അപ്പന് മരിച്ചിട്ട്
പത്തു വര്‍ഷം തികയുന്നത് പ്രമാണിച്ച് മക്കളെല്ലാം ഒത്തുകൂടിയ അതേ ദിവസം
ഏറ്റുമാനൂര്‍ അമ്പലത്തില്‍ ആറാട്ട് നടക്കുകയായിരുന്നു – ഫെബ്രുവരി
ഇരുപത്തൊന്നിന്. ഏറ്റുമാനൂര്‍ നടന്നതുപോലെ ഒരാറാട്ടു ഞങ്ങടെ വീട്ടിലും നടന്നു;
അതുകൊണ്ടാണ് ആറാട്ടിന്‍റെ കാര്യം ഞാന്‍ പറഞ്ഞത്. പള്ളിയിലെ ചടങ്ങുകളും വിഭവ
സമൃദ്ധമായ സദ്യയും കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഞങ്ങള്‍ ഏഴു മക്കള്‍ക്കും
കൂടി ഒരുമിച്ചിരുന്നു സൊറ പറയാന്‍ സമയം കിട്ടിയത്. ആറു പേരും നാട്ടിലില്ല. ഇളയവനായ
ജോമോനാണ് തറവാട്ടു ഭരണം. അവന്‍ വക്കിലാണ്. നാലാണ്മക്കളില്‍ മൂന്നു പേരും പുറത്ത്;
എല്ലാ വര്‍ഷവും വരുന്നത് ഞാന്‍ മാത്രം. ഒരു പെങ്ങള്‍ കന്യാസ്ത്രി, രണ്ടുപേരെ
കെട്ടിച്ചു വിട്ടു. മൂത്തവള്‍ ഏലിയാമ്മ മൂന്നാറില്‍ റിസോര്‍ട്ട് കച്ചോടം, അതിന്‍റെ ഇളയവള്‍ മറിയാമ്മ
കെട്ടിയോന്‍റെ കൂടെ ഗ്രഹഭരണവുമായി പൂനായില്‍ കഴിയുന്നു. റിസോര്‍ട്ടിനു
പട്ടയം കിട്ടിയോയെന്നു ഞാന്‍ ഏലിയാമ്മ പെങ്ങളോട് ചോദിച്ചിടത്താണ് പ്രശ്നങ്ങള്‍
തുടങ്ങിയത്.
ചര്‍ച്ച തുടങ്ങിയത്
സെമിത്തേരിയിലെ സ്പെഷ്യല്‍ ഒപ്പീസിന്‍റെ കാര്യം പറഞ്ഞാണ്. സെമിത്തേരിയടച്ചു
നടത്തിയ ഒപ്പീസ് മതിയായിരുന്നുവെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. അച്ചന്‍
ഒറ്റയ്ക്ക് കല്ലറയുടെ അടുത്തു ചെന്നാല്‍ അപ്പന്‍ എണിറ്റു വന്നു നാലെണ്ണം പറയുമോന്നു
ചെറിയ പേടി എനിക്കുണ്ടായിരുന്നു. ഒരു കാലത്ത് പള്ളിയും പട്ടക്കാരനുമായി നടന്ന അപ്പന്
ഒരു ദിവസം പള്ളിയോഗത്തില്‍ അച്ചന്‍റെ മുഖത്തു നോക്കി നാലെണ്ണം പറഞ്ഞിട്ട്
ഇറങ്ങിയതാ, പിന്നിട് ഒരു കാര്യത്തിനും ഇടപെട്ടിട്ടില്ല, പിരിവും കൊടുത്തിട്ടില്ല.
അപ്പന്‍ മരിക്കാന്‍ നേരത്തും ഞങ്ങളോട് പറഞ്ഞത് ഈ ളോഹയിട്ട വര്‍ഗ്ഗത്തെ ഉറക്കത്തില്‍
പോലും വിശ്വസിക്കരുതെന്നാണ്. കന്യാസ്ത്രി മേരിയോഴിച്ചു ബാക്കിയെല്ലാവരും അതക്ഷരം
പ്രതി അനുസരിച്ചുപോന്നു – അതായിരിക്കണം ഞങ്ങളുടെ വളര്‍ച്ചയുടെ രഹസ്യം.
ഏലിയാമ്മ പെങ്ങളുടെ
റിസോര്‍ട്ടിന്‍റെ മര്‍മ്മ പ്രധാനമായ സ്ഥലത്തിനു പട്ടയമില്ല. പണി പതിനെട്ടും
നോക്കിയിട്ടും അത് ശരിയായുമില്ല. അങ്ങിനെയിരിക്കുമ്പോഴാണ് പട്ടയമില്ലായെന്ന് നാട്ടുകാര്‍
ആരോപിക്കുന്ന സ്ഥലത്തു പള്ളിക്കാര്‍ക്ക് സ്കൂള്‍ നടത്താന്‍ സര്‍ക്കാര്‍ സമ്മതം നല്‍കിയ
കഥ പെങ്ങള്‍ കേട്ടത്. ആ കഥയാണ് പെങ്ങള് പറഞ്ഞത്. അതാണ് ആറാട്ടിന് സമാനമായ
ഒച്ചപ്പാടിന് ഇടയാക്കിയതും. അപ്പന്‍റെ മുദ്രാവാക്യം എല്ലാവരും ഒരുമിച്ചു ആവര്‍ത്തിച്ചാണ്
സഭ അന്ന് പിരിഞ്ഞതും. കഥ ഇങ്ങിനെ: കുഞ്ചിത്തണ്ണിയുടെ വികസനം സ്വപ്നം കണ്ടു
സ്ഥലത്തെ പ്രമുഖരെല്ലാവരും കൂടി ഒത്തു ചേര്‍ന്ന് സുരഭിയെന്നൊരു പ്രസ്ഥാനം തുടങ്ങി.
