Translate

Friday, June 15, 2012

'സത്യജ്വാല'-കിഴക്കുദിച്ച വെള്ളിനക്ഷത്രം!

ഫാ. ഏബ്രഹാം വെള്ളാംതടത്തില്‍

2012 ഏപ്രില്‍മാസത്തില്‍ നവജാതയായ 'സത്യജ്വാല' എന്ന മാധ്യമശിശു, വിദ്വാന്മാര്‍ക്ക് തിരിച്ചറിയുവാനാകുന്ന ''കിഴക്കുദിച്ച അവന്റെ നക്ഷത്ര''മാണെന്ന് എനിക്കു തോന്നുന്നു. അതിന്റെ 'മുഖക്കുറി'യിലൂടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ആ ശിശുവിന്റെ ജാതകം എന്റെ തോന്നലിനെ സ്ഥിരീകരിക്കുന്നു. ക്രിസ്ത്യാനികളെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന 'ചര്‍ച്ചിയാനി'കള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന രക്ഷയുടെ പ്രകാശമായി ഇതിനെ ഞാന്‍ കരുതുന്നു. ഇത് ''പലരുടെയും വീഴ്ചയ്ക്കും'' ചവിട്ടിത്താഴ്ത്തപ്പെട്ട അനേക സത്യങ്ങളുടെ ''എഴുന്നേല്പിനും'' മുഖാന്തരമാകുമെന്നും തോന്നുന്നു. അതോടൊപ്പംതന്നെ, 'ചര്‍ച്ചിയാനി'കളെ 'ക്രിസ്ത്യാനിപ്പട്ടം'കെട്ടിച്ച്, അവരെ അടക്കിവാണ് ചൂഷണംനടത്തുന്ന അനേകം ഹേറോദ്മാരും ചുറ്റുമുള്ള മഹാപുരോഹിത-ശാസ്ത്രിവൃന്ദവും ഈ ശിശുവിന്റെ ജാതകമറിഞ്ഞു ഭ്രമിക്കും. ''ശിശുവിനെക്കുറിച്ച് അന്വേഷിച്ചു കണ്ടെത്തിയാല്‍ ഞങ്ങളും ചെന്ന് അതിനെ ന(ത)മസ്‌കരിക്കേണ്ടതിന്'' എന്ന ഭാവത്തില്‍, ഈ ശിശുവിനെ നശിപ്പിക്കേണ്ടതിന് സകലമാര്‍ഗ്ഗങ്ങളും അവര്‍ പ്രയോഗിക്കുമെന്നു നിശ്ചയം. വേണ്ടിവന്നാല്‍, സമാനചിന്താഗതികാരായ എല്ലാ 'ആണ്‍'മാധ്യമശിശുക്കളെയും കൊല്ലേണ്ടതിന് ഗുണ്ടാ-ക്വട്ടേഷന്‍ സംഘങ്ങളെ നിരത്തിയെന്നുംവരാം.

പ്രസിദ്ധദൈവശാസ്ത്രജ്ഞനായ ഹോള്‍ഗര്‍ കേര്‍സ്റ്റന്‍ 'Jesus Lived in India' എന്ന തന്റെ ചരിത്രഗവേഷണഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്നതുപോലെ, 'യേശുവിന്റെ ദൗത്യം തിരിച്ചറിയാനാവാത്തവിധം വികലമാക്കപ്പെട്ടിരിക്കുന്നു' (The message of Jesus has been distorted beyond recognition). ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് 'ചര്‍ച്ചിയന്‍ ലോക'ത്തെ ഇളക്കിമറിച്ച, വിവാദം സൃഷ്ടിച്ച, ‘Da Vinci Code’ -ന്റെ ഗ്രന്ഥകര്‍ത്താവ് പറഞ്ഞു: “We are not against the message of Jesus, but the message ABOUT Jesus''(ഞങ്ങള്‍ എതിര്‍ക്കുന്നത് യേശുവിന്റെ ദൗത്യത്തെയല്ല, യേശുവിനെപ്പറ്റിയുള്ള ദൗത്യത്തെയാണ്).

