന ബാഹ്യപ്രകൃതിയെ-അതിലുള്ള ഇതരമനുഷ്യരെയും ജീവജാലങ്ങളെയും വിഭവങ്ങളെയുമുള്‍പ്പെടെ-സ്വകാര്യനേട്ടത്തിനായി ഉപയോഗിക്കുക എന്ന പ്രാകൃതത്വത്തിലേക്കു താഴാനും മനുഷ്യനു കഴിയുന്നു.
വിശേഷബുദ്ധിയെന്ന മഹാസിദ്ധി ലഭിച്ച മനുഷ്യന്‍ അതിലൂടെ സ്വയം ഉയരാന്‍ പരിശ്രമിക്കുന്നില്ലെങ്കില്‍, ഏതോ ഗുരുത്വാകര്‍ഷണശക്തിയാലെന്നപോലെ സ്വാര്‍ത്ഥതയുടെ നിഷേധാത്മകരൂപമായ സ്വകാര്യമാത്രപരതയെന്ന പൈശാചികതയിലേക്കു താണുപോകും എന്നതാണു ഫലം. എന്നാല്‍, അതേ വിശേഷബുദ്ധിയുപയോഗിച്ച് അവന് തന്നിലെ ദ്വൈതഭാവത്തെ മറികടന്ന് പരാര്‍ത്ഥതാഭാവമെന്ന ആത്മീയത (spirituality)യിലെത്താനും, സംസ്‌കൃതിയിലേക്കും ദൈവികത (divinity)യിലേക്കുതന്നെയും ഉയരാനും കഴിയുന്നു. കല്ലിനെ മണ്ണാക്കിയും മണ്ണിനെ പുല്ലാക്കിയും പുല്ലിനെ മരമാക്കിയും മരത്തെ മൃഗമാക്കിയും മൃഗത്തെ മനുഷ്യനാക്കിയുമുള്ള പ്രകൃതിയുടെ പരിണാമവഴി ശ്രദ്ധിച്ചാല്‍, മനുഷ്യനെ അവന്റെ സ്വതന്ത്രബുദ്ധിയില്‍ത്തന്നെ സമ്പൂര്‍ണ്ണബോധത്തിലേക്കു നയിച്ച് മനുഷ്യകുലത്തെയാകെ ദൈവികതയിലേക്കു പരിണമിപ്പിക്കുക എന്നൊരു മഹാഇച്ഛ പരിണാമമെന്ന പ്രകൃതിനിയമത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടില്ലേ എന്നു തോന്നാം; ഈ മഹാഇച്ഛയ്ക്കുപിന്നില്‍ ഒരു മഹാബോധമുണ്ടെന്നും.
പ്രകൃതിയുടെ ഈ മഹാഇച്ഛയെ, ദൈവേഷ്ടത്തെ, ഉള്‍ക്കൊണ്ട് ബോധവ്യാപനത്തെ ത്വരിതപ്പെടുത്തുകയെന്നതായിരുന്നു, വിദ്യാഭ്യാസത്തിന്റെയും ആദ്ധ്യാത്മികപ്രസ്ഥാനങ്ങളുടെയും പ്രഥമലക്ഷ്യം. അങ്ങനെ ഈ പ്രകൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന, പ്രതിഭാസിക്കുന്ന ആ മഹാബോധ (Almighty) ത്തിന്റെ ഉപകരണ(tool)മായി, പ്രതിനിധിയായി, സ്വന്തം ധര്‍മ്മമറിഞ്ഞു ജീവിച്ച് ജന്മം സഫലമാക്കാന്‍ മനുഷ്യനു കഴിയുന്നു. 

