Translate

Wednesday, June 27, 2012

കേരള കാത്തലിക് ഫെഡറേഷന്‍ എന്ത്? എന്തിന്?



അല്‍മായര്‍ക്കുവേണ്ടി അല്‍മായരാല്‍ രൂപംകൊടുത്ത അല്‍മായരുടെ സംഘടനയാണ് കേരള കാത്തലിക് ഫെഡറേഷന്‍. അല്‍മായരുടെ താല്‍പര്യസംരക്ഷണം മാത്രം ലക്ഷ്യമാക്കി മെത്രാന്മമാരുടെയും പുരോഹിതരുടെയും നിയന്ത്രണത്തിലും നേതൃത്വത്തിലുമല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അല്‍മായസംഘടയെന്ന് കേരള കാത്തലിക് ഫെഡറേഷനെ വിശേഷിപ്പിക്കാം. അല്‍മായരെ സ്വതന്ത്രമായി സംഘടിക്കാനും പ്രവര്‍ത്തിക്കാനും പൗരോഹിത്യനേതൃത്വം ഒരിക്കലും അനുവദിക്കാറില്ല. എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസുംപോലെ കത്തോലിക്കരുടെ സമുദായസംഘടനയായി നിലവില്‍വന്നതായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസ്. തങ്ങളുടെ കാല്‍ക്കീഴിലും വരുതിയിലും പ്രവര്‍ത്തിക്കാത്ത അല്‍മായസംഘടനയെന്ന ആശയംതന്നെ മെത്രാന്മാരെ വിറളിപിടിപ്പിച്ചു. അവര്‍ സംഘടനക്ക് അംഗീകാരം നിഷേധിച്ചു. ഒടുവില്‍ മാര്‍ ലൂയീസ് പഴേപറമ്പില്‍ മെത്രാനെ തലപ്പത്ത് പ്രസിഡണ്ടായി പ്രതിഷ്ഠിച്ചതിനുശേഷം മാത്രമേ അല്‍മായസംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിനെ അംഗീകരിക്കാന്‍ ഔചിത്യബോധമില്ലാത്ത മെത്രാന്മാര്‍ തയ്യാറായുള്ളു. മെത്രാന്മാരുടെ തീന്‍മേശയില്‍നിന്ന് എറിഞ്ഞുകൊടുക്കുന്ന ഉച്ഛിഷ്ടം ഭക്ഷിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ട കത്തോലിക്കാ കോണ്‍ഗ്രസ് ഒടുവില്‍ ഒന്നുമല്ലാതായിത്തീര്‍ന്നു. എന്നാല്‍ കേരള കാത്തലിക് ഫെഡറേഷന്റെ രൂപീകരണത്തോടെ മെത്രാന്മാര്‍ക്ക് നിയന്ത്രണമൊ ഭരണാധികാരമൊ ഭാഗഭാഗിത്വമൊ ഇല്ലാത്ത അല്‍മായരുടെ സ്വതന്ത്രസംഘടനയെന്ന ചിരകാലസ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്.
'തെരഞ്ഞെടുക്കപ്പെട്ട വര്‍ഗവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവും' എന്നാണ് വി. പത്രോസ് അല്‍മായരെ വിശേഷിപ്പിച്ചത് (1 പത്രോ. 29-30). എന്നാല്‍ സഭയിലെ മഹാഭൂരിപക്ഷമായ അല്‍മായരുടെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്. പഴയ ഹിന്ദുസമുദായത്തിലെ ബ്രാഹ്മണപുരോഹിതരുടെ സുഖഭോഗാദികള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ വിധിക്കപ്പെട്ട ശൂദ്രര്‍ക്ക് സമാനമാണ് കത്തോലിക്കാസഭയിലെ അല്‍മായരുടെ സ്ഥാനം. മെത്രാന്മാരും പുരോഹിതരും