സുതാര്യവും ലളിതവും ജീവസ്പര്‍ശിയുമായ യേശുവിന്റെ ദൗത്യം, ഈ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു. ദൈവരാജ്യം പടുത്തുയര്‍ത്തിയത് രണ്ടു ബന്ധങ്ങളിലൂടെ. മുകളില്‍നിന്ന് താഴോട്ടുള്ള, അഥവാ താഴെനിന്നു മുകളിലോട്ടുള്ള, ബന്ധം: 'തന്റെ പൂര്‍ണ്ണആത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ ദൈവത്തെ-ധാര്‍മ്മികപരമാധികാരത്തെ, സത്യവും നീതിയുമായ ദൈവത്തെ -സ്‌നേഹിക്കുക'. രണ്ടാമത്തേത്, ഇടത്തുനിന്നു, വലത്തോട്ടുള്ള, അഥവാ വലത്തുനിന്ന് ഇടത്തോട്ട് ഉള്ള മനുഷ്യവ്യാപാരബന്ധങ്ങളെ ഈ ബന്ധത്തില്‍ അധിഷ്ഠിതമാക്കുക എന്നതാ ണ്; സത്യത്തിലും നീതിയിലും സ്‌നേഹത്തിലും അധിഷ്ഠിതമാക്കുക എന്നതാണ്. ഇതിലേക്ക് ഉള്‍ക്കാഴ്ച പകരുന്ന മറ്റൊന്നുകൂടി യേശു കൂട്ടിച്ചേര്‍ത്തു: ''ഈ രണ്ടു പ്രമാണങ്ങളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു'', എന്ന്! കേവലം ആചാരാനുഷ്ഠാനപ്രസക്തമായ മതങ്ങള്‍ അപ്രസക്തങ്ങളാകുന്നു എന്ന്! രണ്ടു ബന്ധങ്ങളുടേതായ ഊ കുരിശ് ഏറ്റെടുക്കുവാന്‍ കഴിയണമെങ്കില്‍, സ്വാര്‍ത്ഥത വെടിയണം- 'ഞാന്‍ഭാവ'വും 'ഞങ്ങള്‍ഭാവ'വും ഉപേക്ഷിച്ച്, 'നമ്മള്‍ഭാവം' കൈവരിക്കണം. ഇതാണ് യേശുശിഷ്യത്വത്തിന്റെ അടയാളം: ''തന്നത്താന്‍ ത്യജിച്ച് തന്റെ കുരിശുമെടുത്തുകൊണ്ട് എന്റെ പിന്നാലെ വരുക'' എന്ന യേശുവിന്റെ ആഹ്വാനത്തിന്റെ അര്‍ത്ഥവും അതുതന്നെ.

ആചാരാനുഷ്ഠാനങ്ങളുടെ ആഘോഷങ്ങള്‍ മനുഷ്യസമൂഹത്തെ ഇളക്കിമറിക്കുമ്പോഴും ധാര്‍മ്മികമൂല്യങ്ങള്‍ വറ്റി സമൂഹം വരളുകയാണ്. യേശു രൂപംകൊടുത്ത ധാര്‍മ്മികപരമാധികാരത്തോടും, അതില്‍ അധിഷ്ഠിതമായ മനുഷ്യസമൂഹത്തോടുമുള്ള ബന്ധങ്ങളുടെ കുരിശ് എവിടെയോ, എങ്ങോ, പോയിമറഞ്ഞു. പകരം, 'ചര്‍ച്ചിയാനിറ്റി' സഹനത്തിന്റെ, അഥവാ ജീവിതനിഷേധങ്ങളുടെ, കുരിശ് രൂപപ്പെടുത്തി നിഷ്‌കളങ്കരായ വിശ്വാസികളുടെ ചുമലില്‍ ഏറ്റുന്നു. സ്വര്‍ഗ്ഗീയ ജീവിതാനുഭവമാക്കിത്തീര്‍ക്കുവാന്‍ ദൈവം ഈ ലോകജീവിതത്തെ മനുഷ്യനു നല്കി. 'ചര്‍ച്ചിയാനിറ്റി' ഈ ലോകജീവിതത്തെ സഹനത്തിന്റെയും ആശാനിഗ്രഹത്തിന്റെയും താഴ്‌വരയാക്കി ചിത്രീകരിച്ച്, വിശ്വാസികളെ അങ്ങുമുകളില്‍ തട്ടുമ്പുറത്തെങ്ങാണ്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മരണാനന്തരസ്വര്‍ഗ്ഗം ചൂണ്ടിക്കാണിച്ച്, ദൈവജനത്തെ ആകാശംനോക്കികളാക്കിമാറ്റുന്നു. ഇതൊക്കെ ദൈവികശാസ്ത്രത്തിന്റെ വെളിപ്പെടുത്തല്‍ എന്നാണ് വയ്പ്. ദൈവദത്തമായ യുക്തിയുടെ വെളിച്ചത്തിനു പ്രവേശനമില്ലാത്ത ഒന്നിനെ ദൈവികശാസ്ത്രം എന്നതിനേക്കാള്‍, വൈദികസൂത്രം എന്നു വിവരിക്കുന്നതായിരിക്കും കൂടുതല്‍ അന്വര്‍ത്ഥം. എന്നാല്‍, ഈ വൈദികസൂത്ര ഉപജ്ഞാതാക്കളാകട്ടെ, അവരുടെ മൂക്കിനുതാഴെയുള്ള ഈ ഭൂമിയില്‍ കണ്ണും കാലും ഉറപ്പിച്ചു നടക്കുന്നു!

യേശുവിന്റെ സുതാര്യമായ സ്വാഭാവിക മാനുഷികധാര്‍മ്മികതയെന്ന സന്ദേശത്തെ തമസ്‌കരിച്ച് വൈദികസൂത്രധാരന്മാര്‍ അമ്മൂമ്മക്കഥകളിലൂടെ മെനഞ്ഞുണ്ടാക്കിയ അന്ധമായ വിശ്വാസങ്ങളുടെ 'രഹസ്യങ്ങള്‍' ശൈശവപ്രായംമുതല്‍ ദൈവജനങ്ങളില്‍ അടിച്ചേല്പിച്ച്, ഈ ഭൂമിയില്‍ സ്വര്‍ഗ്ഗീയാനുഭവത്തിന്റെ അനുഭൂതിയില്‍ ജീവിക്കാനുള്ള ദൈവദത്തമായ അവരുടെ അവകാശത്തെ കവര്‍ന്നെടുത്ത് ആസ്വദിക്കുന്ന അനുഷ്ഠാനമതകാപട്യത്തെ തിരിച്ചറിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
ആ തിരിച്ചറിവ് ആരംഭിച്ചിരിക്കുന്നു എന്നാണ് ഈ നവജാതമാധ്യമശിശുവിന്റെ ജാതക'മുഖക്കുറി'യിലൂടെ മനസ്സിലാക്കുവാന്‍ സാധിച്ചത്: ''ഇന്നിപ്പോള്‍ മാനുഷികമൂല്യങ്ങളെയെല്ലാം ചതച്ചരച്ചുകൊണ്ട് കച്ചവടമൂല്യങ്ങളുടെ ബുള്‍ഡോസറുകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുകയറുകയാണ്. അതിന് അടിസ്ഥാനകാരണം മതങ്ങള്‍ അവയുടെ ധര്‍മ്മനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടതാണ്......മതങ്ങളും മനുഷ്യരില്‍ മാത്സര്യത്തിന്റെ കച്ചവടമൂല്യങ്ങളാണ് വിതയ്ക്കുന്നതെങ്കില്‍പ്പിന്നെ മറ്റെന്താണ് മനുഷ്യന് കൊയ്യാന്‍ കിട്ടുക?'' യേശുവിന്റെ ദൈവരാജ്യസന്ദേശത്തെ വികലമാക്കി വിലസുന്ന 'ചര്‍ച്ചിയാനിറ്റി' എന്ന വിഷമരത്തെ അതിന്റെ ഫലംകൊണ്ട് തിരിച്ചറിയുവാന്‍ തുടങ്ങിയിരിക്കുന്നു. അതുപോലെതന്നെ, യേശുവിന്റെ വികലമാക്കപ്പെട്ട സ്വര്‍ഗ്ഗരാജ്യദൗത്യത്തെ തിരിച്ചറിയുവാനുള്ള ആരംഭവും ഈ ജാതക'മുഖക്കുറി'യില്‍ ദൃശ്യമാണ്.

ദൈവദത്തമായ യുക്തിയുടെ വെളിച്ചം തമസ്‌കരിച്ച് വിശ്വാസികളെ അന്ധവിശ്വാസത്തിന്റെ ഇരുട്ടിലാക്കി, മതാധികാരത്തിന്റെ അംശവടി നീട്ടി അതില്‍ പിടിപ്പിച്ചുകൊണ്ട്, തപ്പിത്തടഞ്ഞ് ഉദ്ദിഷ്ഠസ്ഥാനത്തെത്തിക്കുവാന്‍ പരിശ്രമിക്കുന്നത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമല്ലേ? ദൈവദത്തമായ ഇഹലോകസ്വര്‍ഗ്ഗീയജീവിതത്തെ വിശ്വാസികള്‍ക്ക് നിഷേധിക്കുന്നത് അവരോടുള്ള വഞ്ചനയല്ലേ? തങ്ങളുടെ മതവിശ്വാസം യുക്തിക്കതീതമെന്നും ഇതരന്റേത് യുക്തിക്കു വിരുദ്ധമെന്നും ഓരോമതവും പ്രഘോഷിക്കുന്നു. എന്നാല്‍, ഇതുരണ്ടും യുക്തിക്ക് അന്യമാണ്- യുക്തിയുടെ വെളിച്ചത്തില്‍ നടക്കുവാന്‍ വിളിക്കപ്പെട്ട മനുഷ്യന് യുക്തിക്കന്യമായ കാര്യങ്ങളുമായി എന്തുബന്ധം?

