Translate

Friday, June 15, 2012

സഭാനവീകരണം - നിലപാടുകള്‍, നിര്‍ദ്ദേശങ്ങള്‍, അവകാശപ്രഖ്യാപനങ്ങള്‍

ജോര്‍ജ് മൂലേച്ചാലില്‍, സെക്രട്ടറി, KCRM 

കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനത്തിന്റെ നിലപാടുകളും നിര്‍ദ്ദേശങ്ങളും അവകാശപ്രഖ്യാപനരേഖയും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് എഴുതിയിരുന്നല്ലോ. http://catholicreformation-kcrm.blogspot.in എന്ന ബ്ലോഗില്‍ 2011 സെപ്റ്റംബര്‍ 18-ന് പ്രസിദ്ധീകരിച്ചിരുന്ന KCRM നയപ്രഖ്യാപനരേഖയുടെ ആദ്യ ഭാഗം ഇവിടെ കൊടുക്കുന്നു. ബാക്കി ഭാഗം അടുത്ത ദിവസങ്ങളില്‍. സജീവമായ ചര്‍ച്ചയും സൃഷ്ടിപരമായ നിര്‍ദേശങ്ങളും ക്ഷണിക്കുന്നു.

ഞങ്ങള്‍ മാമ്മോദീസാസ്വീകരണംവഴി അംഗങ്ങളായിരിക്കുന്ന കത്തോലിക്കാസഭ യേശുവിന്റെ പ്രബോധനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പരസ്പരസ്‌നേഹം മൂലക്കല്ലായിരിക്കുന്ന ഈ കൂട്ടായ്മയിലുള്ള സകലരും പരമപിതാവായ ദൈവത്തിന്റെ മക്കളെന്ന നിലയില്‍, യേശുവില്‍ സാഹോദര്യം പ്രാപിച്ചവരും അതിനാല്‍ തുല്യരുമാണ് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. യാതൊരുവിധ ഭൗതികാധികാരങ്ങളും യേശു അപ്പോസ്തലര്‍ക്കു നല്‍കിയിട്ടില്ലെന്നും, മറിച്ച്, അധികാരഭരണം സഭയില്‍ വിലക്കുകയാണു ചെയ്തിട്ടുള്ളതെന്നും ബൈബിളില്‍നിന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു (മത്താ. 20:25-26; മര്‍ക്കോ. 10:42-45; ലൂക്കോ. 22:24-27; യോഹ. 13:12-17). അതിനാല്‍, ഈ സഭാകൂട്ടായ്മയില്‍ സാമ്പത്തികമോ ഭരണപരമോ ആയ യാതൊരുവിധ ആധിപത്യസംവിധാനങ്ങളും പാടില്ലാത്തതാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
ഈ സുവിശേഷവീക്ഷണത്തിലൂടെ നോക്കുമ്പോള്‍, യേശുവിരുദ്ധമായ ഒട്ടുവളരെ സാമ്പത്തിക-ഭൗതിക അധികാരഘടനകളും, ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്കു നിരക്കാത്തതും മനുഷ്യസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും നിഹനിക്കുന്നതുമായ നിയമങ്ങളും ചട്ടക്കൂടുകളും, ചരിത്രത്തിലൂടെ സഭയില്‍ കടന്നുകൂടിയതായും ഇന്നും വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നതായും ഞങ്ങള്‍ കാണുന്നു.
കാലഗതിയില്‍ സഭയ്ക്കു സംഭവിച്ചുപോയിട്ടുള്ള ഈ അപച്യുതികളെ, യേശുവിന്റെ കാലാതീതമായ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ തിരുത്താന്‍ പരിശ്രമിക്കേണ്ടത് കത്തോലിക്കരുടെ ക്രൈസ്തവധര്‍മ്മമാണെന്നു ഞങ്ങള്‍ കരുതുന്നു. ഈ ധര്‍മ്മനിര്‍വ്വഹണത്തിന്റെ ഭാഗമായി താഴെപ്പറയുന്ന ചില അടിസ്ഥാനനിലപാടുമാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവയ്ക്കനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയും അവ നേടിയെടുക്കുന്നതിനായി ഞങ്ങള്‍ സര്‍വ്വാത്മനാ പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു:
1. 'തലചായ്ക്കാനിടമില്ലാ'ത്തവനായിരുന്നു യേശു (മത്താ. 8:20). അപ്പോസ്തലരില്‍ മുഖ്യനായിരുന്ന പത്രോസിനും ഭൗതികസമ്പത്ത് - വെള്ളിയും പൊന്നും - ഇല്ലായിരുന്നു (അപ്പോ. പ്രവ. 3:6). എന്നാല്‍, അതേ പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പാ ഇന്ന് ഒരു രാഷ്ട്രത്തിന്റെ പരമാധികാരിയാണ്! തന്റെ കുഞ്ഞാടുകളെ ആദ്ധ്യാത്മികമായി മേയ്ക്കാനുള്ള യേശുവിന്റെ കല്പന (യോഹ. 21:15-17) സ്വീകരിച്ച് കത്തോലിക്കരുടെ പരമോന്നത ആദ്ധ്യാത്മികാചാര്യനായിരിക്കേണ്ട മാര്‍പ്പാപ്പാ, ആ കല്പന നിരാകരിച്ച് 'സീസറി'നുള്ള രാജസിംഹാസനത്തില്‍ വാണുകൊണ്ട് ദൈവത്തെയും മാമോനെയും ഒന്നിച്ചു സേവിക്കുവാന്‍ നടത്തുന്ന വൃഥാശ്രമം വചനനിഷേധവും യേശുവിന് എതിര്‍സാക്ഷ്യവും എല്ലാ മതസ്ഥര്‍ക്കും ദുര്‍മാതൃകയുമാണ് എന്നു ഞങ്ങള്‍ വിലയിരുത്തുന്നു.
