Translate

Saturday, February 15, 2014

ഓഷോയും കടുകുമണിയും

ചെറുപ്പം മുതല്‍ അനേകം മത പ്രഭാഷണങ്ങളും പ്രസംഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്, അതൊക്കെയാണ്‌ ബൈബിള്‍ എന്ന് ഞാന്‍ വിശ്വസിച്ചും പോന്നു. പിന്നീട് ബൈബിള്‍ വചനങ്ങളുടെ നിരവധി സ്വതന്ത്ര വിലയിരുത്തലുകള്‍ പല ഭാഷകളിലായി വായിക്കാന്‍ ഇടയായപ്പോള്‍ എത്ര പൊള്ളയാണ്‌ ഞാന്‍ കേട്ടു കൊണ്ടിരുന്നതെന്ന് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അടുത്ത കാലത്ത്, സഭയുടെ ചെയ്തികള്‍ വ്യാപകമായി വിലയിരുത്തപ്പെടുന്നത് കണ്ടപ്പോളാണ്  വചനങ്ങളുടെ അര്‍ത്ഥം എത്ര വികലമായാണ് നാം പഠിപ്പിക്കുന്നതെന്നും മനസ്സിലാക്കിയിരിക്കുന്നതെന്നും സൂചിപ്പിച്ചാലോ എന്ന് ചിന്തിച്ചത്.

യേശു എന്നും ഉപമകളെ ഇഷ്ടപ്പെട്ടിരുന്നു, ഉപമകളിലൂടെയാണ് ദുര്‍ഗ്രാഹ്യമായ സത്യത്തിന്‍റെ മുഖങ്ങള്‍ ആ ഗുരു ശിക്ഷ്യന്മാര്‍ക്ക് കാണിച്ചുകൊടുത്തുകൊണ്ടിരുന്നതും. ഈ ഉപമകളെ ഹരിച്ചും ഗുണിച്ചും നാം വ്യാഖ്യാനിക്കുന്നു. പക്ഷെ, ഈ ഉപമകളും മിത്തുകളുമെല്ലാം വെറും കൈചൂണ്ടികള്‍ മാത്രമാണെന്ന് നാം മനസ്സിലാക്കുന്നില്ല. ആചാര്യ രജനീഷ് പറഞ്ഞത്, ഉപമകളെ ശാസ്ത്രിയമായി പഠിക്കാന്‍ ശ്രമിക്കുന്നത് ‘ഡല്‍ഹി 150 കി. മീ.’ എന്ന് കാണിക്കുന്ന ഒരു ബോര്‍ഡ് പൊടിയാക്കി പരീക്ഷണ ശാലയില്‍ പരിശോധിക്കുന്നതുപോലെയാണെന്നാണ്. അതില്‍ ഡല്‍ഹിയുടെ ഒരംശം പോലും കാണില്ല; പക്ഷെ, ആ ചൂണ്ടുപലക പറഞ്ഞതുപോലെ മുന്നോട്ടു പോയാല്‍ ഡല്‍ഹിയില്‍ എത്തിച്ചേരുകയും ചെയ്യും. നമ്മുടെ വചന വ്യാഖ്യാനങ്ങള്‍ മിക്കതും കൈചൂണ്ടിപ്പലകകള്‍ അപഗ്രഥനം  ചെയ്യുന്നതില്‍ നിന്നും ഏറെ വ്യത്യസ്തമാകുന്നില്ല.

