Translate

Thursday, May 17, 2012

സഭ നവീകരിക്കപ്പെടും എന്നത് ഉറപ്പ്


അല്മായാശബ്ദം മറ്റനേകം ബ്ലോഗുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നത് ഉപയോഗിക്കുന്ന ഭാഷയും, കൈകാര്യം ചെയ്യുന്ന വിഷയവും വ്യത്യസ്തമായതുകൊണ്ടാണ്. അതിന്റെ നിലവാരം കാത്തു സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. കാള പെറ്റു എന്ന് കേട്ടപ്പോഴേ കയറെടുക്കുന്ന പോലെയുള്ള കമന്റുകളും കാണുന്നു. എഴുത്തുകാരില്‍ പലരും ശ്രദ്ധാപൂര്‍വ്വം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, ചിലരെങ്കിലും എഴുതാന്‍ വേണ്ടി എഴുതുന്നു, എറിയാന്‍ വേണ്ടി എറിയുന്നു. ഇത് ദോഷം ചെയ്യും. ഇത് നിരവധി വൈദികരും, സന്യസ്തരും വായിക്കുന്നുണ്ട്. അല്മായാ ശബ്ദത്തിലെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പല ഔദ്യോഗിക ജിഹ്വകളിലെയും ലേഖനങ്ങളും.

ഓശാന ഒരു മാറ്റത്തിന്റെ തുടക്കം തന്നെയായിരുന്നു. സംസ്കാരമുള്ള നല്ല ഭാഷ തന്നെയാണ് അത് ആദ്യന്തം ഉപയോഗിച്ചിരുന്നത്. അതുപോലെ അതിലെ പരാമര്‍ശങ്ങളെല്ലാം വസ്തുനിഷ്ടവുമായിരുന്നു. ഓശാനക്കും പുലിക്കുന്നേല്‍ സാറിനും അഭിവാദ്യമര്‍പ്പിക്കാതെ ഒരു നവീകരണ പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാവില്ല. ഒരു മുന്നേറ്റത്തിനു അടിത്തറയിട്ടത്‌ ഓശാന തന്നെ. അതിനും മുമ്പും പാലായില്‍ വിപ്ലവകാരികള്‍ ഉണ്ടായിരുന്നു എന്നത് മറക്കാനാവില്ല. ഒരു പറമ്പില്‍ രണ്ടു ഇടവകപ്പള്ളികള്‍ പാലായില്‍ അല്ലാതെ വേറെവിടെ?

സഭ നവീകരിക്കപ്പെടും എന്നത് ഉറപ്പ്. അത്രമേല്‍ അസ്വസ്തത സഭയില്‍ ഇന്നുണ്ട്. ഒരു അല്മായന്‍ പോലും തൃപ്തനല്ല. കാണിക്കുന്ന പലതും വിഡ്ഢിത്തരമാണെന്നു അവര്‍ക്ക് ബോധ്യമില്ല എന്നതേ ഉള്ളു. അത് ബോധ്യപ്പെടുത്തുന്ന ജോലിയാണ് അല്മായാശബ്ദം ചെയ്യേണ്ടത് എന്നാണു എന്റെ എളിയ അഭിപ്രായം.