ഇന്ത്യയിലെ ഗുരുകുല വിദ്യാഭ്യാസസമ്പ്രദായവും സത്യാന്വേഷണത്തെ ഉത്തേജിപ്പിച്ചു മുന്നോട്ടുപോയ ഋഷിപാരമ്പര്യവും ഇന്ത്യയെ ഒരു കാലത്ത് ആദ്ധ്യാത്മികമായും ദാര്‍ശനികമായും വൈജ്ഞാനികമായും ലോകത്തിന്റെ നെറുകയില്‍ എത്തിച്ചുവെന്നത് മനുഷ്യന്റെ ഈ ഔന്നത്യസാധ്യത (potentiality)യ്ക്കു തെളിവാണ്. ബ്രഹ്മജ്ഞാനികളായിരുന്ന ഋഷിമാരെ തള്ളിമാറ്റി ആചാര്യസിംഹാനങ്ങളില്‍ ബ്രാഹ്മണപൗരോഹിത്യം ഉപവിഷ്ടരായി മനുഷ്യരെ ജാതികളായി വെട്ടിമുറിച്ച് എല്ലാം കീഴ്-മേല്‍ മറിച്ചത് മനുഷ്യസമൂഹത്തിന് എത്രമേല്‍ താഴാമെന്നതിന്റെ തെളിവുമായി.
ഇതിനു സമാനമായൊരു ചിത്രം ക്രൈസ്തവലോകത്തും കാണാം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയുമായ യേശുവിന്റെ സുവിശേഷമൂല്യങ്ങള്‍ പ്രഘോഷിക്കപ്പെട്ട ആദിമസഭയിലെ ഓരോരുത്തരും തനിക്കുള്ളതെല്ലാം പരസ്പരം പങ്കുവെച്ച് സാഹോദര്യത്തില്‍ ജീവിച്ചുവെന്നത്, മനുഷ്യസമൂഹത്തിന് സാംസ്‌കാരികമായി എത്രമാത്രം ഉയരാമെന്നതിന്റെ ഒരുദാഹരണമാണ്. എന്നാല്‍, റോമന്‍ സാമ്രാജ്യത്വഘടനയില്‍ ഉള്‍ച്ചേര്‍ന്നു രൂപ-ഭാവമാറ്റങ്ങള്‍ക്കു വിധേയപ്പെട്ടതിനുശേഷമുള്ള 'ക്രൈസ്തവ'സഭ യേശുവിനെയും മനുഷ്യസമൂഹത്തെയും ഈ പ്രകൃതിയെത്തന്നെയും എത്ര താഴ്ത്തിക്കെട്ടി എന്നതിനും ഉദാഹരണമായി.

കൊറോണാ വൈറസിന്റെ വ്യാപനംവരെ എത്തിനില്‍ക്കുന്ന, അത്യാധുനികം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ ലോകവ്യവസ്ഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഈ റോമന്‍'ക്രിസ്തുമത'മാണെന്ന് തുടര്‍ന്നുള്ള ചരിത്രത്തെ ഒരു വിഹഗവീക്ഷണത്തിനു വിധേയമാക്കിയാല്‍ ആര്‍ക്കും കാണാന്‍ കഴിയും. ഒരു സ്‌നേഹസാമ്രാജ്യം വിഭാവനംചെയ്ത യേശുവിന്റെപേരില്‍ സഭ വിഭാവനംചെയ്തത് ഒരു അധികാരസാമ്രാജ്യമായിരുന്നു. പിതാവായ ദൈവം പരിപാലകനായുള്ള ദൈവമക്കളുടെ സ്വര്‍ഗ്ഗതുല്യമായ ഭൂമി എന്ന ഉദാത്തമായ അര്‍ത്ഥത്തില്‍ ഒരിടയനും ഒരു തൊഴുത്തും എന്ന് യേശു പറഞ്ഞതിനെ, 'മാര്‍പാപ്പായുടെ ആധിപത്യത്തിന്‍കീഴിലുള്ള ഒരു ആഗോളക്രൈസ്തവസാമ്രാജ്യം' എന്ന അര്‍ത്ഥത്തിലെടുത്ത് ആദ്യം യൂറോപ്യന്‍ രാജ്യങ്ങളെയും, തുടര്‍ന്ന് ആ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും ക്രൈസ്തവമാക്കാന്‍ ബലപ്രയോഗംവരെ നടത്തി. തുടര്‍ന്ന് ആ രാജ്യങ്ങളില്‍, ക്രൈസ്തവയൂറോപ്പിന്റെ കോളനിവാഴ്ച രാഷ്ട്രീയമായി നടപ്പാക്കി അവിടങ്ങളിലെ ജനതകളെയും പ്രകൃതിവിഭവങ്ങളെയും കൊള്ളചെയ്തു. കൂടാതെ, അവരുടെ വൈവിദ്ധ്യമാര്‍ന്ന തനതുദര്‍ശനങ്ങളെയും സംസ്‌കൃതികളെയും ചികിത്സാരീതികളെയും വിദ്യാഭ്യാസ- കാര്‍ഷിക-വ്യാവസായിക സമ്പ്രദായങ്ങളെയും, എന്തിന് ഭാഷകളെപ്പോലും (അവയെല്ലാം പ്രാകൃതം, വെറും Vernacular!!) പ്രാകൃതമെന്നു മുദ്രകുത്തി, നിന്ദിച്ചൊതുക്കി. പകരം, ഈ ഓരോ മേഖലയിലെയും പാശ്ചാത്യസമ്പ്രദായങ്ങള്‍ പുരോഗമനപരമെന്നും ശാസ്ത്രീയമെന്നും വിശ്വസിപ്പിച്ച് അടിച്ചേല്‍പ്പിച്ചു. റോമന്‍ക്രിസ്തുമതമാണ് ഏകസത്യമതം എന്ന നിലപാടു സ്വീകരിച്ച, 'ക്രൈസ്തവ'യൂറോപ്പ്, അതേ നിലപാടുതന്നെ ഈ ഓരോ പാശ്ചാത്യസമ്പ്രദായത്തെ സംബന്ധിച്ചും പുലര്‍ത്തി. യൂറോപ്പ് എല്ലാ അറിവുകളുടെയും രീതികളുടെയും മാതൃകയും മാനദണ്ഡവുമായി. ഏതദ്ദേശീയ ജനതകളുടെ എല്ലാ മേഖലകളിലുമുള്ള പ്രാചീനവും ബഹുമാനിതവുമായ അറിവുകളും സമ്പ്രദായങ്ങളും ചവിട്ടിമെതിക്കപ്പെടുകയും കുഴിച്ചുമൂടപ്പെടുകയും ചെയ്തു.

കൊളംബസിന്റെ അമേരിക്കയെ കണ്ടെത്തലും വാസ്‌കോ ഡി ഗാമയുടെ ഇന്ത്യയെ കണ്ടെത്തലും കഴിഞ്ഞുള്ള അഞ്ചു നൂറ്റാണ്ടുകള്‍കൊണ്ട് മുഴുവന്‍ ലോകവും പാശ്ചാത്യ'ക്രൈസ്തവ'സമ്പ്രദായങ്ങളിലേക്കു 'മാനസാന്തര'പ്പെട്ട്, 'ക്രൈസ്തവ'മായി മാമ്മോദീസാ മുക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു! ലോകത്തില്‍ മതവര്‍ഗ്ഗീയതയും മതമൗലികവാദവും അഴിഞ്ഞാടുമ്പോഴും, മതഭേദമേതുമില്ലാതെ സര്‍വ്വരും 'ക്രൈസ്തവ' പശ്ചാത്തലമുള്ള മോഡേണ്‍ അലോപ്പതി ചികിത്സാരീതിയും ഇംഗ്ലീഷ് വിദ്യാഭ്യാസവും ചൂഷണാധിഷ്ഠിത വികസനസങ്കല്‍പ്പവും കമ്പോളകേന്ദ്രീകൃതമായ സാമ്പത്തിക ശാസ്ത്രവുമെല്ലാം ഏറ്റവും പുരോഗമനപരവും ശാസ്ത്രീയവുമെന്ന് അംഗീകരിച്ചിരിക്കുന്നു! തനതായുണ്ടായിരുന്നതെല്ലാം, തികഞ്ഞ ആത്മനിന്ദയോടെ സ്വയം നിരാകരിക്കുകയും ചെയ്തിരിക്കുന്നു. അല്ലെങ്കില്‍, കൊറോണയ്ക്ക് മോഡേണ്‍ മെഡിസിനില്‍ ചികിത്സയില്ലെന്നറിഞ്ഞിരുന്നിട്ടും, മറ്റൊരു ചികിത്സാസമ്പ്രദായത്തെയും ഒരു രാജ്യവും അങ്ങോട്ടടുപ്പിക്കാതിരുന്നതിന് എന്തു ന്യായമാണുള്ളത്? ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനാവശ്യമായ എന്തെല്ലാം കാര്യങ്ങളാണ് വ്യത്യസ്തങ്ങളായ എത്രയോ ചികിത്സാസമ്പ്രദായങ്ങളിലായി ഇവിടെയുള്ളത്! ഭാരതീയസംസ്‌കൃതി ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന ഒരു ദേശീയ ഗവണ്‍മെന്റ് ഇവിടെയുണ്ടായിരുന്നിട്ടും, ഇന്ത്യയുടെ അഭിമാനമായ ആയുര്‍വേദമുള്‍പ്പെടെ ഒരു ചികിത്സാസമ്പ്രദായത്തെയും കൊറോണരോഗത്തിനെതിരായുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലും പരിചരണത്തിലും പങ്കുവഹിക്കാന്‍ അനുവദിച്ചില്ല എന്നത്,  ക്രൈസ്തവയൂറോപ്പും അമേരിക്കയും പ്രതിനിധാനം ചെയ്യുന്ന നവകൊളോണിയലിസത്തിന് ഇന്ത്യപോലും എത്രകണ്ട് വശംഗതയായിരിക്കുന്നു എന്നു തെളിയിക്കുന്നു.

അനന്തമായ കാലത്തിന്റെ പെന്‍ഡുലം, പ്രകൃതിയുടെ കാലഗണനയില്‍ ഒരു നിമിഷാര്‍ദ്ധത്തിന്റെമാത്രം ദൈര്‍ഘ്യമുള്ള ഇക്കഴിഞ്ഞ 500 വര്‍ഷക്കാലം പടിഞ്ഞാറോട്ട് ആടുകയായിരുന്നു എന്നു ചൂണ്ടിക്കാട്ടുന്നതിനാണ് ഇത്രയും പറഞ്ഞത്. ഈ ചുരുങ്ങിയ കാലയളവില്‍ മനുഷ്യന്‍ അവന്റെ ആന്തരികത വിട്ട് ബഹിര്‍മുഖത്വത്തിലേക്ക്, കേവലഭൗതികതയിലേക്ക്, സ്വകാര്യമാത്രപരത (individualism)യിലേക്ക് മാര്‍ച്ചുചെയ്യുകയായിരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, ശാസ്ത്രീയത, സ്ഥിതിസമത്വം, പരിഷ്‌ക്കാരം മുതലായ കപട മുദ്രാവാക്യങ്ങള്‍ മുഴക്കിനിന്ന നവനാഗരികതയെ, അത് യഥാര്‍ത്ഥത്തില്‍ നവകൊളോണിയലിസമാണെന്നറിയാതെ, അതിന്റെ ആത്മാവ് പണാര്‍ത്തിയിലേക്കും സുഖാര്‍ത്തിയിലേക്കും ഓരോരുത്തരെയും നയിക്കുന്ന മാമോനാണെന്നു തിരിച്ചറിയാതെ, ഏതോ മോഹനിദ്രയ്ക്കടിപ്പെട്ടിട്ടെന്നപോലെ ലോകജനതയാകെ പിന്തുടരുകയായിരുന്നു. ധനമൂര്‍ത്തിയെന്ന ഈ ദൈവത്തെ ആരാധിക്കാന്‍ കമ്പോളമെന്ന അള്‍ത്താരയൊരുക്കി, വ്യക്തിഗത ധനാര്‍ജനമെന്ന ഇഹലോകസ്വര്‍ഗ്ഗലബ്ധിക്കായി മാത്സര്യം, ചൂഷണം എന്നീ അനുഷ്ഠാനങ്ങളില്‍ വ്യാപൃതരായിരിക്കുകയായിരുന്നു, നാം. സമാന്തരമായി പരലോകലക്ഷ്യം വെച്ച് പൗരോഹിത്യം സൃഷ്ടിച്ച വ്യക്തിദൈവങ്ങളെ അതേ പൗരോഹിത്യം രൂപംകൊടുത്ത ആരാധനാനുഷ്ഠാനങ്ങളിലൂടെ ആരാധിച്ചും സ്തുതിച്ചും പ്രീണിപ്പിക്കുന്ന വ്യാജമതവിശ്വാസത്തിലും മുന്നേറി, നാം. ഈ വ്യാജമതവും മാമോന്‍മതവും ചേര്‍ന്നു പരത്തിയ അന്ധതയില്‍, സകല ജീവജാലങ്ങളെയും സംവഹിച്ച് അവയ്‌ക്കെല്ലാം ജീവദായകവും സുഖപ്രദവുമായ ആവാസവ്യവസ്ഥയൊരുക്കി നിന്ന ജീവനുള്ള ഈ ഭൂമിയെ നാം, വികസനപുരോഗതിക്കെന്നു