അവരെ കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കുന്നു. മൂന്ന് അവകാശങ്ങളാണ് അവര്‍ അല്‍മായര്‍ക്ക് കനിഞ്ഞ് അനുവദിച്ചിട്ടുള്ളത്, പ്രാര്‍ത്ഥിക്കാനും പണംനല്‍കാനും അനുസരിക്കാനുമുള്ള (To pray, pay and obey) അവകാശം. അല്‍മായര്‍ക്ക് അവകാശപ്പെട്ട മാമോദീസാ, കുര്‍ബാന, വിവാഹം, മരിച്ചടക്ക് തുടങ്ങിയ ആത്മീയാവശ്യങ്ങള്‍ക്ക് സമീപിക്കുന്ന വിശ്വാസികളെ അവര്‍ കഴിയുന്നിടത്തോളം ബുദ്ധിമുട്ടിക്കുന്നു. സമ്പന്നരേക്കാള്‍ ദരിദ്രരായ വിശ്വാസികള്‍ക്കാണ് ഇത്തരം പീഡനങ്ങള്‍ ഏറെയും ഏറ്റുവാങ്ങേണ്ടിവരുന്നത്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അല്‍മായര്‍ക്കെതിരെ മെത്രാന്മാരും പുരോഹിതരും അഴിച്ചുവിടുന്നതെന്ന യാഥാര്‍ത്ഥ്യം അനിഷേധ്യമാണ്. ഇതില്‍നിന്നുള്ള മോചനമാണ് കേരള കാത്തലിക് ഫെഡറേഷന്റെ ലക്ഷ്യം. പുരോഹിതരുടെ വിശ്വാസിപീഡനങ്ങള്‍ക്കെതിരെ നിയമനടപടി ഉള്‍പ്പടെ എല്ലാ പരിഹാരശ്രമങ്ങള്‍ക്കും കേരള കാത്തലിക് ഫെഡറേഷന്റെ സംഘടിതശക്തി അല്‍മായര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു.
കേരള കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു: 1). സഭാഭരണത്തില്‍ സമത്വം, സ്വാതന്ത്ര്യം, പ്രാതിനിധ്യം, സുതാര്യത എന്നിവ ഉറപ്പുവരുത്തുക. 2). പള്ളിയും പള്ളിസ്വത്തുക്കളും മെത്രാന്റേതല്ല, വിശ്വാസികളുടേതാണ്. അവയുടെ ഭരണാധികാരം വിശ്വാസികളെ തിരിച്ചേല്‍പ്പിക്കുക. 3). അല്‍മായര്‍ അടിമകളല്ല, തെരഞ്ഞെടുക്കപ്പെട്ട വര്‍ഗവും രാജകീയപുരോഹിതഗണവും വിശുദ്ധ ജനവുമാണ്. 4). ആത്മീയശുശ്രൂഷ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും സഭാഭരണം അല്‍മായര്‍ക്കുമായി നിശ്ചയിക്കുക. 5). പള്ളിയോഗ നിശ്ചയങ്ങള്‍ ഉപദേശങ്ങളല്ല, തീരുമാനങ്ങളാണ്. പള്ളിയോഗതീരുമാനങ്ങളില്‍ മെത്രാനും പുരോഹിതര്‍ക്കുമുള്ള വീറ്റോ അധികാരം എടുത്തുകളയുക. 6). പള്ളിയോഗങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കാനും സഭാസ്വത്തുക്കളുടെ സുതാര്യവും നിയമാധിഷ്ഠിതവുമായ ഭരണത്തിന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ രൂപംകൊടുത്ത കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ ഉടന്‍ നിയമമാക്കുക. 7). കാനോന്‍നിയമം ദൈവദത്തമല്ല, മനുഷ്യനിര്‍മ്മിതമാണ്. സഭയില്‍ പുരോഹിതാധിപത്യം നിലനിര്‍ത്താന്‍ 1917ല്‍ മാത്രം