Translate

Friday, February 7, 2014

മെത്രാന്‍ സിനഡുകളുടെ പശ്ചാത്തലത്തില്‍ അത്മായ അസംബ്ലികളുടെ പ്രസക്തി

എഡിറ്റോറിയല്‍, സത്യജ്വാല മാസിക, 2014 ജനുവരി
 

2014 ഫെബ്രുവരി 5 മുതല്‍ 12 വരെ, പാലായില്‍ അഖിലഭാരത കത്തോലിക്കാ മെത്രാന്‍സിനഡ് (CBCI) നടക്കുകയാണ്. സഭയിലെ 99.9% വരുന്ന വിശ്വാസിസമൂഹത്തിന്റെ പ്രാതിനിധ്യമില്ലാതെ നടത്തുന്ന ഇത്തരം മെത്രാന്‍
സിനഡുകള്‍ അക്രൈസ്തവവും സഭാവിരുദ്ധവുമാണെന്നു പ്രഖ്യാപിച്ചുകൊണ്ട്, ആ സമയത്തുതന്നെ ഒരു 'അത്മായ അസംബ്ലി' നടത്താന്‍, വിവിധ ക്രൈസ്തവസംഘടനാപ്രവര്‍ത്തകരും ചിന്തകരും എഴുത്തുകാരും പണ്ഡിതന്‍മാരുമായ അത്മായപ്രമുഖര്‍ ചേര്‍ന്നു തീരുമാനിച്ചു കഴിഞ്ഞു. ഇതു കേരളസഭാചരിത്രത്തെ മാറ്റിമറിക്കാന്‍ പോരുന്ന ഒരു മഹത് സംരംഭമായിരിക്കും എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍, വിവിധ ബ്ലോഗുകള്‍വഴിയും മറ്റ് സോഷ്യല്‍ മീഡിയാകള്‍വഴിയും ലോകമെമ്പാടുമുള്ള മലയാളികത്തോലിക്കാ സമൂഹം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരുണത്തില്‍ വിശ്വാസികളുടെ ഇത്തരം സഭാഅസംബ്ലികളുടെ സാംഗത്യത്തെയും സുവിശേഷസാധുതയെയുംകുറിച്ച് ആലോചിക്കുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു.
 

സുവിശേഷകാഴ്ചപ്പാടിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനമനുസരിച്ചും, സഭയെന്നാല്‍ വിശ്വാസികളുടെ കൂട്ടായ്മാസമൂഹമാണ്. സഭ കൂട്ടായ്മാസമൂഹമെങ്കില്‍, സഭയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതും തീരുമാനങ്ങളെടുക്കേണ്ടതുമെല്ലാം ആ കൂട്ടായ്മാസമൂഹമാണ്. ആദിമസഭയിലേക്കു നോക്കിയാല്‍, അതങ്ങനെയാണു നടന്നുപോന്നിരുന്നതെന്നു കാണാനാകും. യൂദാസിനുപകരം മറ്റൊരു അപ്പോസ്തലനെ കണ്ടെത്തിയതും (അപ്പോ. പ്രവ.1:15-26), സഭയുടെ ഭൗതികകാര്യങ്ങള്‍ നടത്തുവാന്‍ ഏഴുപേരെ തിരഞ്ഞെടുത്തതും (അപ്പോ.പ്രവ.6:1-6) വിശ്വാസിസമൂഹമായിരുന്നു. സഭാസംവിധാനത്തെക്കുറിച്ച് അപ്പോസ്തലരുടെ പ്രമാണരേഖയെന്നു പറയാവുന്ന അപ്പോ.പ്രവ. 6:1-6-നുശേഷം, ആദിമസഭാപാരമ്പര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ലിഖിതരേഖ നാം കാണുന്നത്, പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെയും പ്രബോധനങ്ങളായി, 'ഡിഡാക്കേ' എന്ന പേരില്‍ പ്രസിദ്ധീകൃതമായ എ.ഡി. 140-ലെ ഗ്രന്ഥത്തിലാണ്. അതില്‍, മെത്രാന്മാരെയും മേലന്വേഷകരെ-deaconെയും തിരഞ്ഞെടുക്കുമ്പോള്‍ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു. ''......അതുകൊണ്ട്, കര്‍ത്താവിനുചേര്‍ന്ന മെത്രാന്മാരെയും മേലന്വേഷകരെയും തിരഞ്ഞെടുക്കുക. പണമോഹികളെ ആയിരിക്കരുത്; എളിമയുള്ളവരെയും സത്യസന്ധരെയും യോഗ്യത തെളിയിക്കപ്പെട്ടവരെയുമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. എന്തെന്നാല്‍ അവര്‍ പ്രവാചകരുടെയും പ്രബോധകരുടെയുമായ ശുശ്രൂഷകളില്‍ക്കൂടി നിങ്ങളെ സേവിക്കേണ്ടവരാണ്'' (The Faith of Early Fathers Vol. 1, William, A Jurgen’s, Page 4- സ്വന്തം തര്‍ജ്ജമ). 

