Translate

Thursday, March 28, 2013

ഫാ. ജയിംസ് ഗുരുദാസിന്റെ അപ്രിയ യാഗങ്ങൾ പ്രഭാഷണം.

ശ്രീ സാമുവൽ കൂടൽ രചിച്ച അപ്രിയ യാഗങ്ങൾ എന്ന കാവ്യരചന  യഥാർത്ഥത്തിൽ  നിങ്ങൾ നയിച്ചുകൊണ്ടിരിക്കുന്ന മഹത്തായ  വിമോചന വിപ്ലവത്തിന്റെ കാഹളമാണ്. അല്മായരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള   തീക്ഷ്ണതയും ഈ കാവ്യ രചനയിൽ പ്രകടമാകുന്നു. ക്രൈസ്തവമതത്തിൽ പ്രത്യേകിച്ച് കത്തോലിക്കസഭയിൽ മാറ്റങ്ങൾക്കായുള്ള ഒരു നവീകരണം ആവശ്യമുണ്ട്.  അധികാരമത്തു പിടിച്ച അല്മായ നേതൃത്വത്തിൽനിന്നും ഓരോ കത്തോലിക്കനും സ്വതന്ത്രമാകേണ്ടതുമുണ്ട്‌.  വ്യക്തിത്വത്തെ ബലികഴിച്ച്‌ ഇരുട്ടിൽ തപ്പുന്ന അല്മായർക്ക്  ഒരു മോചനമാണാവശ്യം. വിശ്വാസിലോകത്തെ അടിമത്വ ചങ്ങലകൾകൊണ്ട്   പൌരാഹിത്യം  ബന്ധിച്ചിക്കുന്നുവെന്നത് സത്യമാണ്. ഇങ്ങനെ ധാർമ്മികമായി അധപതിച്ച ഒരു ജനതയുടെ നേരെ കൈചൂണ്ടികൊണ്ടാണ് ശ്രീ സാമുവൽ കൂടൽ  തന്റെ വിശിഷ്ടമായ ഈ കാവ്യരചന രചിച്ചിരിക്കുന്നത്. ഇതേ ആശയങ്ങളുടെ ഒഴുക്കിൽ തന്നെയാണ് ഞാൻ എന്റെ കാവ്യകൃതിയായ മോചനകാഹളവും എഴുതിയത്. ഇതാ നോക്കുക, കവിയായ കൂടലിന്റെ ചില പ്രയോഗങ്ങളും പ്രതിബിംബങ്ങളും  എടുത്തു നോക്കിയാൽ അദ്ദേഹത്തിന്റെ കാവ്യാത്മകമായ ഉൾകാഴ്ച  നമുക്കേവർക്കും വ്യക്തമാകും. 'പഠിപ്പില്ലാ പാതിരിക്ക് അടിമകളാകേണ്ട ഗതികേടിലാണ്' നാമെന്ന്  പറയുമ്പോൾ അതിൽ ഒരു വലിയ കാര്യമുണ്ട്. തുറന്ന ഒരു സത്യം കവി തന്റെ വിപ്ലവ രചനയില്ക്കൂടി ലോകത്തെ  അറിയിക്കുകയാണ്.

