Translate

Saturday, August 1, 2020

നാം മറന്ന സുവിശേഷം (തുടര്‍ച്ച)


  •  ജോസഫ് മറ്റപ്പള്ളി
ഫോണ്: 9495875338

['ലൂമന് ഇന്ത്യ'യുടെ ആഭിമുഖ്യത്തില് മെയ് മാസത്തില് നടന്ന അന്തര്ദേശീയ ഓണ്ലൈന് വീഡിയോ സെമിനാറില് അത്മായസമൂഹത്തെ പ്രതിനിധീകരിച്ച് ലേഖകന് നടത്തിയ പ്രഭാഷണത്തിന്റെ അവസാനഭാഗം]


        ബൈബിളിലെ ഓരോ വചനത്തിനും, ഓരോ സംഭവങ്ങള്ക്കും ഒത്തിരിയര്ത്ഥങ്ങളുണ്ട്. ഇന്നേവരെ ആരും കണ്ടതായിരിക്കണമെന്നില്ല അവയൊന്നും. നമ്മുടെ ശരീരം കോശങ്ങളാല് നിര്മ്മിതമാണെങ്കില് കോശങ്ങളില്നിന്നു പ്രസരിച്ചുകൊണ്ടിരിക്കുന്ന രശ്മികളെപ്പറ്റിയുംകൂടി ഓര്മ്മിക്കുക. ഒരു കോശത്തില് നിന്നു പതിനായിരത്തിലേറെ വ്യത്യസ്ത ഫ്രീക്വന്സികളിലുള്ള പ്രസരണങ്ങള് സംഭവിക്കുന്നുവെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പ്രസരണങ്ങള്വഴിയാണ് കോശങ്ങള് പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രസരണങ്ങള് ശരീരത്തിനുപുറത്ത് ഒന്നിച്ചു ചേരുമ്പോഴുണ്ടാകുന്നതാണ് 'ഓറാ' എന്നറിയപ്പെടുന്ന ഊര്ജ്ജ ശരീരം. കാന്തികരേഖകള് കൂടിച്ചേര്ന്ന് ശക്തമായ മറ്റൊരു കാന്തികമേഖല ഉണ്ടാകുന്നതുപോലെയാണിതും. ഓറാ ചുറ്റുപാടുകളിലുള്ളതെല്ലാമായും സദാ ബന്ധപ്പെട്ടിരിക്കുന്നു. അവിടെ സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായതെല്ലാം പ്രകാശവലയം അറിയുന്നു. നിശ്ശബ്ദതയില് സന്ദേശങ്ങള് ഉള്ക്കാഴ്ചകളായി നമുക്കനുഭവപ്പെടും, അവബോധത്തില് നാമിത് തിരിച്ചറിയുകയും ചെയ്യും.

