Translate

Tuesday, March 26, 2013

അദ്വൈതം മലയാളിക്ക് ദഹിക്കുമോ?


നുഷ്യന്റെ സവിശേഷ ഗുണം ബുദ്ധിയാണെങ്കിലും, അനുദിനജീവിതവ്യാപാരങ്ങൾക്ക്‌ വേണ്ടിവരുന്നതിൽ കൂടുതലായി ഒട്ടുംതന്നെ ബുദ്ധിയെ ക്ലേശിപ്പിക്കാൻ താത്പര്യമില്ലാത്തവരാണ് ഭൂവാസികളിൽ ഏറെയും. അന്യ രാജ്യങ്ങളെയപേക്ഷിച്ച് ഇന്ത്യാക്കാർ മടിയന്മാരാണെന്ന് പരക്കെ ഒരഭിപ്രായമുണ്ട്. അന്യ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി താരതമ്യം നടത്തിയാൽ കേരളീയർ അനുദിനം കൂടുതൽ അലസതയിലേയ്ക്ക് കൂപ്പുകുത്തുകയാണ്. സ്വയം ചെയ്യേണ്ടതും ചെയ്യാവുന്നതുമായ പണികളൊക്കെ മറ്റു നാട്ടുകാർക്ക് വിട്ടുകൊടുത്തിട്ട്‌ മലയാളികൾ ആർഭാടമായ ജീവിതരീതികൾ ശീലിച്ചു തുടങ്ങിയിട്ട് കുറേക്കാലമായി. അവരിൽ പണിയാൻ തയ്യാറുള്ളവർ, സാഹചര്യത്തെ മുതലെടുത്തുകൊണ്ട്‌, ചോദിക്കുന്ന കൂലിയാകട്ടെ എല്ലാ പരിധിയും കടന്നിരിക്കുന്നു. അങ്ങനെ കൈയിലെത്തുന്ന പണത്തിലധികവും മദ്യവ്യാപാരികളിലൂടെ ജനദ്രോഹിയായ സർക്കാർ തിരിച്ചുപിടിക്കുന്നു. ബൗദ്ധികവ്യാപാരങ്ങളിലേയ്ക്കു കടന്നാൽ സംഗതികൾ അതിലും വഷളാണ്. രാഷ്ട്രീയത്തിലായാലും ധാര്മ്മിക വിഷയങ്ങളിലായാലും വെറുതേ ഒച്ചപ്പാടുണ്ടാക്കുക എന്നതിൽ കവിഞ്ഞുള്ള ഇടപെടലുകൾക്കൊന്നും ഇന്ന് മലയാളിയെ കിട്ടില്ല. ജനപ്പെരുപ്പത്തിന്റെ ഒച്ചപ്പാടും ബഹളവും പുറത്തും, കഴമ്പില്ലാത്ത പ്രക്ഷേപണ ചാനലുകളിലെ നിറപ്പകിട്ടുള്ള നുണകളും കിംവദന്തികളും വീടിനകത്തും അവരുടെ സമയമെല്ലാം അപഹരിക്കുന്നു. കാരണം, ചിന്തയെന്ന വ്യായാമം നമുക്കിന്ന് ആയാസകരമായി തീർന്നിരിക്കുന്നു.

