Translate

Saturday, February 8, 2014

അവിശ്വാസത്തിന്റെ അടയാളങ്ങള്‍

എച്ച്.ജി. വെല്‍സ്(H.G. Wells):
(a)''ധാര്‍മ്മികരോഷം എന്നാല്‍ വിശുദ്ധ അസൂയ എന്നാണര്‍ത്ഥം''
(b)''അനശ്വരനാകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്നീ ലോകത്തെ ഏറ്റവും വലിയ തിന്മ ക്രിസ്തുമതമാണ്''.

ഫ്രാങ്ക് സാപ്പ (Frank Zappa):
'''മതനേതാക്കള്‍ ജനസഭകളിലും അധികാരകേന്ദ്രങ്ങളിലും എത്തുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അവരൊക്കെ സേവിക്കുന്നത് മറ്റേതോ യജമാനരെയാണ്''.

ലെമുല്‍ കെ വാഷ്‌ബേണ്‍(Lemuel K. Washburn):
(a) ''നിര്‍ലോഭമായി സ്ഥിരം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ഒരിക്കലും ലാഭവിഹിതം കൊടുക്കാതിരിക്കുകയും ചെയ്യുന്ന ബാങ്കാണ് മതം''.
(b)''പ്രാര്‍ത്ഥന ജലരഹിതമായ കിണറ്റില്‍ വെച്ചിരിക്കുന്ന പമ്പ് പോലെയാണ് വലിയ ശബ്ദവും ബഹളവും അതുണ്ടാക്കിയെന്നിരിക്കും. പക്ഷെ ഒരിക്കലും ജലം ലഭിക്കില്ല''.
(c)''തങ്ങള്‍ കുരിശും പേറി നടക്കുകയാണെന്ന് ഉച്ചത്തില്‍ വീമ്പിളക്കുന്നവരിലാരേയും മനുഷ്യന്‍ സഹായത്തിനായി വിളിച്ച് കേഴുമ്പോള്‍ കാണാനുണ്ടാവില്ല''
(d)''ദൈവത്തിന് ഒരു ഡസന്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഭേദം മനുഷ്യനായി ഒരു വീട് വെച്ചുകൊടുക്കുന്നതാണ്''.
(e)''ഭീരുക്കള്‍ ധീരന്‍മാരെ പറഞ്ഞുവിടുന്ന സ്ഥലമാണ് നരകം''
(f)''ദൈവം എന്നൊരൊറ്റ വാക്കില്‍ സ്വന്തം അജ്ഞത ഒളിക്കുന്നവനാണ് പുരോഹിതന്‍''
(g)''സ്വര്‍ഗ്ഗത്ത് ചെന്ന് ഒരു മാലാഖയായി തീരാന്‍ കൊതിക്കുന്ന മനുഷ്യന് യാതൊരു ധൃതിയുമില്ലെന്നതാണ് വിചിത്രം''.
(h)''മുട്ടുകുത്തി ശീലിച്ചവന്‍ കാലുകളുടെ യഥാര്‍ത്ഥ ഉപയോഗം തീരെ മനസ്സിലാക്കിയിട്ടില്ല''
(i)''മതവിശ്വാസം മുന്‍വാതിലിലൂടെ കടന്നുവരുമ്പോള്‍ സാമാന്യബുദ്ധി പിന്‍വാതിലിലൂടെ ഓടിയൊളിക്കുന്നു''.
(j)''വിശുദ്ധപുസ്തകങ്ങളല്ല മറിച്ച് സത്യം പറയുന്ന പുസ്തകങ്ങളാണ് നമുക്ക് വേണ്ടത്. പരിശുദ്ധമായ രചനകളേക്കാള്‍ സാമാന്യബുദ്ധിക്ക് നിരക്കുന്നവയാണ് നമുക്കക്കാവശ്യം''
(k)''ആദ്യത്തെ ആറുദിവസവും നാം ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ ഏഴാം ദിവസത്തിന് എന്താണിത്ര പ്രത്യേകത?''

ഡോണ്‍ ഹെന്‍ഡേഴ്‌സണ്‍ (Dawn Henderson):
''എത്ര മതങ്ങളാണ് അഗ്രം ഛേദിച്ച ലിംഗങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്നതോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം അടക്കാനാവുന്നില്ല''.

എല്‍. റോണ്‍ ഹബ്ബാര്‍ഡ് (L. Ron Hubbard):
''പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി സ്വന്തമായി ഒരു മതം തുടങ്ങുകയാണ്''.

