Translate

Wednesday, August 26, 2020

പ്രാർഥനകളിലെ ഉഗ്രൻ തമാശകൾ


ജോസഫ് പുലിക്കുന്നേൽ
(ഓശാന മാസിക, ജൂലൈ 1997)

ചോദ്യം:   ഈ അടുത്തയിടെ പാലായിൽ കുരിശുപള്ളിക്കവലയിൽ വണക്കമാസം 'കാലംകൂടൽ' നടക്കുമ്പോൾ മൈക്കിലൂടെ വന്ന ഒരു പ്രാർത്ഥനയെക്കുറിച്ചുള്ള എന്റെ സംശയം തീർത്തുതരണമെന്നഭ്യർത്ഥിക്കുന്നു. പ്രാർത്ഥന മാതാവിനെക്കുറിച്ചുള്ളതാണ്.
''പിതാവായ ദൈവത്തിന്റെ പുത്രിയും പുത്രനായ ദൈവത്തിന്റെ അമ്മയും പരിശുദ്ധാരൂപിയുടെ മണവാട്ടിയും ആയ ഞങ്ങളുടെ അമ്മേ .....''
ഞാൻ വേദോപദേശത്തിൽ പഠിച്ചിട്ടുള്ളത് ത്രിത്വത്തിന്റെ രഹസ്യമനുസരിച്ച്, ദൈവത്തിന് മൂന്ന് ആളത്വമു ണ്ടെങ്കിലും ഒരു സത്തയാണെന്നാണ്. അങ്ങനെയാണെങ്കിൽ മറിയം എങ്ങനെ പിതാവിന്റെ പുത്രിയും പുത്രൻ തമ്പുരാന്റെ അമ്മയും പരിശുദ്ധാരൂപിയുടെ മണവാട്ടിയുമാകും? ഒരേയവസരത്തിൽ ത്രിയേക ദൈവത്തിന്റെ പുത്രിയും അമ്മയും മണവാട്ടിയുമാകാൻ മറിയത്തിനു കഴിയുമോ? മറിയം ദൈവത്തിന്റെ പുത്രിയും പരുശുദ്ധാരൂപിയുടെ മണവാട്ടിയുമാണെങ്കിൽ എങ്ങനെ ദൈവമാതാവാകും?
ദയവായി എന്റെ സംശയത്തിനു  ഓശാനയിലൂടെ മറുപടി നൽകണം.

ഉത്തരം : 
ഏതോ വിവരദോഷിയായ ഒരച്ചനെഴുതി അച്ചടിച്ചു ഭക്തിഭ്രാന്തന്മാരെ ചൂഷണം ചെയ്യാൻ ഇംപ്രിമാത്തൂർ വാങ്ങി പ്രസിദ്ധീകരിച്ച ഒരു പ്രാർത്ഥനയാണിത്. നമ്മുടെ മനുഷ്യർക്ക് പ്രാർത്ഥനാപുസ്തകത്തിൽ അടിച്ചുവിടുന്നത് ചൊല്ലുന്നതിനപ്പുറം അതിന്റെ അർത്ഥമെന്താണെന്നന്വേഷിക്കേണ്ട കാര്യമില്ല.

ഇന്ന് ഭക്തി ഒരു വലിയ വ്യവസായമാണ്. അവർക്കിന്ന് 'തിയോളജി'യി ലുള്ളതിനെക്കാൾ കൂടുതലായി  'മണിയോളജിയി'ലാണ് കണ്ണ്. ഇംപ്രിമാത്തൂറോടുകൂടി പ്രസിദ്ധീകരിക്കന്ന നമ്മുടെ പല പ്രാർത്ഥനാപുസ്തകങ്ങളും വായിച്ചാൽ പലപ്പോഴും ചിരിവരും. പണ്ട് മാന്നാനത്തുനിന്നും പ്രസിദ്ധീകരിച്ച 'നിത്യാരാധന' എന്നു പറയുന്ന ഒരു തടിച്ച ഗ്രന്ഥമുണ്ടായിരുന്നു. മാർ യൗസേപ്പു പിതാവിന്റെ അച്ചുകൂടത്തിൽ അച്ചടിച്ചു വിറ്റിരുന്ന ഈ ഗ്രന്ഥം എത്രയായിരം പ്രതി വിറ്റഴിച്ചു എന്നതിന് ആർക്കും കണക്കില്ല. അന്നത്തെ കാലത്ത് വമ്പിച്ച ആദായത്തിലായിരുന്നു ഈ ഗ്രന്ഥവില്പന. എന്തെല്ലാം ഉഗ്രൻ തമാശകളാണ് ഇതിനകത്ത് എഴുതി പിടിപ്പിച്ചിരുന്നതെന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ ചിരിവരും.

ഭക്തി ഒരുതരം മദ്യമാണ്. ഇതു നല്ല വിലയ്ക്കു വില്ക്കുന്ന 'ബാറു'കളായിത്തീർന്നിരിക്കുന്നു നമ്മുടെ പല 'വിശുദ്ധ' അച്ചടിസ്ഥാപനങ്ങളും. യൗസേപ്പു പിതാവിനെക്കുറിച്ചുള്ള ഒരു പ്രാർത്ഥന കേട്ടാലും: ''ഭൂമണ്ഡലത്തിൽ ഉന്നത മഹിമയും മേൽപ്പെട്ട അധികാരവും കൈക്കൊണ്ടിരിക്കുന്ന പിതൃപ്പിതാവായ മാർ യൗസേപ്പേ! അങ്ങയെ സേവിച്ചുവണങ്ങി സ്‌തോത്രം ചെയ്യുന്നു. ബാവാ, പുത്രൻ, റൂഹാദ്ക്കൂദിശാ ആയ ത്രി  തൈ്വക സർവ്വേശ്വരൻ, തന്റെ സ്വർഗ്ഗീയ നിക്ഷേപമെല്ലാം അങ്ങേ തൃക്കൈകളിൽ ഏൾപിച്ചിരിക്കുന്നതിനാൽ അങ്ങിൽ ശരണപ്പെട്ട് അപേക്ഷിക്കുന്നവർക്ക് സകലവിധ നന്മകളെയും കൊടുത്തുകൊണ്ടുവരുന്നല്ലോ......''

എന്താണാവോ ഈ പിതൃപ്പിതാവ്?! സകല നന്മയും ദൈവത്തിന്റെ എല്ലാ നിക്ഷേപങ്ങളും യൗസേപ്പിതാവിന് ദൈവം തീറാധാരം എഴുതിക്കൊടുത്തുവത്രേ! ഇതാ വേറൊരു ഭാഗം: ''ബാവാ തമ്പുരാന്റെ പള്ളിയറക്കാരനും, പുത്രൻ തമ്പുരാന്റെ വളർത്തുപിതാവും റൂഹാദ്കൂദിശാതമ്പുരാന്റെ സ്ഥാനത്തിൽ തന്റെ പത്‌നിയുടെ വിരക്തിക്ക് തുണയായവനും അങ്ങുന്നാകുന്നു. ത്രിത്വത്താൽ ദിവ്യരഹസ്യങ്ങളുടെ നിക്ഷേപക്കാരനായിട്ടു തെരഞ്ഞെടുക്കപ്പെട്ടവനും സകലവും സൃഷ്ടിച്ച ആളിന്റെ മാതാവിന്റെ ഉത്തമഭർത്താവും അങ്ങുന്നാകുന്നു.....''
ഉത്തമഭർത്താവാകുന്നത് 'പത്‌നിയുടെ വിരക്തിക്കു' തുണയായിക്കൊണ്ടാണ് എന്നെഴുതിയ ഈ ഭക്തിഭ്രാന്തിനെക്കുറിച്ച് എന്തുപറയാൻ! ഇത്തരം ഭക്തിഭ്രാന്തന്മാർ സൃഷ്ടിക്കുന്നത് ദൈവനിഷേധമാണ്.

'സഹസഹരക്ഷകൻ'
ചോദ്യം : മാതാവിനെ 'സഹരക്ഷക'യായി പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ ചില മെത്രാന്മാർവരെ ഇന്നാവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാനാഗ്രഹിക്കുന്നു.
ഉത്തരം : 
പ്രഖ്യാപിച്ചോട്ടെ; എനിക്ക് ഒരെതിരുമില്ല. നല്ലവളായ മറിയം മരിച്ച് 2000 കൊല്ലം കഴിഞ്ഞപ്പോൾ ഇത്തരം ഒരു ബുദ്ധി തോന്നിയവരെക്കുറിച്ചോർത്ത് സ്വർഗ്ഗത്തിലിരുന്നു മറിയം കണ്ണുനീർ തൂകുന്നുണ്ടാവണം. 

എനിക്കൊരപേക്ഷയുണ്ട്. 3000-മാകുമ്പോഴേയ്ക്കും മാർ യൗസേപ്പുപിതാവിനെ 'സഹസഹരക്ഷകനാ'യുംകൂടി ഉയർത്തണം. കാരണം, അങ്ങേരാണല്ലോ വേല ചെയ്ത് കഞ്ഞിയും വെള്ളവും കൊടുത്ത് ബാലനായ യേശുവിനെയും അമ്മയായ മറിയത്തെയും സംരക്ഷിച്ചത്. അദ്ദേഹത്തോളം വലിയൊരു ത്യാഗി ഭൂമുഖത്തിൽ വേറെയാരും ഇല്ല.

ആദിമക്രൈസ്തവ വിശ്വാസമനുസരിച്ച് യേശു പാപിയായ മനുഷ്യന്റെ രക്ഷകനാണ്. ഇപ്പോഴിതാ മറിയത്തെയും സഹരക്ഷകയായി സഭ ഉയർത്താൻ പോകുന്നു! തിരുകുടുംബ ത്തിലെ രണ്ടുപേരെയും ഇങ്ങനെ സഭാപ്രഖ്യാപനംകൊണ്ട് ഉയർത്തിയ നിലക്ക് എന്തുകൊണ്ട് മാർ യൗസേപ്പിനും ഔദ്യോഗികമായ ചില സ്ഥാനങ്ങൾ കൊടുത്തുകൂടാ? ഇക്കാര്യത്തെക്കുറിച്ച് യൗസേപ്പു നാമധാരികളായ നമ്മുടെ മെത്രാന്മാർ ഒന്നു സീരിയസായി 'തിങ്കു' ചെയ്യുന്നത് നന്നായിരിക്കും. (എന്റെ പേരിനു കാരണക്കാരനും അങ്ങേരായതുകൊണ്ട് ഇക്കാര്യത്തിൽ എനിക്കും ചില്ലറ താല്പര്യമുണ്ട്.)
                                                                                                                      

No comments:

Post a Comment