വരുത്തിത്തീര്‍ത്ത് കുളംതോണ്ടുകയും പുകച്ചു പുറംതള്ളുകയുമായിരുന്നു. സര്‍വ്വവിധ സുരക്ഷയും പോഷണവും നിര്‍ബാധം പ്രദാനംചെയ്തുകൊണ്ടിരിക്കുന്ന ഗര്‍ഭപാ്രതത്തിനുള്ളില്‍ക്കിടന്ന് ഒരു ഗര്‍ഭസ്ഥശിശു ഗര്‍ഭപാത്രഭിത്തികള്‍ മാന്തിക്കീറി രക്തം കുടിച്ചു വളരാന്‍ ശ്രമിക്കുന്ന അതേ ഭോഷത്വത്തിലേക്ക് മുഴുവന്‍ മനുഷ്യരാശിയെയും നയിക്കുകയായിരുന്നു,  യൂറോപ്പു കേന്ദ്രീകരിച്ചു രൂപംകൊണ്ട (Euro-centric) ഈ നവനാഗരികത.
സെമറ്റിക് മതമൗലികവാദവും റോമന്‍ അധീശത്വവും ഇണചേര്‍ന്നുണ്ടായ ഈ നാഗരികതയും അതുയര്‍ത്തിപ്പിടിക്കുന്ന പ്രകൃതിവിരുദ്ധ വികസനവീക്ഷണവുമാണ് ഇന്നു മനുഷ്യകുലം നേരിടുന്ന സകല പ്രതിസന്ധികള്‍ക്കും അടിസ്ഥാനകാരണമെന്ന് മനുഷ്യനു ബോദ്ധ്യമാകാന്‍, കൂടുതലും നഗരങ്ങളെ തിരഞ്ഞുപിടിച്ചു വേട്ടയാടി മുന്നേറുന്ന ഈ കൊറോണാക്കാലം പര്യാപ്തമാണ്. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങള്‍; മണ്ണിലും വെള്ളത്തിലും വായുവിലും മനുഷ്യശരീരത്തിലും കൂടിവരുന്ന മാലിന്യക്കൂമ്പാരങ്ങള്‍; അവ ജന്മംകൊടുക്കുന്ന രോഗാണുക്കളുടെയും വൈറസുകളുടെയും തന്മൂലമുള്ള രോഗങ്ങളുടെയും പരമ്പരകള്‍; ആധുനിക അലോപ്പതി ചികിത്സാസമ്പ്രദായംമൂലമുള്ള രോഗപ്രതിരോധശേഷിയുടെ ശോഷണം ഒരു വശത്തും പരിണാമതത്ത്വപ്രകാരവും മ്യൂട്ടേഷനുകള്‍വഴിയും ഒന്നിനൊന്നു കരുത്താര്‍ജ്ജിച്ച് ആവിര്‍ഭവിക്കുന്ന പുതുതലമുറ രോഗാണുക്കളും വൈറസുകളും മറുവശത്തും! ഇതെല്ലാമായി ഇങ്ങനെ മുന്നോട്ടുപോയാല്‍ മനുഷ്യന്റെയും അവനെ താങ്ങി സംരക്ഷിക്കുന്ന ഈ ഭൂമിയുടെയും ആരോഗ്യസ്ഥിതി, ഒരു ദൂഷിതവലയത്തില്‍പ്പെട്ടിട്ടെന്നപോലെ, അധോഗതിയിലേക്കു താഴുകയേയുള്ളൂ എന്ന കാര്യം ഉറപ്പാണ്.  ഈ മഹാപ്രപഞ്ചത്തിന്, അതില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രകൃതിനിയമത്തിന്, ദൈവഹിതത്തിന്, എതിരായി പിടിച്ചുനില്‍ക്കാന്‍ ഏതു ജീവിവര്‍ഗ്ഗത്തിന്, എത്രനാള്‍ കഴിയും? പ്രകൃതിയെ തുരക്കുന്ന ഒരു ക്ഷുദ്രജീവിവര്‍ഗ്ഗമായി, ഇനിയും മനുഷ്യര്‍ തുടര്‍ന്നാല്‍ പ്രകൃതിയുടെ നിയമത്താല്‍ത്തന്നെ, മുന്തിരിത്തണ്ടില്‍ വസിക്കാത്ത ചില്ലപോലെ, മനുഷ്യകുലമാകെ പുറന്തള്ളപ്പെട്ട് ഉണങ്ങിപ്പോകു(യോഹ.15:1-7)കതന്നെ ചെയ്യും; ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുകതന്നെ ചെയ്യും.