ഇംഗര്‍സോള്‍:
(a)''മതം ഒന്നിനേയും സഹായിക്കുന്നില്ല. പിന്തുണ ആവശ്യമുള്ളത് അതിനാണ്. അത് ഗോതമ്പോ ധാന്യമോ ഉണ്ടാക്കുന്നില്ല; നിലം ഉഴുകുകയോ കാട് സംരക്ഷിക്കുകയോ ചെയ്യുന്നില്ല. സദാ ഭിക്ഷാപാത്രവുമായാണതിന്റെ നില്‍പ്പ്. അന്യന്റെ അദ്ധ്വാനം ചൂഷണം ചെയ്താണ് മതം ജീവിക്കുന്നത്. എന്നാല്‍ ഭിക്ഷ നല്‍കുന്നവനെ സഹായിക്കുന്നുവെന്ന് വീരവാദം മുഴക്കാനുള്ള അഹങ്കാരവും അതിനുണ്ട്''.
(b)''പുരോഹിതര്‍ ദാനം ചെയ്യണമെന്ന് പഠിപ്പിക്കുന്നത് തികച്ചും സ്വാഭാവികമാണ്. അന്യന്റെ അദ്ധ്വാനഫലം നുകര്‍ന്നാണവര്‍ ജീവിക്കുന്നത്. മറ്റുള്ളവര്‍ ദാനം ചെയ്യണമെന്നേ ഭിക്ഷക്കാര്‍ ഉപദേശിക്കുകയുള്ളൂ''.
(c)''സ്വയം നരകിച്ചുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാമെന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത്''.
(d)''മതനിഷേധം ഒരു കളിത്തൊട്ടിലാണ്; മതപരതയാകട്ടെ ശവപ്പെട്ടിയും''.(Some Reasons Why)
(e)''മതത്തില്‍ നിന്ന് ദിവ്യാത്ഭുതങ്ങള്‍, അതിഭൗതിക-നിഗൂഡവുമായ ശക്തികള്‍, യുക്തിഹീനവും അസാധ്യവുമായ കാര്യങ്ങള്‍, അറിയാനാവാത്തവും അപഹാസ്യവുമായ വസ്തുതകള്‍... ഇവയൊക്കെ നീക്കം ചെയ്തു നോക്കുക. പിന്നെ അവശേഷിക്കുന്നത് ശൂന്യതയായിരിക്കും''.

സോണിയ ജോണ്‍സണ്‍ (Sonia Johnson):
''എന്റെ എന്റെ പ്രിയപ്പെട്ട പകല്‍ക്കിനാവ് ഇതാണ്: അടുത്ത ഞായറാഴ്ച മുതല്‍ ലോകത്ത് ഒരു സ്ത്രീയും പള്ളിയില്‍ പോകുന്നില്ല. തങ്ങളെ അതികഠിനമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തെ അവഗണിക്കാന്‍ സ്ത്രീകള്‍ തീരുമാനിച്ചാല്‍ അതു പിന്നെ ഉണ്ടാവില്ല''

ജെനെ എം കാസ്മര്‍ (Gene M. Kasmar):
''ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ മിക്ക കുറ്റവാളികളും ക്രിമിനലുകളും തങ്ങളുടെ മതവിശ്വാസം വ്യക്തമാക്കാറുണ്ട്. അമേരിക്കയില്‍ കുറ്റവാളികളുടെ സംഖ്യ വളരെ വലുതാണ്. അതില്‍ ഏതാണ്ട് 99.5% വും ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസം ഉള്ളവരാണ്.''

എബ്രഹാം ലിങ്കണ്‍ (Abraham Lincoln):
(a) ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടു വരുന്ന ഒരു കറുത്ത മേഘം ഞാന്‍ കാണുന്നുണ്ട്. അത് വരുന്നത് റോമില്‍നിന്നാണ്''.
(b)''മതം സൂഷ്മവും വിശദവുമായി പഠിക്കാന്‍ മെനക്കെടുന്നില്ല, കാരണം അത്തരമൊരു ശ്രമം പൂര്‍ണ്ണമായ അവിശ്വാസത്തില്‍ ചെന്നെത്തി നില്‍ക്കും''(What Great Men Think Of Religion by Ira Cardiff)

മാര്‍ക്കസ് ടെറെന്റസ് വാരോ (Marcus Terentius Varro):
 ''മതത്താല്‍ വഞ്ചിക്കപ്പെടുകയെന്നത് മനുഷ്യന്റെ ഒരു ആവശ്യകതയാണ്''

