Translate

Friday, February 28, 2014

A Comment on CBCI MEETS, PAST AND PRESENT

ഏതോ സാങ്കേതിക തടസ്സത്താൽ കമെന്റായി ഈ കുറിപ്പ് പോസ്റ്റ്‌ ചെയ്യാനാകുന്നില്ല. അതുകൊണ്ട്, ക്ഷമാപണത്തോടെ, ഇവിടെ ഇടുകയാണ്. 

CBCI MEETS, PAST AND PRESENT എന്ന തലക്കെട്ടിൽ ജെയിംസ്‌ കോട്ടൂർ സാർ ഇംഗ്ളീഷിൽ കൊടുത്തിരിക്കുന്ന ഈ നീണ്ട കഥകൾ അധികം പേർ വായിക്കുമെന്ന് കരുതേണ്ടതില്ല. എന്നാൽ വായിക്കുന്നവർക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട് - എത്ര ദയനീയവും പരിതാപകരവുമാണ് ഇപ്പോഴത്തെ ഭാരതസഭയുടെ അവസ്ഥയെന്നും അതിനു കാരണം കുന്നുകൂടിയ സമ്പത്തും അധികാരവും ഇപ്പോഴത്തെ മെത്രാന്മാരിൽ ഉണ്ടാക്കുന്ന മിഥ്യാബോധവും ഗർവും എന്നതിനോടൊപ്പം അവർ മനുഷ്യരോടുള്ള അടുപ്പത്തിലും പൊതു മാദ്ധ്യമങ്ങളോടും പുസ്തകങ്ങളോടുള്ള സമ്പർക്കത്തിലും വളരെ പിന്നോട്ടുപോയിരിക്കുന്നു എന്നതുമാണ്‌. പഴകുംതോറും പക്വമാകുന്നതിനു പകരം നമ്മുടെ തിരുമേനിമാർ ബൗദ്ധികമായും സാംസ്കാരികമായും കൂടുതൽ ജീർണ്ണിക്കുന്നതായാണ് നമ്മൾ കാണുന്നത്. വർഗ്ഗീയതയും തലക്കനവും മൂലം അവര്ക്ക് കണ്ണ്കാണാൻ പാടില്ലെന്നായിട്ടുണ്ട്‌. അതോടാനുപാതികമായി കൂടുതൽ മനുഷ്യർക്ക്‌ അവരെയും കണ്ണിനു കാണരുതെന്നായിട്ടുണ്ട്. ഇതിനു മുമ്പ് പോസ്റ്റ്‌ ചെയ്തിരിക്കുന്ന, ലോകത്തുള്ള എല്ലാ വിശ്വാസികളുടേതുമായി എഴുതിയിരിക്കുന്ന മാർപ്പപ്പായ്ക്കുള്ള കത്തിൽ ഇക്കാര്യം കൂടെ ഉൾപ്പെടുത്തണം. ഇത്തരത്തിലുള്ള ഒരു നേതൃത്വം ഇന്ത്യയിലെ സഭയെ ഒരു വിധത്തിലും മുന്നോട്ടു നയിക്കുകയില്ല, പകരം, യൂറോപ്പിലും മറ്റും സംഭവിച്ചതുപോലെ, പള്ളികളെ കാലിയാക്കുകയും ആടുകളെ ചിതറിക്കുകയും ആണ് ഇവർ ചെയ്യുന്നത് എന്ന് പോപ്പും അറിഞ്ഞിരിക്കട്ടെ. ഫലം തരാത്ത മരത്തിനു യേശു വിധിച്ച ശിക്ഷയനുസരിച്ച്, ഇവരിൽ പലരുടെയും കടക്കൽ കോടാലി വീഴേണ്ട സമയമായി. കാരണം, മെച്ചപ്പെടാനുള്ള യാതൊരു ലക്ഷണവും അവർ കാണിക്കുന്നില്ല.


ശുദ്ധമനസ്കനായ ശ്രീ ജെയിംസ്‌ ഇപ്പോഴും വച്ചുപുലർത്തുന്ന ശുഭാപ്തിവിശ്വാസമൊന്നും ഇന്ത്യയിലെ മെത്രാന്മാരുടെ കാര്യത്തിൽ എനിക്കോ അല്മായശബ്ദത്തിൽ എഴുതുന്ന മറ്റധികം പേർക്കോ ഉണ്ടെന്നും തെറ്റിദ്ധരിക്കേണ്ടാ. പോത്തിന്റെ ചെവിയിൽ വേദാന്തമോതുകയോ? സ്വയം തിരുത്താൻ എളിമയാവശ്യമാണ്, സത്യസന്ധതയാവശ്യമാണ്. ഇവ രണ്ടുമില്ലാത്തെ മെത്രാന്മാരുടെ ഒരു നല്ല സാമ്പിളാണ് ശ്രീ 'കള്ളരങ്ങാട്ട്'. അതിനുള്ള തെളിവാണ് യേശുവിന്റെ വഴിയേ ഒരടിപോലും ചവിട്ടാത്ത അങ്ങേര് 'നിന്റെ വഴി എന്റേതും' എന്ന് പേരിട്ട് തന്റെ മടയലേഖനങ്ങൾ തുന്നിക്കെട്ടിയ ഒരു പുസ്തകമിറക്കിയത്. 

ശ്രീ കോട്ടൂർ കൊടുത്തിരിക്കുന്ന വീഡിയോ ഞാൻ കണ്ടു. കഴിഞ്ഞ വർഷം ബാങ്ളൂരുവിൽ നടത്തിയ 30 താമത്തെ മെത്രാൻ സിനഡിൽ പ്രധാന വക്താക്കൾ പറഞ്ഞത് അതിലുണ്ട്. എല്ലാരും പറഞ്ഞു, ഇന്ത്യയിൽ രണ്ടു തരം പൗരന്മാർ ഉണ്ട്, ഒരു വശത്ത്‌ ധനവും പ്രതാപവും അധികമുള്ളവരും, മറുവശത്ത്‌ ജീവിക്കാനുള്ള വകപോലുമില്ലാത്തവരും. ഇവർതമ്മിലുള്ള അന്തരം കുറക്കാൻ സഭക്കെന്തു ചെയ്യാനാവും? ഓരോ സിനഡിലും ഇതേ കാര്യം പറയും, എന്നിട്ട്, ഈ പറയുന്നവരും കേട്ടിരിക്കുന്നവരും വീണ്ടും അവർക്കുള്ള സമ്പത്തും അധികാരവും കൂട്ടുന്നതിനുള്ള തത്രപ്പാടിലാണ് അടുത്ത സിന്ടഡുവരെ. ഈ തട്ടിപ്പ് തുടരുകതന്നെയാണ്‌ ഇനിയും ഉണ്ടാവുക. ഇത്തവണ ഒരു മാദ്ധ്യമ പ്രതിനിധിയേയോ ക്ളെർജിയല്ലത്ത സഭാപൗരരെയോ അകത്തോട്ടു കയറ്റിയുമില്ല. ഇവർ പറയുന്നതും ചെയ്യുന്നതും അങ്ങേയറ്റം ലജ്ജാകരമായ കള്ളമാണ് - കള്ളമരങ്ങേറുന്ന, അതായത്, കള്ളന്മാർ അരങ്ങു തകർക്കുന്ന നാടകവേദിയാണ് ഓരോ സിനഡും. (അരങ്ങു തകർക്കുക എന്നാൽ നന്നായി അഭിനയിക്കുക എന്നാണ്.)

Tel. 9961544169 / 04822271922

No comments:

Post a Comment