എന്നാൽ ശരീരമെന്നതുപോലെ, ബുദ്ധിയും മനസ്സും അനായാസമായി പ്രവർത്തിക്കുന്ന ഒരു തലത്തിൽ മാത്രമേ ആത്മാവിനുണർവും സന്തോഷവും പകരുന്ന വിഷയങ്ങളിലേയ്ക്ക്‌ താത്പര്യത്തോടെ ഇറങ്ങിച്ചെല്ലാൻ സാധിക്കൂ എന്ന് പൊതുവേ മനസ്സിലാക്കിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്നാണ് ലോകത്തൊരിടത്തും വികസിച്ചിട്ടില്ലാതിരുന്ന ജീവിതദർശനങ്ങളിലേയ്ക്ക് അവരുടെ അന്വേഷണത്വരയുടെ ശക്തിയാൽ നമ്മുടെ പൂർവികർ കടന്നുചെന്നത്. അദ്വൈതമുൾപ്പെടെയുള്ള വേദാന്തദർശനങ്ങൾ അതില്പ്പെടുന്നു. ഇന്നാകട്ടെ, നമ്മുടെ അസ്തിത്വത്തെയും ആദ്ധ്യാത്മികതയെയും ഏറ്റവും സാരമായി ബാധിക്കുന്ന ഈ ഉൾക്കാഴ്ചകളെപ്പറ്റി തങ്ങളിൽത്തന്നെ അവബോധമുണർത്താനാഗ്രഹിക്കുന്നവർ വളരെ വിരളമാണ്. അതിനുള്ള ഒന്നാംതരം തെളിവാണ് കറയറ്റ വേദാന്തിയായിരുന്ന ശ്രീ നാരായണഗുരുവിനെ അതിശ്രേഷ്ഠനായ ആദ്ധ്യാത്മിക ഗുരുവായും അതികായനായ സാമൂഹിക പരിഷ്ക്കർത്താവായും യുവതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ, നമ്മുടെ സ്കൂൾനടത്തിപ്പുകാർ പൊതുവേ കാണിക്കുന്ന വൈമനസ്യം.

മനസ്സിന്റെയും ബുദ്ധിയുടെയും വ്യാപാരങ്ങൾ വ്യത്യസ്തമാണ്. അവയിൽ വ്യാപരിക്കാനാഗ്രഹിക്കുന്നവർ സ്വസ്ഥമായ ജീവിതസാഹചര്യത്തിൽ ഏറെ നേരം മൌനമായ ഏകാന്തതയിൽ വസിക്കാൻ തയാറാകണം. ബുദ്ധി അറിവിനുള്ള ഉപകരണമാണ്. മനസ്സാകട്ടെ ഇച്ഛകളുടെ കലവറയാണ്. എല്ലാ ഇച്ഛയുടെയും ലക്‌ഷ്യം നന്മ അല്ലെങ്കിൽ ആനന്ദമാണ്. എല്ലാ ഇച്ഛയും ദ്വന്ദ്വഹേതുവാണെന്നു മാത്രമല്ല, ഒന്ന് മറ്റൊന്നിലേയ്ക്ക് വലിച്ചിഴക്കുകയും ചെയ്യും. അതുകൊണ്ടാണ് മനസ്സിനെ നിഗ്രഹിക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക്‌ ആന്തരികവിഭജനമില്ലാത്ത ഒരവസ്ഥയിൽ എത്താനാവൂ എന്ന് ആദ്ധ്യാത്മഗുരുക്കന്മാർ പഠിപ്പിക്കുന്നത്. ആഗ്രഹങ്ങളെ മറികടക്കുക എന്നതാണ് അദ്വൈതാനുഭവത്തിനു മുന്നോടിയായിട്ടുള്ള കളമൊരുക്കൽ. സമയം അല്ലെങ്കിൽ കാലം എന്നത് ഒരു മിഥ്യയാണെന്നും ചലനമാണ് ഈ മിഥ്യയെ ഉണ്ടാക്കുന്നതെന്നും നമുക്കറിയാം. നമുക്കറിയാവുന്ന ജീവരൂപങ്ങളെല്ലാം നിലനില്ക്കുന്നത് അവ ചലിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. ഭൌതികാസ്തിത്വത്തിന്റെ സ്ഥായിയായ ലക്ഷണംതന്നെ ചലനമാണ്. എന്നാൽ അസ്തിത്വത്തിന്റെ പൂർണ്ണമായ ഉച്ഛ്രിതാവസ്ഥയിൽ അത് അപരിച്ഛിന്നവും നിശ്ചലവുമായിരിക്കണമെന്ന് അനുമാനിക്കുക യുക്തിയുക്തമാണ്. അതുകൊണ്ടാണ് പരമാത്മാവിലേയ്ക്ക് നയിക്കുന്ന ആദ്ധ്യാത്മികതക്ക് ഏറെ സ്വസ്ഥതയും മൌനവും വേണ്ടിവരുന്നത്. മറ്റൊരു പ്രധാന പാഠം, ആദ്ധ്യാത്മികതയുടെ വഴിയിൽ ഗുരുവും ശിഷ്യനും ആത്യന്തികമായി അവനവൻതന്നെയാണ് എന്ന തിരിച്ചറിവിൽ എത്തേണ്ടതുണ്ട് എന്നാണ്. ആദ്ധ്യാത്മികതയുടെ പാരമ്യത്തിലെത്തിയ രമണമഹർഷിക്ക് ശിഷ്യരോ ഗുരുനാഥരോ ഇല്ലായിരുന്നു. അദ്ദേഹത്തിന് ആരോടും ഒന്നും ആഹ്വാനം ചെയ്യാനുമില്ലായിരുന്നു.