സെമിറ്റിക്-റോമന്‍ സംഘടിത മതവ്യവസ്ഥയുടെയും അതിനെ അനുകരിച്ച് ഇന്നു നിലനില്‍ക്കുന്ന ഇതരമതവ്യവസ്ഥകളുടെയും പൊള്ളത്തരവും ഈ കൊറോണക്കാലം തുറന്നുകാട്ടിയിരിക്കുന്നു. സര്‍വ്വശക്തനും സ്‌നേഹമൂര്‍ത്തിയും കരുണാമയനും എന്നൊക്കെ വിശേഷിപ്പിച്ച് പുരോഹിതര്‍ അവതരിപ്പിച്ച ഒരു ദൈവവും ആരുടെയും ഒരു പ്രാര്‍ത്ഥനയും കേട്ടില്ല.  കൊറോണ എന്നു കേട്ടപ്പോള്‍ത്തന്നെ കുറെ രോഗശാന്തിപ്രസ്ഥാനക്കാര്‍ തങ്ങളുടെ കടകള്‍ പൂട്ടി മാളത്തിലൊളിച്ചു. പിന്നീട് ഗവണ്‍മെന്റിനെ അനുസരിക്കാനെന്ന ന്യായത്താല്‍ എല്ലാ മതകാര്യസ്ഥന്മാരും എല്ലാ ദൈവകടകളും പൂട്ടി മുറികള്‍ക്കുള്ളിലൊതുങ്ങി. അംബരചുംബികളായ പള്ളികളും മറ്റ് ആരാധനാലയങ്ങളും ധൂര്‍ത്തിന്റെയും അഹന്തയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നു! പ്രകൃതിയും അതിലുള്ള സകലതും മനുഷ്യന്റെ ഉപഭോഗത്തിനായി ദൈവം സൃഷ്ടിച്ചവയാണെന്നു വ്യാഖ്യാനിച്ചു പഠിപ്പിച്ചതിന്റെ ശിക്ഷ!