ജോണ്‍ സ്റ്റുവാര്‍ട്ട് മില്‍:
''എന്തിനെങ്കിലും ഒരു പേര്‍ കൊടുത്തുകഴിഞ്ഞാല്‍ അതിന് സ്വതന്ത്രമായ ഒരു അസ്തിത്വം ആയിക്കഴിഞ്ഞുവെന്ന് കരുതാാനുള്ള ഒരു പ്രവണത ശക്തമായിത്തീരുന്നു. യഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് ആ പേരിന് യാതൊരു സാധൂകരണവുമില്ലെങ്കിലും അത് നിലനില്‍ക്കാത്തതുകൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്ന് ജനം കരുതുകയില്ല. മറിച്ച് നിലനില്‍ക്കാനോ ഗ്രഹിക്കാനോ കഴിയാത്തവിധം ദുര്‍ഗ്രാഹ്യവും നിഗൂഡവുമാണെന്നതുമെന്ന് ഭാവനയില്‍ കാണാനായിരിക്കും അവന് താല്പര്യം.''

ജോണ്‍ മോര്‍ലി (John Morley):
(a)''ഒരു രോഗം ബാധിച്ചാല്‍ എല്ലാ മതവും മരിക്കും. 'തിരിച്ചറിവ്' എന്നാണാ രോഗത്തിന്റെ പേര്''
(b)''സൂര്യന്‍ ആരാധിക്കപ്പെടുന്നിടത്ത് താപനിയമങ്ങള്‍ പരിശോധിക്കുന്നത് കുറ്റകരമായി തീരുന്നു''

മോറിസെ (Morrisey):
''മദ്യശാലയിലേക്ക് പോയാല്‍ അവര്‍ നിങ്ങളുടെ ആരോഗ്യം തകര്‍ക്കും. പള്ളിയില്‍ ചെന്നാല്‍ അത്തരം പ്രശ്‌നമില്ല;അവര്‍ക്കാകെ വേണ്ടത് നിങ്ങളുടെ പണം മാത്രമാണ്''

ജോഹാന്‍ മോസ്റ്റ് (Johann Most):
''മനുഷ്യന്റെ തലച്ചോറിലേക്ക് ആസൂത്രിതമായി കുത്തിവെക്കപ്പെട്ട മാനസിരോഗങ്ങളില്‍ വെച്ചേറ്റവും വെറുക്കപ്പെട്ട വൈറസ് മതവിശ്വാസമാണ്''-(The God Pestilence)

എച്ച് എച്ച് മണ്‍റോ:
''ഇക്കാലത്ത് ആര്‍ക്കും അവിശ്വാസിയായിരിക്കാനാവില്ല. ഈ ലോകത്ത് ഇനി അവിശ്വസിക്കാനായി ക്രിസ്തുമതപ്രചാരകര്‍ ഒന്നുംതന്നെ ബാക്കിവെച്ചിട്ടില്ല''

നീഷെ:
(a)''ഒരു പുരോഹിതന്റെ തോന്നലുകളൊക്കെ എപ്പോഴും തെറ്റായിരിക്കും. സത്യം കണ്ടെത്താന്‍ ഈ മാനദണ്ഡം ഉപയോഗിക്കുന്നതാണ്''.(The Anti Christ)
(b)''അവസാനത്തെ ക്രിസ്ത്യാനി കുരിശില്‍ കിടന്ന് മരിച്ചു''.
(c)''എപ്പോഴും പ്രീണനം കൊതിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കാന്‍ എനിക്കാവില്ല''.
(d)''സത്യം പറയാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് തിരിച്ചറിയാനുള്ള ബൗദ്ധികപക്വത മനുഷ്യരാശിക്കില്ലാതിരുന്ന ഘട്ടത്തില്‍ രൂപംകൊണ്ടതാണ് സര്‍വ മതങ്ങളും. അതിന്റെ തെളിവ് അതാത് മതങ്ങളില്‍ തന്നെയുണ്ട്. സത്യം പറയാനും മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയം നടത്താനുമുള്ള കടമ ദൈവത്തിനുണ്ടെന്ന് ഒരു മതവും നിഷ്‌ക്കര്‍ഷിക്കുന്നില്ല''.

ഓസ്റ്റിന്‍ ഒ മാലൈ:
''പല തെമ്മാടികളേയും വാര്‍ദ്ധക്യം മര്യാദരാമന്‍മാരാക്കുന്നു. എന്നാലതിന്റെ ക്രെഡിറ്റ് മതം അടിച്ചെടുക്കുകയും ചെയ്യുന്നു''.

