ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ
രാജിയുടെയും
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍
ഇലക്ഷന്റെയും പശ്ചാത്തലത്തിലും
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
VI
മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി
(തുടര്ച്ച ii)
മാര്‍പ്പാപ്പാമാരുടെ
അധാര്‍മിക ജീവിതവും രാഷ്ട്രീയക്കളിയും വളരെയധികം ദൈവമനുഷ്യരെ പ്രകോപിപ്പിച്ചു. 14-ാം നൂറ്റാണ്ടോടുകൂടി സഭാനവീകരണത്തിനായി പാശ്ചാത്യദേശത്തു തന്നെ
വളരെയധികം പേര്‍ മുമ്പോട്ടു വന്നു. മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും
പുരോഹിതരുടെയും അധാര്‍മികജീവിതത്തെ എതിര്‍ത്തവര്‍ക്കെതിരെ ഇന്‍ക്വിസിഷന്‍ എന്ന
കിരാതമായ നീതിനിര്‍വഹണം നടത്താനാരംഭിച്ചു. ''സംശയിക്കപ്പെടുന്ന
വ്യക്തികള്‍ക്ക് തങ്ങളുടെ നില വിശദീകരിക്കാനുള്ള അവകാശം പോലും പലപ്പോഴും
ഉണ്ടായിരുന്നില്ല. വളരെയധികം നിരപരാധികള്‍ നിഷ്‌കരുണം വധിക്കപ്പെട്ടു. ഉദാഹരണത്തിന്,
റോബര്‍ട്ട് എന്നൊരു ഡൊമിനിക്കന്‍ സന്ന്യാസി 1239-ല്‍ ഒരൊറ്റ ദിവസം തന്നെ 180 പാഷണ്ഡികളെ
ദഹിപ്പിക്കുന്നതിനിടയാക്കി. മാനുഷികമായ നീതിപോലും പലര്‍ക്കും
നിഷേധിക്കപ്പെട്ടിരുന്നു, അതുപോലെ ക്രുരമായ ശാരീരിക മര്‍ദനങ്ങളും
നടന്നിരുന്നു. ഇവയെല്ലാം സഭയുടെ മാനുഷികവശത്തിനുണ്ടായ പരാജയങ്ങള്‍ എന്നുമാത്രമേ
നമുക്ക് വ്യാഖ്യാനിക്കാനാവൂ. അതോടൊപ്പം ഇതില്‍ നിന്നൊരു ഗുണപാഠവും ഗ്രഹിക്കാം''
(മുന്‍ഗ്രന്ഥം, പേജ് 389).
ഇന്‍ക്വിസിഷന്‍
എന്ന ക്രൂരനീതിനിര്‍വഹണത്തിന്റെ മറവില്‍ മാര്‍പ്പാപ്പാമാര്‍ ധാര്‍മികാധഃപതനത്തിന്റെ
പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു. ചില മാര്‍പ്പാപ്പാമാരെക്കുറിച്ച്
ചരിത്രകാരന്മാര്‍ ഇങ്ങനെ പറയുന്നു: ''Francesco della Rovere, General of
Fransciscans, when elected Pope, undertook to make the papacy as powerful as
the leading Italian State and, with this end in view, he persued a policy of
systematic nepotism and of Matrimonial alliuaces'' (An Outline History of the
Church by Centuries: Joseph Mcsorley, page 495). ഇദ്ദേഹത്തിന്റെ
മരണശേഷം 8-ാം ഇന്നസെന്റ് മാര്‍പ്പാപ്പാ
തെരഞ്ഞടുക്കപ്പെട്ടു. ഇദ്ദേഹത്തിന് മൂന്നുമക്കളുണ്ടായിരുന്നു. ഒരാള്‍ ഭാര്യയില്‍
ജനിച്ചതും രണ്ടുപേര്‍ വെപ്പാട്ടികളില്‍ ജനിച്ചതും. അദ്ദേഹത്തിന്റെ
തെരഞ്ഞടുപ്പിനെക്കുറിച്ച് മുന്‍ സൂചിപ്പിച്ച ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: ''Innocent
VIII was elected in a conclave which ranks as one of the most deplorable in the
annals of Church History'' (ibid page 496)
1492-ല്‍ ഇന്നസെന്റ് മാര്‍പ്പാപ്പാ മരിച്ചു. തുടര്‍ന്ന് മാര്‍പ്പാപ്പായായി
തെരഞ്ഞടുക്കപ്പെട്ടത് റോഡ്രിറിഗോ ബോര്‍ജിയാ എന്ന കര്‍ദ്ദിനാളായിരുന്നു.
കാലിസ്റ്റസ് മൂന്നാമന്‍ മാര്‍പ്പാപ്പാ തന്റെ മരുമകനായ ബോര്‍ജിയായെ 26-ാം വയസ്സിലാണ് കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. 27-ാം വയസ്സില്‍ സഭയുടെ വൈസ് ചാന്‍സിലര്‍ പദവി അദ്ദേഹത്തിനു കിട്ടി. കര്‍ദ്ദിനാളന്മാര്‍ക്ക്
വമ്പിച്ച കൈക്കൂലി കൊടുത്താണ് ബോര്‍ജിയ മാര്‍പ്പാപ്പായായത്. കര്‍ദ്ദിനാള്‍ എന്ന
നിലയില്‍ അദ്ദേഹത്തിന് വളരെയധികം മിസ്ട്രസുമാരും അവരില്‍ ആറോളം
പുത്രീപുത്രന്മാരുമുണ്ടായിരുന്നു. പോപ്പിന്റെ ഒരു മിസ്ട്രസ്സായിരുന്ന ഗിലിയ ഫാര്‍നസ്സിന്റെ
സഹോദരന്‍ അലസ്സാഡ്രോ ഫാര്‍നസ്സിനെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കര്‍ദ്ദിനാളായി
ഉയര്‍ത്തി. ഇദ്ദേഹം ''പെറ്റിക്കോട്ടു'' കര്‍ദ്ദിനാള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇദ്ദേഹമാണ് പിന്നീട്
മൂന്നാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായായത്. അലക്‌സാണ്ടര്‍ മാര്‍പ്പാപ്പാ തന്റെ മകന്‍
സീസറെ 18-ാം വയസ്സില്‍ കര്‍ദ്ദിനാളായി ഉയര്‍ത്തി. കര്‍ദ്ദിനാളായ
സീസറെ പിന്നീട് പൗരോഹിത്യത്തില്‍ നിന്ന് 22-ാം വയസ്സില്‍
മാറ്റി. ഫ്രാന്‍സിലെഒരു രാജകുമാരിയെ കല്യാണം കഴിപ്പിച്ച് ഫ്രാന്‍സിന്റെയും
ഇറ്റലിയുടെയും അധിപനാക്കി. അല്ക്‌സാണ്ടറുടെ പുത്രി ലൂസെസിയാ (Lucezia) യെ ജിയോവാനി സ്‌ഫ്രോസാപ്രഭു (Geovanni Sforza)വാണ് വിവാഹം കഴിച്ചിരുന്നത്. മൂന്നു കൊല്ലത്തിനു ശേഷം അലക്‌സാണ്ടര്‍
മാര്‍പ്പാപ്പാ ഈ വിവാഹം അസാധുവാക്കുകയും മകളെ മറ്റൊരു പ്രഭുവിനെക്കൊണ്ട് വിവാഹം
കഴിപ്പിക്കുകയും ചെയ്തു.
1513-ല്‍ 37-ാം വയസ്സില്‍ ജിയോവാനി ജിയോ പത്താമന്‍
മാര്‍പ്പാപ്പായായി തെരഞ്ഞടുക്കപ്പെട്ടു. ഇറ്റലിയിലെ സമ്പന്നമായ മെഡിസിതറവാട്ടിലെ
പൊന്നോമന പുത്രനായിരുന്നു ഇദ്ദേഹം. പ്രതാപവാനായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് ലോറന്‍സോപ്രഭു
ജിയോവാനിയെ 7-ാം വയസ്സില്‍ പുരോഹിതനാക്കി. 8-ാം വയസ്സില്‍ ആബട്ടായി നിയമിച്ചു. ഇന്നസെന്റ് 8-ാമന്‍ മാര്‍പ്പാപ്പാ 14-ാമത്തെ വയസ്സില്‍ കര്‍ദ്ദിനാളാക്കി.
37-ാം വയസ്സില്‍ മാര്‍പ്പാപ്പായും.
മാര്‍പ്പാപ്പാമാരുടെ
കുത്തഴിഞ്ഞ ജീവിതത്തിനും പുരോഹിതരുടെയും മെത്രാന്മാരുടെയും അസാന്മാര്‍ഗിക ജീവിത
വ്യവഹാരത്തിനുമെതിരെ സ്വരമുയര്‍ത്തിയവരെ, ഇന്‍ക്വിസിഷന്‍ എന്ന
ഭീകര നീതിനിര്‍വഹണത്താല്‍ നിശ്ശബ്ദരാക്കിപ്പോന്നു. എന്നാല്‍ അധാര്‍മികതക്കെതിരെയുള്ള
ചെറുത്തു നില്‍പ് വര്‍ധിച്ചു വന്നു. അത് യൂറോപ്യന്‍ ക്രൈസ്തവലോകത്തില്‍ ഉരുള്‍പൊട്ടലായി
കലാശിച്ചു. 16-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍
ക്രൈസ്തവലോകത്തെയും പേപ്പസിയെയും കിടിലം കൊള്ളിച്ചു കൊണ്ട് നവീകരണപ്രസ്ഥാനം
വളരുകയും ഇന്‍ക്വിസിഷനെ അതിജീവിച്ച് പേപ്പസി യുടെ അടിത്തറ തകര്‍ക്കുകയും ചെയ്തു.
കാല്‍വിനും ലൂതറും ആശയനേതൃത്വം നല്കിയ ഈ പ്രസ്ഥാനം പാശ്ചാത്യക്രിസ്ത്യാനികളെ രണ്ടു
ഭാഗമായി വിഭജിച്ചു. റോമാസഭയെ എതിര്‍ത്തവര്‍ 'പ്രൊട്ടസ്റ്റന്റുകാര്‍' എന്നറിയപ്പെടുന്നു. അവര്‍ മാര്‍പ്പാപ്പായുടെ പരമാധികാരത്തെ എതിര്‍ത്തു
പോരുന്നു.
പ്രിന്‍സ്റ്റന്‍യൂണിവേസിറ്റിയുടെ ഗവേഷണ ചരിത്രകൃതിയിലും കത്തോലിക്കാ വിജ്ഞാനകോശത്തിലും ശ്രീ പുലിക്കുന്നന്റെ ചരിത്രലേഖനവുമായി യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ ലേഖനത്തിലുള്ള ചരിത്രങ്ങള്‍ മറ്റു സഭാചരിത്രങ്ങളുമായി തുലനം ചെയ്തപ്പോള്‍ ചിലത് അവാസ്തവങ്ങളായി തോന്നുന്നു. പലതും ചരിത്രങ്ങളല്ല. നവീകരണ സഭകളിലെ ഉപദേശികളുടെ ഇങ്ങനെയുള്ള പ്രചരണചരിത്രങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. സത്യങ്ങളായി വിശ്വസിക്കുവാനും കഴിയുന്നില്ല. ചരിത്രം നിഷ്പക്ഷമായിരിക്കണമെന്നും ഞാന്‍ വിചാരിക്കുന്നു.
ReplyDelete(1513-ല്‍ മുപ്പത്തിയേഴാം വയസ്സില്‍ ജിയോവാനി ജിയോ പത്താമന്‍ മാര്‍പ്പാപ്പായായി തെരഞ്ഞടുക്കപ്പെട്ടു. ഇറ്റലിയിലെ സമ്പന്നമായ മെഡിസിതറവാട്ടിലെ പൊന്നോമന പുത്രനായിരുന്നു ഇദ്ദേഹം. പ്രതാപവാനായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് ലോറന്‍സോപ്രഭു ജിയോവാനിയെ 7-ാം വയസ്സില്‍ പുരോഹിതനാക്കി. 8-ാം വയസ്സില്‍ ആബട്ടായി നിയമിച്ചു. ഇന്നസെന്റ് 8-ാമന്‍ മാര്‍പ്പാപ്പാ 14-ാമത്തെ വയസ്സില്‍ കര്‍ദ്ദിനാളാക്കി. 37-ാം വയസ്സില്‍ മാര്‍പ്പാപ്പായും. ശ്രീ പുലിക്കുന്നന്‍)
ലെയോ പത്താമന്‍ (POPE LEO X) 1513 മാര്‍ച്ച് പതിനൊന്നു മുതല്‍ 1521 ഡിസംബര്‍ ഒന്ന് മരിക്കുന്നതുവരെ മാര്‍പാപ്പായായിരുന്നു. ഫ്ലോറന്സിലെ പ്രഭുവായ ലോറന്‍സോ ഡി മേഡിചി ( Lorenzo de' Medici )യുടെ രണ്ടാമത്തെ മകനായിരുന്നു. 1475 ഡിസംബര്‍ പതിനൊന്നാം തിയതി ജനിച്ചു. മുപ്പത്തിയെട്ടാം വയസ്സില്‍ മാര്‍പാപ്പായായി. ഏഴാം വയസില്‍ പുരോഹിതന്തസ്സുപോലെ തല മുട്ടയടിച്ചു. അതിനര്‍ഥം കുര്‍ബാന ചെല്ലുന്ന പുരോഹിതനെന്നല്ല. കര്‍ദ്ദിനാള്‍ ഡീക്കന്‍ എന്നാണു ഇദ്ദേഹം അറിയപ്പെട്ടത്. 1489 മുതല്‍ 1491 വരെ അദ്ദേഹം തീയോളജി, കാനന്‍ നിയമങ്ങള്‍ പഠിച്ചു. പ്രഭു കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍ പ്രസിദ്ധരായ പണ്ഡിതന്‍മാരില്‍നിന്നും വിദ്യാഭ്യാസം നടത്തി. 1500-ല്‍ കര്‍ദ്ദിനാള്‍ ഡീക്കനായി. അന്ന് അദ്ദേഹത്തിനു 25 വയസ്സുണ്ടായിരുന്നു.
മാര്‍പാപ്പായാകുവാന്‍ കര്‍ദ്ദിനാളോ മെത്രാനോ ആവണമെന്നില്ല. ഇദ്ദേഹത്തിനു കര്‍ദ്ദിനാള്‍സ്ഥാനം കിട്ടിയതു മാര്‍പാപ്പായുടെ തെരഞ്ഞെടുപ്പു പദവി ലഭിച്ച ശേഷമാണ്. മാര്‍പാപ്പാ ആകുന്നതുവരെ അദ്ദേഹം പുരോഹിതനും ആയിരുന്നില്ല. കാര്‍ഡിനല്‍ ഡീക്കന്‍വരെ സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്.
നവീകരണകാലത്തെ മാര്‍പാപ്പായായിരുന്നു. വത്തിക്കാന്‍ സെന്റ്. പീറ്റേ ഴ്സ് ബസലീക്കാ പണിയുവാന്‍ ശുദ്ധീകരണസ്ഥലം വിറ്റു പണം മേടിച്ചു ദണ്ഡവിമോചനം നല്‍കിയിരുന്നു. സഭയുടെ പണ്ഡിതനായിരുന്ന മാര്‍ട്ടിന്‍ലൂതര്‍ അന്ന് ലെയോ പത്താമന്‍ മാര്‍പാപ്പയുടെ ദൈവശാസ്ത്രത്തെ വെല്ലുവിളിച്ചു. രണ്ടുപേരും ഒപ്പത്തിനൊപ്പം ദൈവശാസ്ത്ര പണ്ഡിതരായിരുന്നു.
16-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ ക്രൈസ്തവലോകത്തെയും പേപ്പസിയെയും കിടിലം കൊള്ളിച്ചു കൊണ്ട് നവീകരണപ്രസ്ഥാനം വളരുകയും ഇന്‍ക്വിസിഷനെ അതിജീവിച്ച് പേപ്പസി യുടെ അടിത്തറ തകര്‍ക്കുകയും ചെയ്തു.(ശ്രീ പുലിക്കുന്നന്‍ )
ReplyDeleteഎന്റെ കാഴ്ചപ്പാടില്‍ രണ്ടുസഭകളും വളര്‍ന്നു. അല്ലെങ്കില്‍ രണ്ടു സഭകളുടെയും അടിത്തറ തകര്‍ന്നുവെന്നല്ലേ അര്‍ഥമാക്കേണ്ടത്. നവീകരണശേഷം ഈശോസഭക്കാരുടെ പ്രവര്‍ത്തനംമൂലം യൂറോപ്പില്‍ മാത്രം ശക്തിയുണ്ടായിരുന്ന കത്തോലിക്കജനസംഖ്യ ലോകംമുഴുവന്‍ വ്യാപിക്കുകയാണ് ചെയ്തത്. ഇന്‍ക്വിസിഷനെ എവിടെയാണ് നവീകരണ സഭകള്‍ അതിജീവിച്ചതെന്നും വ്യക്തമാക്കിയിട്ടില്ല.
കത്തോലിക്കര്‍ അനേകായിരം നവീകരണക്രിസ്ത്യാനികളെ കൊന്നിട്ടുണ്ടെന്നുള്ളത് ചരിത്രസത്യമാണ്. എന്നാല്‍ നവീകരണസഭകളും കത്തോലിക്കരെ അതുപോലെ കൊന്ന ചരിത്രവും ഉണ്ട്. അത് നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന യൂറോപ്പ്യന്‍ നവീകരണക്കാര്‍ കത്തോലിക്കരെ കൊന്നചരിത്രമാണ്. ലൂതറന്‍മതങ്ങള്‍ പഠിപ്പിച്ചത് പോപ്പ് അന്തിക്രിസ്തുവെന്നായിരുന്നു. മാംസരക്തങ്ങളോടുകൂടിയ ശൈത്താന്‍ എന്നാണ് മതം പഠിപ്പിച്ചു വിദ്വേഷമുണ്ടാക്കുന്നത്. യഹൂദരുടെ വീടുകള്‍ കത്തിക്കുവാനും സിനഗോഗുകള്‍ നശിപ്പിക്കുവാനും ലൂതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
മുപ്പതുവര്‍ഷ മതയുദ്ധം(Herbert Langer) എന്ന പുസ്തകത്തില്‍ യൂറോപ്പിന്റെ നാലിലൊന്ന് ജനത പരസ്പരം യുദ്ധംചെയ്തും പഞ്ഞം പട വസന്തകൊണ്ടും മരണപ്പെട്ടുവെന്നു എഴുതിയിട്ടുണ്ട്. ഓര്‍ത്തോഡോക്സ് വിശ്വാസികളെയും യേശുവിന്റെ ദിവ്യത്വം, സൃഷ്ടി, ത്രിത്വം എന്ന വിശ്വാസത്തിന്റെ പേരില്‍ കൊല ചെയ്യുമായിരുന്നു. ഉള്ളില്‍ ആളിക്കത്തുന്ന മതവൈരങ്ങളായിരുന്നു പല കൊലകളുടെ പിന്നിലും ഉണ്ടായിരുന്നത്. 1844 അമേരിക്ക, ഫിലാഡല്ഫിയായില്‍ കത്തോലിക്കാ ഭവനങ്ങള്‍ കൂട്ടത്തോടെ തീയിട്ടു. കിംഗ് ജെയിംസ് ബൈബിള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കുന്നത് കത്തോലിക്കര്‍ എതിര്‍ത്തതാണ് കാരണം. ( Michael Feldberg):
അമേരിക്കയില്‍ ബൈബിളും തോക്കും കൊണ്ട് നാട്ടുവര്‍ഗങ്ങളായ റെഡ്ഇന്ത്യാക്കാരെ കൊന്നു ഭൂവിഭാഗങ്ങള്‍ കൈവശപ്പെടുത്തിയതും ബ്രിട്ടനിലെ കുടിയേറ്റക്കാരായ നവീകരണ ക്രിസ്ത്യാനികള്‍ തന്നെയായിരുന്നു.
1. ''Francesco della Rovere, General of Fransciscans, when elected Pope, undertook to make the papacy as powerful as the leading Italian State and, with this end in view, he persued a policy of systematic nepotism and of Matrimonial alliuaces''
ReplyDelete1 Francesco della Rovere,എന്നത് സിക്സ്റ്റസ്നാലാമന്‍ മാര്‍പാപ്പാ (Sixtus IV) കര്‍ദ്ദിനാളായിരുന്നപ്പോഴുള്ള പേരാണ്. ഈ മാര്‍പാപ്പയെപ്പറ്റി മുകളില്‍ പുലിക്കുന്നന്‍ സ്വജനപക്ഷാപതിയെന്നു സൂചിപ്പിച്ചതും ചരിത്രത്തില്‍ ശരിയാണ്. ബന്ധുജനങ്ങളെ ജോലികളില്‍ തിരുകുകയെന്നുള്ളത് കത്തോലിക്കസഭയുടെ എന്നുമുള്ള വര്‍ത്തമാനകാല സംഭവങ്ങളാണ്. ഒരു ക്രിസ്ത്യന്‍ സ്കൂളിലെ അദ്ധ്യാപകന്‍ അല്ലെങ്കില്‍ മറ്റുള്ള സ്ഥിരജോലിക്കാര്‍ ജോലിനേടിയത് ഒരു പുരോഹിതന്റെ ഒത്താശ അല്ലെങ്കില്‍ കള്ളപ്പണം ഒഴുക്കിയെന്നല്ലാതെ ആര്‍ക്കും പറയുവാന്‍ സാധിക്കുകയില്ല. ധൈര്യം ഉണ്ടാവുകയുമില്ല.
സിക്സ്റ്റസ് നാലാമന്‍ (Sixtus IV) മാര്‍പാപ്പക്ക് മറ്റൊരു അസുഖം ഉണ്ടായിരുന്നു. ഇദ്ദേഹത്തിനു സ്ത്രീകളോട് താല്പര്യം ഇല്ലായിരുന്നു. പുരുഷപ്രേമിയായിരുന്നു. അദ്ദേഹത്തെ പ്രേമിക്കുന്ന പുരുഷന്മാര്‍ക്ക് മാത്രമേ മെത്രാന്‍സ്ഥാനവും കര്‍ദ്ദിനാള്‍ പദവിയും കൊടുത്തിരുന്നുള്ളൂ. ചെറുപ്പക്കാര്‍ക്ക് കര്‍ദ്ദിനാള്‍പദവി കൊടുക്കുവാനായിരുന്നു ഇദ്ദേഹത്തിനു എന്നും താല്പര്യം. അദ്ദേഹത്തിന്റെ നയങ്ങള്‍ അംഗീകരിക്കുന്ന ബന്ധുജനങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ കൊടുക്കുമായിരുന്നു.
എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും സിക്സ്റ്റസ് നാലാമന്‍ നല്ല ഒരു നേതാവായിരുന്നു. കത്തോലിക്കാ സഭയെ ശക്തമാക്കുവാനും നാവീകരണക്കാരുടെ മുന്നേറ്റത്തെ തടസപ്പെടുത്തുവാനും അദ്ദേഹത്തിനു സാധിച്ചു. നവീകരണക്കാര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതും ഈ മാര്‍പാപ്പായെയാണ്. അദ്ദേഹത്തിന്റെ പുരുഷപ്രേമവും നവീകരണക്കാരുടെ പ്രചരണമെന്നും കരുതുന്നുണ്ട്. അത്തരം അദ്ദേഹത്തിനെതിരായുള്ള കുറ്റാരോപണങ്ങള്‍ക്ക് തെളിവുകള്‍ ഒന്നുമില്ല.
സിക്സ്റ്റസ് നാലാമന്‍ നല്ല ഒരു കലാകാരനായിരുന്നു. വത്തിക്കാനിലെ സിക്സ്റ്റയിന് ചാപ്പല്‍ (Sistine Chapel (1471-80) നിര്‍മ്മിച്ചതും ഇദ്ദേഹമാണ്.
അവിടെയുള്ള അലങ്കാരങ്ങളും കൊത്തുപണികളും നടത്തിയതു ഇദ്ദേഹത്തിന്റെ കാലത്താണ്.
2. 'ബോര്‍ജിയ' കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വളരെയധികം മിസ്ട്രസുമാരും അവരില്‍ ആറോളം പുത്രീപുത്രന്മാരുമുണ്ടായിരുന്നു.(ശ്രീ പുലിക്കുന്നന്‍)
1492 മുതല്‍ 1503 വരെ സഭയെ ഭരിച്ച മാര്‍പാപ്പയെയാണ് മുകളിലത്തെ സൂചനയെന്ന് വിചാരിക്കുന്നു. കുപ്രസിദ്ധനായ അലക്സാണ്ടര്‍ ആറാമനെ അറിയാത്തവര്‍ ചുരുക്കം. ബോര്‍ജിയാ എന്നൊക്കെ എഴുതിയാല്‍ വായനക്കാരനു പിടി കിട്ടുകയില്ല. മുമ്പ് ഈ മാര്‍പാപ്പയുടെ വെപ്പാട്ടികളെപ്പറ്റി അല്‍മായശബ്ദത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഒരു മാര്‍പാപ്പയെപ്പറ്റി എഴുതുമ്പോള്‍ ജീവിച്ചിരുന്ന കാലയളവും ഔദ്യോഗിക പേരുകളും എഴുതിയില്ലെങ്കില്‍ വെറും കെട്ടുകഥയെന്നു വായനക്കാര്‍ വിചാരിക്കും.ഇങ്ങനെയുള്ള പോരായ്മകള്‍ ലേഖനങ്ങളില്‍ വായനക്കാര്‍ക്ക് ചിന്താകുഴപ്പങ്ങളുണ്ടാക്കാതെ ശ്രീ പുലിക്കുന്നന്‍ പരിഹരിക്കുമെന്ന് വിചാരിക്കുന്നു.