മനുഷ്യനെ വിനാശത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്ന യൂറോ-കേന്ദ്രിത (Euro-centric) ലോക കാഴ്ചപ്പാടിനെ തിരുത്തിക്കുറിക്കുന്ന ഒരു വീക്ഷണവ്യതിയാനം (Paradigm Shift) ഉണ്ടായേ പറ്റൂ. കാലത്തിന്റെ പെന്‍ഡുലത്തെ കിഴക്കിന്റെ ജ്ഞാനത്തിലേക്കു തിരിച്ചാടിച്ചുകൊണ്ടേ മനുഷ്യരാശിക്ക്  ഇനി ഈ ഭൂമിയില്‍ നിലനില്‍ക്കാനാകൂ. പ്രകൃതിയെയും ദൈവത്തെയും രണ്ടായിക്കണ്ടുള്ള, പ്രകൃതിയുടെ അസ്തിത്വത്തെയും മനുഷ്യന്റെ അസ്തിത്വത്തെയും രണ്ടായിക്കണ്ടുള്ള, എന്നെയും അപരനെയും രണ്ടായിക്കണ്ടുള്ള ഇന്നത്തെ കടുത്ത ദ്വൈതവാദത്തില്‍നിന്ന്, 'എല്ലാം ഒന്ന്' എന്ന അദ്വൈതദര്‍ശനത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍ തേടുന്നതിലേക്ക് മനുഷ്യന്‍ തിരിയേണ്ടതുണ്ട്. 'ബ്രഹ്മം' എന്ന, അല്ലെങ്കില്‍ 'ദൈവം' എന്ന പദം സമസ്തപ്രപഞ്ചത്തെയും, അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവും മനുഷ്യനെ സംബന്ധിച്ച് മിക്കവാറും അജ്ഞേയംതന്നെയുമായ അതിന്റെ രൂപ-ഭാവങ്ങളെയും, അതില്‍ അന്തര്‍ഹിതമായിരിക്കുന്ന പ്രകൃതിനിയമങ്ങളെയുമെല്ലാം ഉള്‍ക്കൊള്ളുന്നു. 'ഞാന്‍ ബ്രഹ്മമാകുന്നു' (അഹം ബ്രഹ്മാസ്മി) എന്ന ഉപനിഷത് ദര്‍ശനത്തിലും, 'ഞാന്‍ പിതാവുതന്നെ' എന്ന യേശുവിന്റെ ദര്‍ശനത്തിലും 'ഞാന്‍' ഈ മഹാപ്രപഞ്ചംതന്നെ എന്ന മനുഷ്യന്റെ കണ്ടെത്തലാണുള്ളത്.

മനുഷ്യന്‍ വീണ്ടും ഈ കണ്ടെത്തലിലേക്കു തിരികെവന്നാല്‍, തന്റെ ഉറവിടവും താന്‍തന്നെയും ആയിരിക്കുന്ന ഈ പ്രകൃതിയെ ദ്രോഹിക്കാനോ ചൂഷണംചെയ്യാനോ അവനു സാധിക്കില്ല; എന്നെപ്പോലെതന്നെ ഈ മഹാപ്രപഞ്ചശരീരത്തിലെ മറ്റൊരു കോശമായിരിക്കുന്ന അപരനെ ദ്രോഹിക്കാനോ ചൂഷണംചെയ്യാനോ കഴിയില്ല. മാത്രമല്ല, തന്നെയെന്നപോലെയല്ലാതെ അപരനെ കാണുകയെന്നതു പ്രയാസമായിത്തീരും. ഒന്നെന്നബോധം ഇവിടെ മൂല്യബോധത്തെയും സ്‌നേഹഭാവത്തെയും ഉല്പാദിപ്പിക്കുകയാണ്. സ്‌നേഹത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും ഈ അടിത്തറയില്‍, മനുഷ്യനോടും പ്രകൃതിയോടും അതിലെ സകല ചരാചരങ്ങളോടും ചേര്‍ന്നുപോകുന്ന ഐശ്വര്യപൂര്‍ണ്ണമായ ഒരു മാനുഷികജീവിതക്രമം രൂപപ്പെടും. ഓരോ അയല്‍പക്കസമൂഹവും കുടുംബബോധത്തില്‍ പ്രോജ്ജ്വലിച്ച് കൂട്ടായ്മാസമൂഹമായിത്തീരും. ഒരു വിശ്വകുടുംബവ്യവസ്ഥിതിയുടെ ഭാഗമായി അയല്‍ക്കൂട്ട സമൂഹങ്ങളും വാര്‍ഡ് സമൂഹങ്ങളും