രണ്ടായിരം വര്‍ഷത്തെ 'ചര്‍ച്ചിയാനിറ്റി' നേടിവച്ചിരിക്കുന്നത്, ധാര്‍മ്മികപരമാധികാരമായ ദൈവത്തിന്റെ സ്ഥാനത്ത് മാമ്മോന്‍ ഭരിക്കുന്ന ഒരു സമൂഹമാണ്; ധാര്‍മ്മികമൂല്യച്യുതിയില്‍ അമരുന്ന, പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുന്ന, ഒരഗ്നിപര്‍വ്വതം! ഒരുപക്ഷെ അവിശുദ്ധമായ, കപടമായ, മത-രാഷ്ട്രീയ കൂട്ടുകെട്ടായിരിക്കാം ഈ അവസ്ഥക്ക് കൂട്ടുത്തരവാദി. പിശാചിന് മറുത കൂട്ട്. പക്ഷേ ആരാണ് കൂടുതല്‍ ഉത്തരവാദി? ദൈവത്തിന്റെ അധികാരം സ്വയംപേറുന്ന മതങ്ങള്‍തന്നെ. ഏതു ചീഞ്ഞാലാണ് ഏറ്റവും ദുര്‍ഗന്ധം? ഏറ്റവും നല്ലതു ചീഞ്ഞാല്‍ ദുര്‍ഗന്ധം ഏറ്റവും വലുത്! Corruption of the best is the worst.

എന്താണ് പ്രതിവിധി? 'സത്യജ്വാല'യെന്ന നവജാതശിശുവിന്റെ ജാതകമുഖക്കുറി ഫലപ്രദമായ ഏകപ്രതിവിധിയിലേക്കു വിരല്‍ ചൂണ്ടിയിരിക്കുന്നു. ''ഈ സാഹചര്യത്തില്‍ മോചനംപ്രാപിക്കുവാന്‍...അവരവര്‍ അംഗങ്ങളായിരിക്കുന്ന മതങ്ങളെ അവയുടെ പ്രാക്തനവിശുദ്ധിയിലേക്ക് വിമര്‍ശനാത്മകമായും സൃഷ്ടിപരമായും അവരവര്‍തന്നെ നയിക്കേണ്ടതുണ്ട്''. പ്രബുദ്ധമായി ചിന്തിക്കുവാനും യുക്തമായ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുവാനും തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകുവാനും വിശ്വാസികള്‍ തയ്യാറാകണം. മാമ്മോന്റെ ആധിപത്യം അവസാനിപ്പിച്ച്, ധാര്‍മ്മികപരമാധികാരമെന്ന ഈശ്വരനില് വിശ്വസിച്ച്, 'സ്വാഭാവിക മാനുഷികധാര്‍മ്മികത' എന്ന മതജീവിതം നയിക്കാന്‍ 'സത്യജ്വാല' വെളിച്ചമാവട്ടെ! ''ഞങ്ങളിവിടുള്ളപ്പോള്‍ നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ എന്തവകാശ''മെന്ന് ആരെങ്കിലും ചോദിച്ചാല്‍, ''ദൈവം ആരുടെയും നീണ്ട പോക്കറ്റിലല്ല'' എന്നു പറയുവാനുള്ള ആര്‍ജ്ജവം പകര്‍ന്നുകൊടുക്കുവാന്‍ ഈ വെള്ളിനക്ഷത്രത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു.

8 comments:

  1. ഫാ. അബ്രാഹം വള്ളാംതടത്തില്‍ , സത്യജ്വാല എന്ന "കിഴക്കിന്റെ വെള്ളിനക്ഷത്രത്തെ" തിരിച്ചറിഞ്ഞതേ, ഇത്ര തന്റെടത്തോടെ അത് പരസ്യമായി പ്രകീര്‍ത്തിക്കാന്‍ കാണിച്ച ധാര്‍മ്മികധൈര്യത്തെ അഭിനന്ദിക്കുന്നു. വൈദികരുടെയിടയില്‍ തന്നെ ചിന്താശക്തി മൂത്ത് മുരടിക്കാത്ത ഉത്പതിഷ്ണുക്കളും അഭ്യുദയകാംക്ഷികളും ധാരാളമുണ്ട്, വിശേഷിച്ച്, ചെറുപ്പക്കാര്‍ . അവരുടെ കൈകളിലും സത്യജ്വാല എത്തിച്ചേരാന്‍ എന്താണ് ചെയ്യുക എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എത്ര ചെറുതാണെങ്കിലും, ഒരു സത്യത്തെ കണ്ടെത്തുക എന്നത് അതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകളെ മാറ്റിമറിക്കാന്‍ പോരുന്ന ഒരനുഭവമാണ്. ഫാ. ജിജോ മൂലയില്‍ (എഡിറ്റര്‍ , അസ്സീസി മാസിക), തുടങ്ങിയ ചെറുപ്പക്കാരും, പ്രായത്തിലും അനുഭവത്തിലും പക്വതയെത്തിയ ഫാ. ഗുരുദാസ് c.m.i, ഫാ. ഡേവീസ് കാച്ചപ്പിള്ളി. c.m.i, എന്തിന്, അഭിവന്ദ്യ വറുഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലിത്താ വരെ കേരള കാത്തലിക് നവീകരണ പ്രസ്ഥാനത്തോട് കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളതില്‍നിന്ന് മറ്റെന്താണ് നാം മനസ്സിലാക്കേണ്ടത്? അല്പമെങ്കിലും ചിന്താശക്തിയുള്ള ആരും സമ്മതിച്ചുപോകുന്ന, സമയോചിതമായ ഒരു വെള്ളിനക്ഷത്രത്തിന്റെ ഉദയം തന്നെയാണ് ഇതെന്ന് കേരളത്തിലാകമാനം അറിയപ്പെടേണ്ടിയിരിക്കുന്നു. അതിനായി, ആത്മവിശ്വാസവും ധാര്‍മ്മികബോധവും ചോര്ന്നുപോയിട്ടില്ലാത്ത യുവവൈദികര്‍ ധാരാളമായി ഫാ. അബ്രാഹം വള്ളാംതടത്തിലിനെപ്പോലെ തങ്ങളുടെ സഹകരണവും തൂലികയുമായി ഈ സംരംഭത്തിന് പിന്നില്‍ അണിനിരക്കുമെന്നു പ്രത്യാശിക്കാം.

