റ്റി. റ്റി. മാത്യൂ തകടിയേല്‍
ദൈവത്തിന്റെയോ പ്രവാചകരുടെയോ ആള്‍ദൈവങ്ങളുടെയോ സ്വതന്ത്രചിന്തകളാല്‍ അന്വേഷിച്ച് രൂപപ്പെടുത്തിയെടുത്ത ദര്‍ശനങ്ങളുടെയോ പേരില്‍ മതങ്ങളുണ്ടാകുന്നു. പിന്നീട് മതത്തെ നിയന്ത്രിക്കാന്‍ അധികാരികളും അനുശാനങ്ങളും ഉണ്ടാകുന്നു. തുടര്‍ന്ന് മതങ്ങള്‍ വ്യവസ്ഥാപിതങ്ങളാകുന്നു അല്ലെങ്കില്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. പിന്നീട് മതാധികാരികളുണ്ടാക്കുന്ന അനുശാസനങ്ങളും, മതനിയമങ്ങളും ദൈവനിവേശിതങ്ങളാണെന്ന് വിശ്വാസികളെ ധരിപ്പിക്കുന്നു. ക്രമേണ മതാധികാരികളെ അന്ധമായി വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിസമൂഹം രൂപപ്പെട്ടുവരുന്നു. ഇവരെ ഏതു പാട്ടിനും ആട്ടിത്തെളിക്കാമെന്ന് മതാധികാരികള്‍ മനസ്സിലാക്കുന്നു. ഇങ്ങനെയൊക്കെത്തന്നെയാണ് എല്ലാ വ്യവസ്ഥാപിത മതങ്ങളുടെയും ചരിത്രം.
ശുദ്ധമായ വേദോപനിഷത്തുകളുടെ ദര്‍ശനങ്ങളെ വ്യാഖ്യാനിച്ചും ഉദാഹരിച്ചും പുരാണങ്ങളിലും കെട്ടുകഥകളിലും കൊണ്ടെത്തിച്ചു. പരിശുദ്ധ ഖുറാന്റെ സ്ഥാനത്ത് 'ശരിഅത്ത്' നിയമം പകരംവയ്ക്കുന്നു. പരസ്‌നേഹത്തിനു പകരം കൂദാശകളും കാനോന്‍ നിയമവും നടപ്പിലാക്കുന്നു. സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന എല്ലാ മതങ്ങള്‍ക്കും തന്നെ സംഭവിക്കുന്ന മൂല്യശോഷണങ്ങളാണിതൊക്കെ. മതത്തിനു മാത്രമുണ്ടാകുന്ന വീഴ്ചകളല്ല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കും, സിദ്ധാന്തങ്ങള്‍ക്കുമൊക്കെ സംഭവിക്കുന്ന അനിവാര്യമായ ഒരു തകര്‍ച്ചകളാണിത്.
ശരിക്കും ഒരു ആദിഗോത്രത്തലവന്റെ എല്ലാ ഭൗതീക സ്വഭാവവുമുള്ള കര്‍ക്കശക്കാരനും മുന്‍കോപിയും ഭക്ഷണപ്രിയനും മുഖസ്തുതി ആഗ്രഹിക്കുന്നവനും ജന്തുബലികളില്‍ സംപ്രീതനാകുന്നവനും ഇസ്രയേല്‍ ജനത്തിന്റെ സ്വന്തം ദൈവവുമായിട്ടാണ് 'യഹോവാ'- എന്ന ദൈവത്തെ യഹൂദര്‍ കണ്ടതും വിശ്വസിച്ചതും. ഇടിമുഴക്കത്തിന്റെയും മിന്നലുകളുടെയും ഭൂകമ്പത്തിന്റെയും കൊടുങ്കാറ്റിന്റെയും അകമ്പടിയോടുകൂടി വരുന്ന യഹോവയെ ഇസ്രയേല്‍ജനം സ്‌നേഹിക്കുന്നതില്‍ കൂടുതല്‍ ഭയപ്പെട്ടിരുന്നു. അതിന്റെ പേരില്‍ അനുസരിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഒരു ദൈവം ആയിരിക്കുക സാധ്യമല്ലെന്നു പറഞ്ഞു യേശു സ്‌നേഹസ്വരൂപനായ ഒരു ദൈവത്തെ അവതരിപ്പിച്ചു.
