(വായിച്ചറിയുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വീഡിയോയില്‍ നിന്നും പകര്‍ത്തിയെഴുതിയ ഗീവര്‍ഗീസ് മാര്‍ കൂറില്ലോസിന്‍റെ ആത്മീയപ്രഭാഷണം മൂന്നാം ഭാഗം പോസ്റ്റ് ചെയ്യുന്നു. വ്യക്തതയില്ലാത്ത ശബ്ദം മനസിലാക്കുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അസ്സല്‍ പ്രഭാഷണത്തിന്റെ കേട്ടെഴുത്തല്ല.)
എല്ലാ സഭകളിലും നിഴലിക്കുന്നത് സ്ത്രീകളുടെയും പ്രകൃതിയുടെയും ചൂഷണത്തിന്റെ കഥകളാണ്. ചൂഷണം ചെയ്യുന്നവരുടെ ഇരകളുടെ പക്ഷത്തുനിന്നും ഈ വിഷയത്തെ കാണണം.നമ്മുടെ ചിന്തയിലെ അടിസ്ഥാനപരമായിട്ടുള്ള കാര്യങ്ങളിൽ ഒരു പൊളിച്ചെഴുത്താവശ്യമാണ്. ബ്രിട്ടീഷുകാരന്റെ മുതലാളിത്വ ശാസ്ത്രവും ക്രിസ്ത്യൻ തീയോളജിയും സാമൂഹ്യനീതിക്ക് ഒരു വെല്ലുവിളിയുമായിരുന്നു. ഇന്നത്തെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനകാരണം ഒരു ചിന്തകന്റെ അഭിപ്രായത്തിൽ വികസനത്തെ സംബന്ധിച്ചുള്ള പാശ്ചാത്യരീതിയിലുള്ള വിപണികേന്ദ്രമായ മാനസികാവസ്തയെന്നാണ്. ലാഭം കൊയ്തെടുക്കുന്ന മുതലാളിത്വവാദികളും ഇന്നത്തെ പ്രതിസന്ധിഘട്ടത്തിന് ഉത്തരവാദികളാണ്. അത് പ്രകൃതിയുടെ നാശത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളായി ഇന്ന് നിലനില്ക്കുകയാണ്. ഈ മുതലാത്വ വ്യവസ്ഥതന്നെ മാർക്സിസ്റ്റുകാരുപോലും സ്വീകരിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് ഇവിടെ ഇടതുപക്ഷം ഇല്ലാതായതെന്നും ഞാൻ വിശ്വസിക്കുന്നത്. നവമായ ചിന്താഗതികളോടെ ഇന്നത്തെ വ്യവസ്ഥിതിയെ തച്ചുടക്കുവാൻ രാജ്യത്തിനി മറ്റൊരു ഇടതുപക്ഷം ഉണ്ടാകേണ്ടിയിരിക്കുന്നു. രണ്ടാമതൊരു കാരണം ക്രൈസ്തവ നേതൃത്വത്തിലെ സൃഷ്ടിയെപ്പറ്റി പഠിപ്പിക്കലാണ്. ദൈവം സൃഷ്ടികർമ്മങ്ങൾ കഴിഞ്ഞ് മനുഷ്യന് പൂർണ്ണമായും സ്വാതന്ത്ര്യം കൊടുത്തുവെന്ന് ഉൽപ്പത്തിയിൽ പറയുന്നുണ്ട്. അത് പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുവാനുള്ള ഒരു ലൈസന്സുമായി കരുതി. ലോകത്തിനുമീതെ വാളും വീശി എല്ലാം കീഴടക്കി ഭരിക്കാമെന്നും മനുഷ്യൻ മോഹിച്ചു.
ഭൂസ്വത്തുക്കളുടെ വലിയ ഒരു സാമ്രാജ്യവും ക്രിസ്ത്യൻസഭകൾ പടുത്തുയർത്തി. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഭൂഉടമ ആരെന്നു ചോദിച്ചാൽ ഉത്തരം ഞാൻ ഉൾപ്പെട്ട ക്രിസ്ത്യൻസഭകളാണ്. എന്നിട്ടാണ് മറ്റുള്ളവരെ വിമർശിക്കുന്നത്. സത്യം പറഞ്ഞാൽ സഭകളുടെ ഭൂസ്വത്ത് സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതാണ്. ഒരു മതത്തിനുമാത്രം ഇതെല്ലാം അനുവദിച്ച് ന്യൂനപക്ഷത്തിന് എന്തു ചൂഷണവും നടത്താമെന്നുള്ളത് നീതിയല്ല. ജുസ്റ്റീസ് കൃഷ്ണയ്യരുടെ റിപ്പോർട്ടിൽ ശക്തമായി ഇതെല്ലാം പറയുന്നുണ്ട്.