പാതിരി പാമ്പെന്നുള്ള പ്രയോഗത്തിൽ മനുഷ്യരുടെ മനസ്സിൽ മഞ്ചെട്ടിപ്പോലെ കടിക്കുന്ന വൈദ്യകരെക്കുറിച്ചുള്ള ചിന്തകളല്ലേ  നമ്മുടെ മനസുകളിൽ ഉതിർന്നു വരുന്നത്. ശ്രീ പുലിക്കുന്നൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ച ഒരു കാര്യം ആദ്യംതന്നെ പറയണമെന്നുള്ള ഉദ്ദേശത്തിലാണ് ഞാൻ ഇന്ന് ഈ സെമിനാറിൽ പങ്കുകൊണ്ടത്. പുരോഹിത മെത്രാന്മാരുടെ പാപത്തെപ്പറ്റിയുള്ള നിർവചനം ഒന്ന് ചിന്തിക്കൂ. ഇതാ, ഇന്ന് ബിഷപ്പ് തെക്കേത്തുച്ചേരിയും കേരളത്തിലെയെന്നല്ല ഇന്ത്യാ മഹാരാജ്യത്തിന്റെ സർവ്വമെത്രാന്മാരും ഇവിടെ ഇരിക്കുകയാണെങ്കിൽത്തന്നെയും അവരുടെ മുമ്പിൽ തന്റെടത്തോടെ മുഖത്തു കൈചൂണ്ടികൊണ്ട് ഞാൻ നിങ്ങളോട് പറയുന്നത് പറയുവാൻ സാധിക്കും. പാപമെന്തെന്ന്  വിവേചിച്ചറിയാത്ത, അർഥംപോലും ഗ്രഹിക്കുവാൻ ത്രാണിയില്ലാത്ത  മന്ദബുദ്ധികളായ    ഇത്തരം  മൂഢന്മാരുടെ നേതൃത്വത്തിൻ കീഴിൽ അനുസരിച്ച് ജീവിക്കുകയെന്നത് തികച്ചും നിർഭാഗ്യകരം തന്നെ.   പാപത്തിന്റെ കാഠിന്യം അനുസരിച്ച് ഒരുവന് ശുദ്ധീകരണസ്ഥലമോ നരകമോ വിധിക്കാം. ചുരുക്കം പറഞ്ഞാൽ ഒരുവൻ ഉല്ലാസ്സമേളയിൽപ്പോലും മദ്യപിച്ചാൽ അവന്റെ വിധി നിത്യ നരകം. ദൈവത്തിൽനിന്നുമകന്ന് ഒരിക്കലുമൊരിക്കലും   രക്ഷപ്പെടുവാൻ സാധിക്കാതെ, അവനു കല്പ്പിക്കുന്നത്  നിങ്ങൾ കെടാത്ത തീയിലെ  വെന്തുരുകുന്ന നരകമോ?  ഇങ്ങനെയുള്ള മാനസിക അടിമത്വത്തിന്റെ മോചനമാണ് ഈ കവിയുടെ കവിതാ സമാഹാരങ്ങളിൽ ഉള്ളത്. അതുപോലെ കുപ്പായവും ധരിച്ച് സ്വയം അപമാനിതരായ   മതമേലാധികാരികളോടുള്ള അമർഷവും  കവിതകളായി അപ്രിയ യാഗങ്ങളിലുണ്ട്.

 ഉൽകൃഷ്ടമായ മറ്റൊരാശയവും ഈ കൃതിയിൽ വെളിപ്പെടുത്തുന്നുണ്ട്. അതായത് യാഗം ചൂഷണമാണ്. നമുക്കു വേണ്ടത് ത്യാഗമാണ്. ആത്മാവിൽ കുളിർമ്മ നല്കുന്ന മഹത്തായൊരു സന്ദേശമാണിത്. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയാണ് ഈ സത്യമെന്ന് എന്നും നിത്യബലിയിൽക്കൂടി  യാഗം നടത്തുന്നവർ ചിന്തിക്കുന്നില്ല.  യേശുവിന്റെ ദൈവശാസ്ത്രത്തിലെ സാരാംശം ഇതിലുണ്ട്. നമുക്ക് ത്യാഗം മതി. യാഗം വേണ്ടാ. യാഗംകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുന്നവർ   ഭോഷന്മാരാണ്.  സമ്പൂർണ്ണമായ സ്വയംത്യാഗം അതെ ആത്മത്യാഗം, സർവ്വതും ഇതിലടങ്ങിയിരിക്കുന്നു. യാഗംകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുകയോ? ഇങ്ങനെ ഉത്കൃഷ്ടമായ തത്ത്വചിന്തകൾകൊണ്ട് കൂടലിന്റെ കാവ്യങ്ങൾ സഹൃദയരുടെ  ആഴമായ ഹൃദയങ്ങളിൽ പതിക്കുന്നു. മഹത്തായ ലക്ഷ്യങ്ങൾക്കായി പൊരുതുന്ന അല്മായരായ നിങ്ങളുടെ  സ്വാതന്ത്ര്യത്തിന്റെ വിമോചനമുന്നേറ്റത്തിന് പ്രചോതനമരുളുന്ന അനേകമനേകം  ആശയങ്ങളും പ്രയോഗങ്ങളും കൂടലിന്റെ  വിപ്ലവകവിതകളിലുണ്ട്.  ഈ കാവ്യാ രചന  ശ്രദ്ധാപൂർവ്വം വായിക്കൂ, പഠിക്കൂ. ഇതാണ്  ഈ  ഗ്രന്ഥത്തെപ്പറ്റി എനിക്ക്  നിങ്ങളോട് പറയുവാനുള്ള സന്ദേശവും.