സഭയുടെ ആദ്ധ്യാത്മിക-ഭൗതികഘടനകളുടെമേല്‍ വിശ്വാസിസമൂഹത്തിനുണ്ടായിരുന്ന മേല്‍ക്കൈയാണ്, ഈ അപ്പസ്‌തോലികരേഖ തെളിയിക്കുന്നത്. മെത്രാന്മാരെ വാഴിക്കുന്നതുസംബന്ധിച്ച്, ആദിമസഭാപിതാക്കന്മാരില്‍ പ്രമുഖനായ സെന്റ് ഹിപ്പോളിറ്റസ് (3-ാം നൂറ്റാണ്ട്) നിര്‍ദ്ദേശിക്കുന്നത് ഇപ്രകാരമാണ്: ''ഒരുവന്‍ എല്ലാവരാലും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മെത്രാനായി അഭിഷേചിക്കപ്പെടട്ടെ. എല്ലാവര്‍ക്കും ഹൃദ്യനായ ഒരാളുടെ പേരു നിര്‍ദ്ദേശിക്കപ്പെട്ടാല്‍, ജനങ്ങള്‍ സഭാശുശ്രൂഷകരോടും മെത്രാന്മാരോടുംകൂടെ കര്‍ത്താവിന്റെ ദിനത്തില്‍ ഒത്തുകൂടട്ടെ. എല്ലാവരുടെയും അംഗീകാരത്തോടെ, മെത്രാന്മാര്‍ അദ്ദേഹത്തിനുമേല്‍ കൈകള്‍ വയ്ക്കുകയും, സഭാശുശ്രൂഷകര്‍ നിശ്ശബ്ദരായി നില്‍ക്കുകയും വേണം. അവര്‍ മാത്രമല്ല, എല്ലാവരും നിശ്ശബ്ദതയില്‍ മുഴുകി, പരിശുദ്ധാരൂപിയുടെ ആഗമനത്തിനായി തങ്ങളുടെ ഹൃദയങ്ങളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണം'' (മുന്‍ഗ്രന്ഥം, പേജ്-166: സ്വന്തം തര്‍ജ്ജമ). പ്രാചീനമായ ഈ സഭാരേഖയനുസരിച്ചും, തങ്ങളുടെ ആദ്ധ്യാത്മികശുശ്രൂഷകരായ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതും അന്തിമമായി അംഗീകരിക്കുന്നതും വിശ്വാസിസമൂഹമാണെന്നു കാണാം. ഇതെല്ലാം സഭാസംവിധാനം സംബന്ധിച്ച് അപ്പസ്‌തോലന്മാര്‍ മുന്നോട്ടുവച്ച പ്രമാണരേഖ (അപ്പോ.പ്രവ. 6:2-4) യ്ക്ക് അനുരൂപവും യേശുവിന്റെ കല്പനകള്‍ക്ക് അനുസൃതവുമാണ്.
 

ഭാരതനസ്രാണിസഭയില്‍ നിലനിന്നിരുന്ന സഭാഘടനയും അതിനാധാരമായിരുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (Law of Thomas) എന്നറിയപ്പെടുന്ന നസ്രാണി പാരമ്പര്യവും പരിശോധിച്ചാല്‍, അതും അപ്പസ്‌തോലന്മാരുടെ അതേ പ്രാമാണികപ്രഖ്യാപന (അപ്പോ.പ്രവ. 6:1-6) ത്തിന്റെ ഭാരതീയാവിഷ്‌കാരമായിരുന്നെന്നുകാണാം. ഇക്കാര്യം, വിഖ്യാതസഭാചരിത്രകാരനായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ സ്ഥിരീകരിച്ചിരിക്കുന്നു: ''പുതിയ നിയമപശ്ചാത്തലത്തിന്റെ സ്വഭാവസവിശേഷതകളുമായി മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭാഭരണസമ്പ്രദായത്തിനും വളരെ അടുപ്പമുണ്ടായിരുന്നു. അവരുടെ വികേന്ദ്രീകൃതമായ സഭാഭരണരീതി, അപ്പോ. പ്രവ. 6:1-6 വാക്യങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടുള്ളതായിരുന്നു. അപ്പസ്‌തോലന്മാര്‍ നല്‍കിയ മുന്‍ഗണനയ്ക്കുള്ള ഒരു ഉത്തമമാതൃകയാണ് നാമിവിടെ കാണുന്നത്'' (Ecclesial Identity of the Thomas Christans- - പേജ് 74, സ്വന്തം തര്‍ജ്ജമ).
 