കാള്‍ റെയ്മണ്ട് പോപ്പര്‍:
''ഈ സിദ്ധാന്തം മാത്രമാണ് ഈ പ്രശ്‌നത്തിന്റെ ഒരേയൊരു പോംവഴി എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ രണ്ടു കാര്യങ്ങള്‍ സ്പഷ്ടമാകുന്നു: ഒന്ന് നിങ്ങള്‍ ആ സിദ്ധാന്തം കാര്യമായി മനസ്സിലാക്കിയിട്ടില്ല. രണ്ട് പരിഹരിക്കാനുദ്ദേശിക്കുന്ന പ്രശ്‌നവും നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.''

ബര്‍ട്രനാന്‍ഡ് റസ്സല്‍:
(a)''സഭകള്‍ വഴി ശക്തിപ്രാപിച്ച ക്രിസ്തുമതം , തികച്ചും മന:പൂര്‍വ്വമെന്ന് പറയട്ടെ, ഈ ലോകത്തെ എല്ലാവിധ ധാര്‍മ്മികപുരോഗതിയുടേയും ഏറ്റവും വലിയ ശത്രുവാണ്''.
(b)''മതമെന്നത് ബാല്യത്തിലേ നമ്മുടെ തലച്ചോറിലേക്ക് കടന്നുവരുന്ന ഒന്നാണ്. ശാസ്ത്രവബോധവും യുക്തിബോധവും നേടിയെടുക്കുന്നതോടെ മതവിശ്വാസം അപ്രത്യക്ഷമായിത്തീരും''.

ബര്‍നാഡ് ഷോ:
(a)''ബൈബിളില്‍ പറഞ്ഞിരിക്കുന്നതു പോലെയാണ് കാര്യങ്ങളെന്ന് ഒരാളും വിശ്വസിക്കുന്നില്ല. മറിച്ച് താന്‍ ഉദ്ദേശിക്കുന്നതാണ് ബൈബിള്‍വചനങ്ങളുടെ അര്‍ത്ഥമെന്ന് അവനുറപ്പുണ്ട്''.
(b)അവിശ്വാസമല്ല വിശ്വാസമാണ് സമൂഹത്തിന് അപകടകരമായിട്ടുള്ളത്''.
(c)'തന്റെ ദൈവം ആകാശത്താണെന്ന് പറഞ്ഞുനടക്കുന്നവനെ കരുതിയിരിക്കുക''.

ടര്‍ഗനീവ്, റഷ്യന്‍ നോവലിസ്റ്റ് (Ivan Turgenev (1818 1883) Russian novelist, writer)
''പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ അത്ഭുതങ്ങള്‍ ഉണ്ടാകണമേ എന്നാണ് മനുഷ്യന്റെ പ്രധാന ആവശ്യം. സംഗതി ഇത്തരത്തില്‍ ചുരുക്കാം:ദൈവമേ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാകരുതേ''.

കടപ്പാട്: അവിശ്വാസത്തിന്റെ അടയാളങ്ങൾ.
http://thesignsofnonbelief.blogspot.co.uk

5 comments:

 1. വളരെയധികം മനസിനെ സ്വാധീനിക്കുന്ന ചിന്തകളാണ്‌ ഇതിലെ ഉള്ളടക്കം. ശ്രീ മഹേശ്വരന് നന്ദി. ഈ ഭൂമിയെപ്പറ്റി, ഈ പ്രപഞ്ചത്തെ പ്പറ്റി ഒന്നും അറിയാത്ത പുരോഹിതൻ അത് സൃഷ്ടിച്ച ദൈവത്തെ, ദൈവരഹസ്യങ്ങളെ എങ്ങനെ കണ്ടെത്തിയെന്നും ഞാൻ ചിന്തിക്കാറുണ്ട്. സകല ചരാചരങ്ങളെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചത് ദൈവമെങ്കിൽ ആ ദൈവത്തിന് കാണിക്ക കൊടുക്കലും പ്രീതി പ്പെടുത്തലും ഒരു പരിഹാസമാണ്. സ്വർണ്ണവും വെള്ളിയും കല്ലും മണ്ണും സൃഷ്ടിച്ച അദ്ദേഹത്തിന്റെ മുതൽ അദ്ദേഹത്തിനു തന്നെ തിരികെ കൊടുക്കുകയെന്നത്‌ എന്തൊരു വിരൊധാഭാസമെന്നും ഓർക്കണം. അതിനെ നേർച്ച യെന്നു പറയുകയും അതുകൊടുത്താൽ ദൈവം തൃപ്തിപ്പെടുമെന്നൊക്കെയാണ് പുരോഹിതർ നമ്മോട് പറയുന്നത്. പഴയ നിയമത്തിലെ ദൈവത്തിനെങ്കിൽ കൃഷിവിഭവങ്ങളുടെ പത്തിലൊന്ന് കൊടുക്കണമായിരുന്നു. ഇന്നും പുരോഹിതനെ ദശാംശം ഏല്പ്പിക്കണം. നേർച്ച കൊടുത്താൽ ദൈവം നമ്മെ അനുഗ്രഹിക്കും. അല്ലെങ്കിൽ ശിക്ഷിക്കും. ഈ ഔദാര്യ ശിക്ഷണ നടപടികളെല്ലാം പൌരോഹിത്യത്തിന്റെ ആവശ്യമാണ്. മതങ്ങളുടെ നിലനില്ൽപ്പിനും ആവശ്യമാണ്. അങ്ങാണ് മഹാശക്തൻ, ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ, ഇങ്ങനെയെല്ലാം മനുഷ്യൻ എന്നും ദൈവത്തെ പുകഴ്ത്തിക്കൊണ്ടിരിക്കണം. ഈ പുകഴ്ത്തെല്ലാം കേട്ട് ദൈവം തൃപ്തിപ്പെടുന്നു. മനുഷ്യനോ ശാസ്‌ത്രത്തിനോ നാളിതുവരെ പ്രപഞ്ചത്തെയൊ പ്രപഞ്ച രഹസ്യങ്ങ ളേയോ മനസിലായിട്ടില്ല. പിന്നെയാണ് സങ്കല്പ്പത്തിലുള്ള ദൈവ ശാസ്ത്രത്തെ പ്പറ്റി, ഈ പ്രപഞ്ച ദൈവത്തെപ്പറ്റി പുരോഹിതൻ ആധികാരികമായി സംസാരിക്കുന്നതെന്നും ഓർക്കണം.

  ReplyDelete
 2. അത്മായാ ശബ്ദത്തിന് ഇത്ര വലിയ ഒരു മാനസിക വ്യതിയാനം സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഞാനും ചിന്തിച്ചിരുന്നില്ല. ദൈവശാസ്ത്രപരമായ പല നിഗൂഢതകളും ഇഴ പിരിച്ച് ഇവിടെ വിശകലനം ചെയ്യപ്പെട്ടപ്പോളാണ് ഈ ബ്ലോഗിന്‍റെ ശക്തി അഭിഷിക്തര്‍ക്ക്മ നസ്സിലായത്‌ എന്നത് നേര്. മഹേശ്വര്‍ ഇവിടെ പങ്കു വെച്ചത് നല്ലൊരു വിരുന്നാണെന്ന് പറയാതിരിക്കാന്‍ വയ്യ. എവിടെ മതം അവസാനിക്കുന്നോ അവിടെ ആത്മീയത വിരിയുന്നു എന്നുമൊരു ചൊല്ലുണ്ട്.
  ദൈവത്തെ പറ്റി ശ്രി. ജൊസഫ് മാത്യു പറഞ്ഞത് ഒരു പരമ സത്യം. ഈ മായാ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച ദൈവത്തിന് ഒരു തേങ്ങയുടെ വില നേര്ച്ച കിട്ടിയാല്‍ ? അത് സ്വീകരിച്ചു നമുക്ക് വേണ്ടി ഗുണ്ടാ പണി ചെയ്യുമെന്നുള്ള സങ്കല്‍പ്പത്തിന് എന്ത് വില. ദൈവത്തിന് വേണ്ടിയത് നമ്മെയാണ്. നമ്മിലെ ഓരോ കോശത്തിലും നിറഞ്ഞിരിക്കുന്ന ആ പരമ ശക്തിയെ നാം തിരിച്ചറിഞ്ഞ് പരസ്പരം സല്ലപിചിരിക്കുന്നതിനേക്കാള്‍ വലിയ സുഖം എന്ത്?
  ഭാരതിയ ഗുരുക്കന്മാര്‍ നമ്മെ പഠിപ്പിച്ച ഒരു സത്യമുണ്ട്. 'സത്യത്തിലേക്ക് നമുക്ക് പോകാനാവില്ല, പകരം സത്യം നമ്മെ കൊണ്ടുപോവുകയാണെന്ന്'. അതിനു യോഗ്യരായിരിക്കുക എന്നതാണ് നാം അവശ്യം ചെയ്യേണ്ടത്. ഇവിടെ ചെയ്യേണ്ടത് എന്നതിന് ഒരു പ്രവൃത്തിയെ ഉദ്ദേശിക്കുന്നതെയില്ല. കാരണം സൃഷ്ടിക്കുന്ന ഒന്നും സദ്‌ പ്രവൃത്തിയാകുന്നില്ല, പക്ഷെ കാരണം സൃഷ്ടിച്ച ഫലം ദഹിപ്പിക്കാന്‍ പോന്നതെല്ലാം പ്രവൃത്തിയുടെ നിര്‍വ്വചനത്തില്‍ വരും.
  ഒരു വ്യക്തിയെ സത്യത്തിലെക്കടുപ്പിക്കുന്ന യാതൊന്നും കത്തോലിക്കാ സഭ ചെയുന്നില്ലെന്നു മാത്രമല്ല, രക്ഷപെടാന്‍ ആഗ്രഹിക്കുന്ന ഒരുവനെയും അതിനു അനുവദിക്കുന്നുമില്ല. അത്മായന്‍ യാതൊന്നും ചെയ്തില്ലെങ്കിലും ദൈവം ഈ സിംഹാസനങ്ങള്‍ തല്ലിയുടക്കും, ഇന്നല്ലെങ്കില്‍ നാളെ. ദൈവവുമായി ഒരു വ്യക്തി ബന്ധം സ്ഥാപിച്ചിട്ടല്ല ഇവിടെ മെത്രാന്മാര്‍ ഭരിക്കുന്നത്‌. അവര്‍ക്കുള്ള ബന്ധം കാനോനോടും മെത്രാന്‍ ഗ്രൂപ്പുകളോടും മാത്രം.