ഇനി പൊതുവായുള്ള എതാനും കാര്യങ്ങൾ  ഞാൻ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങൾ തുടങ്ങിവെച്ച മഹത്തായ സമരത്തിന്, നിങ്ങളുൾപ്പെട്ട   ധാർമ്മികതയുടെ  വിപ്ലവ മുന്നേറ്റത്തിന് എന്റെ  പിന്തുണ നിങ്ങളോടൊപ്പമെന്നുമുണ്ട്. ഈ ഭൂമിലോകത്തിൽ ആരുമെന്നെ തടയുകയില്ല. ഞാൻ പറഞ്ഞല്ലോ, നിങ്ങളോട് ഇപ്പറയുന്ന കാര്യങ്ങൾ ആരുതന്നെ വന്നാലും, മെത്രാനൊ, മാർപാപ്പതന്നെ വന്നാലും സത്യത്തിന്റെ ഈ ഭാഷ അവരുടെമേൽ മുഖത്തു നോക്കി കൈചൂണ്ടികൊണ്ട് പറയുവാനുള്ള ആത്മതന്റേടം ദൈവം എനിക്ക് തന്നിട്ടുണ്ട്. പ്രാവാചകവീര്യം ഹൃദയത്തിൽ ആഞ്ഞടിച്ചാൽ മാത്രമേ ദൈവനാമത്തിൽ വിപ്ലവം നടത്തുവാൻ സാധിക്കുകയുള്ളൂ. പ്രവാചക ധീരത നമ്മുടെ പ്രിയങ്കരനായ കവി ശ്രീ സാമൂവൽ കൂടലിന് ദൈവം കനിഞ്ഞു വർഷിച്ചിട്ടുണ്ടെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഈ ധീരതയും  അതിന്റെ  ധീഷണതയും    ഒരിക്കലും കുറയാതിരിക്കട്ടെയെന്നും ഞാൻ ആശംസിക്കുകയാണ്.

 ഒരു സഹോദരനെന്ന നിലയിൽ മറ്റൊരു കാര്യംകൂടി ഞാൻ നിങ്ങളോട് പറയട്ടെ. വൈകാരികമായ  ഒരു വിമോചന സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങളെ ഉദ്ദേശിച്ച് ഗാന്ധിജി പറഞ്ഞതും എന്റെ ഓർമ്മയിൽ വരുന്നു. അദ്ദേഹം പറയുകയാണ് ; "ആദ്യം അധികാര വർഗ്ഗം നിങ്ങളെ കണ്ടില്ലന്നു നടിക്കും. അടുത്ത അടവ് നിങ്ങളെ അവർ അവഹേളിക്കും. പിന്നീട് നിങ്ങൾക്കെതിരായി അക്രമം അഴിച്ചുവിട്ട്‌ എതിരിടും. അപ്പോൾ നിങ്ങൾ വിജയിക്കും." അധർമ്മത്തിനെതിരെ ധർമ്മം അവിടെ വിജയത്തിന്റെ വെന്നിക്കൊടി നാട്ടുകയാണ്. ഗാന്ധിജി അന്ന് ഭാരതീയരോടായി  പറഞ്ഞത് ഇന്ത്യൻ സ്വാതന്ത്ര്യത്തെ സ്വപ്നം കണ്ടുകൊണ്ടായിരുന്നു.   പിന്നീട് സ്വാതന്ത്ര്യത്തിന്റെ  ഈ ദീപശിഖ  ഏകാധിപതികളെയും സാമ്രാജ്യങ്ങളെയും  തകർത്തുകൊണ്ട് ലോകം മുഴുവനായി വെട്ടിത്തിളങ്ങി. .

 അതുപോലെ, നിങ്ങളുടെ ഈ സമരത്തിൽ നിങ്ങൾ സ്വയം ആദർശ ബോധവാന്മാരായിരിക്കണം. സ്വന്തമായ ലക്ഷ്യങ്ങളും ബോധ്യങ്ങളുമുണ്ടായിരിക്കണം. ഇതുതന്നെയാണ് ബുദ്ധനും പറഞ്ഞത്. ഏതു ഗ്രന്ഥത്തിലുള്ളതാണെങ്കിലും ശരി, ആരു തന്നെ പറഞ്ഞാലും ശരി, നിങ്ങൾക്കു സത്യമെന്ന് ഉൾബോധമുള്ള  കാര്യങ്ങൾ മാത്രമേ പറയാവൂ. പ്രവർത്തിക്കാവൂ.  ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്. അച്ചൻ പറഞ്ഞാലും മെത്രാൻ പറഞ്ഞാലും മാർപാപ്പ  പറഞ്ഞാലും ഈ കപട ലോകത്തിൽ ആരെയും വിശ്വസിക്കരുത്‌.