ചുരുക്കത്തില്‍, ബൈബിള്‍ പരാമര്‍ശിതമായ ആദിമസഭയിലും, ഒന്നാം നൂറ്റാണ്ടുമുതല്‍തന്നെ ഭാരതനസ്രാണിസഭയിലും നിലനിന്നിരുന്ന സഭാസമ്പ്രദായം സഭാത്മകമായിരുന്നു; അതായത്, വിശ്വാസികളുടെ കൂട്ടായ്മയായ സഭാസമൂഹത്തിന്റെ കൂട്ടായ വിവേകത്താല്‍ നയിക്കപ്പെടുന്നതായിരുന്നു. ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ പ്രബോധനമനുസരിച്ച്, എല്ലാവരും ചേര്‍ന്ന ഇത്തരം കൂട്ടായ്മകള്‍ക്കാണ്, അതായത് മൊത്തം സഭയ്ക്കാണ്, അപ്രമാദിത്വമുള്ളത്; അല്ലാതെ, മാര്‍പ്പാപ്പായ്‌ക്കോ മെത്രാനോ മെത്രാന്‍സംഘങ്ങള്‍ക്കോ അല്ല (കാണുക, 'സത്യജ്വാല' ഒക്‌ടോ. 2013 പേജ് 8). ഇതിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ ആദിമസഭാപാരമ്പര്യപ്രകാരമുള്ള വിശ്വാസികളുടെ സമ്മേളനങ്ങളും ഭാരതനസ്രാണിസഭയുടെ പള്ളിയോഗങ്ങളും യേശുചൈതന്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്ന യഥാര്‍ത്ഥ സഭായോഗങ്ങളായിരുന്നുവെന്നു കാണാം. ക്രൈസ്തവസഭ റോമന്‍ സാമ്രാജ്യമതമായി മാറിയതോടെയാണ് ഈ സഭായോഗങ്ങള്‍ അവിടെ അന്യംനിന്നുപോയത്. പകരം, മെത്രാന്‍സ്ഥാനികളായി അവരോധിക്കപ്പെട്ട സഭാമൂപ്പന്മാരുടെ ആധികാരികസമ്മേളനങ്ങള്‍ സഭായോഗങ്ങളായി അവതരിക്കപ്പെടുകയും, തല്‍ഫലമായി സഭ പൗരോഹിത്യാധിപത്യത്തിലാവുകയും ചെയ്തു.
 

പക്ഷേ, റോമന്‍ സ്വാധീനമില്ലാതിരുന്ന നസ്രാണിസഭയില്‍ അപ്പസ്‌തോലികനിര്‍ദ്ദേശപ്രകാരമുള്ള സഭായോഗങ്ങള്‍തന്നെ തുടര്‍ന്നുപോന്നു. മാത്രമല്ല, ഇടവകതലത്തിലും പ്രാദേശികതലത്തിലും ആകമാനനസ്രാണിസഭാതലത്തിലുമായി മൂന്നു തട്ടുകളുള്ള ഒരു ആഭ്യന്തരസംവിധാനമായി അതു വികാസം പ്രാപിക്കുകയും ചെയ്തു. റോമന്‍ മത-രാഷ്ട്രീയ ശക്തിപ്രകടനമായി 1599-ല്‍ ഇവിടെ അരങ്ങേറിയ ഉദയംപേരൂര്‍ സൂനഹദോസിലൂടെ റോമന്‍ കത്തോലിക്കാമതവും അതിന്റെ സമ്പ്രദായങ്ങളും ഇവിടെ അടിച്ചേല്‍പിക്കുംവരെ അപ്പസ്‌തോലിക സഭായോഗപാരമ്പര്യം നിലനിര്‍ത്താന്‍ നസ്രാണിസഭയ്ക്കു കഴിഞ്ഞു.
 