ജന്തുബലി നടത്തിയും, പൂജാദികര്‍മ്മങ്ങള്‍ ചെയ്തും സങ്കീര്‍ത്തനങ്ങള്‍ പാടിയും ദൈവത്തെ പ്രീണിപ്പിക്കാം എന്ന യഹൂദ ദൈവസങ്കല്പത്തെ അടിമുടി തിരുത്തിക്കുറിച്ചു കൊണ്ട് യേശു പറഞ്ഞു. ''ബലിയല്ല കരുണയാണെനിക്കു വേണ്ടത് എന്ന്''. ''ശാബത്ത് മനുഷ്യനു വേണ്ടിയാണ്. മനുഷ്യന്‍ ശാബത്തിനു വേണ്ടിയല്ല'' എന്ന്. അങ്ങനെ മനുഷ്യ സ്‌നേഹത്തിന് നിരക്കാത്ത എല്ലാ മതനിയമങ്ങളെയും യേശു എതിര്‍ത്തു പറഞ്ഞു. കാരണം യേശുവിന്റെ ആത്യന്തിക ലക്ഷ്യം മനുഷനായിരുന്നു, മനുഷ്യസ്‌നേഹമായിരുന്നു. ഇവിടെ എല്ലാ പ്രമാണങ്ങളും നിയമങ്ങളും പഠനങ്ങളും യേശു സ്‌നേഹത്തിലൊതുക്കുകയായിരുന്നു. യേശുവിന്റെ എല്ലാ ഉപദേശങ്ങളിലും 'സ്‌നേഹം' പ്രശോഭിച്ചിരുന്നു.
ഇവിടെ ദൈവസ്‌നേഹത്തെയും മനുഷ്യസ്‌നേഹത്തെയും യേശു ഒന്നായി കണ്ടു. അങ്ങനെ പരസ്‌നേഹത്തെ ദൈവസ്‌നേഹത്തോടൊപ്പം ഇവിടെ ഉയര്‍ത്തിക്കാട്ടി. ഭയപ്പെടുത്തുന്ന ദൈവത്തിനു പകരം സ്‌നേഹപിതാവായ ഒരു ഏക ദൈവത്തെ അവതരിപ്പിച്ചു. അങ്ങനെ മനുഷ്യനെ മനുഷ്യനുവേണ്ടി അംഗീകരിക്കുന്ന ഒരു മതതത്വശാസ്ത്രത്തിനു തുടക്കം കുറിച്ചു.
ഏതെങ്കിലും ഗോത്രവര്‍ഗങ്ങളുടെ പാരമ്പര്യവിശ്വാസങ്ങളില്‍ നിന്നോ ഇതിഹാസങ്ങളില്‍ നിന്നോ പുരാണങ്ങളില്‍ നിന്നോ രൂപപ്പെടുത്തിയെടുത്ത ഒരു ഈശ്വര ദര്‍ശനമല്ല ക്രിസ്ത്യാനികളുടെത്. തങ്ങള്‍ ദൈവപുത്രനെന്നു വിശ്വസിക്കുന്ന യേശുവിന്റെതന്നെ ദര്‍ശനങ്ങളാണ് ഇവിടെ അംഗീകരിക്കുന്നത്. അതുകൊണ്ടു തന്നെ മനുഷ്യസഹജമായ തെറ്റുകുറ്റങ്ങളുടെ പ്രശ്‌നവുമുണ്ടാകുന്നില്ല. ഇവിടെ തിരുത്തലുകളുടെ ആവശ്യമില്ല. മനുഷ്യസ്‌നേഹത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ പരിശുദ്ധമായ ക്രൈസ്‌വതത്വങ്ങള്‍ ലോകാവസാനം വരെ പ്രശോഭിച്ചുകൊണ്ടേയിരിക്കും. അതു കാലത്തെ അതിജീവിക്കേണ്ടതുമാണ്. എന്നാല്‍ പരിശുദ്ധമായ ഈ മതസങ്കല്പങ്ങളെയും, ദൈവസങ്കല്പങ്ങളെയും അപ്പാടെ അട്ടിമറിച്ച് അധികാരത്തിന്റെയും സമ്പത്തിന്റെയും