സഭാനേതൃത്വം നല്ലതിനെ എതിർക്കുന്ന പ്രവണതകൾ അവസാനിപ്പിക്കണം. അങ്ങനെ അടിസ്ഥാനപരമായ തത്ത്വ ങ്ങളിൽ ഒത്തിരിയൊത്തിരി ചിന്തകളുടെ സമൂലമായ പൊളിച്ചെഴുത്തലുകൾ ഇന്നിന്റെ ആവശ്യമാണ്. ഇത് മനസിലാക്കുവാനുള്ള ബുദ്ധി പലപ്പോഴും ക്രൈസ്തവനേതൃത്വം കാണിക്കാറില്ല. അതിനു കാരണവും വളരെ വ്യക്തമാണ്. ഇതിനു നിമിത്തവും പാശ്ചാത്യരീതിയിലുള്ള ചിന്തകളാണ്. എല്ലാത്തിനെയും രണ്ടായി കാണുന്നു. യാഥാർഥ്യം രണ്ടാണെങ്കിൽ ഒന്ന് മറ്റൊന്നിനെക്കാൾ താണതരമായതാണ്. ഗുണമഹിമ കുറഞ്ഞതാണ്. അതാണതിന്റെ കൂടെയുളള തത്ത്വം. ദൈവവും പ്രകൃതിയും രണ്ടാണെങ്കിൽ പ്രകൃതി ദൈവത്തിന്റെ കീഴെ. ഹിന്ദു മതത്തിലും രണ്ടായ ദർശനമുണ്ട്. പുരുഷനും സ്ത്രീയുമെന്നതിൽ സ്ത്രീ താണതായി സൃഷ്ടിച്ചതും പുരുഷ സംഘടനകളാണ്. ദളിതരും ബ്രാഹ്മണരും രണ്ടാണെങ്കിൽ ദളിതർ ബ്രാഹ്മണരുടെ കീഴിൽ നിൽക്കണമെന്നുള്ള ചിന്ത ഇവുടുത്തെ ജാതി വ്യവസ്ഥയിലുണ്ടാക്കിയതാണ്. അതും മനുഷ്യനുണ്ടാക്കിയ നിയമമാണ്. യാഥാർഥ്യം രണ്ടാണെന്നുള്ള ചിന്താഗതികളിൽ നിന്നാണു ചൂഷണം ഉത്ഭവിച്ചത്. കൊളോണീയലിസത്തിന്റെ താത്ത്വികമായ അടിസ്ഥാനവുമാണ് കാരണവും. എല്ലാം രണ്ടാണെന്നും രണ്ടിലൊന്ന് ഉപരിയാണെന്നും മറ്റേതു താഴെയാണെന്നും ഉപരിയുള്ളതിന് താഴെയുള്ളതിനെ കീഴടക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമുള്ള ഒരു കാഴ്ച്ചപ്പാടാണ് നമുക്കുള്ളത്.
സഭക്കുള്ളിലും പുറമെയും രാഷ്ട്രീയത്തിലുമെല്ലാം അത്തരം കൊളോണീയലിസം ഇന്നും തുടരുകയാണ്. അതുകൊണ്ട് എല്ലാം ഒന്നായ അദ്വൈത ചിന്തയിലേക്ക്, ദൈവത്തിങ്കലേക്ക് നമുക്ക് വരുവാൻ സാധിക്കൊമ്പോഴാണ് പ്രകൃതിയേയും മനുഷ്യരെയും ദൈവത്തെയും ഒന്നുപോലെ കാണുവാൻ സാധിക്കുന്നത്. കാപ്പനച്ചന്റെ എഴുത്തിലെ മുഴച്ചുനിന്ന ഒരുയർന്ന ചിന്തയാണ് നീ മണ്ണാകുന്നുവെന്ന വേദപുസ്തകത്തിലെ വാക്യം. എന്റെ വൈദികജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സമയം വിനിയോഗിച്ചത് ശവമടക്കിനും കല്ല്യാണത്തിനുമാണ്. എന്റെ ഇത്തരം ചുമതലകൾ ബിഷപ്പാകുമ്പോൾ കുറയുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ കൂടുകയാണ് ചെയ്തത്. ഒരു കല്ല്യാണത്തിന് മൂന്നും നാലും ബിഷപ്പുമാരെ എഴുന്നള്ളിച്ചില്ലെങ്കിൽ കുടുംബത്തിന്റെ അന്തസ്സിനു കുറവാണ്. ശവസംസ്ക്കാരത്തിനാണെങ്കിലും പത്തു ബിഷപ്പുമാരെങ്കിലും വേണമെന്നുള്ളതാണ്. കല്ല്യാണചടങ്ങുകൾക്ക് എനിക്ക് പോകുവാൻ താൽപ്പര്യമില്ലെങ്കിലും മരണാവശ്യങ്ങൾക്കു വിളിച്ചില്ലെങ്കിലും