വിശുദ്ധനായി ഒരാളെ പ്രഖ്യാപിക്കാനുള്ള അവകാശം സഭക്കില്ല. അതുപോലെ വിശുദ്ധരാണെന്നുള്ള പല പ്രഖ്യാപനങ്ങളും വൈകാരികവുമായിരുന്നു. അതിനു ഉപയോഗിച്ച മാനദണ്ടങ്ങളും മാറിക്കൊണ്ടിരുന്നു. മരിയാ ഗോരെത്തി മാനഭംഗ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു. അതല്ലാതെ ഒരു പ്രത്യേകതയും അവര്‍ക്കില്ലായിരുന്നു. വി. അല്ഫോന്സായുടെ കാര്യത്തില്‍ എന്നതുപോലെ ബാക്കി ചരിത്രം ആരൊക്കെയോ എഴുതി. അങ്ങിനെ എഴുതാനായിരുന്നെങ്കില്‍ അനുദിനം ഇവിടെ നിരവധി വിശുദ്ധകള്‍ ഉണ്ടാകേണ്ടതാണ്. ഫ്രാന്‍സിസിന്റെ കാര്യത്തില്‍ മാത്രമല്ല നിരവധി പേരുടെ കാര്യത്തില്‍ ഇതാണ് ഗതി. ഇവിടെ കിടന്നു കളിക്കുന്നത് കണ്ടില്ലേ? ചങ്ങനാശ്ശെരിക്കാര്‍ ഒരു വിശുദ്ധനു വേണ്ടി ദാഹിക്കുന്നു. പാവങ്ങള്‍! അതിനുവേണ്ടി എന്ത് ത്യാഗത്തിനും തയ്യാര്‍. പാലാക്കാരുടെ രാജയോഗം. യേശു ഒരൊറ്റ ആളിനെയേ സ്വര്‍ഗ്ഗത്തില്‍ എന്നോടൊപ്പം ആയിരിക്കും എന്ന് പറഞ്ഞിട്ടുള്ളൂ. അത് നല്ല കള്ളനാണ്. ആ വിശുദ്ധന്റെ പേരില്‍ എത്ര പള്ളികള്‍ നമുക്കുണ്ട്?

വിശുദ്ധ കുര്‍ബാന എത്ര ഭയഭക്തി ബഹുമാനത്തോടെയാണ് ഒരു കാലത്ത് കൊടുക്കപ്പെട്ടത്‌. ഇന്നത്‌ വേണ്ടിയോനു എടുക്കാം എന്നായി. രജി. പാര്‍സല്‍ ആയി എത്തിച്ചുകൊടുക്കുന്ന കാലവും വന്നു കൂടായ്കയില്ല. വെള്ളത്തിനു പകരം ബാറ്ററി വെള്ളം ആശിര്‍വദിച്ചു മിശിഹായുടെ രക്തമാക്കിയ ബിഷപ്‌ തൊണ്ട പൊള്ളി ആസ്പതിയിലായത് കേട്ടിട്ടില്ലേ? തൃശൂര്‍ ഭാഗത്ത് നിന്നുള്ള സംഭവകഥയാണ്. അല്‍പകാലത്തിനുള്ളില്‍ കുര്‍ബാന കൈക്കൊള്ളപ്പാടിന് വരുന്ന എല്ലാവരും യുണിഫോം ഇട്ടു വരേണ്ടിയും വന്നേക്കാം. അങ്ങിനെയേ ക്ലൈമാക്സ് എത്തുകയുള്ളൂ.

ദേഹം മുഴുവന്‍ സ്വര്‍ണം മൂടി പള്ളിയില്‍ വരുന്ന അംഗനമാരെ വിവാഹത്തിനു പള്ളിയില്‍ കയറ്റുന്നതും സഭ ആണെന്നോര്‍ക്കണം. എന്നിട്ടോ? എങ്ങിനെ ചടങ്ങ് നടത്തണം എന്ന് നിശ്ചയിക്കുന്നത് വിഡിയോക്കാര്‍. ഇല്ലാതിരുന്ന ഒത്തുകല്യാണ മാമാങ്കം സഭയല്ലേ പ്രോത്സാഹിപ്പിച്ചത്. ഹിന്ദുവിന്റെ നിലവിളക്കു വീട്ടില്‍ കണ്ടാല്‍ അവിടെ കയറില്ലായിരുന്നു ഒരു കാലത്ത് അച്ചന്മാര്‍. ഇന്നോ? വിളക്കും കൊടിമരവുമെല്ലാം തോമ്മായുടെ കണ്ടുപിടുത്തമായി.

കഷ്ടം എന്ന് പറഞ്ഞാല്‍ പോര...അതികഷ്ടം എന്നേ പറയേണ്ടൂ.