അതോടനുബന്ധിച്ച എല്ലാ പാപസാഹചര്യങ്ങളുടെയും കേന്ദ്രമായി കത്തോലിക്കാസഭ തരംതാണു പോയി എന്നത് ഒരു ദുഃ:ഖസത്യമായി നിലനില്ക്കുന്നു. ഒരു മതമാകട്ടെ, ഒരു പ്രത്യയശാസ്ത്രമാകട്ടെ, അതൊക്കെ ചരിത്രത്തില്‍ സമൂഹത്തിന് എന്തു നന്മതിന്മകള്‍ ചെയ്തു എന്നതിന്റെ പേരിലാണ്. അതിനെ വിലയിരുത്തേണ്ടത്. അങ്ങനെയെങ്കില്‍ AD 325-ലെ നിഖ്യാസൂനഹദോസോടുകൂടി കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തിയുടെ രാജകൊട്ടാരത്തില്‍ അഭയം തേടിയ സഭാനേതൃത്വം പിന്നീട് അധികാരത്തിന്റെയും സമ്പത്തിന്റെയും അഹങ്കാരത്തിന്റെയും അതിക്രമങ്ങളുടെയും ഇരുണ്ട വഴികളിലൂടെയാണ് സഞ്ചരിച്ചത്. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഒറ്റ വാചകത്തില്‍ പറഞ്ഞുനിര്‍ത്താം. കത്തോലിക്കാസഭ കാട്ടിക്കൂട്ടിയിടത്തോളം അതിക്രമങ്ങളും രക്തച്ചൊരിച്ചിലും വേറൊരു മതങ്ങളും ചെയ്തിട്ടില്ല. ഇതിനൊക്കെ ചരിത്രസാക്ഷ്യങ്ങള്‍ ഉള്ളതുമാണല്ലോ? യേശുവിന്റെ ദര്‍ശനങ്ങളില്‍നിന്നും ബൈബിള്‍ പഠനങ്ങളില്‍നിന്നുമൊക്കെ ഏറെ അകന്ന് പഴയ യഹൂദമതസങ്കല്പങ്ങളിലേക്കും ദൈവസങ്കല്പങ്ങളിലേക്കും സഭ തിരികെപ്പോക്കു തുടങ്ങിയിട്ട് 1700 വര്‍ഷങ്ങള്‍ കഴിഞ്ഞു. (നിഖ്യാസൂനഹദോസ്) ഗ്രീക്കു പുരാണങ്ങളിലെ ദൈവശാസ്ത്രങ്ങളും റോമന്‍സാമ്രാജ്യത്തിന്റെ ഘടനാസമ്പ്രദായങ്ങളും കൂട്ടിക്കലര്‍ത്തിയുണ്ടാക്കിയ ഒരു ഭൗതികമതസങ്കല്‍പവും, അതിനനുസൃതമായ ഒരു ദൈവസങ്കല്‍പവും കത്തോലിക്കാസഭ ഇന്ന് അംഗീകരിച്ച് നടപ്പാക്കുന്നു. ഇതൊക്കെ അംഗീകരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും സഭക്ക് അപ്രമാദിത്വവും മഹറോനും, കാനോന്‍നിയമവും പിന്തുണ നല്‍കുന്നു. യേശു അന്ന് എന്തെല്ലാം തള്ളിപ്പറഞ്ഞോ അതെല്ലാം ഇന്ന് പരിഷ്‌കരിച്ച പതിപ്പില്‍ സഭയില്‍ തൂടരുന്നു. വിഗ്രഹവണക്കം, ബലികര്‍മ്മങ്ങള്‍, പലപല അനുഷ്ഠാനങ്ങള്‍, അവിഹിതമായ ധനസമ്പാദനം, കൊട്ടിഘോഷങ്ങള്‍, പെരുനാള്‍, നേര്‍ച്ചപ്പെട്ടി, കൂദാശകളുടെ കച്ചവടം, ഈ ലോകത്തു വച്ചുതന്നെ ചിലരെ സ്വര്‍ഗത്തിലെ പുണ്യാത്മാക്കളാകുക, ദൈവത്തെക്കാള്‍ ശക്തി പുണ്യവാന്മാര്‍ക്ക് ലോാകത്തില്‍ ഒരുക്കി കൊടുക്കുക, അതിന്റെ മറവില്‍തിരിവില്‍ ലക്ഷങ്ങളോ കോടികളോ സമ്പാദിക്കുക തുടങ്ങി നൂറൂകണക്കിന് അന്ധവിശ്വാസങ്ങള്‍ യേശുവിനെതിരെ നടപ്പാക്കികൊണ്ടിരിക്കുന്നു. ഇതാണ് സഭയുടെ ഇന്നത്തെ വിശ്വരൂപം. യേശുവിനെ എതിര്‍ത്ത് സാക്ഷ്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാള്‍ക്കൂട്ടം. ഇവരെ ഈ നിലയില്‍ നിലനിര്‍ത്തികൊണ്ടുപോകുന്ന പൗരോഹിത്യം.
ഇന്ന് ഒരു കത്തോലിക്കനായിരുന്ന് ഒരു യഥാര്‍ഥക്രിസ്ത്യാനിയായിരിക്കാന്‍ പറ്റില്ല. സന്ദര്‍ഭോചിതമായി അസ്സീസി മാസികയിലെഴുതിയ ഫാ: ജോസ് സുരേഷിന്റെ ലേഖനത്തില്‍ നിന്നു കടംകൊള്ളുകയാണ്. ''യേശു ഒരു യഹൂദനായിരുന്നതുപോലെ ഫ്രാന്‍സിസും ഒരു ക്രിസ്ത്യാനിയായിരുന്നു. യേശു ഒരു യഹൂദനല്ലായിരുന്നതുപോലെ ഫ്രാന്‍സിസും ഒരു ക്രിസ്ത്യാനിയല്ലായിരുന്നു. ചിലപ്പോള്‍ ഏറ്റവും നല്ല ക്രിസ്ത്യാനിയായിരിക്കാനുള്ള മാര്‍ഗം ഒരു അക്രൈസ്തവനായിരിക്കുകയാണ്.
യേശു അവതരിപ്പിച്ച സ്‌നേഹത്തിന്റെതായ ആത്മീയ മാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യതിചലിച്ച് അനുഷ്ഠാനങ്ങളുടേതായ ഒരു കപട ആത്മീയതകൊണ്ടു വന്നിരിക്കുന്നു. വിശ്വാസികളെ ആത്മീയരാക്കാനെന്ന വ്യാജേന പുരോഹിതാവിഷ്‌കൃതമായ അനുഷ്ഠാനങ്ങള്‍ കൊണ്ടുവന്നു. ഹൃദയം തൊടാത്ത കുറേ അധര പ്രാര്‍ഥനകളും. ''എന്റെ കര്‍ത്താവേ എന്റെ കര്‍ത്താവേ എന്നു വിളിക്കുന്നവരെല്ലാം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. എന്റെ പിതാവിന്റെ ഹിതം നിറവേറ്റുന്നവനേ അവിടെ പ്രവേശിക്കുകയുള്ളു'' (മത്തായി 7:21) എന്നയേശുവിന്റെ വാക്കുകളില്‍നിന്ന് ദൈവവിശ്വാസം എന്നത് ദൈവത്തിന്റെ നാമരൂപത്തിലുള്ള വിശ്വാസമോ കേവലം അതിന്റെ വിളിച്ചു പറച്ചിലോ അല്ലെന്നു വ്യക്തമാകുന്നു'.