പങ്കുചേരുവാൻ മനസെന്നെ പ്രേരിപ്പിക്കും. കാപ്പനച്ചൻ പറയുമ്പോലെ ശവസംസ്ക്കാരമെന്നു പറയുന്നത് വലിയ ഒരു സംസ്ക്കാരം തന്നെയാണ്. ഇവിടെയാണ് മഹത്തായ സംസ്ക്കാരം നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും. കത്തോലിക്കാ സഭയിലാകട്ടെ, എന്റ സഭകളിലാകട്ടെ, മറ്റു സഭകളിലാകട്ടെ ഒരു പ്രാർഥനയുണ്ട്; നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ ചെന്നു ചേരും. മൃതദേഹത്തിലേക്കു അല്പ്പം മണ്ണുവാരിയിട്ട് ജീവിക്കുന്നവന്റെ അദ്ധ്യാത്മികത അവിടെ പ്രതിഫലിപ്പിക്കുകയാണ്. അതിലുപരിയായി ഒരു പരിതസ്ഥിതി അദ്ധ്യാത്മികതയില്ലല്ലോ. പക്ഷെ അത് ഒർമ്മപ്പെടുത്തുന്നത് ഒരുവന്റെ മരണസമയത്തെന്നു മാത്രം. ജീവിച്ചിരിക്കുമ്പോഴും ഈ സത്യം ഓർക്കേണ്ടതാണ്. ഈ സമയത്ത് ഓർമ്മിപ്പിക്കുന്നത് മരിച്ചവരെയല്ല നേരേമറിച്ചു ജീവിച്ചിരിക്കുന്നവരെയാണ്.
മരിച്ച ദേഹംപോലെ ഞാനും നിങ്ങളും മണ്ണാണ്. വേദശാസ്ത്രപരമായി മണ്ണിലേക്കുതന്നെ തിരികെ പോകേണ്ടവരാണെന്നുള്ളതാണ് തത്ത്വം. ഇപ്പോൾ അടിസ്ഥാനപരമായി ഞാനും നിങ്ങളും ആരെന്നുള്ളതാണ് പ്രധാനമായ ചിന്തകളുയരുന്നത്. അത് വേദപുസ്തകത്തിൽ ഉൽപ്പത്തിയിൽ പറയുന്നുണ്ട്. ദൈവം മനുഷ്യനെ മണ്ണുകുഴച്ചാണ് ഉണ്ടാക്കുന്നത്. മണ്ണുകുഴച്ച്
മനുഷ്യനെ മെനഞ്ഞു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി മനുഷ്യനായി ജീവൻ കൊടുത്തു. നമ്മുടെ അടിസ്ഥാനതതത്ത്വം മണ്ണാണെങ്കിൽ മനുഷ്യനെന്നു പറയുന്നത് മണ്ണത്ത്വം ആണ്. അതുകൊണ്ടാണ് പഴയ ചില പാട്ടുകളിലേക്കു നമ്മുടെ ശ്രദ്ധപോവുന്നത്.
സുന്ദരനാം മനോഹരാ, നിന്നെ പിരിഞ്ഞീ ലോക യാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലാ?
മണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാന്‍ - ഈ
മണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാന്‍
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലാ?
മണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാന്‍ - ഈ
മണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാന്‍
മണ്ണും മാണിക്യവുമാണ് ഇന്നത്തെ പ്രശ്നം. അടിസ്ഥാനപരമായി മണ്ണത്ത്വത്തിലേക്കു പോവുന്നതാണ് മനുഷ്യത്വം. മാണിക്യമാണ് പ്രശ്നം. അതിനെപ്രതി മണ്ണു നശിപ്പിക്കരുതെന്നാണ് പറയുന്നത്. മണ്ണേ പ്രതി മാണിക്യം വെടിയുകില്ലന്നു പാടി പാടി, ഒടുവില്‍ മണ്ണും ഇല്ല മാണിക്യവും ഇല്ലാ എന്ന ഗതികേട് നമുക്കാര്‍ക്കും ഉണ്ടാകരുത്.
നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ തിരിയെപോവുന്ന എന്ന ആ വലിയ പ്രാർത്ഥനയാണ് പരീസ്ഥിതി. വർഗമൂല്യങ്ങളാണ് മാനുഷിക മൂല്യങ്ങളെക്കാൾ വലുതെന്ന് ഒരു സി.പി.എം. നേതാവ് ഇന്നലെ പ്രസംഗിക്കുന്നതു കേട്ടു. രണ്ടായി കണ്ട ഈ ചിന്താഗതി കഷ്ടമെന്നേ പറയുവാൻ സാധിക്കുകയുള്ളൂ. വർഗമൂല്യങ്ങൾ തന്നെയല്ലേ മാനുഷികമൂല്യങ്ങളും. ഇതാണ് Dualism അഥവാ ദ്വൈതവാദിത്വം. ഒന്ന് മറ്റൊന്നിനേക്കാൾ വലുതാണെന്നുള്ള ചിന്ത. മാനുഷിക മൂല്യങ്ങളെ ചവിട്ടി മെതിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നതും. അതാണ് ഇന്നത്തെ അടിസ്ഥാന പ്രമാണത്തിന്റെ മാർക്സിസം. ഈ ചിന്താഗതി തികച്ചും പാശ്ചാത്യമാണ്. അവിടുന്ന് നമുക്ക് മാറി സഞ്ചരിച്ചേ പറ്റൂ. കാപ്പനച്ചൻ മാർക്സിസം ചിന്താഗതികൾക്കുമപ്പുറമായിരുന്നു.
ഇന്ന് വളരെ തീവ്രമായ പുണ്യശീലത്വം അനേകർക്കുണ്ട്. മണ്ണാണെന്നുള്ള അസ്ഥിതബോധം നഷ്ടപ്പെടുമ്പോഴാണ് മണ്ണിനെ കീഴടക്കുവാൻ ഒരുങ്ങുന്നത്. ഞാനും മണ്ണും രണ്ടാണെന്നുള്ള ചിന്താഗതിയുണ്ടെങ്കിൽ മാത്രമേ മണ്ണിനെ കീഴടക്കുവാൻ നമുക്കു സാധിക്കുകയുള്ളൂ. യോഹന്നാൻ സുവിശേഷം ഒമ്പതാം അദ്ധ്യായത്തിൽ ഒരു അത്ഭുതം ഉണ്ട്. കുരുടനായ ഒരു മനുഷ്യനെ കർത്താവ് സൌഖ്യമാക്കി. നിങ്ങൾ അനേക തവണകൾ അതിനെക്കുറിച്ചുള്ള പ്രസംഗങ്ങൾ കേട്ടുകാണും. എങ്ങനെയാണ് സൌഖ്യമാക്കിയത്? അവിടുന്നൊരു വാക്കു പറഞ്ഞിരുന്നുവെങ്കിൽ അവന്റെ കുരുടു മാറുമായിരുന്നു.
നിങ്ങൾ നായയെ എറിഞ്ഞിട്ടുണ്ടോ? ആരെങ്കിലും എറിയുന്നത് കണ്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടെങ്കിൽ ഏറുകൊണ്ട നായയുടെ ദേഹത്ത് മുറിവുണ്ടായാൽ നായ എന്ത് ചെയ്യുമെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? നായ പെട്ടെന്നു ചെയ്യുന്നത് മണ്ണിൽ കിടന്നുരുളും. മുറിവേറ്റ ഭാഗത്ത് മണ്ണിൽക്കിടന്നുരുണ്ട് മണ്ണ് അവിടെ പുരട്ടും. രണ്ടാമത്തെ രീതി നായക്ക് എത്തുന്ന ഭാഗത്താണ്. മുറിവെങ്കിൽ ആ ഭാഗത്തേക്ക് നാക്കുനീട്ടി നക്കി തുടയ്ക്കും. ഇങ്ങനെ രണ്ടു കാര്യങ്ങൾ, മണ്ണും തുപ്പലും. ഇനി യോഹന്നാൻ ഒമ്പതാം അദ്ധ്യായം ഒന്നുമുതൽ പന്ത്രണ്ടുവരെ വാക്യങ്ങൾ "ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചമാകുന്നു. ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്ത് തുപ്പി, തുപ്പൽകൊണ്ട് ചേറുണ്ടാക്കി. ചേറ് അവന്റെ കണ്ണിന്മേൽ പൂശി നീ ചെന്ന് ശിലോഹം കുളത്തിൽ കഴുകുകയെന്ന് അവനോടു പറഞ്ഞു. അവൻ പോയി കഴുകി. കണ്ണുകാണുന്നവനായി മടങ്ങി വന്നു."
