Translate

Tuesday, August 25, 2020

ക്രിസ്തു അനാവരണം ചെയ്ത ദൈവശാസ്ത്രത്തിന്റെ മര്‍മം

 ജോസഫ് പുലിക്കുന്നേൽ
(ഓശാന മാസിക, 1985 ജനുവരി)

രണ്ടു തരം മതവീക്ഷണങ്ങളുണ്ട്.

1) പാപിയായ മനുഷ്യന്‍ ദൈവത്തെ അന്വേഷിച്ചു ചെല്ലുന്നു. അവന്‍ ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ബലിയും വഴിപാടുമായിട്ടാണ് ദൈവത്തിങ്കലേക്ക് ചെല്ലുന്നത്.

2) ദൈവം തന്റെ അനന്ത സ്‌നേഹത്താല്‍ പാപിയായ മനുഷ്യനെ അന്വേക്ഷിച്ചു വന്നു. അവനെ വീണ്ടെടുക്കുന്നു. അവനെ തന്റെ സ്‌നേഹത്തിന് അര്‍ഹനാക്കുന്നു.

ക്രൈസ്തവവിശ്വാസം രണ്ടാമത്തെ വിധത്തിലുള്ള മതവീക്ഷണത്തിലാണ് ഊന്നി നില്‍ക്കുന്നത്. യേശു മൂന്ന് ഉപമകളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ഒരാടിനെ തേടി അലയുന്ന ഇടയന്‍ (ലൂക്കാ.15.3-7). വെള്ളിനാണയം നഷ്ടപ്പെട്ട സ്ത്രീ(ലൂക്കാ. 15.8).ധൂര്‍ത്തപുത്രനെ സ്‌നേഹിച്ച പിതാവ്(ലൂക്കാ.15.24).

ഈ ഉപമകള്‍ പ്രത്യേകം പഠനാര്‍ഹങ്ങളാണ്. ആട് വിശേഷബുദ്ധിയില്ലാത്തതാണ്. ഇടയനാകട്ടെ ആടിന് വിശേഷബുദ്ധിയില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആടിനെ അന്വേഷിച്ച് ഇറങ്ങുന്നു. രണ്ടാമത്തെ ഉപമയില്‍ നാണയം അചേതനമാണ്. അതിന്നു തന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാനാവില്ല. എങ്കിലും ഉടമസ്ഥന്‍ ആ നാണയത്തിനുവേണ്ടി വീട് അടിച്ചുവാരുന്നു. ധൂര്‍ത്തപുത്രന്റെ ഉപമയിലാകട്ടെ അയാള്‍ വിശേഷബുദ്ധിയുള്ള മനുഷ്യനാണ്. എന്നാല്‍ തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് പിതാവിന്റെ പക്കലേക്ക് അയാള്‍ ഓടിയെത്തുന്നു. അയാളെത്തന്നെയല്ലാതെ തന്റെ തെറ്റിനു പരിഹാരമായി എന്തെങ്കിലും തന്റെ പിതാവിന്നു നല്‍കാന്‍ അവന് ഉണ്ടായിരുന്നില്ല. എങ്കിലും സ്‌നേഹനിധിയായ പിതാവ് അവനെ സ്വീകരിച്ചു.

നിര്‍ഭാഗ്യവശാല്‍ ക്രൈസ്തവസഭകളില്‍ പലതും ഇന്നു സ്വകര്‍മം കൊണ്ടും  വഴിപാടുകൊണ്ടും പണം കൊണ്ടും  പ്രീതിപ്പെടുത്താവുന്ന ഒരു ദൈവത്തിന്റെ മുഖമാണ് പൊതുജനമധ്യത്തില്‍ അനാവരണം ചെയ്യുന്നത്. നിത്യസഹായ മാതാവിന്ന് നൊവേന കഴിച്ചെന്നാല്‍ ദൈവം പ്രീതിപ്പെടും. വേളാങ്കണ്ണിക്ക് തീര്‍ഥാടനം പോയാല്‍ദൈവം അനുഗ്രഹിക്കും. ചാവറ കുര്യക്കോസ് അച്ചന് പണം കൊടുക്കാമെന്നേറ്റാല്‍ ദൈവത്തില്‍ നിന്ന് കുര്യക്കോസ് ഏലിയാസച്ചന്‍ ദുബായില്‍ ജോലി വാങ്ങികൊടുക്കും. അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പോയി പ്രാര്‍ഥിച്ചാല്‍ വന്ധ്യ പ്രസവിക്കും. മണര്‍കാട് ഭജനമിരുന്നാല്‍, കോഴിയെ കൊടുത്താല്‍  ദൈവം പ്രസാദിക്കും. ഇവിടെയെല്ലാം മനുഷ്യന് കര്‍മം കൊണ്ട് പ്രീണിപ്പിക്കാന്‍ കഴിയുന്ന ഒരു ദൈവത്തെയാണ് വരച്ചുവെച്ചിരിക്കുന്നത്.

യേശു ചൂണ്ടിക്കാണിച്ച ദൈവം മനുഷ്യനെ അന്വേഷിക്കുന്ന ദൈവമാണ്. വഴിപാടുകളിലും ബലികളിലും കോഴികളിലും നൊവേനയിലും ആചരണങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രീതിപ്പെടുന്ന ദൈവമല്ല യേശു. മനുഷ്യനെ ദൈവവുമായി രമ്യപ്പെടുത്തിയത് സ്വന്തം രക്തം വിലയായി കൊടുത്താണ്.  അതാകട്ടെ ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തിന്റെ പ്രതിഫലനവുമായിരുന്നു. യേശു അനാവരണം ചെയ്ത ദൈവം പ്രതികാരദാഹിയായ ദൈവമല്ല. മനുഷ്യന്റെ ഭൗതിക വസ്തുക്കള്‍കൊണ്ട് പ്രീണിപ്പെടുത്താവുന്ന ദൈവവുമായിരുന്നില്ല. ഇതാണ് ക്രിസ്തു അനാവരണം ചെയ്ത ദൈവശാസ്ത്രത്തിന്റെ മര്‍മം.

No comments:

Post a Comment