    ReplyDelete
  2. നവീകരണ പ്രസ്ഥാനവും 'സത്യാ ജ്വാല' എന്ന പ്രസിദ്ധീകരണവും പ്രധാനമായി എതിര്‍ക്കുന്നത് സുറിയാനി കത്തോലിക്കാ സഭയിലെ അനാചാരങ്ങളെ ആണല്ലോ? അതില്‍ ഫാ.എബ്രഹാം വെള്ളാംതടത്തില്‍ എന്ന പേരില്‍ ഒരാള്‍ എഴുതുക എന്ന് പറഞ്ഞാല്‍ അതില്‍ ഒരല്പം അനൌചിത്യം ഇല്ലേ എന്ന് ഈയുള്ളവന് സംശയം ഉള്ളതിനാലാണ് ഇതെഴുതുന്നത്. എന്തെന്നാല്‍ ഫാ എബ്രഹാം ഭാര്യയും മക്കളും ഒക്കെ ഉള്ള ഒരു CSI വൈദികന്‍ ആയതിനാല്‍. ഒറ്റ നോട്ടത്തില്‍ അദ്ദേഹം ഒരു സുറിയാനി കത്തോലിക്കാ വൈദികന്‍ എന്ന് തെറ്റി ധാരണ ഉളവാക്കുന്നതില്‍ ആണ് എന്റെ അഭിപ്രായ വ്യത്യാസം. അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നു അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, മുകളില്‍ അഭിപ്രായം എഴുതിയ ശ്രി നെടുംകനാലിനും ഇപ്രകാരം തെറ്റിധാരണ വന്നോ എന്ന് സംശയിക്കുന്നു.

    ReplyDelete
  3. . . . ഫാ എബ്രഹാം ഭാര്യയും മക്കളും ഒക്കെ ഉള്ള ഒരു CSI വൈദികന്‍ ആയതിനാല്‍. ഒറ്റ നോട്ടത്തില്‍ അദ്ദേഹം ഒരു സുറിയാനി കത്തോലിക്കാ വൈദികന്‍ എന്ന് തെറ്റി ധാരണ ഉളവാക്കുന്നതില്‍ ആണ് എന്റെ അഭിപ്രായ വ്യത്യാസം എന്ന ജോസുകുട്ടിയുടെ നിരീക്ഷണത്തിനു നന്ദി. എന്നാല്‍ ഈ പുതിയ അറിവുകൊണ്ട്‌ ഞാന്‍ കുറിച്ചതില്‍ വ്യത്യാസം വരുത്തേണ്ടതായി എനിക്ക് തോന്നുന്നില്ല. അക്രൈസ്തവര്‍ പോലും അല്‍മായശബ്ദത്തില്‍ എഴുതുന്നുണ്ട്. ഈ വേദി സുറിയാനി ക്രൈസ്തവരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന ധാരണ എനിക്കില്ല. ഞാന്‍ തന്നെ ഒരു സിറിയന്‍ കത്തോലിക് അല്ല. സത്യം തിരക്കാനും, അസത്യം ചൂണ്ടിക്കാണിക്കാനും മതമോ ജാതിയോ നോക്കേണ്ടതില്ല എന്നതാണ്, എന്നെ സംബധിച്ചിടത്തോളം, അല്മായശബ്ദത്തിന്റെ ആദര്‍ശങ്ങളില്‍ പരമപ്രധാനമായ ഒന്ന്. അതങ്ങനെയല്ലെങ്കില്‍ , ആരും ഒരിടത്തും എത്തുകയില്ല, കുറേ വായലക്കാമെന്നു മാത്രം.