എന്തെങ്കിലും ആഗ്രഹിക്കപ്പെടുന്നതിനു മുമ്പ് അത് അറിയപ്പെടണം എന്ന് സാധാരണ പറയാറുണ്ടെങ്കിലും അതൊരർദ്ധസത്യം മാത്രമാണ്. വിവരങ്ങൾ ശേഖരിക്കുക എന്നയർത്ഥത്തിലെടുക്കുമ്പോൾ അറിവ് ആഗ്രഹത്തിലേയ്ക്കു നയിക്കുമെന്നത് ശരിയാകാം. തന്നിൽനിന്ന് അന്യമായ വസ്തുക്കളെക്കുറിച്ച് പഞ്ചേന്ദ്രിയങ്ങൾ വഴി നേടുന്ന വിഷയജ്ഞാനം ആണിവിടെ ഉദ്ദേശിക്കുന്നത്. ലോകവ്യാപക വിവരജാലകങ്ങളുടെ (world wide web) ഇക്കാലത്ത് ഇത്തരം അറിവാണ് അധികം പേരെയും ആകര്ഷിക്കുന്നത്.

തന്റെ വേദാന്തവിജ്ഞാനത്തിൽ സ്വാമി ജ്ഞാനാനന്ദ സരസ്വതി ജീവജ്ഞാനം എന്ന് പേരിട്ടിരിക്കുന്ന അറിവാകട്ടെ കുറേക്കൂടി ഉയർന്ന തലത്തിലാണ്. വിഷയജ്ഞാനം പഞ്ചേന്ദ്രിയങ്ങളിൽകൂടെ മനസ്സിലേയ്ക്കൊഴുകി അവിടെ അടങ്ങി, അത് അവനവനെപ്പറ്റിയുള്ള അറിവായിത്തീരുന്നതാണ് ജീവജ്ഞാനം. വിഷയജ്ഞാനം ജാഗ്രതാവസ്ഥയിൽ മുന്നിട്ടു നിൽക്കുമ്പോൾ ജീവജ്ഞാനം തെളിഞ്ഞു നില്ക്കുന്നത് ഇന്ദ്രിയശിക്ഷണത്തിലും സ്വപ്നാവസ്ഥയിലുമാണ്. ജീവാത്മാവിന്റെ അവസ്ഥാഭേദങ്ങളെ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നാണ് മാണ്‍ഡൂക്യവും പ്രശ്നവും ബൃഹദാരണ്യകവും വിശേഷിപ്പിക്കുന്നത്. ഉപനിഷത്തുകൾ പൊതുവേ സ്വപ്നാവസ്ഥക്കും, മാണ്‍ഡൂക്യവും പ്രശ്നവും നാലാമത്തെ അവസ്ഥയായ തുരീയത്തിനും വളരെ പ്രാധാന്യം കല്പിക്കുന്നുണ്ട്. ബ്രഹ്മാനുഭൂതിയുടെ നാല് തലങ്ങളായിട്ടാണ് ഇവയെ പരിഗണിക്കുന്നത്. പ്രശ്നോപനിഷത്തിലെ ചോദ്യങ്ങൾ ഇങ്ങനെ പോകുന്നു: ഉണര്ന്നിരിക്കുന്ന അവസ്ഥ ആരുടേതാണ് ? സ്വപ്നം കാണുന്നതാര്? നിദ്രയാസ്വദിക്കുന്നതാര്? ആരാണ് ഈ മൂന്നവസ്ഥകളെ നിയന്ത്രിക്കുന്നത്? ജാഗ്രദാവസ്ഥയിൽ ഇന്ദ്രിയങ്ങളും മനസ്സും ഉണർന്നിരിക്കുന്നു. സ്വപ്നത്തിൽ, ഇന്ദ്രിയങ്ങൾ പിന്മാറി, മനസ്സ് മാത്രം പ്രവർത്തിക്കുന്നു. സുഷുപ്തിയിലാകട്ടെ, മനസ്സും ബുദ്ധിയും പിന്‍വാങ്ങുന്നു. 