  ReplyDelete
 3. ഉള്ളിൽ നന്ദി നിറയുമ്പോൾ അത് ആരോട് പ്രകടിപ്പിക്കണമെന്ന് അറിയാത്ത നിമിഷമാണ് ഒരു നാസ്തികന്റെ ഏറ്റവും മോശമായ നിമിഷമെന്ന് റൊസെറ്റി പറഞ്ഞിട്ടുണ്ട്. ആഡംഭരപ്രിയരായ കുറെ പകൽദിവ്യന്മാർ അവരുടെ സമ്മേളനം അവസാനിപ്പിക്കുന്ന ഈ സമയത്ത് അവരെപ്പറ്റിയാണോ റൊസെറ്റി ഇത് പറഞ്ഞത് എന്ന് ശങ്കിച്ചുപോകും. കാരണം, ഇവർ പ്രായോഗികജീവിതത്തിൽ നിരീശ്വരവാദികളാണ്. അവരുടെ സുഭിക്ഷമായ സുസ്ഥിതിക്കു കാരണക്കാർ അന്ധവിശ്വാസികളായ ക്രിസ്ത്യാനികളാണ്. എന്നാൽ അവരോടാകട്ടെ ഇവർക്ക് യാതൊരു നന്ദിയുമില്ല. ഇവരെ പൊക്കിപ്പിടിച്ചുകൊണ്ട് കടക്കുക തങ്ങളുടെ കടമയായി കരുതാൻ ജനങ്ങളെ ഇവർ പഠിപ്പിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്തിനായി മനുഷ്യർ ആ 'കടമ' നിർവഹിക്കുമ്പോൾ അവരോട് നന്ദി തോന്നേണ്ട കാര്യമില്ല. ദൈവത്തിൽ വിശ്വാസമില്ലാത്തതുകൊണ്ട്‌ അങ്ങോട്ടും ഇവർക്ക് നന്ദി തോന്നുകയില്ല. ബാക്കിയുള്ളത് ആത്മപ്രശംസ മാത്രമാണ്. തങ്ങൾ ഇത്തരമൊരു അലസജീവിതത്തിന് എല്ലാംകൊണ്ടും യോഗ്യർ എന്നാണ് ഓരോ മെത്രാനും സ്വയം ചിന്തിക്കുന്നത്. ഒരു മനുഷ്യനെ ഏറ്റവും നിന്ദിക്കപ്പെടേണ്ടവനും അവഹേളനാർഹനും ആക്കുന്നത് ഈ അഹംമഭവമാണ്. അതാണ്‌ ഓരോ മെത്രാന്റെയും മുഖത്ത് നിഴലിക്കുന്നത്.