സ്വര്‍ഗ്ഗരാജ്യം എന്തുപോലിരിക്കും എന്ന ലളിതമായ ചോദ്യവും യേശു അതിനു നല്‍കിയ മറുപടിയും അദ്ദേഹം  വിശകലനം ചെയുന്നത് കേട്ടപ്പോള്‍ (‘the mustard seed’ – Osho) ഒരു പുതിയ വെളിച്ചം എനിക്കനുഭവപ്പെട്ടുവെന്ന് പറയാതിരിക്കാന്‍ വയ്യ. ഒരന്ധന്‍ വെളിച്ചം എങ്ങിനെയിരിക്കും എന്ന് ചോദിച്ചാല്‍, അതിന് കൃത്യമായ ഒരു മറുപടി കിട്ടിയാല്‍പോലും ആ അന്ധന് അത് മനസ്സിലാവാന്‍ ഇടയില്ല, കാരണം അവന്‍ അന്ധനാണ്. വെളിച്ചം എങ്ങിനെയിരിക്കും എന്നതിന് പകരം വെളിച്ചം എന്ത് പോലിരിക്കും  എന്നാണ് അന്ധന്‍ ചോദിക്കുന്നതെങ്കില്‍ ഒരു പക്ഷെ അവന് മനസ്സിലാകുന്ന രീതിയില്‍ ഒരു വിശദീകരണം ആണ് അവന്‍ ചോദിക്കുന്നതെന്ന് മനസ്സിലാക്കാം. ശിക്ഷ്യന്മാര്‍ ചോദിച്ചതും അങ്ങിനെയാണെന്നാണ് ഓഷോ പറഞ്ഞത്. അതുകൊണ്ടാണ് ശിക്ഷ്യന്മാര്‍ക്ക് മനസ്സിലാക്കാവുന്ന ഏറ്റവും സമഗ്രമായ ഒരു ഉത്തരം യേശുവിനു നല്‍കാന്‍ കഴിഞ്ഞതും എന്നദ്ദേഹം സമര്‍ഥിക്കുന്നു. ഇവിടെ, ഒരു യേശുശിക്ഷ്യന് അവശ്യം ഉണ്ടായിരിക്കേണ്ട സ്ഥാന-സ്ഥിതി ബോധത്തെപ്പറ്റിയും നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് ലോകമെങ്ങും സുവിശേഷം പ്രസംഗിക്കപ്പെടുമ്പോള്‍ സൂഷ്മമായ ദൈവിക സത്യങ്ങള്‍ മുഴുവന്‍ തങ്ങള്‍ക്കു വെളിപ്പെട്ടിരിക്കുന്നു എന്ന ഭാവത്തിലാണ് പ്രസംഗകരുടെ മാനസികാവസ്ഥ. ശിക്ഷ്യന്മാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞ ഉള്ളിലെ അജ്ഞതയെപ്പറ്റിയോ സ്വന്തം പരിമിതികളെപ്പറ്റിയോ മിക്ക ആധുനിക ശിക്ഷ്യന്മാരും ബോധാവന്മാരെയല്ല, അതുകൊണ്ട് തന്നെ ശിക്ഷ്യരെന്നു വിളിക്കപ്പെടാന്‍ അവര്‍ യോഗ്യരുമല്ല. 

സ്വര്‍ഗ്ഗരാജ്യത്തെ കടുക് മണിയോട് ഉപമിച്ച യേശു ഉദ്ദേശിച്ചതെന്തെന്നും ഓഷോ വിശദീകരിക്കുന്നു. കടുകുമണി ഒരു മനുഷ്യന് സങ്കല്പ്പിക്കാവുന്നതില്‍ ഏറ്റവും ചെറിയ വിത്താണ്. അതുകൊണ്ട്,  സ്വര്‍ഗ്ഗ രാജ്യത്തിന് അതിലും സൂഷ്മതയില്ലായെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നു പറയുന്ന അദ്ദേഹം കടുക് മണി ഇല്ലാതാവുകയും പകരം ഒരു ചെടി രൂപം കൊള്ളുകയും ചെയ്യുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നു. വിത്ത്‌ ചെടിയായി മാറിയാല്‍ പിന്നെ വിത്ത്‌ ഉണ്ടാവില്ല. വിത്ത്, വൃക്ഷം മുഴുവനായും പങ്കു വെയ്ക്കപ്പെട്ട ഒരവസ്ഥയാണ് സംജാതമാവുക. സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റി ഇതില്‍ കൂടുതല്‍ മനോഹരമായി ആരും ചിത്രീകരിച്ചിട്ടില്ലായെന്നു പറയുന്ന ഓഷോ, മനുഷ്യനെ ഓരോ അംശത്തിലും സ്വര്‍ഗ്ഗരാജ്യമുള്ള ചെടിയായി കാണുന്നു. ഈ അവസ്ഥാന്തരത്തില്‍ കടുകുമണി എങ്ങിനെ സ്വയം നശിച്ചു പുനര്‍ ജനിച്ചുവെന്നും സൂചിപ്പിക്കുന്നു. വീണ്ടും ജനിക്കേണ്ടതിനെപ്പറ്റി വേറെന്തു മനസ്സിലാക്കാന്‍?