ആത്മജ്ഞാനം എന്ന പൂർണ്ണമായ അറിവിൽ സംഭവിക്കുന്നത്‌, അറിയുന്നയാളും അറിയപ്പെടുന്നതുംതമ്മിലുള്ള ഒന്നുചേരലാണ്. അപ്പോൾ ഇന്ദ്രിയവിഷയങ്ങളില്ല; ഞാനെന്ന ബോധമില്ല. ഉള്ളത്, ഐശ്വരസ്പർശത്തിന്റെ ആനന്ദാനുഭൂതി മാത്രം. ആത്മജ്ഞാനത്തിന്റെ ഈ കൈവല്യത്തെയാണ് മോക്ഷം, തുരീയാവസ്ഥ, ബ്രഹ്മാനന്ദം എന്നൊക്കെ പേരിട്ടുവിളിക്കുന്നത്‌...  ഭക്ഷണം തേടി പറന്നുതളര്ന്ന പക്ഷി ദിനാന്ത്യത്തിൽ തൃപ്തമായും ശാന്തമായും മരച്ചില്ലയിലോ കൂട്ടിലോ ചേക്കേറുന്നതുപോലെയാണ് സമാധിസ്ഥമായ ജീവാത്മാവിന്റെ അവസ്ഥയെന്ന്  ബൃഹദാരണ്യകം പറയുന്നു.

സ്വാംശീകരിച്ച അത്തരം അറിവ് പക്ഷേ, അപൂർവമാണ്. ആ അറിവിൽനിന്ന് ഭൗതികമായ ഒരാഗ്രഹവും ഉണ്ടാവാനാവില്ല. കാരണം വ്യക്തമാണ്. സമ്പൂർണ്ണമായ അറിവിലൂടെ നമ്മുടെ സത്തയുമായി ഒന്നായിത്തീർന്നതെന്തോ, അത് വീണ്ടുമൊരിക്കൽ നമ്മുടെ ആഗ്രഹത്തിന് വിഷയമാവാനാവില്ല. ആത്മജ്ഞാനം അനുഭവവേദ്യമായ ലഭ്യതയാണെന്നതിനാൽ അറിഞ്ഞതെന്തോ അത് ഞാൻതന്നെ, അല്ലെങ്കിൽ ഞാൻ അതായിത്തീർന്നിരിക്കുന്നു എന്ന ബോധ്യം വരുമ്പോൾ അതിനുവേണ്ടി വീണ്ടുമൊരു മോഹം അസ്ഥാനത്താണ്. ഉള്ളതിനെത്തന്നെ വീണ്ടും ആഗ്രഹിക്കക എന്നത് ചിന്തനീയമല്ലല്ലോ. വേറിട്ടുനില്ക്കുന്നത് മാത്രമേ ആഗ്രഹത്തെ ജനിപ്പിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ, എല്ലാ ശരിയായ അറിവും അദ്വൈതാനുഭവത്തിലേയ്ക്കാണ് നയിക്കുന്നത്.

ജീവാത്മാവും പരമാത്മാവും രണ്ടല്ല, ഒന്നുതന്നെയാണെന്ന സിദ്ധാന്തമാണ്‌ അദ്വൈതം. ശങ്കരാചാര്യരാണ് ഈ സിദ്ധാന്തത്തിന് കരുത്തും പ്രചാരവും നല്കിയതും അതിന് ദേശാന്തരപ്രശസ്തി നേടിക്കൊടുത്തതും. ആത്മാവ് ബ്രഹ്മം തന്നെയാണെന്ന് അംഗീകരിക്കുകയും അന്യരെ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയുമാണ് ഉപനിഷത്തുക്കൾ ചെയ്യുന്നത്. ഭഗവദ് ഗീതയും അദ്വൈതാശയങ്ങൾ പലേടത്തും സൂചിപ്പിക്കുന്നുണ്ട്. ഒരിടത്ത് "വാസുദേവ: സർവ" (7-19) എന്ന വാക്യത്തിലൂടെ പ്രപഞ്ചത്തിൽ ആകെയുള്ള യാഥാർത്ഥ്യം സഗുണബ്രഹമമായ ഈശ്വരനാണെന്ന് ഗീത തുറന്നുതന്നെ പറയുന്നുണ്ട്.