നിര്‍മ്മിക്കപ്പെട്ടതാണ് അത്. അതിന് അടിസ്ഥാനമാക്കിയ 324 രേഖകളില്‍ 313ഉം വ്യാജരേഖകളായിരുന്നുവെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍തന്നെ സമ്മതിക്കുന്നു. നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്നതു മാത്രമാണ് നിയമം. ഭാരതീയക്രൈസ്തവര്‍ക്ക് ഭാരതനിയമവ്യവസ്ഥമാത്രം ബാധകമാക്കുക. 8). അരമനകോടതികള്‍ സമാന്തര കോടതികള്‍. അരമന കോടതികള്‍ നിര്‍ത്തലാക്കുക. 9). ഇടയലേഖനങ്ങള്‍ വിശ്വാസവും സന്മാര്‍ഗവും പ്രബോധിപ്പിക്കാനാണ്. ഇടയലേഖനങ്ങളെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. 10). മെത്രാന്മാരും പുരോഹിതരും രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക. രാഷ്ട്രീയം അല്‍മായര്‍ക്കായി നീക്കിവെക്കുക. 11). സര്‍ക്കാരും മറ്റു സമുദാ യനേതാക്കളുമാമായി നടത്തുന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അല്‍മായനേതാക്കളെ അധികാരപ്പെടുത്തുക. 12). പരിശുദ്ധമായ കൂദാശകള്‍ വില്‍പനച്ചരക്കാക്കുന്നത് അവസാനിപ്പിക്കുക. അവ തീര്‍ത്തും സൗജന്യമാക്കുക. 13). പുരോഹിതര്‍ക്ക് പെരുമാറ്റചട്ടം നടപ്പില്‍ വരുത്തുക. പള്ളികളില്‍ അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കുക. ഇതിനായി പള്ളികളില്‍ പുരോഹിതരുടെ യാത്രാവിവരങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കുകയും അവ വിശ്വാസികളുടെ പരിശോധനക്കായി എപ്പോഴും ലഭ്യമാക്കുകയും ചെയ്യുക. 14). സഭാസ്ഥാപനങ്ങളുടെ ഭരണാവകാശം അല്‍മായര്‍ക്ക് നല്‍കുക. 15). സഭാസ്ഥാപനങ്ങളില്‍ ഉദ്യോഗത്തിന് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബന്ധുക്കളെ കുത്തിനിറക്കുന്നത് അവസാനിപ്പിക്കുക. നിയമനങ്ങള്‍ക്ക് യോഗ്യതമാത്രം മാനദണ്ഡമാക്കുക. 16). സഭാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നീതിപൂര്‍വമായ സേവനവേതനവ്യവസ്ഥകള്‍ നടപ്പാക്കുക. പട്ടക്കാര്‍ക്കും പള്ളിജീവനക്കാര്‍ക്കും മാന്യമായ വേതനം ഉറപ്പുവരുത്തുക. 17). എല്ലാവിധ നിര്‍ബന്ധിതപിരിവുകളും അവസാനിപ്പിക്കുക.
ക്രിസ്തുവിന്റെ മുന്തിരിത്തോപ്പില്‍ പുരോഹിതാതിക്രമങ്ങളുടെ കള നിറഞ്ഞിരിക്കുന്നു. ആ കള പറിച്ച് തോട്ടം ശൂദ്ധീകരിക്കാനുള്ള എളിയ ശ്രമത്തിലാണ് കേരള കാത്തലിക് ഫെഡറേഷന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആ യത്‌നത്തില്‍ പങ്കാളികളാകാന്‍ നിങ്ങളേയും ക്ഷണിക്കുന്നു.    