അതവിടെ നില്ക്കട്ടെ! നാം ആവുന്ന കാലത്ത് സൃഷ്ടിച്ചിരിക്കുന്ന പാപങ്ങള് എന്നു വിളിക്കപ്പെടുന്ന ഫലം പ്രതീക്ഷിച്ചിരിക്കുന്ന മുഴുവന് കാരണങ്ങളും, മേഘങ്ങളായും അഴുക്കുകളായുമെല്ലാം ഓറായില് കാണും. ഓറായിലുള്ള മാലിന്യങ്ങളെ നീക്കുന്നതു വഴി രോഗസൗഖ്യം കിട്ടും. പ്രാണിക് ഹീലിങ് അതാണ് ചെയ്യുന്നത്, റയ്ക്കിയും ഇതാണ് ചെയ്യുന്നത്. ഇതെല്ലാം പിശാചിന്റെ പണിയാണെന്ന് കുട്ടിപ്പിശാചുകള്ക്കേ തോന്നൂ. കാരണങ്ങളില്നിന്നു നാം മുക്തമായാലോ? പ്രകാശമേറിയതായിരിക്കും, അല്ലെങ്കില് പ്രകാശം മാത്രമായിരിക്കും നമ്മുടെ ഊര്ജ്ജശരീരം. അത് സൂചിപ്പിക്കാനാണ്, വിശുദ്ധരുടെ ശിരസ്സിനു മുകളില് ഒരു വലയം നാം കാണിക്കുന്നത്. സൂക്ഷ്മശരീരശുദ്ധതകൊണ്ട് മറ്റൊരു മാറ്റവും ശരീരത്തില് സംഭവിക്കും -  സ്പോഞ്ചിനകത്തെ വെള്ളം പിഴിഞ്ഞു കളഞ്ഞതുപോലെ, നാമെല്ലാം ഭാരരഹിതരാവും. ശരീരം ഭാരരഹിതമായാലോ? അത്തരക്കാര് ഭൂമിയില് നില്ക്കാന് വിഷമിക്കും. വി. അന്തോനീസിനു മാത്രമല്ല ഇതനുഭവപ്പെട്ടിട്ടുള്ളത്. അത്തരം ലെവിറ്റേഷന് അനുഭവത്തിലൂടെ കടന്നു പോയ നിരവധി സാത്വികര് ഭാരതത്തിലുണ്ടായിരുന്നു. അപ്പോള്, അല്പ്പംപോലും മാലിന്യമില്ലാതിരിക്കുന്നവനെന്നു നാം പറയുന്ന യേശുവോ? കടലിനു മീതെ നടക്കാനായിരുന്നോ, ഭാരമില്ലാതിരുന്നതുകൊണ്ട് കരയില് ചവിട്ടി നില്ക്കാനായിരുന്നോ യേശു കൂടുതല് വിഷമിച്ചതെന്നു ചിന്തിക്കേണ്ടി വരും. അവനവനു വേണ്ട അര്ത്ഥം എടുക്കാന് ഓരോരുത്തരെയും അനുവദിക്കുകയെന്നതും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എല്ലാം നിയന്ത്രിക്കാനുള്ള ശേഷി ദൈവത്തിനുണ്ട് - നാമാരും ബേജാറാവണ്ട. എന്റെ മനസ്സിലാക്കലുകളനുസരിച്ചാണെങ്കില്, വി. ബൈബിള് സുന്ദരമായ ഒരു ശാസ്ത്ര ഗ്രന്ഥമാണ്. മനസ്സിലാക്കലുകളുടെ പോരായ്മകൊണ്ട് ഒട്ടേറെ തിരുത്തലുകള് നാമതില് വരുത്തിയിട്ടുണ്ടെന്ന് ഖേദപൂര്വ്വം പറയട്ടെ.