ഈശ്വരന്‍ അരൂപിയാണ്, അമൂര്‍ത്തമാണ്, പരിപൂര്‍ണനുമാണ്. അതുകൊണ്ടുതന്നെ മനുഷ്യസഹജമായ ആശയാഗ്രഹങ്ങളോ വികാരവിചാരങ്ങളോ ദൈവത്തിനില്ല. എന്നാല്‍ ഈ പരിപൂര്‍ണനായ ദൈവത്തെ ഒരു സാധാരണ മനുഷ്യന്റെ നിലവാരത്തിനപ്പുറം കാണാന്‍ സാധാരണ വിശ്വാസികള്‍ക്കു കഴിയുന്നില്ല. ഈ കഴിവുകേട് നിലനിര്‍ത്തിക്കൊണ്ടു പോവുക എന്നതാണ് ഇന്നത്തെ സഭാപിതാക്കന്മാരുടെ പ്രധാന ഉദ്ദേശ്യം. കാരണം അനുഷ്ഠാനകര്‍മ്മങ്ങളും പൂജാവിധികളും പാടിപ്പുകഴ്ത്തലും കൂദാശകളും നേര്‍ച്ചപ്പെട്ടികളും സഭയില്‍ ഇന്നത്തേതുപോലെ തുടരണമെങ്കില്‍ ചിന്തിക്കുന്ന വിശ്വാസികള്‍ വളര്‍ന്നു വരാന്‍ പാടില്ല. പിന്നെ അനുഷ്ഠാനങ്ങളും നേര്‍ച്ചപ്പെട്ടികളുമൊക്കെ പുരോഹിതരുടെ തൊഴിലിനാധാരമായ കാര്യങ്ങളാണല്ലോ?
യഹൂദ ദൈവസങ്കല്പങ്ങളെ യേശു തിരുത്തിക്കുറിച്ചു. എന്നാല്‍ AD 325-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി യേശുവിനെ തിരുത്തി. പിന്നീട് യേശുവിലേക്ക് തിരികെപ്പോകാന്‍ 23-ാം ജോണ്‍ മാര്‍പ്പാപ്പ സദ്‌വാര്‍ത്തകളുമായി വന്നു. കാലതാമസം കൂടാതെതന്നെ കത്തോലിക്കാ പുരോഹിതവര്‍ഗ്ഗം അതിനെ തല്ലിക്കെടുത്തി. അങ്ങനെ യേശുവിന് എതിര്‍സാക്ഷ്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ദൈവസങ്കല്പവുമായി കത്തോലിക്കാസഭ 'മുടിചൂടി നില്ക്കുന്നു'!
കാണപ്പെടുന്ന ഈ ലോകത്തിലെ കൈയിലൊതുങ്ങാത്ത പ്രശനങ്ങള്‍ക്ക് ഉത്തരമായി കാണാനാകാത്ത ഒരു മറുലോകത്തെ പരുവപ്പെടുത്തിയെടുക്കുന്നിടത്താണ് മതത്തിന്റെ ഉദ്ഭവം. ആ മറുലോകത്ത് തന്നെക്കാള്‍ ശക്തരായ ദൈവങ്ങളെയും അശരീരികളെയും, പൂര്‍വികരുടെ ആത്മാക്കളേയും കുടിയിരുത്തുന്നിടത്താണ്ഏത് മതവും അതിന്റെ അനുഷ്ഠാനങ്ങള്‍ക്ക് തുടക്കമിടുന്നത്. ഈ രണ്ട് ലോകങ്ങളുമായുള്ള ബന്ധപ്പെടലിനു നിയോഗിക്കപ്പെട്ടവരുടെ, അല്ലെങ്കില്‍ ആ ദൌത്യം സ്വയം എറ്റെടുക്കുന്നവരുടെ - സിദ്ധന്മാര്‍ (medicine men), തന്ത്രികള്‍ , വെളിച്ചപ്പാടുകള്‍ - പിന്‍ഗാമികളാണ് ഇന്നത്തെ പുരോഹിതര്‍ .