2 comments:

  1. കേരള കാത്തോലിക്കാ ഫെഡറേഷന്‍ സൂചിപ്പിച്ച പത്താംപ്രമാണം അനുകൂലിക്കുവാന്‍ സാധിക്കുകയില്ല. രാഷ്ട്രീയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യവും കാഴ്ചപ്പാടും ഏതു പൌരനും
    ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്തിട്ടുണ്ട്. ഈ സ്വാതന്ത്ര്യം പുരോഹിതര്‍ക്ക് നിഷേധിക്കണമെന്നു വാദിക്കുന്നത് ശരിയല്ല.ഇവിടെ മാത്രം കാനോന്‍ നിയമമോ?

    ഒരു രാജ്യത്ത് സന്മാര്‍ഗ നിലവാരം താഴ്ന്നു പോവുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികളുമായി അഭിപ്രായസ്വാതന്ത്ര്യത്തിനു ആത്മീയ പുരോഹിതര്‍ക്കും സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരി തിരിഞ്ഞു പുരോഹിതര്‍ പ്രവര്‍ത്തിക്കുവാന്‍ അല്ല ഉദ്ദേശിക്കുന്നത്.

    രാഷ്ട്രീയപദവികള്‍ അലങ്കരിക്കുവാന്‍ സഭ അനുവദിച്ചിട്ടുമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പുരോഹിതര്‍ സ്വാധീനിക്കുന്നതും നല്ലതല്ല. മതം കാണിച്ചു വോട്ടു പിടിക്കുന്നതും നിയമ വിരുദ്ധമാണ്.

    എന്നാല്‍ സന്മാര്‍ഗം നിലനിര്‍ത്തുവാന്‍ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹ്യക കാഴ്ചപ്പാടുകളില്‍ യുക്തമായി ഇടപെടുവാന്‍ പുരോഹിതര്‍ക്കും അവകാശമുണ്ട്.അസന്മാര്‍ഗിക തത്വങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പുരോഹിതര്‍ക്ക് കടമയുമുണ്ട്.

    ഫെഡറേഷന്‍ പത്താംപ്രമാണം, നാസികള്‍ യഹൂദരെ പീഡിപ്പിച്ചപ്പോള്‍ സഭ ശാന്തമായി ഇരുന്നത് നന്നായിയെന്നു പറയുന്നതിനു തുല്യമാണ്.
    സ്വവര്‍ഗരതി വിവാഹങ്ങള്‍ രാഷ്ട്രീയം വോട്ടു ബാങ്കിനു വേണ്ടി നടപ്പാക്കുമ്പോഴും സഭ ശാന്തമായി ഇരിക്കണോ? പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കിയതില്‍ പുരോഹിതര്‍ക്കും മാര്‍പാപ്പാക്കും നല്ല പങ്കുണ്ട്.

    ലോകത്ത് നീതിയും സമാധാനവും ശാന്തിയും നടപ്പാക്കുവാന്‍ ഇന്ന് പുരോഹിതവര്‍ഗം സംഘിടിതമായ ഒരു വലിയ ശക്തിയുമാണെന്ന് ചിന്തിക്കണം. ഇന്നത്തെ ലോക സ്ഥിതിയനുസരിച്ച് ഇവരെ ഒഴിച്ചു നിറുത്തിയാല്‍ ഇസ്ലാമിക മത മൌലിക വാദികള്‍ ലോകം കീഴടക്കുമെന്നും തീര്‍ച്ചയാണ്.നീതിക്കായുള്ള രക്തരഹിത വിപ്ലവങ്ങള്‍ക്ക് ഇവരുടെ സഹായം കൂടിയേ തീരൂ.

    കോഴ, കൈക്കൂലി, സ്വജനങ്ങള്‍ക്ക് മാത്രം ഉദ്യോഗം കൊടുക്കുന്ന കത്തോലിക്ക സ്ഥാപനങ്ങള്‍ എന്നിവകള്‍, മെത്രാന്‍ അധീനതയില്‍നിന്നും പിടിച്ചു വാങ്ങുകയാണ് അല്മായന്‍ ആദ്യം ചെയ്യേണ്ടത്.

    രാഷ്ട്രീയ പാര്‍ട്ടികള്‍ നല്ലതു ചെയ്യുമ്പോള്‍
    അനുകൂലിക്കുക, ജനദ്രോഹം ചെയ്യുമ്പോള്‍ പ്രതികൂലിക്കുക,വിമര്‍ശിക്കുക എന്നെല്ലാം ബൈബിളിന്റെ വിപ്ലവകാരിയായ സ്നാപക യോഹന്നാനെപ്പോലെ പുരോഹിതനും ധര്‍മ്മത്തിനുവേണ്ടി നിലകൊള്ളാം. ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ അവരുടെ വാക്കുകള്‍ക്കു വിലയുണ്ടുതാനും.