പഞ്ചായത്ത് സമൂഹങ്ങളുംമുതല്‍, ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും അടിസ്ഥാനത്തില്‍ വൈവിദ്ധ്യസമൃദ്ധമായ സംസ്ഥാനസമൂഹങ്ങളും ദേശീയസമൂഹങ്ങളും രാഷ്ട്രാതിര്‍ത്തികള്‍ ഭേദിച്ചുള്ള ലോകസമൂഹവുമുണ്ടാകും. ലോകം ഇന്നത്തെ പരാദ (parasitic) സമ്പദ്‌വ്യവസ്ഥയില്‍നിന്ന്, യേശുവും ഗാന്ധിജിയും ജെ.സി. കുമരപ്പയും വിഭാവനംചെയ്ത സേവന(ലെൃ്ശിഴ)സമ്പദ്‌വ്യവസ്ഥയിലേക്ക്, ഇന്നത്തെ ഇടുങ്ങിയ സ്വകാര്യമാത്രപരമായ ജീവിതക്രമത്തില്‍നിന്ന് ഡി. പങ്കജാക്ഷക്കുറുപ്പ് സ്വപ്നം കണ്ട പരസ്പരാനന്ദ ജീവിതക്രമത്തിലേക്ക് പരിവര്‍ത്തനപ്പെടും. കുടുംബസമൂഹംമുതല്‍ ലോകസമൂഹംവരെയുള്ള സാമൂഹികകൂട്ടായ്മകളുടെ ഓരോ തട്ടിലും പരമാവധി സ്വയംപര്യാപ്തയും സ്വയംഭരണവും അപ്പോളുണ്ടാകും. ഉപജീവനത്തിനുവേണ്ടി ജനിച്ചുവളര്‍ന്ന സ്വന്തം നാടും വീടും വിട്ടുപോകേണ്ട സാഹചര്യം ആര്‍ക്കും അന്നുണ്ടാവില്ല. നാടിനും പ്രകൃതിക്കും അനുസൃതമായുള്ള ശാസ്ത്രീയ കണ്ടെത്തലുകളും നാട്ടുകാരുടെ ആവശ്യമനുസ്സരിച്ചുള്ള സാങ്കേതികവിദ്യയും ഓരോ നാട്ടിലും വികസിക്കുകയും ലോകംമുഴുവനും പങ്കുവയ്ക്കപ്പെടുകയും ചെയ്യും.

നിരവധി ഋഷിമാരും ശ്രീബുദ്ധനും യേശുവും ശ്രീനാരായണഗുരുവും ഗാന്ധിജിയും ഏറ്റവുമവസാനം ഡി. പങ്കജാക്ഷക്കുറുപ്പും പങ്കുവെയ്ക്കുന്ന ജ്ഞാനത്തിന്റെയും മൂല്യങ്ങളുടെയും ഐശ്വര്യത്തിന്റെയുമായ പൗരസ്ത്യവഴി വീണ്ടും വെട്ടിത്തുറക്കാനുള്ള ആശ്രാന്തപരിശ്രമമാണ്, കൊറോണാനന്തര ജീവിതം ഭദ്രമാക്കാന്‍ മനുഷ്യരിനി നടത്തേണ്ടത്.

ഈ പ്രക്രിയയ്ക്കു തുടക്കമിടേണ്ടതും ചുക്കാന്‍ പിടിക്കേണ്ടതും ഓരോ മതസമൂഹങ്ങളിലെയും ഉല്പതിഷ്ണുക്കളാണ്. കാരണം, വ്യവസ്ഥാപിതമതങ്ങളില്‍ മനുഷ്യന്‍ വരുത്തുന്ന മൂല്യാധിഷ്ഠിതമാറ്റങ്ങളാണ് എക്കാലത്തും സാമൂഹികനവോത്ഥാനത്തിന് ഊര്‍ജ്ജം പകരുന്നത്. പുരോഹിതസൃഷ്ടമായ ദൈവങ്ങളെല്ലാം 'ഇല്ലാദൈവ'ങ്ങളായിരുന്നെന്ന് അനേകരെ ബോധ്യപ്പെടുത്തിയ ഈ ലോക്ഡൗണ്‍ കാലഘട്ടം, ദൈവശാപഭയംകൂടാതെ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ പറ്റിയ കാലഘട്ടവുംകൂടിയാണ്.

മതമെന്നാലത് പുരോഹിതസംവിധാനമോ ആചാരാനുഷ്ഠാനങ്ങളോ അല്ലെന്നും, മറിച്ച് ദര്‍ശനവും മൂല്യങ്ങളുമാണെന്നും, അതനുസരിച്ചുള്ള ജീവിതമാണു മതജീവിതമെന്നും സധൈര്യം ഉദ്‌ഘോഷിക്കാന്‍ കാലമായിരിക്കുന്നു.

No comments:

Post a Comment