    ReplyDelete
    Replies
    1. ഇനി ഫാ കോട്ടൂര്‍, ഫാ പുതൃക്ക, സി സെഫി, KP യോഹന്നാന്‍, ബിഷപ്‌ തട്ടുങ്കല്‍ തുടങ്ങിയ മഹാന്മാരുടെ ലേഖനങ്ങളും അല്‍മായ ശബ്ദത്തില്‍ പ്രതീക്ഷിക്കാമല്ലോ അല്ലെ? സേവിയെര്‍ ഖാന്‍ വട്ടായില്‍, ഫാ നായിക്കാന്‍പറമ്പില്‍ എന്നിവരെയും എന്തിനു ഒഴിവാക്കണം? അവരും അല്‍മായ ശബ്ദത്തില്‍ എഴുതട്ടെ. വേണമെങ്കില്‍ വെള്ളാപ്പള്ളി തുടങ്ങിയവരെയും കൂട്ടത്തില്‍ ചേര്‍ക്കാം.

      Delete
  4. csi വൈദികനും അകത്തോലിക്കനും എല്ലാം സഭയെ വിമര്‍ശിക്കാന്‍ വലിയ ചങ്കൂറ്റമോ ധാര്‍മിക ബോധമോ ആവശ്യമില്ല. മറ്റുള്ളവരെ മര്യാദ രാമന്‍മാരാക്കാന്‍ മലയാളികള്‍ മിടുക്കന്മാരാണ്. അവനവന്റെ കാര്യം വരുമ്പോളാണ് ഔചിത്യം നഷ്ടപ്പെടുന്നത്. ചിലര്‍ കത്തോലിക്കാ സഭയെ കുറ്റം പറയാന്‍ കിട്ടുന്ന ഒരവസരവും കളയാറില്ല. Fr . എബ്രഹാം vellaamthadam കാണിച്ചത് വലിയ ധീരത ഒന്നും അല്ല. വേറെ പലരും പല വട്ടം കാണിച്ച സിമ്പിള്‍ കോമഡി ഡയലോഗ് ആയെ അതിനെ എനിക്ക് കാണാന്‍ ആവൂ. അതെ ധൈര്യം അദ്ദേഹം csi സഭയില്‍ കാണിച്ചാല്‍ ഗുണം ചെയ്തേനെ.സ്വന്തം വീട്ടില്‍ അപ്പം ചുടാന്‍ മടിയുള്ള ചിലര്‍ അയപക്കത്ത്‌ അരി ആട്ടി കൊടുക്കും എന്ന് കേട്ടിട്ടില്ലേ.

    ReplyDelete
  5. ഫാ എബ്രഹാം വെള്ളംതടം മേലുകാവ് കോളേജില്‍ നിന്നും principal ആയി retire ആയതാണ്. അവിടെ വെച്ച് കുറെ സാമ്പത്തിക ആരോപണങ്ങളില്‍ ഉള്‍പെട്ടു കോടതിയില്‍ നിന്നും സാങ്കേതികമായി നിരപരാധി എന്ന ലേബലില്‍ രക്ഷപെട്ടു. CSI സഭയില്‍ നിന്നും പുറത്താക്കിയെന്നും തനിയെ പുറത്തായതായും രണ്ടു പക്ഷം ഉണ്ട്. ശ്രിമതി മേരി റോയിയുടെ സ്കൂളില്‍ യേശുവിനെ കളിയാക്കി അവതരിപ്പിച്ച ഒരു നാടകം ജില്ലാ collector തടഞ്ഞപ്പോള്‍ അതിനെതിരെ കോടതിയില്‍ പോയതാണ് അദ്ദേഹത്തിന്റെ പുരോഗമനം. ഇങ്ങനെ ഉള്ള ഒരാള്‍ക്ക് കത്തോലിക്കാ സഭയിലെ അഴിമതിയെ പറ്റി പറയാന്‍ യാതൊരു യോഗ്യതയും ഇല്ല. പേരിന്‍റെ മുന്‍പില്‍ Fr എന്ന് വെക്കുന്നതിന്‍റെ ഔചിത്യവും മനസിലാകുന്നില്ല. ഇദേഹവുമായി കൂട്ട് പിടിക്കുന്നത്‌ അല്‍മായ ശബ്ദത്തിനു പേരുദോഷമേ വരൂ.

    ReplyDelete
    Replies
    1. Alex KaniamparambilJune 20, 2012 at 5:24 PM

      വ്യക്തികളെക്കുറിച്ചുള്ള പരാമര്ശനങ്ങള്‍ കഴിയാവുന്നതും ഒഴിവാക്കാന്‍ നമ്മള്‍ ശ്രമിക്കേണ്ടതാണ്. അത്തരം വിവാദങ്ങളിലേയ്ക്ക് അത്മായശബ്ദം പോകാതെ ഇതിന്റെ Administrator നോക്കേണ്ടതാണ്.