    ഇന്നു സഭ ഗര്‍ഭത്തിലുള്ള മനുഷ്യജീവനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളുമൊത്തു പോരാടുന്നു. യുദ്ധത്തിനും മരണ ശിക്ഷ കല്പ്പിക്കുന്നതിലും സഭ എതിരാണ്.

    പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പോരാടിയാല്‍ സഭാരാഷ്ട്രീയത്തെ അനുകൂലിച്ചേ മതിയാവൂ. ദാരിദ്ര്യം ഇല്ലാതാക്കുവാനും ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക അസമത്വം എന്നിവകള്‍ക്കും സഭയ്ക്ക് രാഷ്ട്രീയ സംവിധാനങ്ങളെ എതിര്‍ക്കാം.

    പുരോഹിതര്‍ അധികാര രാഷ്ട്രീയത്തില്‍ വിശ്വസിക്കാതെ പ്രാര്‍ഥനയിലും ദിവ്യബലിയിലും അല്മായര്‍ക്കൊപ്പം ഒത്തൊരുമിച്ചു എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രവര്‍ത്തിച്ചാല്‍ നഷ്ടപ്പെട്ട അല്മായന്റെ വിശ്വാസം വീണ്ടെടുക്കുവാനും സാധിക്കും.

    ReplyDelete
  2. ന്യൂനപക്ഷക്ഷേമം: 1000 പ്രൊമോട്ടര്‍മാര്‍ വരുന്നു Published on 23 Jul 2012തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് 1000 ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കും. കേന്ദ്ര സംസ്ഥാനതലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന വിവിധ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണിത്. ആനുകൂല്യങ്ങള്‍ കൃത്യമായി ഗുണഭോക്താക്കളില്‍ എത്തിക്കുകയാണ് പ്രൊമോട്ടര്‍മാരുടെ ജോലി.

    ന്യൂനപക്ഷക്ഷേമം സംബന്ധിച്ച് കാലാകാലങ്ങളില്‍ പ്രഖ്യാപിക്കപ്പെടുന്ന ആനുകൂല്യങ്ങള്‍ ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷസെക്ഷന്‍ വഴിയും അഞ്ച് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം യുവജനതയ്ക്കായുള്ള പരിശീലനകേന്ദ്രങ്ങള്‍ വഴിയും ഗുണഭോക്താക്കളിലെത്തിച്ചുവരികയാണ്. ഇതിനുപുറമെയാണ് പ്രൊമോട്ടര്‍മാരെ നിയമിച്ച് ക്ഷേമപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നത്.

    സൈനിക, സായുധസേനകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ ക്ഷേമവിഭാഗ മത്സരാര്‍ഥികള്‍ക്ക് പരിശീലനം, വിവാഹമോചിതരും കിടപ്പാടമില്ലാത്തവരുമായ വനിതകള്‍ക്ക് വീടുവയ്ക്കാന്‍ ധനസഹായം, എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍, സബ് സെന്‍ററുകള്‍, മദ്രസ്സ അധ്യാപക ക്ഷേമനിധി പെന്‍ഷന്‍, എം.എസ്.ഡി.പി. പദ്ധതി, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ഹോസ്റ്റല്‍ സ്റ്റൈപ്പന്‍റ് തുടങ്ങിയ ക്ഷേമപദ്ധതികളെപ്പറ്റിയുള്ള ബോധവത്കരണം പ്രൊമോട്ടര്‍മാരുടെ ചുമതലയാണ്.

    ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളെപ്പറ്റി ഗുണഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് 1000 ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി മഞ്ഞളാംകുഴി അലി കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.

    ReplyDelete