ക്രിസ്തു ഇതുപോലെ അവസ്ഥാന്തരം പ്രാപിച്ച ഒരു മഹാഗുരുവാണെന്നും ഓഷോ സ്ഥാപിക്കുന്നു; അതിനാല്‍ തന്നെ തച്ചന്‍റെ മകനെയും, രാജാക്കന്മാരുടെ ഇഷ്ടതാരത്തെയും അന്വേഷിച്ചു നടക്കുന്നവര്‍ വിത്തന്വേഷിക്കുന്നവര്‍ മാത്രമാണെന്നും വീണ്ടും ജനിക്കാന്‍ ആഗ്രഹിക്കുന്നവരല്ലെന്നും ഓഷോ പറയുന്നത് എങ്ങിനെ തള്ളിക്കളയാനാവും?  ഈ കടുക് ചെടി വീണ്ടും അനേകം വിത്തുകള്‍ക്ക് കാരണമാകും എന്നുള്ളതും വിസ്മരിക്കാന്‍ പാടില്ല. ക്രിസ്തുവാകുന്ന ആ  ചെടിയുടെ ശിഖരങ്ങളില്‍ അനേകര്‍ കൂട് കൂട്ടുന്നതും നാം കണ്ടു. വീണ്ടും ജനിക്കുന്നവനും ഇതുപോലെ അനേകര്‍ക്ക്‌ തണലും താങ്ങും ആവണമെന്നും അനേകം വിത്തുകള്‍ക്ക് കാരണമാകണമെന്നും യേശു സൂചിപ്പിക്കുന്നു. അനേകം ഗുരുക്കന്മാര്‍ ഉണ്ടായിരുന്ന ഒരു കാലത്ത് യേശു വേറിട്ട്‌ നിന്നത് വ്യത്യസ്തമായ പലതും പറഞ്ഞു എന്നതുകൊണ്ടല്ല, കേട്ടവരെയെല്ലാം വലിച്ചടുപ്പിക്കാന്‍ അവന് കഴിഞ്ഞു എന്നതിനാലാണ്.വീണ്ടും ജനിച്ചവര്‍ ഇതുപോലെ അനേകരെ ആകര്‍ഷിക്കും. ശ്രി ബുദ്ധന്‍ ഇതിനൊരു നല്ല ഉദാഹരണമാണ്.

കടുകുമണിയുടെ ഉപമക്ക് ഇതിലും വ്യാപകമായ അര്‍ത്ഥതലങ്ങള്‍ ഇനിയും ഉണ്ടായേക്കാം. പക്ഷെ, വീണ്ടും ജനിക്കുന്നതിനെപ്പറ്റി സംസാരിക്കുകയല്ലാതെ ജനിച്ചു കാണിക്കുന്നവര്‍ തീര്‍ത്തും ഇല്ലാത്ത നമ്മുടെ സഭ ശുഷ്കമായിക്കൊണ്ടിരിക്കുന്നതിന്‍റെ കാരണം അന്വേഷിച്ചു വേറെങ്ങു പോകണം? അത്മായനായാലും അഭിഷിക്തനായാലും, സ്വയം അഴുകാന്‍ തയ്യാറാകുന്നവനാരോ അവനാണ് വീണ്ടും ജനിക്കാന്‍ യോഗ്യനായവാന്‍.    