"ഞാനൊന്നുമല്ല എന്നറിയുക വിജ്ഞാനമാണ്. എന്നാൽ സ്നേഹമാകട്ടെ, ഞാൻ എല്ലാമാണെന്നറിയുകയാണ്." വിശുദ്ധരായ ഗുരുക്കന്മാരും കവിതയുള്ള എഴുത്തുകാരും ഈവക കാര്യങ്ങൾ ഊന്നി പറയുമ്പോൾ നമുക്കും അവ അംഗീകൃതമായി തോന്നും. എല്ലാ വേർതിരിവും സ്നേഹത്തിന്റെ അഭാവമാണെന്ന് ഒരു നിമിഷത്തേയ്ക്ക് നമ്മളും തിരിച്ചറിഞ്ഞെന്നു വരും. പക്ഷേ, മനനം ചെയ്ത് അതിലെ സത്യം സ്വന്തമാക്കുകയും അത് ജീവിതത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ ആർക്കെന്തു നേട്ടം?

ദൃശ്യമായതെല്ലാം ജഡമാണ്; ജഡമായതെല്ലാം മിഥ്യയാണ്‌ എന്നതാണ് സത്യം. സ്ഥൂലമായതെന്നപോലെ, അതിസൂക്ഷ്മമായ പ്രാണസ്പന്ദനം ഉള്പ്പെടെ അനുഭവപ്പെടുന്നതെന്തും ജഡമാണ്. ഉണ്ടായി മറയുന്നതെല്ലാം അതിൽ പെടും. ആധുനിക ശാസ്ത്രം ഊര്ജ്ജമായി കരുതുന്നതും വേദാന്തത്തിന് സൂക്ഷ്മജഡമാണ്. ഊർജ്ജത്തിൽനിന്നാണ് പ്രപഞ്ചനിര്മ്മിതിക്കുള്ള പഞ്ചമഹാഭൂതങ്ങൾ ഉരുത്തിരിയുന്നത്. ഇതെല്ലാം നിശ്ചലവും ആനന്ദഘനവുമായ ബോധത്തിനുള്ളിൽ പൊന്തിമറഞ്ഞുകൊണ്ടിരിക്കുന്ന ദൃശ്യപ്രവാഹമാണെന്നാണ് വേദാന്തപാഠം. ദൃശ്യമായത് (കാണപ്പെടുന്നത് - ജഡം) മാഞ്ഞുപോകുമ്പോൾ ദൃക്ക് (കാണുന്നവൻ - ബോധം) പൂർണ്ണ രൂപത്തിൽ അമൃതസ്വരൂപമായി വിളങ്ങും. വെളിച്ചവും ഇരുട്ടും പോലെയാണ് ബോധവും ജഡവും. ആദ്യത്തേതിന്റെ അഭാവമാണ് മറ്റേത്. ആത്മാവ് അതിന്റെ പൂർണ്ണത സാക്ഷാത്ക്കരിക്കുമ്പോൾ, ജഡം ഇല്ലായ്മയായി മറഞ്ഞുപോകും. ചുരുക്കത്തിൽ, അപൂർണ്ണ ബോധാവസ്ഥയാണ് ജഡപ്രതീതിയെ സൃഷ്ടിക്കുന്നത്.