  ReplyDelete
 4. വാലില്ലാത്ത ഈ മനുഷ്യർ കോടിക്കണക്കിന് പണം ചിലവാക്കുന്നത് ധാര്മ്മികത നശിപ്പിച്ച തന്നിഷ്ടം കൊണ്ടല്ലേ.? അല്മായന്റെ പണം ധൂർത്തടിക്കുകയാണെന്ന ബോധം ഇല്ലാതെ പോയതും ഇവരിലെ ധാർമ്മികാധപനമെന്ന് കണക്കാക്കണം. കഷ്ടിച്ചു കഞ്ഞി കുടിച്ചു കഴിഞ്ഞുവന്ന ഭവനങ്ങളിലെ അംഗങ്ങളാണ് ഈ മെത്രാന്മാർ. സ്നേഹിക്കാൻ ഇവർക്ക് മക്കളില്ലെങ്കിൽ പുറത്തിറങ്ങി പ്രകൃതി സൌന്ദര്യം ആസ്വദിക്കട്ടെ. പ്രകൃതിയെ നശിപ്പിക്കാതെയിരിക്കാനും പഠിക്കട്ടെ.

  വീട്ടിൽ അഴിച്ചുവിട്ടിരിക്കുന്ന മാതാപിതാക്കളുടെ മക്കളോടൊപ്പമുള്ള ഫോട്ടോയെക്കാളും ആത്മീയത ജ്വലിപ്പിക്കാൻ ഇത് സാധിക്കും. പ്രകൃതിയും സൌന്ദര്യവും പൂക്കളും ആസ്വദിക്കാൻ ഇവർക്കറിയില്ല. വിവരങ്ങളില്ലാതെ അരമനപ്പിള്ളേരായി ഇനി ജീവിച്ചാൽ ലോകം മൊത്തമാണ് ഇവരെ പരിഹസിക്കുവാൻ നോക്കുന്നത്. പെണ്‍പിള്ളേരുമായി ഫോട്ടോയിൽ ഫോസ് ചെയ്തതിൽ കുറ്റപ്പെടുത്തുന്നില്ല. ഫേസ് ബുക്കിൽ ഇവരെ പരിഹസിച്ചു കൊണ്ടുള്ള ഈ ഫോട്ടോ അക്രൈസ്തവരുൾപ്പടെ ലക്ഷക്കണക്കിന്‌ ജനം കണ്ടുവെന്നതാണ് സത്യം.

  വിമർശിക്കുന്ന ജനത്തെ അഭിഷിക്തർ ശത്രുക്കളായും കരുതുന്നു. ഇവരുടെ കൊള്ളരുതായ്മകളെ വിമർശിക്കുന്ന ജനത്തെയകത്താൻ നോക്കുന്നു. ചർച്ചകളിൽക്കൂടി പലതും പരിഹരിക്കാൻ സാധിക്കുമെന്ന് ചിന്തിക്കാനുള്ള സാമാന്യബോധവും ഇവർക്കില്ല. അങ്ങനെയെങ്കിൽ ഞാനുൾപ്പടെയുള്ളവർ ഇവരെ ബഹുമാനിച്ച് ഇവിടെ എഴുതുമായിരുന്നു. അല്മായശബ്ദം തന്നെ ലക്ഷക്കണക്കിന്‌ വായനക്കാർ വായിച്ചു കഴിഞ്ഞു. ബുദ്ധിജീവികളായ അല്മായരോട് അകലുംതോറും ലോകത്തിന്റെ മുമ്പിൽ വെറുപ്പ്‌ ഇവർ നേടുന്നുവെന്നുള്ള സത്യവും മറക്കുന്നു.

  കേരളത്തിൽ 65 ശതമാനം സ്കൂളുകളും കോളേജുകളും നടത്തുന്നത് ക്രിസ്ത്യൻ സഭകളാണ്. സർക്കാർ സ്കൂളുകൾ കൂടുതൽ ഉണ്ടായിരുന്ന കാലങ്ങളിൽ ഇത്രമാത്രം കുറ്റ കൃത്യങ്ങൾ ഉണ്ടായിരുന്നില്ല. കേരളമിന്ന് കുറ്റവാളികളുടെ നാടായി കുപ്രസിദ്ധമായി കഴിഞ്ഞു. ക്രൈസ്തവ മൂല്യങ്ങൾ അടിച്ചേൽപ്പിക്കുന്ന സ്ഥാനത്ത് ധാർമ്മികത പുറകോട്ടു പോകുന്ന അവസ്ഥയാണ് കാണുന്നത്. ഇതിൽ നിന്നും മനസിലാകുന്നത് ഈ അഭിഷിക്തർ സഭയ്ക്ക് ഒരു ഭാരമാണെന്നാണ്. ആത്മീയതയെ കുട്ടിച്ചോറാക്കുന്ന ഇവർക്കെതിരെ ഒരു വിമോചന മുന്നണിയാണ് ഇന്നാവശ്യമെന്നും ചിന്തിക്കണം.