      ഒരു വൈദികന്‍ ഈ വേദിയില്‍ വന്നു അഭിപ്രായം പറഞ്ഞതിനെ നമ്മള്‍ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്? Fr. Abraham Vellamthadam അദ്ദേഹത്തിന്റെ പേരിനു മുമ്പില്‍ ഫാ. എന്ന് വച്ചതിലെ തെറ്റെന്താണ് എന്ന് മനസ്സിലാകുന്നില്ല. ഫാദര്‍, ബിഷപ്പ് ഇതൊക്കെ നമ്മള്‍ കത്തോലിക്കരുടെ കുത്തകയൊന്നുമല്ലല്ലോ.

      കത്തോലിക്കര്‍ മാത്രമാണ് യഥാര്ത്ഥ. ക്രിസത്യാനികള്‍ എന്ന വത്തിക്കാന്റെ പരോഷമായ പ്രചാരണത്തിനു ഇത്രയും ഫലം ഉണ്ടാവും എന്ന് ഞാന്‍ കരിതിയിരുന്നില്ല.

      നമ്മള്‍ അയോദ്ധ്യ സംഭവത്തിലും, ഗുജറാത്ത് കലാപത്തിലും അഭിപ്രായം പറയാറില്ലേ? ഓര്ത്തഡോക്‌സ്-യാക്കോബായ വിവാദം കേരളത്തിലെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളില്‍ ഉള്ളവര്ക്കും നാണക്കേട്‌ ഉണ്ടാക്കുന്നുണ്ട്. ഒരു കത്തോലിക്കനായ എനിക്ക് അവര്‍ കാണിക്കുന്ന വഷളത്തരങ്ങളെക്കുറിച്ച് പറയാന്‍ സ്വാതന്ത്ര്യമില്ല എന്ന വാദത്തെ അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല.

      ലേഖകന്റെ കാഴ്ച്ചപ്പാടിനെയും, വ്യക്തിജീവിതത്തെയും അല്മായശബ്ദത്തിലെങ്കിലും കൂട്ടികുഴക്കാതിരിക്കുക.

      Delete
  6. ഫാ എബ്രഹാം വെള്ളംതടം,പുരോഹിതനും CSI ക്രിസ്ത്യാനിയും എന്ന നിലയില്‍ അല്‍മായ ശബ്ദത്തില്‍ പ്രതികരിക്കുവാന്‍ പാടില്ലായെന്ന് ജോസുകുട്ടി വിധി കല്‍പ്പിച്ചത് സങ്കുചിതമനസ്സായി എനിക്കുതോന്നുന്നു. അദ്ദേഹത്തിന്‍റെ ലേഖനം മുഴുവനായിത്തന്നെ അല്‍മായ നവീകരണ ചിന്താഗതികള്‍ക്ക് അനുയോജ്യമായുള്ളതാണ്.

    ക്രിസ്ത്യന്‍ പുരോഹിതന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍ ഒരു പുരോഗമന ചിന്താഗതിക്കാരന്റെത് തന്നെ. കത്തോലിക്കന്‍ തന്നെ കത്തോലിക്കരെ വിമര്ശിക്കണമെന്നും പറയുന്നതില്‍ എന്തു യുക്തിയെന്നും വ്യക്തമാക്കണം.

    ക്രിസ്ത്യന്‍ സഭകളെ ഫാ വെള്ളംതടം ചര്‍ച്ചിയാനീറ്റിയെന്നു ലേഖനത്തില്‍ ഉടനീളം പരിഹസിച്ചിരിക്കുന്നതും കാണാം. എന്താണ് ചര്‍ച്ചിയാനിറ്റിയും ക്രിസ്റ്റ്യാനീറ്റിയും തമ്മിലുള്ള അന്തരം. ക്രിസ്ത്യന്‍ സഭകള്‍ പൊതുവേ 'സി ' എന്ന ഇംഗ്ലീഷ് അക്ഷരത്തിലെ സംജ്ഞയില്‍ ആരംഭിക്കുന്നു.

    ചര്‍ച്ചിയാനിറ്റി: അദൃശ്യനായ യേശുവിന്റെ ആഗോള സഭയാണിത്. ചര്‍ച്ചിയാനിറ്റി, ക്രിസ്തു വസിക്കാത്ത ഒരു ജനവിഭാഗത്തിന്റെ സംഘടിത മതവും. ഈ സഭയില്‍ ദൈവത്തിനല്ല മനുഷ്യനാണ് ആധിപത്യം. മനുഷ്യനെ മാത്രം കേന്ദ്രീകരിച്ച മതം. സഭയുടെ സമ്പത്ത് മൊത്തം സ്വയം ആവശ്യത്തിനായി ചിലവഴിക്കുന്നു. വിശക്കുന്നവരും അധ്വാനിക്കുന്നവരും അവഗണിക്കപ്പെട്ട ഒരു സഭ. ദുഖിതരെ വളരെ കുറച്ചു മാത്രം പരിഗണിക്കുന്നു.