ഈ സൂനഹദോസില്‍ പാസാക്കിയെടുത്ത കാനോനകളുടെ ബലത്തില്‍ വിശ്വാസിസമൂഹത്തിന്, അതായത് സഭയ്ക്ക്, മേല്‍ക്കൈ ഉണ്ടായിരുന്ന നസ്രാണിസഭാപാരമ്പര്യത്തിന്മേലുള്ള ഒരു തുറന്ന ആക്രമണമാണ് പോര്‍ട്ടുഗീസുകാര്‍ ഇവിടെ അരങ്ങേറിയത്. അതിനെതിരെയുള്ള നസ്രാണിസമൂഹത്തിന്റെ ചെറുത്തുനില്‍പ്പുകളുടെ ഉത്തമദൃഷ്ടാന്തങ്ങളാണ്, 1632-ലെ ഇടപ്പള്ളിയോഗവും 1653-ലെ കൂനന്‍കുരിശ് സത്യവും. ഇതില്‍ കൂനന്‍കുരിശ് സത്യം, നസ്രാണിസഭയുടെ പിളര്‍പ്പിനു കാരണമായി.
 

കത്തോലിക്കാവിഭാഗമായി തുടര്‍ന്ന നസ്രാണികള്‍ അന്നുമുതല്‍ ഇന്നുവരെ തങ്ങളുടെ പള്ളിയോഗപാരമ്പര്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. 1773-ലെ അങ്കമാലിയോഗത്തെയും, 1854-ലെ കുറവിലങ്ങാട്ടുയോഗത്തെയും 1892-ലെ പാലാ യോഗത്തെയും നമ്മുടെ പരമ്പരാഗത പള്ളിയോഗസമ്പ്ര ദായം നിലനിര്‍ത്താന്‍ നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ പരിശ്രമങ്ങളുടെ ഉജ്ജ്വല ഉദാഹരണങ്ങളായി കാണാം. ഇതില്‍ 1892-ലെ പാലാ യോഗമായിരുന്നു, മെത്രാന്റെ പത്രമേനിസ്വരൂപണത്തിനുള്ള ഇടവകവിഹിതം ഏകപക്ഷീയമായി നിര്‍ണ്ണയിച്ചു ലവീഞ്ഞു മെത്രാനിറക്കിയ കല്പനയെ തിരസ്‌കരിച്ചു തീരുമാനമെടുത്തത്. നസ്രാണിപാരമ്പര്യം പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, അരനൂറ്റാണ്ടുമുമ്പുനടന്ന വിമോചനസമരംവരെയെങ്കിലും നമ്മുടെ പള്ളിയോഗങ്ങള്‍ക്ക് ഒരുവിധം അധികാരമൊക്കെ ഉണ്ടായിരുന്നു. സ്‌കൂളുകളിലെ അദ്ധ്യാപകനിയമനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പള്ളിക്കമ്മിറ്റിയും കൈക്കാരന്മാരുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വിമോചനസമരത്തിന്റെ വിജയത്തിമര്‍പ്പില്‍, സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മെത്രാന്മാരുടെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലേക്കു കൈവിട്ടുപോയത്, വിശ്വാസിസമൂഹം അറിഞ്ഞില്ല. പിന്നീട് 1992-ല്‍ മെത്രാന്മാര്‍ക്ക് രൂപതയുടെയും അതിനുകീഴിലുള്ള ഇടവകകളുടെയുംമേല്‍ സമസ്താധികാരങ്ങളും നല്‍കിക്കൊണ്ടുള്ള പൗരസ്ത്യകാനോന്‍നിയമം അടിച്ചേല്പിക്കപ്പെട്ടതോടെ, ഇവിടുത്തെ വിശ്വാസിസമൂഹത്തിന്റെ അടിമത്തത്തിനുമേല്‍ അവസാനത്തെ ആണിയും തറയ്ക്കപ്പെട്ടു.
 

ഇന്ന് മെത്രാന്മാരുടെ ചോദ്യംചെയ്യാനാകാത്ത അധികാരഭരണത്തിന്‍കീഴിലാണ് കേരളകത്തോലിക്കര്‍. അവര്‍ ഒറ്റയ്ക്കും കൂട്ടായും ഇടയലേഖനങ്ങളും സര്‍ക്കുലറുകളുമിറക്കിയും, പല പേരുകളില്‍ സിനഡുകള്‍കൂടിയും ഈ സമുദായത്തെ സമൂലം ബാധിക്കുന്ന തീരുമാനങ്ങളെടുത്ത്, യാതൊരു ചര്‍ച്ചയും അനുവദിക്കാതെ അടിച്ചേല്‍പ്പിക്കുന്നു.
 