ReplyDeleteഭാവനയില്‍ നിന്ന് യാഥാര്ത്ഥ്യങ്ങളെ മെനഞ്ഞെടുക്കാനുള്ള മനുഷ്യന്റെ പ്രവണതക്ക് ഉദാഹരണങ്ങളാണ് മാലാഖാമാര്‍ . ഇന്നുള്ള ഏറ്റവും വലിയ പക്ഷികളുടെ പല മടങ്ങ് വലുപ്പമുണ്ടായിരുന്നവ ഭൂമിയില്‍ വസിച്ചിരുന്ന കാലത്ത്, ചിറകുകള്‍ ശക്തിയുടെ പ്രതീകങ്ങളായിരുന്നു. ഭൂമിയേയും അതില്‍ വസിക്കുന്ന ജീവികളെയും സംരക്ഷിക്കുന്ന ശക്തികളുടെ സങ്കല്പരൂപങ്ങള്‍ക്ക് ചിറകുകള്‍ കൂട്ടിച്ചേര്‍ക്കുക സാധാരണമായിരുന്നു. അസ്സീറിയായിലെ ദേവാലയങ്ങളുടെ കവാടങ്ങള്‍ വലിയ ചിറകുകളുള്ള നാല്‍ക്കാലികളുടെ രൂപങ്ങളാല്‍ അലങ്കരിച്ചിരുന്നു. 'ഖെറിബു' എന്ന ഈ സങ്കല്പ സൃഷ്ടികളില്‍ ചിലവയ്ക്ക് മനുഷ്യന്റെ മുഖവും നല്‍കിയിരുന്നു. ആദാമിനേയും ഹവ്വായേയും പുറത്തിറക്കിയിട്ടു പറുദീസയുടെ വാതില്‍ക്കല്‍ കാവലായി അഗ്നിച്ചിറകുകളും വാളും ധരിച്ച 'ഖെറുബിനെ' നിറുത്തിയ കാര്യം ബൈബിളില്‍ കാണുന്നു. ഖുറാനും ഒത്തിരിയിടത്ത് മലാഖാമാരെപ്പറ്റി പറയുന്നുണ്ട്. മലാഖാമാര്‍ ആശരീരികളായ ദൈവദൂതന്മാരാണെന്ന പഠനം ക്രിസ്തീയ വിശ്വാസപ്രമാണത്തിന്റെ പോലും ഭാഗമായിത്തീര്‍ന്നിരിക്കുന്നു (World Catechism, 2003). ഓരോരുത്തര്‍ക്കും ഓരോ കാവല്‍മാലാഖാ ഉണ്ടെന്ന വിശ്വാസം മനോസുഖം തരുന്നതായതിനാല്‍ അതും അനായാസം ഒരു വിശ്വാസമായിത്തീര്‍ന്നു. ഇങ്ങനെ പുരാതന ഭാവനകളില്‍ നിന്ന് കടമെടുത്ത് വിശ്വാസപ്രമാണങ്ങളുടെ ഭാഗമായിത്തീര്‍ന്നവ ഏത് മതത്തിലും കാണാം.
എല്ലാ വിധത്തിലും അരക്ഷിതനായ മനുഷ്യന്‍ തന്റെ സുരക്ഷയുടെ പ്രധാന പങ്ക് പരലോകശക്തികളെ ഏല്‍പ്പിക്കാന്‍ ശീലിച്ചതിന്റെ ബാക്കി പത്രമാണ് പരിപൂര്‍ണ രക്ഷ അല്ലെങ്കില്‍ മോക്ഷം പരലോകപ്രാപ്തിയാണെന്ന ആശയം. അതു നേടുന്നതിനുള്ള വഴികളും വിധികളുമായി 'സ്പെഷലിസ്റ്റുകള്‍ ' അണിഞ്ഞൊരുങ്ങി വന്നു. പരലോകത്തിന്റെ നാഥനായ ദൈവത്തോട് ബന്ധപ്പെടുക ലളിതമാക്കാന്‍ വേണ്ടി ആ ശക്തിയിലും മാനുഷികമൂല്യങ്ങളും ഗുണങ്ങളും ആരോപിക്കപ്പെട്ടു. സത്യത്തില്‍, അവനവന് ഏറ്റവും തൃപ്തികരമായ ഈശ്വരസങ്കല്‍പം ഓരോരുത്തരും സ്വയം മെനഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ആദിമനുഷ്യന്‍ ഓരോ പ്രകൃതിശക്തിക്കും ഓരോ ദൈവികഭാവത്തെ മനസ്സില്‍ സൃഷ്ടിച്ചതിന്റെ പ്രതിരൂപങ്ങള്‍ ഹൈന്ദവധാരണയില്‍ ഇന്നും അധികം മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ, സൃഷ്ടിയുടെ, സംരക്ഷ ണത്തിന്റെ, സംഹാരത്തിന്റെ മൂര്‍ത്തികള്‍ തനതായ പ്രൌഢിയോടെ മനുഷ്യമനസ്സുകളില്‍ വിരാജിക്കുന്നു.
തങ്ങളുടെ ദൈവത്തെ സൈന്യങ്ങളുടെ കര്‍ത്താവും നായകനുമാക്കി ആരാധിച്ചു ശീലിച്ച യഹൂദരുടെ പിന്‍ഗാമികള്‍ തിരഞ്ഞെടുക്കപ്പെട്ടവരെന്ന പ്രാമുഖ്യം നിലനിര്‍ത്താന്‍ ഏത് ക്രൂരതക്കും മടിയില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു. യുക്തിക്ക് നിരക്കാത്ത വേദവാക്യ നിര്‍വ്വചനങ്ങള്‍ ഈ ചെയ്തികള്‍ക്കൊക്കെ സാധുത നല്‍കുന്നതായി അവര്‍ കരുതുന്നു. കുരിശുയുദ്ധങ്ങളുടെ കാലത്ത് ക്രിസ്ത്യാനികള്‍ പ്രത്യക്ഷമായിത്തന്നെ ഇതേ പ്രവണതക്ക് അടിപ്പെട്ടുപോയി. ഇന്നും ക്രിസ്തീയപാരമ്പര്യം അവകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ പരോക്ഷമായിട്ടെങ്കിലും, ഏത് തുറയിലും പെരുമാറുന്നത് ഈ ശൈലിയില്‍ തന്നെയാണ്. അമേരിക്കയെപ്പോലുള്ള 'ക്രിസ്തീയ'രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലാണെന്ന സത്യം ഏവര്‍ക്കുമറിയാം. അതിനുള്ള പ്രതികരണമായി, "അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തെ" നിരന്തരം പുകഴ്ത്തുന്നവരും ചാവേര്‍പടകളായി മനുഷ്യക്കുരുതിക്കിറങ്ങുന്ന ദയനീയ കാഴ്ച ഇന്ന് എല്ലാ ജനതയുടെയും വേദനയായിത്തീര്‍ന്നിരിക്കുന്നു. ചുരുക്കത്തില്‍ , മതങ്ങളും അവയുടെ ഇന്നത്തെ മിക്ക വിശ്വാസങ്ങളും കഴമ്പില്ലാത്തവയായി ശോഷിച്ചുപോയിരിക്കുന്നു.
ഈ വിധ കാര്യങ്ങള്‍ അല്പമെങ്കിലും ബോധമുള്ള, ചിന്തിക്കുന്ന അല്മായര്ക്ക് നന്നായി അറിയാം. എന്നാല്‍ , സ്വതന്ത്ര ചിന്ത വിലക്കിയിരിക്കുന്ന ക്രിസ്തു മതത്തിലും ഇസ്ലാമിലും അത്തരക്കാരെ വച്ചു പൊറുപ്പിക്കുകയില്ലല്ലോ. സഹികെട്ടാണല്ലോ അല്മായശബ്ദം രൂപം കൊണ്ടതും അതിന് ഇത്ര വേഗം ഇത്രയധികം വായനക്കാര്‍ ഉണ്ടായതും.