            ഒരെണ്ണം ഞാന് ചൂണ്ടിക്കാണിക്കാമിപ്പോള്. മറ്റു മതക്കാര്ക്കും താല്പ്പര്യമില്ലാത്ത ഒരു വചനമാണ് മൂല ബൈബിളുകളിലൊന്നായ കിങ് ജയിംസ് വേര്ഷനിലുള്ള വി. മത്തായിയുടെ സുവിശേഷത്തിലുള്ള വചനം (6: 22-23). 'The light of the body is the eye: if therefore thine eye be single, thy whole body shall be full of light.' അതിന്റെ പി സി തര്ജ്ജമ, 'കണ്ണാണു ശരീരത്തിന്റെ വിളക്ക്, കണ്ണ് കുറ്റമറ്റതെങ്കില് ശരീരം മുഴുവന് പ്രകാശിക്കും' എന്നാണ്. ഉള്ക്കണ്ണിനെപ്പറ്റി യേശു പറഞ്ഞു, നാം മറ്റെന്തിനെപ്പറ്റിയോ പറയുന്നു. അങ്ങനെയൊരു മൂന്നാം കണ്ണ് നമുക്കുണ്ടെന്നു സമ്മതിച്ചാല്, അത് പറഞ്ഞത് കര്ത്താവാണെങ്കിലും ശരിയാവില്ലല്ലോ! പക്ഷേ നാമറിയുന്നില്ല, നമ്മുടെ ഓര്മ്മ ശരിയാവാനും ബുദ്ധിക്കു തെളിമയുണ്ടാകാനും നാം ചൊറിയുന്നത് നെറ്റിയുടെ മദ്ധ്യത്തില് പുരികങ്ങളിലാണെന്ന്. എത്രയെത്ര തെളിവുകള്! സത്യമായ ശാസ്ത്രത്തെ നിഷേധിക്കുന്നതുവഴി വിശ്വാസികള്ക്ക് വലിയ ദോഷമാണ് സഭ ചെയ്തുകൂട്ടിയിരിക്കുന്നത്. യോഗാ സാത്താന്റെ മാര്ഗ്ഗമാണെന്ന് പറഞ്ഞുവെച്ചിരിക്കുന്നു! നാമൊന്നോര്ക്കണം, ഹിന്ദുവിസവും ക്രിസ്തുവിസവുമൊക്കെ ഉണ്ടാകുന്നതിനുമുമ്പ്, പഴയനിയമമുണ്ടാകുന്നതിനും മുമ്പ്, ഇവിടെ ഉണ്ടായതാണ് യോഗാ. അതാരും ഉണ്ടാക്കിയതുമല്ല - പതഞ്ജലി മഹര്ഷി അത് ചിട്ടപ്പെടുത്തുകയേ ചെയ്തിട്ടുള്ളു. അതിനു മതവുമില്ല, ജാതിയുമില്ല. ഉറക്കത്തില് ശ്വസിക്കുന്നതുപോലെ പകല് ബോധപൂര്വ്വം ശ്വസിച്ചാല്  പള്ളിക്കണക്കിലതു യോഗായാണ്. ഉറങ്ങിയുണരുമ്പോള് നാം എത്ര ഉന്മേഷവാന്മാരാണെന്നു കാണാത്തതെന്ത്? ഒരു മിനിറ്റിലുള്ള ശ്വാസത്തിന്റെ എണ്ണം അവിടെ കുറയുന്നു. ഒരു മിനിറ്റില് ഒരു ജീവിയെടുക്കുന്ന ശ്വാസത്തിന്റെ എണ്ണവും ആയുര്ദൈര്ഘ്യവും തമ്മില് അഭേദ്യമായ ബന്ധമുണ്ട്. ഹ്യൂമന് റെസ്പിറേറ്ററി റെയിറ്റ് 12 -20 ആണ്. കുരങ്ങിന്റേത് 37 ആണ്. 300 വര്ഷങ്ങള് ജീവിക്കുന്ന ആമയുടേത് മിനിറ്റില് 2 അല്ലെങ്കില് 3 ആണ്. യോഗാ ചെയ്തു തുടങ്ങി ഈശ്വരവിശ്വാസം നഷ്ടപ്പെട്ട ഒരൊറ്റ വ്യക്തിയെ ചൂണ്ടിക്കാണിക്കാന് ആര്ക്കെങ്കിലും സാധിക്കുമോ? അടുത്ത കാലത്ത് ഒരു ഞരക്കം ഞാന് കേട്ടു, 'യോഗാ ചെയ്തോ, പക്ഷേ, ശ്രദ്ധിക്കണം.' അതിനീ സാധനം ഇവിടുണ്ടോയിപ്പോള്? കരിസ്മാറ്റിക്കിനുപകരം യോഗാ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്, നമ്മുടെ പ്രതിരോധശേഷിയും നമ്മുടെ ശരാശരി ആയുസ്സും കൂടിയേനെ!

ചിന്തിക്കാനും ആയിരിക്കാനും ഓരോ വിശ്വാസിക്കുമുള്ള സ്വാതന്ത്ര്യം ഇവിടെ ഹനിക്കപ്പെടുന്നു. നസ്രാണി സമൂഹത്തെ ഒരു മതം എന്ന രീതിയിലാണ് സഭാധികാരികള് കാണുന്നതെന്നത് കഷ്ടംതന്നെയാണ്. ക്രിസ്തുവിന്റെ  പിന്നാലെ കൂടിയിരിക്കുന്ന സമൂഹത്തെ ഒരു മതമായിട്ടല്ല; പകരം, ഒരു ജീവിതക്രമമായിട്ടോ ശൈലിയായിട്ടോ  നാം കാണേണ്ടിയിരുന്നു. യഹൂദമതത്തില്നിന്നു പൊട്ടിമുളച്ച ക്രിസ്തുമതത്തില്, യേശു ഒരിക്കലും പൗരോഹിത്യാധിപത്യം കരുതിയിരുന്നെന്ന് എനിക്ക് തോന്നുന്നില്ല. മറ്റു സെമറ്റിക് മതങ്ങളില്നിന്ന് ക്രിസ്ത്യാനികള്ക്കുണ്ടായിരിക്കേണ്ടിയിരുന്ന ഒരു പ്രധാന വ്യത്യാസം അതായിരിക്കണമായിരുന്നു. മതം അന്നൊരു സമുദായമായിരുന്നില്ല - നിങ്ങള് ലോകത്തിന്റെ പ്രകാശമാകുന്നുവെന്ന് പറഞ്ഞ യേശുവിനെ സംബന്ധിച്ചിടത്തോളം മതം ഉണ്മയെ സംബന്ധിച്ച ഒരു കാഴ്ച്ചപ്പാടുമാത്രമായിരുന്നു.

സഭയുടെ അടിസ്ഥാന കണ്ണിയായി, പിരിവിന്റെ കാര്യത്തില്മാത്രമേ അത്മായന് ഇന്നു പരിഗണിക്കപ്പെട്ടിട്ടുള്ളു. ഇടവകകളുടെ നേതൃത്വത്തില് ധാരാളം സംഘടനകളുണ്ട്. ഏതു സംഘടനയാണെങ്കിലും പണലാഭത്തിലേ അതവസാനിക്കൂ; സംഘടന ഗര്ഭിണികളുടേതായാലും അതിന്റെ സുപ്രീഞ്ഞോര് വികാരിയച്ചനായിരിക്കുകയും ചെയ്യും. സൊഡാലിറ്റിയുണ്ട്, പെരുന്നാളിന്  അഞ്ചു രൂപക്കു ഐസ്ക്രീം വാങ്ങി പത്തു രൂപായ്ക്കു വിറ്റു ലാഭമുണ്ടാക്കി ചാരിറ്റി കാണിക്കാനാണ് അവിടെയും പഠിപ്പിക്കുന്നത്. വ്യക്തികള്ക്ക് വേണ്ട പ്രവര്ത്തനസ്വാതന്ത്ര്യം ചിന്തയിലും വാക്കുകളിലും പ്രവൃത്തികളിലും നല്കി യേശുവിന്റെ ശരീരത്തെയല്ല, ആത്മാവിനെ അനുഗമിക്കുന്ന ഒരു സമൂഹം രൂപപ്പെടുത്താന് ഇനിയും മടിച്ചുകൂടാ.

മക്കളുടെ കല്യാണസമയത്ത് മദ്ബഹായ്ക്കു മുമ്പില്നിന്നുകൊണ്ട് കത്തോലിക്കാ കാരണവന്മാരുടെ ഒരു പ്രാര്ത്ഥനയുണ്ട് - 'കര്ത്താവേ, ഞങ്ങളന്വേഷിക്കാവുന്നിടത്തോളം അന്വേഷിച്ചതാ... ഇനി നീ നോക്കിക്കോണം.  കാര്യങ്ങള് ഞങ്ങളുടെ കൈയിലല്ലെന്നറിയാമല്ലോ, നിനക്ക്'. ഇത്തരം പ്രാര്ത്ഥനകളല്ല നമുക്കു വേണ്ടത്. ചൊറിക്കും ചിരങ്ങിനുമെല്ലാം പ്രത്യേകം പ്രത്യേകം നൊവേനകളും ഉടമ്പടികളും പ്രാര്ത്ഥനകളും നമുക്കുണ്ട് - അതാതിനു സ്പെഷ്യലിസ്റ്റ് പുണ്യവാന്മാരുമുണ്ട്. ദൈവത്തിന്റെ ഇഷ്ടം തന്നില് നടപ്പാക്കാനുള്ള ശക്തിയാണ് ഒരു വിശ്വാസിക്കു വേണ്ടതെന്നു പറഞ്ഞുകൊടുക്കാന് ആരുമില്ല! 'ലോകാ സമസ്താ സുഖിനോ ഭവന്തു'വെന്നാണ്, ഭാരതം പ്രാര്ത്ഥിച്ചത്.  അതില് സമസ്ത ജീവജാലങ്ങള്ക്കും സുഖമുണ്ടായിരിക്കട്ടെയെന്ന് ആശംസിച്ചിട്ടേയുള്ളു - ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെടുകയോ അഭ്യര്ത്ഥിക്കുകയോ ചെയ്തിട്ടില്ല. വേദങ്ങളും ഉപനിഷത്തുകളുമൊന്നും മതം നിര്ദ്ദേശിച്ചിട്ടില്ലെന്നും ഓര്ക്കണം. ലോകത്തു ജനിക്കുകയും തകരുകയും ചെയ്തിട്ടുള്ള അനേകം സംസ്കാരങ്ങള് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും തുടരുന്നത്, വേറിട്ടു നിന്ന ഭാരതസംസ്കാരം മാത്രമാണെന്നും നാമോര്ക്കണം.