    ചര്‍ച്ചിയാനിറ്റിയിലെ തിന്നു കൊഴുത്ത പുരോഹിതര്‍ കൂടുതല്‍ മേച്ചില്‍സ്ഥലങ്ങള്‍ തേടി മതവൈരം സൃഷ്ടിച്ചു മതപരിവര്ത്തനവും ലക്ഷ്യമിടും. കോര്‍പ്പറെറ്റു സ്ഥാപങ്ങളുടെ വന്‍ ഉടമകളുമാണ്. സഭാമക്കളുടെ പള്ളിയിലെ ആരാധനക്കുള്ള ഹാജരും ഭക്തരുടെ നേര്‍ച്ച കാഴ്ചകള്‍ക്കും പുരോഹിതര്‍ മുന്ഗണന കൊടുക്കുന്നു.

    അല്‍പ്പ ബുദ്ധികള്‍ക്ക് ദഹിക്കുന്ന പള്ളിപ്രാര്‍ഥനകളും പാട്ടുകളും ചര്‍ച്ചിയാനിറ്റിയുടെ പ്രത്യേകതകളാണ്. ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും
    മന്ദബുദ്ധി ലോകം എതിര്‍ക്കുകയില്ല. ആരും, ഭൂമിയിലെ ദേവന്മാര്‍ക്ക് തെറ്റാ വരമുള്ളതുകൊണ്ട് വെല്ലുവിളിക്കുകയുമില്ല. ആകാശത്തോളം ഉയര്‍ന്ന ആ വലിയ ദേവാലയത്തില്‍ കുറച്ചുപേര്‍ മാത്രം പരിശുദ്ധ ആത്മാവില്‍ ലയിക്കുന്നു.

    നഷ്ടപ്പെട്ട കുറെ ആത്മാക്കള്‍ പള്ളിയില്ലാതെ ദൈവത്തിങ്കലേക്കുള്ള ഓട്ടത്തിലും ഉണ്ട്. അങ്ങനെ ഇത് ചെയ്യരുത്, ചെയ്യണം എന്നു മാത്രം പാപത്തെ വേര്‍തിരിക്കുന്ന വിഷപുരോഹിതരുടെ സഭയെന്നും ചിലര്‍ മനസിലാക്കി.

    ക്രിസ്റ്റ്യാനീറ്റി : ക്രിസ്തു ഇവിടെയും അദൃശ്യനാണ്. ആഗോളസഭയും. പരിശുദ്ധ മായ സത്യവിശ്വാസികള്‍ നിറഞ്ഞ ഒരു സഭ. യേശുവിനെ രക്ഷകനായും പ്രഭുവായും കരുതുന്ന ഒരു വിശ്വാസ സമൂഹമെന്നും നിര്‍വചനം കൊടുക്കാം. ഈ ക്രിസ്ത്യന്‍ സഭ ചെറുതാകാം, വലുതാകാം.

    യേശുവിനെ കാണുവാന്‍ പള്ളിയില്‍ പോകണമെന്നില്ല. ഹൃദയശുദ്ധിയുള്ള ഭാഗ്യവാന്‍മാരില്‍ യേശു ഒരു വഴികാട്ടിയാണ്. രണ്ടോ മൂന്നോ പേര്‍ കൂടിയാലും സത്യത്തിന്റെ വഴി അധികം അലയാതെ അവന്‍ കാണിച്ചു തരും. ഒരു നല്ല ക്രിസ്ത്യാനി സ്വന്തം മനസിനെയാണ് പരിവര്‍ത്തനം ചെയ്യേണ്ടത്.
    വിശക്കുന്നവര്‍ക്കും ദുഖിതരായ സഹോദരങ്ങള്‍ക്കും നന്മകള്‍ തേടിയാണ് യേശു വന്നത്.ഇവിടെയാണ്‌ ക്രിസ്തു വസിക്കുന്നതും.

    ലേഖകന്‍ ഇവിടെ സത്യാ ജ്വാലയില്‍ക്കൂടി സത്യത്തിന്റെ വഴിയായ
    ക്രിസ്ത്യാനിറ്റി എന്തെന്നു വ്യക്തമായി വിവരിച്ചിട്ടുണ്ട്. ചര്‍ച്ചിയാനിറ്റിയില്‍ ‍ കത്തോലിക്കരെന്നോ csi എന്നോ വിത്യാസമില്ലാതെ എല്ലാ ക്രിസ്ത്യന്‍ സഭകളും ഉള്‍പ്പെടും.

    ReplyDelete