(റോഷന്‍ ഫ്രാന്‍സിസ്‌ കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്തതാണിത്. കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നു എന്ന് തോന്നിയത് കൊണ്ട് പോസ്റ്റ്‌ ആയി പ്രസധീകരിക്കുന്നു. Administrator)

1 comment:

  1. ദേഹം മുഴുവന്‍ സ്വര്‍ണം മൂടി പള്ളിയില്‍ വരുന്ന അന്ഗനമാരെ വിവാഹത്തിനു പള്ളിയില്‍ കയറ്റുന്നതും സഭ ആണെന്നോര്‍ക്കണം. എന്നിട്ടോ? എങ്ങിനെ ചടങ്ങ് നടത്തണം എന്ന് നിശ്ചയിക്കുന്നത് വിഡിയോക്കാര്‍. ഇല്ലാതിരുന്ന ഒത്തു കല്യാണ മാമാങ്കം സഭയല്ലേ പ്രോത്സാഹിപ്പിച്ചത്. ഹിന്ദുവിന്റെ നില വിളക്കു വിട്ടില്‍ കണ്ടാല്‍ അവിടെ കയറില്ലായിരുന്നു ഒരു കാലത്ത് അച്ചന്മാര്‍. ഇന്നോ? വിളക്കും കൊടിമരവുമെല്ലാം തോമ്മായുടെ കണ്ടുപിടുത്തമായി. കഷ്ടം എന്ന് പറഞ്ഞാല്‍ പോര...അതി കഷ്ടം എന്നെ പറയേണ്ടൂ. (റോഷന്‍ എഴുതിയത് )

    വായിക്കാന്‍ രസമുന്ടെന്നു മാത്രമല്ല, നൂറു ശതമാനം സത്യവുമാണ്, മേല്‍പ്പറഞ്ഞത്‌. ഏറ്റവും ആഴമായ ആത്മനിന്ദ മലയാളി സമൂഹത്തെപ്പറ്റിയും എന്റെ തന്നെ ബന്ധുക്കളെപ്പറ്റിയും എനിക്ക് തോന്നുന്ന നിമിഷങ്ങള്‍ , റോഷന്‍ സൂചിപ്പിച്ചതുപോലെ, ഒരു കലാബോധവും വിവേകവുമില്ലാതെ എല്ലാ കൃത്രിമ ചമയങ്ങളും നടത്തി, സുന്ദരിയായ ഒരു യുവതിയെ കുമ്മായം തേച്ച പ്രതിമ പോലെ വിവാഹമെന്ന കൂദാശക്ക് അവര്‍ കൊണ്ടുവരുന്ന രീതിയും, വീഡിയോക്കാര്‍ സംവിധാനം ഏറ്റെടുക്കുകയും ചെയ്യുന്നത് കാണുകമ്പോഴാണ്. ചില പ്രധാന കൃത്യങ്ങള്‍ വിഡിയൊക്കാരുടെ നിര്‍ദെശമനുസരിച്ചു ആവര്‍ത്തിക്കുക പോലും ചെയ്യാറുണ്ട്. ചടങ്ങിന്റെ എല്ലാ വിശുദ്ധിയും കളഞ്ഞു കുളിക്കാന്‍ ഇതൊക്കെ മതി.

    ഈ വിഷയങ്ങളെക്കുറിച്ചും, വൈദികര്‍ , പൊന്നുരുക്കുന്നിടത്ത് പൂച്ചയെപ്പോലെ, ചെന്നു വിവാഹമാമാങ്കം മൊത്തത്തില്‍ കൈയടക്കുന്നതിനെപ്പറ്റിയും ഞാന്‍ പലപ്പോഴും പലയിടത്തും എഴുതിയിട്ടുണ്ട്. സ്വന്തക്കാര്‍ പോലും പുല്ലുവില അതിനൊന്നും കല്പിച്ചിട്ടില്ല. എനിക്ക് മുഴുവട്ടാനെന്നാണ് അവരുടെ അഭിപ്രായം. അതു ശരിയായിരിക്കട്ടെ.

    ReplyDelete