താത്ത്വികനായ ബർണ്ണാർഡ്ഷാ പറഞ്ഞിട്ടുണ്ട്, "ഞാൻ എന്റെ വിശ്വാസം കാത്തുപരിപാലിക്കാനായി മരിക്കുകയില്ല. കാരണം, എന്റെ വിശ്വാസം തെറ്റാകാം"  നന്നായി കാര്യകാരണസഹിതം പഠിച്ച്, നല്ലവണ്ണം ചിന്തിച്ച് സത്യമെന്ന് ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ പറയാവൂ. യാതൊരു കാരണവശാലും ഒരിക്കലും അസത്യം പറയുവാൻ ഇടവരരുത്. അർദ്ധസത്യങ്ങളും  അസത്യങ്ങളും നമ്മുടെ ഈ പ്രസ്ഥാനങ്ങളിലോ, മാസികകളിലോ പ്രസംഗങ്ങളിലോ കടന്നുകൂടാൻ  ഇടയായാൽ അത് നമ്മുടെ ബലഹീനതയായി മറ്റുള്ളവർ കണക്കാക്കും. അതുകൊണ്ട് ജാഗ്രതയായി, ഒന്നിച്ചു നില്ക്കുക. സാമ്പത്തിക ബുദ്ധി മുട്ടുകളെയും അവഗണിച്ച് പ്രസ്ഥാനമുന്നേറ്റത്തിനായി ആദർശ ധീരതയോടെ പ്രവർത്തിക്കുന്ന ജോര്ജു മൂലേച്ചാലും, ജോസും എത്രമാത്രം ത്യാഗം സഹിക്കുന്നുണ്ടെന്ന് വാക്കുകൾകൊണ്ട്   ഇവിടെ വിവരിക്കുവാൻ സാധിക്കുകയില്ല.


വാസ്തവത്തിൽ ശ്രീ ജോർജ്‌  മൂലേച്ചാലിന്റെ ത്യാഗമനോഭാവം ഒന്നുകൊണ്ടുമാത്രമാണ് ഇന്ന് ഞാൻ വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണെങ്കിലും  ഈ യോഗത്തിൽ വന്നെത്തിയത്. അർപ്പിതമായ  മനോഭാവത്തോടെ ലക്ഷ്യപ്രാപ്തിക്കായി നിങ്ങൾക്കേവർക്കും  ഒന്നിച്ചു നില്ക്കുവാൻ സാധിക്കുകയില്ലേ? സംശയിക്കേണ്ടാ, അമ്പതു പേരുണ്ടെങ്കിലും ഒന്നിച്ചുനിന്നാൽ അത് വലിയ ശക്തിയാണ്.  ഒന്നിച്ചു നില്ക്കണം. ഇല്ലെങ്കിൽ ഓരോരുത്തരായി അവർ നിങ്ങളെ ക്രൂശിക്കും. കഴുകിൽ കയറ്റും.  ഐക്യമത്യം മഹാബലമെന്ന വാക്യം ഏതു പ്രസ്ഥാനങ്ങളുടെയും വിജയരഹസ്യമാണ്.  അതുകൊണ്ട് നിങ്ങളുടെ പ്രസ്ഥാനത്തിന് ധാർമ്മികവീര്യം പകർന്നുകൊണ്ട് ആശയപരമായ, ബൌദ്ധികപരമായ നേതൃത്വങ്ങളിൽക്കൂടി ഗ്രന്ഥങ്ങളും, ലേഖനങ്ങളും രചിച്ചിരിക്കുന്ന അപ്രിയ യാഗങ്ങൾ വിശദീകരിച്ചിരിക്കുന്ന സാമൂവൽ കൂടലിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു. അദ്ദേഹത്തിന് എക്കാലവും എല്ലാവരുടെയും പിന്തുണ ഉണ്ടായിരിക്കട്ടെയെന്നും അഭിലഷിക്കുന്നു. നിങ്ങളുടെ ഈ വിമോചന പ്രസ്ഥാനത്തിന്, സ്വാതന്ത്ര്യസമരത്തിന് എന്റെ എല്ലാവിധ ധാർമ്മികപിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടും നന്മകൾ നേർന്നുകൊണ്ടും വാക്കുകളെ അവസാനിപ്പിക്കുന്നു.
http://www.youtube.com/watch?feature=player_detailpage&v=-kf1vt92CDo

No comments:

Post a Comment