പ്രണയം അനശ്വരമാണെന്ന് പറഞ്ഞുകേൾക്കാറുണ്ടല്ലോ. എന്തുകൊണ്ടാണത്? മറ്റൊന്നുമല്ല അതിനു കാരണം. യഥാർത്ഥ പ്രണയത്തിൽ ദ്വൈതത്തിൽനിന്ന് അദ്വൈതമുണ്ടാകുന്നു. എന്നുവച്ചാൽ, രണ്ടെന്ന ധാരണ മാറിയിട്ട് ഒന്നാണെന്നുള്ള അവസ്ഥയെ തിരിച്ചറിയുക. അദ്വൈതമായിരിക്കുക എന്നാൽ അനന്തമായിരിക്കുക എന്നും അര്ത്ഥം വ്യാപിപ്പിക്കാം. എന്തെന്നാൽ, അനാദി എന്നതുപോലെ, അനന്തമായതും ഏകമായിരിക്കാനേ ഇടയുള്ളൂ എന്നാണ് സൂക്ഷ്മയുക്തി നമുക്ക് വെളിപ്പെടുത്തിത്തരുന്നത്‌.

കളങ്കമില്ലാത്ത അദ്വൈതചിന്തയിലൂടെ പൂർണ്ണമായ ആത്മജ്ഞാനം നേടിയവന് വേറൊന്നിന്റെയും ആവശ്യമില്ല. ശരിയായ അറിവിലൂടെ പ്രപഞ്ചാനുഭവങ്ങളെ നിരോധിച്ച് പലതുണ്ടെന്ന തോന്നൽ മാറ്റിയാൽ മോക്ഷമായി. അപ്പോഴും എവിടെനിന്ന് അല്ലെങ്കിൽ എന്തുകൊണ്ട് ഈ പ്രപഞ്ചാനുഭവം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. എന്തുകൊണ്ടാണ് ശുദ്ധബോധത്തിൽ പ്രപഞ്ചപ്രതിഭാസത്തിന്റെ തോന്നലുളവാകുന്നത്‌ എന്ന പ്രശ്നത്തിന് ഒരു വ്യാഖ്യാനത്തിലും വ്യക്തമായ ഉത്തരമില്ല. ഈ ചോദ്യത്തെ വഴിയിൽ വിട്ടിട്ട് ഒരു സത്യാന്വേഷിക്കും മുമ്പോട്ടുപോകാനാവില്ലതാനും. അതുകൊണ്ട്, ഛാന്ദോക്യോപനിഷത്തിന്റെ ആറാമദ്ധ്യായത്തിൽ ഉദ്ദാലകൻ ഉന്നയിക്കുന്ന ചോദ്യം നമുക്കും ആവർത്തിക്കാതെ വയ്യ. "ഏതൊന്നിനെക്കുറിച്ച് കേട്ടാൽ പിന്നെയൊന്നും കേൾക്കാനുണ്ടാവില്ലയോ, ഏതൊന്നിനെയറിഞ്ഞാൽ പിന്നെയൊന്നും അറിയാനുണ്ടാവില്ലയോ, ആ സത്യമേത്?" ആ സത്യത്തെ നിർവിശങ്കം തിരഞ്ഞുകൊണ്ടിരിക്കാൻ മലയാളികളായ നമുക്ക് ധൈര്യമുണ്ടോ?

3 comments:

  1. സാക്കിന്‍റെ ചോദ്യം മലയാളിയോട് മാത്രമായിപ്പോയതില്‍ ഖേദമുണ്ടെങ്കിലും പൂഞ്ഞാറുകാരോട് മാത്രമല്ലല്ലോയെന്നു കണ്ടപ്പോള്‍ സന്തോഷം തോന്നി. ഉപനിഷത്തുകള്‍ എഴുതപ്പെട്ടത് മലയാളിക്കുവേണ്ടിയാണെന്നും, എഴുതിയതില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നും ആര്ക്കെ്ങ്കിലും തോന്നാതിരിക്കട്ടെ. ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധികരിക്കാനുള്ള ധൈര്യം പല കത്തോലിക്കാ പ്രസിദ്ധികരണങ്ങള്‍ക്കും ഇല്ല. കടലിന്‍റെ രുചി അറിയാന്‍ കടല് മുഴുവന്‍ കുടിക്കണമെന്നില്ല, ഒരു കവിള്‍ പരിശോദിച്ചാല്‍ മതി.സാക്കിന്റെ മനസ്സിലിരുപ്പറിയാന്‍ ഈ ഒരൊറ്റ ലേഖനം വായിച്ചാല്‍ മതി.