5 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഗുരുക്കന്മാർ എല്ലാവരും നമ്മോടാവശ്യപ്പെടുന്നത് ഇത്രമാത്രം; ഉള്ളിൽ ഒരു ചക്രവാളമുണ്ട് എന്നു തിരിച്ചറിയുക. ഒരു സമൂഹത്തിന്റെ ജീർണ്ണത - അത് എത്രത്തോളം മനുഷ്യവിരുദ്ധമായ നിയമങ്ങൾക്കു കീഴിലാണെന്ന് - മനസ്സിലാക്കാൻ ആ കാലത്തിന്റെ ആരാധനാ സംബ്രദായങ്ങൾ നല്ലൊരു ചൂണ്ടുപലകയാവുന്നുണ്ട്. മനുഷ്യൻ കടന്നു വന്ന, അല്ലെങ്കിൽ ഇപ്പോഴും നിലനിൽക്കുന്ന ഗോത്രസംസ്‌കാരത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളാണ് ആരാധനയെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തിയത്. തിരിഞ്ഞു നോക്കുമ്പോൾ അന്ധർക്ക് സമാനമായി ജീവിച്ച ഒരു സമൂഹത്തെയും നയിച്ചിരുന്നത് 'കെട്ടുറപ്പുള്ള ദൈവശാസ്ത്രങ്ങൾ' ആയിരുന്നുവെന്നുള്ളത് വളരെ കൌതുകകരമായി തോന്നുന്നു. അങ്ങനെ നോക്കിയാൽ ആരാധനാദോഷം കൊണ്ട് അന്ധരായിപ്പോയ ഒരു തലമുറയുടെ പിന്മുറക്കാരാണ് നമ്മൾ എന്ന് പറയാം. അത് ഇങ്ങനെ സംഗ്രഹിക്കാം: ഏതൊരു സമൂഹത്തിന്റെയും മനുഷ്യോന്മുഖമായ നിലപാടുകൾ ആ കാലഘട്ടത്തിന്റെ ദൈവസങ്കൽപ്പങ്ങൾക്ക് സമാന്തരമായാണ്‌ സഞ്ചരിക്കുന്നത്; മനുഷ്യവിരുദ്ധമാണതെങ്കിൽ അതിന്റെ വേരുകൾ നീണ്ടുകിടക്കുന്നത് മറ്റെവിടെയുമല്ല, ദൈവശാസ്ത്രങ്ങളിലാണ്.

  സമൂഹത്തെ അപനിർമ്മിക്കുന്നതിനു വേണ്ടി ഗുരുക്കന്മാർ അവലംബിക്കുന്ന പല സങ്കേതങ്ങളിൽ ഏറ്റവും ആശയാവിഷ്കാര സാധ്യതയുള്ളവയാണ് ഉപമകൾ. കൃത്യമായി എന്തെങ്കിലും നിർവചിച്ചു വെച്ച് ചിന്താസ്വാതന്ത്യത്തിന് തടയിടുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്രിസ്തു പറഞ്ഞ കടുക് മണിയുടെ ഉപമ, ഓഷോ എന്ന മറ്റൊരു ഗുരുവിലൂടെ അതിന്റെ ആവിഷ്കാരങ്ങൾ തുടർന്ന് കാലികമായി അതെന്തായിരുന്നു എന്ന് പറഞ്ഞു വെക്കുന്നത്, ഉപമകൾ എന്ന ആശയാവിഷ്കാരസങ്കേതത്തിന്റെ അനന്തസാധ്യതകളുടെ മകുടോദാഹരണമാണ്. ഉള്ളിന്റെ ചക്രവാളത്തെ ഗൌരവമായെടുക്കുന്ന ഉപമകൾക്ക്, പുറമേ കാര്യമായൊന്നും പാകാനില്ലയെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നത്, കാലം തന്റെ ഗുരുവിനെ ലഘുവായാണ് കണക്കിലെടുക്കുന്നത് എന്നതിന്റെ സൂചനയാണ്. സത്യമാണ്, എന്റെ ഗുരുവിനെ ഇനിയും ഞാൻ ഗൌരവമായെടുത്തിട്ടില്ല. അവനവന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയാണ് സിദ്ധൌഷധം. എങ്കിലും, ഉപമകളുടെ ഉപരിതലങ്ങളിൽ മാത്രം പരതി ഒരിക്കലും തീരാത്ത പരിവേദനങ്ങളുമായി മാനവരാശി!