പള്ളിയും നാട്ടുകാരും എല്ലാം ഒരുമിച്ചപ്പോള്‍ അതങ്ങ് വളര്‍ന്നു. അങ്ങിനെയാണ് ഒരു ഇംഗ്ലിഷ്
മീഡിയം സ്കൂള്‍ തുടങ്ങാന്‍ അവര്‍ തയ്യാറായത്. അച്ചനും വന്നു വിശ്വാസികളും വന്നു,
എല്ലാവരുടേയും പിന്തുണയോടെ സ്കൂളും
തുടങ്ങി - കുറെയേറെ പണവും ചിലവഴിച്ചു. അങ്ങിനെ 2002 വലിയ
പ്രതിക്ഷകള്‍ നല്‍കി കടന്നു പോയി. 2003 ആയപ്പോള്‍ പള്ളിക്കാര്‍ക്ക്
ഒരു സ്വരം മാറ്റം, അവര്‍ സ്വന്തം നിലക്ക് ഒരു പബ്ലിക് സ്കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു.
സര്‍വ്വ വിശ്വാസികളും നാട്ടുകാരും മൂക്കത്ത് വിരല്‍ വെച്ച് പറഞ്ഞു, ഇത്
വേണ്ടിയിരുന്നില്ല. മെത്രാന്‍റെ സഹോദര പുത്രന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ മേത്രാനോട്
പരാതി പറഞ്ഞു നോക്കി. ഒരു പ്രയോജനവും കിട്ടിയില്ല; 2003ല്‍
ഹോളി ഫാമിലി പബ്ലിക് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. തുടങ്ങിയതോ, സുരഭി സ്കൂളിന്‍റെ
മതിലിനോട് ചേര്‍ന്ന്, പള്ളി കോമ്പൌണ്ടില്‍. സ്കൂളിന്‍റെ സ്ഥലത്തിന് പട്ടയമില്ലായെന്നത്
സത്യമാണെങ്കില്‍ അതിനു നിയമപരമായി അംഗികാരം
കിട്ടാനിടയില്ലെന്നു എല്ലാവരും കരുതി, കരുതിയതുപോലെ എന്തൊക്കെയോ കാരണത്താല്‍ അംഗീകാരത്തിനുള്ള
അപേക്ഷ തള്ളുകയുംചെയ്തു. കുറെ ഫോണ്‍ കോളുകള്‍ തലങ്ങും വിലങ്ങും പോയതേ
തിരുക്കുടുംബത്തിന്റെ മദ്ധ്യസ്ഥതയാല്‍ അതിനു അംഗികാരം കിട്ടി, തല മൂപ്പുള്ള സുരഭിക്ക്
കിട്ടിയതുമില്ല.
പെങ്ങളെ
ആശ്വസിപ്പിക്കാന്‍, എറണാകുളത്ത് കന്യാസ്ത്രികളുടെ സ്കൂള്‍ തട്ടിയെടുക്കാന്‍
ശ്രമിച്ചതും അവര്‍ കേസ് കൊടുത്തതും, തൃശ്ശൂര്‍ കൊവേന്തക്കാരുടെ കൈയ്യിലിരുന്ന ഇടവക
സ്വന്തമാക്കാന്‍ ശ്രമിച്ചതും, കാഞ്ഞിരപ്പള്ളിയില്‍ സ്ഥലം തട്ടിയെടുത്തതും തുടങ്ങി
കുറെ സംഭവങ്ങള്‍ ഞങ്ങള്‍ പങ്കു വെച്ചെങ്കിലും പെങ്ങള്‍ വഴങ്ങിയില്ല. ജനഗണമനക്കു
പകരം പെങ്ങള്‍ ഒരു നല്ലവാക്കു പറഞ്ഞു (ആ വാക്ക് ഡിക്ഷണറിയില്‍ ഇല്ലാത്തതുകൊണ്ട് ഇവിടെ എഴുതുന്നില്ല).
പെങ്ങടെ റിസോര്‍ട്ടിനു പട്ടയം കിട്ടിയിരുന്നെങ്കില്‍, ഒരു നാട്ടുകാരെ മുഴുവന്‍
മാനസാന്തരപ്പെടുത്തിയ കുഞ്ചിത്തണ്ണി സംഭവം ഞങ്ങള്‍ അറിയാതെ പോയേനെ!
This comment has been removed by a blog administrator.
ReplyDelete