അവസാനിച്ചു.
പ്രസംഗകലയിലൂടെ സദസ്യരെയൊന്നാകെ പിടിച്ചെടുക്കുവാൻ കഴിവുള്ള ഒരു വ്യക്തിപ്രഭാവമായി മാർ കൂറിലോസിന്റെ പ്രസംഗം കേട്ടപ്പോൾ തോന്നി. നല്ലവണ്ണം തയ്യാറാക്കിയ ഒരു പ്രഭാഷണമായിരുന്നു. മെത്രാപോലീത്തയുടെ പ്രസംഗം സാധാരണ പുരോഹിതരുടെ മതവിദ്വേഷം ഉൾപെടുത്താതെ ആഗോളചൈതന്യത്തിൽ ഊന്നിയുള്ളതായിരുന്നു.
ReplyDeleteഎന്റെ സഭയുമുൾപ്പെട്ട ക്രൈസ്തവ മതങ്ങൾ സർക്കാർ നിയന്ത്രണമില്ലാതെ ഭൂസ്വത്തുകൾ കൈവശം വെച്ചുകൊണ്ടിരിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഭൂഉടമകളായ സഭാസമൂഹം മണ്ണിനെ ചൂഷണം ചെയ്യുകയാണ്. കൃഷ്ണയ്യരുടെ ബില്ലിന് എത്രയും വേഗം സാധുത നല്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ണും പെണ്ണും പൊന്നും മനുഷ്യനും ഈശ്വരനും ഒന്നായി കാണുന്ന ഒരു കാഴ്ചപ്പാട്. രണ്ടായി കാണുന്നതെല്ലാം ഇന്നത്തെ അസ്വമത്വങ്ങൾക്ക് കാരണവും. സ്വാർഥത മനുഷ്യനെ നാശത്തിലേക്കു നയിക്കും. എന്റെതെന്നും നിന്റെതെന്നും പറയാതെ നമുക്കെന്നും പറയുവാൻ പരിസ്ഥിതി ആത്മാവിൽ അദ്ദേഹം കാണുന്നു.
സൃഷ്ടി സൃഷ്ടാവിനെ കാണുമ്പോഴുള്ള കാനായിലെ വിരുന്നു സല്ക്കാരവും തന്മയത്വമായി അദ്ദേഹം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന സാംസ്ക്കാര മൂല്യങ്ങളുടെ അധപതനകാരണത്തിനും ക്രൈസ്തവ മിഷിനറിമാർക്ക് പങ്കുണ്ടെന്നുള്ള കാര്യവും അദ്ദേഹം വെട്ടിതുറന്നുപറയുന്നുണ്ട്.
ബൈബിളുമായി വന്ന മിഷ്യനറിമാരും ചൂഷണം ചെയ്തത് മണ്ണിനെയായിരുന്നു. ക്രിസ്ത്യാനിയായപ്പോൾ കൈവശം ബൈബിളും പകരം ഭൂമിതട്ടിയ കഥയും വളരെ സരസമായി വിവരിച്ചിരിക്കുന്നു.
ഏറുകൊള്ളന്ന പട്ടി ആദ്യം ഉരുളുന്നതും മണ്ണിലേക്ക്, കുരുടന് കാഴ്ച കിട്ടുന്നതും മണ്ണിൽനിന്ന്, മണ്ണും പെണ്ണും ഒരുപോലെ ചൂഷണം ചെയ്യുന്ന കഥകൾ ഇങ്ങനെ പലതും ഈ പ്രസംഗത്തിൽ ശ്രവിക്കാം.
ഞാൻ ഒരു ചെടിയോടു ദൈവത്തെപ്പറ്റി പറയുവാൻ പറഞ്ഞു. ചെടി പുഷ്പ്പിച്ചു ദൈവത്തിന്റെ മഹത്വം കാണിച്ചു. അദ്വൈതത്തിൽ ഊന്നികൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം വായനക്കാരുടെ മനസിന് ആനന്ദം ലഭിച്ചുവെന്നതിൽ സംശയമില്ല. ഇത് ഒരു വിഞാനിയുടെ പ്രസംഗമാണ്. പുരോഹിത പ്രസംഗമല്ല.