  ഇരുളിൽ, ഒരു തഴക്കമെന്നോണം ഇത്രനേരം പുഴയിലേക്കെറിഞ്ഞത്‌ മുത്തുകളാണല്ലോ എന്നൊരാൾ വിലപിച്ചു തുടങ്ങുമ്പോൾ ഒരുവന്റെ ശിഷ്യജീവനം സമാരംഭിക്കുകയായി. മറ്റപ്പള്ളി സാർ സൂചിപ്പിച്ചത് പോലെ അവന്റെ സ്ഥാന-സ്ഥിതി ബോധം ഉണരുന്നത്, "ഞാൻ കാണുന്നവ കാണാൻ കഴിഞ്ഞ കണ്ണുകൾ ഭാഗ്യമുള്ളവ, ഞാൻ കേൾക്കുന്നവ കേൾക്കാൻ കഴിഞ്ഞ കാതുകൾ ഭാഗ്യമുള്ളവ" എന്നൊക്കെ താൻ ഉൾപ്പെടുന്ന ജൈവപ്രകൃതിയെയും സഹജീവികളെയും നോക്കി പറയാൻ കഴിയുംബോളാണ്. മനുഷ്യൻ ഇപ്പോഴും 'human being' അല്ല 'human becoming being' ആണെന്നു കരുതുന്ന നിരീക്ഷകർക്കൊപ്പം നിൽക്കാനാണ് എനിക്കിഷ്ടം. മനുഷ്യന്റെ സാധ്യതകളെ ഒരിക്കലും അസ്തമിക്കാത്ത ഒന്നായി നിലനിർത്തും എന്നൊരു പ്രതീക്ഷയാണത്.

  ദൈവത്തെ, 'പിതാവേ' എന്നു വിളിച്ച് സരളമായൊരു ദൈവശാസ്ത്രവും ഗാഡമായ പരസ്നേഹവും പുലർത്താൻ ആഗ്രഹിക്കുന്ന ഒരു സമൂഹമേയല്ല, സഭ എന്നപേരിൽ മറ്റുള്ളവരാൽ അറിയപ്പെടുന്നത്. മറിച്ച്, തച്ചനിൽ ഒരു രാജാവിനെ സങ്കൽപ്പിച്ച്, സങ്കീർണ്ണമായൊരു രാജകീയ-പുരോഹിത വർഗ്ഗശാസ്ത്രം കെട്ടിച്ചമച്ച്, ആരാധനാ സ്വാതന്ത്ര്യത്തിനുമേൽ കടിഞ്ഞാണിട്ടും, ആരാധനാ സ്വാതന്ത്ര്യമനുഭവിക്കുന്ന വ്യക്തിയെ തനതു സമൂഹത്തിൽ നിന്ന് വിഘടിപ്പിച്ചു നിരത്തിയും പരപീഡനം നടത്തുന്ന ഏതാനും കുറച്ചു മനുഷ്യർ സ്വയം സഭ എന്നവകാശപ്പെടുന്നതാണ്. ആരാധന ആത്മപ്രകാശനമാണ്. പ്രകാശിപ്പിക്കാൻ ഒന്നുമില്ലാത്തവന്റെ വേദനയറിയുന്ന സരതുസ്ത്ര എന്ന കഥാപാത്രത്തെപ്പോലെ, ആഹ്ലാദവും പ്രസാദവുമില്ലാതെ വ്യക്തിയും സമൂഹവും മുരടിച്ചു പോകുന്നത് സ്വതന്ത്രമായ ദൈവാന്വേഷണങ്ങൾക്ക് സൂര്യപ്രകാശം ലഭിക്കാത്തത് കൊണ്ടാണ്. പറഞ്ഞു വരുന്നത്, ഇങ്ങനെ ചിന്താ സ്വാതന്ത്ര്യത്തിനുമേൽ വന്നുവീഴുന്ന നിഴലുകളേതും തീർച്ചയായും അന്ധകാരത്തിന്റേതാണ് എന്നാണ്. ജാഗ്രത!