  ReplyDelete
 5. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്ന് കരുതാം. പക്ഷെ, അറിഞ്ഞിട്ടും അറിഞ്ഞതായി ഭാവിക്കാത്തവരെ ചൊറിയിച്ചറിയിക്കാൻ, 'അവിശ്വാസത്തിന്റെ അടയാളങ്ങൾക്ക്' സമാനമായ ചില വിചാരങ്ങളും നിലപാടുകളും വേണ്ടി വന്നേക്കാം. 'അടിവേരിൻ തത്വമറിയാതല്ല ആലിലകൾ ആടുന്നത്' എന്നത് നമ്മുടെ ഇടയന്മാരെ സംബന്ധിച്ച് ഒരു പച്ചപ്പരമാർത്ഥമാണ്'; വിശ്വാസികൾ ഞെരുങ്ങുന്നുവെന്നു ഈ വിഭാഗം വ്യക്തമായി അറിയുന്നുണ്ട്. എന്നിട്ടും അതിന്റേതായ യാതൊരു അനുരണനങ്ങളും നീക്കങ്ങളും അവരിൽ നിന്നില്ല എന്ന് മാത്രമല്ല, വീണ്ടും ചില പുതിയ നിയമതന്ത്രങ്ങൾ(കാനോൻ) ആവിഷ്കരിക്കാനുള്ള 'ആത്മീയ സമ്മേളനങ്ങളിലും', പള്ളിമുറികളും മെത്രാൻ മന്ദിരങ്ങളും മോടി പിടിപ്പിക്കുന്ന 'നിർമ്മാണ പ്രവർത്തനങ്ങളിലും' വ്യാപൃതരാണിന്നവർ. ഇടവകയുടെ ആത്മീയകാര്യങ്ങളിലും സാമൂഹിക ചുറ്റുപാടുകളിൽ സുസ്ഥിതി ഉറപ്പു വരുത്തുന്നതിലും തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നൊരു പ്രതീതി നിലനിർത്തിക്കൊണ്ടാണ് അവരുടെ പ്രവർത്തനമണ്ഡലങ്ങളെ ഉറപ്പിക്കുന്നത്. ഈ വ്യാജപ്രതീതി കണ്ടുകൊണ്ടാണ്, "വെള്ളയടിച്ച കുഴിമാടങ്ങളേ" എന്ന് യേശു അവരെ നിർദ്ദയം വിളിച്ചത്.

  അങ്ങനെ, യേശുവിന്റെ ഭാഷയിൽ തന്നെ, കൂലിക്ക് നിർത്തിയ ആട്ടിടയന്മാരെക്കണക്ക് നമ്മുടെ ആത്മീയ ശുശ്രൂഷകർ! ചിതറുന്ന ആടുകളെ നിർമ്മമതയോടെ നോക്കി നിൽക്കുന്നവർ. ആടുകൾ ഇവിടെ തെളിക്കപ്പെടുന്നത് ദൈവരാജ്യം എന്ന ആലയിലേക്കല്ല, ദശാംശം എന്ന വ്യാജേന അറവുശാലയിലേക്കാണ്. അവിടെ ആടിന്റെ മാംസത്തിനും തോലിനും രോമത്തിനുമാണ് അവിടെ വില. അതിനു വേണ്ടി സിദ്ധാന്തങ്ങൾ കാണിച്ചു അതിനെ ദൈവവിശ്വാസമെന്ന് തെറ്റിധരിപ്പിച്ചും വിശ്വാസിയുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് ചുക്കാൻ പിടിച്ചും അവരെ "ദൈവോന്മുഖമായി തഴച്ചു" വളരാൻ അനുവദിക്കുന്നു, ഈയവസ്ഥയിൽ ചില ആടുകൾ തന്നെ ആർത്തിയുടെ ചെന്നായ് രൂപങ്ങളായും മാറുന്നു. കള്ളന്റെ വീട്ടിൽ കള്ളൻ കയറിയാൽ കേസില്ലല്ലോ! ഇതാണ് കത്തോലിക്കാ സഭയുടെ സർവലോകവീക്ഷണം. അതിനെ ദൈവരാജ്യം എന്നവർ വിളിക്കുകയും ചെയ്യുന്നു.

  സന്തോഷം!

  ReplyDelete