Translate

Thursday, June 14, 2012

'വെറുതെയല്ല അല്മായര്‍'

അല്മായാശബ്ദവും സത്യജ്വാലയും ഒന്നും ഇല്ലായിരുന്നെങ്കിലത്തെ സ്ഥിതി ഞാന്‍ ഒന്ന് ഓര്‍ത്തു പോയി. ഫാ. ബെനടിക്ടിനെ വിശുദ്ധന്‍ ആക്കാന്‍ വേണ്ടി ഒരു വൈദികന്‍ തന്നെ കള്ളകഥകള്‍ മെനഞ്ഞതും, ചോദ്യം ചെയ്തപ്പോള്‍ ക്ഷമാപണം പ്രസിദ്ധികരിച്ചതുമൊക്കെ നാട്ടുകാര്‍ അറിയാന്‍ മറ്റെന്തു മാര്‍ഗ്ഗം ഉണ്ടായിരുന്നു? സഭയെ അപമാനിക്കാന്‍ മാത്രമാണ് ഈ പ്രസിദ്ധികരണങ്ങളുടെ ലക്ഷ്യമെന്നു പറയുന്നവര്‍ പോലും നെറ്റി ചുളിക്കും. ആരെല്ലാം തല്ലിയാലും ഞാന്‍ നന്നാവില്ല എന്ന രിതിയിലാണ് പക്ഷെ സഭയുടെ പോക്ക്. ഓരോരുത്തരും സ്വന്തം കഴിവും മികവും തെളിയിക്കാന്‍ പെടുന്ന പെടാപ്പാട് കണ്ടാല്‍ ചിരിവരും. സംഗതിയുടെ മര്‍മ്മം അറിയാവുന്നത് അറക്കല്‍ പിതാവിന് മാത്രമാണെന്ന് തോന്നുന്നു. കഴിവ് എന്ന് പറഞ്ഞാല്‍ പെരുമ തന്നെയാണെന്ന് അദ്ദേഹം മനസ്സിലാക്കി. ആദ്യം അദ്ദേഹം ദിപികയില്‍ പിടിച്ചു, കൈ പൊള്ളി. അത് കരിഞ്ഞപ്പോള്‍ അല്‍മായകമ്മിഷന്‍ തുടങ്ങി, അതിന്റെ ചെയര്‍മാനായി. അവര്‍ ഒരു ബ്ലോഗ്‌ തുടങ്ങി; മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെതിനേക്കാള്‍ വലിപ്പത്തില്‍ അറക്കല്‍ പിതാവിന്റെ ഫോട്ടോ എന്നും പ്രത്യക്ഷപ്പെട്ടപ്പോള്‍ ആണ് മറ്റു പിതാക്കന്മാര്‍ക്കു വെളിവുണ്ടായത് എന്ന് പറയാം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇറങ്ങുന്ന ദര്‍ശകന്റെയും സ്ഥിതി ഇത് തന്നെ. അല്മായാരില്‍ ഈ തന്ത്രം നന്നായി പഠിച്ചതും പ്രയോഗിക്കുന്നതും ഷെവലിയര്‍ ബെന്നി പുന്നത്തുറ ആണ് എന്ന് പറയാം. മാസികയായും TV ആയും അദ്ദേഹവും പ്രസിദ്ധനായി; അതിനു ഫലവും കണ്ടു. പക്ഷെ, പറയുന്ന വിഡ്ഢിതരത്തിന് ഇപ്പോഴും ഒരു കുറവും ഇല്ല.

ഇതൊക്കെയാണെങ്കിലും മറ്റു മെത്രാന്മാരും അല്‍മായരും ആരും സ്വപ്നം കാണുന്നില്ല എന്ന് പറഞ്ഞാല്‍  ശരിയാവില്ല. പണ്ടൊരു പിതാവ് നല്ലൊരു സ്വപ്നം കണ്ടു, ദളിതരും അല്ലാത്തവരുമായ എല്ലാ ക്രിസ്ത്യാനികളും ഒരുമയോടെ ഒരേ പാത്രത്തില്‍ നിന്ന് കഴിച്ചു സ്നേഹത്തോടെ ജീവിക്കുന്നത്. അത് യാഥാര്‍ത്യമാവുമെന്നു ധരിച്ചുവശായി, അങ്ങിനെ പ്രത്യേക പട്ടികയില്‍ നിന്ന് അവരെ ഒഴിവാക്കി. കാലത്തിന്റെ പോക്കെ; ആ ചതിയില്‍ നിന്ന് എന്ന് ആണ് അവര്‍ക്കൊരു മോചനം കിട്ടുക? ആര്‍ക്കും അറിഞ്ഞു കൂടാ. ദളിത്‌ ഞായറാഴ്ച പോയി, ദളിത്‌ വാരവും വര്‍ഷവും ഒക്കെ വന്നേക്കാം, പക്ഷെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലെങ്കിലും 5% സംവരണം ഉണ്ടാവാന്‍ പോവുന്നില്ല. പിതാക്കന്മാര്‍ക്കു പാര്‍ക്കാന്‍ എന്നും മുന്തിരിതോപ്പുകളുണ്ടല്ലോ! അല്ല അവരെ പറഞ്ഞിട്ട് എന്ത് ഗുണം - പറഞ്ഞാല്‍ കേള്‍ക്കുന്നവരും കീഴില്‍ വേണ്ടേ?

സദ്ഗുണസമ്പന്നരായ, അനുസരണശീലമുള്ള വിശ്വാസികളെ സ്വപ്നം കാണാത്ത പിതാക്കന്മാര്‍ ആരുണ്ട്‌? പക്ഷെ ക്രിസ്ത്യാനികളുടെ  സാമ്രാജ്യമായ മദ്ധ്യതിരുവിതാംകൂറില്‍ ഉള്ളത്ര തട്ടിപ്പും വെട്ടിപ്പും മറ്റെവിടെങ്കിലും ഉണ്ടോയെന്നു സംശയം. മനോരമക്കാര്‍ പറഞ്ഞത് ശരിയെങ്കില്‍, 2011 വര്ഷം 306 തട്ടിപ്പുകള്‍ 5 കോടിയുടെ നഷ്ടം; 2012 പകുതി ആയപ്പോള്‍, ആകെ 2 കോടിയുടെ 210 കേസുകള്‍. എല്ലാത്തിനും തലവെച്ചു കൊടുക്കാന്‍ കോട്ടയംകാര്‍. എല്ലാ മാസവും പള്ളികള്‍ മറയാക്കി നടക്കുന്ന പിരിവുകള്‍ക്ക് തലവെച്ചുകൊടുത്തു പരിചയമുള്ളവരായത് കൊണ്ട് കുഴപ്പമില്ലാ എന്നേയുള്ളു. ഈ തട്ടിപ്പ് വീരന്മാരെല്ലാം ക്രിസ്ത്യാനികളാണെന്നു  ധരിക്കരുത്. പക്ഷെ അവരിലെ വീരന്‍ ക്രിസ്ത്യാനി അല്ലെന്നും പറയാനാവില്ല. കക്ഷി പാലാക്കാരന്‍ തന്നെ. കക്കുന്ന വിട്ടില്‍ അയല്‍വാസിയുടെ ചെരിപ്പെങ്കിലും കൊണ്ടിട്ടിട്ടെ  അയാള്‍ പോകുമായിരുന്നുള്ള്. സ്വന്തം നിലയില്‍ നടത്തിയ മോഷണങ്ങള്‍ 450 ഓളം വരും അത്രേ. കായങ്കുളംകാര്  അവിടെ നില്ല്; പൂവരനിക്കാരുടെ പേരും നാല്പേര് അറിയട്ടെ. ഇത്തരം ദുര്മാര്‍ഗ്ഗികളെ തിരുത്താനും നല്ല വഴി പറഞ്ഞുകൊടുക്കാനും ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ഉണ്ടായിരുന്നില്ലേ? ആരോട് ചോദിക്കാന്‍? നല്ലത് ചെയ്യുന്നു എന്ന് ധൈര്യമായി പറയാന്‍ കെല്‍പ്പുള്ള അധികാരികള്‍ നമുക്കില്ലാതെ  പോയല്ലോ. ഒരു അല്മായനു അവനെ ഉപദേശിക്കണമെങ്കില്‍ ഇപ്പോഴത്തെ നിലയില്‍ അരമനയില്‍ നിന്ന് അനുവാദം മേടിക്കണം. അവനെന്തു സൂക്കേട്‌?

ആലഞ്ചേരി പിതാവ് സ്ഥാനം ഏറ്റപ്പോള്‍ ഒത്തിരി സ്വപ്നങ്ങള്‍ ഒറ്റ രാത്രിയില്‍ തന്നെ ഞാന്‍ കണ്ടായിരുന്നു. രണ്ടു മൂന്നു വെടി കൊണ്ട് അതെല്ലാം ശൂ ആയി പോയി. പിന്നെ ഒരനക്കം കേട്ടത് ജൂണ്‍ ആദ്യം. അന്നിറങ്ങിയ ഇടയ ലേഖനത്തിനു DVD വേര്‍ഷനും ഉണ്ടെന്നു കേട്ടപ്പോള്  കോരിത്തരിച്ചുപോയി. ഇനി പള്ളികളില്‍ താമസിയാതെ video ഡിസ്പ്ലേകളും ഉണ്ടാവാന്‍ സാധ്യത. നമ്മുടെ ഒരു വളര്‍ച്ചയെ! അതിലെ കാതലായ സന്ദേശം ആരെയും ഞെട്ടിക്കും. ക്രിസ്ത്യാനികള്‍ സ്വയം ചിന്തിക്കുന്നു അത്രേ. സ്വയം ചിന്തിക്കുകയും അത് മറ്റുള്ളവരുമായി പങ്കു വെക്കുകയും ചെയ്യുന്ന അല്‍മായശബ്ദക്കാരെ എന്ത് ചെയ്‌താല്‍  മതിയാകും?

'വെറുതെയല്ല അല്മായര്‍' എന്നപേരില്‍ ഒരു TV Show തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു. ആദ്യം ഞാന്‍ ലൈവ് ആയി എടുക്കുകപ്രസംഗം ഇല്ലാതെ നടക്കുന്ന ഒരു ഞായറാഴ്ച കുര്‍ബാനയും, അതിനു ശേഷം അച്ചടിച്ച്‌ കൊടുക്കുന്ന പ്രസംഗം/അറിയിപ്പ് വിതരണവും ആയിരിക്കും. (വെറും സാങ്കല്‍പ്പികമാണ്‌ കേട്ടോ, ഒരിക്കലും നടക്കില്ലാത്തത്). പകുതിയോളം പേര്‍ അത് വാങ്ങുന്നതും പശു നക്കുന്നതുപോലെ ഒന്ന് നോക്കിയിട്ട് ചുരുട്ടി കൂട്ടി കളയുന്നതും ആയ രംഗമായിരിക്കും തുടര്‍ന്ന്.  ഇത് വെറും സങ്കല്പം ആണെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ഒരു ഞായറാഴ്ച ഒന്ന് പരിക്ഷിച്ചു നോക്കാവുന്നതെയുള്ള്. അപ്പോള്‍ അറിയാം വെറുതെയല്ല അല്മായര്‍ എന്ന്.

കമ്യുണിസ്റ്റുകാരും ക്രിസ്ത്യാനികളും തമ്മില്‍ ഒത്തിരി സാമ്യമുണ്ട്‌ എന്ന് കാലം ചെയ്ത വിതയത്തില്‍ തിരുമേനി പറയുന്നത് കേട്ടിട്ടുണ്ട്. അവരാണെങ്കില്‍ ഓരോരുത്തരെയും, കാരാട്ട് ആണെങ്കില്‍ പോലും സഖാവേ എന്ന ഒറ്റ വിശേഷണം ചേര്‍ത്തു വിളിക്കും, നമുക്കാണെങ്കില്‍ സ്ഥാനം കൂടുന്നതിനനുസരിച്ച്  സംബോധനയും മാറ്റണം, മോതിരം മുത്തു മുതല്‍ കാല്‍ തൊട്ടു വന്ദനം വരെ ആചാരരീതികളും വ്യത്യാസം. യേശു ഇതൊക്കെ ഒന്ന് കാണണം; ആന കരിമ്പില്‍തോട്ടത്തില്‍ കയറിയതുപോലെ ഒന്ന് പെരുമാറിയേനെ.

No comments:

Post a Comment