- അതുകൊണ്ട്, വത്തിക്കാന്റെ രാഷ്ട്രപദവിയും മാര്‍പ്പാപ്പായുടെ രാഷ്ട്രാധിപതി എന്ന സ്ഥാനവും വേണ്ടെന്നുവച്ച് മാര്‍പ്പാപ്പായുടെ ആദ്ധ്യാത്മികാചാര്യത്വത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാന്‍ സഭാത്മകമായി തീരുമാനമെടുക്കണമെന്ന മാര്‍പാപ്പയോടും, അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കണമെന്ന് കേരളത്തിലെ മെത്രാന്‍സമിതികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
2. ഒട്ടേറെ വ്യാജരേഖകളുടെയുംകൂടി അടിസ്ഥാനത്തില്‍ (‘Infallible?’- Hans Kung, പേജ് 95-96, 'തിരുസഭാചരിത്രം' പുതിയ പതിപ്പ് - റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 629), വിശ്വാസിസമൂഹത്തിനു പങ്കാളിത്തമില്ലാതെ സ്വേച്ഛാപരമായി റോമില്‍ രൂപംകൊടുത്ത കാനോന്‍നിയമങ്ങള്‍ മാര്‍പ്പാപ്പായുടെയും മെത്രാന്മാരുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ സമഗ്രാധിപത്യം വ്യത്യസ്ത സഭകളുടെമേല്‍ രാജകീയമായി അടിച്ചേല്‍പ്പിക്കുന്നവയാണ്. അതിലൂടെ വ്യത്യസ്ത രാഷ്ട്രങ്ങളിലുള്ള കത്തോലിക്കാ സമൂഹങ്ങളുടെ പൊതുസ്വത്തുക്കളും സ്ഥാപനങ്ങളുമെല്ലാം വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പ്പാപ്പായുടെ നിയന്ത്രണത്തിലാക്കി, അതാത് ഇടവക-രൂപതാസമൂഹങ്ങള്‍ക്ക് അവയുടെമേല്‍ സ്വാഭാവികമായുള്ള ഉടമസ്ഥതയും നിയന്ത്രണാധികാരവും നിഷേധിച്ചിരിക്കുന്നു. ഇത് ദൈവനിയമങ്ങള്‍ക്ക് (പുറ. 20:15, 17) എതിരും അക്രൈസ്തവുമാണ് എന്നു ഞങ്ങള്‍ കരുതുന്നു. മാത്രമല്ല, കത്തോലിക്കാസഭാധികാരികളെ ഭൗതികസമ്പത്തിന്റെ (മാമോന്റെ) ആരാധകരാക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഈ കാനോന്‍നിയമം. ഒപ്പം, യേശു സ്വാതന്ത്ര്യത്തിലേക്കു മോചിപ്പിച്ചിരിക്കുന്ന ദൈവജനത്തെ അടിമത്തത്തിന്റെ നുകത്തിന്‍കീഴില്‍ വീണ്ടും അമര്‍ത്തുകയും (ഗലാ.5:1) ചെയ്യുന്നു.
- അതുകൊണ്ട്, ദൈവത്തില്‍നിന്നും മാമോനിലേക്കു സഭാധികാരികളുടെ ഹൃദയങ്ങളെ വ്യതിചലിപ്പിക്കുന്നതും, 'നിങ്ങളുടെ ഇടയില്‍ അധികാരം ഭരിക്കുന്നവര്‍ ഉണ്ടാകരുത്' എന്ന യേശുവിന്റെ കല്പനയെ ധിക്കരിക്കുന്നതും, സഭയില്‍ അടിമത്തം വ്യവസ്ഥാപിക്കുന്നതുമായ കാനോന്‍നിയമം എത്രയുംവേഗം റദ്ദുചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
3. കാനോന്‍നിയമത്തിന്റെ അടിസ്ഥാനത്തില്‍ സീറോ-മലബാര്‍ സഭാസിനഡ് രൂപംകൊടുത്ത് പ്രാബല്യത്തിലാക്കിയ പുരോഹിതാധിപത്യപരമായ പള്ളിയോഗനടപടിക്രമങ്ങള്‍ ബൈബിളിനും ആദിമ സഭാപാരമ്പര്യത്തിനും ഈ സഭയുടെ പൗരാണികപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തിനും വിരുദ്ധമാണ് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. പള്ളിസ്വത്തിന്റെയും സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ ഉടമകളായ സഭാംഗങ്ങള്‍ക്ക് അവയുടെമേലുള്ള ഉടമസ്ഥതയും കൈകാര്യകര്‍തൃത്വാവകാശങ്ങളും നിഷേധിക്കുന്ന ചട്ടങ്ങളാണത്.
- അതുകൊണ്ട്, രാജകീയ പുരോഹിതഗണവും ദൈവജനവുമായ (1 പത്രോ. 2:9) സഭാംഗങ്ങളെ താഴ്ത്തിക്കെട്ടുന്ന നിലവിലുള്ള പള്ളിയോഗനടപടിക്രമങ്ങളും കാനോന്‍നിയമത്തോടൊപ്പം റദ്ദുചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. 
                                                                                                              (തുടരും)

No comments:

Post a Comment