Translate

Saturday, August 8, 2020

ഞാറയ്ക്കല്‍ മഠംസ്‌കൂള്‍ നിയമനകോഴയ്ക്കായി കന്യാസ്ത്രീകളെ വേട്ടയാടിയ ചക്യത്ത്-എടയന്ത്രത്ത് മെത്രാന്മാരും മാഫിയാസംഘവും!


കെ. ജോര്‍ജ് ജോസഫ് 

(ജെ.സി.സി. മുന്‍ ജന.സെക്രട്ടറി), 

ഫോണ്‍: 9037078700


ഞാറയ്ക്കല്‍ മഠത്തിന്റെ സ്വത്തുക്കള്‍ ഇഷ്ടദാനമായി എഴുതിക്കാനുള്ള എറണാകുളം-അങ്കമാലി രൂപതാധികാരത്തിന്റെ നീക്കങ്ങള്‍വഴി, (കാണുക ജൂണ്‍ ലക്കം, പേജ് 40) ഞാറയ്ക്കല്‍ വിഷയം വീണ്ടും സജീവമായിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍, പ്രസ്തുത പ്രശ്‌നത്തിന്റെ ചരിത്രവും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അധാര്‍മ്മികതയും അനാവരണം ചെയ്യുന്ന ഒരു പഠനം സത്യജ്വാല ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയാണ്.


സഭയിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നതിനായി പുരോഹിത-സന്ന്യാസിനീ പ്രതിനിധികള്‍ ചേര്‍ന്ന് രൂപംകൊടുത്തിട്ടുള്ള FORUM എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട്, 'ഞാറയ്ക്കല്‍ സംഭവങ്ങള്‍-ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നു, സഭയ്ക്കു കളങ്കവും ജനത്തിനു ഇടര്‍ച്ചയും'; കേസ് വാദിച്ച അഡ്വ. ചെറിയാന്‍ ഗൂഡല്ലൂരിന്റെ പുസ്തകം, 'ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന കൈയേറ്റവും കേരള ഹൈക്കോടതിയിലെ വന്‍ തട്ടിപ്പും'; കോടതി രേഖകള്‍, ബന്ധപ്പെട്ട കന്യാസ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങള്‍, അതുമായി ബന്ധപ്പെട്ട സമരങ്ങളില്‍ നേരിട്ട് പങ്കെടുത്ത അനുഭവം എന്നിവയുടെയും അടിസ്ഥാനത്തിലാണ് ഈ വസ്തുതാപഠനം തയ്യാറാക്കുന്നത്.

"The Policy recognizes that violence and discrimination exist but it is the most unpunished of all crimes. The Policy promotes the egalitarian message of Jesus, with the vision of a collaborative Church with Gender Justice. It envisages a world where both women and men can enjoy total freedom and equality to the image and likeness of God" forward to Gender Policy of Catholic Church of India (2010) by Late Cardinal Varkey Vithayatthil.''

സീറോ-മലബാര്‍ സഭാതലവനായിരുന്ന കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ സഭയിലെ ലിംഗസമത്വത്തെക്കുറിച്ച് പറഞ്ഞ ഭംഗിവാക്കുകളാണ് മേലുദ്ധരിച്ചത്. ശിക്ഷിക്കപ്പെടാത്ത കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികമുള്ളത് ലിംഗപരമായ വിവേചനവും അക്രമങ്ങളുമാണെന്ന് അദ്ദേഹം ഈ സഭാനയത്തിലൂടെ അംഗീകരിക്കുന്നു. ഈ നിലപാടിനെ അടിവരയിട്ട് ഉറപ്പിക്കുന്ന സംഭവങ്ങളില്‍ ഏറ്റവും ഹീനമെന്നു പറയാവുന്ന സംഭവമാണ് ഞാറയ്ക്കല്‍ മഠംവക സ്‌കൂളിന്റെ ഉടമസ്ഥതാ തര്‍ക്കവുമായി ബന്ധപ്പെട്ട് മെത്രാന്മാരുടെ ആലോചനയില്‍ അരങ്ങേറിയ അക്രമങ്ങള്‍.

എറണാകുളം-അങ്കമാലി അതിരൂപതയില്‍പ്പെട്ട ഞാറയ്ക്കല്‍ സെന്റ് മേരീസ് ഇടവകയില്‍ 1925-ല്‍ കര്‍മലീത്താ  (CMC) സന്ന്യാസിനികള്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് എന്ന പേരില്‍ ഒരു മഠം സ്ഥാപിച്ചു. തങ്ങളുടെ  പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1939-ല്‍ അവര്‍ മഠം പണി പൂര്‍ത്തിയാക്കി.  ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ അഭ്യര്‍ഥനയും പ്രേരണയും പരിഗണിച്ച് പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ തുടങ്ങാന്‍ മഠംകാര്‍ തീരുമാനിച്ചു. മഠം കെട്ടിടത്തിന്റെ മുറികള്‍ പുനഃക്രമീകരിച്ച് 1945-ല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് സ്‌കൂള്‍ ആരംഭിച്ചു. മഠത്തിന്റെ മദര്‍ സുപ്പീരിയറിന്റെ പേരില്‍  Educational Agency അനുവദിച്ചു കിട്ടിയ സ്‌കൂളിന്റെ മാനേജരായി അന്നത്തെ പള്ളിവികാരി ഫാ. കുരുവിള പഞ്ഞിക്കാരനെ മദര്‍ സുപ്പീരിയര്‍ നിയമിക്കുകയും, ഇക്കാര്യം കൊച്ചി സംസ്ഥാനത്തെ ഡിപിഐ-യെ രേഖാമൂലം അറിയിക്കുകയും ചെയ്തു. അന്ന് കന്യാസ്ത്രീകള്‍ അധികം പുറത്തിറങ്ങി സഞ്ചരിക്കാത്തതിനാലും യാത്രാസൗകര്യങ്ങള്‍ കുറവായിരുന്നതിനാലും സൗകര്യത്തിനുവേണ്ടി ചെയ്തതായിരുന്നു അത്. എങ്കിലും വിദ്യാഭ്യാസ വകുപ്പുമായുള്ള എല്ലാ ഔദ്യോഗിക കത്തിടപാടുകളും മദര്‍ സുപ്പീരിയര്‍തന്നെയാണ് നിര്‍വഹിച്ചിരുന്നത്. ഫാ. കുരുവിള പഞ്ഞിക്കാരനുശേഷം വികാരിമാരായി വന്നവരെ സ്‌കൂള്‍ മാനേജരായി നിയമിച്ചിട്ടുമില്ല. 

എന്നാല്‍, 1971 ജനുവരി 2-ന് അന്നത്തെ വികാരിയായിരുന്ന ഫാ. ജോസഫ് പഞ്ഞിക്കാരനും അസി. വികാരിയായിരുന്ന ഫാ. ആന്റണി ചിറപ്പണത്തുംചേര്‍ന്ന് വ്യാജരേഖ ചമച്ചും എറണാകുളം റീജിയണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷനെ സ്വാധീനിച്ചും വളരെ രഹസ്യമായി ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിന്റെ ഉടമസ്ഥാവകാശം ( (Educational Agency) സെന്റ് മേരീസ് പള്ളിയുടെ പേരിലേക്ക് മാറ്റി. ഇടവക വികാരിമാരായി പ്രവര്‍ത്തിച്ച പല വൈദികരുമായി സ്‌കൂളിന്റെ കാര്യത്തിലുള്ള അവരുടെ ഇടപെടല്‍ സംബന്ധിച്ച് മഠം അധികൃതര്‍ക്ക് ഭിന്നതയും തര്‍ക്കങ്ങളും ഉണ്ടായിരുന്നെങ്കിലും, സ്‌കൂളിന്റെ എഡ്യൂക്കേഷണല്‍ ഏജന്‍സി പള്ളിയിലേക്കും മാനേജര്‍ സ്ഥാനം പള്ളിവികാരിയിലേക്കും മാറ്റപ്പെട്ട വിവരം  CMC അധികാരികള്‍ അറിഞ്ഞിരുന്നില്ല. സിസ്റ്റേഴ്‌സ് 2001-ല്‍ ആരംഭിച്ച സെന്റ് ജോസഫ്‌സ് സ്‌കൂള്‍(ഇആടഋ) ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കാമ്പസില്‍ത്തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. 

71-ല്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ വ്യാജരേഖയുണ്ടാക്കിയ ഫാ. ആന്റണി ചിറപ്പണത്ത് 2007-ല്‍ വികാരിയായി ഞാറയ്ക്കലില്‍ തിരിച്ചെത്തി. എയ്ഡഡ് സ്‌കൂളായ ഗേള്‍സ് സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റ് ജോസഫ്‌സ് സ്‌കൂള്‍((CBSE) അവിടെനിന്നും മാറ്റണമെന്ന്  ഫാ. ചിറപ്പണത്ത് അതിരൂപതയോട് ആവശ്യപ്പെട്ടതോടെ ഇടവക വികാരിയും മഠവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഈ തര്‍ക്കങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജരേഖ കണ്ടെത്തുന്നതും 1971-ല്‍ത്തന്നെ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിന്റെ ഉടമസ്ഥത മദറില്‍നിന്ന് സെന്റ് മേരീസ് പള്ളിയിലേക്ക് കവര്‍ന്നെടുക്കപ്പെട്ട വിവരം മഠംകാര്‍ അറിയുന്നതും!

സിസ്റ്റര്‍ ജെസിയെ മദറായും, ഹൈസ്‌കൂള്‍ പ്രധാനാധ്യാപികസ്ഥാനത്തുനിന്നും റിട്ടയറായി മിഷന്‍ പ്രവര്‍ത്തനത്തിനു ആന്ധ്രയിലേക്ക് പോകാന്‍ തയ്യാറായി മഠാധികാരികള്‍ക്ക് അപേക്ഷ നല്‍കി കാത്തിരുന്ന സിസ്റ്റര്‍ ആനി ജെയ്‌സ് (സിസ്റ്റര്‍ ടീനാ ജോസ് CMC  യുടെ മൂത്തസഹോദരി)-യെ, അവര്‍ക്ക് താല്പര്യമില്ലാതിരുന്നിട്ടും അധികാരികള്‍ നിര്‍ബന്ധിച്ച് CBSE സ്‌കൂള്‍ പ്രിന്‍സിപ്പലായും നിയമിച്ച് ഞാറയ്ക്കല്‍ മഠത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി. സ്‌കൂള്‍ മഠത്തിനുകീഴില്‍ നിലനിര്‍ത്താനുള്ള ചുമതല ഏല്‍പ്പിച്ചാണ് ഇവരെ നിയോഗിച്ചത്. അവരുടെ കൂട്ടായ പരിശ്രമഫലമായാണ് സ്‌കൂള്‍ മഠത്തിന്റെതന്നെ എന്ന ഉത്തരവ് നേടിയെടുക്കാനായത്. അതിനാല്‍ത്തന്നെ അവര്‍ മെത്രാന്മാരുടെ മുഖ്യപ്രഖ്യാപിതശത്രുക്കളായി ഹിറ്റ്‌ലിസ്റ്റില്‍ സ്ഥാനംപിടിച്ചിരുന്നു. അതിനാല്‍, സത്യം നാട്ടുകാരെ അറിയിക്കുന്നതിനായി അവര്‍ രണ്ടുപേരുംകൂടി 2008 ഒക്‌റ്റോബര്‍ 6-ന് എറണാകുളം പ്രസ് ക്‌ളബ്ബില്‍ പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നു തോന്നുന്നു, രണ്ടു കന്യാസ്ത്രീകള്‍ പത്രസമ്മേളനം നടത്തുന്നത്. എന്നാല്‍, മെത്രാന്റെ ഉച്ഛിഷ്ടങ്ങള്‍ സ്വാദോടെ കഴിക്കുന്ന മ-മാധ്യമങ്ങള്‍ വാര്‍ത്ത പതിവുപോലെ തമസ്‌ക്കരിച്ചു. പക്ഷേ കേരള കൗമുദി ചിത്രംസഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചു.

മെത്രാന്റെയും കത്തനാന്മാരുടെയും കുതന്ത്രങ്ങള്‍ ഓരോന്നായി പൊളിഞ്ഞതോടുകൂടി പരസ്യമായ യുദ്ധമാണ് പിന്നീട് അരങ്ങേറിയത്. മെത്രാന്മാരുടെ അനുഗ്രഹാശിസ്സുകളോടെ കുഞ്ഞാടുകള്‍ കഴുതപ്പുലികളായി മാറി! ഞാറയ്ക്കല്‍ കന്യാസ്ത്രീകളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ നാടുനീളെ ഒട്ടിച്ചു. അവയില്‍ അശ്ലീലചിത്രങ്ങള്‍ നിറച്ചു. രാത്രിയില്‍ മഠത്തിനുമുന്‍പില്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പതിവായി. പ്രതിഷേധയോഗങ്ങള്‍, പ്രകടനങ്ങള്‍, വെല്ലുവിളികള്‍, ഭീഷണികള്‍ എന്നിവ നിരന്തരം അരങ്ങേറി. കന്യാസ്ത്രീകളുടെ കബറിടങ്ങള്‍ നശിപ്പിക്കുകപോലും ചെയ്തു, ഈ കശ്മലര്‍! അതിരൂപതാ ആസ്ഥാനം ഇത്തരം പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ-നിര്‍വഹണ ഏകോപനകേന്ദ്രമായി മാറി. അതിരൂപതാമെത്രാസന കോമ്പൗണ്ടുപോലും അശ്ലീലപോസ്റ്ററുകളും കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ബാനറുകളുംകൊണ്ട് നിറഞ്ഞു. മെത്രാന്മാരുടെയോ പുരോഹിതരുടെയോ അക്രമങ്ങളും അസാന്മാര്‍ഗികതയും ചൂണ്ടിക്കാണിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സഭാശത്രുക്കളായും അസന്മാര്‍ഗികളായും ചിത്രീകരിക്കുന്ന കുല്‍സിതതന്ത്രം സഭാമേധാവികളുടെ സ്ഥിരം പരിപാടിയാണല്ലോ!

മഠത്തിനു പുറത്തിറങ്ങിയാല്‍ എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ ആക്രമിക്കപ്പെടാമെന്ന സ്ഥിതിയായി കന്യാസ്ത്രീകള്‍ക്ക്. സൈ്വരജീവിതം തടസ്സപ്പെട്ടതോടെ, ഗത്യന്തരമില്ലാതെ കന്യാസ്ത്രീകള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേസ്‌കൊടുത്തു. മെത്രാന്‍ ഇടപെട്ട് തടഞ്ഞതിനാല്‍ പോലീസ് അനങ്ങിയില്ല. അതുകൊണ്ട്, പോലീസ് സംരക്ഷണത്തിനായി കന്യാസ്ത്രീകള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. മഠത്തിനും കന്യാസ്ത്രീകള്‍ക്കും പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവായി. പക്ഷേ, പോലീസ് കാവലിലും കലാപരിപാടികള്‍ അനുസ്യൂതം തുടര്‍ന്നു. കാരണം, ചക്യത്ത് ചക്രവര്‍ത്തിയാണല്ലോ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്!

ഇടയ്ക്ക് ഒരു ദിവസം സിസ്റ്റര്‍ ആനി ജെയ്‌സിന്റെ സഹോദരന്‍ ജെറിയോടൊപ്പം നേഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മകള്‍ ആന്റിയെ കാണാനായി മഠത്തിലെത്തി. അന്ന് ഇടവകക്കാര്‍ റവന്യു അധികാരികളെക്കൊണ്ട് മഠത്തിന്റെ വസ്തു അളപ്പിക്കുകയായിരുന്നു. ഇതറിയാതെയാണ് അവരവിടെ എത്തിയത്. ആളുകള്‍ അവരെ ചോദ്യംചെയ്യുകയും സിസ്റ്ററുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തു! 

മഠംവക സ്ഥലത്ത് ഒരു അഗതിമന്ദിരം 1950 മുതല്‍ ഇടവക നടത്തിയിരുന്നു. വികാരി അതിന്റെ ഔപചാരിക ഡയറക്റ്ററായിരുന്നുവെങ്കിലും, തുടക്കംമുതല്‍ 59 വര്‍ഷമായി സിസ്റ്റേഴ്‌സായിരുന്നു ഇതിന്റെ ചുമതല വഹിച്ചിരുന്നത്. മദര്‍ നിയോഗിച്ചതനുസരിച്ച് 2008 ജൂണ്‍ മുതല്‍ സിസ്റ്റര്‍ റെയ്‌സി റോസിനായിരുന്നു അഗതിമന്ദിരത്തിന്റെ ചുമതല.  2009 ജനുവരി 25-ാം തീയതി രാവിലെ കുര്‍ബാനയ്ക്കുശേഷം വികാരി പോള്‍ കരിയാറ്റിയുടെയും അസിസ്റ്റന്റ് വികാരി ബിന്റോ കിലുക്കന്റെയും നേതൃത്വത്തില്‍ നൂറ്റമ്പതോളം ആളുകള്‍ അഗതിമന്ദിരത്തിലേക്ക് തള്ളിക്കയറി അവിടെനിന്നു മഠത്തിലേക്കുള്ള ഗേറ്റ് ഇളക്കി മാറ്റുകയും മതില്‍കെട്ടി വഴിയടയ്ക്കുകയും ചെയ്തു. കേട്ടാലറയ്ക്കുന്ന തെറിയഭിഷേകംകൊണ്ട് കന്യാസ്ത്രീകളെ മൂടി. 

അഗതിമന്ദിരത്തിന്റെ താക്കോലും രേഖകളും കൈമാറാന്‍ സിസ്റ്റര്‍ റെയ്‌സി റോസിനോട് വികാരി ആജ്ഞാപിച്ചു. മദറിന്റെ അനുവാദമില്ലാതെ അവ നല്‍കാനാവില്ലെന്നു സിസ്റ്റര്‍ അറിയിച്ചു. അപ്പോഴേക്കും ഒപ്പമുണ്ടായിരുന്നവരില്‍ ഒരുവന്‍ സിസ്റ്ററിന്റെ ശിരോവസ്ത്രം വലിച്ചു പറിച്ചു. മറ്റൊരുവന്‍ വിറകു കമ്പുകൊണ്ട് സിസ്റ്ററെ തലയ്ക്കടിച്ചുവീഴ്ത്തി. അടിയേറ്റ സിസ്റ്റര്‍ ബോധരഹിതയായി നിലംപതിച്ചു. സിസ്റ്ററെ ആക്രമിക്കുന്നതുകണ്ട അന്തേവാസിനി മറിയക്കുട്ടി ഓടിയെത്തി. അവരെയും അക്രമികള്‍ തല്ലി. ഭയന്നുപോയ മറ്റു കന്യാസ്ത്രീകള്‍ അസ്തപ്രജ്ഞരായി മരവിച്ചുനിന്നു. കൂടുതല്‍ അക്രമം ഭയന്ന ഒരു കന്യാസ്ത്രീ തക്കോല്‍ കൊണ്ടുവന്നു കൊടുത്തു. അതുപയോഗിച്ച് അലമാരകളും മേശയും തുറന്ന് ഫയലുകളും മേശയില്‍ സൂക്ഷിച്ചിരുന്ന 40000 രൂപയും തട്ടിയെടുത്ത് വികാരി കരിയാറ്റിയുടെ കൊള്ളസംഘം മടങ്ങി. മറ്റു കന്യാസ്ത്രീകള്‍ സിസ്റ്റര്‍ റെയ്‌സിയേയും മറിയക്കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ സിസ്റ്റര്‍ റെയ്‌സിയെ ആദ്യം ഞാറയ്ക്കല്‍ ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. മെത്രാന്റെ സമ്മര്‍ദ്ദത്തില്‍ അവിടെനിന്നു നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കിയതിനെത്തുടര്‍ന്ന് ജനറലാശുപത്രിയിലേക്ക് മാറ്റി. അവിടെയും സമ്മര്‍ദ്ദമുണ്ടായെങ്കിലും ആശുപത്രി അധികൃതര്‍ വഴങ്ങിയില്ല. ചെവിയുടെ തകരാര്‍ പരിഹരിക്കാനായി ഒടുവില്‍ ലിസി ആശുപത്രിയിലും ചികില്‍സ തേടി. അധ്യാപികകൂടിയായ സിസ്റ്ററിന് 52 ദിവസം ലീവില്‍ കഴിയേണ്ടിവന്നു.      (തടരും)






No comments:

Post a Comment