  ReplyDelete
 3. നന്ദി മഹേശ്വര്‍, നന്ദി. ഓഷോയുടെ വിശകലനം ഇവിടെ അവതരിപ്പിച്ചപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചതും ഇത് തന്നെ. നമ്മുടെ ദൈവശാസ്ത്രജ്ഞന്മാര്‍ മിക്കവര്‍ക്കും ഭാഗ്യപ്പെട്ട കാതുകളുമില്ല, കണ്ണുകളുമില്ല. അവയെ ഉള്ളില്‍ ഭദ്രമായി മൂടിക്കെട്ടി വെച്ചിരിക്കുന്നു. ഇങ്ങിനെ പറഞ്ഞവര്‍ ആരും പണ്ഡിതരോ പ്രമാണിമാരോ ആയിരുന്നുമില്ല.
  സ്വര്‍ഗ്ഗരാജ്യം എങ്ങിനെ ഇരിക്കും എന്ന് മാത്രമല്ല, ദൈവം എങ്ങിനെയിരിക്കും എന്നും അവര്‍ യേശുവിനോട് ചോദിക്കുമായിരുന്നു. പറഞ്ഞാല്‍ മനസ്സിലാക്കാനുള്ള ശേഷി അവര്‍ക്കുണ്ടെന്നാണ് അവരുടെ ഭാവം. അവിടെയാണ് അവരുടെ ചുവടു പിഴക്കുന്നതും. സ്വന്തം പരിമിതികളെപ്പറ്റി യാതൊരു ബോധവും ഇല്ലാത്തവരെ എങ്ങിനെ ശിക്ഷ്യര്‍ എന്ന് ഒരു ഗുരു വിളിക്കും?
  സ്വര്‍ഗ്ഗ രാജ്യം ആരും അന്വേഷിച്ചു കണ്ടുപിടിക്കാന്‍ പോവുന്നില്ല, അത് ഉള്ളില്‍ തന്നെ ഉണ്ടെന്ന് അസന്നിഗ്ദമായി പറയുന്ന ഈ ഉപമ ആരു കേള്‍ക്കാന്‍? ദൈവത്തെ ശ്രി. ശ്രി. ശ്രി. മഹാഗുരോ എന്ന് വിളിക്കാതെ അപ്പാ എന്ന് വിളിച്ചുകൊണ്ട് വളരെ ലളിതമായ ഒരു സ്നേഹബന്ധത്തിന്റെ കുടുംബ കഥ യേശു പറഞ്ഞു, നാമത് ഡിജിറ്റല്‍ കോമഡിയുമാക്കി. നമുക്കു പരതാം, യേശു എറിഞ്ഞ മുത്തുകള്‍ അവിടെത്തന്നെയുണ്ട്‌, ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് ആവശ്യമായിരുന്നത്‌ വിത്തുകള്‍ വിതറിയവനെ ആയായിരുന്നല്ലോ. വിതറിയവന്‍ വീണ്ടും ജനിച്ച് കടുക് ചെടിയായതും അവര്‍ കാണാന്‍ ഇടയില്ല.

  ReplyDelete
 4. ക്രിസ്തീയ സഭകളിലെ ഏതു വേദപണ്‍ഡിതനെക്കാളും ആഴമായി യേശുവിനെയും അവിടുത്തെ സുവിശേഷത്തെയും മനസ്സിലാക്കിയ ചിന്തകനായിരുന്നു ഓഷോ. അദ്ദേഹത്തിൻറെ കൃതികൾ വായിക്കുമ്പോൾ "മരുന്നും കുപ്പിയും കൂടി വിഴുങ്ങുന്നത് ആത്മഹത്യാപരം; പുറത്തു മുള്ളുള്ളതുകൊണ്ട് ചക്ക ആരും കളയാറില്ലല്ലോ" എന്ന് മറ്റപ്പള്ളി സർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ഓഷോയുടെ 'അഗ്നി സമാനമായ വചനങ്ങൾ', ' I say unto you' എന്നിവ സുവിശേഷവചനങ്ങളുടെ വ്യാഖ്യാനങ്ങളാണ്.
  ഈ കൃതികളിൽ നിന്നോ മറ്റ് ഓഷോ പ്രഭാഷണങ്ങളിൽ നിന്നോ സുവിശേഷസന്ദേശത്തിന്റെ ഉള്ളറകൾ മനസ്സിലാക്കാനായവർ അവ പങ്കു വയ്ക്കുന്നത് എല്ലാവർക്കും ഉപകരിക്കും. അതിലാദ്യത്തേതായി കടുകുമണിയുടെ ഉപമയെ കണക്കാക്കാം. അതെപ്പറ്റി ഇനിയുമുണ്ട് മനസ്സിലാക്കാൻ. പൊതുതാത്പര്യമുള്ള വിഷയമാണ് ഇതെങ്കിൽ നമുക്കൊന്ന് ശ്രമിച്ചാലോ' ആയിരം പള്ളിപ്രസംഗങ്ങൾ കേട്ടിരിക്കുന്നതിലും കറങ്ങാട്ടിന്റെ ഇടയലേഖനസമാഹാരം (നിന്റെ വഴി എന്റെയും) വായിക്കുന്നതിലും പ്രയോജനം അതുകൊണ്ടുണ്ടാകാം. സഹകരിക്കാൻ തയ്യാറുള്ളവർ മുന്നോട്ടു വരിക.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete