Translate

Friday, June 8, 2012

കൂടലിനെപ്പറ്റി റ്റി.ഡി.വിജയന്‍ കലഞ്ഞൂര്‍ന്‍റെ വിലയിരുത്തല്‍

സ്കയിലാര്‍ക്ക്, ജോണ്  അച്ചുതണ്ടില്‍ ശക്തമായ വാദ പ്രതിവാദങ്ങളുടെയിടയില്‍ വിജയന്‍റെ  കൂടലിനെപ്പറ്റിയുള്ള കവിതാ  വിലയിരുത്തല്‍ ആരും ശ്രദ്ധിക്കാതെ പോവുന്നു. പരിശുദ്ധാത്മാവ്  വസിക്കാത്ത പള്ളിപോലെ   ദേവി ചൈതന്യവും അമ്പലങ്ങളില്‍ നിന്നു അപ്രത്യക്ഷമായെന്ന് വിജയന്‍ അഭിപ്രായപ്പെടുന്നു. വായിക്കുക. (പടന്നമാക്കല്‍)


റ്റി.ഡി.വിജയന്‍ കലഞ്ഞൂര്‍ മൊ. 9847982648

ഇത്തരം ഒരു ചര്‍ച്ച ഈ കാലഘട്ടത്തില്‍ ആരംഭിച്ചതു നന്നായി. 43 വര്‍ഷം മുന്‍പ് ഒരു പി.ഡി.സി.വിദ്യാര്‍ത്ഥിയായ കാലം മുതല്‍ മനസ്സില്‍ തെളിഞ്ഞ ഒരു വെളിച്ചത്തിന്‍റെ പൊരുള്‍ തേടി നടന്നിരുന്നു. ഈ അമ്പലങ്ങള്‍ മനുഷ്യനെ മനോരോഗികളാക്കുന്ന കേന്ദ്രങ്ങളാണെന്നു തോന്നിയ തോന്നല്‍‌ തോന്നലല്ല ശരിയാണ് എന്ന് കാലം കഴിഞ്ഞപ്പോള്‍ ശരിയാണെന്ന് ഉറച്ചു. ഇപ്പോള്‍ കുഴി തേടുന്ന കാലുകളുമായി ജിവിക്കുന്ന ഈ സായന്തനത്തിലും ദൈവം ഒരു അമ്പലത്തിലും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. ദൈവും സദ് വൃത്തരുടെ മനസ്സിലാണ് വസിക്കുന്നതെന്നും ഉറപ്പുണ്ട്. ചുഷണത്തിന്‍റെ കേന്ദ്രങ്ങളായ അമ്പല വ്യവസായം തഴച്ചുവളരുന്ന ഈ കാലഘട്ടം മറിച്ചുള്ള ചിന്തയ്ക്കും ചര്‍ച്ചയ്ക്കും ഒരു വേദി ഒരുക്കുന്നില്ല. മനസ്സിലേ ചിന്തകള്‍ അവിടെത്തന്നെ ചാരം മൂടി കിടക്കുന്നു. ആ ചാരക്കുണ്ടിലേക്കടിച്ചു കയറിയ ഒരു ഉലക്കാറ്റായി ഈ ചര്‍ച്ചയേ ഞാന്‍ കാണുന്നു.

ശുദ്ധമായ ദൈവവിശ്വാസം നല്ലതു തന്നെ. അതിനേ ആരും എതിര്‍ക്കില്ല. നിരീശ്വരവാദികള്‍ പോലും! കുടലിന്‍റേയും കൂടലിലൂടെ വളര്‍ന്നു വരുന്ന സ്നേഹ സമ്മേളനത്തിന്‍റെയും നല്ലൊരു വേദിയായാണ് പളളികളേയും ഞായറാഴ്ചകളേയും ഞാന്‍ കണ്ടിരുന്നത്. അമ്പലങ്ങളില്‍നിന്നും വ്യത്യസ്തമായി ചുഷണരഹിതമായ ഒരു കേന്ദ്രമാണ് ഈ പളളികള്‍‌ എന്നും ഒരു അകൃസ്ത്യനായ ഞാന്‍ കരുതിയിരുന്നു.

അത്തരം ധാരണകളായ ചാരം ഊതിയകറ്റുന്നു കാറ്റായി കൂടലിന്‍റ കവിതകള്‍. അതിലുപരി, ഈ കവിതകളിലുടെ കൂടല്‍ തെളിക്കുന്ന വെളിച്ചം, പലരുടേയും ഉളളില്‍‌ പുറത്തുകാട്ടാന്‍ കഴിയാത്തവിധം വിങ്ങിനിന്ന കനലുകളേ ആളിക്കത്തിക്കാന്‍ കാരണമായി എന്നും ഞാന്‍ കരുതുന്നു.

ദൈവവും വിശ്വാസവും (അതു ഹിന്ദുവിന്‍റെയായാലും ക്രിസ്ത്യാനിയുടെയായാലും മുസല്‍മാന്‍റെയായലും) ശുദ്ധമായാല്‍ ഏതൊരു വ്യക്തിക്കും ഒരു താങ്ങാണ്, തണലാണ്. എന്നാല്‍ ദൈവത്തിന്‍റെ പേരിലുളള ചൂഷണം, ദൈവം പോലും സഹിക്കാത്ത നീചത എതിര്‍ക്കപ്പെടണം. ഏതു മതത്തിന്‍റെയായാലും അടിസ്ഥാനമായ നന്മ വിശ്വാസത്തമസ്സില്‍ നിന്നും മോചിതമാകണം. കൂടല്‍ പറയും പോലെ മനനം ചെയ്യുന്ന മനസ്സുളളവരാകണം നാം മനനഷ്യര്‍. ഏതായാലും മതം ശുദ്ധീകരിക്കപ്പെടണം. മതത്തേ ആയുധമാക്കുന്ന പുരോഹിതവര്‍ഗ്ഗം ദൈവദാസരില്‍ നിന്നും മനുഷ്യദാസരാകണം. അതിലേക്കു മനുഷ്യനേ നയിക്കുന്ന ഗുരുക്കന്‍മാരാകട്ടേ പുരോഹിതര്‍. പക്ഷേ ഗുരുക്കന്മാരാകണമെങ്കില്‍ പഠിക്കണം. പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോര. ചൂഷണത്തിന്‍റെ പുതിയ പുതിയ മന്ത്ര-തന്ത്രങ്ങള്‍ ഗവേഷിക്കുന്ന അവര്‍ക്കെവിടെ പഠിക്കാന്‍ സമയം.

ദൈവത്തിലേക്ക് ആരും പാലം തീര്‍ക്കേണ്ട. അവനവന്‍റെ പ്രവൃത്തി ആ പാലം തീര്‍ത്തുകൊളളും. ഏതു കുടലും നന്മയുടെ വേദിയാകട്ടെ. ആ നന്മയുടെ തീരത്തടുക്കാന്‍ സഹായിക്കുന്ന ചെറുകാറ്റാകും കൂടലിന്‍റെ കവിതകള്‍ എങ്കില്‍ അഭിനന്ദിച്ചു കൂടേ.... വിശ്വാസത്തിന്‍റെ മണ്‍പുറ്റില്‍ നിന്നും പുറത്തുവരാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട.. ഈ ചര്‍ച്ച നിങ്ങള്‍ക്കു വേണ്ടിക്കൂടിയാണ്...

റ്റി.ഡി.വിജയന്‍ കലഞ്ഞൂര്‍ മൊ. 9847982648

No comments:

Post a Comment