ദൈവം സ്ഥാപിച്ച പ്രപഞ്ചനിയമങ്ങള്, ഒരു പെരുന്നാള് നടത്തിയവനുവേണ്ടി ദൈവം മാറ്റുമെന്ന് കരുതുന്നവനെ വിഡ്ഢിയെന്നു വിളിക്കാന് എന്തിനു മടിക്കണം? മനുഷ്യനെ അവന്റെ വഴിക്കു വിട്ടിരുന്നെങ്കില് ഒരിക്കലും അങ്ങനെ സംഭവിക്കില്ലായിരുന്നു. കാനോന് നിയമങ്ങളോട് അനുസരണയില് ജീവിക്കുന്ന ഒരു കോടി വിശ്വാസികള്ക്ക് വേണ്ടിയായിരുന്നില്ല; പകരം, ശരിയില് ജീവിക്കാന് ആഗ്രഹിക്കുന്ന പത്തുപേര്ക്ക് വേണ്ടിയുള്ളതാകണമായിരുന്നു നമ്മുടെ പെരുമാറ്റ സംസ്കാരവും നിയമങ്ങളും! അടിസ്ഥാന മാറ്റമുണ്ടാകാതെ മുകളില് ഗാര്ണിഷിങ് നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നു ഞാന്  വിശ്വസിക്കുന്നു.

നിരവധി അവാര്ഡുകള് വാരിക്കൂട്ടിയവര്മാത്രം നിരന്നിരിക്കുന്ന ഒരു ഓര്ക്കസ്ട്രായില് എല്ലാവരും അവരവരുടെ മികച്ച സൃഷ്ടികള് ഒരേസമയം പ്രദര്ശിപ്പിച്ചാല് ഇംഗ്ലീഷില് നാമതിനെ പറയുന്നത് രമരീുവീി്യ എന്നാണ് -  ശുദ്ധ അലമ്പ്! പ്രപഞ്ചത്തില്, ഓരോരുത്തര്ക്കും അവരവരുടേതായ ധര്മ്മമുണ്ട് - ചിലര്ക്കു പ്രപഞ്ചത്തിന്റെ കണ്ണാവാന്, ചിലര്ക്ക് എല്ലാവാന്; നമ്മെ ഭരമേല്പിച്ച ദൗത്യം നാം ചെയ്യുക. അപ്പോള് പ്രപഞ്ചത്തിന്റെ മനോഹരമായ ഓര്ക്കസ്ട്രാ   നമുക്കാസ്വദിക്കാന് കഴിയും. വെളിച്ചം അനുഭവപ്പെടണമെങ്കില്, ഇരുട്ടവിടെ വേണം. ഒന്നു ശരിയായിരിക്കണമെങ്കില്, താരതമ്യപ്പെടുത്താന് ഒരു തെറ്റവിടെ വേണം. ദൈവം ഓരോരുത്തര്ക്കും ഒരു ദൗത്യം കൊടുത്തിട്ടുണ്ട്. അതിനെ ശരിയെന്നും തെറ്റെന്നും നാം വിധിക്കാതിരിക്കുക. കൊക്കൂണില്നിന്ന് പുറത്തിറങ്ങാന് ചിത്രശലഭത്തെ സഹായിച്ചാല് എന്താണോ സംഭവിക്കുക, അതാണ് മലയാളി ക്രിസ്ത്യാനി ചിത്രശലഭങ്ങള്ക്ക് മതംമൂലം സംഭവിച്ചിരിക്കുന്നത്.

ആത്മാവില് ദൈവത്തോടൊപ്പം ആയിരിക്കാനും, മനസ്സാ അവിടുത്തെ ഇഷ്ടം ഇവിടെ നടപ്പാക്കാനും, സ്നേഹം ഒരു ജീവിതമാര്ഗ്ഗമായി കാണാനും ഒരുവനെയും സമ്മതിക്കാത്ത സംവിധാനത്തോട് എനിക്കൊന്നേ പറയാനുള്ളു - ഇതിനു നിങ്ങള് ദൈവതിരുമുമ്പില് മറുപടി പറയേണ്ടിവരും; അത് മെത്രാനാണെങ്കിലും ഷെവലിയാറാണെങ്കിലും. 'മാറ്റുവിന് ചട്ടങ്ങളെ സ്വയ, മല്ലെങ്കില് മാറ്റുമതീ നിങ്ങളെത്താന്.'  കുമാരനാശാന്റെ  കുറുമ്പ് കവിതാശകലമാണ് എനിക്കും ബന്ധപ്പെട്ടവരെ ഓര്മ്മിപ്പിക്കാനുള്ളത്. കേട്ടിരുന്ന എല്ലാവര്ക്കും, ഇതിനവസരമുണ്ടാക്കിത്തന്ന ലൂമെന് ഇന്ത്യയുടെ പ്രവര്ത്തകര്ക്കും  നന്ദി!


No comments:

Post a Comment