    ഇന്ന് നമുക്ക് ചുറ്റുമുള്ളതും ഉദ്ദാകലകന്മാര്‍ തന്നെ. പക്ഷെ അവര്‍ ചോദിക്കുന്നത്, ‘ആരെ ഒതുക്കിയാല്‍ ഈ കണ്ഫ്യുഷന്‍ തീര്ക്കാം’ എന്നാണെന്ന വ്യത്യാസമേയുള്ളൂ.

    സാക് പറഞ്ഞതുപോലെ, അല്ലെങ്കില്‍ ആഗ്രഹിച്ചതുപോലെ, എല്ലാം ചലിക്കാതെ ഇരുന്നാല്‍ പ്രപഞ്ചം തന്നെയുണ്ടോ? ഒരു മഹദ് വചനം ഓര്മ്മ വരുന്നു: ‘ജീവിതം മനോഹരമാണ്; നിങ്ങള്‍ അതില്‍നിന്ന് ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ല.’

    ReplyDelete
    Replies
    1. ഈ ലേഖനം വായിക്കുന്നവരെല്ലാം അദ്വൈതത്തെപ്പറ്റി ചിന്തിക്കണമെന്നില്ല. എന്റെ ഒരു സുഹൃത്ത് ജർമനിയിൽ നിന്നെഴുതിയത് ഇങ്ങനെയാണ്:
      പണ്ടത്തെ കാര്യം പറഞ്ഞല്ലോ. ഇതുമോര്ക്കുക. പണ്ടൊക്കെ വീടുകളില്‍ മൂര്‍ഖനെ ‍വളര്‍ത്തുന്നവരുടെയും എന്നും പശുവിന്റെ പൃഷ്ടം തൊട്ടു തൊഴുന്നവരുടെയും നാടായിരുന്നു ഇത്. കാമശാസ്ത്രം എഴുതിയ വാത്സ്യായനന്റെയും കോണകം ഉടുക്കുകയും ഉടുക്കാതിരിക്കുകയും ലിംഗത്തില്‍ കല്ല്‌ കെട്ടി വലിക്കുകയും ചെയ്യുന്ന സന്യാസിമാരുടെയും, ആസനം നീറുന്നവിധം എരിവും പുളിയും കുരുമുളകും കഴിക്കുന്നവരുടെയും നാടുമായിരുന്നു.
      സാവധാനം, ബുദ്ധന്റെ, യോഗയുടെ, ആയുര്‍വേദത്തിന്റെ, സോണിയ “ഗാണ്ടി”യുടെ, ഐറ്റിക്കാരുടെ നാട്.
      ഇന്ന്! ഇന്നാകട്ടെ, തോഴി കൊള്ളേണ്ട തൊഴിലില്ലാത്തവരുടെ നാട്.
      കൂട്ട ബാലാത്ക്കരണത്തിന്റെ - യോനിയുടെ രൂപം തോന്നിക്കുന്ന ഒന്നുമായും ഇറങ്ങിനടക്കാനാവാത്ത നാട്. അവര്ക്കെന്തിനു അദ്വൈതം?

      Delete
  2. പോപ്പാവാന്‍ കര്ദ്ദി്നാളായിരിക്കേണ്ട എന്നാണല്ലോ സക്കറിയാസ് സാറിന്‍റെ മതം. അദ്വൈതത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്; പോപ്പാവാന്‍ ഒന്നുമാകേണ്ട – അറിയാനുള്ള ജിജ്ഞാസ മാത്രം മതി. മാത്രമല്ല, അറിവും യോഗ്യതകളും മാര്ഗ്ഗതടസ്സം ഉണ്ടാക്കുകയേയുള്ളൂ താനും. ഇത്തരം നല്ലനല്ല ലേഖനങ്ങളാണ്, ചമഞ്ഞു നടക്കുന്നവരുടെ വായടപ്പിക്കുന്നത്. ആദ്യം സത്യം അന്വേഷിക്കുക ബാക്കിയെല്ലാം വഴിയെ വന്നുകൊള്ളുമെന്ന് ആരോ ഒരാള്‍ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ?

    ശവക്കച്ചക്ക് കീശയുമില്ല, കീശ തയ്പ്പിക്കുന്നവര്ക്ക് ജീവനുമില്ല – എന്തൊരു വിരോധാഭാസം!

    ReplyDelete