പിറകോട്ടുനോക്കിയാല്‍, ഇത്തരം മതാധിപസമ്മേളനങ്ങള്‍, യേശുവിനെതിരെ അന്നത്തെ സെന്‍ഹെദ്രീന്‍ പുരോഹിതസംഘം നടത്തിയ ഗൂഢാലോചനായോഗങ്ങളുടെ പാരമ്പര്യത്തിലുള്ളവയാണെന്നു കാണാം. അവ എന്നും യേശുവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ, ഇത്തരം സമ്മേളനങ്ങളിലുണ്ടാകുന്ന തീരുമാനങ്ങളൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്നു മുന്‍കൂറായിത്തന്നെ വിശ്വാസിസമൂഹം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. മറിച്ച്, വിശ്വാസിസമൂഹം ഒന്നിച്ചുകൂടിയെടുക്കുന്ന തീരുമാനങ്ങള്‍, അവരുടെ ആദ്ധ്യാത്മികശുശ്രൂഷ ഏറ്റെടുത്തവരായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ബാധകമായിരിക്കുമെന്ന് പ്രഖ്യാപിക്കേണ്ടതുമുണ്ട്. കൂടാതെ ഓരോ രൂപതയിലും നടന്നിട്ടുള്ള അക്രൈസ്തവ ചെയ്തികള്‍ക്കും ദ്രോഹങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗങ്ങള്‍ക്കും അഴിമതികള്‍ക്കും രൂപതാദ്ധ്യക്ഷന്മാര്‍ സഭാസമൂഹത്തോടു മാപ്പു പറയണമെന്നും പരിഹാരനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടാനും വിശ്വാസി സമൂഹത്തിന് ഉത്തരവാദിത്വവും അധികാരവുമുണ്ട്.
 

ഈ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്, 2014 ഫെബ്രുവരിയില്‍ പാലായില്‍ കൂടാനിരിക്കുന്ന അഖിലഭാരത കത്തോലിക്കാ മെത്രാന്‍സിനഡിനു ബദലായി, ആ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തിലൊരു അത്മായ അസംബ്ലി ചേരുന്നത്. സഭാംഗങ്ങള്‍ എന്ന നിലയില്‍ പുരോഹിതര്‍ക്കും മെത്രാന്മാര്‍ക്കുമെല്ലാം ഇതില്‍ പങ്കെടുക്കാനവകാശമുണ്ടായിരിക്കും.  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേരുന്ന ധാരാളം സഭാസ്‌നേഹികളും ക്രൈസ്തവ ചിന്തകരും എഴുത്തുകാരും പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു നടത്തുന്ന കത്തോലിക്കാ അത്മായ അസംബ്ലി 2014, കേരളസഭാചരിത്രത്തില്‍ തീര്‍ച്ചയായും ഒരു നാഴികക്കല്ലായിരിക്കും എന്നു പ്രതീക്ഷിക്കാം. സഭാനവീകരണത്തിനു മുന്നിട്ടിറങ്ങാന്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയ്ക്കു ലഭിച്ച ഏറ്റവും വലിയ പിന്തുണയായി ഈ സമ്മേളനത്തെ ചരിത്രം കൊണ്ടാടുകതന്നെ ചെയ്യും. കാരണം, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ നടന്ന നിഖ്യാസൂനഹദോസിനെത്തുടര്‍ന്ന് ആദിമസഭയിലും, പോര്‍ട്ടുഗീസ് മെത്രാപ്പോലീത്താ ഡോം മെനേസിസിന്റെ നേതൃത്വത്തില്‍ നടന്ന ഉദയംപേരൂര്‍ സുനഹദോസിനെത്തുടര്‍ന്ന് കേരളസഭയിലും അന്യംനിന്നുപോയ യഥാര്‍ത്ഥ സഭാസമ്മേളനത്തിന്റെ, ആധുനികകാലത്തെ ആദ്യപുനരുജ്ജീവനമുഹൂര്‍ത്തമാണിത്. 

പ്രാതിനിധ്യംകൊണ്ടും പങ്കാളിത്തംകൊണ്ടും മറ്റെല്ലാവിധ സഹായസഹകരണങ്ങള്‍ കൊണ്ടും ഈ ഉദ്യമത്തെ വിജയിപ്പിക്കുവാന്‍, സഭയെ യേശുവിലേക്കടുപ്പിക്കണമെന്ന് അഭിലഷിക്കുന്ന ഇവിടുത്തെ ഓരോ ക്രൈസ്തവവിശ്വാസിയും സര്‍വ്വാത്മനാ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.                                                                    - ജോര്‍ജ് മൂലേച്ചാലില്‍, എഡിറ്റര്‍ 


No comments:

Post a Comment